Tuesday, November 18, 2014

അഹ്ലുസ്സുന്ന പരസ്പരം സ്നേഹമുള്ളവരാകുക. PART 2 - ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ്

മുഹദ്ദിസുല്‍ മദീന ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ് ഹഫിദഹുല്ല അഹ്ലുസ്സുന്നക്കിടയില്‍ പരസ്പരം നിലനില്‍ക്കുന്ന ഭിന്നതയെ ആസ്പദമാക്കി എഴുതിയ ഒരു ലേഖനം നേരത്തെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിന്‍റെ ബാക്കി ഭാഗമാണിത്. 

www.fiqhussunna.com

നേരത്തെ പ്രസിദ്ധീകരിച്ച ഭാഗം വായിക്കാന്‍ ഈ ലിങ്കില്‍ പോകുക:

രണ്ടു ലേഖനങ്ങളും അടങ്ങുന്ന പൂര്‍ണമായ ലേഖനത്തിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: 

PART 2: .....................................................................................................................

പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയതായിക്കാണാം: ഒരു പണ്ഡിതന് തെറ്റു പറ്റിയാല്‍, ആ തെറ്റില്‍ അയാളെ പിന്തുടരാന്‍ പാടില്ല. എന്നാല്‍ അതിന്‍റെ പേരില്‍ അയാളെ പാടേ തള്ളിക്കളയാനും പാടില്ല. മറിച്ച് അയാളുടെ ആ തെറ്റ് മറ്റനേകം ശരികളാല്‍ പൊറുക്കപ്പെടുന്നതാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റഹിമഹുല്ല) തന്‍റെ മജ്മൂഉ ഫതാവയില്‍ ഇപ്രകാരം രേഖപ്പെടുത്തുകയുണ്ടായി: “തങ്ങള്‍ രേഖപ്പെടുത്തിയ അഭിപ്രായത്തെ ആസ്പദമാക്കി മുസ്‌ലിം സമൂഹത്തില്‍ നിന്നും വ്യത്യസ്ഥ കക്ഷിയാവുകയോ, അതിനെ ആധാരമാക്കി സൗഹൃദവും ശത്രുതയും വച്ചു പുലര്‍ത്തുകയോ ചെയ്യുന്നില്ലയെങ്കില്‍ അതവരില്‍ നിന്നും സംഭവിച്ചു പോയ ഒരു തെറ്റ് മാത്രമാണ്. അത്തരം കാര്യങ്ങളില്‍ പരിശുദ്ധനായ അല്ലാഹു വിശ്വാസികള്‍ക്ക് അവരുടെ തെറ്റുകള്‍ പൊറുത്ത് കൊടുക്കുകയും ചെയ്യും. അത്തരം തെറ്റുകളില്‍ മുസ്‌ലിം ഉമ്മത്തിലെ മുന്‍ഗാമികളായ എത്രയോ പണ്ഡിതന്മാരും ഇമാമീങ്ങളും പെട്ടുപോയിട്ടുമുണ്ട്. അവരുടെ ഇജ്തിഹാദ് പ്രകാരം അവര്‍ പറഞ്ഞ വാക്കുകള്‍ ചിലപ്പോഴൊക്കെ വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും സ്ഥിരപ്പെട്ടു വന്നതിന് എതിരാകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. (അതവര്‍ക്ക് സംഭവിച്ചുപോയ തെറ്റു മാത്രമാണ്). എന്നാല്‍ തന്‍റെ വാദങ്ങള്‍ അംഗീകരിക്കുന്നവരോട് സൗഹൃദം പുലര്‍ത്തുകയും, തന്‍റെ വാദങ്ങളെ എതിര്‍ക്കുന്നവരോട് ശത്രുത കാണിക്കുകയും, മുസ്ലിംകളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന ആളുകള്‍ ഒരിക്കലും അവരെപ്പോലെയല്ല”. - [മജ്മൂഉ ഫതാവ 3/349].

