Wednesday, January 22, 2014

പണ്ഡിതന്മാരിലേക്ക് മടങ്ങുക... അനാവശ്യ തര്‍ക്കങ്ങളും ആശയക്കുഴപ്പങ്ങളും വെടിയുക...


الحمد لله رب العالمين و العاقبة للمتقين ولا عدوان إلا على الظالمين ، وأصلي وأسلم على المبعوث رحمة للعالمين نبينا محمد و على آله و صحبه أجمعين ، أما بعد ؛

സ്നേഹം നിറഞ്ഞ സഹോദരങ്ങളെ. നമ്മെ സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളുണ്ടോ അതെല്ലാം പ്രവാചകന്‍() നമുക്ക് പകര്‍ന്നു നല്‍കിയിരിക്കുന്നു. നരകത്തിലേക്ക് നമ്മെ അടുപ്പിക്കുന്നതായ എന്തെല്ലാം കാര്യങ്ങളുണ്ടോ അതില്‍ നിന്നെല്ലാം തന്നെ പ്രവാചകന്‍ () നമ്മെ വിലക്കുകയും ചെയ്തിരിക്കുന്നു. മതം നമുക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു എന്നത് അല്ലാഹുവിന്‍റെ പ്രഖ്യാപനമാണ്.


അല്ലാഹു പറയുന്നു :

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإسْلامَ دِينًا 

" ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തന്നിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തരുകയും ചെയ്തിരിക്കുന്നു". [മാഇദ - 3]


പ്രവാചകന്‍() എന്താണോ പഠിപ്പിച്ചത് അത് അതേ പടി വിശ്വസിച്ചുകൊണ്ട് അതിരുകള്‍ ഭേധിക്കാതിരിക്കുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത്. അനാവശ്യമായ തര്‍ക്കങ്ങളും വിഭാഗീയതയും ഇസ്‌ലാമില്‍ അനുവദനീയമല്ല.

ഇമാം തിര്‍മിദി റിപ്പോര്‍ട്ട്‌ ചെയ്ത, അബൂ ഹുറൈറ (رضي الله عنه) ഉദ്ദരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം : " ഒരിക്കല്‍ രണ്ടു പേര്‍ ഖദ്റിന്‍റെ വിഷയത്തില്‍ തര്‍ക്കിക്കുന്നത് പ്രവാചകന്‍ () കേള്‍ക്കാന്‍ ഇടയായി. അദ്ദേഹം വളരെ കോപത്തോടെ പുറത്തേക്ക് വന്നു. കോപം കാരണത്താല്‍ അദ്ധേഹത്തിന്‍റെ കവിളില്‍ ഉറുമാന്‍ പഴം പൊട്ടിയൊലിച്ച പോലെ ചുവന്നു തുടുത്തിരുന്നു.  എന്നിട്ട് അവരോടദ്ദേഹം ചോദിച്ചു: ഇപ്രകാരം തര്‍ക്കിക്കുവാനാണോ ഞാന്‍ നിങ്ങളോട് കല്‍പിച്ചിട്ടുള്ളത് ?!. ഇതിനു വേണ്ടിയാണോ അല്ലാഹു എന്നെ ദൂദനായി അയച്ചത് ?!. ഇങ്ങനെയുള്ള വിഷയങ്ങളില്‍ തര്‍ക്കിച്ചത് കാരണത്താലാണ് നിങ്ങള്‍ക്ക് മുന്‍പുള്ളവര്‍ പിഴച്ചു പോയത്. അതുകൊണ്ട് നിങ്ങള്‍ ഒരിക്കലും തന്നെ അത്തരം വിഷയങ്ങളില്‍ തര്‍ക്കിക്കരുത്." [ ഹസന്‍- അല്‍ബാനി].

അഥവാ പ്രവാചകന്‍() പഠിപ്പിച്ചത് എന്തോ അത് സ്വീകരിക്കുക. ചര്‍ച്ചകള്‍ അവിടെ അവസാനിപ്പിക്കുക. ആശയക്കുഴപ്പങ്ങളിലേക്ക് എടുത്ത് ചാടാതെ പ്രമാണങ്ങള്‍ എന്ത് പറയുന്നുവോ അവിടെ നില്‍ക്കുക. അഹ്ലുസ്സുന്നയുടെ ഇമാമീങ്ങളും, ആദര്‍ശ സംരക്ഷകരായ പണ്ഡിതന്മാരും എന്ത് പറയുന്നുവോ അവിടെ ചര്‍ച്ചകള്‍ അവസാനിപ്പിക്കുക, കക്ഷിത്വത്താലും സ്വാര്‍ത്ഥ താല്പര്യങ്ങളാലും ഉടലെടുക്കുന്ന അനാവശ്യ ചര്‍ച്ചകളില്‍ നിന്നും രക്ഷ നേടുക. സാധാരണക്കാരെക്കാള്‍ പണ്ഡിതന്മാര്‍ തന്നെയാണ് ഇത്തരം കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കേണ്ടത്. സീമകള്‍ ലംഘിച്ചുകൊണ്ട് തങ്ങള്‍ നടത്തുന്ന അനാവശ്യ ചര്‍ച്ചകള്‍ കാരണം സാധാരണക്കാര്‍ ആശയക്കുഴപ്പങ്ങളില്‍ എത്തിച്ചേരുമ്പോള്‍ നാളെ അല്ലാഹുവിന്‍റെ മുന്നില്‍ മറുപടി പറയേണ്ടി വരുമെന്ന ബോധം ഓരോരുത്തര്‍ക്കും ഉണ്ടാവേണ്ടതുണ്ട്. ഇഹലോക ജീവിതം നൈമിഷികമാണ്. പരലോക ജീവിതമാകട്ടെ ശാശ്വതവും.

