Wednesday, October 1, 2014

പെൺകുട്ടികളുടെ കാതും മൂക്കും കുത്തല്‍ അനുവദനീയമോ ?!.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

പെണ്‍കുട്ടികള്‍ക്ക് കാതും മൂക്കും കുത്തുന്നതിന്‍റെ വിധിയെക്കുറിച്ച് പല സഹോദരങ്ങളും  ചോദിക്കുകയുണ്ടായി.  പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വിത്യാസം ഉള്ള ഒരു വിഷയമാണിത്. പെൺകുട്ടികൾക്ക് അലങ്കാരമെന്നോണം ഉർഫ് അഥവാ നാട്ടുനടപ്പ് അനുസരിച്ച് അത് ആളുകൾ ചെയ്യാറുള്ള ഒന്നാണോ എന്നത് പരിഗണിച്ചുകൊണ്ടാണ് പണ്ഡിതന്മാർ അത് ചർച്ച ചെയ്തിട്ടുള്ളത്.


ഇമാം ഇബ്നുല്‍ ഖയ്യിം (റഹിമഹുല്ല പറയുന്നു) : 
" പെണ്‍കുട്ടികള്‍ക്ക് കാത്കുത്തല്‍ അനുവദനീയമാണ് എന്നതിനുള്ള മതിയായ തെളിവാണ്, ആളുകള്‍ അപ്രകാരം ചെയ്യുന്നത് അറിഞ്ഞിട്ടും പ്രവാചകന്‍ (സ) അത് വിലക്കിയില്ല എന്നുള്ളത്. അത് വിരോധിക്കപ്പെട്ടതായിരുന്നുവെങ്കില്‍ വിശുദ്ധ ഖുര്‍ആനിലോ തിരുസുന്നത്തിലോ അതുസംബന്ധിച്ച് വിലക്ക് വരുമായിരുന്നു." - [തുഹ്ഫതുല്‍ മൌദൂദ്].



ശൈഖ് ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല) പറയുന്നു: " ഏറ്റവും ശരിയായ അഭിപ്രായം പെണ്‍കുട്ടികള്‍ക്ക് അവരുടെ കാതു കുത്തുന്നതിന് വിരോധമില്ല എന്നതാണ്. അനുവദനീയമായ (ഭര്‍ത്താവിന് വേണ്ടിയുള്ള) ആഭരണമണിയലില്‍ പെട്ട ഒന്നാണ് അതും.  സ്വഹാബി വനിതകള്‍ക്ക് കാതിലണിയുന്ന കമ്മല്‍ ഉണ്ടായിരുന്നു എന്ന് പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. (ഇത് കുട്ടികളോടുള്ള ഒരു പീഡനമായി കണക്കാക്കാനാവില്ല), വളരെ ചെറിയൊരു വേദന മാത്രമേ അതിനുള്ളൂ. ചെറിയ കുട്ടികളായിരിക്കുമ്പോള്‍ തന്നെ കാത് കുത്തിയാല്‍ പെട്ടെന്ന് തന്നെ അത് ഭേദമാകുകയും ചെയ്യും. എന്നാല്‍ മൂക്ക് കുത്തുന്നത് സംബന്ധിച്ച് പറയുകയാണെങ്കില്‍, അതുമായി ബന്ധപ്പെട്ട് പണ്ഡിതന്മാരുടെ ചര്‍ച്ചയൊന്നും തന്നെ എന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. നമ്മുടെ കാഴ്ചപ്പാടില്‍ അത് മുഖത്തെ അലങ്കോലപ്പെടുത്തുന്നതും വികൃതമാക്കുന്നതുമായ കാര്യമാണ്. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഒരുപക്ഷെ അതപ്രകാരം തോന്നിയില്ല എന്നു വരാം. അതിനാല്‍ തന്നെ മൂക്ക് കുത്തുന്നത് അലങ്കാരമായും ഭംഗിയായും കാണുന്ന നാട്ടില്‍ ജീവിക്കുന്ന സ്ത്രീക്ക് മൂക്ക്ന്ന കുത്തുന്നതില്‍ തെറ്റില്ല." - [ മജ്മൂഉ ഫതാവ - ഇബ്നു ഉസൈമീന്‍].



ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ല പറയുന്നു:
" ആഭരണമണിയാന്‍ വേണ്ടി പെണ്‍കുട്ടികളുടെ കാതുകുത്തുന്നതില്‍ തെറ്റില്ല. ധാരാളം ആളുകള്‍ ചെയ്യുന്ന ഒരു കാര്യമാണിത്. പ്രവാചകന്‍റെ കാലത്ത് വരെ സ്ത്രീകള്‍ അവരുടെ കാതുകളില്‍ യാതൊരു വിരോധവും കൂടാതെ ആഭരണങ്ങള്‍ അണിയാറുണ്ടായിരുന്നു. ഇനി കാതുകുത്തുമ്പോള്‍ പെണ്‍കുട്ടിക്ക് വേദനിക്കും എന്നതാണ് വിഷയമെങ്കില്‍, അതവളുടെ നന്മക്ക് വേണ്ടിയാണ്. കാരണം അവള്‍ക്ക് (ഭര്‍ത്താവിന് വേണ്ടി) ആഭരണമണിയലും, അലങ്കരിക്കലും  ആവശ്യമാണ്‌. അതിനാല്‍ തന്നെ അതിനു വേണ്ടി കാതു കുത്തുന്നത് അനുവദനീയമാണ്. (ശറഇയ്യായി അനുവദനീയമായ ആവശ്യത്തിനു വേണ്ടി) ഓപറേഷന്‍ ചെയ്യുന്നതും, അതുപോലെ ചികിത്സക്ക് വേണ്ടി ചൂട് വെക്കുന്നതും എല്ലാം അനുവദനീയമായത് പോലെ ,  (ശറഇയ്യായി അനുവദനീയമായ)  ഒരു ആവശ്യമായാതിനാല്‍ തന്നെ കാതുകുത്തുന്നതിലും ഇളവുണ്ട്. അതവളുടെ ഒരാവശ്യമാണ് എന്നതിലുപരി വലിയ വേദനയോ, വലിയൊരു പ്രയാസമോ ഒന്നും തന്നെ അതില്‍ ഉണ്ടാകുന്നുമില്ല." -[ ഫതാവ ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍].


അതുപോലെ സുനന് അബീ ദാവൂദ് വിശദീകരിക്കുന്ന സന്ദര്‍ഭത്തില്‍ ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അബ്ബാദ് (ഹഫിദഹുല്ല) യോട് സ്ത്രീകള്‍ മൂക്ക് കുത്തുന്നതിനെ സംബന്ധിച്ച്  ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു : "സാധാരണ നിലക്ക് സ്ത്രീകള്‍ മൂക്ക് കുത്തുന്ന ഒരു നാട്ടിലാണ് എങ്കില്‍ അതില്‍ തെറ്റില്ല. കാതുകുത്തുന്നത് പോലെത്തന്നെയാണ് ഇതും. ഈ അടുത്ത കാലം വരെ ആളുകള്‍ മൂക്ക് കുത്താറുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ പൊതുവേ  അതൊഴിവാക്കിയിട്ടുണ്ട്."


അതിനാല്‍ തന്നെ സാധാരണ കാതു കുത്തുകയും, മൂക്ക് കുത്തുകയും ചെയ്യുന്ന ഒരു നാട്ടില്‍ ജീവിക്കുന്നവര്‍ക്ക് ശറഇയ്യായി അനുവദനീയമായ സൗന്ദര്യത്തിനും അലങ്കാരത്തിനും വേണ്ടി , കാതു കുത്തുന്നതിലും, മൂക്ക് കുത്തുന്നതിലും തെറ്റില്ല എന്നതാണ് ശരിയായ അഭിപ്രായം. അല്ലാഹുവാകുന്നു ഏറ്റവും കൂടുതല്‍ അറിയുന്നവന്‍.


എന്നാല്‍ അന്യപുരുഷന്മാരെ കാണിക്കാനും, തന്‍റെ സൗന്ദര്യത്തിലേക്ക് അന്യപുരുഷന്മാരെ ആകര്‍ഷിക്കാനുമാണ് ഒരു സ്ത്രീ അപ്രകാരം ചെയ്യുന്നത് എങ്കില്‍ അത് അല്ലാഹുവിന്‍റെ കഠിനമായ ശിക്ഷക്ക് വിധേയമാകുന്ന കാര്യമാണ്. ഏത് രൂപത്തിലുള്ള ആഭരണങ്ങളുടെയും , സൗന്ദര്യ വസ്തുക്കളുടെയും വിധി ഇത് തന്നെ. ഒരിക്കലും അവ അന്യ പുരുഷന്മാര്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല.


അല്ലാഹു പറയുന്നു :



وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ (31)
"സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ ( അടിമകള്‍ ) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച്‌ മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം." - [അ-നൂര്‍: 31]. 




അതിനാല്‍ തന്നെ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക. നാളെ നാമോരോരുത്തരും അവന്‍റെ അരികിലേക്ക് മടങ്ങാനിരിക്കുന്നവരാണ്. അല്ലാഹു അവനെ സൂക്ഷിച്ച് ജീവിക്കുന്ന സജ്ജനങ്ങളില്‍ നമ്മെയും ഉള്‍പെടുത്തുമാറാകട്ടെ  ....