Tuesday, February 23, 2016

വിപ്രോയില്‍ നെറ്റ്-വര്‍ക്കിംഗ് എന്‍ജിനീയര്‍ ജോലി ലഭിച്ചു. ഗ്രാമീണ്‍ ബേങ്കുകളുടെ നെറ്റ്-വര്‍ക്ക് സപ്പോര്‍ട്ട് ആണ്. ഈ ജോലി അനുവദനീയമോ ?.

ചോദ്യം: എനിക്ക് കണ്ണൂര്‍ വിപ്രോയില്‍ നെറ്റ്-വര്‍ക്ക് എന്ജിനീയറായി ജോലി ലഭിച്ചു. എന്നാല്‍ ഗ്രാമീണ്‍ ബേങ്കുകളുടെ നെറ്റ്-വര്‍ക്ക് ആണ് ജോലിയുടെ മേഖല. അതുകൊണ്ട് ആ ജോലി സ്വീകരിക്കാമോ ?. ഗ്രാമീണ്‍ ബാങ്കുകളുടെ നെറ്റ് വര്‍ക്ക് ബൂസ്റ്റ്‌ ചെയ്യുക ട്രബ്ള്‍ഷൂട്ട്‌ ചെയ്യുക എന്നതാണ് ജോലി. ഞാന്‍ അന്വേഷിച്ചപ്പോള്‍ പലിശ കൊടുക്കുന്ന ആളും വാങ്ങുന്ന ആളും സാക്ഷികളുമാണ് കുറ്റക്കാര്‍. എന്നാല്‍ വിപ്രോ പലിശ കമ്പനി അല്ലാത്തതുകൊണ്ട് എനിക്ക് ശമ്പളം തരുന്നത് അവരായതിനാല്‍ ഇതില്‍ കുഴപ്പമില്ല എന്നാണ്. ഇത് ശരിയാണോ ?. നമ്മള്‍ ബേങ്കില്‍ അക്കൗണ്ട് തുടങ്ങുന്നത് പോലെയല്ലേ ഇതും ?.

www.fiqhussunna.com


ഉത്തരം: താങ്കളുടെ ചോദ്യം വളരെ കൃത്യമാണ്. ഇവിടെ നിങ്ങള്‍ ചെയ്യുന്ന ജോലി എന്ന് പറയുന്നത് പലിശവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ബേങ്കുകളുടെ നെറ്റ്-വര്‍ക്കിന് സാങ്കേതിക സപ്പോര്‍ട്ട് നല്‍കുക എന്നതാണ്. അതുകൊണ്ടുതന്നെ ഈ ജോലി നിഷിദ്ധമാണ്. നിങ്ങള്‍ക്ക് ശമ്പളം നല്‍കുന്നത് വിപ്രോ ആണെങ്കില്‍ കൂടി നിഷിദ്ധമായ ജോലി മുഖേനയാണ് നിങ്ങള്‍ക്ക് ആ ശമ്പളം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ആ സമ്പാദ്യം ഹറാമാണ്:


عن بن عباس عن النبي صلى الله عليه و سلم قال : إن الله تعالى إذا حرم شيئا حرم ثمنه

ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം: നബി (സ) പറഞ്ഞു: " അല്ലാഹു ഒരു കാര്യം നിഷിദ്ധമാക്കിയാല്‍ അതു മുഖേന ലഭിക്കുന്ന പണവും നിഷിദ്ധമാണ്." - [ത്വബറാനി : 3/7 - ഹദീസ് 20].

അതുപോലെ അല്ലാഹു പറയുന്നു:


وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَاب

"പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു." - [മാഇദ : 2].
അതിനാല്‍ത്തന്നെ പലിശ ബേങ്കുകള്‍ക്ക് വേണ്ടി നേരിട്ടോ മറ്റു കമ്പനികള്‍ മുഖാന്തിരം കോണ്ട്രാക്റ്റ് മുഖേനയോ ജോലി ചെയ്യുന്നത് നിഷിദ്ധമാണ്. നിങ്ങള്‍ നേരിട്ട് ബേങ്കിന്‍റെ എംപ്ലോയി എന്ന നിലക്കല്ല അവരുടെ തൊഴില്‍ നിര്‍വഹിക്കുന്നത് എന്നത് അത് അനുവദനീയമാക്കുന്നില്ല. കാരണം അടിസ്ഥാനപരമായി പലിശ ബേങ്കുമായി ബന്ധപ്പെട്ട ജോലി തന്നെ നിഷിദ്ധമാണ്.

