Thursday, March 2, 2023

വീട് നിർമ്മാണത്തിന് സക്കാത്ത് ഫണ്ടിൽ നിന്ന് പൈസ അനുവദിച്ചു കൊടുക്കാമോ ?

 ചോദ്യം: വീട് നിർമ്മാണത്തിന് സക്കാത്ത് ഫണ്ടിൽ നിന്ന് പൈസ അനുവദിച്ചു കൊടുക്കാമോ?

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ഫഖീറോ മിസ്കീനോ ആയ വ്യക്തികൾക്ക് വീട് വെക്കാനായി സകാത്തിൽ നിന്നും സഹായം നൽകാമോ എന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ ചർച്ചയുണ്ട്. കാരണം വീടിനായി വലിയ തുക ആവശ്യമായി വരുന്നത് കൊണ്ട് മറ്റുള്ള ദരിദ്രരുടെ കൂടി മസ്ലഹത്ത് നഷ്ടപ്പെടും എന്നതിനാൽ കൂടിയാണ് അത്. അതുപോലെ ഒരു ഫഖീറിന് എത്ര വരെ നൽകാം എന്നതുമായി ബന്ധപ്പെട്ടും ഈ ചർച്ച നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ വളരെ നിരുപാധികം ഈ ഒരു ആവശ്യത്തിലേക്ക് നൽകുക എന്നത് ശരിയല്ല. സാഹചര്യങ്ങളും അവസ്ഥയും ഒക്കെ പരിഗണിച്ചെ ഈ ഇനത്തിൽ സകാത്തിൽ നിന്നും നൽകാൻ സാധിക്കൂ. മാത്രമല്ല സകാത്ത് നൽകുന്നവരും എല്ലാവരും വീടുള്ളവർ ഒന്നുമല്ലല്ലോ. ഓരോരുത്തരും അവനവന് സാഹചര്യങ്ങളും സാമ്പത്തികവും ഒത്തുവന്നാൽ വീട് വെക്കുന്നു, ഇല്ലെങ്കിൽ വാടകക്ക് കഴിയുന്നു. അത്തരത്തിൽ വാടക നൽകാൻ സാമ്പത്തികമായി പ്രയാസപ്പെടുന്നവർ ഉണ്ടെങ്കിൽ അവർക്ക് സാമാന്യമായ താമസത്തിനു ആവശ്യമായ തുക സകാത്തിൽ നിന്നും നൽകാം. 

എന്നാൽ ഒരാൾക്ക് വീട് വളരെ അനിവാര്യവും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. സാമാന്യം മാന്യമായ അത്യാവശ്യത്തിനുള്ള വീടെ അയാൾ വെക്കുന്നുള്ളൂ. എങ്കിൽ അത് പൂർത്തീകരിക്കാനായി  അവരെ സകാത്തിൽ നിന്നും സഹായിക്കാം. മാത്രമല്ല പലപ്പോഴും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ആളുകൾക്ക് അത് പൂർത്തീകരിക്കാൻ സകാത്തിൽ നിന്നും ലഭിക്കുന്ന സഹായങ്ങൾ വളരെ ആശ്വാസവും നൽകും.   

 അതുപോലെ സുരക്ഷിതമായി കഴിയാൻ സാധിക്കാത്ത വിധവകൾ , തൊഴിലിനോ മറ്റോ സാധിക്കാത്ത രോഗികൾ , ആരും നോക്കാൻ ഇല്ലാത്ത അനാഥകൾ തുടങ്ങി വീട് അനിവാര്യമായി വെച്ചുകൊടുക്കേണ്ട രൂപത്തിൽ ഉള്ള ആളുകൾ ആണെങ്കിൽ അത് പരിഗണിച്ച് അവർക്കും സകാത്തിൽ നിന്നും വീട് വെച്ച്  നൽകാവുന്നതാണ്. 

അതുകൊണ്ടുതന്നെ നിരുപാധികം വീട് വെച്ച് നൽകാനുള്ള ഒരു ഫണ്ടായി നമുക്ക് സകാത്തിനെ കണക്കാക്കാൻ സാധിക്കില്ല. എന്നാൽ ഈ ആവശ്യത്തിൽ വരുന്ന അപേക്ഷകളെ പരിഗണിച്ച് സഹായം അനിവാര്യമായ കേസുകളിൽ പരിഗണിക്കുന്നതിൽ തെറ്റുമില്ല. കാരണം വീട് മനുഷ്യൻ്റെ മനുഷ്യൻ്റെ ഒരു അനിവാര്യ ആവശ്യമാണല്ലോ.  

ഇമാം ശാഫിഇ (റ) പറഞ്ഞു: 

وقال الإمام الشافعي رحمه الله :"ولا وقت [أي : لا حد] فيما يُعطى الفقير إلا ما يخرجه من حد الفقر إلى الغنى ، قَلَّ ذلك أو كثر" انتهى
"ഒരു ദരിദ്രന് സകാത്തിൽ നിന്നും എത്ര വരെ നൽകാം എന്നതിന് നിർണിത പരിധിയില്ല. അവനെ ആ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റാൻ ആവശ്യമായത് എത്രയാണോ അത്ര വരേ നൽകാം എന്നതാണ് അതിൻ്റെ  പരിധി. അത് കൂടുതലായാലും കുറവായാലും ശരി." - [ "الأم" (8/256)]

ഇമാം ശാഫിഇ (റ) പറഞ്ഞതുപോലെ അനിവാര്യമായ ആവശ്യത്തിന് ഒരു ദരിദ്രന് നൽകുന്ന തുക ഇത്രയേ ആകാവൂ എന്നത് തിട്ടപ്പെടുത്താൻ കഴിയില്ല. എന്നാൽ അയാളെ സകാത്തിന് അർഹനാക്കുന്ന ആവശ്യമേതോ അതിൽ കവിയാത്ത തുക വരെ മാത്രമേ പരമാവധി അയാൾക്ക് നൽകാൻ പാടുള്ളൂ എന്നതാണ് അതിൻ്റെ നിബന്ധന. ആ നിലക്ക് വീടിന് അനിവാര്യമായും  സഹായിക്കേണ്ടതും പരിഗണിക്കേണ്ടതുമായ സാഹചര്യങ്ങൾ വരുമ്പോൾ അത് സകാത്തിൽ നിന്നും പരിഗണിക്കാവുന്നതും ഓരോ കേസും പഠിച്ച് അതിൻ്റെ അടിസ്ഥാനത്തിൽ സകാത്തിൽ നിന്നുമുള്ള തുക നല്കുകയുമാവാം. 

 ഓരോ നാടുകൾക്കും ദേശങ്ങൾക്കും അനുസരിച്ച് അതിൽ വ്യത്യാസവും വരാം. വളരെ ഭീമമായ തുക ചിലവ് വരുന്ന ദേശങ്ങളിൽ ചിലപ്പോൾ അവർക്ക് വാടകക്ക് സൗകര്യം ചെയ്തുകൊടുക്കുന്നതായിരിക്കും ഉത്തമം. ചില നാടുകളിലാകട്ടെ വർഷാവർഷം വാടക കൊടുക്കുന്നതിനേക്കാൾ ഒരു ചെറിയ വീട് വെച്ചുകൊടുത്താൽ അതായിരിക്കും കൂടുതൽ ഉത്തമം. സകാത്ത് കമ്മിറ്റികൾക്ക് ഈ വിഷയത്തിൽ ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കാവുന്നതാണ്. 

والله تعالى أعلم 

അബ്ദുറഹ്‍മാൻ അബ്ദുല്ലത്തീഫ് പി. എൻ