Sunday, December 29, 2013

ഇസ്‌ലാമികേതര ഭരണം... ജനാധിപത്യം .. തക്ഫീറും, ഹുക്മും .. ശറഇയ്യായ നിലപാട് എന്ത് ?.بسم الله الرحمن الرحيم

الحمد لله رب العالمين ، والصلاة والسلام على أشرف الأنبياء و المرسلين وعلى آله وصحبه أجمعين ، وبعد؛

വളരെ വിശാലമായി ഓരോ വശങ്ങളും ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയത്തെ വളരെ സംക്ഷിപ്തമായി ചര്‍ച്ച ചെയ്യുകയാണ്. പോരായ്മകള്‍ അല്ലാഹു പൊറുത്ത് തരുമാറാകട്ടെ.

www.fiqhussunna.com

ഇസ്‌ലാമികേതര നിയമവ്യവസ്ഥിതി ഒരാളെ എപ്പോള്‍ കാഫിറാക്കുന്നു എന്നതാണ് ചര്‍ച്ചാ വിഷയം. ഒരു മുസ്‌ലിമായ വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാള്‍ അല്ലാഹുവിന്‍റെ നിയമം കൊണ്ടല്ലാതെ ഭരിക്കുകയോ, വിധിക്കുകയോ ചെയ്യുന്നതിനെ മൂന്നായി തരം തിരിക്കാം ...

ഒന്ന് : അല്ലാഹുവിന്‍റെ നിയമത്തെക്കാള്‍ നല്ലതോ, അല്ലാഹുവിന്‍റെ നിയമത്തിന് തുല്യമോ ആണ് മനുഷ്യനിര്‍മിത നിയമങ്ങള്‍, എന്ന് ആരെങ്കിലും വിശ്വസിക്കുകയോ, പറയുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുക. ആ അര്‍ത്ഥത്തില്‍ അത്തരം നിയമങ്ങള്‍ കൊണ്ട് വിധിക്കുക. ഇത് കുഫ്ര്‍ ആണ്. കാരണം അല്ലാഹുവിന്‍റെ നിയമമാണ് നടപ്പാക്കപ്പെടേണ്ടത്. അല്ലാഹുവിന്‍റെ നിയമത്തിന് വിപരീതമായ മനുഷ്യനിര്‍മ്മിത നിയമങ്ങള്‍ അല്ലാഹുവിന്‍റെ നിയമത്തിനോട് തുലനം ചെയ്യുന്നതും അല്ലാഹുവിന്‍റെ നിയമത്തെക്കാള്‍  സ്ഥാനം നല്‍കുന്നതും പ്രാധാന്യം നല്‍കുന്നതും കുഫ്ര്‍ ആണ് എന്നതില്‍ സംശയമില്ല. അതുപോലെത്തന്നെ അല്ലാഹു നിഷിദ്ധമാക്കിയ ഒരു കാര്യത്തെ അനുവദനീയമായിക്കാണുക എന്നതും കുഫ്ര്‍ ആണ്.

  അപ്രകാരം വല്ലതും കുഫ്ര്‍ ആകുന്ന ഒരു കാര്യം പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ മാത്രം ഒരാളെ നിരുപാധികം 'തക്ഫീര്‍ മുഅയ്യന്‍' അഥവാ വ്യക്തിപരമായി മതഭ്രഷ്ടനെന്ന്‍ മുദ്രകുത്താന്‍ പാടില്ല. ഹുജ്ജത്ത് സ്ഥാപിക്കുക പോലുള്ള തക്ഫീറിന്‍റെ ശര്‍ത്തുകള്‍ പാലിക്കപ്പെടുകയും അതിന്‍റെ തടസ്സങ്ങള്‍ നീങ്ങുകയും വേണം. توافر الشروط وانتفاء الموانع , 'നിബന്ധനകള്‍ സംജാതമാകുക, തടസ്സങ്ങള്‍ നീങ്ങപ്പെടുക' എന്നുള്ളത് ഒരു വ്യക്തിയെ പ്രത്യേകം തക്ഫീര്‍ ചെയ്യുന്ന ഓരോ വിഷയത്തിനും ബാധകമാണ്. അത് പണ്ഡിതന്മാര്‍ കൃത്യമായി വിശദീകരിചിട്ടുമുണ്ട്.

രണ്ട് :  അല്ലാഹുവിന്‍റെ നിയമമാണ് ഏറ്റവും നല്ല നിയമം. അതിന് അപാകതകളില്ല. അല്ലാഹുവിന്‍റെ നിയമത്തിനോട് തുല്യമായി മറ്റൊരു നിയമവും ഇല്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ആള്‍ ഭൗതിക നേട്ടങ്ങള്‍ക്കായി, വിശ്വാസപരമായി ശിര്‍ക്കോ, കുഫ്റോ അല്ലാത്ത തിന്മകളില്‍, ആ തിന്മയെ നിഷിദ്ധമാണ് എന്നതംഗീക്കുന്നവനായിരിക്കെ തന്നെ ഭാഗവാക്കായാല്‍ അത് പാപമാണ്. പക്ഷെ അത് കുഫ്റില്‍ എത്തുകയില്ല. പാപ ഗൗരവമനുസരിച്ച് അത് വന്‍പാപമോ, ചെറിയ പാപമോ ആയിരിക്കും. ഉദാ: ഒരാള്‍ വ്യഭിചാരത്തെ നിഷിദ്ധമായിത്തന്നെ കാണുന്ന ആളാണ്‌. പക്ഷെ അയാള്‍ വ്യഭിചരിച്ചു. അയാള്‍ അല്ലാഹുവിന്‍റെ നിയമത്തെ മറികടന്നിരിക്കുന്നു. ഇവിടെ അയാള്‍ ഒരു വന്‍പാപം ചെയ്തു എന്നാണ്  വരിക. അതുപോലെ ഒരു ഭരണാധികാരി കുഫ്റോ ശിര്‍ക്കോ കടന്നുവരാത്തതായ  രൂപത്തില്‍ ഒരു വ്യതിയാനം അയാള്‍ക്ക് സംഭവിച്ചാല്‍ അഹ്ലുസ്സുന്നയുടെ വിശ്വാസപ്രകാരം അയാള്‍ കുഫ്റിലേക്ക് പോയി എന്ന് പറയാന്‍ പാടില്ല. എന്നാല്‍ വന്‍പാപങ്ങള്‍ ചെയ്യുന്നവര്‍ ഇസ്‌ലാമില്‍ നിന്നും പുറത്ത് പോകുന്ന കുഫ്റില്‍ എത്തുന്നു എന്ന വാദം ഖവാരിജുകളുടെ വാദമാണ്. അതുകൊണ്ട് തന്നെ വളരെ ലാഘവത്തോടെ ആളുകളെ തക്ഫീര്‍ ചെയ്യുന്നതായി ഇവരെ നമുക്ക് കാണാം. പ്രത്യേകിച്ചും ഭരണാധികാരികളുടെ വിഷയത്തില്‍. ഒരു ഭരണാധികാരി അല്ലാഹുവിന്‍റെ നിയമങ്ങളില്‍ നിന്ന് വ്യതിചലിച്ചാല്‍ അത് നിരുപാധികം കുഫ്ര്‍ അല്ല. മറിച്ച് അതില്‍ കുഫ്ര്‍ ആകുന്നതായ കാര്യങ്ങളും, എന്നാല്‍ കുഫ്റിലേക്ക് എത്താത്ത ഫിസ്ഖ് ആയ കാര്യങ്ങളും ഉണ്ട്. ഇത് ഹദീസുകളില്‍ നിന്നും തന്നെ വ്യക്തമാണ്: 

عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- عَلَيْكَ السَّمْعَ وَالطَّاعَةَ فِى عُسْرِكَ وَيُسْرِكَ وَمَنْشَطِكَ وَمَكْرَهِكَ وَأَثَرَةٍ عَلَيْكَ.

