Wednesday, December 12, 2012

ഒരു വിശ്വാസിയുടെ ശാരീരിക ശുദ്ധി -1



بسم الله والحـمد لله والصلاة والسلام على رسول الله ، وعلى آلـه وصحبه ومن والاه. أَمَّـا بـعد

1- വുളുവിന്റെ ശ്രേഷ്ഠതയും പ്രാധാന്യവും ..

നമസ്കാരം സ്വീകാര്യയോഗ്യമാകണമെങ്കില്‍ ഉണ്ടായിരിക്കേണ്ട ശര്ത്തുകളില്‍ പെട്ടതാണ് വുളൂഅ്(അംഗശുദ്ധി). അല്ലാഹു പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُواْ إِذَا قُمْتُمْ إِلَى الصَّلاةِ فاغْسِلُواْ وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُواْ بِرُؤُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَينِ

" സത്യ വിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിനൊരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടു കൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണി വരെ രണ്ടു കാലുകള്‍ കഴുകുകയും ചെയ്യുക." [മാഇദ : 6]
 
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ നമസ്കാരം നിര്‍വഹിക്കാന്‍ വേണ്ടി അംഗശുദ്ധി വരുത്തണമെന്ന കല്പനയാണ് അല്ലാഹു ഈ ആയത്തില്‍ നല്‍കുന്നത്.

قال رسول الله صلى الله عليه وسلم : لا يقبل الله صلاة أحدكم إذا أحدث حتى يتوضأ (متفق عليه)

നബി (സ) പറഞ്ഞു: " നിങ്ങള്‍ക്കാര്‍ക്കെങ്കിലും ചെറിയ അശുദ്ധി ഉണ്ടായാല്‍ വുളൂ എടുത്താലല്ലാതെ അവന്റെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല" [ബുഖാരി & മുസ്‌ലിം].
 

ശാരീരിക ശുദ്ധി വരുത്തുന്നതോടൊപ്പം ഒരു വിശ്വാസിയുടെ പാപങ്ങളും വുളുവിലൂടെ കഴുകപ്പെടുന്നു:

قال رسول الله صلى الله عليه وسلم : "إذا توضأ العبد المسلم أو المؤمن فغسل وجهه خرج من وجهه كل خطيئة نظر إليها بعينه مع الماء ، فإذا غسل يديه خرج من يديه كل خطيئة كان بطشتها يداه مع الماء، فإذا غسل رجليه خرجت كا خطيئة مشتها رجلاه مع الماء ، حتى يخرج نقيا من الذنوب "(رواه مسلم) 

നബി(സ) പറഞ്ഞു : " ഒരു വിശ്വാസി വുളൂ എടുക്കുകയും അതിനായി തന്റെ മുഖം കഴുകുകയും ചെയ്‌താല്‍ അവന്റെ കണ്ണുകളുടെ നോട്ടം കൊണ്ട് അവന്‍ സ്വരൂപിച്ച പാപങ്ങളെല്ലാം ആ വെള്ളത്തോടൊപ്പം ചോര്‍ന്നു പോകുന്നു. അവന്റെ കൈകള്‍ കഴുകുമ്പോള്‍ കൈകള്‍ സ്പര്‍ശിച്ചതു മൂലം അവന്‍ സ്വരൂപിച്ച പാപങ്ങളെല്ലാം ആ വെള്ളത്തോടപ്പം ചോര്‍ന്നു പോകുന്നു. തന്റെ കാല്‍പാദങ്ങള്‍ കഴുകുമ്പോള്‍ തിന്മാക്കായി നടന്നു പോയത് മൂലം അവന്‍ സ്വരൂപിച്ച പാപങ്ങള്‍ ആ വെള്ളത്തോടൊപ്പം ചോര്‍ന്നു പോകുന്നു.അപ്രകാരം അവന്‍ പാപ വിമുക്തനായിത്തീരുന്നു".[മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്തത്].
 
عن عثمان بن عفان رضي الله عنه قال : قال رسول الله صلى الله عليه وسلم : "من توضأ فأحسن الوضوء خرجت خطاياه من جسده حتى تخرج من تحت أظفاره " – (رواه مسلم)

ഉസ്മാനു ബ്നു അഫ്ഫാനില്‍(റ) നിന്നും നിവേദനം: നബി(സ) പറഞ്ഞു:ആരെങ്കിലും വുളൂ എടുക്കുകയും, ആ വുളൂ ഏറ്റവും നല്ല രൂപത്തില്‍ ചെയ്യുകയും ചെയ്‌താല്‍ അവന്റെ ശരീരത്തില്‍ നിന്നും പാപങ്ങള്‍ പുറത്തു പോകും. എത്രത്തോളമെന്നാല്‍ പാപങ്ങള്‍ അവന്റെ നഖത്തിനടിയിലൂടെ പോലും പുറത്തു പോകും".[മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്തത്].
 
