Tuesday, November 11, 2014

നരകത്തില്‍ മുഖം കുത്തി വീഴ്ത്തുന്നത് നാവല്ലാതെ മറ്റെന്താണ് ?!..


الحمد لله، والصلاة والسلام على اشرف خلق الله، وعلى آله وصحبه أجمعين، أما بعد؛

www.fiqhussunna.com

മനുഷ്യന്‍റെ സ്വര്‍ഗ്ഗ നരകങ്ങള്‍ നിര്‍ണ്ണയിക്കുമാറ് ഗൗരവപരമാണ് അവന്‍റെ നാവിന്‍റെ ഉപയോഗം. മുആദ് (റ) വില്‍ നിന്നും നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. അദ്ദേഹത്തിന് സ്വര്‍ഗത്തിലേക്ക് എത്താനുള്ള ഒരുപാട് നന്മകളെക്കുറിച്ച് പറഞ്ഞുകൊടുത്തത്തിനു ശേഷം പ്രവാചകന്‍() പറയുകയുണ്ടായി: 

قَالَ: أَلا أُخبِرُكَ بِملاكِ ذَلِكَ كُلِّهِ ؟ قُلْتُ:بَلَى يَارَسُولَ اللهِ. فَأَخَذَ بِلِسَانِهِ وَقَالَ: كُفَّ عَلَيْكَ هَذَا. قُلْتُ يَانَبِيَّ اللهِ وَإِنَّا لَمُؤَاخَذُونَ بِمَا نَتَكَلَّمُ بِهِ ؟ فَقَالَ: ثَكِلَتْكَ أُمُّكَ يَامُعَاذُ. وَهَلْ يَكُبُّ النَّاسَ فِي النَّارِ عَلَى وُجُوهِهِمْ أَو قَالَ: عَلَى مَنَاخِرِهِمْ إِلاَّ حَصَائِدُ أَلسِنَتِهِمْ

എന്നാല്‍ അവയെയെല്ലാം അധീനപ്പെടുത്തുന്ന ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ നിനക്ക് പറഞ്ഞു തരട്ടെയോ, മുആദ്(റ) പറഞ്ഞു: അതേ പ്രവാചകരേ.. അപ്പോള്‍ പ്രവാചകന്‍() തന്‍റെ നാവ് എടുത്ത് പിടിച്ചുകൊണ്ട് പറഞ്ഞു: ഇതിനെ നീ നിയന്ത്രിക്കണം. അപ്പോള്‍ മുആദ് ചോദിച്ചു: അല്ലയോ പ്രവാചകരേ, ഞങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ക്ക് ഞങ്ങള്‍ ശിക്ഷിക്കപ്പെടുമോ?. അപ്പോള്‍ പ്രവാചകന്‍() പറഞ്ഞു: മുആദേ.. നിനക്കെന്തു പറ്റി, തങ്ങളുടെ നാവു കൊണ്ട് സമ്പാദിച്ചതല്ലാതെ മറ്റെന്താണ് ജനങ്ങളെ നരകത്തിലേക്ക് മുഖംകുത്തി വീഴ്ത്തുന്നത് ?!. - [തിര്‍മിദി]. 
അതെ, നാവ് ഒന്നുകില്‍ മനുഷ്യനെ സ്വര്‍ഗത്തിലേക്ക് നയിക്കും. അല്ലെങ്കില്‍ നരകത്തിലേക്കും. നാവ് സമ്പാദിച്ചു കൂട്ടുന്നതിലുപരിയായി  സോഷ്യല്‍ മീഡിയകളും മറ്റും കൂടിയായപ്പോള്‍ തിന്മ ഇരട്ടിപ്പിക്കാനുള്ള ഉപാധികള്‍ കൂടി വര്‍ദ്ധിച്ചു.  അല്ലാഹുവില്‍ ശരണം....

നന്മ സംസാരിക്കുക എന്നത് ഒരു വിശ്വാസിയുടെ ലക്ഷണമാണ്.

"مَنْ كَانَ يُؤمِنُ بِاللهِ وَاليَومِ الآخِرِ فَليَقُل خَيرَاً أَو ليَصمُت

"ആരെങ്കിലും അല്ലാഹുവിലും  അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ " - [ബുഖാരി , മുസ്‌ലിം].