അബൂഹുറൈറ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: " നിന്‍റെ പ്രയാസത്തിലും എളുപ്പത്തിലും, നിനക്ക് ഉത്സാഹം തോന്നുന്ന കാര്യങ്ങളിലും നിനക്ക് വെറുപ്പുളവാക്കുന്ന കാര്യങ്ങളിലും, നിന്‍റെ മേല്‍ സ്വാര്‍ത്ഥത അടിച്ചേല്‍പിക്കുമ്പോഴും  നീ നിന്‍റെ ഭരണാധികാരിയെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക." - [സ്വഹീഹ് മുസ്‌ലിം:  4860].

സ്വാര്‍ത്ഥത എന്നാല്‍ തന്‍റെ കാര്യങ്ങള്‍ മാത്രം പരിഗണിക്കുകയും മറ്റുള്ളവന്‍റെ കാര്യങ്ങള്‍ പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന, എല്ലാം തന്‍റെ നേട്ടത്തിനായി മാത്രം ചിന്തിക്കുന്ന പ്രവണതയാണ്. അത് അനിസ്‌ലാമികമായ കാര്യമാണ് എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. അത്തരം ഒരു ഭരണാധികാരി വന്നാല്‍പ്പോലും നിങ്ങള്‍ അയാള്‍ക്കെതിരെ വാളെടുത്ത് സായുധ സമരം നടത്തരുത് എന്നാണ് നബി (സ) പഠിപ്പിച്ചിട്ടുള്ളത്‌. മാത്രമല്ല അത് അയാളെ തക്ഫീര്‍ ചെയ്യാനുള്ള മാനദണ്ഡമല്ല എന്നും ഹദീസില്‍ നിന്നും വ്യക്തമാണ്.  അതുപോലെ അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞു:

عن أَنَسَ بْنَ مَالِكٍ رَضِيَ اللَّهُ عَنْهُ يَقُولُ: قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِلْأَنْصَارِ: إِنَّكُمْ سَتَلْقَوْنَ بَعْدِي أَثَرَةً فَاصْبِرُوا حَتَّى تَلْقَوْنِي وَمَوْعِدُكُمْ الْحَوْضُ

അനസ് ബ്ന്‍ മാലിക്ക് (റ) പറയുന്നു: നബി (സ) അന്‍സാരികളോട് ഇപ്രകാരം പറഞ്ഞു: "നിങ്ങള്‍ എനിക്ക് ശേഷം സ്വാര്‍ത്ഥന്മാരായ ഭരണകര്‍ത്താക്കളെ കണ്ടുമുട്ടും. എന്നാല്‍ (പാരത്രിക ജീവിതത്തില്‍) ഹൗളിന്‍റെ അരികില്‍ വച്ച് എന്നെ കണ്ടുമുട്ടുന്നത് വരെ   നിങ്ങള്‍ ക്ഷമിക്കുക. നിങ്ങള്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട സമയം ഹൗളിനരികിലാകുന്നു." - സ്വഹീഹുല്‍ ബുഖാരി: 3793, സ്വഹീഹ് മുസ്‌ലിം: 4885].

മറ്റൊരു ഹദീസില്‍ കാണാം:

عن ابْنَ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ رَأَى مِنْ أَمِيرِهِ شَيْئًا يَكْرَهُهُ فَلْيَصْبِرْ عَلَيْهِ فَإِنَّهُ مَنْ فَارَقَ الْجَمَاعَةَ شِبْرًا فَمَاتَ إِلَّا مَاتَ مِيتَةً جَاهِلِيَّةً

ഇബ്നു അബ്ബാസ് (റ) നിവേദനം: നബി (സ) പറഞ്ഞു: "തന്‍റെ ഭരണാധികാരിയില്‍ നിന്നും താന്‍ വെറുക്കുന്ന വല്ലതും കാണാന്‍ ഇടയായാല്‍ അവന്‍ ആ വിഷയത്തില്‍ ക്ഷമിക്കട്ടെ. ആര് (ഭരണാധികാരിയും പൊതുജനങ്ങളും അടങ്ങുന്ന) ആ മുസ്‌ലിം സമൂഹത്തില്‍ നിന്നും ഒരു ചാണ്‍ വേറിട്ട്‌ നില്‍ക്കുന്നുവോ, അവനപ്രകാരം മരണപ്പെടുകയാണ് എങ്കില്‍  അവന്‍റെ മരണം ജാഹിലിയത്തിലെ മരണമാണ്." - [സ്വഹീഹുല്‍ ബുഖാരി: 7054, സ്വഹീഹ് മുസ്‌ലിം: 4896]. മറ്റൊരു റിപ്പോര്‍ട്ടില്‍ "അത്തരത്തില്‍ ഭരണാധികാരിക്കെതിരായി വേറിട്ട്‌ മരണമടയുന്നുവെങ്കില്‍ അവന്‍റെ മരണം ജാഹിലിയത്തിലെ മരണമാണ്" എന്ന് കാണാം.

ഇല്ല തീര്‍ന്നില്ല. നിങ്ങളുടെ ഭരണ കര്‍ത്താക്കള്‍ നിങ്ങളോട് അനീതി ചെയ്യുന്നവരും സ്വാര്‍ത്ഥന്മാരുമാണ് എങ്കില്‍പ്പോലും, നിങ്ങള്‍ ഭരണ കര്‍ത്താക്കള്‍ക്ക് അവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുകയും നിങ്ങളുടെ അവകാശങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുകയും ചെയ്യുക. അതല്ലാതെ മുസ്‌ലിം ഉമ്മത്തിനിടയില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുകയല്ല വേണ്ടത് എന്നതാണ് നബി (സ) പഠിപ്പിച്ചത്: 

عَنْ عَبْدِ اللَّهِ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « إِنَّهَا سَتَكُونُ بَعْدِى أَثَرَةٌ وَأُمُورٌ تُنْكِرُونَهَا ». قَالُوا يَا رَسُولَ اللَّهِ كَيْفَ تَأْمُرُ مَنْ أَدْرَكَ مِنَّا ذَلِكَ قَالَ « تُؤَدُّونَ الْحَقَّ الَّذِى عَلَيْكُمْ وَتَسْأَلُونَ اللَّهَ الَّذِى لَكُمْ ».

