Thursday, November 27, 2014

ശുക്റിന്‍റെ സുജൂദ്, രൂപവും പ്രാര്‍ത്ഥനയും.



 الحمد لله و الصلاة والسلام على اشرف خلق الله، وعلى آله و صحبه ومن والاه، وبعد؛


ഒരു സത്യവിശ്വാസിക്ക്   ജീവിതത്തില്‍ പ്രയാസം നീങ്ങിയതിനാലോ, ഐശ്വര്യം കൈവന്നതിനാലോ ആവട്ടെ, സന്തോഷമുണ്ടാകുമ്പോഴെല്ലാം ശുക്റിന്റെ സുജൂദ് ചെയ്യല്‍ പുണ്യകരവും നബി ചര്യയില്‍ പെട്ടതുമാണ്. അതുമായി ബന്ധപ്പെട്ട് സ്ഥിരപ്പെട്ടു വന്ന ഹദീസുകളില്‍ ചിലത് ഇവിടെ ഉദ്ദരിക്കാം: 

عن أبي بكرة رضي الله عنه : ( أن النبي صلى الله عليه وسلم  كان إذا أتاه أمر يسره وبشر به خر ساجدا شكرا لله تعالى ) - رواه الخمسة إلا النسائي - وحسنه الألباني.

അബീ ബക്റ (റ) വില്‍ നിന്നും നിവേദനം: " പ്രവാചകന്‍ (ﷺ)  അദ്ദേഹത്തിന് സന്തോഷമുള്ള വല്ല വാര്‍ത്തയും സംഭവിക്കുകയോ അറിയിക്കപ്പെടുകയോ ചെയ്‌താല്‍ അല്ലാഹുവിനുള്ള നന്ദിയെന്നോണം സുജൂദില്‍ വീഴാറുണ്ടായിരുന്നു ". - [ഇമാം അഹ്മദ്, ഇമാം അബൂ ദാവൂദ്, ഇമാം ഇബ്നു മാജ, ഇമാം തിര്‍മിദി എന്നീ നാല് ഇമാമീങ്ങളും ഉദ്ദരിച്ച ഹദീസാണിത്. ശൈഖ് അല്‍ബാനി ഹസനായി രേഖപ്പെടുത്തിയിട്ടുമുണ്ട്]. 

عن عبد الرحمن بن عوف قال : خرج النبي صلى الله عليه وسلم فتوجه نحو صدقته فدخل واستقبل القبلة فخر ساجدا فأطال السجود ثم رفـــع رأسه وقال : ( إن جبريل أتاني فبشرني ، فقال : إن الله عز وجل يقول لك : من صلى عليك صليت عليه ، ومن سلم عليك سلمت عليه ، فسجدت لله شكرا ) رواه أحمد - وحسنه شعيب الأرنؤوط.

 അതുപോലെ അബ്ദു റഹ്മാന്‍ ബിന്‍ ഔഫ്‌ (റ) പറയുന്നു: ഒരിക്കല്‍ റസൂല്‍ (ﷺ) തന്‍റെ വീട്ടില്‍ നിന്നും പുറത്ത് വരികയും സ്വദഖ സൂക്ഷിക്കുന്ന ഭാഗത്തേക്ക് പ്രവേശിക്കുകയും ചെയ്തു. എന്നിട്ട് ഖിബ്'ലയെ മുന്‍നിര്‍ത്തി അദ്ദേഹം സുജൂദില്‍ വീണു. വളരെയധികം നേരം അദ്ദേഹം സുജൂദില്‍ തുടര്‍ന്നു. ശേഷം അദ്ദേഹം തന്‍റെ തലയുയര്‍ത്തി. എന്നിട്ടിപ്രകാരം പറഞ്ഞു: "ജിബ്‌രീല്‍ (അ) എന്‍റെ അരികില്‍ വരികയും എനിക്കൊരു സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു: " പരിശുദ്ധനും പരമോന്നതനുമായ അല്ലാഹു താങ്കളോട് ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ആരെങ്കിലും താങ്കളുടെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍ ഞാനും അവന്‍റെ മേല്‍ സ്വലാത്ത് ചൊല്ലും. ആരെങ്കിലും താങ്കളുടെ മേല്‍ സലാം പറഞ്ഞാല്‍ ഞാനും അവന്‍റെ മേല്‍ സലാം പറയും". അത് കേട്ടപ്പോഴാണ് ഞാന്‍ അല്ലാഹുവിനുള്ള നന്ദിയെന്നോണം സുജൂദ് ചെയ്തത്". - [ഇമാം അഹ്മദ് ഉദ്ദരിച്ചത്. ശുഐബ് അല്‍ അര്‍നഊത്ത് ഹസനായി രേഖപ്പെടുത്തിയ ഹദീസ്]. 
  
