Tuesday, April 16, 2019

ശഅബാന്‍ മാസത്തിന്‍റെ ശ്രേഷ്ഠത - ഒരു ലഘുപഠനം




الحمد لله والصلاة و السلام على رسول الله وعلى آله وصحبه ومن ولالاه وبعد؛

ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഏതൊരു വിഷയത്തെ സംബന്ധിച്ചും പ്രാമാണികമായി അതില്‍ സ്ഥിരപ്പെട്ടുവന്ന കാര്യങ്ങളെക്കുറിച്ചും പ്രമാണത്തിന്‍റെ പിന്‍ബലമില്ലാത്ത കാര്യങ്ങളെക്കുറിച്ചും അറിയുക എന്നത് ഏറെ അനിവാര്യമാണ്. ശഅബാന്‍ മാസവുമായി ബന്ധപ്പെട്ട് നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്ന കാര്യങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് വന്ന പ്രമാണത്തിന്‍റെ പിന്‍ബലമില്ലാത്ത കാര്യങ്ങളെക്കുറിച്ചുമാണ് ഈ ലേഖനം ചര്‍ച്ച ചെയ്യുന്നത്. പരമാവധി ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എല്ലാം ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ചതുകൊണ്ട് ഒരല്പം ദൈര്‍ഘ്യം ഉണ്ടെങ്കില്‍ക്കൂടി വിഷയത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് പൂര്‍ണമായി വായിക്കണം എന്ന് ആമുഖമായി അപേക്ഷിക്കുന്നു. 

www.fiqhussunna.com 

ഒന്നാമതായി:  ശഅബാന്‍ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടുന്ന മാസമാണ്. അതുകൊണ്ടുതന്നെ റമളാന്‍ കഴിഞ്ഞാല്‍ റസൂല്‍ (സ) ഏറ്റവും കൂടുതല്‍ നോമ്പ് പിടിച്ചിരുന്നത് ശഅബാന്‍ മാസത്തിലാണ്. ഇത് സ്വഹീഹായ ഹദീസുകളില്‍ നമുക്ക് കാണാം: 

عن أسامة بن زيد قال:  قلت يا رسول الله،  لم أرك تصوم شهرا من الشهور ما تصوم من شعبان،  قال:  ذلك شهر يغفل الناس عنه بين رجب ورمضان ،  وهو شهر ترفع فيه الأعمال إلى رب العالمين ، فأحب أن يرفع عملي وأنا صائم.

ഉസാമ ബ്ന്‍ സൈദ്‌ പറഞ്ഞു: ഞാന്‍ റസൂല്‍ (സ) യോട് ചോദിച്ചു:  അല്ലാഹുവിന്‍റെ റസൂലേ, (റമളാന്‍ കഴിഞ്ഞാല്‍പ്പിന്നെ) ശഅബാന്‍ മാസത്തില്‍ അങ്ങ് വ്രതമനുഷ്ഠിക്കുന്നത് പോലെ മറ്റൊരു മാസത്തിലും അത്രയും വ്രതമെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ !. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "റജബിനും റമളാനിനും ഇടയില്‍ ആളുകള്‍ (പരിഗണിക്കാതെ) അശ്രദ്ധരായി വിടുന്ന ഒരു മാസമാണത്. അതാകട്ടെ അല്ലാഹുവിന്‍റെ പക്കലേക്ക് കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന ഒരു മാസമാണ്. അതുകൊണ്ട് ഞാന്‍ നോമ്പുകാരനായിരിക്കെ എന്‍റെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു." - [നസാഇ: 2357, അല്‍ബാനി: ഹദീസ് ഹസന്‍]. 

عن عائشة أم المؤمنين رضي الله عنها أنها قالت : " كان رسول الله صلى الله عليه وسلم يصوم حتى نقول : لا يفطر ، ويفطر حتى نقول : لا يصوم ، وما رأيت رسول الله صلى الله عليه وسلم استكمل صيام شهر قط إلا رمضان وما رأيته في شهر أكثر منه صياما في شعبان "

ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ (റ) യില്‍ നിന്ന് നിവേദനം: അവര്‍ പറഞ്ഞു: "റസൂല്‍ (സ) ചിലപ്പോള്‍ തുടര്‍ച്ചയായി നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം ഒരിക്കലും നോമ്പ് ഒഴിവാക്കില്ല എന്ന് ഞങ്ങള്‍ പറയുമായിരുന്നു. അതുപോലെ അദ്ദേഹം നോമ്പ് നോല്‍ക്കാതിരിക്കാറുള്ള കാലവും ഉണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം നോമ്പ് എടുക്കില്ല എന്ന് ഞങ്ങള്‍ പറയുമാറ് അത് തുടരുമായിരുന്നു. റമളാനിലല്ലാതെ മറ്റൊരു മാസത്തിലും അല്ലാഹുവിന്‍റെ റസൂല്‍ പരിപൂര്‍ണമായി നോമ്പെടുത്തത് ഞാന്‍ കണ്ടിട്ടേയില്ല. അതുപോലെ (അതു കഴിഞ്ഞാല്‍ പിന്നെ) ശഅബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ മറ്റൊരു മാസത്തിലും അദ്ദേഹം നോമ്പെടുക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല." - [മുത്തഫഖുന്‍ അലൈഹി]. 

ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റ) പറയുന്നു: "ശഅബാന്‍ മാസത്തില്‍ വ്രതമെടുക്കുന്നത് പ്രത്യേകം ശ്രേഷ്ഠകാരമാണ് എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം". - [ഫത്ഹുല്‍ ബാരി: വോ: 4 പേജ്: 253].

ഇമാം സ്വന്‍ആനി (റഹിമഹുല്ല) പറയുന്നു: " (റമളാന്‍ കഴിഞ്ഞാല്‍) ശഅബാന്‍ മാസത്തില്‍ പ്രത്യേകമായി മറ്റു മാസങ്ങളെക്കാള്‍ കൂടുതല്‍ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം" - [സുബുലുസ്സലാം: വോ: 2 പേജ്: 342]. 

അഥവാ ശഅബാന്‍ മാസത്തില്‍ വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ റസൂല്‍ (സ) നോമ്പ് ഒഴിവാക്കാറുണ്ടായിരുന്നുള്ളൂ എന്ന് നമുക്ക് ഹദീസുകളില്‍ കാണാം. ഉമ്മുല്‍ മുഅമിനീന്‍ ആഇശ (റ) യില്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ദരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: 

ولم أره صائما من شهر قط ، أكثر من صيامه من شعبان كان يصوم شعبان كله ، كان يصوم شعبان إلا قليلا

 "അദ്ദേഹം ശഅബാന്‍ മാസത്തില്‍ നോമ്പെടുക്കുന്നതിനേക്കാള്‍ മറ്റൊരു മാസത്തിലും നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ശഅബാന്‍ (ഏറെക്കുറെ) മുഴുവനും അദ്ദേഹം നോല്‍ക്കാറുണ്ടായിരുന്നു. വളരെ കുറഞ്ഞ ദിവസങ്ങളൊഴികെ ശഅബാന്‍ അദ്ദേഹം നോമ്പെടുത്തിരുന്നു." - [സ്വഹീഹ് മുസ്‌ലിം: 2029]. 

രണ്ടാമതായി:  ഇവിടെ നാം മനസ്സിലാക്കേണ്ട മറ്റൊരു വിഷയം ശഅബാന്‍ പൂര്‍ണമായി നോമ്പ് നോല്‍ക്കാമോ എന്നതാണ്. ശഅബാന്‍ പൂര്‍ണമായി നബി (സ) നോമ്പെടുത്തു എന്ന് ചില റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കപ്പെട്ടതു കൊണ്ടാണ് ഇങ്ങനെ ഒരു ചര്‍ച്ച ഉണ്ടായത്. 

عَنْ أُمِّ سَلَمَةَ رضي الله عنها قَالَتْ : مَا رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَامَ شَهْرَيْنِ مُتَتَابِعَيْنِ إِلا أَنَّهُ كَانَ يَصِلُ شَعْبَانَ بِرَمَضَانَ .

ഉമ്മു സലമ (റ) നിവേദനം: അവര്‍ പറഞ്ഞു: " റസൂല്‍ (സ) റമളാനും ശഅബാനും പരസ്പരം ചേര്‍ത്ത് നോമ്പ് പിടിക്കാറുണ്ടായിരുന്നു എന്നതൊഴിച്ചാല്‍, രണ്ട് മാസങ്ങള്‍ തുടര്‍ച്ചയായി അദ്ദേഹം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല." - [അഹ്മദ്: 26022, അബൂദാവൂദ്: 2336, നസാഇ: 2175].

അതില്‍ത്തന്നെ അബൂ ദാവൂദ് ഉദ്ദരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഒന്നുകൂടി വ്യക്തമായി അത് പ്രതിപാദിക്കുന്നുണ്ട്:

أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَكُنْ يَصُومُ مِنْ السَّنَةِ شَهْرًا تَامًّا إِلا شَعْبَانَ يَصِلُهُ بِرَمَضَانَ

"റസൂല്‍ (സ) ഒരു വര്‍ഷത്തില്‍ ഒരു മാസവും പൂര്‍ണമായി  നോല്‍ക്കാറുണ്ടായിരുന്നില്ല. ശഅബാനല്ലാതെ. അതിനെ റമളാനുമായി ചേര്‍ത്ത് നോല്‍ക്കുമായിരുന്നു." - [അബൂ ദാവൂദ്: 2048, അല്‍ബാനി: സ്വഹീഹ്]. 

ഇതിന്‍റെ അടിസ്ഥാനത്തില്‍ ശഅബാനില്‍ മുഴുവന്‍ നോമ്പ് എടുക്കാം എന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ട്. ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല ഈ അഭിപ്രായക്കാരനാണ്. മറ്റൊരു വിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത് അദ്ദേഹം ചിലപ്പോള്‍ അത് ഭാഗികമായും ചിലപ്പോള്‍ അത് പൂര്‍ണമായും നോമ്പെടുത്തിരുന്നിരിക്കാം എന്നതാണ്. 

എന്നാല്‍ ആഇശ (റ) യുടെ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടതുപോലെ "ശഅബാന്‍ പൂര്‍ണമായി നോറ്റിരുന്നു. കുറച്ച് ദിവസമൊഴികെ" എന്നതു തന്നെയായിരിക്കാം ഒരുപക്ഷെ ഉമ്മു സലമ (റ) യുടെ ഹദീസിലും ശഅബാന്‍ മുഴുവനും നോറ്റിരുന്നു എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്. ഇത് ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റ) യും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 
അഥവാ റമളാന്‍ കഴിഞ്ഞാല്‍   മറ്റേത് മാസങ്ങളെക്കാളും കൂടുതല്‍  ശഅബാനില്‍ നോറ്റിരുന്നു എന്ന അര്‍ത്ഥത്തില്‍ ശഅബാന്‍ ഏറെക്കുറെ മുഴുവനും നോറ്റിരുന്നു എന്നായിരിക്കാം അതിന്‍റെ വിവക്ഷ. ഭാഷാപരമായി അപ്രകാരം പ്രയോഗിക്കുക എന്നത് അന്യമല്ലതാനും. ഇതാണ് മൂന്നാമത്തെ അഭിപ്രായം. ഇതാണ് കൂടുതല്‍ പ്രബലമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാരണം റസൂല്‍ (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്ന മറ്റു ഹദീസുകള്‍ കൂടി കൂട്ടി വായിക്കുമ്പോള്‍ ഈ ആശയം ഒന്നുകൂടി ബലപ്പെടുന്നു: 

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : مَا صَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ شَهْرًا كَامِلا قَطُّ غَيْرَ رَمَضَانَ
.
  ഇബ്നു അബ്ബാസ് (റ) പറഞ്ഞു: "നബി (സ) റമളാന്‍ ഒഴികെ മറ്റൊരു മാസവും പൂര്‍ണമായി നോമ്പ് നോറ്റിട്ടില്ല" - [متفق عليه].

അതുപോലെ ആഇശ (റ) യില്‍ നിന്നും വന്ന ഹദീസില്‍ ഇപ്രകാരം കാണാം:

وَلا صَامَ شَهْرًا كَامِلا غَيْرَ رَمَضَانَ .

"അദ്ദേഹം റമളാനല്ലാത്ത മറ്റൊരു മാസവും പൂര്‍ണമായി നോമ്പ് നോറ്റിട്ടില്ല." - [സ്വഹീഹ് മുസ്‌ലിം: 746]. 

അതുകൊണ്ടുതന്നെ ശഅബാന്‍ അധികദിവസവും നോമ്പ്  നോറ്റു, എന്നാല്‍ മുഴുവനായും നോറ്റിട്ടില്ല എന്ന അഭിപ്രായമാണ് ശരിയായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. 

മൂന്നാമതായി:  ശഅബാന്‍ പതിനഞ്ചിനു പ്രത്യേകത നല്‍കുന്ന ഹദീസുകള്‍ ഉണ്ടോ ?. എന്നതാണ് ഇനി നാം ചര്‍ച്ച ചെയ്യേണ്ട മറ്റൊരു ചോദ്യം.

ശഅബാന്‍ പതിനഞ്ചിന് മാത്രമായി പ്രത്യേകമായി ഇബാദത്തുകളോ നോമ്പോ നമസ്കാരമോ നിര്‍വഹിക്കുന്നതായുള്ള യാതൊരു ഹദീസും നബി (സ) യില്‍ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടില്ല. അതുപോലെ സ്വഹാബാക്കളില്‍ നിന്നും അപ്രകാരം വന്നിട്ടില്ല. അതുകൊണ്ടുതന്നെ മറ്റു ദിനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ശഅബാന്‍ പതിനഞ്ചിന് മാത്രം എന്തെങ്കിലും ഇബാദത്തുകളില്‍ ഏര്‍പ്പെടുന്നത് റസൂല്‍ (സ) യില്‍ നിന്നോ, സ്വഹാബത്തില്‍ നിന്നോ സ്ഥിരപ്പെടാത്ത കാര്യമാണ്. 

ഇനി ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് അല്ലാതെ ഉദ്ദരിക്കപ്പെട്ട ഹദീസുകള്‍ തന്നെ എല്ലാം ദുര്‍ബലമോ, കെട്ടിച്ചമക്കപ്പെട്ടവയോ ആണ് എന്ന് ധാരാളം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.  

ഇമാം ഇബ്നുല്‍ ജൗസി (റ) തന്‍റെ (الموضوعات 'കെട്ടിച്ചമക്കപ്പെട്ട ഹദീസുകള്‍') എന്ന ഗ്രന്ഥത്തിലും (Vol: 2 Page 440- 445), ഇമാം അബൂശാമ അശ്ശാഫിഇ (റ) തന്‍റെ (الباعث في إنكار البدع والحوادث 'ബിദ്അത്തുകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ' എന്ന ഗ്രന്ഥത്തിലും ), ഇമാം ഇബ്നുല്‍ ഖയ്യിം തന്‍റെ (المنار المنيف) എന്ന ഗ്രന്ഥത്തിലും ഒക്കെ ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് പ്രത്യേകമായി വന്ന ഹദീസുകള്‍ ദുര്‍ബലമാണ് എന്ന് സ്ഥാപിച്ചിട്ടുണ്ട്. 

ഇമാം ഇബ്നു റജബ് അല്‍ഹംബലി (റ) പറയുന്നു:

" وفي فضل ليلة نصف شعبان أحاديث متعددة ، وقد اختُلف فيها ، فضعّفها الأكثرون ، وصحّح ابن حبان بعضها "   

"ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് വിവിധ ഹദീസുകള്‍ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. അവയുടെ സ്വീകാര്യതയില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. ഭൂരിഭാഗം പണ്ഡിതന്മാരും അവ ദുര്‍ബലമാണ് എന്ന അഭിപ്രായക്കാരാണ്. ഇബ്നു ഹിബ്ബാന്‍ (റ) അവയില്‍ ചിലത് സ്വഹീഹാണ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്" - [ لطائف المعارف : 261 ].

ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് പ്രത്യേകമായ ആചാരങ്ങളോ ആരാധനകളോ ഇല്ല എന്നതില്‍ പണ്ഡിതന്മാര്‍ അനേകം കൃതികള്‍ തന്നെ രചിച്ചിട്ടുണ്ട്. എന്നാല്‍ അന്നത്തെ ദിവസം പാപമോചനം ലഭിക്കുന്ന ദിവസങ്ങളില്‍ ഒന്നാണ് എന്ന് പരാമര്‍ശിക്കുന്ന ഹദീസുകളില്‍ ചില റിപ്പോര്‍ട്ടുകള്‍ സ്വീകാര്യമാണോ എന്ന് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ബഹുഭൂരിപക്ഷം പേരും എല്ലാം ദുര്‍ബലമാണ് എന്ന അഭിപ്രായക്കാരാണ്. ഇനി ആ ഹദീസ് സ്വീകാര്യമാണ് എന്ന് വന്നാല്‍ത്തന്നെ അന്ന് പ്രത്യേകമായി എന്തെങ്കിലും അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ അതൊട്ട്‌ പര്യാപ്തവുമല്ല. 

ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് വന്ന ഹദീസ് ഇപ്രകാരമാണ്:

عَنْ معاذ بن جبل رضي الله عنه عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ : " يطلع الله إلى خلقه في ليلة النصف من شعبان فيغفر لجميع خلقه إلا لمشرك أو مشاحن "  

മുആദ് ബ്ന്‍ ജബല്‍ (റ) വില്‍ നിന്നും നിവേദനം: റസൂല്‍ (സ) പറഞ്ഞു: "ശഅബാന്‍ പതിനഞ്ചിന്‍റെ രാവില്‍ അല്ലാഹു തന്‍റെ സൃഷ്ടികളിലേക്ക് നോക്കുകയും മുശ്രിക്കോ, തര്‍ക്കിക്കുന്നവനോ അല്ലാത്ത സകല സൃഷ്ടികള്‍ക്കും  അവന്‍ പൊറുത്ത് കൊടുക്കുകയും ചെയ്യും." - [ത്വബറാനി: 20/108, ഇബ്നു ഹിബ്ബാന്‍: 12/481].

ഈ ഹദീസ് ദുര്‍ബലമാണ്. കാരണം ഈ ഹദീസിന്‍റെ സനദില്‍ 'മക്ഹൂല്‍ അശാമി' എന്ന് പറയുന്ന വ്യക്തിയുണ്ട്‌. അദ്ദേഹം ഹദീസ് നിദാനശാസ്ത്രപ്രകാരം മുദല്ലിസ് ആണ്. നേരിട്ട് കേട്ടു എന്ന് പരാമര്‍ശിക്കാത്ത (عن) പ്രയോഗിച്ചു വന്ന അദ്ദേഹത്തിന്‍റെ ഹദീസുകള്‍ സ്വീകാര്യമല്ല. ഇത് ഇമാം ദഹബി അദ്ദേഹത്തിന്‍റെ (السير) എന്ന ഗ്രന്ഥത്തില്‍ (Vol:5 Page: 156) വ്യക്തമാക്കിയിട്ടും ഉണ്ട്. 

എന്നാല്‍ ദുര്‍ബലമെങ്കിലും റിപ്പോര്‍ട്ടുകളുടെ ആധിക്യം കാരണത്താലാണ് ശൈഖ് അല്‍ബാനി (റ), അതുപോലെ തുഹ്ഫതുല്‍ അഹ്വവദിയില്‍ മുബാറക്ഫൂരി തുടങ്ങിയ ചില പണ്ഡിതന്മാര്‍ ഈ റിപ്പോര്‍ട്ടുകള്‍ പരസ്പരം ബലപ്പെടുത്തുന്നതിനാല്‍ സ്വീകാര്യം എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അവയൊന്നും തന്നെ സ്ഥിരപ്പെട്ടിട്ടില്ല. പരസ്പരം ബാലപ്പെടുത്താവുന്നതിനേക്കാള്‍ ദുര്‍ബലമാണ് അവയുടെ സനദുകള്‍ എന്ന് മറ്റു പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ശൈഖ് ഇബ്നു ബാസ് (റ) ശൈഖ് ഇബ്നു ഉസൈമീന്‍ (റ) തുടങ്ങിയവരെല്ലാം ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് യാതൊരു റിപ്പോര്‍ട്ടും സ്വീകാര്യമായി വന്നിട്ടില്ല എന്ന അഭിപ്രായക്കാരാണ്. കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ ഹദീസുകളുടെ സനദുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പരിശോധിക്കാവുന്നതാണ്.  

ഏതായാലും ഞാന്‍ നേരത്തെ സൂചിപ്പിച്ചപോലെ ഈ ഹദീസ് സ്ഥിരപ്പെട്ടാലും ഇല്ലെങ്കിലും ശഅബാനുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്ന അനാചാരങ്ങള്‍ക്ക് അതൊരിക്കലും സാധൂകരണമാകുന്നില്ല. അതാണ്‌ തുടര്‍ന്ന് നാം വിശദീകരിക്കുന്നത്. 

നാലാമതായി: ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് ചിലര്‍ കടത്തിക്കൂട്ടിയ അനാചാരങ്ങള്‍ എന്തെല്ലാം ?. 

ഒന്ന്: ശഅബാന്‍ പതിനഞ്ചിന് പ്രത്യേകമായുള്ള നോമ്പ്. ബറാഅത്ത് നോമ്പ് എന്ന പേരില്‍ പൊതുവേ ആളുകള്‍ പറഞ്ഞു വരാറുള്ള നോമ്പ് ആണിത്. ശഅബാന്‍ മാസത്തില്‍ പൊതുവേ നോമ്പ് പിടിക്കലും ശഅബാന്‍ മാസത്തിന്‍റെ പൂരിഭാഗം ദിവസങ്ങളും നോമ്പെടുക്കലും നബി (സ) യുടെ സുന്നത്താണ് എന്ന് നേരത്തെ ഹദീസുകള്‍ ഉദ്ദരിച്ച് നാം വിശദീകരിച്ചല്ലോ. അതുപോലെ എല്ലാ ഹിജ്റ മാസങ്ങളിലെയും 13, 14, 15 ദിവസങ്ങള്‍ അയ്യാമുല്‍ ബീളിന്‍റെ ദിവസങ്ങള്‍ എന്ന നിലക്ക്   നോമ്പെടുക്കല്‍ സുന്നത്താണ് എന്നും നമുക്കറിയാം. അതുപോലെ ദാവൂദ് നബി (അ) യുടെ നോമ്പ് എന്ന് നബി (സ) പഠിപ്പിച്ച ഒന്നിടവിട്ട് നോമ്പെടുക്കുന്നതും സുന്നത്താണ്. ആ നിലക്കെല്ലാം ശഅബാന്‍ പതിനഞ്ചിന് ഒരാള്‍ നോമ്പെടുക്കുകയാണ് എങ്കില്‍ അത് നബി (സ) പഠിപ്പിച്ച പരിതിക്കുള്ളില്‍ വരുന്നതാണ്. എന്നാല്‍ അതല്ലാതെ ശഅബാന്‍ പതിനഞ്ചിന് മാത്രം പ്രത്യേകമായ നോമ്പുണ്ട് എന്ന് വാദിക്കുകയും, ബറാഅത്ത് നോമ്പ് എന്ന പേരില്‍ ആളുകളോട് ശഅബാന്‍ പതിനഞ്ച് നോമ്പെടുക്കണം എന്നാവശ്യപ്പെടുകയും ചെയ്യുന്നത് ചിലര്‍ കടത്തിക്കൂട്ടിയ ബിദ്അത്തുകളില്‍പ്പെട്ടതാണ്. 

അത് സാധൂകരിക്കാന്‍ അവര്‍ ഉദ്ദരിക്കാറുള്ള ഹദീസ് ഇപ്രകാരമാണ്:
إذا كانت ليلة النصف من شعبان فقوموا ليلها وصوموا نهارها

"ശഅബാന്‍ പാതിയായാല്‍ (അഥവാ പതിനഞ്ചായാല്‍) അതിന്‍റെ രാവ് നിങ്ങള്‍ നിന്ന് നമസ്കരിക്കുകയും, അതിന്‍റെ പകല്‍ നിങ്ങള്‍ നോമ്പെടുക്കുകയും ചെയ്യുക".  ഇബ്നു മാജയാണ് ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പക്ഷെ ഈ ഹദീസ് موضوع ആയ ഹദീസ്, അഥവാ കെട്ടിച്ചമക്കപ്പെട്ട ഹദീസ് ആണ് എന്നാണ് മുഹദ്ദിസീങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല  ശഅബാന്‍ പതിനഞ്ച് പ്രത്യേകമായി നോമ്പ് നോല്‍ക്കുന്നതോ, അതിന്‍റെ രാവ് പ്രത്യേകമായി നിന്ന് നമസ്കരിക്കുന്നതോ പരാമര്‍ശിക്കുന്നതായി വന്ന എല്ലാ റിപ്പോര്‍ട്ടുകളും ഒന്നുകില്‍ കെട്ടിച്ചമക്കപ്പെട്ട മൗളൂആയ ഹദീസുകളോ അതല്ലെങ്കില്‍ ദുര്‍ബലമായ ളഈഫായ ഹദീസുകളോ ആണ് എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഇമാം ഇബ്നുല്‍ ജൗസി (റ)  തന്‍റെ കെട്ടിച്ചമക്കപ്പെട്ട ഹദീസുകള്‍ പരാമര്‍ശിക്കുന്ന (كتاب الموضوعات) എന്ന ഗ്രന്ഥത്തില്‍ പേജ് 440 മുതല്‍ 445 വരെയുള്ള ഭാഗത്തും, പേജ് 1010 മുതല്‍ 1014 വരെയുള്ള ഭാഗത്തും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ ബൈഹഖി തന്‍റെ (شعب الإيمان) എന്ന ഗ്രന്ഥത്തിലും (ഹദീസ് 3841) , ഇമാം അബുല്‍ഖത്താബ് ബ്ന്‍ ദഹിയ (أداء ما وجي) എന്ന ഗ്രന്ഥത്തിലും (പേജ് : 79- 80) , ഇമാം അബൂ ശാമ അശാഫിഇ (الباعث على إنكار البدع والحوادث) എന്ന ഗ്രന്ഥത്തിലും പേജ് : 124 - 137  ശഅബാന്‍ പതിനഞ്ചിന് പ്രത്യേകമായി നോമ്പ് അല്ലെങ്കില്‍ നമസ്കാരം എന്നിവ പറയുന്നതായി വന്ന ഹദീസുകള്‍ എല്ലാം കെട്ടിച്ചമക്കപ്പെട്ടതോ ദുര്‍ബലമായതോ ആയ ഹദീസുകള്‍ ആണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിച്ച അയ്യാമുല്‍ ബീള് എന്ന നിലക്കോ, ശഅബാനിലെ ഏറിയ ഭാഗവും നോമ്പെടുക്കുക എന്നതിന്‍റെ ഭാഗമായോ നബി (സ) യുടെ സുന്നത്തനുസരിച്ച് ശഅബാന്‍ മാസത്തിലെ പതിനഞ്ച് അടക്കമുള്ള ദിനങ്ങളില്‍ നോമ്പ് സുന്നത്താണ് എന്നിരിക്കെ , നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ലാത്ത ഒരു പ്രത്യേക പ്രാധാന്യം പതിനഞ്ചിലെ നോമ്പിന് മാത്രം കല്പിച്ച് അന്ന് പ്രത്യേകമായി നോമ്പ് നോല്‍ക്കല്‍ ബിദ്അത്താണ്. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. നമ്മുടെ ഉമ്മ മഹതി ആഇശ (റ) നബി (സ) യില്‍ നിന്നും ഉദ്ദരിച്ച പ്രസിദ്ധമായ ഹദീസില്‍ ഇപ്രകാരം കാണാം:

من عمل عملا ليس عليه أمرنا فهو رد

"നമ്മുടെ കല്പനയില്ലാത്ത ഒരു കാര്യം ഒരാള്‍ (മതത്തിന്‍റെ) പേരില്‍ അനുഷ്ടിച്ചാല്‍ അത് മടക്കപ്പെടുന്നതാണ്" - [متفق عليه]. അഥവാ അത് അസ്വീകാര്യമായിരിക്കും എന്നതോടൊപ്പം അതവന്‍റെ മേല്‍ ശിക്ഷയായി മടങ്ങുന്നതാണ്. 

രണ്ട്: ചില ആളുകള്‍ അനുഷ്ടിക്കുന്ന ശഅബാന്‍ പതിനഞ്ചിന്‍റെ രാവിലെ 'സ്വലാത്തുല്‍ അല്‍ഫിയ' എന്ന നമസ്കാരം യാതൊരു പ്രമാണവുമില്ലാത്ത മറ്റൊരു ബിദ്അത്താണ്. ശഅബാന്‍ പതിനഞ്ചിന് നൂറ് റകഅത്ത് നമസ്കരിക്കുകയും അതില്‍ ഓരോ റകഅത്തിലും 10 വീതം തവണ സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം ചെയ്യുകയും ചെയ്യുന്ന പ്രത്യേക നമസ്കാരമാണ് അത്. അതിനെക്കുറിച്ച് ഇമാം നവവി (റ) പറയുന്നു: 

الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله 

" സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും  മ്ലേച്ചവുമാണ്. 'ഖൂതുല്‍ ഖുലൂബ്' എന്ന ഗ്രന്ഥത്തിലോ, 'ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ്‌ അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ." - [അല്‍മജ്മൂഅ് : 3/548].

മൂന്ന്: ശഅബാന്‍ പതിനഞ്ചാം രാവില്‍ പ്രത്യേകം എണ്ണം സൂറത്തു യാസീന്‍ പാരായണം ചെയ്യല്‍. ഇത് പ്രമാണബദ്ധമായി സ്ഥിരപ്പെടാത്ത ഒരു കാര്യമാണ്. യാതൊരുവിധ ഹദീസും ഇതുമായി ബന്ധപ്പെട്ട് സ്ഥിരപ്പെട്ട് വന്നിട്ടില്ല. അതുപോലെ ശഅബാന്‍ പതിനഞ്ചിന്‍റെ രാവില്‍ ഇശാ നമസ്കാരത്തിന് പ്രത്യേകമായി സൂറത്തുല്‍ യാസീന്‍ പാരായണം ചെയ്യല്‍. അങ്ങനെ ഇന്ന നമസ്കാരത്തിന് ഇന്ന സൂറത്ത് നിങ്ങള്‍ പ്രത്യേകമായി പാരായണം ചെയ്യണം എന്ന് പഠിപ്പിക്കേണ്ടത് അല്ലാഹുവിന്‍റെ റസൂലാണ്.  റസൂല്‍ കരീം (സ) യില്‍ നിന്നും അങ്ങനെ യാതൊന്നും തന്നെ ഹദീസുകളില്‍ വന്നതായി കാണാന്‍ സാധിക്കില്ല. ചില ആളുകള്‍ ഇതോടൊപ്പം ആരൊക്കെയോ കെട്ടിയുണ്ടാക്കിയ മൗലിദ് കിതാബുകള്‍ ഏടുകള്‍ തുടങ്ങിയവയും പാരായണം ചെയ്യുന്നു. പലതിലും ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വമായി തൗഹീദിന് ഘടകവിരുദ്ധമായ വരികളും ഉള്‍ക്കൊള്ളുന്നു. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ. അറിവില്ലായ്മ കൊണ്ടും തെറ്റിദ്ധാരണ കൊണ്ടും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ആളുകള്‍ക്ക് അല്ലാഹു ഹിദായത്ത് നല്‍കുമാറാകട്ടെ.  ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ട് അല്ലാഹുവിന്‍റെ അനുഗ്രഹവും രിസ്കും ഇറങ്ങുകയല്ല. മറിച്ച് അവന്‍റെ ശാപമാണ് ലഭിക്കുക. കാരണം അല്ലാഹുവിന്‍റെ മതത്തില്‍ അനാചാരങ്ങള്‍ കടത്തിക്കൂട്ടുക എന്നത് അത്യധികം ഗൗരവപരമായ പാതകമാണ്.