അല്ലാഹു പറയുന്നു: 

وَمَا آَتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا

"പ്രവാചകന്‍ നിങ്ങള്‍ക്ക് പകര്‍ന്നു നല്കിയതെന്തോ അത് നിങ്ങള്‍ മുറുകെ പിടിച്ചുകൊള്ളുക. പ്രവാചകന്‍ നിങ്ങളെ ഏതൊന്നില്‍ നിന്നും വിലക്കിയോ അത് നിങ്ങള്‍ പൂര്‍ണമായും വര്‍ജിക്കുകയും ചെയ്യുക." [ഹഷ്ര്‍ -7].

പണ്ഡിതന്മാരിലേക്ക് മടങ്ങുക:

നാമെല്ലാം അംഗീകരിക്കുന്ന അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ ഇന്ന് ലോകമെമ്പാടും ഉണ്ട് എന്നത് അല്ലാഹു കനിഞ്ഞു നല്‍കിയ ഒരനുഗ്രഹമാണ്‌. തര്‍ക്കങ്ങളും അഭിപ്രായ ഭിന്നതകളും ഉണ്ടാകുമ്പോള്‍ അവധാനതയോടെയും പക്വതയോടെയും കാര്യങ്ങള്‍ കൈകാര്യം ചെയ്ത് പണ്ഡിതന്മാരിലേക്ക് മടങ്ങി ഉചിതമായ രൂപത്തില്‍ അവ പരിഹരിക്കുക എന്നതാണ് അഹ്ലുസ്സുന്നയുടെ രീതി. അതാണ്‌ അല്ലാഹുവും റസൂലും പഠിപ്പിച്ചിട്ടുള്ളത്‌.

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു : 

  فَاسْأَلُوا أَهْلَ الذِّكْرِ إِنْ كُنْتُمْ لَا تَعْلَمُونَ

" നിങ്ങള്‍ക്ക് അറിവില്ലാത്ത പക്ഷം, നിങ്ങള്‍ വേദഗ്രന്ഥത്തിന്‍റെ ആളുകളോട് ചോദിക്കുക " - [അന്‍ബിയാഅ്:7].

അതുപോലെ പ്രവാചകന്‍
() പറഞ്ഞു :

إن العلماء ورثة الأنبياء ، إن الأنبياء لم يورثوا دينارا ولا درهما إنما ورثوا العلم ،فمن أخذه أخذ بحظ وافر

"പണ്ഡിതന്‍മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്; ദീനാറുകളോ ദിര്‍ഹമുകളോ അല്ല വിജ്ഞാനമാണ് പ്രവാചകന്മാരില്‍ നിന്നും അവര്‍ അനന്തരമെടുത്തിരിക്കുന്നത്. വിജ്ഞാനം കൂടുതല്‍ നേടിയവര്‍ക്ക് അവരില്‍ നിന്നും കൂടുതല്‍ അനന്തരം ലഭിച്ചിരിക്കുന്നു. " - [തിര്‍മിദി, സ്വഹീഹ്-അല്‍ബാനി].

മാത്രമല്ല വിശുദ്ധഖുര്‍ആനില്‍ അല്ലാഹു തആല ചോദിക്കുന്ന പ്രസക്തമായ ഒരു ചോദ്യം ഉണ്ട് : 

قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ ۗ

  "അറിവുള്ളവനും അറിവില്ലാത്തവനും സമമാകുമോ?'' (ഖുര്‍ആന്‍ 39:9).

ഈ ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട ചോദ്യത്തിന് إستفهام إنكاري , അഥവാ 'നിഷേധാത്മകമായ ചോദ്യം' എന്നാണ് പറയുക. അതായത് അവര്‍ ഒരിക്കലും തന്നെ സമമാകുകയില്ലതന്നെ എന്നാണ് അത് അര്‍ത്ഥമാക്കുന്നത്.