അബ്ദുല്ലാഹ് ബ്ന്‍ മസ്ഊദ് (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: "എനിക്ക് ശേഷം വരുന്ന ഭരണാധികാരികളില്‍ നിങ്ങള്‍ നിഷിദ്ധമായിക്കാണുന്ന കാര്യങ്ങളും, സ്വാര്‍ത്ഥതയും ഉണ്ടായിരിക്കും. അപ്പോള്‍ സ്വഹാബാത്ത് ചോദിച്ചു: ഞങ്ങളില്‍ നിന്നും ആ കാലഘട്ടത്തില്‍ ജീവിക്കാനിടവരുന്നവരോട് അങ്ങേക്ക് കല്പിക്കാനുള്ളത് എന്താണ് ?. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ മേലുള്ള ബാധ്യതകള്‍ നിറവേറ്റുക. നിങ്ങള്‍ക്കുള്ളത് അല്ലാഹുവിനോട് നിങ്ങള്‍ ചോദിക്കുകയും ചെയ്യുക." - [ സ്വഹീഹ് മുസ്‌ലിം: 4881]. 

 ഇവിടെ പരാമര്‍ശിക്കപ്പെട്ട  ഒരു ഭരണാധികാരി ഇസ്‌ലാമിക വ്യവസ്ഥയനുസരിച്ചുള്ള ഭരണത്തില്‍ നിന്നും മാറിയാണ് ഭരണം നടത്തുന്നത് എന്നത് വ്യക്തമാണ്. കാരണം അനിസ്‌ലാമികകരമായ കാര്യങ്ങള്‍ അവരില്‍ നിന്നും പ്രകടമാകും എന്ന് നബി (സ) തന്നെ പറഞ്ഞു. പക്ഷെ അവരെ നിരുപാധികം തക്ഫീര്‍ ചെയ്തില്ല. കാരണം ഇസ്‌ലാമില്‍ എല്ലാ തെറ്റുകളും ഒരാളെ അവിശ്വാസത്തിലേക്ക് എത്തിക്കുകയില്ല. തെറ്റുകളുടെ പാപഗൗരവം അനുസരിച്ച് അതിന്‍റെ പരിണിതഫലമായി ഉണ്ടാകുന്ന ഹുക്മും മാറും. ഉദാ: ഒരാള്‍ ശിര്‍ക്കോ , കുഫ്റോ, പോലെയല്ല വന്‍പാപങ്ങള്‍, വന്‍പാപങ്ങളെപ്പോലെയല്ല ചെറിയ പാപങ്ങള്‍ ഓരോന്നിന്‍റെയും ഗൗരവം വ്യത്യസ്ഥമാണ്. ഭരണാധികാരിയില്‍ തിന്മ കാണുമ്പോഴേക്ക് അവരെ തക്ഫീര്‍ ചെയ്യുക എന്നത് ഖവാരിജുകളുടെ സ്വഭാവമാണ്.  ഈ മാനദണ്ഡപ്രകാരമാണ് അവര്‍ ഇന്ന്‍ അറബ് ലോകത്തെ ഭരണകര്‍ത്താക്കളെയെല്ലാം കാഫിറുകളായിക്കാണുന്നത്.

 നിന്നെ ആക്രമിച്ചാലും, നിന്‍റെ പണം അപഹരിചാലും നീ അവര്‍ക്കെതിരില്‍ വിപ്ലവം നടത്തരുത്. അവര്‍ നമസ്കാരം നിലനിര്‍ത്തുന്നവരായിരിക്കെ. അവരെ അല്ലാഹു ഏല്‍പ്പിച്ചത് അവരോടും നിങ്ങളെ അല്ലാഹു ഏല്‍പ്പിച്ചത് നിങ്ങളോടും അവന്‍ വിചാരണ ചെയ്തുകൊള്ളും, തുടങ്ങിയ ഭരണാധികാരികളുടെ വിഷയത്തിലുള്ള ഹദീസുകള്‍ ഇത്തരക്കാര്‍ പരിഗണിക്കാറില്ല.  ആ വിഷയം വേറെത്തന്നെ വിശദീകരിക്കേണ്ടതാണ്.

മൂന്ന്‍: മൂന്നാമത്തെ വിഭാഗം, അല്ലാഹുവിന്‍റെ നിയമത്തെയാണ് അവര്‍ സ്നേഹിക്കുന്നത്. അത് നടപ്പാക്കപ്പെടണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. പക്ഷെ അവര്‍ക്ക് അതിനുള്ള സാഹചര്യം ഇല്ല. തങ്ങളുടെ കഴിവിന്‍റെ പരമാവധി നാടിന്‍റെ നന്മയും, മുസ്‌ലിംകളുടെ മതപരവും ഭൗതികപരവുമായ അവകാശങ്ങളും സംരക്ഷിക്കാന്‍ അവര്‍ പരിശ്രമിക്കുന്നു. ഇവര്‍ക്ക് ഒരിക്കലും നേരത്തെ സൂചിപ്പിച്ച കുഫ്റിന്‍റെ അവസ്ഥയോ, തിന്മയുടെ അവസ്ഥയോ ഇല്ല. മറിച്ച് തങ്ങളുടെ കഴിവിന്‍റെ പരമാവധി നിയമങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി പരിശ്രമിക്കുകയാണ് അവര്‍ ചെയ്യേണ്ടത്. ഈ അര്‍ത്ഥത്തിലാണ് ശൈഖ് ഇബ്നു ഉസൈമീന്‍ (റ) ജനാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കുന്ന ഒരു നാട്ടില്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാണ്‌ എന്ന് പറഞ്ഞത്. അതുപോലെത്തന്നെ ശൈഖ് ഇബ്നു ബാസ് (റ), ഇപ്പോഴത്തെ മുഫ്തി ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ് (ഹ), ശൈഖ് സ്വാലിഹ് അല്ലുഹൈദാന്‍ (ഹ), ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അബ്ബാദ് (ഹ) തുടങ്ങിയവരെല്ലാം തിരഞ്ഞെടുപ്പില്‍ ഉപദ്രവത്തെ തടയാനും, പൊതു മസ്ലഹക്ക് വേണ്ടിയും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കണം എന്ന് അഭിപ്രായപ്പെട്ടു കാണാം. അവരുടെ പ്രസ്ഥാവനകള്‍ ഞാന്‍ വിവര്‍ത്തനം ചെയ്ത് നല്‍കിയിട്ടുണ്ട്. ആ ലേഖനം വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ലിങ്കില്‍ പോകാവുന്നതാണ്: http://www.fiqhussunna.com/2015/10/blog-post_13.html .
കര്‍മ്മശാസ്ത്രത്തില്‍ ഒരു നിയമമുണ്ട്. 