നാല്:  ശഅബാന്‍ പതിനഞ്ച് ആഘോഷിക്കല്‍ അനാചാരങ്ങളില്‍പ്പെട്ടതാണ്. നമ്മുടെ മാതൃകയായ റസൂല്‍ കരീം (സ) നമുക്ക് പഠിപ്പിച്ച് തന്നത് മൂന്ന്‍ ആഘോഷങ്ങളാണ്.  ഈദുല്‍ അള്ഹാ , ഈദുല്‍ ഫിത്വര്‍ , അതുപോലെ വെള്ളിയാഴ്ച ദിവസം ഇതല്ലാത്ത മറ്റൊരു ഈദ് മതത്തിലില്ല. അതുകൊണ്ടുതന്നെ ശഅബാന്‍ പതിനഞ്ചാം രാവില്‍ മധുരം കൊടുത്തും പ്രത്യേകം ഭക്ഷണം പാകം ചെയ്തുമെല്ലാം ആഘോഷിക്കുന്നത് ബിദ്അത്താണ്. കാരണം അല്ലാഹുവിന്‍റെ റസൂലോ, സ്വഹാബത്തോ ആരും തന്നെ അപ്രകാരം ചെയ്തതായി യാതൊരു തെളിവുമില്ല. മതത്തില്‍ പുത്തന്‍ ആചാരങ്ങള്‍ കടത്തിക്കൂട്ടുന്നതില്‍ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. 

ലജ്നതുദ്ദാഇമയുടെ ഫത്വയില്‍ ഇപ്രകാരം കാണാം: " ലൈലത്തുല്‍ ഖദ്റോ അതുപോലുള്ള മറ്റു രാവുകളോ ആഘോഷിക്കരുത്. അതുപോലെ ഏതെങ്കിലും പ്രത്യേക അവസരങ്ങളില്‍ ഉദാ: ശഅബാന്‍ പതിനഞ്ചാം രാവ്, ഇസ്റാഅ് മിഅ്റാജ് , മൗലിദുന്നബവി തുടങ്ങിയ ആഘോഷങ്ങള്‍ നിഷിദ്ധമാണ്. കാരണം അല്ലാഹുവിന്‍റെ റസൂലോ (സ) സ്വഹാബത്തോ ആരും തന്നെ അപ്രകാരം ചെയ്തതായി സ്ഥിരപ്പെട്ടിട്ടില്ല. "നമ്മുടെ മതത്തില്‍ ഇല്ലാത്ത ഒരു കാര്യത്തെ (മതത്തിന്‍റെ പേരില്‍) ആരെങ്കിലും കടത്തിക്കൂട്ടിയാല്‍ അത് മടക്കപ്പെടുന്നതാണ്" എന്ന് അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചിട്ടുമുണ്ട്." - [ഫതാവ ലജ്നതുദ്ദാഇമ : 2/257-258].

അഞ്ച്: ആയുസ് വര്‍ദ്ധിക്കാനും, അപകടങ്ങള്‍ നീങ്ങാനും പ്രത്യേകമായി ശഅബാന്‍ പതിനഞ്ചാം രാവില്‍ ആറു റകഅത്തുകള്‍ നമസ്കരിക്കല്‍. ഇതും അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചിട്ടില്ലാത്ത മറ്റാരോ കടത്തിക്കൂട്ടിയ ബിദ്അത്താണ്.  

ഇത്തരം പുത്തന്‍ ആചാരങ്ങള്‍ എല്ലാം വെടിഞ്ഞ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ജീവിതത്തില്‍ പകര്‍ത്തി  ജീവിക്കാന്‍ ഓരോരുത്തരും പരിശ്രമിക്കുക. ഒരാള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ചെയ്യാന്‍ മാത്രം സുന്നത്തുകള്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) തന്നെ പഠിപ്പിച്ചിട്ടുണ്ട്. അതിലേക്ക് പുത്തന്‍ ആചാരങ്ങള്‍ കടത്തിക്കൂട്ടേണ്ടതില്ല. നിങ്ങള്‍ ആലോചിച്ച് നോക്ക് ഒരാള്‍ അമല്‍ വര്‍ദ്ധിപ്പിക്കാനും പ്രതിഫലം ആഗ്രഹിക്കാനും ഉദ്ദേശിക്കുന്നുവെങ്കില്‍ അയാള്‍ ശഅബാന്‍ പൂരിഭാഗവും നോമ്പ് പിടിച്ചുകൊള്ളട്ടെ. അതാണ്‌ റസൂല്‍ (സ) ചര്യ. അത് ഒരു പതിനഞ്ചിന് മാത്രം പരിമിതപ്പെടുത്തുന്നത് എന്തിന്. ഇനി സാധിക്കില്ലയെങ്കില്‍ അയാള്‍ അയ്യാമുല്‍ ബീള് അതായത് 13, 14, 15 ദിനങ്ങള്‍ നോമ്പ് നോല്‍ക്കട്ടെ അതും റസൂല്‍ (സ) പഠിപ്പിച്ച സുന്നത്ത് ആണ്. മാത്രമല്ല ശഅബാന്‍ മാസത്തില്‍ നോമ്പ് നോല്‍ക്കുന്നതിനാണ് യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമാസങ്ങളില്‍ നോമ്പ് നോല്‍ക്കുന്നതിനേക്കാള്‍ ശ്രേഷ്ഠത. കാരണം അവയെക്കാള്‍ ശഅബാനില്‍ അല്ലാഹുവിന്‍റെ റസൂല്‍ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. റജബിലെ നോമ്പിനാണ്  കൂടുതല്‍ ശ്രേഷ്ഠത എന്ന് പ്രചരിപ്പിക്കുന്ന ചിലരുടെ അറിവില്ലായ്മ മനസ്സിലാക്കാന്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.  അതുപോലെ രാത്രി നമസ്കാരം എല്ലാ രാവിലും ഉണ്ട്. അത് ജീവിതത്തിന്‍റെ ഭാഗമാക്കട്ടെ. അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും ഇഷ്ടപ്പെടുന്ന ഒരാള്‍ അതല്ലേ ചെയ്യേണ്ടത്. നബി (സ) യുടെ മാതൃകയല്ലേ നാം പിന്‍പറ്റേണ്ടത്. അല്ലാഹുതൗഫീഖ് നല്‍കട്ടെ. അല്ലാഹു പറയുന്നത് നോക്കൂ:

قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ
"( നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ" - [ആലുഇംറാന്‍:31].  
അഞ്ചാമതായി: ഒരു വിഷയം കൂടി സൂചിപ്പിച്ചുകൊണ്ട് ശഅബാന്‍ മാസത്തെ സംബന്ധിച്ചുള്ള ഈ ലേഖനം അവസാനിപ്പിക്കുകയാണ്. ശഅബാന്‍ മാസത്തിന്‍റെ പാതി പിന്നിട്ടാല്‍ പിന്നെ നോമ്പ് നോല്‍ക്കരുത് എന്ന് ഹദീസ് ഉണ്ടോ ?. അതിന്‍റെ വിവക്ഷ എന്താണ് ?. ശഅബാന്‍ ഏറെക്കുറെ പൂര്‍ണമായും നബി (സ) നോമ്പ് നോറ്റിരുന്നു എന്ന ഹദീസുകളും ഈ ഹദീസും തമ്മില്‍ എങ്ങനെ യോജിപ്പിച്ച് മനസ്സിലാക്കാം എന്നെല്ലാം ചിലര്‍ സംശയം ഉന്നയിക്കാറുണ്ട്. ആ ഹദീസ് ഇപ്രകാരമാണ്: 

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال : إذا بقي نصف من شعبان فلا تصوموه

അബൂ ഹുറൈറ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: " ശഅബാനിലെ പകുതി മാത്രം ബാക്കിയായാല്‍ നിങ്ങള്‍ നോമ്പ് പിടിക്കരുത്" - [തിര്‍മിദി: 749.അല്‍ബാനി: സ്വഹീഹ്]. 

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) പറയുന്നു: "അതിന്‍റെ പൊരുള്‍ ശഅബാന്‍ പാതിക്ക് വെച്ച് നോമ്പ് നോല്‍ക്കാന്‍ തുടങ്ങരുത് എന്നതാണ്. എന്നാല്‍ ഒരാള്‍ ശഅബാന്‍ പൂര്‍ണമായോ പൂരിഭാഗമോ നോമ്പെടുത്താല്‍ അവന്‍ അവന് ആ സുന്നത്ത് ലഭിച്ചിരിക്കുന്നു." - [മജ്മൂഉ ഫതാവ: വോ: 25]. 

 അഥവാ ശഅബാന്‍ പാതിക്ക് വെച്ച് നോമ്പ് നോറ്റു തുടങ്ങരുത്. എന്നാല്‍ ശഅബാന്‍ ഏറെക്കുറെ പൂര്‍ണമായും നോമ്പെടുക്കണം എന്ന ഉദ്ദേശത്തോടെ നേരത്തെ നോമ്പ് നോറ്റു തുടങ്ങിയവര്‍ക്ക് പാതി പിന്നിട്ട ശേഷവും നോമ്പ് തുടരുന്നത് കുഴപ്പമില്ല. ആ നിലക്ക് തന്നെ മറ്റു ഹദീസുകളുമായി ഈ ഹദീസിന് യാതൊരു വൈരുദ്ധ്യവുമില്ല എന്ന് മനസ്സിലാക്കാം. അതുപോലെ ശഅബാന്‍ മാസത്തിന്‍റെ അവസാനത്തില്‍ റമളാന് ഒന്നോ രണ്ടോ ദിവസം മുന്‍പായി നിങ്ങള്‍ നോമ്പ് നോല്‍ക്കരുത്. എന്നാല്‍ ആരെങ്കിലും സാധാരണയായി നോമ്പ് നോറ്റു വരുന്നയാള്‍ ആണെങ്കില്‍ ആ നോമ്പുമായി പൊരുത്തപ്പെട്ട് വന്നാല്‍ ഉദാ: തിങ്കള്‍, വ്യാഴം സ്ഥിരമായി നോല്‍ക്കുന്നവരെപ്പോലെ അവര്‍ക്ക് നോല്‍ക്കാവുന്നതാണ് എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. കാര്യങ്ങള്‍ വസ്തുനിഷ്ടമായി മനസ്സിലാക്കാനും അത് ജീവിതത്തില്‍ പകര്‍ത്താനും, നബി (സ) യുടെ ചര്യ പിന്‍പറ്റി ജീവിച്ച് നേര്‍മാര്‍ഗത്തില്‍ മരണമാടയാനും അല്ലാഹു നമുക്കേവര്‍ക്കും തൗഫീഖ് നല്‍കട്ടെ ... 

www.fiqhussunna.com

Sunday, April 14, 2019

ഉമരി, അബ്ദുൽ ജബ്ബാർ മൗലവി... എന്നെ അത്ഭുതപ്പെടുത്തിയ രണ്ടു വ്യക്തിത്വങ്ങൾ



إنا لله وإنا إليه راجعون....

ഉമരിക്ക് ശേഷം വീണ്ടും ഒരു പണ്ഡിതശ്രേഷ്ഠൻ കൂടി നമ്മോടു വിടപറഞ്ഞു.... പാണ്ഡിത്യം, വിനയം, മതപരമായ മേഖലകളിൽ പഠിക്കുന്നവരോട് കാണിക്കുന്ന കരുതലും സ്നേഹവും എന്നിങ്ങനെ ഒരുപാട് കാര്യങ്ങളിൽ അവരിരുവർക്കും സമാനതകളുമേറെയാണ്...

അഗാധ പാണ്ഡിത്യത്തിലും താഴ്മയും എളിമയും കാത്തുസൂക്ഷിച്ച വ്യക്തിത്വങ്ങൾ അല്ലാഹുവെ ഉമരിക്കും അബ്ദുൽ ജബ്ബാർ മൗലവിക്കും നീ സ്വർഗത്തിലെ ഉന്നതമായ സ്ഥാനം നൽകി ഉയർത്തേണമേ... ...

അവരുടെ വിയോഗം കൊണ്ട് ഈ ഉമ്മത്തിനുണ്ടായ കുറവ് നീ അതിനേക്കാൾ ഉത്തമമായത് നൽകി പരിഹരിക്കേണമേ...

ഉമരിയെ ആദ്യമായി കണ്ടതും പരിചയപ്പെട്ടതും അദ്ദേഹം കുവൈറ്റ് സന്ദർശിച്ച വേളയിലായിരുന്നു. അന്ന് മഅഹദുദ്ദീനിൽ വിദ്യാർത്ഥിയായിരുന്ന സമയത്ത് ഉപ്പയുടെ കൂടെ അദ്ദേഹം കാണാൻ വന്നതും ഖുർത്തുബയിലെ ഉജൈരി പള്ളിയുടെ പാർക്കിങ്ങിൽ വെച്ച് ആദ്യമായി കണ്ടതും ഇന്നും മായാതെ മനസിലുണ്ട്. അന്നെനിക്കേകദേശം പതിനാലു വയസായിരുന്നു. കെ എം മൗലവിയുടെ മകൻ, പണ്ഡിതൻ, ഇൽമ് കൊണ്ട് അറബ് ലോകത്ത് പോലും പ്രസിദ്ധനായ ശൈഖ് അബ്ദുസ്സമദ് കാത്തിബിന്റെ സഹോദരൻ എന്നിങ്ങനെ വിശേഷണങ്ങളേറെയാണ്. പിന്നീട് വിവാഹ ബന്ധത്തിലൂടെ കുടുംബ ബന്ധം കൂടിയായപ്പോൾ, കഴിയുന്നതും നാട്ടിൽ പോകുമ്പോൾ അദ്ദേഹത്തെ ചെന്ന് കാണാറുണ്ടായിരുന്നു... 

''അബ്ദുറഹ്‌മാനല്ലേ... എന്താ ബാപ്പാന്റെ വർത്താനം...'' വലിയ ഇടവേളയ്ക്ക് ശേഷം കാണുമ്പോഴും കൂടുതലും  അദ്ദേഹം തിരിച്ചറിയാറുണ്ട്. ഒപ്പം പിച്ചമ്മായിയുടെ നുറുങ്ങ് തമാശകളും..

ജബ്ബാർ മൗലവിയാകട്ടെ വാർദ്ധക്യത്തിന്റെ പ്രയാസത്തിലും അറിവ് പകർന്നുകൊടുക്കുന്നതിൽ കർമ്മനിരതനായി. ജാമിഅ അൽ ഹിന്ദിൽ നിന്നും ആരുടെയെങ്കിലും ബൈക്കിന്റെ പിറകിലോ കാറിലോ കേറി വീട്ടിൽ പോകാറാണ് പതിവ്. പലപ്പോഴും ആ സൗഭാഗ്യം എനിക്കും കിട്ടിയിട്ടുണ്ട്... ഒരിക്കെ എന്റെ പിന്നിൽ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ '' ഹനഫീ മദ്ഹബിലെ മുഅതമദായ (ആധികാരികമായ) ഗ്രന്ഥങ്ങൾ ഏതൊക്കെയാണ് എന്ന് ചോദിച്ചു. അറിയാൻ വേണ്ടിയല്ല എനിക്കുള്ള പരീക്ഷ യാണ്  എന്നറിയാമായിരുന്നു.  കുറച്ച് ഗ്രന്ഥങ്ങൾ പറഞ്ഞപ്പോൾ ഓരോ ഗ്രന്ഥത്തിന്റെയും പ്രത്യേകതകളെപ്പറ്റി അദ്ദേഹം വാചാലനായി. മറ്റൊരിക്കെ കൊണ്ടുചെന്നാക്കി തിരിച്ചുപോകാനൊരുങ്ങിയപ്പോൾ ചായകുടിച്ചിട്ട് പോയാമതി എന്നൊരേ നിർബന്ധം. അന്നാണ് മൗലവിയുടെ വീട്ടിൽ ആദ്യമായി പോയത്.

