Thursday, September 25, 2014

ഉദുഹിയത്തിന്‍റെ നിയമങ്ങള്‍ - ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല).

ഈ വിഷയ സംബന്ധമായ ലേഖനം താഴെ നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ലഭിക്കും :

http://www.fiqhussunna.com/2016/08/blog-post_23.html

ദുല്‍ഹിജ്ജ ഒമ്പതും നോമ്പ് നോല്‍ക്കല്‍ - ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ല).

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (حفظه الله) പറയുന്നു:  

www.fiqhussunna. com

"ദുല്‍ഹിജ്ജയിലെ ഒന്‍പത് ദിവസവും നോമ്പ് എടുക്കുന്നത് പുണ്യകരമാണ്. എന്നാല്‍ ഹജ്ജാജിമാര്‍ ഒന്‍പതാം ദിവസം (അറഫാ ദിനം) നോമ്പ് എടുക്കാന്‍ പാടില്ല. അറഫയില്‍ നില്‍ക്കുന്നതിന് അവര്‍ക്ക് പ്രയാസമനുഭവിക്കാതിരിക്കാനാണ് അത്. എന്നാല്‍ ഹജ്ജാജിമാര്‍ അല്ലാത്തവര്‍ അറഫയുടെ ദിവസം നോമ്പ് പിടിക്കുന്നത് കാരണത്താല്‍ അവരുടെ കഴിഞ്ഞുപോയ ഒരു വര്‍ഷത്തെയും, വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും  പാപങ്ങള്‍ അല്ലാഹു പൊറുത്ത് കൊടുക്കുന്നതാണ്. ഇത് അല്ലാഹുവിന്‍റെ അപാരമായ ഒരു അനുഗ്രഹമാണ്. ഉമ്മുല്‍ മുഅമിനീന്‍ ഹഫ്സ (رضي الله عنها) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം : " പ്രവാചകന്‍ (ﷺ) ദുല്‍ഹിജ്ജ പത്തും നോമ്പ് എടുക്കാറുണ്ടായിരുന്നു". അബൂ ദാവൂദ് വലിയ കുഴപ്പമൊന്നുമില്ലാത്ത പരമ്പരയിലൂടെ ആണ് ഇത് ഉദ്ദരിചിട്ടുള്ളത്. എന്നാല്‍ ഉമ്മുല്‍ മുഅമിനീന്‍  ആയിശ (رضي الله عنها) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ : "പ്രവാചകന്‍(ﷺ) ഈ പത്തു ദിവസങ്ങള്‍ മുഴുവനായും നോമ്പ് പിടിക്കാറുണ്ടായിരുന്നില്ല " എന്ന് വന്നതായി കാണാം. ആയിശ (رضي الله عنها) റിപ്പോര്‍ട്ട് അപ്രകാരം ചെയ്തില്ല എന്ന 'നിഷേധ രൂപത്തില്‍' വന്ന റിപ്പോര്‍ട്ട് ആണ്. എന്നാല്‍ ഹഫ്സ (رضي الله عنها) യുടെ റിപ്പോര്‍ട്ട് അപ്രകാരം ചെയ്തിട്ടുണ്ട് എന്ന 'സ്ഥിരീകരണ രൂപത്തില്‍'  വന്ന റിപ്പോര്‍ട്ട് ആണ്. ഒരേ വിഷയത്തില്‍ സ്ഥിരീകരണ രൂപത്തിലും , നിഷേധരൂപത്തിലും റിപ്പോര്‍ട്ടുകള്‍ വന്നാല്‍, (സ്വീകാര്യതയുടെ വിഷയത്തില്‍ അവ രണ്ടും ഒരേ സ്ഥാനത്ത് ആണെങ്കില്‍)  അതില്‍ മുന്‍ഗണന സ്ഥിരീകരണ രൂപത്തിലുള്ള റിപ്പോര്‍ട്ടിനാണ്. ഇവിടെ ഹഫ്സ (رضي الله عنها) പ്രവാചകന്‍(ﷺ) നോമ്പ് പിടിക്കാറുണ്ടായിരുന്നു എന്ന് സ്ഥിരീകരിക്കുന്നു. എന്നാല്‍ തന്‍റെ അറിവില്‍ പ്രവാചകന്‍(ﷺ) ആ ദിവസങ്ങളില്‍ നോമ്പ് പിടിക്കാറുണ്ടായിരുന്നില്ല   എന്ന് ആയിശ (رضي الله عنها) പറയുന്നു. ആയതിനാല്‍ തന്നെ ആയിശ (رضي الله عنها) അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഹഫ്സ (رضي الله عنها) അറിഞ്ഞു എന്നേ അതര്‍ത്ഥമാക്കുന്നുള്ളൂ " .
(فضل العشر من ذي الحجة - الشيخ صالح بن فوزان الفوزان) .