    ഇമാം ദഹബി (റ) തന്‍റെ سير أعلام النبلاء ല്‍ പറയുന്നു: “ഇമാമീങ്ങളിലാരെങ്കിലും ചില ഒറ്റപ്പെട്ട മസ്അലകളില്‍ പൊറുക്കപ്പെടാവുന്ന വീഴ്ചകള്‍ വരുത്തുമ്പോഴേക്ക് നാം അവരെ ബിദ്അത്തുകാരായി മുദ്രകുത്താനും, തള്ളിപ്പറയാനും നിന്നാല്‍, കുറ്റവും കുറവുമില്ലാത്ത ഒരാളും പിന്നെ ഉണ്ടാവുകയില്ല. ഇബ്നു നസ്റോ, ഇബ്നു മിന്‍ദയോ ആയിരുന്നാല്‍ പോലും, ഇനി വേണ്ട അവരെക്കാള്‍ വലിയവര്‍ ആയിരുന്നാല്‍ പോലും അതില്‍ നിന്നും മുക്തമാകുമായിരുന്നില്ല. അല്ലാഹുവാണ് മനുഷ്യരെ സത്യത്തിലേക്ക് വഴി നടത്തുന്നത്. അവന്‍ കാരുണ്യവാന്മാരില്‍ ഏറ്റവും വലിയ കാരുണ്യവാനാണ്. അതിനാല്‍ തന്നെ നമ്മുടെ ദേഹേച്ചയെ പിന്‍പറ്റി (മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കുന്നതില്‍ നിന്നും) മോശമായ സംസാരത്തില്‍ നിന്നും നാം അല്ലാഹുവില്‍ ശരണം തേടുന്നു”. – [سير أعلام النبلاء 14/39]. (ഇബ്നു നസ്ര്‍ എന്നത് പ്രശസ്ഥ ഇമാമായ ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബിന്‍ നസ്ര്‍ അല്‍ മര്‍വസിയാണ്. ഇബ്നു മന്‍ദ എന്നത് ഇമാം മുഹമ്മദ്‌ ബിന്‍ യഹ്’യയാണ്. ഹിജ്റ 301ലാണ് അദ്ദേഹം മരണപ്പെട്ടത്. രണ്ടുപേരും അനേകം ഹദീസുകള്‍ ഹൃദിസ്ഥമാക്കിയ മുഹദ്ദിസീങ്ങളാണ്).  

  അതുപോലെ ഇമാം ദഹബി(റ) പറഞ്ഞു: “ശരിയായ വിശ്വാസവും സത്യം മാത്രം പിന്തുടരുവാനുള്ള ദൃഢനിശ്ചയവുമുള്ള ഒരാള്‍ക്ക് അയാളുടെ ഇജ്തിഹാടില്‍ തെറ്റുപറ്റുമ്പോഴേക്ക് ബിദ്അത്ത് മുദ്രകുത്താനും, തള്ളിപ്പറയാനും നിന്നാല്‍, ഇമാമീങ്ങളില്‍ നിന്നും വളരെക്കുറച്ച് പേര്‍ മാത്രമായിരിക്കും ബാക്കിയാവുക. അല്ലാഹു അവന്‍റെ ഔദാര്യം കൊണ്ടും കാരുണ്യം കൊണ്ടും അവരോടെല്ലാം കരുണ ചെയ്യുമാറാകട്ടെ ”. – [14/376 سير أعلام النبلاء].

