Saturday, August 11, 2018

ദുല്‍ഹിജ്ജ പത്തിലെങ്കിലും നമുക്ക് നമ്മുടെ നാവിനെ നിയന്ത്രിക്കാനായില്ലെങ്കില്‍ ?!..

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ഏറെ പവിത്രമായ ദിനങ്ങളാണ് ദുല്‍ഹിജ്ജ മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങള്‍. 

www.fiqhussunna.com

പ്രവാചകന്‍() പറഞ്ഞു :

ما من أيام العمل الصالح فيهن أحب إلى الله من هذه الأيام العشر، قالوا: ولا الجهاد في سبيل الله ؟ قال: ولا الجهاد في سبيل الله إلا رجل خرج بنفسه وماله فلم يرجع من ذلك بشيء

" ഈ പത്ത്‌ ദിവസങ്ങളെക്കാള്‍ അല്ലാഹുവിന് സല്‍കര്‍മ്മങ്ങള്‍ ഇഷ്ടമുള്ള മറ്റൊരു ദിനങ്ങളുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി(ﷺ) പറഞ്ഞു: ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി, ഒന്നും തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ അർപ്പിച്ച്‌ രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ ജിഹാദ് പോലും  (ഈ ദിവസങ്ങളില്‍ അനുഷ്ടിക്കപ്പെടുന്ന സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല)." - [ബുഖാരി].


ഈ ദിവസത്തിന്‍റെ ശ്രേഷ്ഠതയെ സംബന്ധിച്ച് നേരത്തെ മറ്റുചില ലേഖനങ്ങളിലൂടെ നാം വിശദീകരിച്ചതാണ്. അത് വായിചിട്ടില്ലാത്തവര്‍ക്ക് ഈ ലിങ്കുകളില്‍ പോകാം :

ദുല്‍ഹിജ്ജ പത്താണോ, അതല്ല റമദാനിലെ അവസാന പത്താണോ ഏറ്റവും ശ്രേഷ്ഠകരമായ ദിനങ്ങള്‍ ?.

ദുല്‍ഹിജ്ജ പത്തിലെ എല്ലാ ദിവസവും നോമ്പ് നോല്‍ക്കാന്‍ പാടുണ്ടോ ?!.

എന്നാല്‍ പല സഹോദരങ്ങളും ഈ ദിവസങ്ങളുടെ പവിത്രത കാത്തു സൂക്ഷിക്കാറില്ല. ഇത് ഏറെ ഗൗരവപരമായ ഒരു വിഷയമാണ്. യഥാര്‍ത്ഥത്തില്‍ ഈ ദിവസങ്ങളുടെയെന്ന് മാത്രമല്ല, അല്ലാഹു സുബ്ഹാനഹു വ തആല പവിത്രമാക്കിയ ശിആറുകളുടെയെല്ലാം പവിത്രതയെ കാത്തു സൂക്ഷിക്കുക എന്നത് തഖ്'വയുടെ മാനദണ്ഡമാണ്.

അല്ലാഹു പറയുന്നു:


ذَلِكَ وَمَنْ يُعَظِّمْ حُرُمَاتِ اللَّهِ فَهُوَ خَيْرٌ لَهُ عِنْدَ رَبِّهِ [الحج : 30]

"അതെ, അല്ലാഹു പവിത്രത നല്‍കിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത്‌ തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അവന്ന്‌ ഗുണകരമായിരിക്കും." - [അല്‍ഹജജ്: 30].

 അതുപോലെ അല്ലാഹു പറഞ്ഞു:

 ذَلِكَ وَمَنْ يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِنْ تَقْوَى الْقُلُوبِ. [الحج:32]

"അതെ, വല്ലവനും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ തഖ്വയില്‍ നിന്നുണ്ടാകുന്നതത്രെ" - [അല്‍ഹജജ്: 32].
 
ദുല്‍ഹിജ്ജ മാസമാകട്ടെ അല്ലാഹു പവിത്രമാക്കിയ നാല് മാസങ്ങളില്‍ ഒന്നാണല്ലോ. മാത്രമല്ല അതില്‍ തിന്മ ചെയ്യുകയെന്നത് മറ്റു സന്ദര്‍ഭങ്ങളെക്കാള്‍ ഗൗരപവരമാണ് എന്ന് വിശുദ്ധ ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നു. അല്ലാഹു പറയുന്നു: 

إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلَا تَظْلِمُوا فِيهِنَّ أَنْفُسَكُمْ

"ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം മുതല്‍ക്കേ അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച്‌ അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട ( യുദ്ധം  വിലക്കപ്പെട്ട) മാസങ്ങളാകുന്നു. അതാണ്‌ വക്രതയില്ലാത്ത മതം. അതിനാല്‍ ആ ( നാല്‌ ) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട്‌ തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌." - [തൗബ: 36].

ഇവിടെ പന്ത്രണ്ടു മാസങ്ങളെക്കുറിച്ച് പൊതുവായി പറഞ്ഞ ശേഷം അതില്‍ നാലെണ്ണം പ്രത്യേകം പവിത്രമാണ് എന്ന് എടുത്ത് പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. ഏത് മാസത്തിലായാലും തെറ്റുകള്‍ ചെയ്യരുത് എന്നത് തന്നെയാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെങ്കിലും ഈ നാല് മാസങ്ങളില്‍ നിങ്ങള്‍ തെറ്റുകള്‍ ചെയ്യരുത് എന്ന് പറഞ്ഞത് ഈ മാസങ്ങളില്‍ പാപഗൗരവം വര്‍ധിക്കുമെന്നതിനെയാണ് സൂചിപ്പിക്കുന്നത്.

عن ابن عباس في قوله تعالى : ( فلا تظلموا فيهن أنفسكم ) في كلهن ثم اختص من ذلك أربعة أشهر فجعلهن حراما وعظّم حرماتهن وجعل الذنب فيهن أعظم والعمل الصالح والأجر أعظم

"അതിനാല്‍ ആ നാല് മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്" എന്ന അല്ലാഹുവിന്‍റെ വചനത്തെ വിശദീകരിച്ചുകൊണ്ട് ഇബ്നു അബ്ബാസ് (റ) പറയുന്നു: "എല്ലാ മാസങ്ങളിലും അപ്രകാരം തന്നെ. എന്നാല്‍ ആ നാല് മാസങ്ങളെ പ്രത്യേകമായി എടുത്ത് പറയുകവഴി അവയെ പവിത്രമാക്കുകയും അവയുടെ പവിത്രതയെ അങ്ങേയറ്റം മഹത്വപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ അവയില്‍ അനുഷ്ടിക്കപ്പെടുന്ന പാപം കൂടുതല്‍ ഗൗരവപരമായതും, അവയില്‍ അനുഷ്ടിക്കപ്പെടുന്ന കര്‍മ്മങ്ങളും അതിന് ലഭിക്കുന്ന പ്രതിഫലവും കൂടുതല്‍ ശ്രേഷ്ഠവുമാണ്."

അതുപോലെ ഖതാദ (റ) പറയുന്നു:

إن الله اصطفى صفايا من خلقه : اصطفى من الملائكة رسلا ومن الناس رسلا واصطفى من الكلام ذكره واصطفى من الأرض المساجد واصطفى من الشهور رمضان والأشهر الحرم واصطفى من الأيام يوم الجمعة واصطفى من الليالي ليلة القدر فعظموا ما عظّم الله . فإنما تُعَظّم الأمور بما عظمها الله به عند أهل الفهم وأهل العقل