ദുല്‍ഹിജ്ജ ഒമ്പതും നോമ്പ് നോല്‍ക്കല്‍ - ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല).

ശൈഖ് ഇബ്നു ഉസൈമീന്‍ (رحمه الله) യോട് ഇതേ ചോദ്യം ചോദിക്കപ്പെട്ടു :

www.fiqhussunna.com

ചോദ്യം : പ്രായമായ ഒരു സ്ത്രീ സാധാരണയായി ദുല്‍ഹിജ്ജ പത്തും നോമ്പെടുക്കാറുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം  ദുല്‍ഹിജ്ജ ഒന്‍പതും പൂര്‍ണമായും നോമ്പ് എടുക്കല്‍ അനുവദനീയമല്ലെന്നും കാരണം അത് പ്രവാചകന്‍റെ സുന്നത്തില്‍ പെട്ടതല്ല എന്നും, അയ്യാമുല്‍ ബീളും, അറഫാ ദിനവും മാത്രം നോമ്പ് എടുത്താല്‍ മതി  ആ സ്ത്രീയോട് ചിലര്‍ പറയുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഒരു വിശദീകരണം ആണ് ബഹുമാന്യനായ ശൈഖിനോട്‌ അവര്‍ ആവശ്യപ്പെടുന്നത് ?

ഉത്തരം : അവരുടെ കാര്യം വ്യക്തമായിപ്പറഞ്ഞാല്‍ അവര്‍ നോമ്പ് നോല്‍ക്കാന്‍ കഴിയുന്നവരും വ്രതമനുഷ്ടിക്കാന്‍ പ്രയാസം ഇല്ലാത്തവരുമാണ് എങ്കില്‍ ദുല്‍ഹിജ്ജ ഒന്‍പതും നോമ്പ് പിടിച്ചുകൊള്ളുക. കാരണം അല്ലാഹുവിന്‍റെ പ്രവാചകന്‍ (ﷺ) പറഞ്ഞിരിക്കുന്നു: " ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി(ﷺ) പറഞ്ഞു: ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ അർപ്പിച്ച്‌ രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ അതും (ജിഹാദും) ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല." [ബുഖാരി].
സഹോദരങ്ങളെ നോമ്പ് സല്‍കര്‍മ്മങ്ങളില്‍ പെടുമോ ?. അതേ പെടുമെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. അതിനാലാണ് ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായി അല്ലാഹു നോമ്പിനെ നിശ്ചയിച്ചത്. അപ്പോള്‍ നോമ്പ് സല്കര്‍മ്മമാണ് എന്നതില്‍ യാതൊരു സംശയവുമില്ല. ഖുദ്സിയായ ഒരു ഹദീസില്‍ അല്ലാഹു ഇത്രത്തോളം വരെ പറഞ്ഞിട്ടുണ്ട്: " നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നവനും" . കാര്യങ്ങള്‍ ഇപ്രകാരമായിരിക്കെ ദുല്‍ഹിജ്ജ ഒന്‍പത് ദിനങ്ങളും നോമ്പ്  പിടിക്കല്‍ അനുവദനീയമാണ്.  ഇനി ആ ദിവസങ്ങളില്‍ നോമ്പ് അനുഷ്ടിക്കാന്‍ പാടില്ല എന്ന് ആരെങ്കിലും വാദിക്കുകയാണ് എങ്കില്‍,   " ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല ".
 എന്ന് പ്രവാചകന്‍ പൊതുവായി പറഞ്ഞതില്‍ നിന്നും നോമ്പ് ഒഴിവാണ് എന്നതിന് അവര്‍ തെളിവ് ഹാജരാക്കട്ടെ. പ്രവാചകന്‍(ﷺ) ആ ദിവസങ്ങളില്‍ നോമ്പ് എടുത്തിട്ടില്ല എന്നത് സ്ഥിരപ്പെട്ടാല്‍ തന്നെ  ഒരുപക്ഷെ പ്രവാചകന്‍(ﷺ) അതിനേക്കാള്‍ പ്രാധാന്യമുള്ളതോ, നേട്ടമുള്ളതോ ആയ മറ്റു വല്ല കാര്യങ്ങളിലും ഏര്‍പ്പെട്ടതിനാലായിരിക്കാം അത്. നമുക്ക് ഇവിടെ പ്രവാചകന്‍റെ വ്യക്തമായ വചനമുണ്ട്. അതായത് " ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല ". മാത്രമല്ല പ്രവാചകന്‍(ﷺ) ആ ദിനങ്ങളിലെ നോമ്പ് ഒഴിവാക്കാറുണ്ടായിരുന്നില്ല എന്ന്‍ പറയുന്ന റിപ്പോര്‍ട്ടുകളും ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. നോമ്പ് എടുക്കാറുണ്ടായിരുന്നു എന്ന് പറയുന്ന റിപ്പോര്‍ട്ടാണ്, നോമ്പ് എടുക്കാറുണ്ടായിരുന്നില്ല എന്ന റിപ്പോര്‍ട്ടിനെക്കാള്‍ പ്രബലമായി ഇമാം അഹ്മദ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്ഥിരീകരിച്ചു കൊണ്ട് വന്ന റിപ്പോര്‍ട്ടിനാണ് നിഷേധ രൂപത്തില്‍ വന്ന  റിപ്പോര്‍ട്ടുകളെക്കാള്‍ മുന്‍ഗണന എന്ന് അദ്ദേഹം അവിടെ പ്രതിപാദിക്കുന്നുണ്ട്.  ഇനി പ്രവാചകന്‍(ﷺ) നോമ്പ് എടുത്തില്ല എന്ന് സങ്കല്പിച്ചാല്‍ തന്നെ " ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല ". എന്ന പ്രവാചകന്‍റെ വാക്കില്‍ നോമ്പും പെടുന്നു.