    ഒരു വ്യക്തിയെ ജര്‍ഹ് ചെയ്യുന്നതിന് (മോശമായി വിലയിരുത്തുന്നതിന്) ചിലപ്പോള്‍ സ്വാര്‍ത്ഥ താല്പര്യങ്ങളും കാരണമായേക്കാം എന്ന് ഇമാം ഇബ്നുല്‍ ജൗസി റഹിമഹുല്ല അദ്ദേഹത്തിന്‍റെ صيد الخاطر എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറയുന്നു: ഞാന്‍ വ്യത്യസ്ഥ പണ്ഡിതന്മാരെ കണ്ടുമുട്ടിയിട്ടുണ്ട്. അറിവിന്‍റെ കാര്യത്തില്‍ സ്വാഭാവികമായും അവര്‍ തമ്മില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. പക്ഷെ അവരോടൊപ്പമുള്ള സഹവാസത്തില്‍ എനിക്ക് ഏറ്റവുമധികം ഉപകാരപ്പെട്ടത് ഉള്ള അറിവ് ജീവിതത്തില്‍ പകര്‍ത്തുന്നവരാണ്. മറ്റുള്ളവര്‍ അവരെക്കാള്‍ അറിവുള്ളവര്‍ ആയിരുന്നിട്ടുകൂടി എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് അവരാണ്. എന്നാല്‍ ചില ഹദീസ് പണ്ഡിതന്മാരെയും ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. അവര്‍ ഹദീസുകള്‍ നന്നായി മനപ്പാഠമാക്കുകയും അതിന്‍റെ പൊരുള്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. പക്ഷെ അവര്‍ പരദൂഷണം പറയുകയും അതെല്ലാം ജര്‍ഹു വ തഅദീലാണെന്നും പറഞ്ഞുകൊണ്ട് ന്യായീകരിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ അബ്ദുല്‍ വഹാബ് അല്‍ അന്മാത്വി എന്ന പണ്ഡിതനെ ഞാന്‍ കണ്ടുമുട്ടി. അദ്ദേഹം സലഫുകളെ പിന്തുടരുന്ന ആളായിരുന്നു. അദ്ദേഹത്തിന്‍റെ മജ്‌ലിസുകളില്‍ ഒരിക്കലും തന്നെ മറ്റുള്ളവരെപ്പറ്റി പരദൂഷണം പറയുന്നത് കേള്‍ക്കാറുണ്ടായിരുന്നില്ല ”. – [صيد الخاطر ص143].

  അതുപോലെ അദ്ദേഹം തന്‍റെ تلبيس إبليس  എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ചില ഹദീസ് പണ്ഡിതന്മാരുടെ മേലുള്ള പിശാചിന്‍റെ ദുര്‍ബോധനങ്ങളില്‍ പെട്ടതാണ് അവര്‍ പരസ്പരം തന്‍റെ പകപോക്കുന്നതിനു വേണ്ടി മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കുകയും, ശേഷം അതിനെ ഈ ഉമ്മത്തിലെ പൂര്‍വികന്മാര്‍ ശറഇനെ സംരക്ഷിക്കുന്നതിനുവേണ്ടി ഉപയോഗിച്ച ജര്‍ഹു വ തഅദീലിലേക്ക് കൂട്ടിക്കെട്ടുകയും ചെയ്യുക എന്നുള്ളത്. എന്നാല്‍ അല്ലാഹു ഓരോരുത്തരുടെയും ഉദ്ദേശ്യശുദ്ധിയെ സംബന്ധിച്ച് കൃത്യമായി അറിയുന്നവനാകുന്നു ”. – [تلبيس إبليس 2/689]. ഹിജ്റ 597ല്‍ മരിച്ച ഇമാം ഇബ്നുല്‍ ജൗസി റഹിമഹുല്ലയുടെ കാലഘട്ടത്തില്‍ ഇപ്രകാരം ആയിരുന്നുവെങ്കില്‍, ഈ ഹിജ്റ പതിനഞ്ചാം നൂറ്റാണ്ടിലെ കാര്യം പിന്നെ പറയേണ്ടതുണ്ടോ ?!.