പരലോകബോധവും സൃഷ്ടാവിനെ കണ്ടുമുട്ടുമെന്ന തിരിച്ചറിവും ഒരാളുടെ നാവിനെ നിയന്ത്രിക്കുന്ന സുപ്രധാന ഘടകമാണ് എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം. മാത്രമല്ല അന്ത്യദിനത്തില്‍ നാവ് മനുഷ്യന് വരുത്തി വെക്കുന്ന വിനയെക്കുറിച്ചും ഈ ഹദീസ് താക്കീത് നല്‍കുന്നുണ്ട്.

അതിനാലാണ് ഒരു അറബി കവി പാടിയത് : 

احذر لسانك أيها الإنسان ...... لا يلدغنك إنه ثعبان 
فكم في المقابر من قتيل لسانه ..... كانت تخاف لقاءه الشجعان

മനുഷ്യാ നീ നിന്‍റെ നാവിനെ സൂക്ഷിക്കുക... 
അതൊരു പാമ്പാണ്, അത് നിന്നെ കൊത്താതെ നോക്കണം...
ആ നാവിനിരയായ എത്രയെത്ര ആളുകളാണ് ഇന്ന് ഖബറിലുള്ളത്... 
 ജീവിതകാലത്ത് , വലിയ വലിയ ശുജായിമാര്‍ പോലും ആ നാവിനെ ഭയപ്പെട്ടിരുന്നു...

ഇമാം നവവി (റഹിമഹുല്ല) പറയുന്നു: "പ്രായപൂര്‍ത്തിയെത്തിയ വിവേകമുള്ള ഓരോ വ്യക്തിയും ഉപകാരപ്രദമല്ലാത്ത സകല സംസാരങ്ങളില്‍ നിന്നും തന്‍റെ നാവിനെ സൂക്ഷിക്കേണ്ടതുണ്ട്. സംസാരിക്കുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യുന്നതില്‍ പ്രത്യേകിച്ച് വിത്യാസമൊന്നുമില്ലാത്ത ഒരു കാര്യമാണെങ്കില്‍ പോലും അത് സംസാരിക്കാതെ നാവിനെ പിടിച്ചു വെക്കലാണ് സുന്നത്ത്. കാരണം അത്തരത്തിലുള്ള സംസാരം പിന്നീട് വെറുക്കപ്പെട്ട സംസാരങ്ങളിലേക്കും നിഷിദ്ധമായ സംസാരങ്ങളിലേക്കും കൊണ്ടെത്തിക്കും. സാധാരണ അങ്ങനെയാണ് സംഭവിക്കാറുള്ളത്. സുരക്ഷിതമായിടത്ത് നിന്നാല്‍ അതിന് തുല്യമായി മറ്റൊന്നും തന്നെയില്ല." - [അല്‍ അദ്കാര്‍].

ഇനി ഏറ്റവും ശ്രേഷ്ഠനായ മുസ്ലിമായി പ്രവാചകന്‍() എണ്ണിയ കൂട്ടത്തില്‍, ഒരാള്‍ ആരാണെന്നറിയുമോ ?!.

عن أبي موسى الأشعري قال: قلتُ يا رسولُ اللّه، أيُّ المسلمين أفضلُ؟ قال: "مَنْ سَلِمَ المُسْلِمُونَ مِنْ لِسانِهِ وَيَدِهِ".

അബൂ മൂസല്‍ അശ്അരി പറയുന്നു: ഞാന്‍ പ്രവാചകനോട് ചോദിച്ചു: അല്ലയോ പ്രവാചകരേ, ഏറ്റവും ശ്രേഷ്ഠനായ മുസ്‌ലിം ആരാണ് ?. പ്രവാചകന്‍() പറഞ്ഞു:  "ഏതൊരാളുടെ നാവില്‍ നിന്നും, കയ്യില്‍ നിന്നും മറ്റു മുസ്ലിമീങ്ങള്‍ രക്ഷപ്പെടുന്നുവോ അവനാകുന്നു ഏറ്റവും ശ്രേഷ്ഠനായ മുസ്‌ലിം." - [ ബുഖാരി, മുസ്‌ലിം].