"അല്ലാഹു അവന്‍റെ സൃഷ്ടികളില്‍ നിന്നും ചിലതിനെ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു. മലക്കുകളില്‍ നിന്നും ചിലരെ ദൂതന്മാരായും (റുസുല്‍), മനുഷ്യരില്‍നിന്നും ചിലരെ മുര്‍സലീങ്ങളായും, വചനങ്ങളില്‍ വെച്ച് അവന്‍റെ ഗ്രന്ഥത്തെയും, സ്ഥലങ്ങളില്‍ വെച്ച് പള്ളികളെയും, മാസങ്ങളില്‍ വെച്ച് റമളാനെയും പവിത്രമാക്കപ്പെട്ട നാല് മാസങ്ങളെയും, ദിവസങ്ങളില്‍ വെച്ച് ജുമുഅ ദിവസത്തെയും, രാവുകളില്‍ വെച്ച് ലൈലതുല്‍ ഖദറിനെയും അവന്‍ തിരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ട് അല്ലാഹു മഹത്വപ്പെടുത്തിയവയെ നിങ്ങളും മഹത്വപ്പെടുത്തുക. ബുദ്ധിയും വിവേകവും ഉള്ളവരുടെ പക്കല്‍ അല്ലാഹു ഏതൊന്നിനെ മഹത്വവല്‍ക്കരിച്ചുവോ  അതിനെ ആസ്പദമാക്കിയാണ് ഏതൊന്നും മഹത്വവല്‍ക്കരിക്കപ്പെടുന്നത്" - [ഇബ്നു കസീര്‍, തൗബ:36].

എന്നാല്‍ ഇത്ര പവിത്രമായ ദിവസങ്ങളില്‍ പോലും ചിലര്‍ അറിഞ്ഞോ അറിയാതെയോ ഏറ്റവും മോശമായ സംസാരങ്ങളിലും പരദൂഷണങ്ങളിലും ഏര്‍പ്പെടുകയാണ്. മനുഷ്യാ നീ ചിന്തിച്ചിട്ടുണ്ടോ ?!, നാളെ നിന്‍റെ രക്ഷിതാവിന്‍റെ മുന്നില്‍ നീ ഉരുവിടുന്ന ഓരോ വാക്കിനും മറുപടി നല്‍കേണ്ടവനാണ് നീയെന്ന് ?!. 

 മുആദ് (റ) വില്‍ നിന്നും നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. അദ്ദേഹത്തിന് സ്വര്‍ഗത്തിലേക്ക് എത്താനുള്ള ഒരുപാട് നന്മകളെക്കുറിച്ച് പറഞ്ഞുകൊടുത്തത്തിനു ശേഷം പ്രവാചകന്‍() പറയുകയുണ്ടായി: 

 قَالَ: أَلا أُخبِرُكَ بِملاكِ ذَلِكَ كُلِّهِ ؟ قُلْتُ:بَلَى يَارَسُولَ اللهِ. فَأَخَذَ بِلِسَانِهِ وَقَالَ: كُفَّ عَلَيْكَ هَذَا. قُلْتُ يَانَبِيَّ اللهِ وَإِنَّا  لمؤَاخَذُونَ بِمَا نَتَكَلَّمُ بِهِ ؟ فَقَالَ: ثَكِلَتْكَ أُمُّكَ يَامُعَاذُ. وَهَلْ يَكُبُّ النَّاسَ فِي النَّارِ عَلَى وُجُوهِهِمْ أَو قَالَ: عَلَى مَنَاخِرِهِمْ إِلاَّ حَصَائِدُ أَلسِنَتِهِمْ