ഇനി അയ്യാമുല്‍ ബീളിനെ കുറിച്ച് പറയുകയാണ്‌ എങ്കില്‍ ദുല്‍ഹിജ്ജ മാസത്തിലെ അയ്യാമുല്‍ ബീള് നോല്‍ക്കുമ്പോള്‍ ദുല്‍ഹിജ്ജ പതിമൂന്ന് നോല്‍ക്കാന്‍ പാടില്ല. കാരണം ദുല്‍ഹിജ്ജ പതിമൂന്ന് നോമ്പ് നോല്‍ക്കല്‍ നിഷിദ്ധമായ അയ്യാമുത്തഷ്'രീക്കില്‍ പെട്ടതാണ്.  "


ഇബ്നു ഉസൈമീന്‍ (رحمه الله) യുടെ ഇതുമായി ബന്ധപ്പെട്ടുള്ള ഇവിടെ നല്‍കിയ  മറുപടി കേള്‍ക്കാന്‍ ഈ ലിങ്കില്‍ പോകുക :  http://www.youtube.com/watch?v=CApaR1to74Q 

ദുല്‍ഹിജ്ജ ഒമ്പതും നോമ്പ് നോല്‍ക്കല്‍ - ഇബ്നു ബാസ് (റഹിമഹുല്ല).


ശൈഖ് ഇബ്ന്‍ ബാസ് (رحمه الله) പറയുന്നു: "പ്രവാചകന്‍(ﷺ) ദുല്‍ഹിജ്ജയിലെ പത്തു ദിവസവും നോമ്പ് എടുത്തില്ല എന്നത് അതിന് പുണ്യമില്ല എന്നതിന് തെളിവാക്കാന്‍ പറ്റില്ല. കാരണം ഇബ്നു അബ്ബാസ് (റ) ഉദ്ദരിച്ച ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ "സ്വാലിഹായ അമലുകള്‍ അനുഷ്ടിക്കാന്‍ ഏറെ ശ്രേഷ്ടകരമായ സമയം" എന്ന് പ്രവാചകന്‍(ﷺ) പഠിപ്പിച്ച ദിവസങ്ങളാണല്ലോ അവ. നോമ്പാകട്ടെ ഏറെ പുണ്യമുള്ള ഒരു സ്വാലിഹായ കര്‍മമാണ് താനും. പ്രവാചകന് ഒരു പക്ഷെ നോമ്പെടുക്കാന്‍ സാധിക്കാതെ പോയ മറ്റുവല്ല സാഹചര്യങ്ങളും ഉണ്ടായിരുന്നേക്കാമല്ലോ. (മാത്രമല്ല ഇവ നിര്‍ബന്ധ നോമ്പുകളല്ല എന്നതും ശ്രദ്ധേയം).  അപ്പോള്‍ ഇബ്നു അബ്ബാസ് (رضي الله عنه) വില്‍ നിന്ന് വന്ന റിപ്പോര്‍ട്ട് തന്നെ ഇതിനു മതിയായ തെളിവാണ്. ഹഫ്സ (رضي الله عنها) യില്‍ നിന്നും വന്ന റിപ്പോര്‍ട്ടിന് ചില കുഴപ്പങ്ങള്‍ ഉണ്ട് എങ്കിലും ഇബ്നു അബ്ബാസ് (رضي الله عنه) വില്‍ നിന്ന് സ്ഥിരപ്പെട്ട വന്ന റിപ്പോര്‍ട്ടുമായി അത് ചേര്‍ത്ത് വെക്കുമ്പോള്‍ അതില്‍ പരാമര്‍ശിക്കപ്പെട്ട വിഷയത്തിന് സാധുത ലഭിക്കുന്നു" .    (مجموع فتاوى و مقالات متنوعة الجزء الخامس عشر)

www.fiqhussunna.com

അതുപോലെ ,മറ്റൊരു ഫത്'വയില്‍ ഇബ്നു ബാസ് (رحمه الله) പറയുന്നു:

