ചോദ്യം: ഉള്‌ഹിയ്യത്ത് മൃഗത്തിൻ്റെ തോൽ വിൽക്കാമോ ?. അറവുകാരന് ഇറച്ചിയിൽ നിന്നും കൊടുക്കാമോ ?.
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛
ഉള്‌ഹിയ്യത്ത് മൃഗത്തിൻ്റെ എല്ലാ ഭാഗങ്ങളും അല്ലാഹുവിന് വേണ്ടി സമർപ്പിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അതിൻ്റെ എല്ലാ ഭാഗങ്ങളും ദാനം ചെയ്യപ്പെടണം. ഒന്നും തന്നെ വിൽക്കപ്പെടാൻ പാടില്ല എന്നതാണ് അടിസ്ഥാന നിയമം. ദാനം ലഭിച്ച വ്യക്തിക്ക് അത് ഉപയോഗിക്കുകയോ വിൽക്കുകയോ ഒക്കെയാവാം. എന്നാൽ ഇന്നത്തെ കാലത്ത് തോൽ സാധാരണ പാവപ്പെട്ടവർ കൊണ്ടുപോകാറില്ല. ഇനി ആരെങ്കിലും അങ്ങനെ കൊണ്ടുപോകാൻ തയ്യാറാകുന്ന പക്ഷം അവർക്ക് കൊടുക്കാം. ഇല്ലെങ്കിൽ അത് വിൽക്കുകയും അതിൻ്റെ തുക സ്വദഖ ചെയ്യുകയുമാണ് വേണ്ടത്. കാരണം അത് ആർക്കും ഉപകരിക്കാതെ കളയുന്നതിനേക്കാൾ നല്ലത് അതിൻ്റെ വിലയെങ്കിലും പാവപ്പെട്ടവർക്ക് ഉപകരിക്കുക എന്നതാണ് എന്ന് പറയേണ്ടതില്ലല്ലോ.
ഏതായാലും ഈ വിഷയത്തിൽ വന്നിട്ടുള്ള ഹദീസുകളും പണ്ഡിതാഭിപ്രായങ്ങളും നമുക്ക് പരിശോധിക്കാം:
عَنْ عَلِيٍّ رضي الله عنه قَالَ : أَمَرَنِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ أَقُومَ عَلَى بُدْنِهِ وَأَنْ أَتَصَدَّقَ بِلَحْمِهَا وَجُلُودِهَا وَأَجِلَّتِهَا وَأَنْ لَا أُعْطِيَ الْجَزَّارَ مِنْهَا . قَالَ : نَحْنُ نُعْطِيهِ مِنْ عِنْدِنَا .
അലി (റ) പറയുന്നു: നബി (സ) യുടെ ഒട്ടകത്തെ കൈകാര്യം ചെയ്യാൻ അദ്ദേഹം എന്നെ ഏൽപിക്കുകയുണ്ടായി. അതിൻ്റെ ഇറച്ചിയും, തോലും, മറ്റു ഭാഗങ്ങളും ദാനം ചെയ്യാനും അറവുകാരന് ഇറച്ചിയിൽ നിന്നും നൽകരുത് എന്നും അദ്ദേഹം എന്നോട് കല്പിച്ചു. അവർക്ക് കൂലി നാം നമ്മുടെ പക്കൽ നിന്നും കൊടുക്കാം എന്നും അദ്ദേഹം പറഞ്ഞു." - [സ്വഹീഹുൽ ബുഖാരി: 1717 , സ്വഹീഹ് മുസ്‌ലിം: 1317].
ഈ ഹദീസ് പ്രകാരം അതിൻ്റെ തോൽ വിൽക്കരുത് എന്നതാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും ഇമാം അബൂ ഹനീഫ (റ) , അതുപോലെ ഇമാം അഹ്മദ് (റ) തുടങ്ങിയവർ സ്വദഖ ചെയ്യാനായി അത് വിൽക്കുന്നതിൽ തെറ്റില്ല എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഹനഫീ മദ്ഹബിലെ വിഖ്യാത ഗ്രന്ഥങ്ങളിലൊന്നായ تبيين الحقائق ൽ ഇപ്രകാരം കാണാം:
" ولو باعهما بالدراهم ليتصدق بها جاز ; لأنه قربة كالتصدق بالجلد واللحم ".
"അതിൻ്റെ തോൽ ധർമ്മം ചെയ്യാനായാണ് വിൽക്കുന്നത് എങ്കിൽ അത് അനുവദനീയമാണ്. കാരണം അത് അതിൻ്റെ തോലും ഇറച്ചിയും ദാനം ചെയ്യുന്നതിന് സമാനമാണ്" - [تبيين الحقائق : 6/9]ز
അതുപോലെ ഇമാം ഇസ്ഹാഖ് ബ്ൻ മൻസൂർ (റ) അദ്ദേഹത്തിൻ്റെ ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നു:
قال إسحاق بن منصور : قلت لأبي عبد الله : جلود الأضاحي ما يصنع بها ؟ قال : ينتفع بها ويتصدق بثمنها . قلت : تباع ويتصدق بثمنها ؟ قال : نعم
"ഞാൻ അബൂഅബ്ദില്ലയോട് (ഇമാം അഹ്മദിനോട്) ചോദിച്ചു: ഉള്ഹിയത്ത് മൃഗങ്ങളുടെ തോലുകൾ എന്ത് ചെയ്യണം ?. അദ്ദേഹം പറഞ്ഞു: അത് പ്രയോജനപ്പെടുത്തുകയോ അതിൻ്റെ വില ദാനം ചെയ്യുകയോ ചെയ്യണം. അപ്പോൾ ഞാൻ ചോദിച്ചു: അത് വിറ്റ് അതിൻ്റെ വില ദാനം ചെയ്യുകയോ ?. അദ്ദേഹം പറഞ്ഞു: അതെ. - [مسائل الإمام أحمد بن حنبل وإسحاق بن راهويه : 8/4049].
ഇബ്‌നു ഉമർ (റ) വിൽ നിന്നും വന്ന ഒരു അഥർ ആണ് അതിന് ഇമാം അഹ്മദ് (റ) തെളിവാക്കിയത്. ഉഖ്‌ബത്ത് ബ്‌നു സ്വഹ്ബാൻ ബലിമൃഗത്തിൻ്റെ തോൽ വിറ്റ് ദാനം ചെയ്യുന്നതിനെ സംബന്ധിച്ച് ഇബ്‌നു ഉമർ (റ) വിനോട് ചോദിച്ചപ്പോൾ അദ്ദേഹം അതിന് അനുവാദം നൽകി. ഇത് ഇമാം ഇബ്‌നു ഹസം അദ്ദേഹത്തിൻ്റെ മുഹല്ലയിൽ ഉദ്ധരിച്ചിട്ടുണ്ട്. [المحلى : 7/ 385].
മാത്രമല്ല ഇന്നത്തെ കാലത്ത് ഒട്ടുമിക്ക നാടുകളിലും തോൽ തോലായിത്തന്നെ ദാനം ചെയ്യാൻ സാധിച്ചു കൊള്ളണം എന്നില്ല. അത് വിറ്റ് അതിൻ്റെ വില ദാനം ചെയ്യാനേ സാധിക്കൂ. നാടൊട്ടുക്കും മുടിക്കുന്ന ബിജെപി ഭരണം വന്ന ശേഷം ഗോവധ നിരോധനത്തിൻ്റെയും മറ്റും പേര് പറഞ്ഞു നമ്മുടെ രാജ്യത്തിൻ്റെ വലിയ വരുമാന സ്രോതസ്സായ ലെതർ ഇൻഡസ്ട്രി പോലും തകർത്ത് തരിപ്പണമാക്കിയതിനാൽ ഇപ്പോൾ തോൽ എടുക്കാൻ ആളെ കിട്ടിയാൽ തന്നെ അത് മിച്ചം, അല്ലെങ്കിൽ കുഴിച്ചിടേണ്ടി വരും എന്ന അവസ്ഥയിലാണ് നമ്മുടെ നാടുള്ളത്.
ഇനി അറവുകാരന് ഇറച്ചിയിൽ നിന്നും നൽകുന്നത് സംബന്ധിച്ചും ഇതേ ഹദീസിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അഥവാ അറവുകാരന് അറവുകൂലിയായി ആ ഇറച്ചി നൽകുകയില്ല, മറിച്ച് അത് നമ്മുടെ കയ്യിൽ നിന്നും എടുത്ത് നൽകണം എന്നാണു നബി (സ) ഇവിടെ പഠിപ്പിക്കുന്നത്. എന്നാൽ തൻ്റെ കൂലി അല്ലാതെ ഹദിയ്യയായി അറവുകാരന് ഇറച്ചിയിൽ നിന്നും നൽകുന്നതിൽ തെറ്റുമില്ല. മാത്രമല്ല പലപ്പോഴും ഇറച്ചിപ്പണിക്കൊക്കെ പോകുന്നവർ പ്രാരാബ്ധക്കാരുമായിരിക്കുമല്ലോ. അതുകൊണ്ട് ദാനമായോ, ഹാദിയ്യയായോ അവർക്ക് നൽകാം. എന്നാൽ അവരുടെ കൂലിക്ക് പകരം ഇറച്ചിയോ, തോലോ ഒന്നും നൽകാൻ പാടില്ല എന്ന് മാത്രം. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ ...
والله تعالى أعلم ، وصلى الله وسلم على نبينا محمد
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