മറ്റൊരിടത്ത് അല്ലാഹു പറയുന്നു:
 

وَإِذَا جَاءَهُمْ أَمْرٌ مِنَ الْأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِ ۖ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَىٰ أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنْبِطُونَهُ مِنْهُمْ ۗ وَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ لَاتَّبَعْتُمُ الشَّيْطَانَ إِلَّا قَلِيلًا

"സമാധാനവുമായോ ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക്‌ വന്നുകിട്ടിയാല്‍ അവരത്‌ പ്രചരിപ്പിക്കുകയായി. അവരത്‌ റസൂലിന്‍റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന്‌ വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന്‌ നിരീക്ഷിച്ച്‌ മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു ". - [നിസാഅ്: 83].

അതുകൊണ്ട് അറിവുള്ളവരിലേക്ക് മടങ്ങുകയും പ്രശ്നങ്ങള്‍ പരിഹരിക്കുകയുമാണ്  വിശ്വാസികള്‍ ചെയ്യേണ്ടത്.  അത് അല്ലാഹുവിനോടും, പ്രവാചകനോടും,  ദീനിനോടും, സമുദായത്തോടുമെല്ലാമുള്ള ഗുണകാംശയുടെ ഭാഗമാണ്. മറിച്ച് ഇതിനെല്ലാം മുന്പ് പതിവ് കാരണങ്ങള്‍ നിരത്തി പണ്ഡിതന്മാര്‍ തന്നെ ചേരിതിരിയുകയും പരസ്പരം ആരോപണപ്രത്യാരോപണങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ അതില്‍ അവര്‍ കാണുന്ന നസ്വീഹത്ത് എന്ത് എന്ന് ഒരിക്കലും മനസ്സിലാകുന്നില്ല. അല്ലാഹു നമ്മുടെയെല്ലാം മനസ്സുകളെ ശുദ്ദീകരിക്കുമാറാകട്ടെ.  

   അബ്ദുല്‍ അസീസ്‌ ആലു ശൈഖ്, സ്വാലിഹ് അല്‍ ഫൗസാന്‍, അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ് (حفظهم الله) തുടങ്ങി പ്രായം ചെന്ന പക്വതയും അവധാനതയുമുള്ള, പാണ്ഡിത്യത്തെ മുസ്‌ലിം ലോകം ഒന്നടങ്കം അംഗീകരിച്ച പണ്ഡിതന്മാര്‍ ജീവിച്ചിരിക്കെ അനാവശ്യമായി തര്‍ക്കിച്ച് ഭിന്നതയും, ഫിത്നയും സൃഷ്ടിക്കുന്നത് ഒരിക്കലും ശരിയല്ല. അഭിപ്രായ ഭിന്നതകളും വീക്ഷണവിത്യാസങ്ങളുമെല്ലാം ഉണ്ടാകുക സ്വാഭാവികമാണ്. പക്ഷെ ആ വീക്ഷണ വിത്യാസങ്ങളെ പരിഹരിക്കുന്നിടത്തും സലഫീ മന്‍ഹജ് പ്രധാനമാണ്. അഭിപ്രായഭിന്നതകള്‍ ഉണ്ടായാല്‍ പരസ്പരം ചേരിതിരിഞ്ഞ് കുറ്റങ്ങളും കുറവുകളും പറയുകയും പ്രചരിപ്പിക്കുകയും, സ്വന്തം കക്ഷി സംരക്ഷണത്തിനുവേണ്ടി പ്രമാണത്തെ കൂട്ടുപിടിക്കുകയും ചെയ്യുന്ന രീതി അഹ്ലുസ്സുന്നയുടെ രീതിയല്ല. മറിച്ച് പണ്ഡിതന്മാരിലേക്ക് മടങ്ങി  പ്രമാണബദ്ധമായി കാര്യങ്ങള്‍ വിലയിരുത്തുകയും തെറ്റുകള്‍ പരസ്പരം ഗുണകാംശയോടെ ഉപദേശിച്ച് തിരുത്തി ഒത്തൊരുമയോടുകൂടി മുന്നോട്ടു പോകുകയുമാണ് വേണ്ടത്.


ഇമാം അഹ്മദ് (رحمه الله) പറഞ്ഞതുപോലെ:

السلامة لا يعدلها شيء

" അഹ്ലുസ്സുന്നയുടെ  ആദര്‍ശം മുറുകെപ്പിടിക്കുക വഴി ഉണ്ടാകുന്ന മനസ്സമാധാനം അതിന് തുല്യമായി യാതൊന്നും തന്നെ ഇല്ല" - [ഉസ്വൂലുസ്സുന്ന].

 പണ്ഡിതോചിതമായി കാര്യങ്ങള്‍ പരിഹരിക്കപ്പെടുമ്പോള്‍ പ്രശ്നങ്ങളും ഫിത്നകളും ഉണ്ടാവില്ല. എന്നാല്‍ അനാരോഗ്യകരമായ ചര്‍ച്ചകള്‍ കൂടുതല്‍ ഫിത്‌നകള്‍ വര്‍ദ്ധിക്കാന്‍ മാത്രമേ ഉപകരിക്കൂ. ഇതൊന്നും ആര്‍ക്കും  അറിയാത്തതല്ലല്ലോ. പക്ഷെ അറിവ് മാത്രം പോര അല്ലാഹുവിന്‍റെ തൗഫീഖ് കൂടി ഉണ്ടാകണം. അല്ലാഹു അതിനുള്ള സന്മനസ്സ് ഏവര്‍ക്കും നല്‍കുമാറാകട്ടെ.

