Saturday, August 18, 2018

ഉളുഹിയത്തും ദുരിതാശ്വാസവും - ഒരു ലഘുവിവരണം


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه؛ 

വലിയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണല്ലോ നമ്മുടെ നാടുള്ളത്. അതുകൊണ്ട് തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കോ കൂലങ്കഷമായ ചര്‍ച്ചക്കോ പ്രസക്തിയില്ല. എന്നാല്‍ വളരെയധികം ആളുകള്‍ ചോദിക്കുന്നതിനാല്‍ വ്യക്തത വരുത്തുക എന്ന ഉദ്ദേശത്തോടെ സംക്ഷിപ്തമായി വിശദീകരിക്കാം.

www.fiqhussunna.com

നമ്മുടെ നാട് വലിയ പ്രതിസന്ധി നേരിടുന്ന ഈയൊരു സാഹചര്യത്തില്‍ ഉളുഹിയത്ത് അറുക്കന്നതാണോ അതല്ല ആ പണം ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും ദുരിതമനുഭവിക്കുന്നവര്‍ക്കും നല്‍കുന്നതാണോ കൂടുതല്‍ ശ്രേഷ്ഠം എന്നതാണ് ചര്‍ച്ച.

ആളുകളെ രണ്ടായി തരം തിരിക്കാം. ഒന്ന് ഉളുഹിയത്ത് അറുക്കാനും, ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനും രണ്ടിനും ആവശ്യത്തിന് സമ്പത്ത് ഉള്ളവന്‍, രണ്ടാമത്തെയാള്‍ ഒന്ന് ചെയ്‌താല്‍ മറ്റൊന്ന് ചെയ്യാന്‍ സാധിക്കാത്തയാള്‍: 

ഒന്നാമത്തെ വ്യക്തി:  ഉളുഹിയത്ത് അറുക്കാനും ദുരിതാശ്വാസത്തിലേക്ക് നല്‍കാനും ആവശ്യത്തിന് സമ്പത്ത് നല്‍കി അല്ലാഹു അനുഗ്രഹിച്ചവര്‍ക്ക് ഇത്തരം ഒരു ചര്‍ച്ചക്ക് പ്രസക്തിയില്ല. അവര്‍ രണ്ടും നിര്‍വഹിക്കണം. അഥവാ ദുരിതാശ്വാസത്തിലേക്ക് താന്‍ ഏതായാലും നല്‍കണം, അപ്പൊ പിന്നെ ഉളുഹിയത്ത് അറുക്കാന്‍ വെച്ച പണം നല്‍കിയാല്‍ ഒരു വെടിക്ക് രണ്ട് പക്ഷി എന്ന നിലക്ക് തന്‍റെ കയ്യില്‍ നിന്ന് കൂടുതല്‍ പണം ചിലവഴിക്കേണ്ടതില്ലല്ലോ എന്ന അര്‍ത്ഥത്തില്‍ ഒരാള്‍ ആ നിലപാട് സ്വീകരിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല എന്നത് സുവ്യക്തമാണ്. ഉളുഹിയത്തിന് കരുതി വച്ച പണമല്ലാതെ തന്നെ നല്‍കാന്‍ തന്‍റെ കൈവശം ധനമുണ്ടല്ലോ.  ഉളുഹിയത്ത് അറുക്കുന്നതാണ് അതിന്‍റെ വില ദാനം ചെയ്യുന്നതിനേക്കാള്‍ ശ്രേഷ്ഠം എന്ന പൊതുവിധിയാണ് ഇവിടെ ബാധകം.

രണ്ടാമത്തെ വ്യക്തി: തന്‍റെ കൈവശം ഉള്ള ധനം ഉളുഹിയത്തിന് ചിലവഴിക്കുകയാണ് എങ്കില്‍, ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കോ മറ്റ് നിര്‍ബന്ധിത സാഹചര്യത്തില്‍ ഉള്ളവരെ സഹായിക്കാനോ തന്‍റെ കയ്യില്‍ ധനമുണ്ടാവില്ല എങ്കില്‍, അയാള്‍ തന്‍റെ മുന്നിലുള്ള നിര്‍ബന്ധിത സാഹചര്യത്തെ ഉളുഹിയത്തിനേക്കാള്‍ മുന്‍ഗണന നല്‍കി, ആ പണം അത്തരം ഒരു നിര്‍ബന്ധിത സഹായം ആവശ്യമായ വ്യക്തിക്ക് നല്‍കുന്നുവെങ്കില്‍ അതാണ്‌ ശ്രേഷ്ഠം. ഉദാ: തന്‍റെ കയ്യില്‍ ഉളുഹിയത്തിന് ഒരാട് വാങ്ങാന്‍ വച്ച പണമുണ്ട്, തന്‍റെ ബന്ധു അല്ലെങ്കില്‍ ഒരയല്‍വാസി അടിയന്തിര ചികിത്സാര്‍ത്ഥം പണമില്ലാതെ ബുദ്ധിമുട്ടുന്നു. തനിക്കാണെങ്കില്‍ അയാളെ സഹായിക്കാന്‍ മറ്റു മാര്‍ഗങ്ങളുമില്ല എങ്കില്‍ ഞാന്‍ ആപണം അയാള്‍ക്ക് നല്‍കലാണ് ഉളുഹിയത്ത് അറുക്കുന്നതിനെക്കാള്‍ ശ്രേഷ്ഠം. ഇതൊരു പൊതുവിധിയല്ല, അയാളുടെ  സാഹചര്യവും തന്‍റെ 
സാഹചര്യവും പരിഗണിച്ചുകൊണ്ടുള്ള ഒരു പ്രത്യേക വിധിയാണ്.  

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) ഈ രണ്ട് സാഹചര്യങ്ങളെയും വ്യക്തമാക്കിയിട്ടുണ്ട്: 

ഒന്നാമത്തേത് പൊതുവായ അര്‍ത്ഥത്തില്‍ ഉളുഹിയത്ത് അറുക്കുന്നതാണോ അതല്ല അതിന്‍റെ വില ദാനം ചെയ്യുന്നതാണോ കൂടുതല്‍ ഉചിതം എന്നത്: 

അദ്ദേഹം പറയുന്നു: 

" ذبح الأضحية أفضل من الصدقة بثمنها ؛ لأن ذلك عمل النبي صلى الله عليه وسلّم والمسلمين معه ؛ ولأن الذبح من شعائر الله تعالى ، فلو عدل الناس عنه إلى الصدقة لتعطلت تلك الشعيرة . ولو كانت الصدقة بثمن الأضحية أفضل من ذبح الأضحية لبينه النبي صلى الله عليه وسلّم لأمته بقوله أو فعله .."
"ഉളുഹിയത്ത് അറുക്കല്‍ തന്നെയാണ് അതിന്‍റെ വില ദാനം ചെയ്യുന്നതിനേക്കാള്‍ ഉത്തമം. കാരണം അതാണ്‌ നബി (സ) യുടെയും അദ്ദേഹത്തിന്‍റെ അനുചരന്മാരുടെയുമെല്ലാം ചര്യ. മാത്രമല്ല ബലിയറുക്കുക എന്നത് (കേവലം ഇറച്ചിക്ക് വേണ്ടിയുള്ള അറവ് എന്നതിനപ്പുറം) അല്ലാഹുവിന്‍റെ ശിആറുകളില്‍ പെട്ടതാണ്. ആളുകള്‍ അതിന് ബദലായി സ്വദഖ എന്നതിലേക്ക് മടങ്ങിയാല്‍ ആ കര്‍മ്മം തന്നെ മുടങ്ങിപ്പോകുന്ന അവസ്ഥ സംജാതമാകും. ആ പണം സ്വദഖ ചെയ്യലായിരുന്നു അറവിനേക്കാള്‍ കൂടുതല്‍ ശ്രേഷ്ഠകരമെങ്കില്‍ നബി (സ) തന്‍റെ ഉമ്മത്തിന് തന്‍റെ വാക്കിലൂടെയോ പ്രവര്‍ത്തിയിലൂടെയോ അത് വ്യക്തമാക്കിക്കൊടുക്കുമായിരുന്നു. - [പേജ്:5 أحكام الأضحية والذكاة لابن عثيمين]. 