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) പറയുന്നു:  "പലിശ ബേങ്കുകളുമായി ബന്ധപ്പെട്ട ജോലി അനുവദനീയമല്ല. കാരണം അക്കൗണ്ടന്‍റ്, എഴുത്തുകാരന്‍ തുടങ്ങി ഏത് ജോലിയുമാകട്ടെ  അത് പാപത്തിലും അതിക്രമത്തിലും അന്യോന്യം സഹായിക്കുന്നതില്‍ പെട്ടതാണ്. അതുകൊണ്ടുതന്നെ ഒരു സത്യവിശ്വാസി തീര്‍ച്ചയായും അത്തരം ജോലികളില്‍ നിന്നും ജാഗ്രത പാലിക്കുകയും പലിശ ബേങ്കുകളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്യണം. കാരണം അല്ലാഹു പറയുന്നു:  


"പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു." - [മാഇദ : 2].   

പലിശ ബേങ്കുകളുമായും, കൊള്ളക്കരുമായും,  കള്ളന്മാരുമായും, വഞ്ചകന്മാരുമായും, കൈക്കൂലിക്കാരുമായുമെല്ലാം സഹകരിക്കുന്നത് പാപത്തിലും അതിക്രമത്തിലുമുള്ള സഹകരണമാണ്. അതുകൊണ്ട് അത് ഒരിക്കലും അനുവദനീയമല്ല." - [http://www.binbaz.org.sa/node/4043].

ഇനി അത് ഇസ്‌ലാമിക സംവിധാനങ്ങള്‍ ഇല്ലാത്ത നാടുകളില്‍ പലിശ ബേങ്കുകളില്‍ അക്കൗണ്ട് തുടങ്ങുന്നത് പോലെത്തന്നെയാണ് എന്ന വാദം തീര്‍ത്തും അര്‍ത്ഥശൂന്യമാണ്. കാരണം അടിസ്ഥാനപരമായി പലിശ ബേങ്കുകളില്‍ അക്കൌണ്ട് തുറക്കുന്നത് നിഷിദ്ധം തന്നെയാണ്. എന്നാല്‍ ഒരാള്‍ക്ക് അത് അനിവാര്യമായി വരുകയാണ് എങ്കില്‍ അത് താല്‍ക്കാലികമായി അനുവദനീയമാകും എന്ന് മാത്രം. സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ രാജ്യത്തെ നിയമം കൊണ്ട് നമ്മെ നിര്‍ബന്ധിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് അത്. الحاجة العامة تنزل منزلة الضرورة 'പൊതു ആവശ്യം നിര്‍ബന്ധിത ഗണത്തില്‍ പെടും' എന്ന ഉസ്വൂലുല്‍ ഫിഖ്ഹിലെ അടിസ്ഥാന തത്വപ്രകാരമാണ് അത് പണ്ഡിതന്മാര്‍ അനുവദിച്ചിട്ടുള്ളത്‌. എന്നാല്‍ ഇസ്‌ലാമിക സംവിധാനം നിലവില്‍ വരുകയോ, സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് ബേങ്കിടപാടുകളെ നിര്‍ബന്ധമാക്കുന്ന സാഹചര്യം നീങ്ങുകയോ ചെയ്‌താല്‍ അത് 'നിഷിദ്ധം' എന്ന അടിസ്ഥാന നിയമത്തിലേക്ക് തന്നെ മടങ്ങുകയും ചെയ്യും.