 الواجب يسقط بالعجز

" നിറവേറ്റല്‍ സാധ്യമല്ലാതെ വരുമ്പോള്‍ നിര്‍ബന്ധമായ കാര്യങ്ങള്‍ നിര്‍ബന്ധമല്ലാതായിത്തീരുന്നു ". ഉദാ: ഫര്‍ദ് നമസ്കാരത്തിന്  നിന്ന് നമസ്കരിക്കാന്‍ ഒരാള്‍ക്ക് സാധിക്കാതെ വരുന്ന പക്ഷം, അയാളെ സംബന്ധിച്ചിടത്തോളം ഇരുന്ന് നമസ്കരിച്ചാല്‍ മതി. തനിക്ക് എത്രത്തോളം സാധിക്കുമോ അത്രത്തോളം ആ നിയമം പാലിക്കല്‍ നിര്‍ബന്ധവുമാണ്.   ഇതുപോലെ അല്ലാഹുവിന്‍റെ നിയമമനുസരിച്ച് പരിപൂര്‍ണമായി വിധിക്കാനും, ഭരിക്കാനും സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍, പൂര്‍ണമായി വിട്ടുനില്‍ക്കുകയല്ല, തന്‍റെ കഴിവിന്‍റെ പരമാവധി അത് പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കുകയാണ് വേണ്ടത്.

ഇവിടെയാണ്‌ ഇന്ത്യയെപ്പോലെ ജനാധിപത്യ വ്യവസ്ഥിതിയുള്ള ഒരു രാജ്യത്ത് ജീവിക്കുന്ന മുസ്ലിമീങ്ങള്‍ എന്ത് നിലപാട് എടുക്കണം  എന്നത് നാം ചര്‍ച്ച ചെയ്യുന്നത്. രാജ്യങ്ങളെ കര്‍മ്മശാസ്ത്ര നിയമപ്രകാരം മൂന്നായി തരം തിരിക്കാം, ഒന്ന്: 'ദാറു ഇസ്‌ലാം' ഇസ്‌ലാമിക രാഷ്ട്രം, രണ്ട് : 'ദാറു മുആഹദ' മുസ്ലിമീങ്ങളും അമുസ്ലിമീങ്ങളും പരസ്പര ഉടമ്പടിയോടെ ജീവിക്കുന്ന രാഷ്ട്രം.  മൂന്ന്‍ : 'ദാറു ഹര്‍ബ്' ഇസ്‌ലാമുമായി പ്രത്യക്ഷമായി യുദ്ധം പ്രഖ്യാപിച്ച രാജ്യം.

ഇതില്‍ 'ദാറു മുആഹദ' എന്നതിലാണ് ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ വരുക. വ്യത്യസ്ഥ മത വിശ്വാസികള്‍ പരസ്പരമുള്ള അക്രമങ്ങള്‍ക്കും, പരസ്പര വര്‍ഗീയ കലാപങ്ങള്‍ക്കും എതിരെയുള്ള രാഷ്ട്രങ്ങളുടെ ഉടമ്പടിയില്‍ ഒപ്പ് വച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. ഇങ്ങനെ 'ദാറു മുആഹദ' യില്‍ ജീവിക്കുന്ന ആളുകളുടെ വിഷയം കര്‍മ്മശാസ്ത്ര രംഗത്ത് പ്രത്യേകം തന്നെ പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. 'ദാറു ഹര്‍ബില്‍' പ്രാവര്‍ത്തികമാക്കുന്ന നിയമങ്ങള്‍ അല്ല ഇവിടെ പ്രാവര്‍ത്തികമാക്കുക. മറിച്ച് അത് ഉടമ്പടി തെറ്റിക്കലാണ്. പ്രവാചകന്‍റെ കാലത്ത് ഉടമ്പടി തെറ്റിച്ചിരുന്നത് എല്ലായിപ്പോഴും അവിശ്വാസികളായിരുന്നു. അത് ഒരിക്കലും വിശ്വാസികള്‍ക്ക് ചേര്‍ന്ന പണിയല്ല. അതുപോലെത്തന്നെ 'ദാറു ഇസ്‌ലാമില്‍ നടപ്പാക്കപ്പെടുന്ന കാര്യങ്ങള്‍ എല്ലാം 'ദാറു മുആഹദക്ക്' ബാധകമല്ല. അവിടെ ഓരോരുത്തര്‍ക്കും തങ്ങളുടെ വിശ്വാസമനുസരിച്ച് ജീവിക്കാം എങ്കിലും പൊതുകാര്യങ്ങള്‍ ഉടമ്പടി പ്രകാരമാണ് നടപ്പാക്കുക.

ഇനി കുറച്ച്കൂടി വ്യക്തമായി വിശദീകരിച്ചാല്‍ ഇന്ത്യയെ പോലുള്ള വ്യത്യസ്ഥ മതക്കാര്‍ പരസ്പര ധാരണയോടെ ജീവിക്കുന്ന ഒരു രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനം മാറ്റുക എന്നുള്ളത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം അസാധ്യമായ ഒരു കാര്യമാണ്. ഒരുപക്ഷെ ആ സംവിധാനം മാറിക്കഴിഞ്ഞാല്‍ അതിനേക്കാള്‍ അപകടകരമായ ഒരു വ്യവസ്ഥയായിരിക്കും ഇവിടെ വരുന്നത്. അതാണ്‌ സംഘപരിവാര്‍ ശക്തികളും ഫാസിസ്റ്റുകളും ഉദ്ദേശിക്കുന്നതും.

ഒരു രാജ്യത്ത് നിലനില്‍ക്കുന്നത് മുസ്ലിംകളോട് ശത്രുത പുലര്‍ത്തുന്ന, അവരുടെ അവകാശങ്ങള്‍ ഹനിക്കുന്ന സ്വേച്ചാധിപത്യ, വര്‍ഗീയഭരണകൂടമാണ്‌ ഉള്ളതെങ്കില്‍, അവിടെ തങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ അതിനെ ഒരു ജനാധിപത്യ രാഷ്ട്രമാക്കി മാറ്റാന്‍ വിശ്വാസികള്‍ പരിശ്രമിക്കണം എന്ന് വരെ സലഫീ പണ്ഡിതന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്. 


ശൈഖ് അബ്ദുറഹ്മാന്‍ അസ്സഅദി പറയുന്നു: "അല്ലാഹു പല രൂപത്തിലും മുസ്‌ലിംകളെ സംരക്ഷിക്കും. അവര്‍ക്കറിയാവുന്ന മാര്‍ഗേണയും അവര്‍ക്കറിയാത്ത മാര്‍ഗേണയും ആ സംരക്ഷണങ്ങള്‍ ഉണ്ടാകാം. അവരുടെ ഗോത്രങ്ങള്‍ മുഖേനയോ, അവരുടെ നാട്ടുകാരായ അവിശ്വാസികള്‍ മുഖേനയോ ഒക്കെ അവര്‍ക്ക് ഈ സഹായം ലഭിച്ചെന്നു വരാം. എതുപോലെയെന്നാല്‍ ശുഐബ് നബി (അ) യെ അദ്ദേഹത്തിന്‍റെ ഗോത്രം മുഖേന തന്‍റെ ജനതയുടെ കല്ലേറില്‍ നിന്നും അല്ലാഹു സംരക്ഷിച്ച പോലെ. ഇത്തരത്തില്‍ മുസ്‌ലിംകളുടെയും ഇസ്‌ലാമിന്‍റെയും സംരക്ഷണത്തിനാവശ്യമായ ഇത്തരം മാര്‍ഗങ്ങള്‍ ഉണ്ടാക്കുന്നതിന് കുഴപ്പമില്ല. ഒരു പക്ഷെ അത് നിര്‍ബന്ധമായിത്തീരുകയും ചെയ്തേക്കാം. കാരണം തങ്ങള്‍ക്കാവും വിധം കാര്യങ്ങള്‍ ശരിയാക്കുക എന്നത് പാലിക്കപ്പെടേണ്ട ഒന്നാണ്. അതുകൊണ്ടുതന്നെ അവിശ്വാസികളുടെ ഭരണത്തിന് കീഴിലുള്ള മുസ്‌ലിമീങ്ങള്‍, ആളുകള്‍ക്കും ജനങ്ങള്‍ക്കും തങ്ങളുടെ മതപരവും ഭൗതികപരവുമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്ന ഒരു റിപ്പബ്ലിക് ആക്കി മാറ്റുന്നതിന് വേണ്ടി പ്രയത്നിക്കുകയാണ് എങ്കില്‍, അതാണ്‌ തങ്ങളുടെ മതപരവും ഭൗതികപരവുമായ അവകാശങ്ങള്‍ ഹനിക്കുന്ന, അവരെ പുറത്താക്കാനും, തങ്ങളുടെ ഭൃത്യരും വേലക്കാരുമായി അവരെ തളച്ചിടാനും ശ്രമിക്കുന്ന ഒരു ഭരണകൂടത്തിന് കീഴ്പ്പെടുന്നതിനേക്കാള്‍ അവര്‍ ചെയ്യേണ്ടത്. ഒരു രാഷ്ട്രം മുസ്‌ലിംകള്‍ക്ക് ഭരിക്കാന്‍ സാധിക്കുമെങ്കില്‍ അത് നിര്‍ബന്ധം തന്നെയാണ്.  പക്ഷെ അത് സാധിക്കാത്തതിനാല്‍ തങ്ങളുടെ മതപരവും ഭൗതികപരവുമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന  വ്യവസ്ഥക്കാണ് മുന്‍ഗണന നല്‍കേണ്ടത്" - [തഫ്സീറുസഅദി: പേജ്: 388. ഹൂദ്‌: 91].


ഇതേ അര്‍ത്ഥത്തില്‍ ഇന്തയില്‍ ജീവിക്കുന്ന മുസ്ലിംകള്‍ നാടിന്‍റെ നന്മക്കും, നീതിക്കും തങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനും  മുസ്‌ലിമീങ്ങള്‍ ജനാധിപത്യത്തില്‍ സജീവമാകണം എന്ന് പറയുമ്പോള്‍, കണ്ടോ ഇവര്‍ കുഫ്റിലേക്ക് ക്ഷണിക്കുന്നു, അല്ലാഹുവിന്‍റെ നിയമവ്യവസ്ഥിതി അല്ലാത്ത ഇതര നിയമ വ്യവസ്ഥിതികള്‍ ആണ് വേണ്ടത് എന്നാണ് ഇവര്‍ പറയുന്നത് എന്നെല്ലാം പറഞ്ഞ് തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ചിലരെ നമുക്ക് കാണാം. ഏത് സാഹചര്യത്തെക്കുറിച്ചാണ് പറയുന്നത് എന്നോ, അതിന്‍റെ സാഹചര്യം എന്ത് എന്നോ ഇവര്‍ പരിഗണിക്കാറില്ല.  സലഫീ പണ്ഡിതന്മാരുടെ ഉദ്ദരണികളില്‍ നിന്നും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി പൊതുവായ ഹുക്മു നല്‍കുകയും, ശേഷം തങ്ങളുടെ വാദം അംഗീകരിക്കാത്തവരെ ഹവയുടെ ആളുകള്‍ എന്നും ബിദ്അത്തിന്‍റെ വക്താക്കള്‍ എന്നുമൊക്കെ മുദ്രകുത്തുകയുമാണ് ഇവരുടെ രീതി.   അല്ലാഹുവിന്‍റെ റസൂല്‍ പറഞ്ഞു: 


عن أبي هريرة قال قال رسول الله صلى الله عليه و سلم : انها ستأتي على الناس سنون خداعة يصدق فيها الكاذب ويكذب فيها الصادق ويؤتمن فيها الخائن ويخون فيها الأمين وينطق فيها الرويبضة قيل وما الرويبضة قال السفيه يتكلم في أمر العامة

അബൂഹുറൈറ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ റസൂല്‍ (സ) പറയുന്നു: "ആളുകളുടെ മേല്‍ വഞ്ചനാത്മകമായ ചില വര്‍ഷങ്ങള്‍ കടന്നുവരും. അന്ന്  കളവ് പറയുന്നവന്‍ വിശ്വസിക്കപ്പെടും. സത്യം പറയുന്നവര്‍ അവിശ്വസിക്കപ്പെടും. വഞ്ചകന്‍ വിശ്വസ്ഥനായി വിലയിരുത്തപ്പെടും. വിശ്വസ്ഥന്‍ വഞ്ചകനായും വിലയിരുത്തപ്പെടും. അന്ന് റുവൈബിളകള്‍ സംസാരിക്കും. അവര്‍ ചോദിച്ചു: ആരാണ് റുവൈബിളകള്‍ ?!. നബി (സ) പറഞ്ഞു: പൊതുകാര്യങ്ങളില്‍ സംസാരിക്കുന്ന വിഡ്ഢിയായ മനുഷ്യന്‍." - [മുസ്നദ് അഹ്മദ്: 2/ 291].

  അതുകൊണ്ട് കാര്യങ്ങളെ വസ്തുനിഷ്ഠമായി മനസ്സിലാക്കുകയും ഇസ്ലാമിനെതിരെ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ചിന്താധാരകള്‍ക്ക് വെള്ളം വെച്ചുകൊടുക്കുകയും ചെയ്യുന്ന പ്രവണതകളെ നാം തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട്.  ഇവിടെയാണ്‌ ജനാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കുന്ന ഇടങ്ങളില്‍ ചെറിയ ദോശം കൊണ്ട് വലിയ ദോശം തടയുക, ഗുണവും ദോശവും തുല്യമാകുന്ന രൂപത്തില്‍ പരസ്പരവിപരീതമായി വന്നാല്‍ ദോശത്തെ തടയുന്നതിന് മുന്‍ഗണന നല്‍കുക. തുടങ്ങിയ കര്‍മ്മ ശാസ്ത്ര നിയമങ്ങള്‍ പ്രകാരം അതില്‍ പങ്കെടുക്കല്‍ അനുവദനീയം എന്നതിലുപരി, നാടിന്‍റെ നന്മ, നീതി, മുസ്ലിംകളുടെ മതപരവും ഭൗതികപരവുമായ അവകാശങ്ങള്‍ സംരക്ഷിക്കല്‍ എന്നിവക്കായി അതില്‍ ഭാഗവാക്കാകല്‍ നിര്‍ബന്ധമാണ്‌ എന്ന് നാം പറയുന്നത്. കേരളത്തിലെ പ്രഗല്‍ഭ പണ്ഡിതന്മാരായ കെ എം മൗലവി (റ), അദ്ദേഹത്തിന്‍റെ മകനും മദീനയിലെ ഫറാഇദിന്‍റെ പണ്ഡിതനായി പിന്‍കാലത്ത് അറിയപ്പെട്ട ശൈഖ് അബ്ദുസ്സമദ് അല്‍ കാത്തിബ് (റ) തുടങ്ങിയവര്‍ ഈ അഭിപ്രായക്കാരായിരുന്നു. ശൈഖ് ഇബ്നു ഉസൈമീന്‍ (റ) ഈ അഭിപ്രായക്കാരനാണ്.


രണ്ട് ശര്‍റുകളില്‍ ഏതെങ്കിലും ഒന്ന് സംഭവിച്ചേ തീരൂ  എന്ന  അവസ്ഥ   വരുമ്പോള്‍ ചെറിയ ശര്‍റു കൊണ്ട് വലിയ ശര്‍റിനെ തടയുക എന്ന നിയമം ഇവിടെ ഏറെ പ്രസക്തമാണ്. ഉദാ: രണ്ട് പേര്‍ സ്ഥാനാര്‍ഥികളായി മത്സരിക്കുന്നു. അതില്‍ ഒരാള്‍ ഇസ്ലാമിനോട് ശത്രുതയുള്ള ആളാണ്‌. മറ്റൊരാള്‍ ഇസ്ലാമിനോട് ശത്രുത ഇല്ലാത്ത ആളാണ്‌. അതല്ലെങ്കില്‍ ശത്രുത ആദ്യത്തെ ആളെക്കാള്‍ കുറഞ്ഞ ആളാണ്‌ എന്ന് കരുതുക. ഞാന്‍ വോട്ട് ചെയ്താലും ഇല്ലെങ്കിലും  ഇവരില്‍ രണ്ടു പേരില്‍ ആരെങ്കിലും ഒരാള്‍ ഭരണത്തില്‍ വരും എന്നുള്ളത് ഉറപ്പാണ്. ഇവിടെ കര്‍മ്മശാസ്ത്രത്തില്‍ ഒരു നിയമമുണ്ട്. 'രണ്ടു ശര്‍റുകളില്‍ ഏതെങ്കിലും ഒന്ന് സംഭവിക്കും എന്ന് ഉറപ്പ് വന്നാല്‍ അതില്‍ ചെറിയ ശര്‍റു കൊണ്ട് വലിയ ശര്‍റിനെ തടുക്കണം' . ഇവിടെ വോട്ടെടുപ്പില്‍ നിന്ന് പാടേ മാറി നിന്നാല്‍ ഉണ്ടാവുക ഒരുപക്ഷെ ആ ഏറിയ ശത്രുതയുള്ള ആള്‍ തിരഞ്ഞെടുക്കപ്പെടുകയും അതുവഴി വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസപ്രകാരം ജീവിക്കാനുള്ള സാഹചര്യങ്ങള്‍ കൂടുതല്‍ ഹനിക്കപ്പെടുകയും, അല്ലാഹുവിന്‍റെ നിയമങ്ങള്‍ കൂടുതല്‍ പാലിക്കപ്പെടാതിരിക്കുകയും ആണ് ഉണ്ടാവുക. 