 എന്നാല്‍ അവയെയെല്ലാം അധീനപ്പെടുത്തുന്ന ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ നിനക്ക് പറഞ്ഞു തരട്ടെയോ, മുആദ്(റ) പറഞ്ഞു: അതേ പ്രവാചകരേ.. അപ്പോള്‍ പ്രവാചകന്‍() തന്‍റെ നാവ് എടുത്ത് പിടിച്ചുകൊണ്ട് പറഞ്ഞു: ഇതിനെ നീ നിയന്ത്രിക്കണം. അപ്പോള്‍ മുആദ് ചോദിച്ചു: അല്ലയോ പ്രവാചകരേ, ഞങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ക്ക് ഞങ്ങള്‍ ശിക്ഷിക്കപ്പെടുമോ?. അപ്പോള്‍ പ്രവാചകന്‍() പറഞ്ഞു: മുആദേ.. നിനക്കെന്തു പറ്റി, തങ്ങളുടെ നാവു കൊണ്ട് സമ്പാദിച്ചതല്ലാതെ മറ്റെന്താണ് ജനങ്ങളെ നരകത്തിലേക്ക് മുഖംകുത്തി വീഴ്ത്തുന്നത് ?!. - [തിര്‍മിദി]. 

അതെ, നാവ് ഒന്നുകില്‍ മനുഷ്യനെ സ്വര്‍ഗത്തിലേക്ക് നയിക്കും. അല്ലെങ്കില്‍ നരകത്തിലേക്കും. ദുല്‍ഹിജ്ജ പത്തിന്‍റെ പവിത്രത മാനിച്ച് ഈ പത്ത് ദിവസങ്ങളിലെങ്കിലും അനാവശ്യ സംസാരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍. ഇനിയെപ്പോഴാണ്‌ അത് സാധിക്കുക ?!..  സോഷ്യല്‍ മീഡിയകളും മറ്റും കൂടിയായപ്പോള്‍ തിന്മ ഇരട്ടിപ്പിക്കാനുള്ള ഉപാധികള്‍ കൂടി വര്‍ദ്ധിച്ചു.  അല്ലാഹുവില്‍ ശരണം....

നന്മ സംസാരിക്കുക എന്നത് ഒരു വിശ്വാസിയുടെ ലക്ഷണമാണ്.

 
 "مَنْ كَانَ يُؤمِنُ بِاللهِ وَاليَومِ الآخِرِ فَليَقُل خَيرَاً أَو ليَصمُت"
 
"ആരെങ്കിലും അല്ലാഹുവിലും  അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ " - [ബുഖാരി , മുസ്‌ലിം].

പരലോകബോധവും സൃഷ്ടാവിനെ കണ്ടുമുട്ടുമെന്ന തിരിച്ചറിവും ഒരാളുടെ നാവിനെ നിയന്ത്രിക്കുന്ന സുപ്രധാന ഘടകമാണ് എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം. മാത്രമല്ല അന്ത്യദിനത്തില്‍ നാവ് മനുഷ്യന് വരുത്തി വെക്കുന്ന വിനയെക്കുറിച്ചും ഈ ഹദീസ് താക്കീത് നല്‍കുന്നുണ്ട്.

അതിനാലാണ് ഒരു അറബി കവി പാടിയത് :

احذر لسانك أيها الإنسان ...... لا يلدغنك إنه ثعبان 

فكم في المقابر من قتيل لسانه ..... كانت تخاف لقاءه الشجعان

മനുഷ്യാ നീ നിന്‍റെ നാവിനെ സൂക്ഷിക്കുക... 
അതൊരു പാമ്പാണ്, അത് നിന്നെ കൊത്താതെ നോക്കണം...
ആ നാവിനിരയായ എത്രയെത്ര ആളുകളാണ് ഇന്ന് ഖബറിലുള്ളത്... 
 ജീവിതകാലത്ത് , വലിയ വലിയ ശുജായിമാര്‍ പോലും ആ നാവിനെ ഭയപ്പെട്ടിരുന്നു...