പ്രിയപ്പെട്ട എന്‍റെ സഹോദരങ്ങളോട്, പ്രത്യേകിച്ചും സാധാരണക്കാരോട് പറയാനുള്ളത്, ഒരുപാട് ചര്‍ച്ചകള്‍ ഫേസ്ബുക്കിലും അതുപോലെ മറ്റു സോഷ്യല്‍ നെറ്റ്'വര്‍ക്കുകളിലും, തെരുവുകളിലും എല്ലാം നടന്നുകൊണ്ടിരിക്കുന്നു. അത് ഒരിക്കലും അവസാനിക്കുകയില്ല. ഇത്തരം അനാവശ്യ സംസാരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക. നമ്മുടെ കാഴ്ചക്കും, കേള്‍വിക്കുമെല്ലാം പരിമിതിയുള്ളത് പോലെ നമ്മുടെ യുക്തിക്കും അറിവിനും പരിമിതിയുണ്ട് എന്ന് മനസ്സിലാക്കാനാവാത്തതാണ് പലപ്പോഴും നമ്മെ അപകടത്തില്‍ കൊണ്ട് ചാടിക്കുന്നത്.

പ്രവാചകന്‍
() പറഞ്ഞു : 

إن الله يرضى لكم ثلاثا ، ويسخط لكم ثلاثا ، يرضى لكم : أن تعبدوه ولا تشركوا به شيئا ، وأن تعتصموا بحبل الله جميعا ، وأن تناصحوا من ولاه الله أمركم ، ويسخط لكم : قيل وقال ، وإضاعة المال ، وكثرة السؤال

അല്ലാഹു നിങ്ങള്‍ക്ക് മൂന്ന്‍ കാര്യങ്ങളെ ത്രിപ്തിപ്പെട്ട് തന്നിരിക്കുന്നു. മൂന്ന്‍ കാര്യങ്ങളെ ത്തൊട്ട് അവന്‍ കോപിക്കുകയും ചെയ്തിരിക്കുന്നു. ആരെയും പങ്കുചെര്‍ക്കാതെ അവനെ മാത്രം ആരാധിക്കുക,  (ഭിന്നിച്ചുപോകാതെ) നിങ്ങളെല്ലാം തന്നെ അവന്‍റെ പാശത്തില്‍ മുറുകെ പിടിക്കുക, നിങ്ങളുടെ കൈകാര്യകര്‍ത്താക്കളെ അനുസരിക്കുക  എന്നിവയാണ് അവന്‍ തൃപ്തിപ്പെട്ട കാര്യങ്ങള്‍. കണ്ടതും കേട്ടതുമൊക്കെ പറയുക, സമ്പത്ത് അനാവശ്യമായി ചിലവഴിക്കുക, അമിതമായി (അനാവശ്യ) ചോദ്യങ്ങളുന്നയിക്കുക തുടങ്ങിയവയാണ് അവന്‍ കോപിച്ച   കാര്യങ്ങള്‍" - [സ്വഹീഹ് മുസ്‌ലിം].