അതുകൊണ്ടുതന്നെ  ജനാധിപത്യ വ്യവസ്ഥതി നിലവിലുള്ള ഇടങ്ങളില്‍ അതില്‍ നിന്നും വിട്ടുനില്‍ക്കുക എന്നത് കാര്യങ്ങള്‍ കൂടുതല്‍ മോശമാകാന്‍ മാത്രമേ ഉപകരിക്കൂ... അഥവാ ഇസ്‌ലാമിക നിയമം പൂര്‍ണമായും കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കിലും ഇസ്‌ലാമിക നിയമങ്ങള്‍ക്ക് എതിരായ നിയമങ്ങള്‍ കൊണ്ടുവരപ്പെടുമ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍, നാടിന്‍റെ നന്മക്കും, സത്യത്തിനും നീതിക്കും നിലകൊള്ളുവാനും,  ഇസ്‌ലാമിക നിയമങ്ങള്‍ക്കും മുസ്ലിമീങ്ങളുടെ ആവശ്യങ്ങള്‍ക്കും വേണ്ടി ശബ്ദിക്കാനും  മുസ്‌ലിം പ്രതിനിധികളുടെ ആവശ്യമില്ലേ എന്നതിന് തീര്‍ച്ചയായും ആവശ്യമാണ്‌ എന്നത് തന്നെയാണ് നമ്മുടെ അനുഭവം നമ്മെ ബോധ്യപ്പെടുത്തുന്നത്. കാരണം ജനപ്രതിനിധികളാണ് നമ്മുടെ നാട്ടില്‍ നിയമ സംഹിതകള്‍ക്ക് രൂപം നല്‍കുന്നത്. ആ ഒരു അവസ്ഥ മാറ്റിയെടുക്കാന്‍ നമുക്ക് ഒരിക്കലും സാധിക്കില്ല. അപ്പോള്‍ ഇനി അത്തരം ഒരു സാഹചര്യത്തില്‍ തന്‍റെ വിശ്വാസങ്ങള്‍ക്ക് എതിരായ നിയമങ്ങള്‍ രൂപീകരിക്കപ്പെടാതിരിക്കാനും, തന്‍റെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാനും പ്രതിനിധികള്‍ അനിവാര്യമാണ്.  അഥവാ ജനാധിപത്യം എന്ന ഒരു വ്യവസ്ഥയുടെ അനുവദനീയതയെക്കുറിച്ചും അതിന്‍റെ കര്‍മ്മശാസ്ത്ര വിധിയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഭാഗവും, അത്തരം ഒരു സ്ഥിതിവിശേഷത്തില്‍ ജീവിക്കുവാന്‍ വിധിക്കപ്പെട്ട ആളുകള്‍ സ്വീകരിക്കേണ്ട നിലപാടുകളെ ചര്‍ച്ച ചെയ്യുന്ന ഭാഗവും രണ്ടും രണ്ടായിത്തന്നെ കാണേണ്ടതുണ്ട്.  അത് പണ്ഡിതന്മാര്‍ ഏറെ പഠനം നടത്തിയിട്ടുള്ളതും, ഇനിയും പഠനങ്ങള്‍ നടക്കേണ്ടതുമായ സംഗതിയാണ്.
 എന്നാല്‍ ഖവാരിജിയ്യത്തും, തക്ഫീറും, ഹാകിമിയ്യത്തും, ഖുതുബിയ്യത്തും എല്ലാം നടപ്പാക്കണമെങ്കില്‍ പലവശങ്ങളും മൂടിവെച്ച് നിക്ഷിപ്ത താല്പര്യമുള്ള കാര്യങ്ങള്‍ മാത്രം ചികഞ്ഞെടുക്കുക എന്നതേ വഴിയുള്ളൂ .... ഇന്ത്യയെ 'ദാറു ഹര്‍ബ്' അഥവാ ശത്രുഭവനം ആയാണ് സയ്യിദ് ഖുതുബ്, അബുല്‍ അഅ്'ലാ മൌദൂദി തുടങ്ങിയവര്‍ പരിചയപ്പെടുത്തിയത്. സയ്യിദ് ഖുതുബ് 'ദാറു ഇസ്‌ലാം' , 'ദാറു ഹര്‍ബ്' ഇവ രണ്ടുമേ അംഗീകരിക്കുന്നുള്ളൂ.   ദാറു മുആഹദ എന്നത് അദ്ദേഹം അംഗീകരിക്കുന്നു പോലുമില്ല. അതുകൊണ്ടുതന്നെ ഗവണ്മെന്റ് ജോലി സ്വീകരിക്കുന്നതും , വോട്ട് ചെയ്യുന്നതും എല്ലാം ഇവരുടെ ഭാഷയില്‍ കുഫ്ര്‍ തന്നെ. ഇന്ത്യയില്‍ നില്‍ക്കുന്നവര്‍ ഒന്നുകില്‍ വിപ്ലവം നടത്തണം അല്ലെങ്കില്‍ ഇവിടെ നിന്നും ഹിജ്റ പോകണം അതാണ്‌ അവരുടെ വാദം. 'ദാറു മുആഹദ' അഥവാ മുസ്ലിംകളും അവിശ്വാസികളും തമ്മില്‍ പരസ്പര ഉടമ്പടി പ്രകാരം ജീവിക്കുന്ന രാഷ്ട്രം എന്ന ഒരു ഗണം തന്നെ ഇവര്‍ നിരാകരിച്ചിരിക്കുന്നു. ഇത് വളരെ അപകടകരവും ഇസ്‌ലാമിക അദ്ധ്യാപനങ്ങളോട് യോജിക്കാത്തതുമാണ്. ഇസ്‌ലാമിക നിയമപ്രകാരം ഇന്ത്യ എന്നത് 'ദാറു ഹര്‍ബ്' അല്ല. ഇത് 'ദാറു
മുആഹദ' എന്ന ഗണത്തില്‍ വരുന്ന രാഷ്ട്രമാണ്. ഓരോ മതസ്ഥര്‍ക്കും തങ്ങളുടെ വിശ്വാസവും, ആചാരങ്ങളും അനുഷ്ടിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നല്‍കുന്ന കരാര്‍ നിലനില്‍ക്കുന്നു. ആരും ആരെയും പരസ്പരം ആക്രമിക്കാന്‍ പാടില്ല. അക്രമവും വര്‍ഗീയതയും ഉണ്ടാക്കുന്നവര്‍ക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി ഒരുമിച്ച് നേരിടണം. നിങ്ങള്‍ നിങ്ങളുടെ കരാര്‍ പൂര്‍ത്തീകരിക്കുക എന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതല്ലാതെ നിങ്ങളെ വിശ്വസിക്കുന്നവരെ വഞ്ചിക്കുകയെന്നതല്ല. ഹുദൈഫ (റ) വിനെയും, അബൂ ഹുസൈല്‍ (റ) വിനെയും വഴിയില്‍ തടഞ്ഞു നിര്‍ത്തിയ മക്കാ മുശ്രിക്കുകള്‍, തീര്‍ത്തും  ഏകപക്ഷീയമായി മുഹമ്മദ്‌ നബി (സ) യോടൊപ്പം ചേര്‍ന്ന് തങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യില്ല എന്ന് നിര്‍ബന്ധിച്ച് കരാര്‍ ചെയ്യിച്ചപ്പോള്‍ പോലും, അതേ മക്കാ മുശ്രിക്കുകള്‍ അക്രമിക്കാന്‍ വന്ന വേളയില്‍ "ആ കരാര്‍ നിങ്ങള്‍ പാലിക്കുക" എന്നതാണ് നബി (സ) പഠിപ്പിച്ചത്.  ഇവിടെയുള്ള ഓരോ മതസ്ഥര്‍ക്കും ഭരണ തലങ്ങളില്‍ ഇടപെട്ട് തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് ഇന്ത്യയിലുള്ള  മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇവിടത്തെ ജനാധിപത്യപ്രക്രിയയില്‍ സജീവമാകല്‍ അനിവാര്യം തന്നെയാണ്. 


  ഇന്ത്യയില്‍ ഇവിടത്തെ ഗവര്‍ന്മെന്‍റിന് കീഴില്‍ മാന്യമായി ജീവിക്കുന്നവരെ മാത്രമല്ല  മുസ്‌ലിം ഭരണാധികാരികളെപ്പോലും ഇവര്‍ കാഫിറുകളായി മുദ്രകുത്തി. അല്ലാഹുവിന്‍റെ ദീന്‍ അനുസരിച്ച് വിധിക്കുന്ന സൗദി അറേബ്യയെ പോലും, ഭരണകര്‍ത്താക്കള്‍ എന്നോ പൊതുജനം എന്നോ വ്യത്യാസമില്ലാതെ  തക്ഫീര്‍ ചെയ്ത് സായൂജ്യമടയുന്ന ഖവാരിജിയാക്കളുടെ അവസ്ഥ പരിശോധിച്ചാല്‍ പലപ്പോഴും സ്വന്തം ജീവിതത്തിലും വീട്ടിലും പോലും അല്ലാഹുവിന്‍റെ നിയമങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്തവര്‍ ആണ് ഇവരില്‍ പലരും എന്നത് ഒരു അര്‍ദ്ധ സത്യമാണ്. ഭരണാധികാരികളുടെ ഓരോ തെറ്റുകളും ഊതിവീര്‍പ്പിച്ച് ആളുകള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന ഇവര്‍ക്ക് അഹ്ലുസ്സുന്നയുടെ ആദര്‍ശത്തിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ പോലും അറിയില്ല എന്നത് ഒരു വസ്തുതയാണ്.


ബഹുമാന്യനായ ശൈഖ് ഫലാഹ് ഇസ്മാഈല്‍ ഹഫിദഹുല്ല ഇത്തരക്കാര്‍ക്ക് ഒരിക്കല്‍ കൊടുത്ത ഒരു മറുപടിയുണ്ട്: ' അബൂ ബക്കറിനെ പോലുള്ള ഭരണാധികാരിയെ ആണ് നിങ്ങള്‍ ആഗ്രാഹിക്കുന്നത് എങ്കില്‍ അന്ന് പ്രജകള്‍ ഉമറും, ഉസ്മാനും, അലിയും (റദിയല്ലാഹു അന്‍ഹും) ആയിരുന്നു. ഇന്ന് ഞാനും നീയുമോക്കെയല്ലേ പ്രജകള്‍, അപ്പോള്‍ നമുക്ക് അല്ലാഹു നമ്മെപ്പോലെയുള്ള ഭരണാധികാരിയും തന്നു ' .