അതുപോലെ നമുക്കിടയില്‍ വ്യാപകമായി പ്രചരിച്ചിട്ടുള്ള അദ്ദേഹത്തിന്‍റെ ഫത്'വയിലും ഈ വിഷയം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഉളുഹിയത്തിന് അതിന്‍റേതായ പ്രാധാന്യവും സ്വദഖക്ക് അതിന്‍റേതായ പ്രാധാന്യവും ഉണ്ട്. ബലിയറുക്കുന്നത് തന്നെയാണ് അതിന്‍റെ വില ദാനം ചെയ്യുന്നതിനേക്കാള്‍ ശ്രേഷ്ഠം എന്നതാണ് അടിസ്ഥാനം. ഇത് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ), ഇമാം ഇബ്നുല്‍ ഖയ്യിം (റ) തുടങ്ങിയവരൊക്കെ വിശദമായി വ്യക്തമാക്കിയിട്ടും ഉണ്ട്. കാരണം ബലി കര്‍മ്മം അതിന്‍റെ ഇറച്ചി എന്നതിനപ്പുറത്തേക്ക് അല്ലാഹുവിന്‍റെ നാമത്തില്‍, അവന്‍റെ കല്പന നിറവേറ്റി അറുക്കുകയെന്ന അതിമഹത്തായ ഒരാരാധനാ കര്‍മ്മമാണല്ലോ. 

എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒന്നുകില്‍ ഉളുഹിയത്ത് അറുക്കാം, അതല്ലെങ്കില്‍ ഒരനിവാര്യഘട്ടത്തിലുള്ള ആളെ സഹായിക്കാം ഇതില്‍ ഏതെങ്കിലും ഒന്നേ സാധിക്കൂ എന്ന് വന്നാല്‍, അഥവാ രണ്ടില്‍ ഏതെങ്കിലും ഒന്നേ തനിക്ക് സാധിക്കൂ എന്ന അവസ്ഥയുണ്ടായാല്‍ (സാധാരണ ഫുഖഹാക്കള്‍ ഇതിനെ تزاحم എന്ന് പറയും) അയാള്‍ക്ക് ആ അനിവാര്യ സാഹചര്യത്തിലുള്ള ആളെ സഹായിക്കലാകും ശ്രേഷ്ഠം: 

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പറയുന്നു: 

" إذا دار الأمر بين الأضحية وقضاء الدين عن الفقير فقضاء الدين أولى ، لاسيما إذا كان المدين من ذوي القربى ". 
 
"ഒന്നുകില്‍ ഉളുഹിയത്ത്, അല്ലെങ്കില്‍ പാവപ്പെട്ട ഒരാളെ അയാളുടെ കടം വീട്ടാന്‍ സഹായിക്കല്‍ എന്നതില്‍ ഏതെങ്കിലും ഒന്നേ സാധിക്കൂ എന്ന് വന്നാല്‍, കടം വീട്ടുക എന്നതാണ് കൂടുതല്‍ ശ്രേഷ്ഠം. പ്രത്യേകിച്ചും ആ കടക്കാരന്‍ തന്‍റെ ബന്ധുവാണ് എങ്കില്‍" - [مجموع فتاوى ورسائل ابن عثيمين :13 /1496].

ഇത് ഒരു പൊതുനിയമമോ, സ്വദഖ നല്‍കലാണ് അടിസ്ഥാനപരമായി ഉളുഹിയത്തിനേക്കാള്‍ ശ്രേഷ്ഠം എന്ന അര്‍ത്ഥത്തിലോ ഉള്ള ഒരഭിപ്രായമോ അല്ല. മറിച്ച് തന്‍റെ മുന്നില്‍ രണ്ട് കാര്യങ്ങള്‍ വരുമ്പോള്‍ അതില്‍ ഒന്ന് മാത്രമേ നിര്‍വഹിക്കാന്‍ സാധിക്കൂ എന്ന് വന്നാല്‍ ഏതിനാണ് മുന്‍ഗണന എന്നതിനെ ആസ്പദമാക്കിയുള്ള വിധിയാണ്. മാത്രമല്ല ഇത് പ്രളയ സമയത്തോ, ദുരിത സമയത്തോ മാത്രം പ്രത്യേകമായി ബാധകമാകുന്ന ഒന്നല്ല. ഈ സാഹചര്യം ഉണ്ടാകുന്ന എല്ലാ സന്ദര്‍ഭങ്ങളിലും ബാധകമാകുന്ന ഒരു  നിയമമാണ്. 

സത്യത്തില്‍ കഴിവുള്ളവര്‍ ഉളുഹിയത്ത് അറുക്കുകയും ദുരിതാശ്വാസത്തിലേക്ക് നല്‍കുക എന്നത് വേറെത്തന്നെ നിര്‍വഹിക്കുകയും ചെയ്യുമ്പോള്‍, അവര്‍ക്ക് രണ്ട് കര്‍മ്മങ്ങളും നിര്‍വഹിച്ച പ്രതിഫലം ലഭിക്കുന്നു. ദുരിതാശ്വാസത്തിന് പണവും, അതേ സമയം പാവപ്പെട്ടവര്‍ക്ക് ഇറച്ചിയും ലഭിക്കുന്നു. എന്നാല്‍ അവര്‍ ദുരിതാശ്വാസത്തിലേക്ക് വേറെ പണം നല്‍കാതെ ഉളുഹിയത്തിന് വെച്ച പണം ദുരിതാശ്വാസത്തിന് നല്‍കുക എന്ന നിലപാട് മാത്രം സ്വീകരിച്ചാല്‍ അവിടെ അദ്ദേഹത്തിന് നിര്‍വഹിക്കാന്‍ സാധിക്കുമായിരുന്ന ഒരു ശ്രേഷ്ഠകരമായ കര്‍മ്മം നിര്‍വഹിക്കാതെ പോകുകയും, പാവപ്പെട്ടവര്‍ക്ക് കിട്ടുമായിരുന്ന ഇറച്ചി ലഭിക്കാതെ പോകുകയുമാണ് ചെയ്യുക. ഇവിടെ നേട്ടമല്ല ഇരുവര്‍ക്കും നഷ്ടമാണ് ഉണ്ടാകുന്നത്. അല്‍ഹംദുലില്ലാഹ് വളരെ വലിയ മനസ്സോടെയാണ് ആളുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പണം ദാനം ചെയ്യുന്നത്. ഇന്നലെ ഞാന്‍ ഖുത്ബ പറയുന്ന പള്ളിയില്‍ ജുമുഅ നമസ്കാരശേഷം മാത്രം ആളുകള്‍ ദുരിതാശ്വാസത്തിനായി രണ്ട് ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. അതവരെ ബലികര്‍മ്മത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ല. കഴിയുന്നവര്‍ രണ്ടും ചെയ്യട്ടെ. അവര്‍ക്ക് കര്‍മത്തിന്‍റെ പ്രതിഫലവും ആവശ്യക്കാര്‍ക്ക് ഇറച്ചിയും എത്തട്ടെ. ആര്‍ക്കെങ്കിലും ഏതെങ്കിലും ഒന്നേ സാധിക്കൂ എങ്കില്‍ അവര്‍ കൂടുതല്‍ ഉചിതമായിത്തോന്നുന്നതേതോ അത്  ചെയ്തുകൊള്ളട്ടെ. എല്ലാവരുടെയും നല്ല ഉദ്ദേശം അല്ലാഹു സ്വീകരിക്കട്ടെ ..

സാന്ദര്‍ഭികമായി സൂചിപ്പിക്കേണ്ട ഒരു കാര്യം:

ബുഖാരിയും മുസ്‌ലിമും ഉദ്ദരിച്ച ഹദീസില്‍, നബി (സ) പട്ടിണിയുണ്ടായ സമയത്ത് മൂന്ന് ദിവസത്തില്‍ക്കൂടുതല്‍ നിങ്ങള്‍ ഉളുഹിയത്തിന്‍റെ ഇറച്ചി എടുത്ത് വെക്കരുത് എന്ന് കല്പിച്ചിരുന്നു. ആളുകള്‍ ഇറച്ചി എടുത്തുവെക്കാതെ പരമാവധി ആവശ്യക്കാര്‍ക്ക് എത്തുക എന്നതായിരുന്നു ലക്ഷ്യം. പിന്നീട് പട്ടിണി നീങ്ങിയപ്പോള്‍ സ്വഹാബത്ത് ചോദിച്ചു: കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും മൂന്നു ദിവസത്തിലധികം ഉളുഹിയത്തിന്‍റെ ഇറച്ചി സൂക്ഷിക്കാന്‍ പാടില്ലയെന്നുണ്ടോ ?. നബി (സ) പറഞ്ഞു: അത്, അന്ന് പട്ടിണിയുണ്ടായിരുന്നത് കാരണത്താലാണ്. നിങ്ങള്‍ ആവശ്യമുള്ളത് ഭക്ഷിക്കുകയും, ദാനം  ചെയ്യുകയും, എടുത്ത് സൂക്ഷിക്കുകയും ചെയ്ത് കൊള്ളുക. ഇവിടെ അന്ന്  ഉളുഹിയത്ത് അറുക്കുന്നതിന് പകരം, ആളുകളുടെ അടിസ്ഥാനഭക്ഷണമായ ധാന്യങ്ങളും മറ്റും വാങ്ങി നല്‍കണമെന്ന് നബി (സ) കല്പിച്ചില്ല. ഭക്ഷ്യക്ഷാമമായതിനാല്‍ ഉളുഹിയത്ത് എന്ന കര്‍മ്മം നിര്‍വഹിക്കുന്നതിലൂടെ ആ ആരാധന നിറവേറ്റുവാനും അതേ സയമം ആളുകള്‍ക്ക് ഇറച്ചി  എത്തിക്കുന്നതിലൂടെ പട്ടിണി അകറ്റാനും സാധിക്കുമെന്നതിനാല്‍ ഒന്നിനെ മാറ്റി നിര്‍ത്തി മറ്റൊന്ന് ചെയ്യേണ്ട സാഹചര്യം അവിടെയില്ല. കേവലം ഇറച്ചി എന്നതിലുപരി ആ മഹത്തായ ആരാധനാ കര്‍മ്മം നിര്‍വഹിക്കപ്പെടുന്നു. മാത്രമല്ല പലരുടെയും കയ്യില്‍ പണമില്ലെങ്കിലും കാലിസമ്പത്ത് ഉണ്ടാകുകയും ചെയ്യും.

മേല്‍പറഞ്ഞ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ നാട്ടിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് പരമാവധി ആവശ്യക്കാരിലേക്ക് ഉളുഹിയത്തിന്‍റെ ഇറച്ചി എത്തിക്കാന്‍ നാം പരിശ്രമിക്കണം. പ്രളയത്തിന്‍റെ പരിണിത ഫലമായുള്ള ഭക്ഷ്യക്ഷാമത്തില്‍ ഒരു പരിധി വരെ ആളുകള്‍ക്ക് അതൊരു സഹായമാകും. 

അല്ലാഹു അനുഗ്രഹിക്കട്ടെ..