Monday, August 19, 2013

തലയുയര്‍ത്തി നില്‍ക്കുന്ന ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയും, തകര്‍ന്നടിയുന്ന മനുഷ്യനിര്‍മ്മിത സമ്പദ് വ്യവസ്ഥകളും.




الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛


മനുഷ്യ നിര്‍മ്മിത സമ്പദ് വ്യവസ്ഥകള്‍ പരാജയമാണെന്ന് കാലം തെളിയിക്കുകയാണ്. ആഡം സ്മിത്തിന്‍റെ ക്ലാസിക്കല്‍ തിയറി, ആല്ഫ്രെഡ്‌ മാര്‍ഷലിന്‍റെ നിയോ ക്ലാസിക്കല്‍ തിയറി, കീന്സിന്‍റെ കീന്‍സിയന്‍ തിയറി തുടങ്ങിയവയാണല്ലോ സാമ്പത്തിക രംഗത്ത് ഏറ്റു പിടിക്കപ്പെടുന്ന പ്രധാന മനുഷ്യ നിര്‍മ്മിത തിയറികള്‍. ആഡം സ്മിത്തിന്‍റെ ക്ലാസിക്കല്‍ തിയറി പരാജയമാണ് എന്നതിനാലും സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആ തിയറിക്ക് കഴിയുകയില്ല എന്നതിനാലുമാണ് ആല്ഫ്രെഡ്‌ മാര്‍ഷല്‍ അതില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തി 'നിയോ ക്ലാസിക്കല്‍' തിയറി ഉണ്ടാക്കിയത്. അതും പരാജയമാണ് എന്ന് അനുഭവിച്ച് അറിഞ്ഞപ്പോഴാണ് കീന്‍സ് തന്‍റെ തിയറി ആവിഷ്കരിക്കുന്നത്.

മുന്‍കാല തിയറികളില്‍ നിന്നും വ്യത്യസ്തമായി മാര്‍ക്കറ്റിനെ ഗവണ്മെന്റുകള്‍ നിയന്ത്രിക്കണമെന്നും, മാര്‍ക്കറ്റില്‍ പണത്തിന്‍റെ ലഭ്യത അമിതമായി ഉണ്ടാകുമ്പോള്‍ പലിശ നിരക്ക് കൂട്ടിയും ടാക്സ് വര്‍ദ്ധിപ്പിച്ചും മാര്‍ക്കറ്റില്‍ നിന്നും പണം പിന്‍വലിക്കണമെന്നും, മാര്‍ക്കറ്റില്‍ പണത്തിന്‍റെ ലഭ്യത കുറയുമ്പോള്‍ പലിശ നിരക്ക് കുറച്ചും ടാക്സ് കുറച്ചും പണം മാര്‍ക്കറ്റിലേക്ക് ഒഴുക്കണമെന്നുമാണ് കീന്‍സ് ആവിഷ്കരിച്ച തിയറിയുടെ ആകെച്ചുരുക്കം. പക്ഷെ മാര്‍ക്കറ്റില്‍ പണപ്പെരുപ്പവും, അതുമൂലമുണ്ടായ മൂല്യമിടിച്ചിലും ഒരു വശത്തും, അതേ സമയം തൊഴിലില്ലായ്മയും നിക്ഷേപക്കുറവും ഉല്പാദനക്കുറവും വിലക്കയറ്റവും മറുവശത്തും ഒരുമിച്ചു വന്നപ്പോള്‍ തങ്ങള്‍ പണം പിന്‍വലിക്കുകയാണോ വേണ്ടത് അതല്ല പണം മാര്‍ക്കറ്റിലേക്ക് ഒഴുക്കുകയാണോ വേണ്ടത് എന്ന് തീരുമാനിക്കാന്‍ സാധിക്കാതെ അന്താളിച്ചു നില്‍ക്കുന്ന RBI യുടെ അവസ്ഥ കാണുമ്പോള്‍ കീന്‍സ് തിയറിയുടെ പരാജയമാണ് ബോധ്യപ്പെടുന്നത്.

മുന്‍കാല തിയറികളുടെ പരാജയം നേരില്‍ കണ്ടിട്ടില്ലാത്ത ജനങ്ങളില്‍ പലരും തങ്ങള്‍ക്ക് ഗവണ്മെന്റുകളുടെ ഇടപെടലുകളില്ലാത്ത ക്ലാസിക്കല്‍ തിയറികളിലേക്ക് മടങ്ങിയാല്‍ മതി എന്ന ആവശ്യങ്ങള്‍ ഉന്നയിച്ചു തുടങ്ങിക്കഴിഞ്ഞു. പക്ഷെ അതിന്‍റെ പരാജയം മൂലമായിരുന്നു കീന്‍സ് തന്‍റെ തിയറി ആവിഷ്കരിച്ചത് തന്നെ എന്ന സത്യം അവരില്‍ പലര്‍ക്കുമറിയില്ല. ഇവിടെയാണ്‌ പ്രതിസന്ധികളെ തരണം ചെയ്യാന്‍ പര്യാപ്തമായ ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ പ്രസക്തമാകുന്നത്. സാമ്പത്തിക രംഗത്തെ പിടിച്ചു കുലുക്കുന്ന പലിശ, അനീതി, അക്രമം, ചൂതാട്ടം, പൂഴ്ത്തിവെപ്പ്, അന്യായമായി അന്യന്‍റെ മുതല്‍ ഭക്ഷിക്കല്‍, അമിത നികുതി, വഞ്ചന, മദ്യം, ഊഹക്കച്ചവടം, ലോട്ടറി.........etc തുടങ്ങിയ എല്ലാ മാരക വിപത്തുക്കളെയും തളച്ചുകൊണ്ടും.