അതുപോലെ നമ്മള്‍ മനസ്സിലാക്കേണ്ട മറ്റൊരു കാര്യമാണ് കുറ്റങ്ങളില്‍ നിന്നും കുറവുകളില്‍ നിന്നും ആരും മുക്തമല്ല എന്നത്. എല്ലാവര്‍ക്കും കുറ്റങ്ങളും കുറവുകളും ഉണ്ട്. ജീവിച്ചിരിക്കുന്ന സലഫീ പണ്ഡിതരില്‍ അങ്ങേയറ്റം പ്രായം ചെന്ന പണ്ഡിതനാണല്ലോ മുഹദ്ദിസുല്‍ മദീന ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ് ഹഫിദഹുല്ല. ഈയടുത്ത് ബഹുമാന്യനായ ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ലയുടെ ഒരു ദൗറയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് :: " ശൈഖ് അബ്ദുല്‍ മുഹ്സിന്‍റെ ക്ലാസുള്ള ദിവസങ്ങളില്‍ ഒരു അദബ് കേടാകുമോ എന്നുകരുതി അതേ സമയം മറ്റു ക്ലാസുകള്‍ സംഘടിപ്പിക്കാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി  ശ്രമികാറുണ്ട് എന്നാണ്. ഇന്ന് ലോകമെമ്പാടും അഹ്ലുസ്സുന്നക്കിടയില്‍ നിലനില്‍ക്കുന്ന ഭിന്നതകളെ പരാമര്‍ശിച്ചുകൊണ്ട് ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അബ്ബാദ് ഹഫിദഹുല്ല എഴുതിയ 'അഹ്ലുസ്സുന്ന പരസ്പരം സ്നേഹമുള്ളവരാകുക' എന്ന കത്തില്‍ നിന്നും എടുത്ത ചില വരികള്‍ ഇവിടെ ഉദ്ദരിക്കട്ടെ : "വിമര്‍ശിക്കുന്നവരും വിമര്‍ശനവിധേയമായവരും ആരും തന്നെ തെറ്റുകുറ്റങ്ങളില്‍ നിന്നും മുക്തമല്ല. പരമാവധി തെറ്റുകുറ്റങ്ങള്‍ ഒഴിവാക്കി പരിപൂര്‍ണത കൈവരിക്കാന്‍ ശ്രമിക്കണം എന്നത് ശരിതന്നെ. പക്ഷെ ആ പരിപൂര്‍ണതയിലേക്ക് എത്തിയിട്ടില്ലാത്ത എല്ലാ നന്മകളെയും അടച്ചാക്ഷേപിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന സമീപനം ശരിയല്ല. അഥവാ ഒന്നുകില്‍ 100% പരിപൂര്‍ണത കൈവരിച്ചത് അല്ലെങ്കില്‍ പിഴച്ചത്. ഒന്നുകില്‍ പ്രകാശിതം അല്ലെങ്കില്‍ ഇരുളടഞ്ഞത് തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒരിക്കലും ശരിയല്ല. മറിച്ച് ഉള്ള പ്രകാശത്തെ സംരക്ഷിക്കുകയും, കുറവുകള്‍ നികത്തി ആ പ്രകാശത്തെ വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുകയുമാണ് വേണ്ടത്. രണ്ടോ അതില്‍ കൂടുതലോ വിളക്കുകള്‍ ലഭിച്ചില്ലെങ്കിലും ഒരു വിളക്കെങ്കിലും ഉള്ളതല്ലേ കൂരിരുട്ടിനേക്കാള്‍ ഉത്തമം ".

ഇമാം ബുഖാരി തന്‍റെ അദബുല്‍ മുഫ്രദില്‍ ഇപ്രകാരം രേഖപ്പെടുത്തിയത് കാണാം. അബൂ ഹുറൈറ (رضي الله عنه) പറഞ്ഞു : " തന്‍റെ സഹോദരന്‍റെ കണ്ണിലെ കരടുപോലും നിങ്ങള്‍ കാണും. പക്ഷെ സ്വന്തം കണ്ണില്‍ മരത്തടി തന്നെയുണ്ടായാല്‍ പോലും നിങ്ങളത് കാണില്ല. " [ബുഖാരി-അദബുല്‍ മുഫ്രദ്‌].

അഥവാ തെറ്റുകള്‍ സംഭവിക്കുകയും, വീക്ഷണവിത്യാസങ്ങള്‍ ഉണ്ടാകുകയും ചെയ്യുക സ്വാഭാവികമാണ്. എന്നാല്‍ അത് തിരുത്തുന്നതിലും തിരുത്തുന്നതിലും, അഭിപ്രായഭിന്നതകളെ കൈകാര്യം ചെയ്യുന്നതിലും അഹ്ലുസ്സുന്നക്ക് കൃത്യമായ രീതിയുണ്ട്. അവര്‍ പരസ്പരം വിദ്വേശം വച്ചുപുലര്‍ത്തുന്നവരായിരിക്കില്ല. മറിച്ച് അവര്‍ പരസ്പരം നന്മ ആഗ്രഹിക്കുന്നവരാണ്.  അതുകൊണ്ട് അനാവശ്യമായ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് പണ്ഡിതന്മാരിലേക്ക് മടക്കുക എന്നതാണ് നന്മ ആഗ്രഹിക്കുന്ന ഗുണകാംശയുള്ള ആളുകള്‍ ചെയ്യേണ്ടത്. അതല്ലാതെ പരസ്പരം ഉള്ള പോരായ്മകള്‍ ചികഞ്ഞന്വേഷിച്ച് വിഭാഗീയതയും കക്ഷിത്വവും ഉണ്ടാക്കുന്നത് അഹ്ലുസ്സുന്നയുടെ രീതിയല്ല.


 
   വളരെ സുപ്രധാനമായ മറ്റൊരു കാര്യമാണ് ആരെയും നാം അന്തമായി പിന്‍പറ്റരുത് എന്നുള്ളത്. അത് സംഘടയായാലും, കക്ഷികളായാലും, വ്യക്തികളായാലും ആരെയും തന്നെ അന്തമായി പിന്‍പറ്റരുത്. പ്രവാചകചര്യയോട് യോജിക്കുന്നതാണോ എങ്കില്‍ ഞാന്‍ സ്വീകരിക്കുന്നു എന്നതായിരിക്കണം എല്ലായിപ്പോഴും നമുക്കുള്ള നിലപാട്. വിശുദ്ധ ഖുര്‍ആനിലേക്കും സുന്നത്തിലേക്കുമാണ് നാം ആളുകളെ ക്ഷണിക്കേണ്ടത്. 

قُلْ هَـذِهِ سَبِيلِي أَدْعُو إِلَى اللَّهِ‏

" പ്രവാചകരേ പറയുക, ഇതാകുന്നു എന്‍റെ മാര്‍ഗം, ദൃഢബോധ്യത്തോട്‌ കൂടി അല്ലാഹുവിലേക്ക്‌ ഞാന്‍ ക്ഷണിക്കുന്നു." - [യൂസുഫ് : 108]. ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍ വഹാബ് رحمه الله പറയുന്നു :

 فيه الإخلاصُ؛ فإنَّ كثيرًا من الناس إنَّما يدعو إلى نفسه، ولا يدعو إلى الله عز وجل‏

"ഇഖ്'ലാസിനെയാണ് ആ വചനം സൂചിപ്പിക്കുന്നത്. എന്നാല്‍ ജനങ്ങളില്‍ അധികപേരും അല്ലാഹുവിങ്കലേക്കല്ല, മറിച്ച് സ്വന്തത്തിലേക്കാണ് ആളുകളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത്"  - [ഫതാവ ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ്]. നമ്മള്‍ ഏറെ ഭയപ്പെടേണ്ടിയിരിക്കുന്നു.  അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ. നമുക്കേവര്‍ക്കും അല്ലാഹു ഇഖ്'ലാസും തൗഫീഖും നല്‍കുമാറാകട്ടെ.
 

ഒരു കക്ഷിയുടെ ആളോ, ഒരു വ്യക്തിയുടെ ആളോ, ഒരു സംഘടനയുടെ ആളോ ആയിരിക്കില്ല സ്വര്‍ഗാവകാശി. മറിച്ച് പ്രവാചകനും അവന്‍റെ സ്വഹാബത്തും നിലനിന്ന പാതയില്‍ ആര് നിലനിന്നുവോ അവനായിരിക്കും സ്വര്‍ഗാവകാശി. അവന്‍ മാത്രം !...

പ്രവാചകന്‍ () പറഞ്ഞുവല്ലോ :

ستفترق هذه الأمة على ثلاث و سبعين فرقة كلها في النار إلا واحدة ، قيل : من هي يا رسول الله ؟، قال : من كان على مثل ما انا عليه وأصحابي

" എന്‍റെ സമുദായം എഴുപത്തിമൂന്നില്‍പരം കക്ഷികളായിത്തിരിയും, അവയിലൊന്നൊഴികെ മറ്റെല്ലാം നരകത്തിലായിരിക്കും. സ്വഹാബത്ത് ചോദിച്ചു : അല്ലയോ പ്രവാചകരേ; ആരാണ് രക്ഷ നേടുന്ന ആ കൂട്ടര്‍ ?!. അദ്ദേഹം പറഞ്ഞു : " ഞാനും എന്‍റെ സ്വഹാബത്തും നിലകൊള്ളുന്ന പാതയില്‍ നിലകൊള്ളുന്നവര്‍ " [ അബൂ ദാവൂദ്, തിര്‍മിദി - സ്വഹീഹ്].

അതെ അവര്‍ക്കാകുന്നു അന്തിമ വിജയം. ഇബ്നു മസ്ഊദ് (رضي الله عنه) ഇപ്രകാരം പറഞ്ഞതായി കാണാം :

الجماعة ما وافق الحق؛ ولو كنت وحدك

" സത്യത്തോട് പോരുത്തപ്പെടുന്നതെന്താണോ അതാണ്‌ സംഘം. അത് നീ ഒറ്റക്കായിരുന്നാല്‍ പോലും". - [ ശറഹു ഉസൂലു അഹ്ലുസ്സുന്ന -ഇമാം ലാലികാഇ , പേജ്: 1/122].

ഏതെങ്കിലും ഒരു വ്യക്തിയുടെയോ, സംഘടനയുടെയോ, കക്ഷിയുടെയോ നിലനില്‍പുമായി ഇസ്‌ലാമിന്‍റെ നിലനില്പ് ബന്ധപ്പെട്ട് നില്‍ക്കുന്നുവെന്ന് ആരെങ്കിലും ധരിച്ചിരിക്കുന്നുവെങ്കില്‍ അയാളുടെ അറിവും സ്ഥാനവും പ്രശസ്തിയും എത്ര തന്നെയായാലും അയാള്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു ...

നൂഹിന്‍റെ കപ്പലിനു സമാനമായ ഖുര്‍ആനും സുന്നത്തുമെന്ന കപ്പല്‍ പ്രയാസങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറുക തന്നെ ചെയ്യും.. അത് രക്ഷിതാവിന്‍റെ വാഗ്ദാനമാണ്.. അതില്‍ ആര് കയറുന്നുവോ അവന് മാത്രമായിരിക്കും അന്തിമ വിജയം ..

