Tuesday, June 27, 2017

നിത്യരോഗിക്ക് നോമ്പിന് പകരം ഫിദ്'യ നല്‍കിയാല്‍ മതിയോ ?. എത്രയാണ് ഫിദ്'യ കൊടുക്കേണ്ടത് ?. പണമായി നല്‍കാമോ അതോ ഭക്ഷണം തന്നെ നല്‍കണോ ?.



ചോദ്യം: കിഡ്നി രോഗിയായ, ഡയാലിസിസ് ചെയ്യുന്ന ഒരാൾ നോമ്പ് പിടിക്കാൻ കഴിയാത്തത് കൊണ്ട് ഫിദ്'യ  കൊടുത്താൽ മതിയോ ?. ഫിദിയ ധന്യമായോ പണമായോ കൊടുത്താൽ മതിയോ? . യതീംഖാനയിൽ പണമേൽപ്പിച്ചാൽ ശരിയാകുമോ ?.

www.fiqhussunna.com

ഉത്തരം:
الحمد لله والصلاة والسلام على رسول الله، وعلى آله وصحبه ومن والاه، وبعد؛

അല്ലാഹു ശിഫ നല്‍കി അനുഗ്രഹിക്കുകയും, അനുഭവിക്കുന്ന പ്രയാസത്തില്‍ ക്ഷമിക്കുവാനും അവന്‍റെ പ്രതിഫലം കരസ്ഥമാക്കുവാനും തൗഫീഖ് നല്‍കട്ടെ.

താങ്കളുടെ രോഗാവസ്ഥയെക്കുറിച്ച് കൂടുതല്‍ അറിയുന്നയാല്‍ താങ്കളാണ്. ഇടവിട്ടോ മറ്റോ നോമ്പ് എടുക്കുന്നത് താങ്കളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയില്ലയെങ്കില്‍ താങ്കള്‍ നോമ്പ് എടുത്ത് വീട്ടുകയാണ് വേണ്ടത്. എന്നാല്‍  ഒരാള്‍ നിത്യരോഗിയും അയാളുടെ ശാരീരികാവസ്ഥ നോമ്പ് നോല്‍ക്കാന്‍ അനുവദിക്കാത്ത സാഹചര്യവുമാണ് എങ്കില്‍ അയാള്‍ക്ക് നോമ്പ് നോല്‍ക്കുന്നതിന് പകരം ഓരോ ദിവസത്തിനും പകരമായി പാവപ്പെട്ടവന് ഒരു നേരത്തെ ഭക്ഷണം എന്ന തോതില്‍ ഫിദ്'യ നല്‍കിയാല്‍ മതി. നോമ്പ് എടുക്കുന്നത് തന്‍റെ അസുഖത്തെ ദോഷകരമായി ബാധിക്കുമോ എന്നുള്ളത് അനുഭവത്തിലൂടെ മനസ്സിലാക്കുകയോ വൈദ്യശാസ്ത്രപരമായി അറിവുള്ളവരോട് ചോദിച്ച് മനസ്സിലാക്കുകയോ ചെയ്യാവുന്നതാണ്. അത് ഒരോരുത്തര്‍ക്കും വ്യത്യസ്ഥമായിരിക്കുമല്ലോ.

ഇനി നോമ്പ് എടുക്കാന്‍ പ്രയാസമുള്ള നിത്യരോഗിയാണ് താങ്കള്‍ എങ്കില്‍, നേരത്തെ സൂചിപ്പിച്ച പോലെ ഓരോ നോമ്പിന് പകരവും പാവപ്പെട്ടവന് ഒരു നേരത്തെ ഭക്ഷണം എന്ന തോതില്‍ നല്‍കിയാല്‍ മതി. ഭക്ഷണം പാകം ചെയ്ത് അതിലേക്ക് പാവപ്പെട്ടവരെ ക്ഷണിക്കുകയോ, ഭക്ഷണപദാര്‍ത്ഥങ്ങള്‍ അവര്‍ക്ക് എത്തിച്ച് കൊടുക്കുകയോ, അതല്ലെങ്കില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാനായി പണം വിശ്വസനീയരായ ആളുകളെ ഏല്‍പ്പിക്കുകയോ ചെയ്യാവുന്നതാണ്. ചോദ്യകര്‍ത്താവ് സൂചിപ്പിച്ച പോലെ നിര്‍ധനരായ യതീം കുട്ടികളെ സംരക്ഷിക്കുന്നവര്‍ക്ക് ആ കുട്ടികളുടെ ഒരു നേരത്തെ ഭക്ഷണ ചിലവിലേക്ക്  തന്‍റെ മേല്‍ നിര്‍ബന്ധമായ നോമ്പുകളുടെ അത്രയും തുക ഏല്‍പിച്ചു ഭക്ഷണം നല്‍കാന്‍ പറഞ്ഞാല്‍ മതിയാകും. ഇനി ധാന്യമായോ മറ്റോ നല്‍കുകയാണ് എങ്കില്‍ ഒരു നോമ്പിന് ബദലായി എത്രയാണ് നല്‍കേണ്ടത് എന്നതില്‍ ഫുഖഹാക്കള്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്. ഇമാം അബൂഹനീഫ (റ) യുടെ അഭിപ്രായത്തില്‍ ഒരു സ്വാഅ് എന്നും, ഇമാം ശാഫിഇ (റ) ഇമാം മാലിക് (റ) തുടങ്ങിയവരുടെ അഭിപ്രായത്തില്‍ ഒരു മുദ്ദ്‌ എന്നും, ഇമാം അഹ്മദ് (റ) യുടെ അഭിപ്രായത്തില്‍ അര സ്വാഅ് എന്നും കാണാം. ഇതില്‍ കൂടുതല്‍ പ്രബലം അര സ്വാഅ് എന്നതാണ്. കാരണം കഅബ് ബ്നു ഉജ്റ (റ) വിനോട് ഹജ്ജിന്‍റെ വേളയില്‍ നബി (സ) ഫിദ്'യ കല്പിച്ചതായി വന്ന ഹദീസില്‍ (لكل مسكين نصف صاع) "ഓരോ പാവപ്പെട്ടവനും അര സ്വാഅ്" എന്ന് പരാമര്‍ശിച്ചിരിക്കുന്നത് കാണാം. ഒരുപക്ഷെ ഒരു പാവപ്പെട്ടവനെ ഭക്ഷിപ്പിക്കുക എന്നത് അര സ്വാഅ് നല്‍കുക എന്നതാണ് എന്ന് അതില്‍ നിന്നും മനസ്സിലാക്കാം. 

