Saturday, July 17, 2021

സകാത്തുൽ ഫിത്വർ - ആളുകളിൽ നിന്നും താഴ്ന്ന ഇനം അരിയുടെ പണം വാങ്ങി മുന്തിയ ഇനം നൽകാമോ ? അപ്പോൾ അളവിൽ വ്യത്യാസം ഉണ്ടാകില്ലേ ?ചോദ്യം:  ഫിത്ർ സകാത്തുമായി ബന്ധപ്പെട്ട ഒരു സംശയമാണ്. ഞങ്ങളുടെ പ്രദേശത്ത്, അവിടുത്തെ മഹല്ല് കമ്മിറ്റി ആളുകളിൽ നിന്ന് 80രൂപ തോതിൽ (സാധാരണ അരിയുടെ 2.5kg വില ) ശേഖരിക്കുകയും. ശേഖരിച്ചു കിട്ടുന്ന മുഴുവൻ പണം കൊണ്ട് നെയ്‌ച്ചോർ അരി വാങ്ങി, അത് പള്ളിയിൽ നിന്ന് pack ആക്കി വിതരണം ചെയ്യുന്നു. ഇത് ശെരിയാണോ?. ഇവിടെ ശേഖരിക്കുന്നത് 2.5kg സാധാരണ അരിയുടെ വിലയാണ്, വിതരണം ചെയ്യുന്നത് നെയ്‌ച്ചോർ അരിയും. നെയ്‌ച്ചോർ അരി 2.5kg നു ഒരു പക്ഷേ ഇരട്ടി വില വന്നേക്കാം. ഒരു മറുപടി നൽകാമോ.

www.fiqhussunna.com 

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

ആദ്യമായി മറുപടി നൽകാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. രണ്ടാമതായി ഇതൊരു ശറഇയ്യായ വിഷയമാണ്. ആരെയെങ്കിലും കുറ്റപ്പെടുത്തലോ ആരുടെയെങ്കിലും വീഴ്ച് എടുത്ത് പറയലോ നമ്മുടെ ലക്ഷ്യമല്ല. നസ്വീഹത്തോട് കൂടി ഈ വിഷയത്തിലെ മതവിധി പറയാനാണ് ശ്രമിക്കുന്നത്. റബ്ബ് കാര്യങ്ങൾ മനസ്സിലാക്കാനുള്ള തൗഫീഖ് നമുക്കേവർക്കും നൽകട്ടെ.. വീഴ്‌ചകൾ മാപ്പാക്കിത്തരട്ടെ. വീഴ്‌ചകൾ മനുഷ്യസാഹചമാണല്ലോ. 

    ഒരാളുടെ മേൽ ബാധ്യതയായുള്ള ഫിത്വർ സകാത്ത് ഒരു സ്വാഅ് ഭക്ഷണസാധനമാണ്. ആ നാട്ടിലെ ആളുകൾ സാധാരണ ഭക്ഷിക്കാറുള്ളതും അവർക്ക് സൂക്ഷിച്ച് വെക്കാൻ സാധിക്കുന്നതുമായ ഏത് ഭക്ഷണ സാധനവും ഫിത്വർ സകാത്തായി നൽകാം. ആളുകൾ പെരുന്നാളിന് ഭക്ഷിക്കുന്ന ഇനം ഭകഷണ സാധനങ്ങൾ നൽകുന്നതാണ് ഏറ്റവും ഉചിതം. എന്നാൽ അവിടെ ഒരു 
സ്വാഅ് അളവ് എന്നത് സുപ്രധാനമാണ്. 

عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ قَالَ : كُنَّا نُعْطِيهَا فِي زَمَانِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَاعًا مِنْ طَعَامٍ ، أَوْ صَاعًا مِنْ تَمْرٍ ، أَوْ صَاعًا مِنْ شَعِيرٍ ، أَوْ صَاعًا مِنْ زَبِيبٍ أو صاعا من أقط.


 അബൂസഈദ് അല്‍ ഖുദരി (റ) നിവേദനം: "നബി (സ) യുടെ കാലത്ത് ഒരു സ്വാഅ് ഭക്ഷണം, അല്ലെങ്കില്‍ ഒരു സ്വാഅ് കാരക്ക, അല്ലെങ്കില്‍ ഒരു സ്വാഅ് ബാര്‍ലി, അല്ലെങ്കില്‍ ഒരു സ്വാഅ് ഉണക്കമുന്തിരി, അല്ലെങ്കില്‍ ഒരു സ്വാഅ് പനീര്‍ എന്നിങ്ങനെയായിരുന്നു സകാത്തുല്‍ ഫിത്വര്‍ നല്‍കിയിരുന്നത്." - [متفق عليه].

അതുകൊണ്ടുതന്നെ സ്വാഅ് താഴ്ന്ന ഇനം അരിക്കുള്ള പണം ആളുകളിൽ നിന്ന് സ്വരൂപിച്ച് ശേഷം മുന്തിയ ഇനം അരി നൽകിയാൽ അവിടെ അളവ് കണക്കാകുകയില്ല. ഒരു സ്വാഇൽ താഴെ മാത്രമേ അതുണ്ടാകൂ. അതുകൊണ്ട് ഏത് ഇനം അരിയാണോ നൽകുന്നത് അതിൻ്റെ അളവിന് തത്തുല്യമായ പണമാണ് ആളുകളിൽ നിന്നും വാങ്ങേണ്ടത്. ഒരു സ്വാഅ് എന്നത് ചുരുങ്ങിയ പക്ഷം  2 കിലോ 40 ഗ്രാം ആണ് എന്നതാണ് പ്രബലമായ അഭിപ്രായം. അവിടെ ആ അളവ് ഭക്ഷ്യവസ്തുവിനുള്ള പണമെത്രയാണോ അത് ആളുകളിൽ നിന്നും സ്വരൂപിക്കുകയും ആ അളവിൽ കുറയാതെ നൽകുകയും ചെയ്യേണ്ടതുണ്ട്. വില കുറഞ്ഞ അരിയുടെ പണം വാങ്ങി വില കൂടിയ അരി നൽകിയാൽ അളവ് ശരിയാവുകയില്ല എന്ന് ചുരുക്കം. 

ഫിത്വർ സകാത്ത് അനുഷ്ഠിക്കാൻ ബാധ്യസ്ഥർ ഓരോ വ്യക്തിയുമാണ്. അത് ആളുകൾക്ക് സൗകര്യപ്രദമാകാൻ മഹല്ലുകളിൽ അത് സ്വരൂപിച്ച് ശേഷം വിതരണം ചെയ്യുന്ന പ്രക്രിയ സംഘടിതമായി ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ അത് നിർവഹിക്കുന്നവർ അതിൽ ഒരാളുടെ ബാധ്യത ഒരു സ്വാഅ് , അതുപോലെ പെരുന്നാൾ നമസ്‌കാരത്തിന് മുൻപ് വിതരണം തുടങ്ങിയ അതിൻ്റെ ശറഇയ്യായ മാനദണ്ഡങ്ങൾ പാലിക്കണം. അത് നിർവഹിക്കാൻ നമുക്ക് സാധിക്കാത്ത പക്ഷം നാം ആളുകളിൽ നിന്ന് ആ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കേണ്ടതുമില്ല. والله تعالى أعلم

മനപ്പൂർവ്വമല്ലാതെ സംഭവിക്കുന്ന വീഴ്ചകൾ റബ്ബ് പൊറുത്ത് തരട്ടെ ..  അല്ലാഹു അനുഗ്രഹിക്കട്ടെ ... 

وصلى الله وسلم على نبينا محمد

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