പകരം സാമ്പത്തിക രംഗത്തെ വളര്‍ത്തുന്ന നീതിയുക്തമായ കച്ചവടം, ഉല്പാദനത്തെ ആസ്പദമാക്കിയുള്ള നാണയ മൂല്യം, പൊതു സ്വത്തുക്കളും സ്വകാര്യ സ്വത്തുക്കളും സംരക്ഷിച്ചുകൊണ്ടുള്ള എന്നാല്‍ പൊതു താല്പര്യത്തിനു മുന്‍‌തൂക്കം നല്‍കിക്കൊണ്ടുള്ള സമ്പദ് വ്യവസ്ഥ. സകാത്തിനെപ്പോലെ അഥവാ ദരിദ്രന് ധനികന്‍റെ സ്വത്തില്‍ നിന്നും ഒരു നിശ്ചിത വിഹിതം അവന്‍റെ അവകാശമാണ് എന്നും അതുമുഖേന വളര്‍ത്തിയെടുക്കുന്ന സുരക്ഷിതമായ, മാനുഷിക, സാമൂഹിക താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന സമ്പദ് വ്യവസ്ഥ. ദാനധര്‍മ്മം, വഖഫ്, അനന്തരാവകാശ നിയമങ്ങള്‍, സാമ്പത്തിക ബാധ്യതകളിലെ നിയമങ്ങള്‍, കച്ചവടത്തില്‍ പാലിക്കപ്പെടേണ്ട നിയമങ്ങള്‍, പണം കേവലം തന്‍റെ സമ്പാദ്യമാണ് എന്ന ക്രൂരമായ സ്വാര്‍ത്ഥ ചിന്തയില്‍ നിന്നും പണം സൃഷ്ടാവ് നല്‍കിയതാണ് എന്നും തന്‍റെ ഇഷ്ടപ്രകാരമല്ല മറിച്ച് ദൈവ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് നന്മയില്‍ അതിഷ്ടിതമായി മാത്രം ചിലവഴിക്കെണ്ടാതാണ് സമ്പത്തെന്നും .......etc തുടങ്ങിയ സാമ്പത്തിക രംഗത്തെ വളര്‍ത്താനാവശ്യമായ നിയമനിര്‍ദേശങ്ങളാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. ഇസ്‌ലാമിക നിയമങ്ങള്‍ മുന്നോട്ട് വെക്കുന്ന സമ്പദ് വ്യവസ്ഥക്കുള്ള അംഗീകാരമാണ് ഇന്ന് ലോകവ്യാപകമായി വികസിത രാഷ്ട്രങ്ങള്‍ പോലും ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയെക്കുറിച്ച് പഠിക്കാനും അത് പ്രാവര്‍ത്തികമാക്കാനും നടത്തുന്ന പരിശ്രമങ്ങള്‍ വ്യക്തമാക്കുന്നത്. മുന്പ് വ്യക്തികള്‍ ഇസ്‌ലാം സ്വീകരിക്കുന്നു എന്ന് പറഞ്ഞിടത്ത് ഈയടുത്തുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ശേഷം ബാങ്കുകളും ധനവാണിജ്യ സ്ഥാപനങ്ങളും ഇസ്‌ലാം സ്വീകരിക്കുന്നു എന്ന് വേണം പറയാന്‍. കാടടക്കി വേദി വച്ച് ഇസ്‌ലാം നിഷ്കര്‍ഷിക്കുന്നു എന്ന കാരണം കൊണ്ട് മാത്രം ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയെ തള്ളിപ്പറയുന്ന വര്‍ഗീയ വാതികള്‍ വരും കാലങ്ങളില്‍ മനസ്സില്ലാമനസ്സോടെ അതിനെ അംഗീകരിക്കേണ്ടി വരുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. വര്‍ഗീയതയെ മറയാക്കി കാര്യം നേടുന്ന പലിശ സംവിധാനങ്ങള്‍ക്കും സാമ്പത്തിക ചൂഷണത്തിന്‍റെ അപ്പൊസ്തലന്മാര്‍ക്കും ഇനി ഏറെ ആയുസില്ല. കാരണം സാമ്പത്തിക രംഗത്തിന്‍റെ ഉള്ളുകള്ളികള്‍ മനസ്സിലാക്കിയ ലോകം ഇന്ന് മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.


അല്ലാഹു അനുഗ്രഹിക്കട്ടെ ..

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ്‌ പി.എൻ