[അല്ലാഹു അവന്‍റെ മേല്‍ സ്വലാത്ത് ചൊല്ലും എന്നതിന്‍റെ വിവക്ഷ അവനെ സംബന്ധിച്ച് അല്ലാഹുവിന്‍റെ സന്നിധിയില്‍ ഉള്ളവരോട് പുകഴ്ത്തിപ്പറയും എന്നതാണ്. ഇപ്രകാരമാണ് സലഫുസ്സ്വാലിഹീങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. അതുപോലെ അല്ലാഹുവിന്‍റെ കാരുണ്യത്തിനും അനുഗ്രഹത്തിനും സ്വലാത്ത് എന്ന പ്രയോഗം വിശുദ്ധഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാന്‍ ശൈഖ്    ഇബ്ന്‍ ബാസ് (റ) യുടെ ഈ വിശദീകരണം പരിശോധിക്കുക: http://www.binbaz.org.sa/mat/9051   ].

ഇമാം ഇബ്നുല്‍ ഖയ്യിം (റഹിമഹുല്ല) പറയുന്നു: " (തനിക്ക് അല്ലാഹു പൊറുത്ത് തന്നതായി) സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട്‌ വന്നയാളുടെ ശബ്ദം കേട്ടപാട് കഅബ് ബിന്‍ മാലിക് (റ) സുജൂദ് ചെയ്തു എന്നുള്ളത് തന്നെ, ശുക്റിന്‍റെ സുജൂദ് എന്നത് സ്വഹാബത്ത് സാധാരണ ചെയ്യാറുണ്ടായിരുന്ന ഒരു കാര്യമാണ്  എന്ന് വളരെ വ്യക്തമാണ്. അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോഴും പ്രയാസങ്ങള്‍ നീങ്ങുമ്പോഴും നിര്‍വഹിക്കുന്ന ശുക്റിന്‍റെ സുജൂദ് ആണത്. പ്രവാചകത്വം അവകാശപ്പെട്ട കള്ളനായ മുസൈലിമത്തിന്‍റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ മഹാനായ അബൂ ബകര്‍ സ്വിദ്ദീഖ് (റ) ശുക്റിന്‍റെ  സുജൂദ് ചെയ്തിട്ടുണ്ട്. (ഖവാരിജുകളുമായി യുദ്ധം ചെയ്ത വേളയില്‍ അവരുടെ അടയാളമായി അവരോടൊപ്പം ഉണ്ടാകുമെന്ന് റസൂലുല്ലാഹി (ﷺ) പ്രവചിച്ച കൈമുട്ടിന് മുകളിലുള്ള ഭാഗത്ത് മുല പോലെ ഇറച്ചി തൂങ്ങിയ ഹുര്‍ഖൂസ് ബിന്‍ സുഹൈര്‍ എന്ന)  മനുഷ്യനെ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ കണ്ടപ്പോള്‍ അലി (റ) വും ശുക്റിന്‍റെ സുജൂദ് ചെയ്തിട്ടുണ്ട്. അതുപോലെ തന്‍റെ മേല്‍ ആര് സ്വലാത്ത് ചൊല്ലുന്നുവോ അവരുടെ മേല്‍ അല്ലാഹു പത്ത് സ്വലാത്ത് ചൊല്ലും എന്ന് ജിബ്‌രീല്‍ അലൈഹിസ്സലാം സന്തോഷവാര്‍ത്ത അറിയിച്ചപ്പോള്‍ റസൂലുല്ലയും (ﷺ) സുജൂദ് ചെയ്തിട്ടുണ്ട്......" [زاد المعاد 3 / 511].

ശുക്റിന്റെ സുജൂദിന്‍റെ രൂപം: 

സാധാരണ നമസ്കാരത്തിലോ അല്ലാതെയോ നിര്‍വഹിക്കപ്പെടുന്ന സുജൂദുകളെപ്പോലെത്തന്നെയാണ് ശുക്റിന്റെ സുജൂദിന്‍റെ രൂപവും. എന്നാല്‍ നമസ്കാരത്തിലെ സുജൂദുകള്‍ക്ക് ആവശ്യമായ അംഗശുദ്ധി പോലെയുള്ള നിബന്ധനകള്‍ ശുക്റിന്‍റെ സുജൂദിന് ബാധകമാണോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. അത് സ്വീകാര്യയോഗ്യമാവാന്‍ അംഗശുദ്ധി ഒരു നിബന്ധനയല്ല എന്നതാണ് പ്രബലമായ അഭിപ്രായം. കാരണം സന്തോഷത്തിന്റെ സന്ദര്‍ഭത്തില്‍ പ്രവാചകന്‍(ﷺ) സ്വഹാബത്തും നേരിട്ട് സുജൂദ് നിര്‍വഹിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിനു മുന്‍പ് അവര്‍ അംഗശുദ്ധി വരുത്തിയതായോ, വരുത്താന്‍ കല്പിച്ചതായോ പ്രതിപാദിക്കപ്പെട്ടിട്ടില്ല. അതുപോലെ തക്ബീര്‍ കെട്ടലും , സലാം വീട്ടലും ശുക്റിന്‍റെ സുജൂദില്‍ ഇല്ല. നേരിട്ട് സുജൂദിലേക്ക് പോകുകയാണ് ചെയ്യുന്നത്. അതില്‍ നിന്ന് നേരിട്ട് എഴുന്നേല്‍ക്കുകയും ചെയ്യുന്നു. അപ്രകാരമാണ് ഹദീസുകളില്‍ കാണാന്‍ സാധിക്കുന്നത്. ഒരൊറ്റ സുജൂദ് ആണ് ശുക്റിന്റെ സുജൂദ്. ഈ നിയമങ്ങളിലെല്ലാം തിലാവത്തിന്‍റെ സുജൂദും ശുക്റിന്റെ സുജൂദ് പോലെത്തന്നെയാണ്.   

ശുക്റിന്റെ സുജൂദില്‍ എന്താണ് പ്രാര്‍ഥിക്കേണ്ടത്:

സാധാരണ മറ്റേത് സുജൂദുകളിലും പ്രാര്‍ഥിക്കുന്ന പ്രാര്‍ത്ഥന തന്നെയാണ് ഇതിലും പ്രാര്‍ഥിക്കേണ്ടത്. അതോടൊപ്പം അല്ലാഹുവെ ധാരാളമായി സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യാം. അതാണല്ലോ ശുക്റിന്‍റെ സുജൂദിന്‍റെ ഉദ്ദേശ്യവും. എന്നാല്‍ ശുക്റിന്റെ സുജൂദിനായി പ്രത്യേകം ഒരു പ്രാര്‍ത്ഥനയില്ല. 

 റസൂലുല്ലാഹി (ﷺ) നമസ്കാരത്തിലായാലും,  മറ്റു ഇതര സുജൂദുകളിലായാലും പൊതുവേ സുജൂദുകളില്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്ന പത്തോളം സ്ഥിരപ്പെട്ടുവന്ന പ്രാര്‍ഥനകള്‍ ആണ് താഴെ കൊടുക്കുന്നത്. അവയെല്ലാം സ്വഹീഹായ ഹദീസുകളില്‍ വന്നവയാണ്. ഇമാം ഇബ്നുല്‍ ഖയ്യിം (റ) അദ്ദേഹത്തിന്‍റെ (زاد المعاد) എന്നാ ഗ്രന്ഥത്തില്‍ ഒന്നാം വോള്യം പേജ് 215 ല്‍  അവയെല്ലാം ഒരുമിച്ച് എടുത്ത് കൊടുത്തിട്ടുമുണ്ട്:
 
1- سبحان ربي الأعلى. 

2-  سبحانك اللهم ربنا وبحمدك اللهم اغفر لي.

3-  سبوح قدوس رب الملائكة والروح.

4- سبحانك اللهم وبحمدك لا إله إلا أنت.

5- اللهم إني أعوذ برضاك من سخطك وبمعافاتك من عقوبتك وأعوذ بك منك لا أحصي ثناء عليك أنت كما أثنيت على نفسك.

7- اللهم لك سجدت وبك آمنت ولك أسلمت سجد وجهي للذي خلقه وصوره وشق سمعه وبصره تبارك الله أحسن الخالقين.

8-  اللهم اغفر لي ذنبي كله دقه وجله وأوله وآخره وعلانيته وسره.

9-  اللهم اغفز لي خطيئتي وجهلي وإسرافي في أمري وما أنت أعلم به مني اللهم اغفر لي جدي وهزلي وخطئي وعمدي وكل ذلك عندي اللهم اغفز لي ما قدمت وما أخرت وما أسررت وما أعلنت أنت إلهى لا إله إلا أنت.

10-  اللهم اجعل في قلبي نورا وفي سمعي نورا وفي بصري نورا وعن يميني نورا وعن شمالي نورا وأمامي نورا وخلفي نورا وفوقي نورا وتحتي نورا واجعل لي نورا.


----------------------------------------------------------------


മതപരമായ അറിവുകള്‍ കൂടുതല്‍ കരസ്ഥമാക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ ...


ലേഖകൻ:  അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