Wednesday, March 18, 2015

കച്ചവടം - ഒരു കര്‍മശാസ്ത്ര പഠനം part 1. [ആമുഖം, കരാറുകളുടെ ഇനങ്ങള്‍].

(വാട്ട്സാപ്പിലൂടെ നമ്മള്‍ നടത്തുന്ന കച്ചവടത്തെ സംബന്ധിച്ചുള്ള കര്‍മശാസ്ത്രപഠനം ടൈപ്പ് ചെയ്തതാണ് ഇത്. അത് ആളുകള്‍ക്ക് ലഭിക്കാവുന്ന രൂപത്തില്‍ ടൈപ്പ് ചെയ്ത് നല്‍കിയ സഹോദരന് അല്ലാഹു ഇഹത്തിലും പരത്തിലും തക്കതായ പ്രതിഫലം നല്‍കട്ടെ)

الحمد لله و الصلاة والسلام على رسول الله، وعلى آله و صحبه ومن والاه، وبعد؛

അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കണമേ എന്ന്‍ ആദ്യമായി ഉണര്‍ത്തുകയാണ് ...

കച്ചവട സംബന്ധമായി ഹ്രസ്വമായ ഒരു ധാരണ ആളുകള്‍ക്ക് ഉണ്ടാക്കുവാനുള്ള ഒരു എളിയ ശ്രമത്തിനാണ് ഇവിടെ തുടക്കം കുറിക്കുന്നത്. അത് പൂര്‍ത്തീകരിക്കാന്‍ അല്ലാഹു തൗഫീഖ് നല്‍കുമാറാകട്ടെ .. ആമീന്‍..

നമ്മുക്കറിയുന്നത് പോലെ പണ്ഡിതന്മാര്‍ അവരുടെ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ആരാധനകളെക്കുറിച്ചാണ് പൊതുവേ ആദ്യം സംസാരിക്കാറുള്ളത്. അതില്‍ ഏറ്റവും പ്രാധാന്യം ഉള്ളത് നമസ്കാരത്തിനായത് കൊണ്ട്, ആ നമസ്കാരത്തെ സംബന്ധിച്ച് ആണ് ആരാധനകളില്‍ അവര്‍ ആദ്യം സംസാരിക്കാറുള്ളത് , നമസ്കാരത്തിന് ഏറ്റവും അനിവാര്യമായ ഘടകം ശുദ്ധിയായത് കൊണ്ട് തന്നെ ശുദ്ധീകരണത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്ന അധ്യായം ആദ്യം എന്ന നിലക്കാണ് അവര്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ളത്. അതിന് ശേഷമാണ് 'മുആമലാത്ത്' അഥവാ ഇടപാടുകളെക്കുറിച്ച് സംസാരിക്കാറുള്ളത്.

ചില പണ്ഡിതന്മാര്‍ ആരാധനകള്‍ക്ക് മുന്‍പായി തൗഹീദും, അമലുകളുടെ മഹത്വവും അവരുടെ ഫിഖ്‌ഹ് ഗ്രന്ഥങ്ങളില്‍ തന്നെ വിശദീകരിക്കും. രണ്ട് രൂപത്തിലുള്ള ക്രോഡീകരണങ്ങളായാലും പൊതുവേ ആരാധനകള്‍ക്ക് ശേഷമാണ് പണ്ഡിതന്മാര്‍ മുആമലാത്തുകള്‍ ചര്‍ച്ച ചെയ്യാറുള്ളത്. കാരണം ഒരു മനുഷ്യനെ സംബന്ധിച്ച് അല്ലാഹുവുമായുള്ള അവന്റെ ബന്ധമാണല്ലോ 'ആരാധന' എന്നുള്ളത്. അത് മനസ്സിലാക്കിയാല്‍ അവന്‍ സുപ്രധാനമായി മനസ്സിലാക്കേണ്ടത്  തന്റെ സഹജീവികളായ മനുഷ്യരുമായി ബന്ധപ്പെടുന്ന മേഘലയില്‍ അവന്‍ പാലിച്ചിരിക്കേണ്ട നിയമങ്ങളെക്കുറിച്ചാണ്. അതാണ്‌ أحكام المعاملات . 

ഇസ്‌ലാം പൂര്‍ണ്ണമാണ്, സമ്പൂര്‍ണ്ണമാണ്. മനുഷ്യ ജീവിതത്തിന്റെ സര്‍വ്വ മേഘലകളുമായി ബന്ധപെട്ടും അവനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളും നിയമങ്ങളും ഇസ്‌ലാം അനുശാസിക്കുന്നുണ്ട്. മനുഷ്യര്‍ പരസ്പരമുള്ള ബന്ധവും ഇടപാടുകളും നിയന്ത്രണ വിധേയമാക്കുകയും ഓരോരുത്തരുടേയും അവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുകയാണ് ആ നിയമങ്ങളുടെ ലക്ഷ്യം.

അല്ലാഹു പറഞ്ഞുവല്ലൊ :

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ الأِسْلاَمَ دِيناً

ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.
(വിശുദ്ധ ഖുര്‍ആന്‍ 5:3)

അതിനാല്‍ തന്നെ അല്ലാഹു എല്ലാം നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്.അല്ലാഹുവിന് സര്‍വ്വ സ്തുതിയും.

നേരത്തത്തെ സൂചിപ്പിച്ച പോലെ ഇബാദത്തുകള്‍ക്ക് ശേഷം പണ്ഡിതന്മാര്‍ المعاملات അഥവാ മനുഷ്യര്‍ പരസ്പരമുള്ള ഇടപാടുകളെക്കുറിച്ച് ആണ് വിശദീകരിക്കാറുള്ളത്. അതില്‍ തന്നെ പൊതുവേ ആദ്യം കച്ചവടസംബന്ധമായ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യാറുള്ളത്. മനുഷ്യരെല്ലാവരും തൊഴില്‍ ചെയ്ത് ജീവിക്കുന്നത് കൊണ്ട് തന്നെ, അത് സംബന്ധമായ നിയമങ്ങളും അവര്‍ അറിയേണ്ടതും പഠിക്കേണ്ടതുമുണ്ട്. അതിന്റെ ഇനങ്ങള്‍, നിയമങ്ങള്‍, പാലിക്കേണ്ട മര്യാദകള്‍ മുതലായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം പിന്നീട് വിവാഹത്തെ സംബന്ധിച്ച് ത്വലാഖിനെ സംബന്ധിച്ചുമെല്ലാം വിശദീകരിക്കുന്നത് കാണാം.
തൊഴില്‍, വിവാഹം എന്നതെല്ലാം പതിപാദിച്ച ശേഷം അനന്തരവകാശം പിന്നെ മനുഷ്യന്മാര്‍ തമ്മിലുള്ള പ്രശ്നങ്ങളെ പരിഹരിക്കാനുള്ള ശിക്ഷാ നിയമങ്ങള്‍,  ജിഹാദ്, ദഅ'വ തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ ചര്‍ച്ച ചെയ്തുകൊണ്ടാണ് ഒരു ഫിഖ്‌ഹ് ഗ്രന്ഥം അവസാനിക്കുന്നത്. കര്‍മശാസ്ത്രപഠനത്തെ സംബന്ധിച്ച് അതിന്‍റെ ഒരു രൂപവും രീതിയും അറിഞ്ഞിരിക്കാനാണ് വിഷയങ്ങള്‍ ക്രോഡീകരിക്കപ്പെട്ട രൂപത്തെ സംബന്ധിച്ച് വിശദീകരിച്ചത്.

എന്നാല്‍ ഇതില്‍ കച്ചവടവുമായി ബന്ധപ്പെട്ട ഭാഗം അഥവാ كتاب البيوع ആണ് നാം പഠന വിധേയമാക്കുന്നത്. കച്ചവടത്തെക്കുറിച്ച് ഒരു ഹൃസ്വമായ ധാരണ ലഭിക്കുവാന്‍ വേണ്ടി നാം ഇവിടെ അവലംബിക്കുന്നത് സൗദി അറേബ്യയില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന محمد بن إبراهيم التويجري എന്ന പണ്ഡിതന്‍ രചിച്ച  مختصر الفقه الإسلامي എന്ന ഗ്രന്ഥത്തെയാണ്.. ഇന്‍ ഷാ അല്ലാഹ്..
-------------------------------------------

കച്ചവടത്തിന്റെ വിഷയത്തിലേക്ക് പോവുന്നതിനു മുമ്പ് ആദ്യമായി ഇസ്‌ലാമില്‍ ഉള്ള കരാറുകളെ മൂന്ന്‍ ആയി തരം തിരിക്കാം.

أقسام العقود ثلاثة: (ഇടപാടുകളുടെ ഇനങ്ങള്‍ മൂന്നെണ്ണമാണ്)


ഒന്ന്‍:  عقد معاوضة محضة
(പരസ്പരമുള്ള ഒരു കച്ചവട കരാര്‍. കച്ചവടവും കൈമാറ്റവും ആണ് ഈ കരാറിലെ പ്രധാന ലക്ഷ്യം)

ഉദാ : البيع കച്ചവടം, الإجارة വാടക



എന്നാല്‍ കച്ചവടത്തില്‍ പോലും ഓരോ ആളുടെയും നിയ്യത്തനുസരിച്ച് പ്രതിഫലം ലഭിക്കും. വിട്ടു വീഴ്ച്ച മനോഭാവത്തോടെ കച്ചവടം നടത്തിയാല്‍ പുണ്യം ലഭിക്കും എന്ന്‍ റസൂല്‍ (സ) പറഞ്ഞിട്ടുണ്ട്. അത് വഴിയേ വിശദീകരിക്കുന്നതാണ്.

രണ്ട്: عقد تبرع محض
പരിപൂര്‍ണ്ണമായി ധര്‍മ്മം ഉദ്ദേശിച്ച് കൊണ്ടുള്ള കരാര്‍

ഉദാ : كالهبة، والصدقة، والعارية، والضمان
هدية (Gift), صدقة (ദാനധര്‍മ്മം), والعارية (ഒരു വസ്തു പ്രതിഫലം ഈടാക്കാതെ ഉപയോഗിക്കാന്‍ നല്‍കല്‍), والضمان (ഗ്യാരണ്ടീ നില്‍ക്കല്‍)

മൂന്ന്‍ : عقد تبرع ومعاوضة .

ധര്‍മ്മവും, കൈമാറ്റവും ചേര്‍ന്നുവരുന്ന കരാര്‍

ഉദാ : കടം കൊടുക്കല്‍. കടം കൊടുക്കല്‍ ഒരു സഹായമാണ്. അതേ സമയം ആ സഹായം ചെയ്യുമ്പോഴും നാം കടം നല്‍കിയ വസ്തുവിന് തതുല്യമായ വസ്തു നാം തിരികെ ആവശ്യപ്പെടുന്നുണ്ട്. അതിനാലാണ് ധര്‍മ്മവും കൈമാറ്റവും ചേര്‍ന്നുവരുന്ന കരാര്‍ എന്ന് പറയുന്നത്.

------------------------

ഇസ്‌ലാമിലുള്ള കരാറുകളുടെ ഇനങ്ങള്‍ ശ്രദ്ധിച്ചാല്‍, അതില്‍ നമ്മള്‍ മനസ്സിലാക്കേണ്ടുന്ന ഒരു കാര്യം, ലാഭത്തെ മാത്രം മുന്‍നിര്‍ത്തിയുള്ള ഇടപാടുകളല്ല ഇസ്‌ലാമിലുള്ളത് എന്നതാണ്.

ലാഭമുള്ളവയും, പരസ്പരം സഹായവും / സഹകരണവും മാത്രം പ്രതീക്ഷിച്ചുകൊണ്ടുള്ളതും ഇസ്‌ലാമിക ഇടപാടുകളിലുണ്ട്. അഥവാ ഭൗതിക നേട്ടം മാത്രമല്ല പാരതത്രീക മോക്ഷം കൂടി മുന്‍നിര്‍ത്തിയാണ് അവ നിലകൊള്ളുന്നത്. ലാഭവും ഭൗതിക സുഖവും മാത്രം മുന്നില്‍ കാണുന്ന  നല്‍കപ്പെട്ട ഭൗതിക വാദികള്‍ക്കും അവരുടെ സ്വാര്‍ത്ഥ ചിന്താഗതിക്കും അത് സാമൂഹിക സാമ്പത്തിക മേഖലകളില്‍ വരുത്തിവെക്കുന്ന വിനകള്‍ക്കും ഇസ്‌ലാം ഇവിടെ വ്യക്തമായ മറുപടി നല്‍കുന്നുണ്ട്.

പരലോക ജീവിതത്തെക്കുറിച്ചുള്ള ബോധ്യമോ, ദൈവഭയമോ ഇല്ലാത്ത ഒരാള്‍ എന്തിന്  പരസ്പര സഹായവും, തന്റെ ഇടപാടുകളിലുള്ള സത്യസന്ധതയും സുതാര്യതയുമെല്ലാം ആഗ്രഹിക്കണം ?!. സ്വാഭാവികമായും അവന്റെ ലക്ഷ്യം അവന്റെ ഭൗതിക നേട്ടങ്ങള്‍ മാത്രമായിരിക്കും.  അതിനാലാണ് സത്യസന്ധവും സുതാര്യതയും പരസ്പരസഹായവും മുഖമുദ്രയായ, നീതിപൂര്‍വകമായ ഒരു സമ്പദ് രംഗം ഉണ്ടാവണമെങ്കില്‍ തൗഹീദ് അനിവാര്യമാണ്. ഏകദൈവ വിശ്വാസത്തിനും പരലോകബോധത്തിനും മാത്രമേ അത്തരം ഒരു മാറ്റം മനുഷ്യരില്‍ ഉണ്ടാക്കാന്‍ സാധിക്കൂ. അതില്ലാത്തവന് അവന്റെ നേട്ടങ്ങളും ലക്ഷ്യങ്ങളും മാത്രമായിരിക്കും പ്രധാനം അതിലേക്കുള്ള വഴികളുടെ ന്യായാന്യായങ്ങളെപ്പറ്റി അവന്‍ തിരക്കില്ല.

അതുകൊണ്ട് മനുഷ്യ ഇടപാടുകളെ നിയന്ത്രിക്കുന്നതിലെ സുപ്രധാന ഘടകം തൗഹീദ് തന്നെയാണ്. അല്ലാഹുവിന്റെ പ്രതിഫലവും തൃപ്തിയും മാണ് എന്റെ സുപ്രധാനലക്ഷ്യം, സമ്പത്ത് തരുന്നത് അല്ലാഹുവാണ് അതിനാല്‍ അത് അവന്റെ നിയമപ്രകാരം വിനിയോഗിക്കേണ്ടതുണ്ട് എന്ന ഉറച്ച ബോധ്യം നിങ്ങളിലുണ്ടോ നിങ്ങളുടെ സമ്പദ് രംഗം നന്നാക്കുവാന്‍ നിങ്ങളെ അത് സഹായിക്കും തീര്‍ച്ച ....








തുടരും ....