ചോദ്യം : ദുല്‍ഹിജ്ജ പത്തും (അഥവാ അറഫാ ദിനം വരെയുള്ള ഒന്‍പത് ദിവസങ്ങള്‍) മുഴുവനായും നോമ്പ് പിടിക്കുന്നത് ബിദ്അത്താണ് എന്ന് പറയുന്നവരെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ് ?.

ഉത്തരം : അവര്‍ അറിവില്ലാത്തവരാണ് അവര്‍ക്ക് പഠിപ്പിച്ചുകൊടുക്കേണ്ടതുണ്ട്.  കാരണം പ്രവാചകന്‍(ﷺ) നിങ്ങള്‍ സ്വാലിഹായ അമലുകള്‍ വര്‍ദ്ധിപ്പിക്കുക എന്ന് കല്പിച്ച ദിവസങ്ങളാണവ. നോമ്പാകട്ടെ ഏറെ ശ്രേഷ്ഠമായ ഒരു സല്കര്‍മ്മമാണ്താനും. പ്രവാചകന്‍(ﷺ) പറയുന്നു : " ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി(ﷺ) പറഞ്ഞു: ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ അർപ്പിച്ച്‌ രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ അതും (ജിഹാദും) ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല." [ബുഖാരി].

ഇനി പ്രവാചകന്‍(ﷺ) ഈ ദിവസങ്ങള്‍ നോമ്പ് അനുഷ്ടിച്ചില്ല എന്നാണ് അവര്‍ പറയുന്നതെങ്കില്‍. പ്രവാചകന്‍(ﷺ) നോമ്പ് അനുഷ്ടിച്ചതായും അനുഷ്ടിക്കാതിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. വാക്കുകള്‍ക്കാണ് കര്‍മ്മങ്ങളെക്കാള്‍ മുന്‍ഗണന. പ്രവാചകന്‍റെ വാക്കും പ്രവര്‍ത്തിയുമെല്ലാം  ഒരു വിഷയത്തില്‍ ഒരുമിച്ച് വന്നാല്‍ അത് കൂടുതല്‍ ബലപ്പെട്ട സുന്നത്താണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പ്രവാചകന്‍റെ വാക്കു മാത്രം വന്നാലും, പ്രവര്‍ത്തി മാത്രം വന്നാലും , അംഗീകാരം മാത്രം വന്നാലും അവയെല്ലാം തന്നെ സുന്നത്താണ്.  പ്രവാചകന്‍(ﷺ) ഒരു കാര്യം പറഞ്ഞാല്‍, പ്രവര്‍ത്തിച്ചാല്‍, അംഗീകരിച്ചാല്‍ അതെല്ലാം തന്നെ സുന്നത്താണ്. എന്നാല്‍ അവയില്‍ വച്ച് ഏറ്റവും മുന്‍ഗണനയും പ്രാബല്യവും ഉള്ളത് വാക്കിനാണ്.  പിന്നെ പ്രവര്‍ത്തിക്ക്, പിന്നെ അംഗീകാരത്തിന് എന്നിങ്ങനെയാണ് അതിന്‍റെ ക്രമം.


അപ്പോള്‍ പ്രവാചകന്‍റെ വാക്കാണ് : " ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല". എന്നുള്ളത്. അപ്പോള്‍ അതില്‍ ഒരാള്‍ വ്രതമെടുത്താല്‍ വളരെ നല്ല ഒരു പുണ്യകര്‍മമാണ് അവന്‍ ചെയ്യുന്നത്. അതുപോലെ ഒരാള്‍ ദാനം നല്‍കിയാല്‍,  അല്ലാഹു അക്ബര്‍, അല്‍ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ് തുടങ്ങിയ ദിക്റുകള്‍ ചൊല്ലിയാല്‍ അതെല്ലാം ഏറെ ശ്രേഷ്ടകരമാണ്. പ്രവാചകന്‍ പറയുന്നു : " അബ്ദുല്ലാഹിബ്നു ഉമർ(رضي الله عنه)വിൽനിന്ന്‌: " നബി(ﷺ) ഇപ്രകാരം പറയുന്നത്‌ ഞാൻ കേട്ടു, ഈ ദിവസങ്ങളെപ്പോലെ അല്ലാഹുവിങ്കൽ മഹത്തായ മറ്റൊരു ദിവസവുമില്ല. ഈ ദിവസങ്ങളിൽ നിർവ്വഹിക്കുന്ന സർക്കർമ്മങ്ങളെപ്പോലെ അല്ലാഹുവിന്‌ ഇഷ്ടമുള്ള മറ്റു കർമ്മങ്ങളുമില്ല. അത്കൊണ്ട്‌ നിങ്ങൾ സ്തുതികീർത്തനങ്ങളും തക്ബീറുകളും തഹ്‚ലീലുകളും വര്‍ദ്ധിപ്പിക്കുക" - [റവാഹു  അഹ്മദ്]. അല്ലാഹു എല്ലാവര്‍ക്കും അതിനുള്ള തൗഫീഖ് നല്‍കട്ടെ.