 2.040 Kg രണ്ടു കിലോ നാല്‍പത് ഗ്രാം ഗോതമ്പ് അടങ്ങുന്ന അളവിനാണ് ഒരു സ്വാഅ് എന്ന് പറയുന്നത്. അത് അരിയാകുമ്പോള്‍ ഏകദേശം രണ്ടരക്കിലോയോ അതില്‍ അല്പം കൂടുതലോ ഉണ്ടാകാം. അതുകൊണ്ട് അര സ്വാഅ് ഒന്നേകാല്‍ കിലോ അരി എന്ന് കണക്കാക്കാം. ഇനി കേവലം അരി മാത്രമായി നല്‍കുക എന്നതിനേക്കാള്‍ അതിനോടൊപ്പം കഴിക്കാവുന്ന മറ്റു ഭക്ഷ്യ ഇനങ്ങള്‍ കൂടി ചേര്‍ത്ത് നല്‍കുകയാണെങ്കില്‍ അതാണ്‌ കൂടുതല്‍ ഉചിതം എന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

أَيَّامًا مَّعْدُودَاتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ۖ

"നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന്‌ അത്രയും എണ്ണം ( നോമ്പെടുക്കേണ്ടതാണ്‌. ) ( ഞെരുങ്ങിക്കൊണ്ട്‌ മാത്രം ) അതിന്നു സാധിക്കുന്നവര്‍ ( പകരം ) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌." - [അല്‍ബഖറ: 184].

ഈ ആയത്തിന്‍റെ തഫ്‌സീറില്‍ നമുക്ക് കാണാന്‍ സാധിക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട പ്രാരംഭഘട്ടത്തില്‍ ഒരാള്‍ക്ക് നോമ്പ് എടുക്കുകയോ, എടുക്കാതെ അതിന് പകരമായി ഭക്ഷണം നല്‍കുകയോ ചെയ്യാം എന്നിങ്ങനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍ "നിങ്ങളില്‍ നിന്നും ആ മാസത്തിന് സാക്ഷിയാകുന്നവര്‍ എല്ലാം നോമ്പെടുക്കുക എന്ന ആയത്തിറങ്ങിയതോടെ റമദാന്‍ മാസത്തിന് സാക്ഷികളാകുന്ന എല്ലാവര്‍ക്കും നോമ്പ് നിര്‍ബന്ധമായി. അവരില്‍ നിന്നും രോഗികളോ, യാത്രക്കാരോ ആയവര്‍ക്ക് നോമ്പ് ഉപേക്ഷിക്കാനും പിന്നീട് നോറ്റുവീട്ടുവാനും ഇളവ് നല്‍കി. പ്രായാധിക്യം കാരണത്താലോ, നിത്യരോഗം കാരണത്താലോ നോമ്പെടുക്കാന്‍ സാധിക്കാത്ത അവസ്ഥ നിലനില്‍ക്കുന്നവര്‍ക്ക് നോമ്പിന്‍റെ ബദലായ ഭക്ഷണം നല്‍കല്‍ തന്നെ നിലനില്‍ക്കുകയും ചെയ്തു.

എന്നാല്‍ ഭക്ഷണത്തിന് പകരം പാവപ്പെട്ടവര്‍ക്ക് അതിന്‍റെ പണം നല്‍കിയാല്‍ ആ നോമ്പുകള്‍ വീടില്ല.  നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ഒരു തത്വമുണ്ട്. ശറഇല്‍ ഒരു കര്‍മ്മത്തിന് ബദലായോ, പ്രായശ്ചിത്തമായോ, ഇനി സകാത്തുല്‍ ഫിത്വര്‍ പോലെ കര്‍മ്മമായിത്തന്നെയോ ഭക്ഷണം നല്‍കലാണ് പഠിപ്പിക്കപ്പെട്ടത് എങ്കില്‍ അത്തരം കാര്യങ്ങളില്‍ അതിന് പകരമായി പണം നല്‍കുന്നത് ശരിയല്ല എന്നതാണ് പ്രബലമായ അഭിപ്രായം. ഭക്ഷണം നല്‍കേണ്ടവക്ക് ഭക്ഷണം തന്നെ നല്‍കണം. അതുകൊണ്ട് നോമ്പിന് ബദലായ ഫിദ്'യ പണമായി നല്‍കിയാല്‍ പോര ഭക്ഷണമായിത്തന്നെ നല്‍കണം.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ ...

__________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