Friday, March 3, 2023

സകാത്ത് കൃത്യ സമയത്ത് കൊടുക്കാതെ ഒരാൾ വൈകിപ്പിച്ചാൽ അയാൾക്ക് വല്ല ഫൈനും ഉണ്ടോ

ചോദ്യം: എനിക്ക്  മൂന്നുവർഷങ്ങളിലെ സക്കാത്ത് മുഴുവൻ കൊടുത്തു വീട്ടാൻ കഴിഞ്ഞില്ല.ഈ വർഷം അവയുടെ സക്കാത്ത് കൊടുക്കാൻ ഉദ്ദേശിക്കുന്നു.അപ്പോൾ മുൻവർഷങ്ങളിലെ സകാത്തിനു ഫൈൻ വരുമോ ? വിശദീകരിക്കാമോ ? 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

ഒരാളുടെ മേൽ സകാത്ത് നിർബന്ധമായാൽ അയാൾ അത് നൽകാതെ വൈകിപ്പിക്കുക എന്നത് ഗുരുതരമായ പാപമാണ്. അതുകൊണ്ടുതന്നെ അല്ലാഹുവിലേക്ക് ആത്മാർത്ഥമായി തൗബ ചെയ്ത് മടങ്ങുകയും എത്രയും പെട്ടെന്ന് അത് നേരിട്ട് അവകാശികളെ കണ്ടെത്തി നൽകുകയോ വിശ്വസ്തരായ കമ്മിറ്റികളെ നൽകാൻ വേണ്ടി ഏല്പിക്കുകയോ ചെയ്യേണ്ടതാണ്. അയാൾക്ക് നിർണിതമായ എന്തെങ്കിലും തുകയോ മറ്റു പ്രായശ്ചിത്തങ്ങളോ നിർണയിക്കപ്പെട്ടതായി അറിവില്ല. എന്നാൽ ഭരണാധികാരി സകാത്ത് ശേഖരിക്കുന്ന ഇടങ്ങളിൽ ശിക്ഷയായി അവരിൽ നിന്നും കൂടുതൽ തുക പിടിച്ചെടുക്കുകയും ചെയ്യാം: 

റസൂൽ കരീം (സ) പറഞ്ഞു: 

ومن منعَها فإنَّا آخِذوها وشطرَ مالِه عَزمةً من عزَماتِ ربِّنا عزَّ وجلَّ ليسَ لآلِ مُحمَّدٍ منها شيءٌ

"ആരാണോ ആ സകാത്ത് തടഞ്ഞുവെക്കുന്നത്, അവൻ്റെ കയ്യിൽ നിന്നും ആ സകാത്തും അവൻ്റെ സ്വത്തിൻ്റെ പകുതിയും നാം പിരിച്ചെടുക്കുന്നതായിരിക്കും. അത് നമ്മുടെ റബ്ബിൻ്റെ ഉറച്ച തീരുമാനമാണ്. അതിൽ നിന്നും മുഹമ്മദിൻ്റെ കുടുംബത്തിന് യാതൊന്നും തന്നെ ഇല്ല". - [أخرجه أبو داود (1575), ശൈഖ് അൽബാനി : ഹദീസ് ഹസൻ ].

ഈ ഹദീസിൽ പാവപ്പെട്ടവൻ്റെ അവകാശം തടഞ്ഞവരിൽ നിന്നും സകാത്തും അവൻ്റെ സ്വത്തിൻ്റെ പാതിയും പിടിച്ചെടുക്കും എന്ന് നബി (സ) താക്കീത് നൽകുന്നത് കാണാം. അഥവാ ഭരണാധികാരിക്ക് സകാത്ത് നൽകാത്ത വ്യക്തിയിൽ നിന്നും പകുതി വരെ സ്വത്ത് ശിക്ഷയായി പിടിച്ചെടുക്കാം എന്നർത്ഥം.    

അതേസമയം വ്യക്തിപരമായി ഒരാൾ ഇത്ര തുക അധികം നൽകണം എന്നോ, ഇന്ന പ്രായശ്ചിത്തം ചെയ്യണം എന്നോ കല്പിക്കപ്പെട്ടിട്ടില്ല. എന്നാൽ (وأتبع السيئة الحسنة تمحها) നീ ഒരു തെറ്റ് ചെയ്തുപോയാൽ ഒരു നന്മ കൊണ്ട് അതിന് പരിഹാരം ചെയ്യുക എന്ന നബി (സ) യുടെ കല്പനയുടെ അടിസ്ഥാനത്തിലും "ദാനധർമ്മങ്ങൾ പാപങ്ങളെ മായ്ച്ചുകളയും" എന്ന നബി (സ) യുടെ അധ്യാപനത്തിൻ്റെ അടിസ്ഥാനത്തിലും നിങ്ങൾക്ക് ആ സകാത്ത് കൊടുത്ത് വീട്ടുന്നതോടൊപ്പം സാധ്യമായ രൂപത്തിൽ ദാനധർമ്മങ്ങൾ വർധിപ്പിക്കുക കൂടി ചെയ്യാവുന്നത് കൂടുതൽ ഖൈറാണ്. 

സകാത്ത് അതിൻ്റെ അവകാശികളെ കണ്ടെത്താൻ വേണ്ടി എടുക്കുന്ന സമയം വൈകുന്നതിൽ തെറ്റില്ല എന്നല്ലാതെ അകാരണമായി വൈകിപ്പിക്കുന്നത് കടുത്ത പാപമാണ്. 

ഇമാം നവവി (റ) പറയുന്നു:
 
"يجب إخراج الزكاة على الفور، إذا وجبت، وتمكن من إخراجها، ولم يجز تأخيرها, وبه قال مالك وأحمد وجمهور العلماء؛ لقوله تعالى: (وَآتُوا الزَّكَاةَ) والأمر على الفور.." انتهى 

"സകാത്ത് നിർബന്ധമാകുകയും അത് നൽകാൻ സാധിക്കുന്ന അവസ്ഥയിൽ ആയിരിക്കുകയും ചെയ്‌താൽ  ഉടൻ അത് നൽകണം.  അത് വൈകിപ്പിക്കാൻ പാടില്ല. ഇതാണ് ഇമാം മാലിക്ക് (റ) യുടെയും ഇമാം അഹ്മദ് (റ) യുടെയും ഭൂരിപക്ഷം ഉലമാക്കളുടെയും അഭിപ്രായം. കാരണം അല്ലാഹു തആല വിശുദ്ധ ഖുർആനിൽ (നിങ്ങൾ സകാത്ത് നൽകൂ) എന്ന് കല്പിച്ചിരിക്കുന്നു. ഒരു കാര്യം കല്പിക്കപ്പെട്ടാൽ അത് എത്രയും പെട്ടെന്ന് തന്നെ നിറവേറ്റണം എന്നതാണല്ലോ" - ("شرح المهذب" (5/308)) .

അതുകൊണ്ടു പാവപ്പെട്ടവൻ്റെ അവകാശം നാം എത്രയും പെട്ടെന്ന് അവരിലേക്ക് എത്തിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ. വീഴ്‌ചകൾ റബ്ബ് പൊറുത്ത് തരട്ടെ. തെറ്റ് മനസ്സിലാക്കി തിരുത്തുവാനുള്ള നല്ല മനസ്സിന് റബ്ബ് ഇരുലോകത്തും ഖൈറും ബർക്കത്തും ചൊരിയട്ടെ. 


✍🏽 അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