(من ضمن الأسئلة المقدمة لسماحته في يوم عرفة ، حج عام 1418هـ - مجموع فتاوى و مقالات متنوعة الجزء الخامس عشر).

ദുല്‍ഹിജ്ജ പത്തിലെങ്കിലും നമുക്ക് നമ്മുടെ നാവിനെ നിയന്ത്രിക്കാനായില്ലെങ്കില്‍ ?!..

ഏറെ പവിത്രമായ ദിനങ്ങളാണ് ദുല്‍ഹിജ്ജ മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങള്‍. 

www.fiqhussunna.com

പ്രവാചകന്‍() പറഞ്ഞു :

ما من أيام العمل الصالح فيهن أحب إلى الله من هذه الأيام العشر، قالوا: ولا الجهاد في سبيل الله ؟ قال: ولا الجهاد في سبيل الله إلا رجل خرج بنفسه وماله فلم يرجع من ذلك بشيء

" ഈ പത്ത്‌ ദിവസങ്ങളെക്കാള്‍ അല്ലാഹുവിന് സല്‍കര്‍മ്മങ്ങള്‍ ഇഷ്ടമുള്ള മറ്റൊരു ദിനങ്ങളുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി(ﷺ) പറഞ്ഞു: ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി, ഒന്നും തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ അർപ്പിച്ച്‌ രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ ജിഹാദ് പോലും  (ഈ ദിവസങ്ങളില്‍ അനുഷ്ടിക്കപ്പെടുന്ന സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല)." [ബുഖാരി].


ഈ ദിവസത്തിന്‍റെ ശ്രേഷ്ഠതയെ സംബന്ധിച്ച് നേരത്തെ മറ്റുചില ലേഖനങ്ങളിലൂടെ നാം വിശദീകരിച്ചതാണ്. അത് വായിചിട്ടില്ലാത്തവര്‍ക്ക് ഈ ലിങ്കുകളില്‍ പോകാം :

ദുല്‍ഹിജ്ജ പത്താണോ, അതല്ല റമദാനിലെ അവസാന പത്താണോ ഏറ്റവും ശ്രേഷ്ഠകരമായ ദിനങ്ങള്‍ ?.

ദുല്‍ഹിജ്ജ പത്തിലെ എല്ലാ ദിവസവും നോമ്പ് നോല്‍ക്കാന്‍ പാടുണ്ടോ ?!.


എന്നാല്‍ പല സഹോദരങ്ങളും ഈ ദിവസങ്ങളുടെ പവിത്രത കാത്തു സൂക്ഷിക്കാറില്ല. ഇത് ഏറെ ഗൗരവപരമായ ഒരു വിഷയമാണ്. യഥാര്‍ത്ഥത്തില്‍ ഈ ദിവസങ്ങളുടെയെന്ന് മാത്രമല്ല, അല്ലാഹു സുബ്ഹാനഹു വ തആല പവിത്രമാക്കിയ ശിആറുകളുടെയെല്ലാം പവിത്രതയെ കാത്തു സൂക്ഷിക്കുക എന്നത് തഖ്'വയുടെ മാനദണ്ടമാണ്.

അല്ലാഹു പറയുന്നു:



ذَلِكَ وَمَنْ يُعَظِّمْ حُرُمَاتِ اللَّهِ فَهُوَ خَيْرٌ لَهُ عِنْدَ رَبِّهِ [الحج : 30]

"അതെ, അല്ലാഹു പവിത്രത നല്‍കിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത്‌ തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അവന്ന്‌ ഗുണകരമായിരിക്കും." - [അല്‍ഹജജ്: 30].


 അതുപോലെ അല്ലാഹു പറഞ്ഞു:


 ذَلِكَ وَمَنْ يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِنْ تَقْوَى الْقُلُوبِ. [الحج:32]
"അതെ, വല്ലവനും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ തഖ്വയില്‍ നിന്നുണ്ടാകുന്നതത്രെ" - [അല്‍ഹജജ്: 32].
 
എന്നാല്‍ ഇത്ര പവിത്രമായ ദിവസങ്ങളില്‍ പോലും ചിലര്‍ അറിഞ്ഞോ അറിയാതെയോ ഏറ്റവും മോശമായ സംസാരങ്ങളിലും പരദൂഷണങ്ങളിലും ഏര്‍പ്പെടുകയാണ്. മനുഷ്യാ നീ ചിന്തിച്ചിട്ടുണ്ടോ ?!, നാളെ നിന്‍റെ രക്ഷിതാവിന്‍റെ മുന്നില്‍ നീ ഉരുവിടുന്ന ഓരോ വാക്കിനും മറുപടി നല്‍കേണ്ടവനാണ് നീയെന്ന് ?!. 

 മുആദ് (റ) വില്‍ നിന്നും നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. അദ്ദേഹത്തിന് സ്വര്‍ഗത്തിലേക്ക് എത്താനുള്ള ഒരുപാട് നന്മകളെക്കുറിച്ച് പറഞ്ഞുകൊടുത്തത്തിനു ശേഷം പ്രവാചകന്‍() പറയുകയുണ്ടായി:
 قَالَ: أَلا أُخبِرُكَ بِملاكِ ذَلِكَ كُلِّهِ ؟ قُلْتُ:بَلَى يَارَسُولَ اللهِ. فَأَخَذَ بِلِسَانِهِ وَقَالَ: كُفَّ عَلَيْكَ هَذَا. قُلْتُ يَانَبِيَّ اللهِ وَإِنَّا 
لَمُؤَاخَذُونَ بِمَا نَتَكَلَّمُ بِهِ ؟ فَقَالَ: ثَكِلَتْكَ أُمُّكَ يَامُعَاذُ. وَهَلْ يَكُبُّ النَّاسَ فِي النَّارِ عَلَى وُجُوهِهِمْ أَو قَالَ: عَلَى مَنَاخِرِهِمْ إِلاَّ حَصَائِدُ أَلسِنَتِهِمْ

 എന്നാല്‍ അവയെയെല്ലാം അധീനപ്പെടുത്തുന്ന ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ നിനക്ക് പറഞ്ഞു തരട്ടെയോ, മുആദ്(റ) പറഞ്ഞു: അതേ പ്രവാചകരേ.. അപ്പോള്‍ പ്രവാചകന്‍() തന്‍റെ നാവ് എടുത്ത് പിടിച്ചുകൊണ്ട് പറഞ്ഞു: ഇതിനെ നീ നിയന്ത്രിക്കണം. അപ്പോള്‍ മുആദ് ചോദിച്ചു: അല്ലയോ പ്രവാചകരേ, ഞങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ക്ക് ഞങ്ങള്‍ ശിക്ഷിക്കപ്പെടുമോ?. അപ്പോള്‍ പ്രവാചകന്‍() പറഞ്ഞു: മുആദേ.. നിനക്കെന്തു പറ്റി, തങ്ങളുടെ നാവു കൊണ്ട് സമ്പാദിച്ചതല്ലാതെ മറ്റെന്താണ് ജനങ്ങളെ നരകത്തിലേക്ക് മുഖംകുത്തി വീഴ്ത്തുന്നത് ?!. - [തിര്‍മിദി]. 

അതെ, നാവ് ഒന്നുകില്‍ മനുഷ്യനെ സ്വര്‍ഗത്തിലേക്ക് നയിക്കും. അല്ലെങ്കില്‍ നരകത്തിലേക്കും. ദുല്‍ഹിജ്ജ പത്തിന്‍റെ പവിത്രത മാനിച്ച് ഈ പത്ത് ദിവസങ്ങളിലെങ്കിലും അനാവശ്യ സംസാരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍. ഇനിയെപ്പോഴാണ്‌ അത് സാധിക്കുക ?!..  സോഷ്യല്‍ മീഡിയകളും മറ്റും കൂടിയായപ്പോള്‍ തിന്മ ഇരട്ടിപ്പിക്കാനുള്ള ഉപാധികള്‍ കൂടി വര്‍ദ്ധിച്ചു.  അല്ലാഹുവില്‍ ശരണം....

നന്മ സംസാരിക്കുക എന്നത് ഒരു വിശ്വാസിയുടെ ലക്ഷണമാണ്.

 "مَنْ كَانَ يُؤمِنُ بِاللهِ وَاليَومِ الآخِرِ فَليَقُل خَيرَاً أَو ليَصمُت"
"ആരെങ്കിലും അല്ലാഹുവിലും  അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ " - [ബുഖാരി , മുസ്‌ലിം].