  ഈ വളരെ അടുത്ത കാലത്ത് യമനില്‍ നിന്നുള്ള ശൈഖ് മുഹമ്മദ്‌ അബ്ദല്ലാഹ് അല്‍ ഇമാം അഹ്ലുസ്സുന്നക്കിടയിലുള്ള ഭിന്നതകളെ എപ്രകാരം കൈകാര്യം ചെയ്യണം എന്ന് വിവരിക്കുന്ന (الإبانة عن كيفية التعامل مع الخلاف بين أهل السنةوالجماعة) എന്ന ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. യമനില്‍ നിന്നുള്ള അഞ്ചോളം പണ്ഡിതന്മാര്‍ ആ ഗ്രന്ഥത്തെ പ്രശംസിച്ചിട്ടുമുണ്ട്. ആധുനികരും പൗരാണികരുമായ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരില്‍ നിന്നുമുള്ള ഒട്ടനവധി ഉദ്ദരണികള്‍ അതില്‍ എടുത്ത് കൊടുത്തിട്ടുണ്ട്. പ്രത്യേകിച്ചും ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ(റ) യുടെയും ഇബ്നുല്‍ ഖയ്യിം(റ) യുടെയും ഉദ്ദരണികള്‍. അവയെല്ലാം പരസ്പരമുള്ള ബന്ധം നന്നാക്കാനായി അഹ്ലുസ്സുന്നയുടെ ആളുകള്‍ക്കുള്ള ഉപദേശമാണ്. ആ ഗ്രന്ഥത്തിന്‍റെ ഒട്ടുമിക്ക അധ്യായങ്ങളും പരിശോധിക്കാനും, അത് പ്രയോജനപ്പെടുത്താനും എനിക്ക് സാധിച്ചു. ഈ ലഘുകൃതിയില്‍ ഞാന്‍ എടുത്ത് കൊടുത്ത ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ(റ) യുടെയും, ഇബ്നുല്‍ ഖയ്യിം(റ) യുടെയും വാക്കുകളിലേക്ക് ഞാന്‍ സഞ്ചരിച്ചത് ആ ഗ്രന്ഥത്തിലൂടെയാണ്. അതിനാല്‍ തന്നെ ആ ഗ്രന്ഥം വായിക്കുവാനും പ്രയോജനപ്പെടുത്തുവാനും ഞാന്‍ വസ്വിയ്യത്ത് ചെയ്യുന്നു. ആ കൃതിയില്‍ വന്ന ഏറ്റവും സുന്ദരമായ ഒരു ഭാഗമാണ്: “ ഒരുപക്ഷെ സ്വീകാര്യയോഗ്യനായ ഒരാള്‍ അഹ്ലുസ്സുന്നയിലുള്ള മറ്റുചിലരെ സംബന്ധിച്ച് ആക്ഷേപിക്കുകയും അത് പരസ്പരമുള്ള അകല്‍ച്ചക്കും, പിച്ചിച്ചീന്തലിനും, തര്‍ക്കത്തിനും  വഴിയൊരുക്കുകയും ചെയ്യും. ഒരുവേള അഹ്ലുസ്സുന്ന പരസ്പരം യുദ്ധം ചെയ്യുന്നതിലേക്ക് വരെ അത് എത്തിയേക്കാം. അത്തരം വല്ല സംഭവ വികാസവും ഉണ്ടായാല്‍ ആ ജര്‍ഹ് (ആക്ഷേപം) ഒരു ഫിത്നക്ക് വകവച്ചു എന്ന് മനസ്സിലാക്കാം. അപ്രകാരം അതൊരു ഫിത്നക്ക് കാരണമായാല്‍, താന്‍ നടത്തിയ ആക്ഷേപത്തെ (ജര്‍ഹിനെ) സംബന്ധിച്ചും അതിന്‍റെ ഗുണ-ദോഷങ്ങളെ സംബന്ധിച്ചും ഒരു പുനര്‍വിചിന്തനം നടത്തേണ്ടതും, സാഹോദര്യബന്ധം നിലനിര്‍ത്തുവാനും, പ്രബോധനപ്രവര്‍ത്തനങ്ങളെ സംരക്ഷിക്കുവാനും, തെറ്റുകള്‍ നല്ല രൂപത്തില്‍ പരിഹരിക്കുവാനും ശ്രമിക്കേണ്ടതും അനിവാര്യമാണ്‌. ഉപദ്രവം പ്രകടമായ ജര്‍ഹില്‍ (ആക്ഷേപത്തില്‍) തുടരുക എന്നുള്ളത് ഒരിക്കലും ഉണ്ടാവാന്‍ പാടില്ല .

  യമനിലെ സഹോദരങ്ങള്‍ക്ക് അനുഭവപ്പെട്ടത് പോലുള്ള അനുഭവം മറ്റു മതവിദ്യാര്‍ഥികള്‍ക്കും പണ്ഡിതന്മാര്‍ക്കും അനുഭവപ്പെടുന്നുണ്ട് എന്നതില്‍ യാതൊരു സംശയവുമില്ല. ഈ ഭിന്നതയിലും വിഭാഗീയതയിലും അവര്‍ ഏറെ വേദനിക്കുന്നു. അതില്‍ ഭാഗവാക്കായ തങ്ങളുടെ സഹോദരങ്ങള്‍ക്ക് നസ്വീഹത്ത് നല്‍കുവാന്‍ അവരോരോരുത്തരും ആഗ്രഹിക്കുന്നു. എന്നാല്‍ യമാനുകാര്‍ ആ ദൗത്യം ആദ്യം നിറവേറ്റി. അല്ലാഹു അവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കട്ടെ. ഒരുപക്ഷെ “വിശ്വാസം യമനിലേതാണ്. വിവേകവും യമനിലേതാണ്” - (മുത്തഫഖുന്‍ അലൈഹി) എന്ന ഹദീസ് പൊരുള്‍ ഉള്‍ക്കൊള്ളുന്നതാവാം ആ നസ്വീഹത്ത്. യമനിലെ സഹോദരങ്ങള്‍ എഴുതിയ ആ ഉപദേശം അതെന്തിന് വേണ്ടിയാണോ എഴുതപ്പെട്ടത് ആ ലക്ഷ്യം നിറവേറ്റപ്പെടുമെന്ന് പ്രതീക്ഷിക്കട്ടെ. എല്ലാം സൂക്ഷമമായി പിന്തുടരുകയും ആക്ഷേപിക്കുകയും ജര്‍ഹു ചെയ്യുകയും ചെയ്യുന്ന ഈ രീതി അഹ്ലുസ്സുന്നയില്‍പ്പെട്ട ആരും പിന്തുണക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അത് അഹ്ലുസ്സുന്നക്കിടയില്‍ ശത്രുതയും, പകയും ഉണ്ടാക്കുവാനും ഹൃദയങ്ങളെ കൂടുതല്‍ കടുത്തതാക്കുവാനുമല്ലാതെ സഹായിക്കുകയില്ല.

  തിന്മകളില്‍ നിന്നും വികല വിശ്വാസങ്ങളില്‍ നിന്നും മുക്തമാക്കപ്പെട്ടതിനു ശേഷവും സൗദിയെ ഫസാദാക്കുവാനും നശിപ്പിക്കുവാനും പാശ്ചാത്യശക്തികള്‍ ശ്രമിക്കുമ്പോള്‍, പ്രത്യേകിച്ചും ജിദ്ദയില്‍ ഖദീജാ ബീവിയുടെ പേരില്‍ വ്യാജമായി തുടങ്ങിയ സ്ത്രീകളെ വഴി തെറ്റിക്കാനുള്ള കൂട്ടായ്മകള്‍ രംഗത്ത് വരുമ്പോള്‍, - ആ കൂട്ടായ്മയെ സംബന്ധിച്ച് : ‘സ്ത്രീകളെ വഴിതെറ്റിക്കാന്‍ ഖദീജ ബിന്‍ത് ഖുവൈലിദ്(റ) യുടെ പേര് ദുരുപയോഗം ചെയ്യരുത്’, എന്ന ഒരു ലേഖനം ഞാന്‍ എഴുതിയിയുട്ടുണ്ട് – ഇത്തരം സന്ദര്‍ഭങ്ങളില്‍ അവയെ ചെറുക്കേണ്ടതിന് പകരം അഹ്ലുസ്സുന്നയില്‍ പെട്ട ചില ആളുകള്‍ അവരെത്തന്നെ പരസ്പരം ആക്ഷേപിക്കുകയും, അവരെത്തന്നെ സൂക്ഷിക്കണം എന്ന് പറയുകയും ചെയ്യുന്നത് ഏറെ അത്ഭുതകരമാണ്.

  എല്ലാ പ്രദേശങ്ങളിലുമുള്ള അഹ്ലുസ്സുന്നയുടെ ആളുകള്‍ക്ക് പ്രവാചകന്‍റെ ചര്യയെ മുറുകെപ്പിടിക്കാനും, സ്നേഹിക്കാനും, നന്മയിലും തഖ്’വയിലും പരസ്പരം സഹകരിക്കാനും, അവര്‍ക്കിടയിലുള്ള വിഭാഗീയതക്കും ഭിന്നതക്കും കാരണമാകുന്ന സകല കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുവാനും കഴിയട്ടെയെന്നു ഞാന്‍ അല്ലാഹുവിനോട് തേടുന്നു. അതുപോലെത്തന്നെ മതത്തെ അറിയാനും പഠിക്കാനും സത്യത്തില്‍ ഉറച്ചു നില്‍ക്കാനും മുസ്ലിമീങ്ങള്‍ക്കെല്ലാം അല്ലാഹു തൗഫീഖ് ചെയ്യട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.

وصلى الله وسلم وبارك على نبينا محمد وعلى آله وصحبه..........

എഴുതിയത്: ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ്
DATE: HIJRA : 16/1/1432.