ഇമാം മാലിക് (رحمه الله) പറയുന്നു :


السنة سفينة نوح من ركبها نجا ومن تخلف عنها غرق

"പ്രവാചക ചര്യയെന്നത് നൂഹ് (عليه السلام) മിന്‍റെ കപ്പല്‍ പോലെയാണ്. അതില്‍ കയറുന്നവര്‍ രക്ഷപ്പെടുന്നു. അതില്‍ കയറാന്‍ മടിക്കുന്നവരാകട്ടെ മുങ്ങിമരിക്കുക തന്നെ ചെയ്യും" -  [താരീഖ് ദിമശ്ഖ് - ഇബ്ന്‍ അസാക്കിര്‍, പേജ്: 9/14].

അതുപോലെ ഇമാം മാലിക് (رحمه الله) പറയുന്നു:


أدركت أهل هذا البلد وما عندهم علم غير الكتاب والسنة فإذا نزلت نازلة جمع لها الأمير من حضر من العلماء فما اتفقوا عليه من شيء أنفذه وأنتم تكثرون من المسائل وقد كره رسول الله صلى الله عليه و سلم المسائل وعابها 

" ഖുര്‍ആനും സുന്നത്തുമല്ലാതെ മറ്റൊന്നുമില്ലാത്ത നിലക്കാണ് ഈ നാട്ടുകാരെ (മദീനക്കാരെ) എനിക്ക് കാണാന്‍ സാധിച്ചത്. എന്നാല്‍ അവര്‍ക്കിടയില്‍ വല്ല പുതിയവിഷയവും കടന്നുവന്നാല്‍  അവിടത്തെ ഭരണാധികാരി അവിടെയുള്ള പണ്ഡിതന്മാരെയെല്ലാം വിളിച്ചുകൂട്ടും. അവര്‍ എകോപിച്ചെടുക്കുന്ന അഭിപ്രായമെന്തോ അതുപ്രകാരം വിധിക്കും. എന്നാല്‍ നിങ്ങളാകട്ടെ ആവശ്യത്തിലധികം ചോദ്യങ്ങള്‍ ചോദിക്കുന്നു. അപ്രകാരം അമിതമായി ചോദിക്കുക എന്നതുതന്നെ പ്രവാചകന്‍() വെറുത്തിട്ടുള്ള കാര്യമാണ്" - [അല്‍ ഇസ്തിദ്കാര്‍, 8/581]. 

അതുകൊണ്ട് തനിക്ക് കൂടുതല്‍ ആശയക്കുഴപ്പങ്ങളല്ലാതെ മറ്റൊന്നും സമ്മാനിക്കാത്ത അനാവശ്യ ചര്‍ച്ചകളില്‍ നിന്നും മാറി നിന്ന് അതിനു വേണ്ടി ചിലവഴിക്കുന്ന സമയം, പ്രമാണബദ്ധമായി മതം പഠിക്കാന്‍ നീക്കിവെക്കുക.
ഇമാം ഇബ്നു സീരീന്‍ (رحمه الله) പറഞ്ഞതായി കാണാം : 

إن هذا العلم دين فانظروا عمن تأخذون دينكم 

" നിങ്ങള്‍ നേടുന്ന അറിവ് അത് നിങ്ങളുടെ മതമാണ്‌. അതുകൊണ്ട് അത് ആരില്‍ നിന്നുമാണ് സ്വീകരിക്കുന്നത് എന്ന് സൂക്ഷമമായി പരിശോധിച്ചുകൊള്ളുക ". - [റവാഹു മുസ്‌ലിം].

 അറിവില്ലാതെ ഒരു കാര്യവും നമ്മള്‍ സംസാരിക്കുകയും ചെയ്യരുത്. അറിവില്ലാതെ മറുപടി നല്‍കുകയും അപ്രകാരം ഒരു സ്വഹാബി മരണപ്പെടാന്‍ ഇടവരുകയും ചെയ്ത സംഭവം നമുക്കേവര്‍ക്കും അറിയാമല്ലോ, ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം: പ്രവാചകന്‍
() യുടെ കാലത്ത് തലയില്‍ മുറിവ് പറ്റിയ ഒരാള്‍ക്ക് സ്വപ്നസ്ഖലനം ഉണ്ടായി. അങ്ങനെ അദ്ദേഹത്തോട് ചിലര്‍ കുളിച്ചേ തീരൂ എന്ന് പറയുകയും, കുളിക്കുക വഴി ആ സ്വഹാബി മരണപ്പെടുകയും ചെയ്തു. ഇതറിഞ്ഞ സന്ദര്‍ഭത്തില്‍ പ്രവാചകന്‍
() പറഞ്ഞത് : " അവര്‍ അവനെ കൊന്നു, അവരെ അല്ലാഹുവും കൊല്ലട്ടെ,  അവര്‍ക്കറിയുമായിരുന്നില്ലെങ്കില്‍ അവര്‍ക്ക് ചോദിച്ചുകൂടായിരുന്നില്ലേ" എന്നാണ്. - [ അബൂ ദാവൂദ്, അല്‍ബാനി/ഹസന്‍].

അതുകൊണ്ട് നാം പഠിക്കുക. പരലോക വിജയമാകട്ടെ നമ്മുടെ ലക്‌ഷ്യം. പരിശ്രമിക്കാന്‍ നമ്മള്‍ തയ്യാറായാല്‍ അല്ലാഹു തൗഫീഖ് ചെയ്യും ഇന്‍ ഷാ അല്ലാഹ് ...


അല്ലാഹു പറയുന്നു :

وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ اللَّهَ لَمَعَ الْمُحْسِنِينَ.

" നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പ്പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു ".  [അന്‍കബൂത്ത് 69].

അറിവിനോടൊപ്പം പക്വതയും അവധാനതയും നല്‍കുവാന്‍ നാം അല്ലാഹുവിനോട് എപ്പോഴും തേടണം.
അശജ്ജ് ബിന്‍ അബ്ദില്‍ ഖൈസിനോട് പ്രവാചകന്‍
() പറഞ്ഞു :

"إن فيك خصلتين يحبهما الله: الحلم والأناة"

നിന്നില്‍ അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ടു ഗുണങ്ങളുണ്ട്. പക്വതയും, അവധാനതയും " - [ സ്വഹീഹ് മുസ്‌ലിം ].

അവസാനമായി ഇമാം ദഹബി റഹിമഹുല്ല പറഞ്ഞ ചില വാക്കുകള്‍ കൂടി നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ : " അറിവ് നേടുക എന്നത് ഏറെ ശ്രമകരമാണ്. അത് നേടുന്നതിനേക്കാള്‍ ശ്രമകരമാണ് നേടിയെടുത്ത അറിവ് നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നുള്ളത്. നഷ്ടപ്പെടാതെ ആ അറിവിനെ സൂക്ഷിക്കുക എന്നതിനേക്കാള്‍ ഏറെ ശ്രമകരമാണ് ആ അറിവ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക എന്നുള്ളത് ". 
കൂടുതല്‍ മതപരമായ അറിവ് കരസ്ഥമാക്കുവാനും, ഇഖ്‌ലാസോടു കൂടി അത് ജീവിതത്തില്‍ പകര്‍ത്തുവാനും നമുക്കേവര്‍ക്കും അല്ലാഹു തൗഫീഖ് നല്‍കുമാറാകട്ടെ... 

ഈ ലേഖനത്തില്‍ വല്ല നന്മകളും അടങ്ങിയിട്ടുണ്ടെങ്കില്‍ അത് അല്ലാഹുവില്‍ നിന്നുള്ളതാണ്. ഇതില്‍ വല്ല പിഴവുകളും വന്നിട്ടുണ്ടെങ്കില്‍ അതെന്നില്‍ നിന്നും പിശാചില്‍ നിന്നുമാണ്. അല്ലാഹു പൊറുത്ത് തരുമാറാകട്ടെ...



والله أعلم ، وصلى اللهم على نبينا و قدوتنا محمد وعلى آله وصحبه وسلم ...

--------------------------------------------------------------------------------------------------------


സംശയം : ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങുക എന്നായിരുന്നില്ലേ പറയേണ്ടിയിരുന്നത് ?

ഉത്തരം: തീർച്ചയായും അതു തന്നെയാണ് അടിസ്ഥാനം. 
ഖുര്‍ആനും സുന്നത്തും അപഗ്രഥിച്ച് മതപരമായ വിഷയങ്ങള്‍ അതിന്‍റെ യഥാരൂപത്തില്‍ പറഞ്ഞു തരുന്നവര്‍ പണ്ഡിതന്മാരാണല്ലോ. എല്ലാ വിഭാഗക്കാരും ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങണം എന്ന് തന്നെയാണല്ലോ പറയുന്നത്.  ഓരോരുത്തരും തങ്ങള്‍ക്ക് വേണ്ടവിധം പ്രമാങ്ങങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു .. ഇവിടെയാണ്‌ പ്രമാണങ്ങളെ അതിന്‍റെ യഥാര്‍ത്ഥ താല്‍പര്യപ്രകാരം മനസ്സിലാക്കി മതവിധി പറയുവാന്‍ കഴിയുന്ന, സ്വീകാര്യരായ  അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരിലേക്ക് മടങ്ങുക എന്ന് പറയാന്‍ കാരണം . അത് ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങുന്നതിന്‍റെ ഭാഗമാണ്.. അഥവാ അറിവുള്ളവരിലേക്ക് മടങ്ങുക എന്നത്  ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും  തന്നെ കല്പനയാണ്.  അതുകൊണ്ട് ഇവിടെ ലേഖനത്തില്‍ സൂചിപ്പിച്ചതും ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങുക എന്നതും തമ്മില്‍ വൈരുദ്ധ്യമില്ല.

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