ചോദ്യം: ഒരാൾക്ക് ബേങ്കിൽ നിന്നും പലിശക്ക് ലോണെടുത്ത് കടമുണ്ട്. അയാൾക്ക് ആ കടം വീട്ടാൻ സകാത്തിൽ നിന്നും കൊടുക്കാമോ ?
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛
പലിശ എന്നത് വളരേയധികം ഗൗരവമുള്ള കാര്യമാണ്. അല്ലാഹുവിനോടും റസൂലിനോടും യുദ്ധം ചെയ്യുന്നതിന് സമാനമായ അതി ഗൗരവമുള്ള പാപമായി വിശുദ്ധ ഖുർആൻ അതിനെ കണക്കാക്കുന്നു.
പലിശ ഏഴ് വൻപാപങ്ങളിൽ ഒന്നാണ്. മാത്രമല്ല പലിശയുമായി ബന്ധപ്പെടുന്നവരെ അല്ലാഹുവിൻ്റെ റസൂൽ ശപിക്കുകയും അവരെല്ലാം പാപത്തിൽ തുല്യരാണെന്ന് പഠിപ്പിച്ചിട്ടുമുണ്ട്:
ജാബിര്‍ ബിന്‍ അബ്ദുല്ലയില്‍ നിന്നും നിവേദനം, അദ്ദേഹം പറഞ്ഞു: "പലിശ തിന്നുന്നവനെയും, തീറ്റിക്കുന്നവനെയും (അടക്കുന്നവനെയും), അത് എഴുതി വെക്കുന്നവനെയും, അതിന് സാക്ഷി നില്‍ക്കുന്നവരെയും പ്രവാചകന്‍(സ) ശപിച്ചിരിക്കുന്നു" . എന്നിട്ടദ്ദേഹം പറഞ്ഞു : " അവരെല്ലാം ഒരുപോലെയാണ് " . [സ്വഹീഹ് മുസ്ലിം].
അതുകൊണ്ടുതന്നെ ഒരു വിശ്വാസി ഒരിക്കലും പലിശയുമായി ബന്ധപ്പെടരുത്. ഇനി അങ്ങനെ സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ തന്നെ ഇനിയൊരിക്കലും ചെയ്യുകയില്ലെന്ന് ദൃഢനിശ്ചയമെടുക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ ചോദിച്ചുകൊണ്ട് ഖേദിച്ച് മടങ്ങുകയും ചെയ്യണം. പലിശയുടെ ഗൗരവം നേരത്തെ എഴുതിയ ഈ ലേഖനത്തിൽ വായിക്കാം [https://www.fiqhussunna.com/2013/04/blog-post_25.html]
ഇനി ചോദിച്ച വിഷയത്തിലേക്ക് വരാം. ഒരാൾക്ക് പലിശയിൽ അധിഷ്ഠിതമായ കടമുണ്ടെങ്കിൽ അത് വീട്ടാൻ സകാത്തിൽ നിന്നും കൊടുക്കാമോ എന്നുള്ളതാണ് ഇവിടെ ചോദിക്കപ്പെട്ടിട്ടുള്ളത്. അയാൾ ആ കാര്യത്തിൽ തൗബ ചെയ്ത് മടങ്ങുകയും ഖേദിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടാലല്ലാതെ അയാൾക്ക് സകാത്തിൽ നിന്നോ, ആ കടം വീട്ടാനുള്ള മറ്റുള്ള നിലക്കുള്ള സഹായങ്ങളോ ഒന്നും തന്നെ നൽകാവതല്ല. കാരണം പലിശക്ക് കടമെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും അവരുടെ പാപത്തിന് സഹായമാകാനുമുള്ളതല്ല സകാത്ത്. പലിശയുമായി ബന്ധപ്പെടാത്ത വളരെ പ്രയാസപ്പെടുന്ന അനേകം അവകാശികളെ നമുക്കും ചുറ്റും കാണാം. പലിശയുമായി ബന്ധപ്പെടുന്നവർ ദുരിതമനുഭവിക്കും എന്ന് റബ്ബ് പറഞ്ഞിരിക്കെ പിന്നെ അതിൽ നിന്നും ഖേദിച്ച് മടങ്ങിയിട്ടില്ലാത്ത ആളുകളെ ഒരർത്ഥത്തിലും സഹായിക്കാൻ പാടില്ല.
എന്നാൽ ഒരാൾ ബുദ്ധിമോശം കൊണ്ട് അപ്രകാരം ചെയ്ത് പോകുകയും അതിൽ ഖേദിച്ച് മടങ്ങുകയും, അതിൽ ഖേദിച്ച് മടങ്ങിയ വ്യക്തിയാണ് എന്ന് നമുക്ക് പ്രത്യക്ഷത്തിൽ ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട് എങ്കിൽ അയാളുടെ ബാധ്യതകൾ തീർക്കാൻ അയാൾക്ക് മറ്റു മാർഗങ്ങൾ ഇല്ലാത്ത പക്ഷം അയാളെ നമുക്ക് സകാത്തിൽ നിന്നും സഹായിക്കാം.