عن عبد الله الصنابحي أن رسول الله صلى الله عليه وسلم قال : "إذا توضأ العبد المؤمن فتمضمض خرجت الخطايا من فيه، وإذا استنثر خرجت الخطايا من أنفه ، فإذا غسل وجهه خرجت الخطايا من وجهه حتى تخرج من تحت أشفار عينيه ، فإذا غسل يديه خرجت الخطايا من يديه حتى تخرج من تحت أظفار يديه ، فإذا مسح برأسه خرجت الخطايا من رأسه حتى تخرج من أذنيه ، فإذا غسل رجليه خرجت الخطايا من رجليه حتى تخرج من تحت أظفار رجليه " قال : " ثم كان مشيه إلى المسجد وصلاته نافلة له " (رواه مالك في الموطأ، وأحمد والنسائي والحاكم ، وصححه الألباني)

അബ്ദുല്ലാഹ് അസ്വുനാബിഹി (റ) വില്‍ നിന്നും നിവേദനം: നബി(സ) പറഞ്ഞു:" ഒരു വിശ്വാസി വുളൂ എടുക്കുകയും കൊപ്ലിക്കുകയും ചെയ്‌താല്‍ അവന്റെ വായിലൂടെ പാപങ്ങള്‍ പുറത്തു പോകുന്നു. മൂക്കില്‍ വെള്ളം കയറ്റി ചീറ്റിയാല്‍ മൂക്കിലൂടെ പാപങ്ങള്‍ പുറത്തു പോകുന്നു. മുഖം കഴുകിയാല്‍ അവന്റെ മുഖത്തിലൂടെ പാപങ്ങള്‍ പുറത്തു പോകുന്നു. എത്രത്തോളമെന്നാല്‍ അവന്റെ കണ്‍പോളകള്‍ക്കടിയിലൂടെ പോലും പാപങ്ങള്‍ പുറത്തു പോകും. അവന്റെ കൈകള്‍ കഴുകിയാല്‍ കൈകളിലൂടെ പാപങ്ങള്‍ പുറത്തു പോകുന്നു. എത്രത്തോളമെന്നാല്‍ നഖത്തിനടിയിലൂടെ പോലും പാപങ്ങള്‍ പുറത്തു പോകും. അവന്‍ തല തടവിയാല്‍ തലയിലൂടെ പാപങ്ങള്‍ പുറത്തു പോകുന്നു. എത്രതോളമെന്നാല്‍ അവന്റെ ചെവികളിലൂടെ പോലും പാപങ്ങള്‍ പുറത്തു പോകും. അവന്‍ തന്റെ കാലുകള്‍ കഴുകിയാല്‍ കാലുകളിലൂടെ പാപങ്ങള്‍ പുറത്തു പോകുന്നു. എത്രത്തോളമെന്നാല്‍ കാലിന്റെ നഖത്തിനടിയിലൂടെ പോലും പാപങ്ങള്‍ പുറത്തു പോകും. പിന്നീട് അവന്‍ നടന്നു നീങ്ങുന്നത് പള്ളിയിലേക്കാണ്. അവിടെ വച്ചുള്ള നമസ്കാരം അവന്റെ പുണ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു". [മുസ്നദ് അഹ്മദ്, മുവത്വ മാലിക് , നാസാഇ,(സ്വഹീഹ്)-അല്‍ബാനി].

ഖാദി ഇയാദ് (റ) ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് പറഞ്ഞു:'ഇവിടെ വെള്ളത്തോടൊപ്പം പാപങ്ങളും ചോര്‍ന്നു പോകുന്നു എന്നത് ആ വെള്ളം ചോര്‍ന്നു പോകുന്നതോടൊപ്പം പാപങ്ങള്‍ പൊറുക്കപ്പെടുന്നു എന്നാണര്‍ത്ഥമാക്കുന്നത്. മാലിന്യങ്ങള്‍ നിറഞ്ഞ ഒരു പാത്രം വൃത്തിയാക്കുമ്പോള്‍ അതില്‍ നിന്നും വെള്ളത്തോടൊപ്പം എപ്രകാരം മാലിന്യങ്ങള്‍ ചോര്‍ന്നു പോകുന്നുവോ അതിനോടാണ് ഇവിടെ പാപത്തെ ഉപമിച്ചത്'.

