Sunday, August 19, 2018

സകാത്തിന്‍റെ ധനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമോ ?.



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

നമ്മുടെ നാട് വലിയൊരു പ്രതിസന്ധിയിലൂടെയും ദുരന്തത്തിലൂടെയുമാണല്ലോ കടന്നു പോകുന്നത്. അകമഴിഞ്ഞ് ആളുകള്‍ പരസ്പരം സഹായിക്കുകയാണ്. ഈ സഹജീവി സ്നേഹവും സഹായമനസ്കതയും റബ്ബ് എന്നും നിലനിര്‍ത്തുമാറാകട്ടെ. 

www.fiqhussunna.com 
 
ഒരുപാാട്  സഹോദരങ്ങള്‍ ഈയിടേയായി അയച്ചുതരുന്ന ചോദ്യമാണ് ദുരിതാശ്വാസ നിധിയിലേക്ക് സകാത്തിന്‍റെ ധനം നല്‍കാമോ എന്നത്. ദുരിതാശ്വാസ നിധികളിലേക്ക് നല്‍കേണ്ടത് പൊതുവായ അര്‍ത്ഥത്തിലുള്ള ദാനധര്‍മ്മങ്ങളില്‍ നിന്നാണ്. സകാത്താകട്ടെ നിര്‍ണിതമായ അവകാശികള്‍ക്ക് നല്‍കിയാല്‍ മാത്രം വീടുന്ന നിര്‍ബന്ധ ദാനധര്‍മ്മമാണ്. വിഷയത്തിലേക്ക് കടക്കുന്നതിന് മുന്‍പ് ചെറിയൊരു ആമുഖം ആവശ്യമാണ്‌. 

പൊതുവേയുള്ള ദാനധര്‍മ്മങ്ങളും സകാത്തും തമ്മില്‍ വ്യത്യാസം ഉള്ളത് കൊണ്ടാണ് ഈ ചോദ്യം ഉയരുന്നത്. സകാത്ത് നിര്‍ബന്ധ ദാനധര്‍മ്മവും എന്നാല്‍ മറ്റു ദാനധര്‍മ്മങ്ങള്‍ ഐച്ഛികമോ, സാഹചര്യത്തിന്‍റെ അനിവാര്യതയെ അപേക്ഷിച്ച് നിര്‍ബന്ധമാകുന്നവയോ ആണ്.

ഇസ്‌ലാം ദാനധര്‍മ്മത്തെയും പരസഹായത്തെയും ഏറെ പ്രോത്സാഹിപ്പിക്കുന്നു. പച്ചക്കരളുള്ള ഏത് ജീവനും സഹായമേകുന്നതും തണലാകുന്നതും പുണ്യമാണ് എന്നാണ്  നബി (സ) പഠിപ്പിച്ചത്:

في كل ذات كبد رطبة أجر
" പച്ചക്കരളുള്ള ഏത് ജീവിയോടും കാണിക്കുന്ന നന്മക്ക് പ്രതിഫലമുണ്ട്" - [ബുഖാരി: 2466, മുസ്‌ലിം: 2244].

അതുപോലെ നബി (സ) പറഞ്ഞു: 

الراحمون يرحمهم الرحمن ، ارحموا من في الأرض يرحمكم من في السماء 
"കരുണയുല്ലവരോട് പരമകാരുണ്യകനും  കരുണ കാണിക്കും. നിങ്ങള്‍ ഭൂമിയുലുല്ലവരോട് കരുണ കാണിക്കുവിന്‍. ഉപരിയിലുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും." - [തിര്‍മിദി: 6/43]. 

സമാനമായി അദ്ദേഹം പറയുന്നു: 

من لا يرحم لا يرحم
"കരുണ ചെയ്യാത്തവന് കരുണ ലഭിക്കുകയില്ല" - [ബുഖാരി: 5/75 മുസ്‌ലിം: 4/1809]. 

ജാതിമതഭേദമന്യേ പ്രയാസപ്പെടുന്ന സര്‍വ്വ ജനങ്ങള്‍ക്കും സഹായവും കാരുണ്യവും എത്തിക്കുക എന്നത് ഇസ്‌ലാം വലിയ നന്മയായി പഠിപ്പിക്കുന്നു. അതുതന്നെ ആദര്‍ശ ബന്ധുവോ, കുടുംബമോ, അയല്‍വാസിയോ ആകുമ്പോള്‍ ബാധ്യത വര്‍ദ്ധിക്കുന്നു. 