ഇമാം നവവി (റഹിമഹുല്ല) പറയുന്നു: "പ്രായപൂര്‍ത്തിയെത്തിയ വിവേകമുള്ള ഓരോ വ്യക്തിയും ഉപകാരപ്രദമല്ലാത്ത സകല സംസാരങ്ങളില്‍ നിന്നും തന്‍റെ നാവിനെ സൂക്ഷിക്കേണ്ടതുണ്ട്. സംസാരിക്കുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യുന്നതില്‍ പ്രത്യേകിച്ച് വിത്യാസമൊന്നുമില്ലാത്ത ഒരു കാര്യമാണെങ്കില്‍ പോലും അത് സംസാരിക്കാതെ നാവിനെ പിടിച്ചു വെക്കലാണ് സുന്നത്ത്. കാരണം അത്തരത്തിലുള്ള സംസാരം പിന്നീട് വെറുക്കപ്പെട്ട സംസാരങ്ങളിലേക്കും നിഷിദ്ധമായ സംസാരങ്ങളിലേക്കും കൊണ്ടെത്തിക്കും. സാധാരണ അങ്ങനെയാണ് സംഭവിക്കാറുള്ളത്. സുരക്ഷിതമായിടത്ത് നിന്നാല്‍ അതിന് തുല്യമായി മറ്റൊന്നും തന്നെയില്ല." - [അല്‍ അദ്കാര്‍].

ഇനി ഏറ്റവും ശ്രേഷ്ഠനായ മുസ്ലിമായി പ്രവാചകന്‍() എണ്ണിയ കൂട്ടത്തില്‍, ഒരാള്‍ ആരാണെന്നറിയുമോ ?!.

عن أبي موسى الأشعري قال: قلتُ يا رسولُ اللّه، أيُّ المسلمين أفضلُ؟ قال: "مَنْ سَلِمَ المُسْلِمُونَ مِنْ لِسانِهِ وَيَدِهِ".

അബൂ മൂസല്‍ അശ്അരി പറയുന്നു: ഞാന്‍ പ്രവാചകനോട് ചോദിച്ചു: അല്ലയോ പ്രവാചകരേ, ഏറ്റവും ശ്രേഷ്ഠനായ മുസ്‌ലിം ആരാണ് ?. പ്രവാചകന്‍() പറഞ്ഞു:  "ഏതൊരാളുടെ നാവില്‍ നിന്നും, കയ്യില്‍ നിന്നും മറ്റു മുസ്ലിമീങ്ങള്‍ രക്ഷപ്പെടുന്നുവോ അവനാകുന്നു ഏറ്റവും ശ്രേഷ്ഠനായ മുസ്‌ലിം." - [ ബുഖാരി, മുസ്‌ലിം].

നാവിനെ നിയന്ത്രിക്കുന്നവന് സ്വര്‍ഗമുണ്ട് എന്നത് പ്രവാചകന്‍() നല്‍കിയ ഉറപ്പാണ്:

عن سهل بن سعد رضي اللّه عنه، عن رسول اللّه صلى اللّه عليه وسلم قال: "مَنْ يَضْمَنْ لي ما بينَ لَحْيَيْهِ وَما بينَ رِجْلَيْهِ، أضْمَنْ لَهُ الجَنَّةَ".

 സഹ്ല്‍ ബിന്‍ സഅദ് (റ) വില്‍ നിന്നും നിവേദനം: പ്രവാചകന്‍() പറഞ്ഞു: "തന്‍റെ താടിയെല്ലുകള്‍ക്കിടയിലുള്ളതിനെയും, തുടയെല്ലുകള്‍ക്കിടയിലുള്ളതിനെയും (സൂക്ഷിക്കാമെന്ന്) ആരെനിക്ക്  ഉറപ്പ് നല്‍കുന്നുവോ, അവന് സ്വര്‍ഗമുണ്ടെന്നത് ഞാനും ഉറപ്പ് നല്‍കുന്നു." - [ബുഖാരി].

അശ്രദ്ധയോടെ പലപ്പോഴും നാം പറഞ്ഞുപോകാറുള്ള വാക്കുകളുടെ ഗൗരവം എന്തെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?. തന്‍റെ വാക്കുകള്‍, കമന്‍റുകള്‍, അഭിപ്രായ പ്രകടനങ്ങള്‍, വൈകാരികമായ പ്രതികരണങ്ങള്‍, ഇവയെല്ലാം അല്ലാഹുവിന്‍റെ പ്രീതി കരസ്ഥമാക്കാന്‍ ഉത്തകുന്നവയാണോ എന്ന് നാം പരിശോധിക്കാറുണ്ടോ ?! ..