ഇൽമിയായ ചർച്ചകളിൽ അദ്ദേഹം കാണിക്കുന്ന അവധാനതയും മറ്റുള്ളവരെ കേൾക്കാനുള്ള സന്മനസ്സും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പെരിന്തല്മണ്ണയിൽവെച്ച് സകാത്തിന്റെ വിഷയത്തിൽ വിശദമായ ചർച്ച നടന്ന വേളയിൽ (സ്വർണത്തിന്റെ നിസ്വാബിനെക്കുറിച്ചായിരുന്നു ചർച്ച). വാദവും മറുവാദവും പ്രമാണങ്ങളുമായി ചർച്ച പുരോഗമിക്കുമ്പോൾ നിശബ്ദനായി ഇരുന്ന അദ്ദേഹം ചർച്ചയുടെ ഓരോ ഘട്ടത്തിലും എന്താണ് ഓരോരുത്തരും പറയുന്നത് എന്ന് പ്രത്യേകം ചോദിച്ച്‌ മനസ്സിലാക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു... ആദ്യമായി അദ്ദേഹത്തോട് ഒരുമിച്ചിരിക്കുകയും എന്നെ ഏറെ അത്ഭുതപ്പെടുത്തുകയും ചെയ്ത സന്ദർഭമായിരുന്നു അത്.

തൗഹീദി പ്രബോധന രംഗത്ത് നിസ്വാർത്ഥമായ പ്രവർത്തനം കാഴ്ചവെച്ചു ഈ പണ്ഡിതന്മാർ  മടങ്ങുമ്പോൾ നമുക്കൊരുപാട് പാഠങ്ങൾ ബാക്കി..
നമ്മുടെ വേണ്ടപ്പെട്ടവരുടെ മരണവാർത്ത എത്തുമ്പോൾ നബി (സ) അബൂ സലമക്ക് വേണ്ടി പ്രാർത്ഥിച്ചപോലെ പ്രാർത്ഥിക്കുക:

اللهم اغفر لمحي الدين عمري وعبد الجبار مولوي ، وارفع درجتهم في المهديين ، واخلفهم في عقبهم في الغابرين ، واغفر لنا ولهم يا رب العالمين ، وافسح لهم في قبرهم ونور لهم فيه ..

"അല്ലാഹുവേ,  മുഹിയുദ്ദീൻ ഉമരിക്കും അബ്ദുൽജബ്ബാർ മൗലവിക്കും നീ പൊറുത്ത് കൊടുക്കണേ. സന്മാർഗദർശികളിൽ അവരുടെ സ്ഥാനം നീ ഉയർത്തേണമേ. അവരുടെ (സൽപ്രവർത്തനങ്ങൾ, സത്സന്താനങ്ങൾ) നന്മയായി ബാക്കിയാക്കേണമേ. ഞങ്ങൾക്കും അവർക്കും നീ പൊറുത്ത് തരേണമേ. അവരുടെ ഖബർ വിശാലമാക്കിക്കൊടുക്കുകയും പ്രകാശപൂരിതമാക്കുകയും ചെയ്യേണമേ".
_______________

വിധിയെ തടുക്കാൻ നമുക്കാവില്ല. ആത്മാർത്ഥമായ പ്രാർത്ഥനയാണ് നമുക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും വലിയ കാര്യം.
അല്ലാഹു നമ്മെയെല്ലാം സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ.

Wednesday, April 3, 2019

മിഅറാജ് നോമ്പ് വസ്തുതയെന്ത് ?. ഇമാമീങ്ങൾ എന്ത് പറയുന്നു ?.



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

ഈയിടെയായി ഒരുപാട് പേർ റജബ് 27 നെ കുറിച്ചും, മിഅറാജ് നോമ്പിനെക്കുറിച്ചുമെല്ലാം ചോദിക്കുകയുണ്ടായി. യഥാർത്ഥത്തിൽ റജബ് മാസവുമായി ബന്ധപ്പെട്ട് വിശദമായ ഒരു ലേഖനം വളരെ മുൻപ് തന്നെ നമ്മൾ എഴുതിയതാണ്. ആ ലേഖനം ഈ ലിങ്കിൽ വായിക്കാം.

(റജബ് മാസത്തിന്‍റെ ശ്രേഷ്ടത - ഉള്ളതും ഇല്ലാത്തതും ഒരു ലഘു പഠനം.
http://www.fiqhussunna.com/2016/05/blog-post_4.html).

ഈ ലേഖനത്തിൽ മിഅറാജ് നോമ്പിനെക്കുറിച്ചും റജബ് ഇരുപത്തിയേഴിനെക്കുറിച്ചും മാത്രമാണ് നാം ചർച്ച ചെയ്യുന്നത്.

www.fiqhussunna.com

കൂടുതൽ മുഖവുരയില്ലാതെ വിഷയത്തിലേക്ക് കടക്കാം. നബി (സ) ഉണ്ടായ വലിയ മുഅജിസത്തുകളിൽ ഒന്നാണ് ഇസ്റാഅ മിറാജ്. എന്നാൽ അത് സംഭവിച്ചത് റജബ് 27 നാണ് എന്നത് പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടിട്ടില്ല. ഇനി ആണെങ്കിൽത്തന്നെ  റജബ് 27ന് ഇസ്റാഅ് മിഅറാജ് ആഘോഷിക്കലോ, ആ ദിവസം പ്രത്യേകമായി മിഅറാജ് നോമ്പ് എന്ന പേരിൽ നോമ്പ് പിടിക്കലോ നബി (സ) പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അപ്രകാരം ചെയ്യൽ മതത്തിൽ കെട്ടിയുണ്ടാക്കപ്പെട്ട ബിദ്അത്തുകളില്‍ പെട്ടതാണ്. റജബ് മാസവുമായി ബന്ധപ്പെട്ട് ആളുകൾ ചെയ്ത് വരുന്ന അനേകം അനാചാരങ്ങളിൽ ഒന്നാണ് അതും.

അനേകം ഇമാമീങ്ങൾ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഇമാം ഇബ്നു ദഹിയ്യ അൽമാലികി (റ) പറയുന്നു:

وذكر بعض القُصاص أن الإسراء كان في رجب، وذلك عند أهل التعديل والتجريح عين الكذب.اهـ

"ചില കഥാകാരന്മാർ ഇസ്റാഉം മിഅറാജുമുണ്ടായത് റജബിലാണ് എന്ന്
 പറഞ്ഞിട്ടുണ്ട്. എന്നാൽ ഹദീസ് നിദാനശാസ്ത്രത്തിലെ ജറഹ് വ തഅദീലിൻ്റെ പണ്ഡിതന്മാരുടെ പക്കൽ ഇത് സുവ്യക്തമായ കളവായാണ് ഗണിക്കപ്പെടുന്നത്". [أداء ما وجب من وضع الوضاعين في رجب: പേജ്: 110].

ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റഹിമഹുല്ല) തന്‍റെ تبيين العجب بما ورد في فضل رجب  അഥവാ 'റജബിന്‍റെ ഫള്'ലുമായി  ബന്ധപ്പെട്ട് വന്നിട്ടുള്ള ആശങ്കകള്‍ വ്യക്തമാക്കല്‍' എന്ന ഗ്രന്ഥത്തില്‍ പറയുന്നു:

«لم يردْ في فضلِ شهرِ رجبٍ، ولا فِي صيامِه، ولا صيامِ شيءٍ منه معيَّنٍ، ولا في قيامِ ليلةٍ مخصوصةٍ فيهِ حديثٌ صحيحٌ يصلحُ للحجَّةِ، وقد سبقني إلى الجزمِ بذلك الإمامِ أبو إسماعيل الهرويُّ الحافظُ»

"റജബ് മാസത്തിന് പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, അതില്‍ പ്രത്യേകം നോമ്പ് നോല്‍ക്കുന്നതോ, അതിലെ പ്രത്യേക ദിവസങ്ങള്‍ തിരഞ്ഞെടുത്ത് നോമ്പ് നോല്‍ക്കുന്നതോ, അതിലെ ഏതെങ്കിലും പ്രത്യേക രാവില്‍ രാത്രി നമസ്കാരം നിര്‍വഹിക്കുന്നതോ സൂചിപ്പിച്ചുകൊണ്ട് തെളിവ് പിടിക്കാന്‍ കൊള്ളാവുന്ന ഒരു ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല." - [ تبيين العجب بما ورد في فضل رجب - ص9].

മാലിക്കീ മദ്ഹബിലെ പ്രഗല്‍ഭ പണ്ഡിതനായ ഇമാം ഹത്ത്വാബ് അല്‍ മാലിക്കി റഹിമഹുല്ല തന്‍റെ 'മവാഹിബുല്‍ ജലീല്‍ ശര്‍ഹു മുഖ്തസറുല്‍ ഖലീല്‍' എന്ന ഗ്രന്ഥത്തില്‍ വോ: 3 പേജ് 320 ല്‍ ഇമാം ഇബ്നു ഹജറിന്റെ വാക്കുകള്‍ എടുത്ത് കൊടുക്കുകയും വളരെ ശക്തമായി അതിനെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.

മാത്രമല്ല തൻ്റെ വിഖ്യാത ഗ്രന്ഥമായ ഫത്ഹുൽ ബാരിയിൽ ഇസ്റാഉം മിഅറാജുമുണ്ടായത് ഏത് മാസത്തിലാണ് എന്നത് പണ്ഡിതന്മാർക്കിടയിൽ വളരെയധികം അഭിപ്രായവ്യത്യാസമുള്ള ഒരു കാര്യമാണ് എന്നും ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റഹിമഹുല്ല) വ്യക്തമാക്കുന്നത് കാണാം [ഫത്ഹുൽ ബാരി: 7/203].

വാട്സാപ്പിലൂടെ ഈയിടെയായി ധാരാളമായി പ്രചരിപ്പിക്കപ്പെട്ട ഒരു ഹദീസാണ്:

وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِي ﷺِّ قَالَ: مَنْ صَامَ يَوْمَ السَّابِعَ وَالْعِشْرِينَ مِنْ رَجَبَ كُتِبَ لَهُ ثَوَابُ صِيَامِ سِتِّينَ شَهْرًا

:അബൂഹുറയ്റ (റ) വിൽ നിന്നും നിവേദനം നബി (സ) പറഞ്ഞു: _ആരെങ്കിലും റജബ് ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിച്ചാൽ  അറുപത് മാസം നോമ്പനുഷ്ഠിച്ച പ്രതിഫലം അവന് രേഖപ്പെടുത്തുക. (ഗുൻയ:1/182,ഇഹ്യാ ഉലൂമുദ്ധീൻ  1/324 )

ഈ ഹദീസ് موضوع ആയ അഥവാ കെട്ടിച്ചമയ്ക്കപ്പെട്ട ഹദീസ് ആണ് എന്ന് പണ്ഡിതൻമാർ വ്യക്തമാക്കിയിട്ടുണ്ട്. റജബിലെ ഏതെങ്കിലും പ്രത്യേക ദിവസങ്ങൾ നോമ്പ് നൽകുന്നതുമായി ബന്ധപ്പെട്ട ഒരു ഹദീസും സ്വീകാര്യമായി വന്നിട്ടില്ല എന്നു മാത്രമല്ല കെട്ടിച്ചമയ്ക്കപ്പെട്ട ഹദീസുകൾ ആണ് എന്ന് നേരത്തെ വ്യക്തമാക്കിയല്ലോ. ഇഹ്യാ ഉലൂമുദ്ദീനിൽ ഇത്തരം കാര്യങ്ങൾ പരാമർശിക്കപ്പെട്ടതുകൊണ്ട് അത് ഉള്ള കാര്യമാണ് എന്ന് ആരും തെറ്റിദ്ധരിച്ചുപോകണ്ട എന്ന ഇമാം നവവിയുടെ ഓർമ്മപ്പെടുത്തൽ ഈ ലേഖനത്തിന്റെ അവസാന ഭാഗത്ത് നാം ഉദ്ധരിക്കുന്നുമുണ്ട്.

ഇനി ശാഫിഈ മദ്ഹബിലെ മറ്റൊരു പണ്ഡിതനായ ഇമാം ഇബ്നുൽ അത്വാർ അശ്ശാഫിഈ (റ) പറയുന്നു:

"رجب ليس فيه شيء من ذلك -أي الفضائل-، سوى ما يشارك غيره من الشهور، وكونه من الحرم، وقد ذكر بعضهم أن المعراج والإسراء كان فيه، ولم يثبت ذلك" ا.هـ.

"റജബ് മാസത്തിന് അതൊരു യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസമെന്ന നിലക്ക് മറ്റു യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളെപ്പോലെത്തന്നെയുള്ള ഫള്‌ൽ അല്ലാതെ പ്രത്യേകമായ യാതൊരു ശ്രേഷ്ഠതയുമില്ല. ഇസ്റാഉം മിഅറാജുമുണ്ടായത് റജബ് മാസത്തിലാണ് സംഭവിച്ചത് എന്ന് ചിലർ പറഞ്ഞിട്ടുണ്ട്. എന്നാൽ അത് പ്രമാണം കൊണ്ട് സ്ഥിരപ്പെട്ടിട്ടില്ല". [حكم صوم رجب وشعبان : പേജ്: 35].


മാത്രമല്ല ഇമാം നവവി (റ) തൻ്റെ ശറഹ് മുസ്‌ലിമിൽ ഇസ്റാഉം മിഅറാജുമുണ്ടായത് റജബിലല്ല എന്ന അഭിപ്രായത്തിനാണ് മുൻഗണന നൽകിയത്. മാത്രമല്ല റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച മഗ്‌രിബ് നമസ്കാരശേഷം ആഗ്രഹ സഫലീകരണ നമസ്കാരം (صلاة الرغائب) എന്ന പേരിൽ ചിലരുണ്ടാക്കിയ നമസ്കാരത്തെ അദ്ദേഹം നിശിതമായി വിമർശിക്കുകയും അതെ അങ്ങേയറ്റം എതിർക്കപ്പെടേണ്ട ബിദ്അതാണ് എന്നും അത് കെട്ടിച്ചമച്ചവർക്ക് അല്ലാഹുവിൻ്റെ ശാപമുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചതും ശ്രദ്ധേയമാണ്.

ഇമാം നവവി പറയുന്നു:

الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله

" സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും  മ്ലേച്ചവുമാണ്. 'ഖൂതുല്‍ ഖുലൂബ്' എന്ന ഗ്രന്ഥത്തിലോ, 'ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ്‌ അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ." - [അല്‍മജ്മൂഅ് : 3/548].

ഇവിടെ ഇമാം നവവിയുടെ വാക്കുകളിൽ : (ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിൽ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്). എന്ന് അദ്ദേഹത്തിൻറെ പരാമർശം വളരെ ശ്രദ്ധേയമാണ്. റജബ് 27 ആം ദിവസം നോമ്പെടുത്താൽ 60 മാസം നോമ്പെടുത്ത് പ്രതിഫലം ഉണ്ട് എന്ന് പറയുന്ന ഹദീസും ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിൽ തന്നെയാണ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്. ആ ഗ്രന്ഥത്തിൽ അത് പരാമർശിക്കപ്പെട്ടു എന്നതുകൊണ്ട് അത് തെളിവ് പറ്റില്ല എന്നർത്ഥം. മറിച്ച് ആ ഹദീസ് കെട്ടിച്ചമയ്ക്കപ്പെട്ടതാണ് എന്ന് നാം വ്യക്തമാക്കിയല്ലോ.
അതുകൊണ്ട് റജബ് മാസവുമായി ബന്ധപ്പെട്ട് ബിദ്അത്തിൻ്റെ വക്താക്കൾ കെട്ടിയുണ്ടാക്കിയ അനാചാരങ്ങളെ സൂക്ഷിക്കുക. അല്ലാഹുവിന്റെ റസൂൽ (സ) പഠിപ്പിച്ച അനേകം സുന്നത്തുകൾ തന്നെ ഉണ്ടായിരിക്കെ ബിദ്അത്തുകളുടെ പിറകെ പോയി പരലോകം നഷ്ടപ്പെടുത്താതിരിക്കുക.
നബി (സ) യോ, സ്വഹാബത്തോ ആരും തന്നെ റജബ് 27 ആഘോഷിച്ചതായോ പ്രത്യേകം സുന്നത്ത് നോമ്പ് എടുത്തതായോ ഒരു സ്വഹീഹായ ഹദീസിലും സ്ഥിരപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ അപ്രകാരം ചെയ്യൽ നിഷിദ്ധമാണ്.
മതത്തിൽ പുത്തൻ ആചാരങ്ങൾ ഉണ്ടാക്കൽ വളരെ ഗൗരവപരമാണ്.  നബി (സ) ഇപ്രകാരം പറഞ്ഞു:

من عمل عملا ليس عليه أمرنا فهو رد 


റസൂല്‍ (സ) പറഞ്ഞു: "കല്പനയില്ലാത്ത ഒരുകാര്യം (നമ്മുടെ ഈ മതത്തില്‍) വല്ലവനും പുതുതായുണ്ടാക്കിയാല്‍ അത് മടക്കപ്പെടുന്നതാണ്" - [ബുഖാരി, മുസ്‌ലിം].

അഥവാ അത് അവന്‍റെ മേല്‍ ശിക്ഷയായി മടങ്ങുന്നതാണ്. കാരണം അല്ലാഹുവിന്‍റെ റസൂല്‍ മതപരമായ എല്ലാ കര്‍മങ്ങളും വിശ്വാസികള്‍ക്ക് പഠിപ്പിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിചിട്ടില്ലാത്ത ആചാരങ്ങളോ അനുഷ്ഠാനങ്ങളോ അനുഷ്ടിക്കുക വഴി നബി (സ) ദൗത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തി എന്ന് ആരോപിക്കുംവിധം നബി (സ) അപകീര്‍ത്തിപ്പെടുത്തുകയാണ് അത് ചെയ്യുന്നവർ ചെയ്യുന്നത്.  മിഅ്റാജ് നോമ്പ് അനുഷ്ടിക്കുന്നവരും ഇതില്‍ നിന്നും വ്യത്യസ്ഥമല്ല. കാരണം അങ്ങനെയൊരു നോമ്പ് നബി (സ) പഠിപ്പിച്ചിട്ടില്ല. അല്ലാഹു നമ്മെ എല്ലാവിധ തിന്മകളിൽ നിന്നും കാത്തുരക്ഷിക്കട്ടെ. റജബുമായി ബന്ധപ്പെട്ട് കൂടുതൽ മനസ്സിലാക്കാൻ മുകളിൽ സൂചിപ്പിച്ച ലേഖനം വായിക്കുക. റജബ് മാസവുമായി ബന്ധപ്പെട്ട് കെട്ടിച്ചമക്കപ്പെട്ട ഹദീസുകളെന്ന പേരിൽ പ്രചാരത്തിലുള്ള അനേകം മൗളൂആയ ഹദീസുകളെ സംബന്ധിച്ചും ആ ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ ..

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ

Sunday, March 17, 2019

ന്യൂസ്ലാൻഡിൽ മരണപ്പെട്ടവർക്ക് വേണ്ടി കുവൈറ്റിലെ പള്ളികളിൽ മയ്യിത്ത് നമസ്കരിക്കാൻ ഔഖാഫ് നിർദേശം . അതിൽ പങ്കെടുക്കാമോ ?.



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، أما بعد؛

ഈ കഴിഞ്ഞ വെള്ളിയാഴ്ച (15/3/ 2019) ന്യൂസിലൻഡിലെ പള്ളിയിൽ, വളരെ നികൃഷ്ടവും ക്രൂരവുമായ തീവ്രവാദി ആക്രമണത്തിനിരയായി കൊല്ലപ്പെട്ട  അനേകം മുസ്‌ലിം സഹോദരന്മാർക്ക് വേണ്ടി ഇന്ന് (17/3/ 2019) ന് ഞായറാഴ്ച മഗ്‌രിബ് നമസ്കാരാനന്തരം കുവൈറ്റിലെ പള്ളികളിൽ മയ്യിത്ത് നമസ്കാരം നിർവഹിക്കാൻ മതകാര്യ മന്ത്രാലയം (ഔഖാഫ്) ഇമാമുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അല്ലാഹു ആ സഹോദരങ്ങളെ രക്തസാക്ഷികളായി സ്വീകരിക്കട്ടെ.

പല സഹോദരങ്ങളും ഇതിനെക്കുറിച്ച് അതിൽ പങ്കെടുക്കാമോ എന്ന് ചോദിക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ ആണ് ഈ കുറിപ്പ് എഴുതുന്നത്. മയ്യിത്തിന്റെ അസാന്നിദ്ധ്യത്തിൽ മയ്യിത്ത് നമസ്കാരം നിർവഹിക്കൽ അഥവാ (ഗാഇബിനുള്ള മയ്യിത്ത് നമസ്കാരം)  എന്ന വിഷയം അതിലെ വ്യത്യസ്ത അഭിപ്രായങ്ങളും പ്രബലമായ അഭിപ്രായവും എല്ലാം വ്യക്തമാക്കി മുൻപ് വിശദമായി നാം വിശദീകരിച്ചതാണ്. ആ ലേഖനം ഇവിടെ വായിക്കാം: (http://www.fiqhussunna.com/2015/07/blog-post_64.html

ഗാഇബിന് വേണ്ടിയുള്ള മയ്യത്ത് നമസ്കാരം. - ഒരു ലഘു പഠനം).



ഒരു മയ്യിത്തിന് വേണ്ടി ആ നാട്ടിലെ ആളുകൾ മയ്യിത്ത് നമസ്കാരം നിവഹിക്കുന്നുണ്ടെങ്കിൽ, പിന്നെ ആ മയ്യിത്തിന് മയ്യിത്തിന്റെ അസാന്നിദ്ധ്യത്തിൽ മറ്റുള്ളവർക്ക് നമസ്‌കരിക്കാമോ എന്നത് ഫുഖഹാക്കൾക്കിടയിൽ അഭിപ്രായഭിന്നതയുള്ള ഒരു വിഷയമാണ്. പ്രബലമായ അഭിപ്രായപ്രകാരം ഒരു നാട്ടിൽ ആരും ആ മയ്യിത്തിന് വേണ്ടി നമസ്കരിച്ചില്ലെങ്കിൽ ആണ് ഗാഇബിന്റെ മയ്യിത്ത് നമസ്കാരം നിർവഹിക്കേണ്ടത് എന്നതാണ്. കാരണം നബി (സ) നജ്‌ജാശി  (റ) രാജാവിനല്ലാതെ മറ്റാർക്കും മയ്യിത്തിന്റെ അസാന്നിധ്യത്തിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ചിട്ടില്ല. എന്നാൽ ആ ഹദീസിന്റെ അടിസ്ഥാനത്തിൽ നിരുപാധികം മയ്യിത്തിന്റെ അസാന്നിധ്യത്തിൽ മയ്യിത്ത് നമസ്കാരം നിർവഹിക്കാം എന്ന് പറഞ്ഞ ഫുഖഹാക്കളും ഉണ്ട്. ഏതായാലും പ്രമാണത്തിന്റെ അടിസ്ഥാനത്തിൽത്തന്നെ അഭിപ്രായഭിന്നതയുള്ള ഒരു വിഷയമായതിനാൽ (خلاف معتبر) ആയ അഥവാ, അഭിപ്രായഭിന്നതക്ക് സാധുതയുള്ള ഒരു വിഷയമായാണ് ഈ വിഷയം ഫുഖഹാക്കൾക്കിടയിൽ പരിഗണിക്കപ്പെടുന്നത്. അത്തരം ഒരു വിഷയത്തിൽ മുസ്‌ലിം ഭരണാധികാരി സ്വീകരിക്കുന്ന നിലപാട് അഭിപ്രായ ഭിന്നതയെ ഇല്ലാതാക്കും. അഥവാ (حكم الحاكم يرفع الخلاف)  അതായത് ഭിന്നാഭിപ്രായമുള്ള ഒരു വിഷയത്തിൽ മുസ്‌ലിം ഭരണാധികാരി തിരഞ്ഞെടുക്കുന്ന അഭിപ്രായം ആ വിഷയത്തിലെ ഭിന്നത നീക്കം ചെയ്യുമെന്നർത്ഥം. ഇന്നവർക് വേണ്ടി നമസ്കരിക്കണം എന്ന് ഭരണാധികാരി നിർദേശിച്ചാൽ പ്രത്യേകിച്ചും. അഥവാ തത് വിഷയത്തിൽ തനിക്ക് വ്യക്തിപരമായി മറ്റൊരു അഭിപ്രായമാണെങ്കിൽ കൂടി, വ്യത്യസ്ഥ അഭിപ്രായങ്ങളിൽ നിന്നും ഭരണാധികാരി തിരഞ്ഞെടുത്ത അഭിപ്രായത്തോട് യോജിച്ചു നിൽക്കുകയാണ് ചെയ്യേണ്ടത്. ഇത് ഫിഖ്ഹിലെ ഒരടിസ്ഥാന തത്വമാണ്. മാത്രമല്ല ഇപ്പോഴത്തെ സംഭവം ലോക മുസ്ലിംകളെ മുഴുവൻ ബാധിച്ച ഒരു പ്രത്യേക സംഭവം കൂടിയായതിനാലാണ് അത് നിർവഹിക്കാൻ ഔഖാഫ് നിർദേശിച്ചത് എന്നത് ശ്രദ്ധേയമാണ്.

 മുസ്ലിംകൾക്ക് ബാധിച്ച ഒരു പ്രത്യേക അപകടമായതിനാലും, അതിൽ ആ സഹോദരങ്ങൾക്ക് വേണ്ടി നമസ്കരിക്കുക എന്ന അഭിപ്രായമാണ് മതകാര്യവകുപ്പ് സ്വീകരിച്ചത് എന്നതിനാലും തന്റെ  അഭിപ്രായം  വിപരീതമാണെങ്കിൽപ്പോലും  അതിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല. മറിച്ച് ഇത്തരം വിഷയങ്ങളിൽ ഭരണകർത്താക്കൾ കൃത്യമായ ഒരു നിലപാട് അറിയിച്ചാൽ അതിനോട് സഹകരിക്കുകയാണ് ചെയ്യേണ്ടത്. കാരണം നേരത്തെ സൂചിപ്പിച്ചതുപോലെ പ്രാമാണികമായിത്തന്നെ അഭിപ്രായ ഭിന്നത നിലനിൽക്കുന്ന ഒരു വിഷയമാണത്.

കൂടുതൽ മനസ്സിലാക്കാൻ ഗാഇബിന് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരത്തെപറ്റിയുള്ള നേരത്തെ സൂചിപ്പിച്ച ലേഖനം വായിക്കുക.

അല്ലാഹു അനുഗ്രഹിക്കട്ടെ...
____________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ 

Monday, February 18, 2019

റജബ് മാസത്തിൻറെ ശ്രേഷ്ഠത ഉള്ളതും ഇല്ലാത്തതും - ഒരു ലഘുപഠനം.



الحمد لله ، والصلاة والسلام على رسول الله وعلى آله وصحبه أجمعين، أما بعد؛

അല്ലാഹുപവിത്രമാക്കിയ യുദ്ധം നിഷിദ്ധമായ നാല് മാസങ്ങളില്‍ ഒന്നാണ് റജബ് മാസം. അല്ലാഹു പറയുന്നു:

 إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلَا تَظْلِمُوا فِيهِنَّ أَنْفُسَكُمْ 

"ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച്‌ അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം ( യുദ്ധം ) വിലക്കപ്പെട്ട  മാസങ്ങളാകുന്നു. അതാണ്‌ വക്രതയില്ലാത്ത മതം. അതിനാല്‍ ആ ( നാല്‌ ) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട്‌ തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌." - [തൗബ: 36].

www. fiqhussunna.com

ഇമാം ത്വബ്'രി (റ) ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും ഈ ആയത്തിന്‍റെ തഫ്സീറില്‍ ഉദ്ദരിച്ചത് കാണാം: "എല്ലാ മാസങ്ങളിലും സ്വന്തത്തോട് അക്രമം പ്രവര്‍ത്തിക്കല്‍ (അഥവാ അധര്‍മ്മം ചെയ്യല്‍) നിഷിദ്ധമാണ്. പിന്നീട് അതില്‍ നിന്നും നാല് മാസങ്ങളെ അല്ലാഹു പ്രത്യേകം എടുത്ത് പറഞ്ഞു. അവയുടെ പവിത്രതയെ മഹത്വപ്പെടുത്തുകയും, അവയിലെ പാപങ്ങളെ ഗൗരവപരമായ പാപങ്ങളും അവയിലെ നന്മകളെ അതിമഹത്തായതായ നന്മകളുമാക്കിയിരിക്കുന്നു." - [തഫ്സീര്‍ ത്വബരി: തൗബ: 36].

  പവിത്രമാക്കപ്പെട്ട നാല് മാസങ്ങളില്‍ ഒന്ന് എന്ന നിലക്കും, ആ മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത് എന്ന് പ്രത്യേകം എടുത്ത് പറഞ്ഞതിനാലും ആ മാസങ്ങള്‍ക്ക് പ്രാധാന്യമുണ്ട്.

അബൂബക്കര്‍ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: " ഒരു വര്‍ഷം പന്ത്രണ്ട് മാസമാകുന്നു. അതില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാണ്. അതില്‍ മൂന്നെണ്ണം തുടര്‍ച്ചയായി വരുന്ന മാസങ്ങളാണ്, അഥവാ ദുല്‍ഖഅദ, ദുല്‍ഹിജ്ജ, മുഹര്‍റം. ജുമാദക്കും ശഅബാനിനും ഇടയിലുള്ള മുളറിന്റെ റജബുമാണത്"  - [متفق عليه]. ഇവിടെ മുളറിന്റെ റജബ് എന്നു പറയാന്‍ കാരണം, പവിത്രമാക്കപ്പെട്ട റജബ് മാസം ഏത് എന്നതില്‍ മുളര്‍ ഗോത്രത്തിനും റബീഅ ഗോത്രത്തിനും ഇടയില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. അത് റമളാന്‍ ആണ് എന്നായിരുന്നു റബീഅ ഗോത്രക്കാര്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ മുളര്‍ ഗോത്രക്കാരുടെ വാദം ശരിവച്ചുകൊണ്ടാണ് 'റജബു മുളര്‍' എന്ന് നബി (സ) വ്യക്തമാക്കിയത്.

യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമായ മാസവും തിന്മകളെ അതിഗൗരവപരമായി പഠിപ്പിക്കപ്പെട്ടതും, നന്മകളെ ഏറെ മഹത്വകാരവും പ്രോത്സാഹനീയവുമായി പഠിപ്പിക്കപ്പെട്ടതുമായ മാസങ്ങളില്‍ ഒരു മാസം എന്നതൊഴിച്ചാല്‍,  പ്രത്യേകമായ മറ്റു ശ്രേഷ്ഠതകളോ ആചാരങ്ങളോ റജബ് മാസത്തിന് പഠിപ്പിക്കപ്പെട്ടിട്ടില്ല. ധാരാളം കെട്ടിച്ചമക്കപ്പെട്ട ഹദീസുകളും, ദുര്‍ബല ഹദീസുകളും തെളിവാക്കി ഒട്ടനേകം അനാചാരങ്ങള്‍ റജബ് മാസത്തില്‍ പലരും പ്രവര്‍ത്തിച്ചു വരുന്നതായിക്കാണാം. അത് സംബന്ധമായ വസ്തുതകളെക്കുറിച്ചാണ് നാം ഇവിടെ ചര്‍ച്ച ചെയ്യുന്നത്. അതുമായി ബന്ധപ്പെട്ട ഇമാമീങ്ങളുടെ വാക്കുകളിലേക്ക് നമുക്ക് കണ്ണോടിക്കാം:

ഒന്നാമതായി: റജബ് മാസത്തിന് മാത്രം പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, പ്രത്യേകമായ ആരാധനകളോ ഒന്നും തന്നെ നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ല.

ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റഹിമഹുല്ല) തന്‍റെ تبيين العجب بما ورد في فضل رجب  അഥവാ 'റജബിന്‍റെ ഫള്'ലുമായി  ബന്ധപ്പെട്ട് വന്നിട്ടുള്ള ആശങ്കകള്‍ വ്യക്തമാക്കല്‍' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: 

قال الحافظُ ابنُ حجرٍ رحمه الله في : «لم يردْ في فضلِ شهرِ رجبٍ، ولا فِي صيامِه، ولا صيامِ شيءٍ منه معيَّنٍ، ولا في قيامِ ليلةٍ مخصوصةٍ فيهِ حديثٌ صحيحٌ يصلحُ للحجَّةِ، وقد سبقني إلى الجزمِ بذلك الإمامِ أبو إسماعيل الهرويُّ الحافظُ»
"റജബ് മാസത്തിന് പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, അതില്‍ പ്രത്യേകം നോമ്പ് നോല്‍ക്കുന്നതോ, അതിലെ പ്രത്യേക ദിവസങ്ങള്‍ തിരഞ്ഞെടുത്ത് നോമ്പ് നോല്‍ക്കുന്നതോ, അതിലെ ഏതെങ്കിലും പ്രത്യേക രാവില്‍ രാത്രി നമസ്കാരം നിര്‍വഹിക്കുന്നതോ സൂചിപ്പിച്ചുകൊണ്ട് തെളിവ് പിടിക്കാന്‍ കൊള്ളാവുന്ന ഒരു ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എനിക്ക് മുന്‍പ് ഇമാം ഹാഫിള് അബൂ ഇസ്മാഈല്‍ അല്‍ ഹറവി തന്നെ അക്കാര്യം തീര്‍ത്ത് പറഞ്ഞിട്ടുണ്ട്." - [ تبيين العجب بما ورد في فضل رجب - ص9]. മാലിക്കീ മദ്ഹബിലെ പ്രഗല്‍ഭ പണ്ഡിതനായ ഇമാം ഹത്ത്വാബ് അല്‍ മാലിക്കി റഹിമഹുല്ല തന്‍റെ 'മവാഹിബുല്‍ ജലീല്‍ ശര്‍ഹു മുഖ്തസറുല്‍ ഖലീല്‍' എന്ന ഗ്രന്ഥത്തില്‍ വോ: 3 പേജ് 320 ല്‍ ഇമാം ഇബ്നു ഹജറിന്റെ വാക്കുകള്‍ എടുത്ത് കൊടുക്കുകയും വളരെ ശക്തമായി അതിനെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.

റജബ് മാസത്തില്‍ ആരാധനകള്‍ അനുഷ്ടിക്കുന്നത് എന്ന നിഷിദ്ധമാണ് എന്ന നിലക്കല്ല, എന്നാല്‍ പ്രത്യേകമായി റജബ് മാസമാണ് എന്ന കാരണത്താല്‍ ആരാധനകള്‍ അര്‍പ്പിക്കല്‍ ഒരര്‍ത്ഥത്തിലും സ്ഥിരപ്പെട്ട് വന്നിട്ടില്ല. പവിത്രമാക്കപ്പെട്ട മാസങ്ങള്‍ എന്ന നിലക്ക് ദുല്‍ഖഅദ, ദുല്‍ഹിജ്ജ, മുഹര്‍റം മാസങ്ങള്‍ക്ക് എന്ത് ശ്രേഷ്ഠതയാണോ ഉള്ളത് അതുമാത്രമേ റജബിനും ഉള്ളൂ.

രണ്ടാമതായി: റജബുമായി ബന്ധപ്പെട്ട് ധാരാളം കെട്ടിച്ചമക്കപ്പെട്ട ഹദീസുകള്‍ ഉണ്ട്. നബി (സ) യുടെ മേല്‍ കളവായി കെട്ടിച്ചമക്കപ്പെട്ടവയാണവ. മറ്റു ചിലത് ളഈഫായവയും: 

  1. "ആദ്യമായി റജബ് മാസം അറിയിക്കുന്നവന് നരകം നിഷിദ്ധമാണ്" (ഇങ്ങനെയൊരു ഹദീസ് പ്രാമാണികമായ ഒരു ഹദീസ് ഗ്രന്ഥങ്ങളിലും ഇല്ല എന്ന് മാത്രമല്ല. അല്ലാഹുവിന്‍റെ റസൂലിന്‍റെ മേലുള്ള പച്ചക്കളവാണ്. ഇന്‍റര്‍നെറ്റിലൂടെ ആരോ പടച്ചുവിട്ട കളവ്).
    .
  2. "റജബ് അല്ലാഹുവിന്‍റെ മാസമാണ്. ശഅബാന്‍ എന്റെയും റമളാന്‍ എന്‍റെ ഉമ്മത്തിന്റെയും" - (ഈ ഹദീസ്, ضعيف അഥവാ ദുര്‍ബലമാണ്)
    .
  3. "റജബില്‍ നിന്ന് ഈമാനോടെയും, പ്രതിഫലേച്ഛയോടെയും ആരെങ്കിലും നോമ്പ് നോല്‍ക്കുകയാണെങ്കില്‍......" - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
    .
  4.  "റജബിന് മറ്റു സര്‍വ മാസങ്ങളെക്കാളുമുള്ള ശ്രേഷ്ഠത .... " - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
    .
  5.  "റജബില്‍ ഒരു വിശ്വാസിയുടെ പ്രയാസം ആരെങ്കിലും നീക്കിക്കൊടുത്താല്........ " - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
    .
  6. "റജബിലെ ദിനങ്ങള്‍ ആറാനാകാശത്തിലെ കവാടത്തിന്മേല്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അതില്‍ നിന്ന് ഒരു ദിനമെങ്കിലും ആരെങ്കിലും നോമ്പ് പിടിച്ചാല്‍ ......." - (അതിന്‍റെ സനദില്‍ മുഹദ്ദിസീങ്ങള്‍ كذاب അഥവാ കളവ് പറയുന്നവന്‍ എന്ന് രേഖപ്പെടുത്തിയ ആളുണ്ട്. അതിനാല്‍ അത് അത്യധികം ദുര്‍ബലമാണ്).
    .
  7. "റജബിലെ ഒരു ദിവസം ആരെങ്കിലും നോമ്പ് പിടിക്കുകയും നാല് റകഅത്ത് പ്രത്യേക നമസ്കാരം നിര്‍വഹിക്കുകയും ചെയ്‌താല്‍ ........" - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
    .
  8. "റജബ് ഇരുപത്തിയേഴാം രാവില്‍ ആരെങ്കിലും രാത്രി നിന്ന് നമസ്കരിച്ചാല്‍ ................." - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
    .
  9. "റജബ് പകുതിയിലെ രാവില്‍ ആരെങ്കിലും പതിനാല് റകഅത്ത് നമസ്കരിച്ചാല്‍......" - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
    .
  10.  "റജബ് ഇരുപത്തിയേഴിനാണ് ഞാന്‍ പ്രവാചകനായി നിയോഗിക്കപ്പെട്ടത്" - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
    .
  11.  "അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും ശഅബാനിലും ബര്‍ക്കത്ത് ചൊരിയേണമേ.. നീ ഞങ്ങള്‍ക്ക് റമളാന്‍ വന്നെത്തിക്കേണമേ" - (ഈ ഹദീസ് ضعيف അഥവാ ദുര്‍ബലമാണ്).
 ഇമാം ഇബ്നു ഹജര്‍ അല്‍അസ്ഖലാനി റഹ്മതുല്ലാഹി അലൈഹി സൂചിപ്പിച്ചത് പോലെ ഇത്തരത്തില്‍ റജബിന്‍റെ മഹത്വം പ്രത്യേകമായി എടുത്ത് പറഞ്ഞുകൊണ്ട് വന്ന എല്ലാ ഹദീസുകളും ഒന്നുകില്‍ ദുര്‍ബലമോ അല്ലെങ്കില്‍ കെട്ടിച്ചമക്കപ്പെട്ട കളവോ ആണ്.റജബുമായി ബന്ധപ്പെട്ട് ഇമാം ഇബ്നു ഹജര്‍ റഹ്മതുല്ലാഹി അലൈഹി സമാഹരിച്ച ദുര്‍ബല ഹദീസുകളുടെ എണ്ണം പതിനൊന്നും, മൗളൂആയ കെട്ടിച്ചമക്കപ്പെട്ട കള്ളഹദീസുകളുടെ എണ്ണം ഇരുപത്തി ഒന്നോളവും ആണ്. അദ്ദേഹം പറയുന്നു: "റജബ് മാസത്തിന്‍റെ ശ്രേഷ്ഠതയോ, റജബ് മാസത്തില്‍ നോമ്പെടുക്കുന്നതിന്റെ ശ്രേഷ്ഠതയോ, അതില്‍ ഏതെങ്കിലും പ്രത്യേകമായ ദിവസത്തിലെ നോമ്പിന്‍റെ പ്രത്യേകതയോ സൂചിപ്പിച്ചുകൊണ്ട് പ്രത്യക്ഷമായി വന്ന ഹദീസുകള്‍ എല്ലാം തന്നെ രണ്ട് ഇനങ്ങളാണ്: ഒന്ന് ദുര്‍ബലവും മറ്റൊന്ന് കെട്ടിച്ചമക്കപ്പെട്ടതും"

മൂന്നാമതായി: റജബ് മാസത്തിന് മറ്റു മാസങ്ങള്‍ക്കില്ലാത്ത പ്രത്യേകമായ ശ്രേഷ്ഠത കല്‍പിക്കലും അതില്‍ പ്രത്യേക ആചാരങ്ങള്‍ അനുഷ്ടിക്കലും  ജാഹിലിയാ കാലഘട്ടത്തിലെ പ്രവര്‍ത്തിയാണ്:

ഉമര്‍ ബ്നുല്‍ ഖത്താബ് (റ) വില്‍ നിന്നും ഇമാം ഇബ്നു അബീ ശൈബ റഹിമഹുല്ലാഹ് ഉദ്ദരിക്കുന്നു: " റജബ് ജാഹിലിയത്തിലെ ആളുകള്‍ മഹത്വവല്‍ക്കരിച്ചിരുന്ന മാസമാണ്. ഇസ്‌ലാം വന്നതിനു ശേഷം അത് ഉപേക്ഷിക്കപ്പെട്ടു". - [മുസ്വന്നഫ് ഇബ്നു അബീ ശൈബ: 2/ 345].

നാലാമതായി:
  റജബ് 27ന് ഇസ്റാഅ് മിഅറാജ് ആഘോഷിക്കലും ആ ദിവസം നോമ്പ് പിടിക്കലും ബിദ്അത്തുകളില്‍ പെട്ടതാണ്. 

നബി (സ) യോ, സ്വഹാബത്തോ ആരും തന്നെ അപ്രകാരം ഒരു ദിനം ആഘോഷിച്ചതായി സ്ഥിരപ്പെട്ടിട്ടില്ല.

റസൂല്‍ (സ) പറഞ്ഞു: "നമ്മുടെ ഈ മതത്തില്‍ ഇല്ലാത്തതിനെ വല്ലവനും പുതുതായുണ്ടാക്കിയാല്‍ അത് മടക്കപ്പെടുന്നതാണ്" - [ബുഖാരി, മുസ്‌ലിം]. അഥവാ അത് അവന്‍റെ മേല്‍ ശിക്ഷയായി മടങ്ങുന്നതാണ്. കാരണം അല്ലാഹുവിന്‍റെ റസൂല്‍ മതപരമായ എല്ലാ കര്‍മങ്ങളും വിശ്വാസികള്‍ക്ക് പഠിപ്പിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിചിട്ടില്ലാത്ത ആഘോഷങ്ങള്‍ അനുഷ്ടിക്കുക വഴി നബി (സ) ദൗത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തി എന്ന് ആരോപിക്കുംവിധം നബി (സ) അപകീര്‍ത്തിപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്.  മിഅ്റാജ് നോമ്പ് അനുഷ്ടിക്കുന്നവരും ഇതില്‍ നിന്നും വ്യത്യസ്ഥമല്ല. കാരണം അങ്ങനെയൊരു നോമ്പ് നബി (സ) പഠിപ്പിച്ചിട്ടില്ല.ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി റഹിമഹുല്ല പറയുന്നു: "റജബ് മാസത്തിന് പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, അതില്‍ പ്രത്യേകം നോമ്പ് നോല്‍ക്കുന്നതോ, അതിലെ പ്രത്യേക ദിവസങ്ങള്‍ തിരഞ്ഞെടുത്ത് നോമ്പ് നോല്‍ക്കുന്നതോ, അതിലെ ഏതെങ്കിലും പ്രത്യേക രാവില്‍ രാത്രി നമസ്കാരം നിര്‍വഹിക്കുന്നതോ സൂചിപ്പിച്ചുകൊണ്ട് തെളിവ് പിടിക്കാന്‍ കൊള്ളാവുന്ന ഒരു ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല." - [ تبيين العجب بما ورد في فضل رجب - ص9].

അഞ്ചാമതായി:  റജബ് മാസത്തില്‍ പ്രത്യേകം ഉംറ ചെയ്യല്‍. ഉംറ ഏത് മാസങ്ങളിലും നിര്‍വഹിക്കാവുന്നതാണ്. എന്നാല്‍ റജബ് മാസത്തിലെ ഉംറക്ക് പ്രത്യേക പുണ്യമുണ്ട് എന്ന് പ്രതീക്ഷിച്ചുകൊണ്ട് ഉംറ കര്‍മം നിര്‍വഹിക്കുന്നത് ബിദ്അത്തുകളില്‍ പെട്ടതാണ്. മാത്രമല്ല റജബ് മാസത്തില്‍ പ്രത്യേകമായി ഉംറ കര്‍മം നിര്‍വഹിക്കുന്ന ആളുകള്‍ക്ക് റസൂല്‍ (സ) യുടെ പത്നി മഹതിയായ ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ (റ) തന്നെ മറുപടി നല്‍കിയിട്ടുമുണ്ട്. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും മഹതിയായ ആയിശ (റ) യില്‍ നിന്നും ഉദ്ദരിക്കുന്നു:
ما اعتمر رسول الله صلى الله عليه وسلم في رجب قط

"റസൂല്‍ (സ) ഒരിക്കലും റജബ് മാസത്തില്‍ ഉംറ നിര്‍വഹിച്ചിട്ടില്ല" - [ബുഖാരി: 1776, മുസ്‌ലിം: 1255].

ഇമാം നവവി റഹിമഹുല്ലയുടെ ശിഷ്യന്മാരില്‍ പ്രഗല്‍ഭനായ ഇബ്നുല്‍ അത്ത്വാര്‍ റഹിമഹുല്ല പറയുന്നു:

" ومما بلغني عن أهل مكة زادها الله شرفاً اعتياد كثرة الاعتمار في رجب , وهذا مما لا أعلم له أصلاً , بل ثبت في حديث أن النبي صلى الله عليه وسلم قال : ( عمرة في رمضان تعدل حجة ) "

"മക്കക്കാരെക്കുറിച്ച് അവര്‍ റജബ് മാസത്തില്‍ ധാരാളമായി ഉംറ കര്‍മം നിര്‍വഹിക്കുന്നത് എനിക്കറിയാന്‍ സാധിച്ചു. അതിന് യാതൊരു അടിസ്ഥാനവുമുള്ളതായി എനിക്കറിയില്ല. "ആരെങ്കിലും റമളാനില്‍ ഒരു ഉംറ നിര്‍വഹിച്ചാല്‍ അത് ഹജ്ജ് നിര്‍വഹിച്ചതുപോലെയാണ്" എന്നാണ് നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ടിട്ടുള്ളത്".

ഉംറക്ക് മറ്റു മാസങ്ങളേക്കാള്‍ പ്രത്യേകമായ ശ്രേഷ്ഠത പഠിപ്പിക്കപ്പെട്ടിട്ടുള്ളത്‌ റമളാനിനും, ശവാല്‍, ദുല്‍ഖഅദ, ദുല്‍ഹിജ്ജ എന്നീ ഹജ്ജ് മാസങ്ങള്‍ എന്നറിയപ്പെടുന്ന മൂന്ന്‍ മാസങ്ങള്‍ക്കുമാണ്.

ആറാമതായി: 
 (صلاة الرغائب) ആഗ്രഹ സഫലീകരണ നമസ്കാരം ഇതും റജബ് മാസത്തോടനുബന്ധിച്ച് ചിലര്‍ ഉണ്ടാക്കിയ അനാചാരമാണ്. ഇമാം നവവി പറയുന്നു: 

الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله 

" സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും  മ്ലേച്ചവുമാണ്. 'ഖൂതുല്‍ ഖുലൂബ്' എന്ന ഗ്രന്ഥത്തിലോ, 'ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ്‌ അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ." - [അല്‍മജ്മൂഅ് : 3/548]. 

ഏഴാമതായി: (عتيرة رجب) അഥവാ റജബ് മാസത്തിലെ അറവ്. ജാഹിലിയാ കാലഘട്ടത്തിലെ ആളുകള്‍ ഉളുഹിയത്ത് പോലെ റജബ് മാസത്തില്‍ അനുഷ്ടിച്ച് പോന്നിരുന്ന ഒരാചാരമായിരുന്നു 'അതീറതു റജബ്' അഥവാ റജബ് മാസത്തിലെ അറവ്. ഇസ്‌ലാം വന്നതിനു ശേഷം ഈ അനുഷ്ടാനം നിലനില്‍ക്കുന്നുണ്ടോ ഇല്ലയോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. അത് അനുവദിക്കുന്നതായും, വിരോധിക്കുന്നതായും വന്ന ഹദീസുകള്‍ ആണ് ഈ അഭിപ്രായഭിന്നത ഉണ്ടാകാന്‍ കാരണം.

വ്യത്യസ്ഥ അഭിപ്രായങ്ങളാണ് പ്രസ്തുത വിഷയത്തില്‍ ഫുഖഹക്കള്‍ക്ക് ഉള്ളത്.  

ഒന്നാമത്തെ അഭിപ്രായം അത് പുണ്യകരമാണ്. മഹാനായ ഇമാം ശാഫിഇ റഹിമഹുല്ല ഈ അഭിപ്രായക്കാരനാണ്. അതിന് അദ്ദേഹം തെളിവ് പിടിച്ച ഹദീസുകള്‍  ഇപ്രകാരമാണ്:

عن عمرو بن شعيب عن أبيه عن جده أن النبي صلى الله عليه وسلم سئل عن َالْعَتِيرَةُ فقَالَ : ( الْعَتِيرَةُ حَقٌّ )

അംറു ബ്നു ശുഐബ് അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും അദ്ദേഹം തന്‍റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു: നബി (സ) യോട് അതീറയെക്കുറിച്ച് (അഥവാ റജബ് മാസത്തിലെ അറവിനെക്കുറിച്ച്) ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അതീറ സത്യമാണ്." - [മുസ്നദ് അഹ്മദ്: 6674, നസാഇ: 4225, അല്‍ബാനി: ഹദീസ് ഹസന്‍, സ്വഹീഹുല്‍ ജാമിഅ്: 4122].

അതുപോലെ: 

عن مِخْنَفِ بْنِ سُلَيْمٍ قَالَ : كُنَّا وُقُوفًا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِعَرَفَاتٍ فَسَمِعْتُهُ يَقُولُ : ( يَا أَيُّهَا النَّاسُ عَلَى كُلِّ أَهْلِ بَيْتٍ فِي كُلِّ عَامٍ أُضْحِيَّةٌ وَعَتِيرَةٌ . هَلْ تَدْرُونَ مَا الْعَتِيرَةُ ؟ هِيَ الَّتِي تُسَمُّونَهَا الرَّجَبِيَّةَ  

മിഖ്നഫ് ബ്ന്‍ സുലൈം പറഞ്ഞു: ഞങ്ങള്‍ നബി (സ) യോടൊപ്പം അറഫയില്‍ ആയിരിക്കുന്ന വേളയില്‍ അദ്ദേഹം പറയുന്നതായി ഞാന്‍ കേട്ടു: അല്ലയോ ജനങ്ങളേ, എല്ലാ വര്‍ഷവും, എല്ലാ വീട്ടുകാരുടെ മേലും ഉളുഹിയത്തും, അതീറയും ബാധകമാണ്. അതീറ എന്നാല്‍ എന്തെന്ന് നിങ്ങള്‍ക്കറിയുമോ ?. അതാണ്‌ നിങ്ങള്‍ റജബിയ്യ എന്ന് വിളിക്കുന്നത്." - [അബൂദാവൂദ്: 2788, തിര്‍മിദി: 1518. അല്‍ബാനി: ഹദീസ് ഹസന്‍].

രണ്ടാമത്തെ അഭിപ്രായം: അത് നിഷിദ്ധമാണ്. കാരണം അത് കല്പിച്ചതിന് ശേഷം പിന്നീട് നബി (സ) അത് വിലക്കിയിട്ടുള്ളതിനാല്‍ അത് 'നസ്ഖ്' ചെയ്യപ്പെട്ടു അഥവാ അത് പിന്നീട് നബി (സ) വിരോധിച്ചു എന്നതാണ് ഇപ്രകാരം അഭിപ്രായപ്പെട്ടവര്‍ പരാമര്‍ശിച്ചിട്ടുള്ളത്. അതിനായി അവര്‍ തെളിവ് ഉദ്ദരിച്ചത്:

 عَنْ أَبِي هُرَيْرَةَ رضي الله عنه عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( لا فَرَعَ وَلا عَتِيرَةَ ) 

അബൂ ഹുറൈറ (റ) നിവേദനം: "ഫറഓ, അതീറയോ (മതത്തില്‍) ഇല്ല" - [ബുഖാരി: 5474, മുസ്‌ലിം: 1976].
 
അതുപോലെ അവരുടെ തെളിവാണ്:

من تشبه بقوم فهو منهم

 നബി (സ) അരുളി: "ആരെങ്കിലും ഏതെങ്കിലും ഒരു സമുദായവുമായി സാദൃശ്യം വച്ചുപുലര്‍ത്തിയാല്‍ അവന്‍ അവരില്‍പ്പെട്ടവനാണ്" - [അബൂദാവൂദ്: 4031]. അതീറ എന്നത് ജാഹിലിയാ കാലഘട്ടത്തിലെ ആചാരമായിരുന്നു. അതുകൊണ്ട് അത് നബി (സ) പിന്നീട് വിലക്കിയിട്ടുണ്ട്. അത് പ്രവര്‍ത്തിക്കുക എന്നത് ജാഹിലിയത്തിലെ ആളുകളോട് സാമ്യം പുലര്‍ത്തലാണ്.


ഇമാം നവവി റഹിമഹുല്ല തന്‍റെ സ്വഹീഹ് മുസ്‌ലിമിന്‍റെ ശറഹില്‍ ഇമാം ഖാളി ഇയാളില്‍ നിന്നും ഉദ്ദരിക്കുന്നു:

" إن الأمر بالعتيرة منسوخ عند جماهير العلماء " 

"അതീറ നിര്‍വഹിക്കാനുള്ള കല്പന ബഹുപൂരിപക്ഷം പണ്ഡിതന്മാരുടെ പക്കലും 'നസ്ഖ്' ചെയ്യപ്പെട്ട അഥവാ പിന്കാലത്ത് ദുര്‍ബലപ്പെടുത്തപ്പെട്ട നിയമമാണ്" - [ശറഹു മുസ്‌ലിം: 13/37]. 

ശാഫിഈ മദ്ഹബിലെ മറ്റു ചില പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം അത് പുണ്യകരമോ വെറുക്കപ്പെട്ടതോ അല്ല എന്ന് ഇമാം നവവി തന്‍റെ അല്‍മജ്മൂഇല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. [8/445]. 

അതീറയെപ്പറ്റി പരാമര്‍ശിക്കുന്ന ഹദീസുകള്‍ ഉദ്ദരിച്ച ശേഷം ഇമാം ഇബ്നുല്‍ മുന്‍ദിര്‍ റഹിമഹുല്ല പറയുന്നു:  

وَقَدْ كَانَتْ الْعَرَب تَفْعَل ذَلِكَ فِي الْجَاهِلِيَّة ، وَفَعَلَهُ بَعْض أَهْل الإِسْلام , فَأَمَرَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ بِهِمَا ثُمَّ نَهَى عَنْهُمَا رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ ، فَقَالَ : ( لا فَرَع وَلا عَتِيرَة ) فَانْتَهَى النَّاس عَنْهُمَا لِنَهْيِهِ إِيَّاهُمْ عَنْهُمَا

"അറബികള്‍ അത് ജാഹിലിയ്യാ കാലഘട്ടത്തില്‍ ചെയ്യാറുള്ള ഒരു കാര്യമായിരുന്നു.  മുസ്‌ലിമീങ്ങളില്‍പ്പെട്ട ചിലരും അത് പ്രവര്‍ത്തിച്ചു. അപ്പോള്‍ നബി (സ) ആദ്യം അവ കല്പിക്കുകയും പിന്നീട് അവ വിലക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: "ഫറഓ അതീറയോ ഇല്ല". നബി (സ) വിലക്കിയത് കാരണത്താല്‍ ആളുകള്‍ അവ രണ്ടും ഉപേക്ഷിച്ചു." 
ഇതില്‍ പ്രബലമായ അഭിപ്രായമായി മനസ്സിലാക്കാന്‍ സാധിക്കുന്നത് അത് 
പിന്കാലത്ത് നസ്ഖ് ചെയ്യപ്പെട്ടു എന്നതാണ്. എന്നാല്‍ നേരത്തെ സൂചിപ്പിച്ച ഹദീസുകളുടെ അടിസ്ഥാനത്തില്‍ അതാരെങ്കിലും നിര്‍വഹിച്ചാല്‍ അത് ബിദ്അത്ത് എന്ന് പറയാന്‍ സാധിക്കില്ല. കാരണം ആ വിഷയത്തില്‍ പ്രാമാണികമായ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍. 

എട്ടാമാതായി: റജബിലുള്ള പ്രത്യേക പ്രാര്‍ത്ഥന എന്ന നിലക്ക് പറയപ്പെടുന്ന:

اللهم بارك لنا في رجب وشعبان وبلغنا رمضان 

"അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും, ശഅബാനിലും അനുഗ്രഹം ചൊരിയുകയും, ഞങ്ങള്‍ക്ക് നീ റമളാന്‍ വന്നെത്തിക്കുകയും ചെയ്യേണമേ"

ഇത് ഉദ്ദരിക്കപ്പെട്ടത് ഇമാം അഹ്മദ് റഹിമഹുല്ലയുടെ മകന്‍ (زوائد المسند) എന്ന ഗ്രന്ഥത്തില്‍ (2346) നമ്പര്‍ ഹദീസായും, ഇമാം ത്വബറാനി തന്‍റെ (الأوسط) എന്ന ഗ്രന്ഥത്തില്‍ (3939) നമ്പര്‍ ഹദീസായും, ഇമാം ബൈഹഖി തന്‍റെ ശുഅബില്‍ (3534) നമ്പര്‍ ഹദീസായുമാണ്.

സാഇദ ബ്നു അബീ റുഖാദ് ഈ ഹദീസ് സിയാദ് അന്നുമൈരി എന്നയാളില്‍ നിന്നും അദ്ദേഹം അനസ് ബ്ന്‍ മാലിക്ക് (റ) വില്‍ നിന്നുമാണ് അത് ഉദ്ദരിക്കുന്നത്. ഹദീസ് ഇപ്രകാരമാണ്:

كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ رَجَبٌ قَالَ: ( اللَّهُمَّ بَارِكْ لَنَا فِي رَجَبٍ، وَشَعْبَانَ، وَبَلِّغْنَا رَمَضَانَ )

"റജബ് മാസം പ്രവേശിച്ചാല്‍ നബി (സ) ഇപ്രകാരം പറയാറുണ്ടായിരുന്നു:  അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും, ശഅബാനിലും അനുഗ്രഹം ചൊരിയുകയും, ഞങ്ങള്‍ക്ക് നീ റമളാന്‍ വന്നെത്തിക്കുകയും ചെയ്യേണമേ"

ഇതിന്‍റെ സനദ് ളഈഫാണ്. ഈ ഹദീസിന്‍റെ സനദില്‍ ഉള്ള സിയാദ് അന്നുമൈരി എന്നയാള്‍ 'ളഈഫ്' അഥവാ ഹദീസ് നിദാനശാസ്ത്രപ്രകാരം ദുര്‍ബലനാണ്. ഇമാം ഇബ്നു മഈന്‍ ഇയാള്‍ ദുര്‍ബലനാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഇമാം അബൂ ഹാതിം: ഇയാളെ തെളിവ്പിടിക്കാന്‍ കൊള്ളില്ല എന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ ഇനം ഇബ്നു ഹിബ്ബാന്‍ ഇയാളെ ദുര്‍ബലന്മാരുടെ ഗണത്തില്‍ എണ്ണുകയും 'ഇയാളുടെ ഹദീസുകള്‍ കൊണ്ട്  തെളിവ് പിടിക്കാന്‍  പാടില്ല' എന്ന് പറയുകയും ചെയ്തിട്ടുണ്ട്. - [ميزان الإعتدال : 2 /91] നോക്കുക.

ഇനി ഇയാളില്‍ നിന്ന് ഈ ഹദീസ് ഉദ്ദരിച്ച സാഇദ ബ്നു അബീ റുഖാദ് ആകട്ടെ ഇയാളെക്കാള്‍ ദുര്‍ബലനാണ്. അയാള്‍ 'മുന്‍കറുല്‍ ഹദീസ്' ആണെന്ന് ഇമാം ബുഖാരിയും ഇമാം നസാഇയും പറഞ്ഞിട്ടുണ്ട്.

മാത്രമല്ല ഒരുപറ്റം മുഹദ്ദിസീങ്ങള്‍ ഈ ഹദീസ് ദുര്‍ബലമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.  ഇമാം നവവി തന്‍റെ 'അല്‍അദ്കാര്‍' എന്ന ഗ്രന്ഥത്തില്‍ ഇത് ദുര്‍ബലപ്പെടുത്തിയിട്ടുണ്ട് (പേജ്: 189). അതുപോലെ ഇബ്നു റജബ് തന്‍റെ 'ലത്വാഇഫുല്‍ മആരിഫ്' എന്ന ഗ്രന്ഥത്തിലും (പേജ്: 121)
 ശൈഖ് അല്‍ബാനി തന്‍റെ 'ളഈഫുല്‍ ജാമിഅ്' എന്ന ഗ്രന്ഥത്തിലും (ഹദീസ്: 4395) ഈ ഹദീസ് ദുര്‍ബലമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം നൂറുദ്ദീൻ അല്‍ ഹൈതമി റഹിമഹുല്ല ഈ ഹദീസിനെ സംബന്ധിച്ച് പറയുന്നു: 

" رَوَاهُ الْبَزَّارُ وَفِيهِ زَائِدَةُ بْنُ أَبِي الرُّقَادِ قَالَ الْبُخَارِيُّ: مُنْكَرُ الْحَدِيثِ، وَجَهَّلَهُ جَمَاعَةٌ " 

 "ഇമാം ബസാര്‍ അതുദ്ദരിച്ചിട്ടുണ്ട്. അതിന്‍റെ സനദില്‍ സാഇദ ബ്നു അബീ റുഖാദ് എന്ന് പറയുന്നയാളുണ്ട്. അയാള്‍ 'മുന്‍കറുല്‍ ഹദീസ്' ആണ്. അയാള്‍ മജ്ഹൂലായ ആളാണ്‌ എന്നും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്" - [مجمع الزوائد : 2/165].

അതുകൊണ്ടുതന്നെ അപ്രകാരമുള്ള ഒരു പ്രത്യേകം ദുആ റസൂല്‍ (സ) യില്‍ നിന്നും സ്ഥിരപ്പെട്ടു വന്നതായി സ്വഹീഹായ ഹദീസുകള്‍ ഒന്നും തന്നെ കാണാന്‍ സാധിക്കില്ല. അതിനാല്‍ അപ്രകാരം പ്രത്യേകം ദുആ റജബ് മാസവുമായി ബന്ധപ്പെടുത്തി അനുഷ്ടിക്കുന്നതും നിഷിദ്ധമാണ്.  

........................... ....................

അതുകൊണ്ട് എന്‍റെ ലേഖനം വായിക്കുന്ന ഓരോ മുസ്‌ലിമിനോടും പറയാനുള്ളത് അല്ലാഹുവിന്‍റെ റസൂലിനെ പിന്തുടരുക എന്നതാണ് രക്ഷയുടെ മാര്‍ഗം. അതുമാത്രമാണ് രക്ഷയുടെ മാര്‍ഗം. അല്ലാഹുവോടും അവന്‍റെ റസൂലിനോടും ഇഷ്ടവും കൂറുമുള്ളവര്‍ ചെയ്യേണ്ടത് അതാണ്‌. അല്ലാഹു സുബ്ഹാനഹു വ തആല പറയുന്നത് നോക്കൂ:

 قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ

"(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ." - [ആലുഇംറാന്‍: 31].

അതെ നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടെങ്കില്‍, അല്ലാഹുവിന്റെ റസൂലിനെ പിന്തുടരുവിന്‍. എങ്കില്‍ അല്ലാഹു നിങ്ങളെയും സ്നേഹിക്കും. മറിച്ച് അല്ലാഹുവിന്‍റെ ദീനില്‍ അല്ലാഹു പഠിപ്പിച്ചിട്ടില്ലാത്ത ആചാരങ്ങള്‍ കടത്തിക്കൂട്ടിയാല്‍ അതി ഭയാനകമായ ശിക്ഷയായിരിക്കും അവനെ കാത്തിരിക്കുന്നത്. ഹൗളില്‍ നിന്ന് പാനീയം ലഭിക്കാതെ ആട്ടിയോടിക്കപ്പെടുന്നവരുടെ കൂട്ടത്തിലാണ് അല്ലാഹുവിന്‍റെ റസൂല്‍ ബിദ്അത്തുകാരെ എന്നിയിട്ടുള്ളത്. അല്ലാഹു നമ്മെയും നമ്മുടെ കുടുംബത്തെയും കാത്തു രക്ഷിക്കുമാറാകട്ടെ....

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.....


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 

Sunday, January 13, 2019

ഹൈള് ഉള്ള സ്ത്രീക്ക് ഇഹ്റാമില്‍ പ്രവേശിക്കാമോ ?. ഹൈള് വരാം എന്ന് കരുതുന്ന സ്ത്രീ ഇഹ്റാമില്‍ എന്ത് പറയണം ?.



ചോദ്യം: ഹൈള് ഉള്ള സ്ത്രീക്ക് ഇഹ്റാമില്‍ പ്രവേശിക്കാമോ ?. ഹൈള് വരാം എന്ന് കരുതുന്ന സ്ത്രീ ഇഹ്റാമില്‍ പ്രവേശിക്കുമ്പോള്‍ എന്ത് പറയണം ?. 

www.fiqhussunna.com

ഉത്തരം: 
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه؛

ഹജ്ജും ഉംറയും ഉദ്ദേശിക്കുന്നവര്‍ മീഖാത്ത് കടന്നുപോകുമ്പോള്‍ നിര്‍ബന്ധമായും മീഖാത്തില്‍ വെച്ച് ഇഹ്റാമില്‍ പ്രവേശിച്ചിരിക്കണം. മീഖാത്തില്‍ വെച്ച് ഇഹ്റാമില്‍ പ്രവേശിക്കാതെ കടന്നുപോയാല്‍ അവര്‍ വീണ്ടും മീഖാത്തിലേക്ക് തിരിച്ചുവന്ന് ഇഹ്റാമില്‍ പ്രവേശിക്കണം. തിരിച്ച് വരാത്ത പക്ഷം അവര്‍ പ്രായശ്ചിത്തമായി ഒരാടിനെ ബലി കഴിക്കണം എന്ന് അനേകം ഫുഖഹാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

ഹൈളോ നിഫാസോ ഇഹ്റാമില്‍ പ്രവേശിക്കുന്നതിന് തടസ്സമല്ല. ഹൈള് ഉള്ള സ്ത്രീക്കും ഇഹ്റാമില്‍ പ്രവേശിക്കാം. മാത്രമല്ല മേല്‍ സൂചിപ്പിച്ചത് പോലെ അവര്‍ക്കും ഹജ്ജും ഉംറയും ഉദ്ദേശിക്കുന്നുവെങ്കില്‍ മീഖാത്തില്‍ വെച്ച് തന്നെ ഇഹ്റാമില്‍ പ്രവേശിക്കല്‍ നിര്‍ബന്ധമാണ്‌. നബി (സ) യുടെ ഹദീസും, ഇജ്മാഉം ഹൈള് ഇഹ്റാമിന് തടസ്സമല്ല എന്ന് സ്ഥിരീകരിക്കുന്നു. ഇമാം മുസ്‌ലിം ഉദ്ദരിക്കുന്ന ഹദീസില്‍ ഇപ്രകാരം കാണാം:

عَنْ جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا فِي حَدِيثِ أَسْمَاءَ بِنْتِ عُمَيْسٍ حِينَ نُفِسَتْ بِذِي الْحُلَيْفَةِ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَمَرَ أَبَا بَكْرٍ رَضِيَ اللَّهُ عَنْهُ فَأَمَرَهَا أَنْ تَغْتَسِلَ وَتُهِلَّ .

ജാബിര്‍ (റ) നിവേദനം: ദുല്‍ ഹുലൈഫയില്‍ വെച്ച് അസ്മാ ബിന്‍ത് ഉമൈസ് (അബൂ ബക്കര്‍ (റ) വിന്‍റെ ഭാര്യ) (പ്രസവിക്കുകയും) അവര്‍ക്ക് നിഫാസ് ആകുകയും ചെയ്തു. അപ്പോള്‍ നബി (സ) അബൂ ബക്കര്‍ (റ) വിനോട് കല്പിച്ചത് പ്രകാരം അദ്ദേഹം അവരോട് കുളിക്കാനും തല്ബിയത്ത് ചൊല്ലി ഇഹ്റാമില്‍ പ്രവേശിക്കാനും കല്പിച്ചു" - [സ്വഹീഹ് മുസ്‌ലിം: 1210]. 

ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി (റ) പറയുന്നു: "ഈ ഹദീസില്‍ നിന്നും ഹൈളും നിഫാസും ഉള്ള സ്ത്രീകള്‍ക്കും ഇഹ്റാമില്‍ പ്രവേശിക്കാം എന്നും. അവര്‍ക്ക് ഇഹ്റാമിന് വേണ്ടിയുള്ള കുളി സുന്നത്താണ് എന്നും മനസ്സിലാക്കാം". 

അതുപോലെ അബൂ ദാവൂദ് ഉദ്ദരിക്കുന്ന ഹദീസില്‍ ഇബ്നു അബ്ബാസ് (റ) ഇപ്രകാരം ഉദ്ദരിക്കുന്നത് കാണാം: 

عَنْ ابْنِ عَبَّاسٍ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ الْحَائِضُ وَالنُّفَسَاءُ إِذَا أَتَتَا عَلَى الْوَقْتِ (أَيْ : الْمِيقَات) تَغْتَسِلانِ وَتُحْرِمَانِ وَتَقْضِيَانِ الْمَنَاسِكَ كُلَّهَا غَيْرَ الطَّوَافِ بِالْبَيْتِ"

 ഇബ്നു അബ്ബാസ് (റ) നിവേദനം: നബി (സ) ഹൈളോ നിഫാസോ ഉള്ള സ്ത്രീകളോട് ഇപ്രകാരം പറഞ്ഞു: നിങ്ങള്‍ മീഖാത്തില്‍ എത്തിയാല്‍ കുളിച്ച് ഇഹ്റാമില്‍ പ്രവേശിച്ച് കൊള്ളുക. ശേഷം നിങ്ങള്‍ ത്വവാഫ് ഒഴികെ മറ്റെല്ലാ കര്‍മ്മങ്ങളും നിര്‍വഹിച്ച് കൊള്ളുക". - [അബൂ ദാവൂദ്: 1744].

എന്നാല്‍ ഇഹ്റാമില്‍ പ്രവേശിച്ചാല്‍ തന്‍റെ കൂടെയുള്ള സംഘം  തിരിച്ചുപോരുന്നതിന് മുന്‍പ് ശുദ്ധിയാവാന്‍ ഇടയില്ല എന്നോ, അതല്ലെങ്കില്‍ ഇഹ്റാമില്‍ പ്രവേശിച്ച ശേഷം തനിക്ക് ഹൈള് വരാന്‍ ഇടയുണ്ട് എന്ന് ഭയപ്പെടുകയോ ഒക്കെ ചെയ്യുന്ന സ്ത്രീകള്‍ എന്ത് ചെയ്യും എന്നതാണ് ചോദ്യത്തിന്‍റെ രണ്ടാം ഭാഗം :


ഹൈള് ഉള്ള സ്ത്രീ അവരുടെ കൂടെയുള്ളവര്‍ മടങ്ങുന്നതിന് മുന്‍പ് ഹൈള് ശുദ്ധിയായി തനിക്ക് ഉംറ പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ല എന്ന് ഭയപ്പെടുകയോ, ഹൈള് ഇല്ലാത്ത ഒരു സ്ത്രീ ഇഹ്റാമില്‍ പ്രവേശിച്ച ശേഷം തനിക്ക് ഹൈള് ഉണ്ടാവുകയും ഉംറ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ മടങ്ങേണ്ടി വരുമെന്ന് ഭയപ്പെടുകയോ ചെയ്യുന്നുവെങ്കില്‍ അവര്‍ ഇഹ്റാമില്‍ പ്രവേശിക്കാതിരിക്കുകയല്ല ചെയ്യേണ്ടത്. അവര്‍ ഇഹ്റാമില്‍ പ്രവേശിക്കുമ്പോള്‍ തന്നെ തനിക്ക് അത് പൂര്‍ത്തിയാക്കാന്‍ തടസ്സമുണ്ടാകുന്ന പക്ഷം താന്‍ തഹല്ലുലാകുമെന്ന് നിബന്ധന വെച്ചാല്‍ മതി.

عَنْ عَائِشَةَ رضي الله عنها قَالَتْ : دَخَلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى ضُبَاعَةَ بِنْتِ الزُّبَيْرِ ، فَقَالَ لَهَا : (لَعَلَّكِ أَرَدْتِ الْحَجَّ ؟ قَالَتْ : وَاللَّهِ ، لَا أَجِدُنِي إِلَّا وَجِعَةً ، فَقَالَ لَهَا :حُجِّي وَاشْتَرِطِي ، وَقُولِي : اللَّهُمَّ مَحِلِّي حَيْثُ حَبَسْتَنِي ).

 ആഇശ (റ) പറഞ്ഞു: നബി (സ) ളുബാഅ ബിന്‍ത് സുബൈര്‍ (റ) യുടെ അരികില്‍ പ്രവേശിച്ചു. അവരോട് ചോദിച്ചു: നിങ്ങള്‍ ഹജ്ജ് ഉദ്ദേശിക്കുന്നുവല്ലേ ?. അവര്‍ പറഞ്ഞു: അല്ലാഹുവാണ് സത്യം. പക്ഷെ എനിക്ക് നന്നായി വേദനിക്കുന്നുണ്ട്. അപ്പോള്‍ നബി(സ) അവരോടു പറഞ്ഞു: നിങ്ങള്‍ ഹജ്ജില്‍ പ്രവേശിക്കുകയും നിബന്ധന വെക്കുകയും ചെയ്തുകൊള്ളുക. "അല്ലാഹുവേ എനിക്ക് (കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍) വല്ല തടസ്സവും നേരിട്ടാല്‍, ആ തടസ്സം ഉണ്ടായ അവിടം മുതല്‍ ഞാന്‍ തഹല്ലുലായിരിക്കും" [സ്വഹീഹുല്‍ ബുഖാരി: 5089 , സ്വഹീഹ് മുസ്‌ലിം: 1207]. 

അപ്പോള്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ല എന്ന് ഭയപ്പെടുന്നവര്‍ക്ക്‌ , തടസ്സം നേരിടുന്നത് മുതല്‍ ഇഹ്റാമില്‍ നിന്ന് താന്‍ തഹല്ലുലായിരിക്കും എന്ന് നിബന്ധന വച്ചുകൊണ്ട് ഇഹ്റാമില്‍ പ്രവേശിക്കാം. ഹൈള് ഉണ്ടാകും എന്ന് ഭയക്കുന്നവരെപ്പോലെത്തന്നെയാണ് ഹൈള് ഉദ്ദേശിക്കുന്ന സമയത്ത് നീങ്ങുകയില്ല എന്ന് ഭയപ്പെടുന്നവരും ചെയ്യേണ്ടത്. അതല്ലാതെ ഹജ്ജും ഉംറയും ഉദ്ദേശിച്ച് പോകുന്നവരാണ് എങ്കില്‍ അവര്‍ മീഖാത്തില്‍ നിന്നും ഇഹ്റാമില്‍ പ്രവേശിക്കാതെ പോകാന്‍ പാടില്ല. മറിച്ച് നിബന്ധനയോടെ ഇഹ്റാമില്‍ പ്രവേശിക്കുകയാണ് ചെയ്യേണ്ടത്. എങ്കില്‍ തടസ്സം നീങ്ങിയാല്‍ അവര്‍ക്ക് ഹജ്ജും ഉംറയും നിര്‍വഹിക്കാം. രോഗമോ മറ്റോ കാരണത്താല്‍ തടസ്സം ഭയപ്പെടുന്നവരും ഇപ്രകാരം തന്നെയാണ് പറയേണ്ടത്. തടസ്സം ഭയപ്പെടുന്ന സ്ത്രീക്കും പുരുഷനും ഒക്കെ ഈ നിബന്ധന വെക്കാം. 

اللّهم إِنْ حَبَسَنِي حَابِسٌ فَمَحَلِّي حَيْثُ حَبَسْتَنِي 

അല്ലാഹുവേ എനിക്ക് (കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍) വല്ല തടസ്സവും നേരിട്ടാല്‍, ആ തടസ്സം ഉണ്ടായ അവിടം മുതല്‍ ഞാന്‍ തഹല്ലുലായിരിക്കും" . എന്നത് അറബിയിലോ, അവനവന്‍റെ ഭാഷയിലോ ഒക്കെ പറയാം. 


ശൈഖ് ഇബ്നു ഉസൈമീന്‍ (റ) യോട് ചോദിക്കപ്പെട്ടു: ഒരു സ്ത്രീ മീഖാത്തില്‍ എത്തിയപ്പോള്‍ അവര്‍ക്ക് ഹൈളാണ് എങ്കില്‍ എന്ത് ചെയ്യും ?. 

അദ്ദേഹം പറഞ്ഞു: ഒരു സ്ത്രീ മീഖാത്തില്‍ എത്തുമ്പോള്‍ ഹൈള് ഉള്ള അവസ്ഥയിലായിരിക്കുകയും തന്‍റെ കുടുംബം മടങ്ങുന്നതിന് മുന്പ് ഒരുപക്ഷെ തന്‍റെ ഹൈള് അവസാനിക്കുകയില്ല എന്ന് ഭയപ്പെടുകയും ചെയ്‌താല്‍. അവര്‍ (اللّهم إِنْ حَبَسَنِي حَابِسٌ فَمَحَلِّي حَيْثُ حَبَسْتَنِي) ഇപ്രകാരം നിബന്ധന വെച്ചുകൊള്ളട്ടെ. അവരപ്രകാരം നിബന്ധന വെച്ചാല്‍ അഥവാ ത്വുഹ്റായില്ലെങ്കില്‍ അവര്‍ക്ക് തന്‍റെ കുടുംബത്തോടൊപ്പം മടങ്ങാം . യാതൊന്നും അവര്‍ക്ക് ബാധകമാകുന്നില്ല. നിബന്ധന വെക്കാതെയാണ്‌ ഇഹ്റാമില്‍ പ്രവേശിച്ചതെങ്കില്‍ അവര്‍ ത്വുഹ് റാകുന്നത് വരെ അവരും അവരോടൊപ്പമുള്ളവരും അവിടെ നില്‍ക്കേണ്ടി വുകയും ചെയ്യും. - [ مجموع فتاوى ورسائل الشيخ ابن عثيمين: ج22 ص30 ].

അല്ലാഹു അനുഗ്രഹിക്കട്ടെ..