ഈ വിഷയത്തെക്കുറിച്ച് ശൈഖ് ഇബ്നു ഉസൈമീൻ (റ) ഇപ്രകാരം മറുപടി നൽകിയത് കാണാം:
" مسألة : من غرم في محرم ، هل نعطيه من الزكاة ؟، الجواب : إن تاب أعطيناه ، وإلا لم نعطه ، لأن هذا إعانة على المحرم ، ولذلك لو أعطيناه استدان مرة أخرى"
"ഒരാൾ ഹറാമായ കാര്യത്തിൽ കടക്കാരനായാൽ, അയാൾക്ക് നാം സകാത്തിൽ നിന്നും നൽകാമോ ?. ഇതിൻ്റെ മറുപടി : അയാൾ തൗബ ചെയ്‌താൽ മാത്രം നൽകാം എന്നതാണ്. തൗബ ചെയ്തില്ലയെങ്കിൽ നാം നൽകുകയില്ല. കാരണം അത് ഹറാമിനുള്ള സഹായമായിത്തീരും. നാം അയാൾക്ക് നൽകിയാൽ അയാൾ വീണ്ടും അത്തരം കടങ്ങളെടുക്കും" - [الشرح الممتع : 6/ 235].
അതുകൊണ്ടുതന്നെ ഹറാമായ കാര്യങ്ങളുടെ പേരിൽ ഒരാൾ കടക്കാരനായാൽ ആ കടം വീട്ടാൻ നാം സകാത്തിൽ നിന്നും നൽകുകയില്ല. അയാൾ തൗബ ചെയ്തു എന്ന് വ്യക്തമായ ബോധ്യം ഉണ്ടെങ്കിലല്ലാതെ. അതുപോലെത്തന്നെ കടക്കാരൻ എന്ന നിലക്ക് ഒരാൾക്ക് സകാത്തിൽ നിന്നും നൽകുമ്പോൾ പാലിക്കേണ്ട പൊതുനിയമമാണ്, കടക്കാരനായ ആൾക്ക് സ്വന്തമായി കടം വീട്ടാൻ കഴിയാത്ത സാഹചര്യത്തിലേ അയാൾ സകാത്തിൽ നിന്നും അർഹനാകൂ. അഥവാ അയാളുടെ പ്രാഥമിക ആവശ്യങ്ങൾ കഴിച്ച് കടം വീട്ടാൻ ആവശ്യമായ പണമോ സ്വത്തോ കൈവശം ഉണ്ട് എങ്കിൽ അയാൾക്ക് സകാത്തിന് അർഹരാകുകയില്ല.
ഈയടുത്ത് ഒരു സഹോദരൻ പറഞ്ഞ അനുഭവം, ഒരു സ്ത്രീ കടബാധ്യത സൂചിപ്പിച്ച് സകാത്തിനായി സമീപിച്ചു. ആ സ്ത്രീക്ക് താമസിക്കുന്ന വീടും സ്ഥലവും കൂടാതെ നല്ല വില ലഭിക്കുന്ന ഒരു പ്ലോട്ട് ഉണ്ട് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അത് സൂചിപ്പിച്ചപ്പോൾ എൻ്റെ സ്വത്ത് വിറ്റ് കടം വീട്ടാൻ നിങ്ങൾ പറഞ്ഞു തരണോ എന്നാണു ആ സ്ത്രീ പ്രതികരിച്ചത്. അവരുടെ വീടും സ്ഥലവും പ്രാഥമികമായ ആവശ്യമാണ് എന്ന് കണക്കാക്കാം. എന്നാൽ അതിൽ കൂടുതലുള്ള സ്ഥലം കടം വീട്ടാൻ അവർക്ക് വിൽക്കാമല്ലോ. ഇവിടെ അവർ സകാത്തിന് അർഹയല്ല. ഇങ്ങനെ സ്വന്തമായി തൻ്റെ കടങ്ങൾ തീർക്കാൻ സാധിക്കുമായിരുന്നിട്ടും അത് ചെയ്യാതെ സകാത്ത് ആവശ്യപ്പെടുന്നവരും സമൂഹത്തിലുണ്ട്. അവർ അർഹരല്ല. സ്വന്തമായി കടം വീട്ടാൻ പരിശ്രമിക്കുകയും അതിന് കഴിയാതിരിക്കുകയും ചെയ്യുന്ന വ്യക്തിക്കേ കടക്കാരൻ എന്ന അർത്ഥത്തിൽ സകാത്തിന് അർഹനാകുന്നുള്ളൂ. അയാൾക്ക് സകാത്തിനത്തിൽ നൽകപ്പെടുന്ന തുകയാകട്ടെ കടം വീട്ടാൻ വേണ്ടി തന്നെ വിനിയോഗിക്കപ്പെടുകയും വേണം.
അല്ലാഹു അനുഗ്രഹിക്കട്ടെ ...
അബ്‌ദുറഹ്‌മാൻ അബ്‌ദുല്ലത്തീഫ് പി. എൻ