الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، أما بعد؛
ഈ കഴിഞ്ഞ വെള്ളിയാഴ്ച (15/3/ 2019) ന്യൂസിലൻഡിലെ പള്ളിയിൽ, വളരെ നികൃഷ്ടവും ക്രൂരവുമായ തീവ്രവാദി ആക്രമണത്തിനിരയായി കൊല്ലപ്പെട്ട അനേകം മുസ്‌ലിം സഹോദരന്മാർക്ക് വേണ്ടി ഇന്ന് (17/3/ 2019) ന് ഞായറാഴ്ച മഗ്‌രിബ് നമസ്കാരാനന്തരം കുവൈറ്റിലെ പള്ളികളിൽ മയ്യിത്ത് നമസ്കാരം നിർവഹിക്കാൻ മതകാര്യ മന്ത്രാലയം (ഔഖാഫ്) ഇമാമുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അല്ലാഹു ആ സഹോദരങ്ങളെ രക്തസാക്ഷികളായി സ്വീകരിക്കട്ടെ.
പല സഹോദരങ്ങളും ഇതിനെക്കുറിച്ച് അതിൽ പങ്കെടുക്കാമോ എന്ന് ചോദിക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ ആണ് ഈ കുറിപ്പ് എഴുതുന്നത്. മയ്യിത്തിന്റെ അസാന്നിദ്ധ്യത്തിൽ മയ്യിത്ത് നമസ്കാരം നിർവഹിക്കൽ അഥവാ (ഗാഇബിനുള്ള മയ്യിത്ത് നമസ്കാരം) എന്ന വിഷയം അതിലെ വ്യത്യസ്ത അഭിപ്രായങ്ങളും പ്രബലമായ അഭിപ്രായവും എല്ലാം വ്യക്തമാക്കി മുൻപ് വിശദമായി നാം വിശദീകരിച്ചതാണ്. ആ ലേഖനം ഇവിടെ വായിക്കാം: (http://www.fiqhussunna.com/2015/07/blog-post_64.html
ഗാഇബിന് വേണ്ടിയുള്ള മയ്യത്ത് നമസ്കാരം. - ഒരു ലഘു പഠനം).
ഒരു മയ്യിത്തിന് വേണ്ടി ആ നാട്ടിലെ ആളുകൾ മയ്യിത്ത് നമസ്കാരം നിവഹിക്കുന്നുണ്ടെങ്കിൽ, പിന്നെ ആ മയ്യിത്തിന് മയ്യിത്തിന്റെ അസാന്നിദ്ധ്യത്തിൽ മറ്റുള്ളവർക്ക് നമസ്‌കരിക്കാമോ എന്നത് ഫുഖഹാക്കൾക്കിടയിൽ അഭിപ്രായഭിന്നതയുള്ള ഒരു വിഷയമാണ്. പ്രബലമായ അഭിപ്രായപ്രകാരം ഒരു നാട്ടിൽ ആരും ആ മയ്യിത്തിന് വേണ്ടി നമസ്കരിച്ചില്ലെങ്കിൽ ആണ് ഗാഇബിന്റെ മയ്യിത്ത് നമസ്കാരം നിർവഹിക്കേണ്ടത് എന്നതാണ്. കാരണം നബി (സ) നജ്‌ജാശി (റ) രാജാവിനല്ലാതെ മറ്റാർക്കും മയ്യിത്തിന്റെ അസാന്നിധ്യത്തിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ചിട്ടില്ല. എന്നാൽ ആ ഹദീസിന്റെ അടിസ്ഥാനത്തിൽ നിരുപാധികം മയ്യിത്തിന്റെ അസാന്നിധ്യത്തിൽ മയ്യിത്ത് നമസ്കാരം നിർവഹിക്കാം എന്ന് പറഞ്ഞ ഫുഖഹാക്കളും ഉണ്ട്. ഏതായാലും പ്രമാണത്തിന്റെ അടിസ്ഥാനത്തിൽത്തന്നെ അഭിപ്രായഭിന്നതയുള്ള ഒരു വിഷയമായതിനാൽ (خلاف معتبر) ആയ അഥവാ, അഭിപ്രായഭിന്നതക്ക് സാധുതയുള്ള ഒരു വിഷയമായാണ് ഈ വിഷയം ഫുഖഹാക്കൾക്കിടയിൽ പരിഗണിക്കപ്പെടുന്നത്. അത്തരം ഒരു വിഷയത്തിൽ മുസ്‌ലിം ഭരണാധികാരി സ്വീകരിക്കുന്ന നിലപാട് അഭിപ്രായ ഭിന്നതയെ ഇല്ലാതാക്കും. അഥവാ (حكم الحاكم يرفع الخلاف) അതായത് ഭിന്നാഭിപ്രായമുള്ള ഒരു വിഷയത്തിൽ മുസ്‌ലിം ഭരണാധികാരി തിരഞ്ഞെടുക്കുന്ന അഭിപ്രായം ആ വിഷയത്തിലെ ഭിന്നത നീക്കം ചെയ്യുമെന്നർത്ഥം. ഇന്നവർക് വേണ്ടി നമസ്കരിക്കണം എന്ന് ഭരണാധികാരി നിർദേശിച്ചാൽ പ്രത്യേകിച്ചും. അഥവാ തത് വിഷയത്തിൽ തനിക്ക് വ്യക്തിപരമായി മറ്റൊരു അഭിപ്രായമാണെങ്കിൽ കൂടി, വ്യത്യസ്ഥ അഭിപ്രായങ്ങളിൽ നിന്നും ഭരണാധികാരി തിരഞ്ഞെടുത്ത അഭിപ്രായത്തോട് യോജിച്ചു നിൽക്കുകയാണ് ചെയ്യേണ്ടത്. ഇത് ഫിഖ്ഹിലെ ഒരടിസ്ഥാന തത്വമാണ്. മാത്രമല്ല ഇപ്പോഴത്തെ സംഭവം ലോക മുസ്ലിംകളെ മുഴുവൻ ബാധിച്ച ഒരു പ്രത്യേക സംഭവം കൂടിയായതിനാലാണ് അത് നിർവഹിക്കാൻ ഔഖാഫ് നിർദേശിച്ചത് എന്നത് ശ്രദ്ധേയമാണ്.
മുസ്ലിംകൾക്ക് ബാധിച്ച ഒരു പ്രത്യേക അപകടമായതിനാലും, അതിൽ ആ സഹോദരങ്ങൾക്ക് വേണ്ടി നമസ്കരിക്കുക എന്ന അഭിപ്രായമാണ് മതകാര്യവകുപ്പ് സ്വീകരിച്ചത് എന്നതിനാലും തന്റെ അഭിപ്രായം വിപരീതമാണെങ്കിൽപ്പോലും അതിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല. മറിച്ച് ഇത്തരം വിഷയങ്ങളിൽ ഭരണകർത്താക്കൾ കൃത്യമായ ഒരു നിലപാട് അറിയിച്ചാൽ അതിനോട് സഹകരിക്കുകയാണ് ചെയ്യേണ്ടത്. കാരണം നേരത്തെ സൂചിപ്പിച്ചതുപോലെ പ്രാമാണികമായിത്തന്നെ അഭിപ്രായ ഭിന്നത നിലനിൽക്കുന്ന ഒരു വിഷയമാണത്.
കൂടുതൽ മനസ്സിലാക്കാൻ ഗാഇബിന് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരത്തെപറ്റിയുള്ള നേരത്തെ സൂചിപ്പിച്ച ലേഖനം വായിക്കുക.
അല്ലാഹു അനുഗ്രഹിക്കട്ടെ...
____________________________
അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