നാവിനെ നിയന്ത്രിക്കുന്നവന് സ്വര്‍ഗമുണ്ട് എന്നത് പ്രവാചകന്‍() നല്‍കിയ ഉറപ്പാണ്:

عن سهل بن سعد رضي اللّه عنه، عن رسول اللّه صلى اللّه عليه وسلم قال: "مَنْ يَضْمَنْ لي ما بينَ لَحْيَيْهِ وَما بينَ رِجْلَيْهِ، أضْمَنْ لَهُ الجَنَّةَ".

സഹ്ല്‍ ബിന്‍ സഅദ് (റ) വില്‍ നിന്നും നിവേദനം: പ്രവാചകന്‍() പറഞ്ഞു: "തന്‍റെ താടിയെല്ലുകള്‍ക്കിടയിലുള്ളതിനെയും, തുടയെല്ലുകള്‍ക്കിടയിലുള്ളതിനെയും (സൂക്ഷിക്കാമെന്ന്) ആരെനിക്ക്  ഉറപ്പ് നല്‍കുന്നുവോ, അവന് സ്വര്‍ഗമുണ്ടെന്നത് ഞാനും ഉറപ്പ് നല്‍കുന്നു." - [ബുഖാരി].

അശ്രദ്ധയോടെ പലപ്പോഴും നാം പറഞ്ഞുപോകാറുള്ള വാക്കുകളുടെ ഗൗരവം എന്തെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?. തന്‍റെ വാക്കുകള്‍, കമന്‍റുകള്‍, അഭിപ്രായ പ്രകടനങ്ങള്‍, വൈകാരികമായ പ്രതികരണങ്ങള്‍, ഇവയെല്ലാം അല്ലാഹുവിന്‍റെ പ്രീതി കരസ്ഥമാക്കാന്‍ ഉത്തകുന്നവയാണോ എന്ന് നാം പരിശോധിക്കാറുണ്ടോ ?! ..

إن العبد ليتكلم بالكلمة من سخط الله لا يلقي لها بالا ؛ يهوي بها في نار جهنم

അബൂ ഹുറൈറയില്‍ നിന്നും നിവേദനം: പ്രവാചകന്‍() പറയുന്നതായി ഞാന്‍ കേട്ടു: "അല്ലാഹുവിനെ കോപിപ്പിക്കുന്ന ഒരു വാക്ക്  അശ്രദ്ധനായി ഒരടിമ ഉരുവിട്ടത് കാരണത്താല്‍ അവന്‍ നരകത്തില്‍ കത്തിയെരിയുക തന്നെ  ചെയ്യും." -[ ബുഖാരി].  ഇമാം  മുസ്‌ലിമിന്‍റെ റിപ്പോര്‍ട്ടില്‍ "കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അകലമത്രയും അവന്‍ നരകത്തില്‍ ആപതിക്കും." എന്നും കാണാം. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ.

അബൂ ഹുറൈറ റിപ്പോര്‍ട്ട് ചെയ്യുന്ന ഈ ഒരു ഹദീസ് നമ്മുടെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കട്ടെ. എന്‍റെ രക്ഷിതാവിന്‍റെ പക്കല്‍ പ്രതിഫലമര്‍ഹിക്കുന്നതല്ലാത്ത സംസാരങ്ങളില്‍ ഞാന്‍ ഭാഗവാക്കുകയില്ല എന്നാ തീരുമാനമെടുക്കാന്‍ ഈ ഹദീസ് നമ്മെ ഓരോരുത്തരെയും പ്രേരിപ്പിക്കട്ടെ...  

ഒരാളുടെ സംസാരം മാത്രമല്ല അവന്‍റെ കണ്ണും കാതും ഹൃദയവുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്. നല്ലത് കാണുക, നല്ലത് പറയുക, നല്ലത് കേള്‍ക്കുക, നല്ലത് ചിന്തിക്കുക. ഇഹത്തിലും പരത്തിലും ശാന്തിയും സമാധാനവും നമുക്ക് നഷ്ടമാകുകയില്ല.

إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُوْلَئِكَ كَانَ عَنْهُ مَسْئُولًا- [الإسراء:36[

"തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌." - [ഇസ്റാഅ് : 36].

ഈ ആയത്ത് വിശദീകരിച്ചുകൊണ്ട് ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) പറയുന്നു: " നിനക്ക് അനുവദനീയമല്ലാത്തത് കാണുന്നതിനെയും, കേള്‍ക്കുന്നതിനെയും, വിശ്വസിക്കുന്നതിനെയും കൃത്യമായി വിലക്കുകയും അതില്‍ നിന്നും താക്കീത് നല്‍കുകയും ചെയ്യുന്ന വചനമാണിത്. കാരണം നീ കേള്‍ക്കുന്നതിനെ സംബന്ധിച്ചും, നീ കാണുന്നതിനെ സംബന്ധിച്ചുംനീ വിശ്വസിക്കുന്നതിനെ സംബന്ധിച്ചും തീര്‍ച്ചയായും നീ വിചാരണ ചെയ്യപ്പെടുന്നതാണ്."  - ( http://www.binbaz.org.sa/mat/9099 ).

മാത്രമല്ല തന്‍റെ ഭാഗത്താണ് ന്യായമെങ്കില്‍ പോലും തര്‍ക്കം ഉപേക്ഷിക്കുന്നവന് സ്വര്‍ഗത്തില്‍ പ്രത്യേക സ്ഥാനം പ്രവാചകന്‍() വാഗ്ദാനം ചെയ്തിട്ടുണ്ട്:

عن أبي أمامة قال: قال رسول الله صلى الله عليه وسلم: أنا زعيم ببيت في ربض الجنة لمن ترك المراء وإن كان محقا، وببيت في وسط الجنة لمن ترك الكذب وإن كان مازحا، وببيت في أعلى الجنة لمن حسن خلقه.

അബൂ ഉമാമ(റ)യില്‍ നിന്നും നിവേദനം: പ്രവാചകന്‍() പറഞ്ഞു: തന്‍റെ ഭാഗത്താണ് ന്യായമെങ്കില്‍ പോലും തര്‍ക്കം ഉപേക്ഷിക്കുന്നവന് സ്വര്‍ഗ്ഗത്തിന്‍റെ താഴ്വാരത്ത് ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു. തമാശക്ക് പോലും കളവ് പറയാത്തവന് സ്വര്‍ഗ്ഗത്തിന്‍റെ മധ്യത്തില്‍ ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു. തന്‍റെ സ്വഭാവം നന്നാക്കിയവന് സ്വര്‍ഗ്ഗത്തിന്‍റെ ഏറ്റവും ഉന്നതമായ സ്ഥാനത്ത് ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു. - [ശൈഖ് അല്‍ബാനി ഹസന്‍ ആയി രേഖപ്പെടുത്തിയ ഹദീസ്].

അതിനാല്‍ തന്നെ അനാവശ്യമായ സംസാരങ്ങളും തര്‍ക്കങ്ങളും ഉപേക്ഷിക്കുക. സ്വര്‍ഗ്ഗത്തില്‍ ഒരു വീട് എന്നത് ആരാണ് ആഗ്രഹിക്കാത്തത്.നാവിനെ നിയന്ത്രിക്കാനായാല്‍ ലഭിക്കുന്ന പ്രതിഫലം എത്ര സുന്ദരം. അല്ലേ !.

മറിച്ച് നാവിനെ നിയന്ത്രിക്കാന്‍ പറ്റാതെ വന്നാലോ?!. കത്തിജ്വലിക്കുന്ന നരകമായിരിക്കും കാത്തിരിക്കുന്നത്. നാവ് എന്ന്‍ പറയുമ്പോ നാം സംസാരിക്കുന്നത് എന്ന് മാത്രം കരുതേണ്ടതില്ല. സംസാരിക്കുന്നതിന് തുല്യമായ പ്രവര്‍ത്തനങ്ങളെല്ലാം അതില്‍ പെട്ടു. ഫേസ്ബുക്കിലും ട്വിറ്റെറിലുമെല്ലാമുള്ള എഴുത്ത് തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്തെല്ലാം നാം എഴുതിയും സംസാരിച്ചും കൂട്ടുന്നു. അതിനൊക്കെ നാം വിചാരണ ചെയ്യപ്പെടും എന്നത് വാസ്തവമല്ലേ ?! ... പക്ഷെ പലരും പറയാറുള്ളത് പോലെ എയ്ത അമ്പും, പുറത്ത് വന്ന വാക്കും ഒരുപോലെയാണ്. തിരിച്ചെടുക്കാന്‍ സാധിക്കില്ല. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ. 

സഹോദരാ അന്ത്യദിനത്തില്‍ ഉപകരിക്കാത്തത് പറയരുത്. പ്രവര്‍ത്തിക്കരുത്. തെറ്റുകള്‍ വന്നു പോയേക്കാം, പക്ഷെ നന്മ തിന്മകള്‍ വിഹിതം വെക്കപ്പെടുന്നതിനു മുന്പ് തിരുത്തുക. ഖേദിച്ച് മടങ്ങുക.

അല്ലാത്ത പക്ഷം ഞാനും നീയും പാപ്പരായിരിക്കും. ദുനിയാവിലല്ല, എന്നെന്നേക്കുമുള്ള ജീവിതത്തില്‍.... ഈ ഹദീസ് ഒന്ന് മനസ്സിരുത്തി വായിക്കുക: 

عن أبي هريرة رضي الله عنه قال قال رسول الله صلى الله عليه وسلم: "أتدرون من المفلس؟" قالوا: المفلس فينا من لا درهم له ولا متاع فقال:" إن المفلس من أمتي من يأتي يوم القيامة بصلاة وصيام وزكاة، ويأتي وقد شتم هذا وقذف هذا وأكل مال هذا وسفك دم هذا و ضرب هذا فيعطى هذا من حسناته، وهذا من حسناته فإن فنيت حسناته قبل أن يقضي ما عليه أُخذ من خطاياهم فطرحت عليه ثم طرح في النار

അബൂ ഹുറൈറ (റ) വില്‍ നിന്നും നിവേദനം: പ്രവാചകന്‍() ചോദിച്ചു: പാപ്പരായവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയുമോ ?. സ്വഹാബത്ത് പറഞ്ഞു: കൈവശം ദിര്‍ഹമും സമ്പത്തുമൊന്നും ഇല്ലാത്തവാനാണ് പാപ്പരായവന്‍. അപ്പോള്‍ പ്രവാചകന്‍() പറഞ്ഞു: എന്നാല്‍ എന്‍റെ ഉമ്മത്തില്‍ പാപ്പരായവന്‍ ആരാണെന്നു വച്ചാല്‍ : അവന്‍ ഖിയാമത്ത് നാളില്‍ നമസ്കാരവും, നോമ്പും , സകാത്തുമൊക്കെ അനുഷ്ടിച്ചവനായിട്ടായിരിക്കും വരിക. അതോടൊപ്പം അവന്‍ ഇന്നയാളെ ചീത്ത വിളിച്ചിട്ടുണ്ടാവും, മറ്റൊരാളെ സംബന്ധിച്ച് അപവാദം പറഞ്ഞിട്ടുണ്ടാകും, ഇന്നയാളുടെ സമ്പത്ത് അന്യായമായി ഭക്ഷിചിട്ടുണ്ടാകും, ഇന്നയാളുടെ രക്തം ചിന്തിയിട്ടുണ്ടാകും, ഇന്നയാളെ ഉപദ്രവിചിട്ടുണ്ടാകും.. അങ്ങനെ (അവന്‍റെ അക്രമത്തിന് ഇരയായ) ഇന്നയാള്‍ക്ക്, ഇന്നയിന്ന ആള്‍ക്ക് അങ്ങനെ ഓരോരുത്തര്‍ക്കും അവന്‍റെ നന്മയില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെടും. അങ്ങനെ അവന്‍റെ നന്മകള്‍ അവസാനിച്ചാല്‍ അവരുടെ തിന്മകള്‍ എടുത്ത് അവന്‍റെ മേല്‍ ചുമത്തപ്പെടും. അങ്ങനെ അവന്‍ നരകത്തിലേക്ക് എറിയപ്പെടുകയും ചെയ്യും. - [സ്വഹീഹ് മുസ്‌ലിം].

അതെ, നരകത്തിലേക്ക് മുഖം കുത്തി വീഴ്ത്തുന്നത് നാവല്ലാതെ മറ്റെന്താണ് ?!......... അല്ലാഹുവില്‍ ശരണം....

അല്ലാഹു നമ്മെ അവനെ ഭയപ്പെട്ട് ജീവിക്കുന്ന അടിമകളില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ...