Thursday, March 2, 2023

രോഗികൾ സക്കാത്തിന് അർഹരാണൊ ?

 ചോദ്യം: രോഗികൾ സക്കാത്തിന് അർഹരാണൊ ?  (അതായത് മക്കളോ അല്ലെങ്കിൽ ബന്ധുക്കളോ അതല്ലെങ്കിൽ സ്വന്തമായി സ്ഥലവും വീടും ഒക്കെയുള്ള ആളുകളെ, സക്കാത്ത് ഫണ്ടിൽ നിന്ന് സഹായിക്കാൽ അനുവദനീയമാണൊ ?)

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

ഒരാൾ രോഗിയാണ് എന്ന കാരണം കൊണ്ട് മാത്രം സകാത്തിന് അർഹനാകില്ല. എന്നാൽ രോഗിയായ വ്യക്തി തൻ്റെ അനിവാര്യമായ ചികിത്സക്ക് സാമ്പത്തികമായി സാധിക്കാത്ത ഫഖീറോ മിസ്കീനോ ആണെങ്കിൽ രോഗിക്ക് സകാത്തിൽ നിന്നും നൽകാം. സ്വന്തമായി വീടുണ്ടെങ്കിലും ശരി. വീട് താമസിക്കാൻ ഉള്ളതാണല്ലോ. എന്നാൽ തൻ്റെ ചികിത്സ നടത്താൻ ആവശ്യമായ സ്വത്തും, അത് നിറവേറ്റിക്കൊടുക്കുന്ന കഴിവുള്ള മക്കളും ഒക്കെ ഉണ്ടെങ്കിൽ പിന്നെ അയാൾ സകാത്തിൽ നിന്നും അർഹിക്കുന്നില്ല. 

കാരണം നബി (സ) പറഞ്ഞു :
(وَلَا حَظَّ فِيهَا لِغَنِيٍّ , وَلَا لِقَوِيٍّ مُكْتَسِبٍ)
"ധനികനോ, അധ്വാനിച്ച് ജീവിക്കാൻ കഴിവുള്ള ആരോഗ്യ ദൃഢഗാത്രനോ സകാത്തിൽ യാതൊരു അവകാശവുമില്ല" - [رواه أبو داود(1633) وصحح إسناده النووي].
അതുകൊണ്ട് സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന ഫഖീറോ മിസ്കീനോ ആണെങ്കിൽ മാത്രമേ അയാൾക്ക് ചികിത്സക്കായി സകാത്തിൽ നിന്നും അർഹതയുള്ളൂ.

ആരാണ് ഫഖീറും മിസ്കീനും : 

ദരിദ്രന്‍: الفقير

തന്‍റെ വാര്‍ഷിക വരുമാനം വാര്‍ഷിക ചിലവിന്‍റെ പകുതി പോലും തികയാത്തവനാണ് ഫഖീര്‍ . സമ്പത്തും തൊഴിലുമില്ലാത്തവനാണ് ഫഖീര്‍ എന്നും ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഉദാ: ഒരാള്‍ക്ക് ഒരു വർഷം ഒരു ലക്ഷം രൂപ അവശ്യ ചിലവ് ഉണ്ട് എന്ന് കരുതുക. എന്നാല്‍ അയാളുടെ വാര്‍ഷിക വരുമാനം അര ലക്ഷം പോലും തികയുന്നില്ല എങ്കില്‍ അയാള്‍ ഫഖീര്‍ ആണ്.