കഴുകപ്പെടുന്ന അവയവങ്ങള്‍ കൊണ്ടു ചെയ്ത പാപങ്ങള്‍ മാത്രമാണ് വുളൂ എടുക്കുമ്പോള്‍ പൊറുക്കപ്പെടുന്നത് എന്നും അതല്ല പൊതുവേ പാപങ്ങള്‍ പൊറുക്കപ്പെടുകയാണെന്നും പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. ഏതായാലും ഓരോരുത്തര്‍ക്കും അല്ലാഹു ഉദ്ദേശിക്കുന്ന രൂപത്തില്‍,ഉദ്ദേശിക്കുന്ന അത്രയും പാപങ്ങള്‍ പൊറുത്തു കൊടുക്കുന്നു.തീര്‍ച്ചയായും അതിനര്‍ഹതയുള്ളവരെ കൃത്യമായി അറിയുന്നവനാകുന്നു അല്ലാഹു. സൃഷ്ടികളോട് അങ്ങേയറ്റം കരുണയുള്ളവനാണവന്‍. നമ്മുടെയെല്ലാവരുടെയും പാപങ്ങള്‍ അവന്‍ പൊറുത്തു തരുമാറാകട്ടെ.... അല്ലാഹുമ്മ ആമീന്‍ ....

വുളുവിലൂടെ പൊറുക്കപ്പെടുന്നത് ചെറുപാപങ്ങള്‍:

വന്‍പാപങ്ങള്‍ വുളുവിലൂടെ പൊറുക്കപ്പെടുകയില്ല. ചെറുപാപങ്ങള്‍ മാത്രമാണ് വുളുവിലൂടെ പൊറുക്കപ്പെടുന്നത്.വന്‍പാപങ്ങള്‍ പൊറുക്കപ്പെടണമെങ്കില്‍ പ്രത്യേകം തൌബ ചെയ്യണം.ഏതെങ്കിലും വ്യക്തികളുടെ അവകാശങ്ങള്‍ അന്യായമായി കൈവശം വച്ചിട്ടുണ്ടെങ്കില്‍ അത് തിരിച്ചു നല്‍കിയതിനു ശേഷമേ ആ തൗബ പോലും സ്വീകരിക്കുകയുള്ളൂ.ഇത് തൗബയുമായി ബന്ധപ്പെട്ട് വിശദീകരിക്കേണ്ടതാണ്.നിബന്ധനകള്‍ പാലിച്ചു കൊണ്ട് തൗബ ചെയ്തു മടങ്ങിയില്ലെങ്കില്‍ ഹജ്ജു കൊണ്ടു പോലും വന്‍പാപങ്ങള്‍ പൊറുക്കപ്പെടുകയില്ല എന്നാതാണ് പൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ആയതിനാല്‍ വുളൂ നിമിത്തം പൊറുക്കപ്പെടുന്നത് ചെറുപാപങ്ങള്‍ മാത്രമാണ് എന്ന് പറയേണ്ടതില്ലല്ലോ. സ്വഹീഹായ ഒരു ഹദീസില്‍ അത് വ്യക്തമായി വന്നിട്ടുമുണ്ട്:

عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: "الصلوات الخمس، والجمعة إلى الجمعة، ورمضان إلى رمضان، مكفرات لما بينهن ما اجتنبت الكبائر" رواه مسلم

അബൂ ഹുറൈറയില്‍ നിന്നും നിവേദനം: നബി(സ) പറഞ്ഞു: വന്പാപ്ങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കില്‍ , അഞ്ചു നമസ്കാരങ്ങളും, ഒരു ജുമഅ മറ്റൊരു ജുമുഅ വരേയും, ഒരു റമദാന്‍ മറ്റൊരു റമദാന്‍ വരേയും അവയ്ക്കിടയിലുള്ള പാപങ്ങള്‍ മായ്ച്ചു കളയുന്നു". [മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്തത്].

 അപ്പോള്‍ ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം പൊറുക്കപ്പെടുന്നത് ചെറുപാപങ്ങളാണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. വന്‍പാപങ്ങള്‍ പൊറുക്കപ്പെടണമെങ്കില്‍ പ്രത്യേകം തൗബ ആവശ്യമാണ്‌. പ്രായശ്ചിത്തം ആവശ്യമായവക്ക് അതും ചെയ്യണം.

___________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