അതുകൊണ്ടുതന്നെ ദുരിതാശ്വാസ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ മുസ്‌ലിമും അകമഴിഞ്ഞ് സംഭാവന ചെയ്യേണ്ടതുണ്ട്. അതവന് സ്വദഖയാണ്. അതിന്‍റെ ഗുണഭോക്താവ് ആര് തന്നെ ആയാലും അവനതില്‍ വലിയ പ്രതിഫലമുണ്ട്. ഈ കഴിഞ്ഞ വെള്ളിയാഴ്ച ഞാന്‍ ഖുത്ബ പറയുന്ന പള്ളിയില്‍ നിന്നും ജുമുഅ നമസ്കാരശേഷം മാത്രം ബോക്സില്‍ രണ്ട് ലക്ഷം രൂപയാണ് പ്രലയാനന്തര ദുരിതാശ്വാസനിധിയിലേക്ക് നമസ്കാരത്തിന് വന്നവർ നിക്ഷേപിച്ചത്. മാത്രമല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഘടുവായി നല്ലൊരു വിഹിതം കുവൈറ്റിലെ സന്മനസ്സുക്കള്‍ അവരുടെ വേതനത്തില്‍ നിന്നും പിടിച്ച് നല്‍കുകയും ചെയ്തു.  ഇത് ദാനധര്‍മ്മത്തിന്‍റെ പ്രസക്തി എത്രമാത്രം വിശ്വാസികള്‍ ഉള്‍ക്കൊള്ളുന്നു എന്നതും അവരുടെ നന്മയും സൂചിപ്പിക്കുന്നു. 

ഇനിയാണ് നമ്മള്‍ ചോദ്യത്തിലേക്ക് കടക്കുന്നത്. സകാത്ത് എന്ന് പറയുന്നത് ഒരു നിര്‍ബന്ധ ദാനധര്‍മ്മമാണ്. അത് മറ്റു ദാനധര്‍മ്മങ്ങളെപ്പോലെ കൈകാര്യം ചെയ്യാവുന്ന ഒന്നല്ല. അതാര്‍ക്കാണ് ബാധകമാകുന്നത്, അതിന്‍റെ അവകാശികള്‍ ആര്, ഏതെല്ലാം ഇനങ്ങളിലാണ് അത് നിര്‍ബന്ധമാകുന്നത് തുടങ്ങി സകാത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിട്ടപ്പെടുത്തപ്പെട്ടിട്ടുണ്ട്. മുസ്ലിംകള്‍ക്ക് ഇടയില്‍ത്തന്നെ എല്ലാ ഇനങ്ങള്‍ക്കും, അവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സകാത്തിന്‍റെ പണം ഉപയോഗിക്കാന്‍ അനുവാദമില്ല.  ഉദാ: ഒരാള്‍ ഒരു മസ്ജിദ് ഉണ്ടാക്കാന്‍ സകാത്തില്‍ നിന്ന് നല്‍കാന്‍ വിചാരിച്ചാല്‍ പോലും അനുവദനീയമല്ല. പള്ളിയുണ്ടാക്കാന്‍ സ്വദഖയായി വേറെത്തന്നെ നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. സകാത്ത് അതിന്‍റെ അവകാശിക്കും നല്‍കണം.

ഒരു പൊതു ദുരിതാശ്വാസനിധിയിലേക്ക് സകാത്തിന്‍റെ സംഖ്യ നല്‍കുമ്പോള്‍ അത് അവകാശികളായ ആളുകളിലേക്കും, അല്ലാത്തവരിലേക്കും, സകാത്ത് അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്കും അല്ലാത്ത കാര്യങ്ങള്‍ക്കും ഒക്കെ വിനിയോഗിക്കപ്പെടാം. മാത്രമല്ല സകാത്ത് മുസ്ലിംകളായ ആളുകളില്‍ നിന്ന് മാത്രം നിര്‍ബന്ധദാനധര്‍മ്മമായി പിരിച്ചെടുക്കുന്നതും അവരിലെ പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതുമായ ഒന്നാണ്. അമുസ്ലിംകളില്‍ ഇസ്ലാമിനോട് ആഭിമുഖ്യമുള്ള പ്രയാസമനുഭവിക്കുന്ന ആളുകള്‍ക്കും (مؤلفة القلوب) അത് നല്‍കാം. ഒരു മുസ്‌ലിം ഭരണാധികാരിയുടെ വിവേചനാധികാരമനുസരിച്ച് അപ്രകാരമുള്ള അവിശ്വാസികള്‍ക്ക്‌ നല്‍കപ്പെട്ടിരുന്നു. നബി (സ) അമുസ്‌ലിംകളായ പല ഗോത്ര നേതാക്കന്മാര്‍ക്കും സകാത്തില്‍ നിന്നും നല്‍കിയിരുന്നു. ഒന്നുകില്‍ അവരുടെ ഇണക്കമുള്ള മനസ്സിനെ നിലനിര്‍ത്താനോ, അല്ലെങ്കില്‍ ഇടഞ്ഞുനില്‍ക്കുന്ന മനസ്സിനെ ഇണക്കമുള്ളതാക്കാനോ നല്‍കപ്പെടുന്ന ഒന്നാണത്. എന്നാല്‍ അടിസ്ഥാനപരമായി മുസ്ലിംകളിലെ ധനികരില്‍ നിന്ന് പിരിച്ചെടുക്കപ്പെടുകയും അവരിലെ ദരിദ്രര്‍ക്ക് നല്‍കപ്പെടുകയും ചെയ്യുന്ന ഒരു നിര്‍ബന്ധ ദാനമാണ് സകാത്ത്. 

ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെ മറ്റു ദാനധര്‍മ്മങ്ങളെപ്പോലെ പൊതുവായ അര്‍ത്ഥത്തില്‍ എന്ത് നന്മക്കും ചിലവഴിക്കാവുന്ന ഒന്നല്ല അത്. മുസ്ലിംകള്‍ക്ക് തന്നെ എല്ലാ കാര്യത്തിനും സകാത്ത് ഉപയോഗിക്കാവതല്ല. അതുകൊണ്ടാണ് പള്ളിയുണ്ടാക്കാന്‍ പോലും സകാത്തില്‍ നിന്ന് എടുക്കാന്‍ പാടില്ല എന്ന് പറഞ്ഞത്.  അത് അതിന്‍റെ അവകാശികളായ ആളുകളിലേക്ക് എത്തേണ്ട ഒന്നാണ്. പൊതു ആവശ്യത്തിനുപയോഗപ്പെടുത്തുന്ന ഒന്നല്ല. പെട്ടെന്ന് മനസിലാവാന്‍ ഒരു ചെറിയ ഉദാഹരണം പറയാം: സര്‍ക്കാര്‍ തന്നെ അതിന്‍റെ പണം വകമാറ്റി ചിലവഴിക്കാന്‍ സര്‍ക്കാരിനാകുമോ ?. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാന്‍ ഇരിക്കുന്ന പണം മുഴുവന്‍ ദുരിതാശ്വാസത്തിലേക്ക് നല്‍കാന്‍ സാധിക്കുമോ ?. ഇല്ല. കാരണം അതിന്‍റെ ഓരോന്നിന്‍റെയും അവകാശികള്‍ നിര്‍ണിതമാണ്. എന്നത് പോലെയാണ് സകാത്തും. അതിന്‍റെ അവകാശികള്‍ നിര്‍ണിതമാണ്.

 അതുകൊണ്ട് പൊതു ദുരിതാശ്വാസ നിധികളിലേക്ക് തങ്ങളുടെ സ്വദഖയില്‍ നിന്നും ദാനധര്‍മ്മങ്ങളില്‍ നിന്നും അകമഴിഞ്ഞ് നല്‍കുക. സകാത്തില്‍ നിന്ന് അതിലേക്ക് നല്‍കാവതല്ല. കാരണം സകാത്ത് ചിലവഴിക്കപ്പെടേണ്ട കാര്യങ്ങള്‍ക്കും അല്ലാത്ത കാര്യങ്ങള്‍ക്കും അത് വിനിയോഗിക്കപ്പെട്ടേക്കാം. അതുകൊണ്ട്  സകാത്ത് അതിന്‍റെ അവകാശികളാണ് എന്ന് കൃത്യമായി ബോധ്യമുള്ള ആളുകള്‍ക്ക് മാത്രം നല്‍കുക. കാരണം അവകാശികള്‍ക്ക് എത്തിയാലേ സകാത്ത് വീടൂ.

 അപ്പോള്‍ ചിലര്‍ക്ക് സംശയമുണ്ടായേക്കാം (في سبيل الله) എന്ന ഇനത്തില്‍ എല്ലാ നന്മകള്‍ക്കും സകാത്ത് നല്‍കാം എന്ന് വരില്ലേ എന്ന്.
في سبيل الله  എന്നതിന് പൊതുവായ ഒരര്‍ത്ഥവും പ്രത്യേകമായ ഒരര്‍ത്ഥവും ഉണ്ട്. അല്ലാഹുവിന്‍റെ പ്രതിഫലം ലഭിക്കുന്ന പുണ്യകരമായ ഏത് മാര്‍ഗത്തിനും في سبيل الله    എന്ന് പറയാം. ഇതാണ് പൊതുവായ അര്‍ഥം. ജിഹാദ് അഥവാ അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള ധര്‍മ്മസമരം ഇതാണ് പ്രത്യേകമായ അര്‍ഥം. ആ അര്‍ത്ഥമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