ഇബ്നു ഉസൈമീന്‍ (رحمه الله) പറയുന്നു: “ഒരാള്‍ക്ക് ഭക്ഷിക്കാനും, കുടിക്കാനും, താമസിക്കാനും, ധരിക്കാനുമുണ്ടോ എന്നത് മാത്രമല്ല പരിഗണിക്കുക. മറിച്ച് അയാള്‍ക്ക് തന്‍റെ ശരീരത്തെ തിന്മകളില്‍ നിന്നും തടുത്ത് നിര്‍ത്താന്‍ ആവശ്യമായ നികാഹും അവശ്യഘടകമാണ്. അതിനാല്‍ തന്നെ ഒരാള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും അയാളുടെ കയ്യില്‍ മഹറിനുള്ള പണം തികയാതെ വരികയും ചെയ്‌താല്‍, അയാള്‍ക്ക് വിവാഹം കഴിക്കാന്‍ ആവശ്യമായ പണം നാം നല്‍കും. അതുപ്പോലെ വിദ്യാര്‍ഥി അവന്‍ ആവശ്യക്കാരനാണെങ്കില്‍ അവന് ആവശ്യമായ പുസ്തകം മറ്റു കാര്യങ്ങള്‍ സകാത്തില്‍ നിന്നും നാം നല്‍കും”. (الشرح الممتع ج6 ص221).അഗതികള്‍: المسكين


തന്‍റെ വാര്‍ഷിക വരുമാനം വാര്‍ഷിക ചിലവിന്‍റെ പകുതിയിലധികം ഉണ്ടെങ്കിലും അത് തികയില്ല. ഈ അവസ്ഥയില്‍ ഉള്ളവനാണ് മിസ്കീന്‍. ഫഖീറിനേക്കാള്‍ പ്രാരാബ്ധം കുറഞ്ഞവനാണ് മിസ്കീന്‍. ഇതാണ് ഇമാം മാലിക്(رحمه الله), ഇമാം ശാഫിഇ(رحمه الله), ഇമാം  അഹ്മദ്(رحمه الله) തുടങ്ങിയവരുടെ അഭിപ്രായം. ഈ അഭിപ്രായമാണ് ശൈഖ് ഇബ്ന്‍ ബാസ്(رحمه الله), ശൈഖ് ഇബ്നു ഉസൈമീന്‍(رحمه الله) തുടങ്ങിയവരും  ലിജ്നതുദ്ദാഇമയും സ്വീകരിച്ചിട്ടുള്ളത്.


أَمَّا ٱلسَّفِينَةُ فَكَانَتۡ لِمَسَٰكِينَ يَعۡمَلُونَ فِي ٱلۡبَحۡرِ فَأَرَدتُّ أَنۡ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٞ يَأۡخُذُ كُلَّ سَفِينَةٍ غَصۡبٗا

അല്ലാഹു പറയുന്നു: “ എന്നാല്‍ ആ കപ്പല്‍ കടലില്‍ ജോലിചെയ്യുന്ന ഏതാനും ദരിദ്രന്‍മാരുടെതായിരുന്നു. അതിനാല്‍ ഞാനത്‌ കേടുവരുത്തണമെന്ന്‌ ഉദ്ദേശിച്ചു. (കാരണം) അവരുടെ പുറകെ എല്ലാ (നല്ല) കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു”. – [ الكهف 79].


ഇവിടെ അവര്‍ക്ക് കപ്പലുള്ള കാര്യം പ്രതിപാദിച്ചതോടൊപ്പം തന്നെ അവരെ മിസ്കീനുകള്‍ എന്ന് വിശുദ്ധഖുര്‍ആന്‍ വിശേഷിപ്പിക്കുകയും ചെയ്തു. ധനമുള്ള, എന്നാല്‍ ആ ധനം തന്‍റെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് തികയാത്തവര്‍ ആണ് മിസ്കീന്‍ എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

സകാത്തിൻ്റെ അവകാശികളെ കുറിച്ച് മറ്റൊരു ലേഖനത്തിൽ വിശദമായി നമ്മൾ പ്രതിപാദിച്ചിട്ടുണ്ട്:  https://www.fiqhussunna.com/2014/08/blog-post_5.html  

അതുകൊണ്ടു ഒരു രോഗി ഫഖീറോ മിസ്കീനോ ആണെങ്കിൽ സകാത്തിൽ നിന്നും നൽകാം അല്ലെങ്കിൽ നൽകാവതല്ല. 


 അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