Monday, December 3, 2012

പ്രബോധകന്മാരോട് സ്നേഹപൂര്‍വ്വം :



الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

ഷെയ്ഖ് സ്വാലിഹ് അല്‍ ഫൌസാനും, ഉബൈദ് അല്‍ ജാബിരിയുമൊക്കെ അവതാരിക എഴുതിയ -മന്ഹജുസ്സലഫ് ഫി ദ്ദഅവത്തി ഇലല്ലാഹ്- എന്ന ഫവാസ് ബിന്‍ ഹുലൈല്‍ അസ്സുഹൈമിയുടെ പുസ്തകതില്‍ നിന്നും ഗ്രഹിച്ചെടുത്ത വലിയൊരു ആശയത്തിന്‍റെ സംഗ്രഹം : 

www.fiqhussunna.com

" പ്രബോധനം ചെയ്യുന്നവര്‍ വളരെയധികം സൂക്ഷിക്കണം .. തങ്ങളില്‍ വരുന്ന അപാകതകള്‍ കാരണം മറ്റുള്ളവര്‍ സത്യത്തില്‍ നിന്നും അകന്നു പോകാന്‍ ഇടയാക്കരുത്... മാന്യമായും ഇസ്ലാമിക മര്യാദയോട് കൂ
ടിയും മാത്രമേ അവര്‍ തങ്ങളുടെ വീക്ഷണങ്ങള്‍ അവതരിപ്പിക്കാവൂ.. എതിരാളി എത്ര മോശമായ രീതി സ്വീകരിച്ചാലും അതേ നാണയത്തില്‍ മറുപടി പറയുക എന്നത് ഒരിക്കലും അഹ്ലുസ്സുന്നയുടെ രീതിയല്ല... എത്ര അവഹേളനങ്ങള്‍ സഹിച്ചാലും ക്ഷമിച്ചു കൊണ്ടും തന്‍റെ എതിരാളിയുടെ നന്മ മാത്രം ആഗ്രഹിച്ചു കൊണ്ടും സൗമ്യതയോടെ ആദര്‍ശം തുറന്നു പറയുക എന്നതാണ് സലഫുകളുടെ രീതി. പ്രബോധകന്‍ എതിരാളികള്‍ തീര്‍ക്കുന്ന പ്രകോപനങ്ങള്‍ക്കിരയാവരുത്.


ഇനി തന്‍റെ വികാരം നിയന്ത്രിക്കാന്‍ പറ്റാത്തവരും നമ്മളിലുണ്ടാവാം .. പൊതു പ്രബോധന രംഗങ്ങളില്‍ നിന്നും മാറി നിന്ന് ആദര്‍ശത്തിന് വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുകയും തന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കുകയുമാണ് അവര്‍ ചെയ്യേണ്ടത്. പൊതു പ്രബോധനത്തില്‍ അവരില്‍ നിന്ന് വരുന്ന വികാരപരമായ സമീപനങ്ങള്‍ ഒരു പക്ഷെ ഇസ്ലാമികാധ്യാപനങ്ങളെ മറികടക്കാന്‍ ഇടയുണ്ട്. ഇത് പ്രബോധനത്തിന്റെ മുന്നേറ്റത്തെ തന്നെ ബാധിച്ചേക്കാം. ഇനി തന്‍റെ വികാരത്തെ ക്ഷമ കൊണ്ടും, ഗുണകാംഷ കൊണ്ടും തടുത്തു നിര്‍ത്താന്‍ സാധിക്കുമെങ്കില്‍ ഇസ്ലാമിക മര്യാദകള്‍ കാത്തു സൂക്ഷിച്ചു കൊണ്ട് അവര്‍ പ്രബോധനം ചെയ്തു കൊള്ളട്ടെ..... ".

ഇബ്നു ഉസൈമീന്‍(റ) പ്രബോധകര്‍ക്ക് നല്‍കിയ ഒരു ഉപദേശവും ശ്രദ്ധേയമാണ് : "നിനക്കൊരാളെ സത്യത്തിലേക്ക് വഴി നടത്താന്‍ സാധിച്ചില്ലെങ്കിലും ഒരിക്കലും തന്നെ അവനെ സത്യത്തോട് ശത്രുതയുള്ളവനാക്കി മാറ്റരുത് ".

ആദര്‍ശം തുറന്നു പറയാതെ എല്ലാവരെയും സന്തോഷിപ്പിക്കുന്ന രീതി സ്വീകരിക്കണം എന്നല്ല. ആദര്‍ശത്തിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയുമില്ല .. പക്ഷെ ആദര്‍ശം തുറന്നു പറയുമ്പോഴും സ്വഭാവമര്യാദയും, മതബോധവും, ഗുണകാംശയും കാത്തു സൂക്ഷിക്കണം...

പ്രവാചകന്റെ അധ്യാപനങ്ങള്‍ പാലിച്ചു കൊണ്ട് പ്രബോധനം നടത്തുന്നവരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ.... നമ്മളില്‍ നിന്നും വന്നു പോകുന്ന അപാകതകള്‍ അല്ലാഹു നമുക്ക് പൊറുത്തു തരട്ടെ ...