Thursday, January 16, 2014

വുളുവില്ലാതെ വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ പാടില്ല..


بسم الله الرحمن الرحيم

الحمد لله رب العالمين ، والصلاة والسلام على أشرف الأنبياء و المرسلين وعلى آله وصحبه أجمعين ، وبعد؛

ശുദ്ധിയോട് കൂടിയല്ലാതെ വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ പാടില്ല. അഥവാ വിശുദ്ധ ഖുര്‍ആന്‍ കയ്യുറ, കവര്‍ പോലുള്ള മാധ്യമങ്ങളുടെ ഉപാതിയില്ലാതെ നേരിട്ട് സ്പര്‍ശിക്കുന്നവന്‍ ആണായാലും പെണ്ണായാലും  ചെറിയ അശുദ്ധിയില്‍ നിന്നും വലിയ അശുദ്ധിയില്‍ നിന്നും മുക്തമാകണം. ഇതില്‍ അഭിപ്രായഭിന്നത ഉണ്ട് എങ്കിലും കൂടുതല്‍ പ്രമാണബദ്ധമായ അഭിപ്രായം ഇതാണ്. നാല് മദ്ഹബിന്‍റെ ഇമാമീങ്ങള്‍ക്കും, (റഹിമഹുമുല്ലാഹ്) ഈ അഭിപ്രായമാണ്.

ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ
(റഹിമഹുല്ല) പറയുന്നു:  " വലിയ അശുദ്ധിയോ ചെറിയ അശുദ്ധിയോ ഉള്ള ആളുകള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ പാടില്ല എന്ന കാര്യത്തില്‍ നാല് മദ്ഹബിന്‍റെ ഇമാമീങ്ങള്‍ക്കും എകാഭിപ്രായമാണ് " [മജ്മൂഉ ഫതാവ 21/266].

അതാണ്‌ കൂടുതല്‍ പ്രമാണബദ്ധവും. അംറു ബ്നു ഹസം (റ) ഉദ്ദരിച്ച ഹദീസില്‍, പ്രവാചകന്‍(
) യമനിലേക്ക് അയച്ച കത്തില്‍ "ശുദ്ധിയുള്ളവനല്ലാതെ വിശുദ്ധ ഖുര്‍ആനില്‍ സ്പര്‍ശിക്കരുത്" [ നസാഇ ] എന്ന് പരാമര്‍ശിച്ചിട്ടുണ്ട്. (ഈ ഹദീസിന്‍റെ സ്വീകാര്യതയെ കുറിച്ചുള്ള വിശദീകരണം കാണാന്‍ താഴെ നോക്കുക).  ഈ അഭിപ്രായം തന്നെയാണ് കൂടുതല്‍ പ്രബലമായ അഭിപ്രായമായി ശൈഖ് ഇബ്ന്‍ ബാസ് റഹിമഹുല്ലയും ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയും, ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയുമെല്ലാം രേഖപ്പെടുത്തിയിട്ടുള്ളത്.

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലാഹ് പറയുന്നു: " വലിയ അശുദ്ധിയോ ചെറിയ അശുദ്ധിയോ ഉള്ള ആളുകള്‍ വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കാത്ത രൂപത്തില്‍ കവറിലോ,  (ഷീല പോലുള്ള) മറ്റു വല്ല പുറം ചട്ടയോ ഉപയോഗിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ കയ്യിലെടുക്കുന്നതിന് തെറ്റില്ല ". [ അല്‍ മുലഖസ് അല്‍ ഫിഖ്ഹി പേജ്: 24 ].

ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയോട് ചോദിക്കപ്പെട്ടു :


ചോദ്യം : വിശുദ്ധഖുര്‍ആന്‍ സ്പര്‍ഷിക്കുന്നതിന്നും അതില്‍ പാരായണം ചെയ്യുന്നതിന്നും വുളു നിര്‍ബന്ധമാണോ ? മദ്രസകളില്‍ പഠിക്കുന്ന കുട്ടികളോട് (വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കാനായി വുളു എടുക്കാന്‍ കല്പിക്കേണ്ടതുണ്ടോ ?

ഉത്തരം : " വിശുദ്ധഖുര്‍ആനില്‍ നിന്നും പാരായണം ചെയ്യുന്നതിന് വുളു ആവശ്യമില്ല. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ വുളു ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്‌. അതുകൊണ്ടുതന്നെ ഒരാള്‍ക്ക് വിശുദ്ധഖുര്‍ആന്‍ തന്‍റെ മുമ്പില്‍ വെക്കുകയും കയ്യുറയോ, ടിഷ്യൂ പേപ്പറോ ഉപയോഗിച്ചുകൊണ്ട് അതിന്‍റെ പേജുകള്‍ മറിച്ച് ഒതാവുന്നതാണ്. എന്നാല്‍ കുട്ടികളുടെ വിഷയത്തില്‍ അവര്‍ക്ക് വുളുവില്ലാതെത്തന്നെ വിശുദ്ധഖുര്‍ആന്‍ സ്പര്‍ശിക്കാം എന്ന് ധാരാളം പണ്ഡിതന്മാര്‍ ഇളവ് നല്‍കിയിട്ടുണ്ട്. അവര്‍ മുകല്ലഫീങ്ങള്‍ അല്ല എന്നതിനാലാണ് അപ്രകാരം ഇളവ് നല്‍കിയത്. മൂന്ന്‍ ആളുകളെ അല്ലാഹു വിചാരണയില്‍ നിന്നും ഒഴിച്ച് നിര്‍ത്തിയിട്ടുണ്ടല്ലോ. ( അതില്‍ പെട്ടതാണ് കുട്ടികള്‍ പ്രായപൂര്‍ത്തി എത്തുന്നത് വരെ അവരുടെ കര്‍മ്മങ്ങള്‍ക്ക് വിചാരണ ചെയ്യപ്പെടില്ല എന്നത്). എന്നാല്‍ മറ്റൊരു വിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത് കുട്ടികള്‍പോലും വുളു ഇല്ലാതെ വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കരുത് എന്നതാണ്. കാരണം (വുളുവോട് കൂടി വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കുന്നത്) ഖുര്‍ആനെ ആദരിക്കലാണ്. ഖുര്‍ആനിനെ ആദരിക്കല്‍ എല്ലാവര്ക്കും നിര്‍ബന്ധമാണ്‌താനും. എന്നാല്‍ (കുട്ടികളുടെ) വിഷയത്തില്‍ നമ്മള്‍ പറയുന്നത്:  "അവരെക്കൊണ്ട് വുളു എടുപ്പിക്കാന്‍ സാധിക്കുമെങ്കില്‍ അതാണ്‌ ഏറ്റവും നല്ലത് എന്നതില്‍ യാതൊരു സംശയവും ഇല്ല. എന്നാല്‍ അത് സാധിക്കാതെ വന്നാല്‍ അതില്‍ കുഴപ്പവുമില്ല ".

ശൈഖിന്‍റെ വിശദീകരണം കേള്‍ക്കാന്‍ ഈ ലിങ്കില്‍ പോകുക :






ഇനി ശൈഖ് ഇബ്നു ബാസ് (
റഹിമഹുല്ല) പറയുന്നത് കാണുക :
""   ചെറിയ അശുദ്ധിയില്‍ നിന്നും വലിയ അശുദ്ധിയില്‍ നിന്നും ശുദ്ധി വരുത്താതെ ഒരു മുസ്ലിമിന് വിശുദ്ധഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ പാടില്ല. ശുദ്ധിയില്ലാതെ അത് ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് മാറ്റി വെക്കുന്നതും ഇതുപോലെ പാടില്ലാത്തതു തന്നെയാണ്. എന്നാല്‍ (നേരിട്ട് സ്പര്‍ശിക്കാതെ) പൊതി, കവര്‍, തൂക്കിപ്പിടിക്കുന്ന മറ്റു വല്ല ഉപകരണങ്ങളുമൊക്കെ ഉപയോഗിച്ച് ഒരു മാധ്യത്തിന്‍റെ ഉപാധിയോടെയാണ് അത് കൈകാര്യം ചെയ്യുന്നത് എങ്കില്‍ അതില്‍ തെറ്റില്ല.
എന്നാല്‍ നേരത്തെ സൂചിപ്പിച്ചത് പ്രകാരം  ശുദ്ധിയോടെയല്ലാതെ നേരിട്ട് ഖുര്‍ആന്‍ സ്പര്‍ശിക്കുവാന്‍ പാടില്ല എന്നതാണ് പ്രബലമായതും ബഹുപൂരിപക്ഷം പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളതുമായ അഭിപ്രായം.  (നേരത്തെ സൂചിപ്പിച്ചിട്ടുള്ളത് എന്നതുകൊണ്ട്‌ ശൈഖ് ഒരുപക്ഷെ ഉദ്ദേശിക്കുന്നത് ഈ ഹദീസ് ആയിരിക്കും.  അംറു ബ്നു ഹസം (റ) ഉദ്ദരിച്ച ഹദീസില്‍, പ്രവാചകന്‍ () യമനിലേക്ക് അയച്ച കത്തില്‍" ശുദ്ധിയുള്ളവനല്ലാതെ വിശുദ്ധ ഖുര്‍ആനില്‍ സ്പര്‍ശിക്കരുത്" [ നസാഇ ] ). എന്നാല്‍ (ജനാബത്ത് കാരനെ ഒഴിച്ചു നിത്തിയാല്‍) അശുദ്ധിയുള്ള അവസ്ഥയില്‍ മനപ്പാഠമാക്കിയത് ഓതുന്നതിനോ, മറ്റൊരാള്‍ തുറന്നു കൊടുക്കുകയോ, പിടിച്ചു കൊടുക്കുകയോ ഒക്കെ ചെയ്തുകൊണ്ട് (അതായത് നേരിട്ട് സ്പര്‍ശിക്കാതെ) വിശുദ്ധ ഖുര്‍ആനില്‍ നിന്നും പാരായണം ചെയ്യുകയോ ചെയ്യുന്നതിന് കുഴപ്പമില്ല " - [ മജ്മൂഉ ഫതാവ , 10/149-150].

അതുപോലെ മറ്റൊരു സന്ദര്‍ഭത്തില്‍
ശൈഖ് ഇബ്ന്‍ ബാസ് (റഹിമഹുല്ലാഹ്) പറയുന്നു: " പണ്ഡിതന്മാരുടെ ഇടയിലുള്ള രണ്ട് അഭിപ്രായങ്ങളില്‍ വച്ച് ഏറ്റവും പ്രബലമായ അഭിപ്രായം ഹൈളും, നിഫാസും ഉള്ള സ്ത്രീകള്‍ക്ക് വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യാം എന്നതാണ്. കാരണം അത് വിലക്കുന്ന തെളിവുകള്‍ ഒന്നും തന്നെ സ്ഥിരപ്പെട്ട് വന്നിട്ടില്ല. പക്ഷെ അവര്‍ക്ക് വിശുദ്ധഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ പാടില്ല. ആവശ്യമായി വരുമ്പോള്‍ ശുദ്ധമായ തുണിയോ മറ്റോ ഉപയോഗിച്ച് പിടിക്കാം. വിശുദ്ധ ഖുര്‍ആന്‍ എഴുതപ്പെട്ടിട്ടുള്ള പേപ്പറും ഇതുപോലെത്തന്നെ.   എന്നാല്‍ ജനാബത്ത് ഉള്ളവന്‍ കുളിക്കുന്നത് വരെ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാനും പാടില്ല. കാരണം അത് വിലക്കിക്കൊണ്ടുള്ള സ്വഹീഹായ ഹദീസ് വന്നിട്ടുണ്ട്. ഇവിടെ ജനാബത്തിന്‍റെ അവസ്ഥയെ ഹൈളിനോടും നിഫാസിനോടും ഖിയാസ് ചെയ്യാന്‍ പാടില്ല. കാരണം അവയുടെ സമയപരിധി സാധാരണയായി കുറച്ച് അധികം സമയം നീളുന്നതാണ്. എന്നാല്‍ ജനാബത്ത് കാരനെ സംബന്ധിച്ചിടത്തോളം അവന് കുളിക്കുക വഴി അപ്പോള്‍ തന്നെ അശുദ്ധിയുടെ അവസ്ഥ നീക്കാന്‍ സാധിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ "    [ ഈ ഫത്'വയുടെ അറബി ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക]
ഇനിയുള്ള സംശയം :


അംറു ബ്നു ഹസം (റ) ഉദ്ദരിച്ച ഹദീസില്‍, പ്രവാചകന്‍(ﷺ) യമനിലേക്ക് അയച്ച കത്തില്‍ പറയുന്നു : "ശുദ്ധിയുള്ളവനല്ലാതെ വിശുദ്ധ ഖുര്‍ആനില്‍ സ്പര്‍ശിക്കരുത്" [ നസാഇ ]. ഈ ഹദീസ് സ്വീകാര്യ യോഗ്യമാണോ ? എന്നതാണ്.


ഉത്തരം: ഈ ഹദീസിന്‍റെ ഓരോ സനദും ഒറ്റക്ക് ഒറ്റക്ക് പരിശോധിച്ചാല്‍ അതില്‍ ചില ന്യൂനതകള്‍ കാണാം. എന്നാല്‍ ഹദീസ് നിദാന ശാസ്ത്രപ്രകാരം അതുകൊണ്ട് മാത്രം ഒരു ഹദീസ് തള്ളുകയില്ല എന്നത് ഏവര്‍ക്കും അറിയുന്ന കാര്യമാണ്. മറിച്ച് ആ ദുര്‍ബലതകളെപ്പറ്റിയും, ഓരോ ഹദീസിന്‍റെയും ദുര്‍ബലതകള്‍ നിസാരമാണോ അതോ ശക്തമായതാണോ എന്നതിനെപ്പറ്റിയും, അതില്‍ ഒരു മറ്റു റിപ്പോര്‍ട്ടുകളെ ബലപ്പെടുത്തുന്നുവോ എന്നതിനെ സംബന്ധിച്ചുമെല്ലാം വിശദമായ പഠനം നടക്കേണ്ടതുണ്ട്. ആ രൂപത്തില്‍ സനദുകള്‍ ചേര്‍ത്ത് വച്ചാല്‍ ഈ ഹദീസ് സ്വീകാര്യ യോഗ്യമായ മര്‍ത്തബയിലേക്ക് എത്തും എന്നാണ് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുള്ളത്..
ഹദീസ് ഉദ്ദരിച്ച ശേഷം ശൈഖ് അല്‍ബാനി റഹിമഹുല്ല രേഖപ്പെടുത്തുന്നു: "ചുരുക്കിപ്പറഞ്ഞാല്‍, ഈ ഹദീസിന്‍റെ റിപ്പോര്‍ട്ടുകളില്‍ എല്ലാം ചില ദുര്‍ബലതകള്‍ ഇല്ലാതെയില്ല. പക്ഷെ അതെല്ലാം നിസാരമായ ദുര്‍ബലതകള്‍ ആണ്. എപ്രകാരമെന്നാല്‍ അതില്‍ കളവ് കൊണ്ട് ആക്ഷേപിക്കപ്പെട്ടവര്‍ ആരുമില്ല. മൂര്‍സലാണ്, എന്നതും ഹിഫ്ദ് വേണ്ടത്ര നന്നായിരുന്നില്ല എന്നതുമാണ്‌ ന്യൂനതയായി പറയപ്പെട്ടിട്ടുള്ളത്. എന്നാല്‍ ആരോപണ വിധേയനല്ലാത്ത ആള്‍ ഇല്ലാതെ വരുന്ന പക്ഷം റിപ്പോര്‍ട്ടുകളില്‍ ഒന്ന് മറ്റൊന്നിനെ ബലപ്പെടുത്തുന്നു എന്നത് ഹദീസ് നിഥാണ ശാസ്ത്രത്തിലെ ഒരു തത്വമാണ്. ഇമാം നവവി അദ്ദേഹത്തിന്‍റെ തഖ്'രീബിലും , അദ്ദേഹത്തിനു ശേഷം ഇമാം സുയൂത്വി തന്‍റെ ശറഹിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ഹദീസ് സ്വഹീഹാണ് എന്നതിനോടാണ് മാനസികമായ തൃപ്തി കൈവരുന്നത്. എന്തിനേറെ നേരത്തെ സൂചിപ്പിച്ചത് പോലെ ഇമാമുസ്സുന്ന അഹ്മദ് ബിന്‍ ഹമ്പല്‍ റഹിമഹുല്ല ഈ ഹദീസ് തെളിവ് പിടിക്കുകയും, അദ്ദേഹത്തിന്‍റെ സഹചാരിയായ ഇമാം ഇസ്ഹാഖ് ബിന്‍ റാഹവൈഹി റഹിമഹുല്ലയും ഇത് സ്വഹീഹ് ആക്കിയിട്ടുണ്ട് ". - [ അല്‍ഇര്‍വാഉല്‍ ഗലീല്‍, 1/ 160- 161]. അദ്ദേഹം (صحيح لغيره) എന്നാണ് ഈ ഹദീസിന്‍റെ ഹുക്മ് ആയി രേഖപ്പെടുത്തിയത്.
ശൈഖ് ഇബ്ന്‍ ബാസ് റഹിമഹുല്ലയും ഈ ഹദീസ് സ്വീകാര്യ യോഗ്യമാണ് എന്നാണ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല സ്വഹാബത്തും 'ശുദ്ധിയോട് കൂടിയല്ലാതെ വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കരുത്' എന്നാണ് ഫത്'വ നല്‍കിയിട്ടുള്ളത് എന്നതും ഈ ഹദീസിനെ ബലപ്പെടുത്തുന്നുവെന്നോണം ശൈഖ് ഇബ്ന്‍ ബാസ് രേഖപ്പെടുത്തുന്നതായി കാണാം ..

ഇനി ആ ഹദീസിലെ ആശയത്തെക്കുറിച്ച് ഇമാം ഇബ്നു അബ്ദുല്‍ ബര്‍ (റഹിമഹുല്ലാഹ്)  പറയുന്നു:
إنه أشبه المتواتر لتلقي الناس له بالقبول
" ആളുകളുടെ അടുത്തുള്ള സ്വീകാര്യത കാരണത്താല്‍ അതിന് മുതവാതിറിനോട് സാദൃശ്യമുണ്ട് " [ അത്തംഹീദ് 17/ 338].

ഇമാം ഇബ്നു അബ്ദുല്‍ ബര്‍റിന്‍റെ ഈ വാചകം ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലാഹ് തന്‍റെ 'അല്‍ മുലഖസ് അല്‍ ഫിഖ്ഹിയില്‍' എടുത്ത് കൊടുത്തിട്ടുണ്ട്.

മാത്രമല്ല:
 لا يمسه إلا المطهرون
"പരിശുദ്ധി നല്‍കപ്പെട്ടവര്‍ അല്ലാതെ അത് സ്പര്‍ശിക്കുകയില്ല" - [വാഖിഅ : 79].
എന്ന ആയത്തിനെ വിശദീകരിച്ചുകൊണ്ട് ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ല പറയുന്നു: " ഇവിടെ ഉദ്ദേശം വലിയ അശുദ്ധിയില്‍ നിന്നും ചെറിയ അശുദ്ധിയില്‍ നിന്നും മുക്തമായ ആളുകള്‍ എന്നാണ്. അഥവാ ഇവിടെ മനുഷ്യരെയാണ് ഉദ്ദേശിക്കപ്പെടുന്നത് എന്ന അഭിപ്രായപ്രകാരം ആണ് ഈ അര്‍ത്ഥം വരുന്നത്. എന്നാല്‍ ഇവിടെ മലക്കുകള്‍ ആണ് ഉദ്ദേശിക്കപ്പെടുന്നത് എന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇനി മലക്കുകള്‍ ആണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് എന്ന് വ്യാഖ്യാനിച്ചാല്‍ തന്നെയും, دلالة الإشارة മുഖേന (സൂചന) മനുഷ്യരും അതില്‍ ഉള്‍പ്പെടുന്നു. അതാണ്‌ അംറു ബ്നു ഹസം (റ) ഉദ്ദരിച്ച ഹദീസില്‍, പ്രവാചകന്‍() യമനിലേക്ക് അയച്ച കത്തില്‍ "ശുദ്ധിയുള്ളവനല്ലാതെ വിശുദ്ധ ഖുര്‍ആനില്‍ സ്പര്‍ശിക്കരുത്" എന്ന ഹദീസിലെ ആശയവും. ഇമാം നസാഇയും മറ്റും സനദ് മുത്തസില്‍ (സനദ് മുറിയാതെ) ആയിക്കൊണ്ട്‌ തന്നെ ഇത് ഉദ്ദരിച്ചിട്ടുണ്ട് " . - [അല്‍മുലഖസ് അല്‍ ഫിഖ്ഹി, പേജ് : 23] 

والله أعلم ، وصلى اللهم على نبينا و قدوتنا محمد وعلى آله وصحبه وسلم ...