إن العبد ليتكلم بالكلمة من سخط الله لا يلقي لها بالا ؛ يهوي بها في نار جهنم

അബൂ ഹുറൈറയില്‍ നിന്നും നിവേദനം: പ്രവാചകന്‍
() പറയുന്നതായി ഞാന്‍ കേട്ടു: "അല്ലാഹുവിനെ കോപിപ്പിക്കുന്ന ഒരു വാക്ക്  അശ്രദ്ധനായി ഒരടിമ ഉരുവിട്ടത് കാരണത്താല്‍ അവന്‍ നരകത്തില്‍ കത്തിയെരിയുക തന്നെ  ചെയ്യും." -[ ബുഖാരി].  ഇമാം  മുസ്‌ലിമിന്‍റെ റിപ്പോര്‍ട്ടില്‍ "കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അകലമത്രയും അവന്‍ നരകത്തില്‍ ആപതിക്കും." എന്നും കാണാം. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ.

അബൂ ഹുറൈറ റിപ്പോര്‍ട്ട് ചെയ്യുന്ന ഈ ഒരു ഹദീസ് നമ്മുടെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കട്ടെ. എന്‍റെ രക്ഷിതാവിന്‍റെ പക്കല്‍ പ്രതിഫലമര്‍ഹിക്കുന്നതല്ലാത്ത സംസാരങ്ങളില്‍ ഞാന്‍ ഭാഗവാക്കുകയില്ല എന്നാ തീരുമാനമെടുക്കാന്‍ ഈ ഹദീസ് നമ്മെ ഓരോരുത്തരെയും പ്രേരിപ്പിക്കട്ടെ...
ഒരാളുടെ സംസാരം മാത്രമല്ല അവന്‍റെ കണ്ണും കാതും ഹൃദയവുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്. നല്ലത് കാണുക, നല്ലത് പറയുക, നല്ലത് കേള്‍ക്കുക, നല്ലത് ചിന്തിക്കുക. ഇഹത്തിലും പരത്തിലും ശാന്തിയും സമാധാനവും നമുക്ക് നഷ്ടമാകുകയില്ല.

إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُوْلَئِكَ كَانَ عَنْهُ مَسْئُولًا
 
"തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌." - [ഇസ്റാഅ് : 36].

ഈ ആയത്ത് വിശദീകരിച്ചുകൊണ്ട് ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) പറയുന്നു: " നിനക്ക് അനുവദനീയമല്ലാത്തത് കാണുന്നതിനെയും, കേള്‍ക്കുന്നതിനെയും, വിശ്വസിക്കുന്നതിനെയും കൃത്യമായി വിലക്കുകയും അതില്‍ നിന്നും താക്കീത് നല്‍കുകയും ചെയ്യുന്ന വചനമാണിത്. കാരണം നീ കേള്‍ക്കുന്നതിനെ സംബന്ധിച്ചും, നീ കാണുന്നതിനെ സംബന്ധിച്ചും,  നീ വിശ്വസിക്കുന്നതിനെ സംബന്ധിച്ചും തീര്‍ച്ചയായും നീ വിചാരണ ചെയ്യപ്പെടുന്നതാണ്."  - ( http://www.binbaz.org.sa/mat/9099 ).

അല്ലാഹു ശ്രേഷ്ടമാക്കിയ ദിവസങ്ങളുടെ പവിത്രത കൈവിടാതെ അവനിഷ്ടപ്പെടുന്ന കര്‍മ്മങ്ങളനുഷ്ടിച്ച് അവന്‍റെ ഇഷ്ട ദാസന്മാരില്‍ ഉള്‍പ്പെടുവാന്‍ നാം ഓരോരുത്തരും പരിശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ .....