Saturday, July 17, 2021

വിദ്യാഭ്യാസ വായ്‌പകൾ എടുക്കാമോ ?.


ചോദ്യം: വിദ്യഭ്യാസ ആവശ്യങ്ങൾക്ക് വായ്പ എടുക്കാമോ?. ഉപരിപഠനത്തിന് സാമ്പത്തിക ചിലവ് ഹലാലായ രീതിയിൽ ഒരു സാധാരക്കാരന് നടത്താൻ കഴിയുന്ന വല്ല മാർഗവും ഉണ്ടോ ?. 

www.fiqhussunna.com 

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ 

പഠന ആവശ്യത്തിനോ മറ്റു സമാന ആവശ്യങ്ങൾക്കോ പലിശയിൽ അധിഷ്ഠിതമല്ലാത്ത ഏത് വായ്പയും സ്വീകരിക്കാം. ബന്ധുമിത്രാതികളിൽ നിന്നോ മറ്റോ ആവശ്യം ബോധിപ്പിച്ച് അപ്രകാരം കടം വാങ്ങുന്നതിൽ യാതൊരു തെറ്റുമില്ല. അത് തിരികെ നൽകാനുള്ള പരിശ്രമം ഉണ്ടാകണം എന്ന് മാത്രം. അവിടെ പലിശ ഉണ്ടാവുകയുമില്ല.  എന്നാൽ പലിശയിൽ അധിഷ്ഠിതമായ ലോണുകൾ എടുക്കുന്നത് അനുവദനീയമല്ല. ഇന്ന് അനവധി വിദ്യാർത്ഥികൾക്ക്  സ്‌കോളർഷിപ്പുകൾ ഉണ്ട്. അവക്ക് വേണ്ടി പരിശ്രമിക്കാം. കൂടാതെ കുറച്ച് പരിശ്രമിച്ച് പഠിച്ചിട്ടാണെങ്കിലും സർക്കാർ മെറിറ്റ് സീറ്റുകളിൽ പ്രവേശനം ലഭിക്കാൻ വേണ്ടി ശ്രമിക്കാം. എങ്കിൽ അമിത ചിലവ് വരില്ല. അതുപോലെ ഇന്ന് പല മുസ്‌ലിം സംഘടനകളും വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനായുള്ള സ്‌കോളർഷിപ്പുകൾ നൽകുന്നുണ്ട്. അവക്ക് വേണ്ടി അപേക്ഷിക്കാം. അതുപോലെ നന്നായി കഴിവുള്ള എന്നാൽ ഉപരി പഠനത്തിന് പ്രയാസപ്പെടുന്ന കുട്ടികളെ അതാത് കുടുംബങ്ങൾ അല്ലെങ്കിൽ മഹല്ല് ഏറ്റെടുക്കുകയാണ് എങ്കിൽ അതും വളരേ നല്ല ഒരു സംവിധാനമാണ്. പലയിടങ്ങളിലും ഇന്ന് അപ്രകാരം നടന്നു വരുന്നുണ്ട്. 

ഇത്തരം മാർഗങ്ങൾ അവലംബിക്കുകയല്ലാതെ നിഷിദ്ധമായ രൂപത്തിൽ പണം കണ്ടെത്തി പഠിക്കുക എന്നത് ഒരിക്കലും അനുവദനീയമല്ല. അതുകൊണ്ടുതന്നെ പലിശയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ ലോൺ എടുക്കുക എന്നത് മതപരമായി നിഷിദ്ധമാണ്. അല്ലാഹു അത്തരം മഹാപാപങ്ങളിൽ നിന്നും നമ്മെ കാത്ത് രക്ഷിക്കട്ടെ. 

എന്തുകൊണ്ടാണ് അത് നിഷിദ്ധമാകുന്നത് എന്നാൽ , പലിശ വൻപാപങ്ങളിൽ ഒന്നാണ്. ഒരാൾ എത്ര കഠിനമായ തൊഴിലിന് പോകേണ്ടി വന്നാലും അതാണ് പലിശയെന്ന മഹാപാപത്തിൽ അകപ്പെടുന്നതിനേക്കാൾ ഗുണകരം. 

അല്ലാഹു പറയുന്നു : 

يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ*فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْب مِنَ اللَّهِ وَرَسُولِهِ وَإِنْ تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لا تَظْلِمُونَ وَلا تُظْلَمُونَ

" സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവശേഷിക്കുന്ന  പലിശയില്‍ നിന്നും  പൂര്‍ണമായും വിട്ടുകളയുകയും ചെയ്യുക. നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആണെങ്കില്‍ ,,, നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമരപ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ച് മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്ക് തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത് " [അല്‍ ബഖറ - 278,279]

പലിശയുമായി ഇടപെടുന്നവരെല്ലാം പാപത്തില്‍ തുല്യരാണ് എന്ന് റസൂൽ (സ) യുടെ ഹദീസില്‍ കാണാം : 

عَنْ جَابِرٍ رضي الله عنه قَالَ : لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا ، وَمُؤْكِلَهُ ، وَكَاتِبَهُ ، وَشَاهِدَيْهِ ، وَقَالَ هُمْ سَوَاءٌ

ജാബിര്‍ ബിന്‍ അബ്ദുല്ലയില്‍ നിന്നും നിവേദനം, അദ്ദേഹം പറഞ്ഞു: "പലിശ തിന്നുന്നവനെയും, തീറ്റിക്കുന്നവനെയും (അടക്കുന്നവനെയും), അത് എഴുതി വെക്കുന്നവനെയും, അതിന് സാക്ഷി നില്‍ക്കുന്നവരെയും പ്രവാചകന്‍(സ) ശപിച്ചിരിക്കുന്നു" . എന്നിട്ടദ്ദേഹം പറഞ്ഞു : " അവരെല്ലാം ഒരുപോലെയാണ് " . [സ്വഹീഹ് മുസ്ലിം].

അതുകൊണ്ട് പലിശയിൽ അധിഷ്ഠിതമായ കടങ്ങളെടുത്ത് പഠിക്കുക, വീട് വെക്കുക, വാഹനം വാങ്ങുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത്  അനുവദനീയമല്ല. അവയുമായി ബന്ധപ്പെടാത്തത് കാരണം അല്‌പം പ്രയാസങ്ങൾ സഹിക്കേണ്ടി വന്നാലും അതാണ് അതുമായി  ബന്ധപ്പെടുന്നതിനേക്കാൾ അയാൾക്ക് ഉചിതം. 

അല്ലാഹു അനുഗ്രഹിക്കട്ടെ ... റബ്ബ് എല്ലാം എളുപ്പമാക്കിത്തരട്ടെ .. 

وصل اللهم على نبينا محمد وعلى آله وصحبه وسلم