എന്നാല്‍ ബേങ്കുമായി ബന്ധപ്പെട്ട ജോലി ഒരിക്കലും ഈ ഗണത്തില്‍ പെടില്ല. കാരണം പലിശ ബേങ്കുകളില്‍ ജോലി ചെയ്യുക എന്നത് നിഷിദ്ധത്തെ അനുവദനീയമാക്കും വിധമുള്ള ഒരു നിര്‍ബന്ധിത സാഹചര്യം അല്ല. അതുകൊണ്ട് നിര്‍ബന്ധിത സാഹചര്യം പരിഗണിച്ച് അനുവദിച്ച ഒരു കാര്യവുമായി അതിനെ താരതമ്യം ചെയ്യാന്‍ പാടില്ല. അതുകൊണ്ടുതന്നെയാണ്  നിര്‍ബന്ധിത സാഹചര്യത്തില്‍ ബേങ്കുകളില്‍ അക്കൌണ്ട് തുടങ്ങല്‍ അനുവദിച്ച പണ്ഡിതന്മാരാരും തന്നെ പലിശ ബേങ്കുകളില്‍ ജോലി ചെയ്യുന്നത് അനുവദനീയമാണ് എന്ന് പറയാതിരുന്നത്.

അതുപോലെ ചോദ്യകര്‍ത്താവ് ഉന്നയിച്ച പോലെ പലിശ എഴുതുക, സാക്ഷി നില്‍ക്കുക, വാങ്ങുക നല്‍കുക എന്നത് മാത്രമല്ലേ നിഷിദ്ധമുള്ളൂ, അപ്പോള്‍ ബേങ്കുമായി ബന്ധപ്പെട്ട മറ്റു തൊഴിലുകള്‍ അനുവദനീയമല്ലേ, എന്ന വാദത്തിനും യാതൊരു പ്രസക്തിയുമില്ല. കാരണം മറ്റു തൊഴിലുകളും ഈ തിന്മക്ക് ഉപോല്‍ബലകമാകുന്ന തൊഴിലുകള്‍ മാത്രമാണ്. ലജ്നതുദ്ദാഇമയുടെ ഫത്'വയില്‍ ഇപ്രകാരം കാണാം:
لا يجوز لمسلم أن يعمل في بنك تعامله بالربا ، ولو كان العمل الذي يتولاه ذلك المسلم غير ربوي ؛ لتوفيره لموظفيه الذين يعملون في الربويات ما يحتاجونه ويستعينون به على أعمالهم الربوية ، وقد قال تعالى : ( وَلا تَعَاوَنُوا عَلَى الأِثْمِ وَالْعُدْوَان ) .

 "പലിശ ഇടപാടുകള്‍ നടത്തുന്ന ഒരു ബേങ്കില്‍ ഒരു മുസ്‌ലിമിന് ജോലി ചെയ്യാന്‍ പാടില്ല. (പലിശ ബേങ്കില്‍) ആ മുസ്‌ലിമിന് ചെയ്യേണ്ടി വരുന്ന ജോലി പലിശ സംബന്ധമല്ല എങ്കിലും അത് അനുവദനീയമല്ല. കാരണം അതില്‍ പലിശ സംബന്ധമായ തൊഴില്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് അവരുടെ പലിശ ഇടപാടുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കിക്കൊടുക്കലാണല്ലോ അവന്‍റെ തൊഴില്‍. അല്ലാഹു പറയുന്നു : "നിങ്ങള്‍ പാപത്തിലും അതിക്രമത്തിലും അന്യോന്യം സഹായിക്കരുത്" - (മാഇദ: 2). [ഫതാവ ലജ്നതുദ്ദാഇമ: 15/41].

അതുകൊണ്ടുതന്നെ ഇത്തരം ജോലികളില്‍ നിന്നും വിട്ടുനില്‍ക്കുക. ഹലാലായ സമ്പാദ്യ മാര്‍ഗങ്ങളില്‍കൂടി മാത്രം സമ്പാദിക്കുവാനുള്ള തൗഫീഖ് അല്ലാഹു നമുക്ക് ഏവര്‍ക്കും നല്‍കുമാറാകട്ടെ.. താങ്കള്‍ക്ക് ഇതിനേക്കാള്‍ എത്രയോ നല്ല ഒഫറുള്ള തൊഴില്‍ അല്ലാഹു നല്‍കട്ടെ.. "അല്ലാഹുവിന് വേണ്ടി ഒരു കാര്യം ഉപേക്ഷിക്കുന്നയാള്‍ക്ക്, അതിനേക്കാള്‍ നല്ലത് അല്ലാഹു നല്‍കുമെന്ന്" നബി (സ) പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ ..
____________________
 
✍ അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