في سبيل اللهഎന്ന പദത്തിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ നല്ലകാര്യങ്ങള്‍ക്കും സകാത്ത് ഉപയോഗിക്കാം എന്ന വാദം ദുര്‍ബലമാണ്‌. ശൈഖ് ഇബ്നു ഉസൈമീന്‍ (رحمه الله) പറയുന്നു : “കാരണം നമ്മള്‍ സകാത്തിന്‍റെ അവകാശികളെ തിട്ടപ്പെടുത്തുന്ന ആയത്തിലെ (في سبيل الله) 'അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ എന്നതിനെ, അതിന്‍റെ പൊതുവായ അര്‍ത്ഥപ്രകാരം വ്യാഖ്യാനിച്ചാല്‍ ആയത്തിന്‍റെ ആരംഭത്തില്‍ إنما   എന്ന പ്രയോഗത്തിലൂടെ സകാത്തിന്‍റെ അവകാശികളെ അല്ലാഹു പരിമിതപ്പെടുത്തിയത് നിഷ്ഫലമാകും”. – (الشرح الممتع).

അഥവാ ഏതൊരു പുണ്യകര്‍മ്മത്തിനും സകാത്തില്‍ നിന്ന് നല്‍കാമെങ്കില്‍ 8 അവകാശികളെ പ്രത്യേകം എടുത്ത് പറഞ്ഞുകൊണ്ട് അവര്‍ക്ക് നല്‍കിയാലേ സകാത്ത് വീടൂ എന്ന് അവകാശികളെ പ്രത്യേകം പരിമിതപ്പെടുത്തേണ്ടതില്ലല്ലോ. മാത്രമല്ല അവകാശികളെ പരാമര്‍ശിച്ച (سورة التوبة : 60) എന്ന ആയത്തില്‍ 'ഫീ സബീലില്ലാഹ്' എന്നതുകൊണ്ട്‌ ഉദ്ദേശിക്കപ്പെടുന്നത്  പരിമിതമായ അര്‍ത്ഥമാണ് എന്ന് സൂചിപ്പിക്കുന്ന സ്വഹീഹായ അസറുകള്‍ സ്വഹാബത്തില്‍ നിന്നും വന്നിട്ടുമുണ്ട്. 

സകാത്തിന്‍റെ അവകാശികളെ മുന്പ് നാം വിശദീകരിച്ചിട്ടുണ്ട്. ആ ലേഖനം ഇവിടെ വായിക്കാം:  http://www.fiqhussunna.com/2014/08/blog-post_5.html

അതുകൊണ്ട് പൊതുവായ ദുരിതാശ്വാസ നിധിയിലേക്ക് നാം നമ്മുടെ ദാനധര്‍മ്മങ്ങളില്‍ നിന്നും അകമഴിഞ്ഞ് നല്‍കുക. സകാത്ത് അതിന്‍റെ നിര്‍ണിതമായ അവകാശികള്‍ക്കും നല്‍കുക. പ്രളയം കൊണ്ട് ദുരിതം അനുഭവിക്കുന്നവരില്‍ ധാരാളം സകാത്തിന്‍റെ അവകാശികള്‍ ഉണ്ടാകും അവര്‍ക്ക് സകാത്തിന്‍റെ ധനം എത്തിക്കുക. സകാത്തിന്‍റെ അവകാശികളെ പരിഗണിച്ച് നല്‍കുന്ന ദുരിതാശ്വാസ ഫണ്ട് ഉണ്ടെങ്കില്‍ അതിന് സകാത്തില്‍ നിന്നും നല്‍കാം. എന്നാല്‍ പലപ്പോഴും ദുരിതാശ്വാസനിധി എന്നത് ഒരു പൊതു ഫണ്ട് ആണ്. അത് സകാത്ത് അനുവദിക്കപ്പെടുന്ന കാര്യങ്ങള്‍ക്കും അല്ലാത്ത കാര്യങ്ങള്‍ക്കും വിനിയോഗിച്ചേക്കാം. അതിനാല്‍ അതിലേക്ക് സകാത്തിന്‍റെ ധനം നല്‍കാവതല്ല. മറ്റു സ്വദഖകള്‍ നല്‍കുക.

അല്ലാഹു സ്വീകരിക്കുമാറാകട്ടെ.
_______________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