മുസ്‌ലിം ഭരണാധികാരികളെപ്പോലും തക്ഫീര്‍ ചെയ്യുന്ന ഖവാരിജിയ്യത്തിന്‍റെ അസുഖം പിടികൂടിയ ഒരു വിദ്യാര്‍ഥിയുമായി സംസാരിക്കാന്‍ ഒരിക്കല്‍ അവസരം ലഭിച്ചു. മതപരമായി വലിയ അറിവില്ലാത്ത ഒരു യുവാവ്. ഇന്ന് ലോകത്ത് ഒരൊറ്റ മുസ്‌ലിം രാഷ്ട്രവുമില്ല. ഒരൊറ്റ മുസ്‌ലിം ഭാരനാധികാരിയുമില്ല. ഇതാണ് അവന്‍റെ വാദത്തിന്‍റെ ആകെച്ചുരുക്കം. എന്നിട്ട് അവന്‍ അവരുടെ പല തെറ്റുകളും എന്നിപ്പറയാന്‍ തുടങ്ങി. ഞാന്‍ ചോദിച്ചു നീ 100% അല്ലാഹുവിന്‍റെ നിയമങ്ങള്‍ പാലിച്ചുകൊണ്ട്‌ ജീവിക്കുന്ന ആളാണോ ?.. അവന്‍ കുറച്ച് ചിന്തിച്ചു പറഞ്ഞു: അല്ല. ഒരുപക്ഷെ നീ അവരെക്കുറിച്ച് എണ്ണിയ തെറ്റിനേക്കാള്‍ വലിയ തിന്മകള്‍ നീ ചെയ്തിട്ടില്ലേ ?.. അവന്‍ പറഞ്ഞു : അതേ .. ഞാന്‍ പറഞ്ഞു : അവരും മനുഷ്യരാണ്. അവരുടെ തെറ്റുകളെ ന്യായീകരിക്കുകയല്ല. പക്ഷെ അവരുടെ സ്ഥാനത്ത് ഒരുപക്ഷെ നീ ആയിരുന്നുവെങ്കില്‍ ഒരുപക്ഷെ നിനക്ക് അവര്‍ ചെയ്യുന്ന അത്രയും തന്നെ ചെയ്യാന്‍ സാധിച്ചുകൊള്ളണം എന്നില്ല. അതുകൊണ്ട് അവരുടെ കാര്യം അല്ലാഹുവിലേക്ക് വിടുക. പ്രവാചകന്‍ (സ) : "നിങ്ങളോട് അല്ലാഹു കല്പിച്ചിട്ടുള്ള കാര്യങ്ങള്‍ക്ക് നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതാണ്. ഭരണാധികാരികളോട് അല്ലാഹു കല്പിച്ചിട്ടുള്ള കാര്യങ്ങള്‍ക്ക് അവരെയും അല്ലാഹു വിചാരണ ചെയ്യുന്നതാണ് "

ചിലര്‍ ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് ആളുകളെ തക്ഫീറും തബ്ദീഉം ചെയ്യും. അതിന്‍റെ ഗൌരവത്തെക്കുറിച്ച് അവര്‍ പലപ്പോഴും ചിന്തിക്കില്ല. അതുമായി ബന്ധപ്പെട്ട് അഹ്ലുസ്സുന്നയുടെ കൃത്യമായ സമീപനം മനസ്സിലാക്കാന്‍ പലപ്പോഴും അവര്‍ അവധാനത കാണിക്കില്ല. അല്ലാഹു ഇത്തരം ളലാലത്തുകളില്‍ നിന്നും നമ്മെ രക്ഷിക്കുമാറാകട്ടെ.

അശജ്ജ് ബിന്‍ അബ്ദുല്‍ ഖൈസിനോട് പ്രവാചകന്‍ (സ) പറഞ്ഞു : നിന്നില്‍ അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ടു ഗുണങ്ങളുണ്ട്. പക്വതയും, അവധാനതയും " - [ സ്വഹീഹ് മുസ്‌ലിം ].

ഞാന്‍ എഴുതിയതില്‍ വല്ല നന്മയുമുണ്ടെങ്കില്‍ അത് അല്ലാഹുവില്‍ നിന്നാണ്. വല്ല പിഴവുമുണ്ടെങ്കില്‍ അതെന്നില്‍ നിന്നും പിശാചില്‍ നിന്നുമാണ്. അല്ലാഹുവിനോട് ഞാന്‍ പൊറുക്കലിനെ  ചോദിക്കുന്നു . അല്ലാഹുവിന്‍റെ നിയമമനുസരിച്ച് ജീവിക്കാന്‍ സാധിക്കാന്‍, അല്ലാഹുവിന്‍റെ നിയമങ്ങള്‍ നടപ്പാക്കുന്ന ഒരു ഭരണസംവിധാനം ഉണ്ടാകാന്‍, അതല്ലാത്ത മറ്റു സകല മനുഷ്യനിര്‍മ്മിത ഭരണ സംവിധാനങ്ങളില്‍ നിന്നും മോചനം ലഭിക്കാന്‍ അല്ലാഹു നമ്മെയും മുസ്‌ലിം ലോകത്തെയും അനുഗ്രഹിക്കുമാറാകട്ടെ. അതിനൊക്കെ മുന്പ് സ്വന്തം ജീവിതത്തില്‍ അല്ലാഹുവിന്‍റെ നിയമങ്ങള്‍ പാലിച്ചുകൊണ്ട്‌ ജീവിക്കാന്‍ നമ്മള്‍ ഓരോരുത്തരും പരിശ്രമിക്കുക. നമ്മുടെ കഴിവില്‍ പെടാത്ത കാര്യങ്ങള്‍ക്ക് നമ്മള്‍ ചോദ്യം ചെയ്യപ്പെട്ടെന്നു വരില്ല. പക്ഷെ നമുക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങല്‍ക്കൊരോന്നിനും നമ്മള്‍ കൃത്യമായ മറുപടി നല്‍കേണ്ടി വരുക തന്നെ ചെയ്യും... അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ പാലിച്ച് ജീവിക്കാന്‍ അവന്‍ നമുക്ക് ഏവര്‍ക്കും തൗഫീഖ് നല്‍കട്ടെ ...

ഇന്‍ ഷാ അല്ലാഹ് സമയം ലഭിക്കുകയാണ് എങ്കില്‍ അഹ്ലുസ്സുന്നയുടെപണ്ഡിതന്മാര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് എഴുതിയിട്ടുള്ളലേഖനങ്ങളും ചര്‍ച്ചകളും  വിവര്‍ത്തനം  ചെയ്ത് ലഭ്യമാക്കാന്‍ അല്ലാഹു  തൗഫീഖ് നല്‍കട്ടെ ...

والله أعلم ، وصلى اللهم على نبينا و قدوتنا محمد وعلى آله وصحبه وسلم ...

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്‌ പി. എൻ