പരലോകബോധവും സൃഷ്ടാവിനെ കണ്ടുമുട്ടുമെന്ന തിരിച്ചറിവും ഒരാളുടെ നാവിനെ നിയന്ത്രിക്കുന്ന സുപ്രധാന ഘടകമാണ് എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം. മാത്രമല്ല അന്ത്യദിനത്തില്‍ നാവ് മനുഷ്യന് വരുത്തി വെക്കുന്ന വിനയെക്കുറിച്ചും ഈ ഹദീസ് താക്കീത് നല്‍കുന്നുണ്ട്.

അതിനാലാണ് ഒരു അറബി കവി പാടിയത് : 
احذر لسانك أيها الإنسان ...... لا يلدغنك إنه ثعبان 
فكم في المقابر من قتيل لسانه ..... كانت تخاف لقاءه الشجعان

മനുഷ്യാ നീ നിന്‍റെ നാവിനെ സൂക്ഷിക്കുക... 
അതൊരു പാമ്പാണ്, അത് നിന്നെ കൊത്താതെ നോക്കണം...
ആ നാവിനിരയായ എത്രയെത്ര ആളുകളാണ് ഇന്ന് ഖബറിലുള്ളത്... 
 ജീവിതകാലത്ത് , വലിയ വലിയ ശുജായിമാര്‍ പോലും ആ നാവിനെ ഭയപ്പെട്ടിരുന്നു...

ഇമാം നവവി (റഹിമഹുല്ല) പറയുന്നു: "പ്രായപൂര്‍ത്തിയെത്തിയ വിവേകമുള്ള ഓരോ വ്യക്തിയും ഉപകാരപ്രദമല്ലാത്ത സകല സംസാരങ്ങളില്‍ നിന്നും തന്‍റെ നാവിനെ സൂക്ഷിക്കേണ്ടതുണ്ട്. സംസാരിക്കുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യുന്നതില്‍ പ്രത്യേകിച്ച് വിത്യാസമൊന്നുമില്ലാത്ത ഒരു കാര്യമാണെങ്കില്‍ പോലും അത് സംസാരിക്കാതെ നാവിനെ പിടിച്ചു വെക്കലാണ് സുന്നത്ത്. കാരണം അത്തരത്തിലുള്ള സംസാരം പിന്നീട് വെറുക്കപ്പെട്ട സംസാരങ്ങളിലേക്കും നിഷിദ്ധമായ സംസാരങ്ങളിലേക്കും കൊണ്ടെത്തിക്കും. സാധാരണ അങ്ങനെയാണ് സംഭവിക്കാറുള്ളത്. സുരക്ഷിതമായിടത്ത് നിന്നാല്‍ അതിന് തുല്യമായി മറ്റൊന്നും തന്നെയില്ല." - [അല്‍ അദ്കാര്‍].


ഇനി ഏറ്റവും ശ്രേഷ്ഠനായ മുസ്ലിമായി പ്രവാചകന്‍() എണ്ണിയ കൂട്ടത്തില്‍, ഒരാള്‍ ആരാണെന്നറിയുമോ ?!.

عن أبي موسى الأشعري قال: قلتُ يا رسولُ اللّه، أيُّ المسلمين أفضلُ؟ قال: "مَنْ سَلِمَ المُسْلِمُونَ مِنْ لِسانِهِ وَيَدِهِ".
അബൂ മൂസല്‍ അശ്അരി പറയുന്നു: ഞാന്‍ പ്രവാചകനോട് ചോദിച്ചു: അല്ലയോ പ്രവാചകരേ, ഏറ്റവും ശ്രേഷ്ഠനായ മുസ്‌ലിം ആരാണ് ?. പ്രവാചകന്‍() പറഞ്ഞു:  "ഏതൊരാളുടെ നാവില്‍ നിന്നും, കയ്യില്‍ നിന്നും മറ്റു മുസ്ലിമീങ്ങള്‍ രക്ഷപ്പെടുന്നുവോ അവനാകുന്നു ഏറ്റവും ശ്രേഷ്ഠനായ മുസ്‌ലിം." - [ ബുഖാരി, മുസ്‌ലിം].

നാവിനെ നിയന്ത്രിക്കുന്നവന് സ്വര്‍ഗമുണ്ട് എന്നത് പ്രവാചകന്‍() നല്‍കിയ ഉറപ്പാണ്:

عن سهل بن سعد رضي اللّه عنه، عن رسول اللّه صلى اللّه عليه وسلم قال: "مَنْ يَضْمَنْ لي ما بينَ لَحْيَيْهِ وَما بينَ رِجْلَيْهِ، أضْمَنْ لَهُ الجَنَّةَ".
 സഹ്ല്‍ ബിന്‍ സഅദ് (റ) വില്‍ നിന്നും നിവേദനം: പ്രവാചകന്‍() പറഞ്ഞു: "തന്‍റെ താടിയെല്ലുകള്‍ക്കിടയിലുള്ളതിനെയും, തുടയെല്ലുകള്‍ക്കിടയിലുള്ളതിനെയും (സൂക്ഷിക്കാമെന്ന്) ആരെനിക്ക്  ഉറപ്പ് നല്‍കുന്നുവോ, അവന് സ്വര്‍ഗമുണ്ടെന്നത് ഞാനും ഉറപ്പ് നല്‍കുന്നു." - [ബുഖാരി].

അശ്രദ്ധയോടെ പലപ്പോഴും നാം പറഞ്ഞുപോകാറുള്ള വാക്കുകളുടെ ഗൗരവം എന്തെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?. തന്‍റെ വാക്കുകള്‍, കമന്‍റുകള്‍, അഭിപ്രായ പ്രകടനങ്ങള്‍, വൈകാരികമായ പ്രതികരണങ്ങള്‍, ഇവയെല്ലാം അല്ലാഹുവിന്‍റെ പ്രീതി കരസ്ഥമാക്കാന്‍ ഉത്തകുന്നവയാണോ എന്ന് നാം പരിശോധിക്കാറുണ്ടോ ?! ..

إن العبد ليتكلم بالكلمة من سخط الله لا يلقي لها بالا ؛ يهوي بها في نار جهنم


അബൂ ഹുറൈറയില്‍ നിന്നും നിവേദനം: പ്രവാചകന്‍
() പറയുന്നതായി ഞാന്‍ കേട്ടു: "അല്ലാഹുവിനെ കോപിപ്പിക്കുന്ന ഒരു വാക്ക്  അശ്രദ്ധനായി ഒരടിമ ഉരുവിട്ടത് കാരണത്താല്‍ അവന്‍ നരകത്തില്‍ കത്തിയെരിയുക തന്നെ  ചെയ്യും." -[ ബുഖാരി].  ഇമാം  മുസ്‌ലിമിന്‍റെ റിപ്പോര്‍ട്ടില്‍ "കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അകലമത്രയും അവന്‍ നരകത്തില്‍ ആപതിക്കും." എന്നും കാണാം. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ.

അബൂ ഹുറൈറ റിപ്പോര്‍ട്ട് ചെയ്യുന്ന ഈ ഒരു ഹദീസ് നമ്മുടെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കട്ടെ. എന്‍റെ രക്ഷിതാവിന്‍റെ പക്കല്‍ പ്രതിഫലമര്‍ഹിക്കുന്നതല്ലാത്ത സംസാരങ്ങളില്‍ ഞാന്‍ ഭാഗവാക്കുകയില്ല എന്നാ തീരുമാനമെടുക്കാന്‍ ഈ ഹദീസ് നമ്മെ ഓരോരുത്തരെയും പ്രേരിപ്പിക്കട്ടെ...
ഒരാളുടെ സംസാരം മാത്രമല്ല അവന്‍റെ കണ്ണും കാതും ഹൃദയവുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്. നല്ലത് കാണുക, നല്ലത് പറയുക, നല്ലത് കേള്‍ക്കുക, നല്ലത് ചിന്തിക്കുക. ഇഹത്തിലും പരത്തിലും ശാന്തിയും സമാധാനവും നമുക്ക് നഷ്ടമാകുകയില്ല.

إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُوْلَئِكَ كَانَ عَنْهُ مَسْئُولًا- [الإسراء:36[

"തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌." - [ഇസ്റാഅ് : 36].

ഈ ആയത്ത് വിശദീകരിച്ചുകൊണ്ട് ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) പറയുന്നു: " നിനക്ക് അനുവദനീയമല്ലാത്തത് കാണുന്നതിനെയും, കേള്‍ക്കുന്നതിനെയും, വിശ്വസിക്കുന്നതിനെയും കൃത്യമായി വിലക്കുകയും അതില്‍ നിന്നും താക്കീത് നല്‍കുകയും ചെയ്യുന്ന വചനമാണിത്. കാരണം നീ കേള്‍ക്കുന്നതിനെ സംബന്ധിച്ചും, നീ കാണുന്നതിനെ സംബന്ധിച്ചും,  നീ വിശ്വസിക്കുന്നതിനെ സംബന്ധിച്ചും തീര്‍ച്ചയായും നീ വിചാരണ ചെയ്യപ്പെടുന്നതാണ്."  - ( http://www.binbaz.org.sa/mat/9099 ).

അല്ലാഹു ശ്രേഷ്ടമാക്കിയ ദിവസങ്ങളുടെ പവിത്രത കൈവിടാതെ അവനിഷ്ടപ്പെടുന്ന കര്‍മ്മങ്ങളനുഷ്ടിച്ച് അവന്‍റെ ഇഷ്ട ദാസന്മാരില്‍ ഉള്‍പ്പെടുവാന്‍ നാം ഓരോരുത്തരും പരിശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ .....