Tuesday, September 3, 2013

ദഅവത്ത് പ്രാധാന്യവും, ചില തെറ്റായ ധാരണകളും - ശൈഖ് ഇബ്ന്‍ ബാസ് നല്‍കുന്ന ഉപദേശം


الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

മതത്തിന്‍റെ വിഷയത്തില്‍ അറിവില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുകയും, തനിക്ക് അറിവില്ലാത്ത വിഷയങ്ങളില്‍ ഇടപെടുകയും, മതവിഷയമാണ് എന്ന ഗൗരവം പരിഗണിക്കാതെ എന്തിനും ഏതിനും ഫത'വ നല്‍കുകയും ചെയ്യുന്ന സഹോദരങ്ങളുടെ അപകടത്തെക്കുറിച്ചും,

മറുവശത്ത് മതവിഷയങ്ങളില്‍ പ്രമാണബദ്ധമായി അറിയുന്ന കാര്യങ്ങള്‍ പോലും  മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്നതിനെ എതിര്‍ക്കുകയും. എല്ലാം തികഞ്ഞ ആലിമീങ്ങള്‍ക്കെ ദഅവത്തൊക്കെ പാടുള്ളൂ. നമ്മള്‍ ദഅവത്ത് നടത്താന്‍ യോഗ്യരല്ല എന്നെല്ലാം പറഞ്ഞ് ആളുകളെ നിരുല്സാഹപ്പെടുത്തുകയും ചെയ്യുന്ന  സഹോദരങ്ങളുടെ തെറ്റിദ്ധാരണയെയും ശൈഖ് ഇബ്ന്‍ ബാസ് വിശദീകരിക്കുന്നു.
---------------------------------------------------------------------------------------------------------------

ചോദ്യം : ചില പ്രബോധകന്മാര്‍ വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നും പൂര്‍ണമായി അകന്നു നില്‍ക്കുന്നതിനെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു. വാര്‍ത്താ മാധ്യമങ്ങള്‍ക്കും പ്രബോധകര്‍ക്കും ഇടയിലുള്ള അകലം ചുരുക്കാനും അവരുടെ ഇടയില്‍ ഒരു തുറന്ന മാര്‍ഗം സ്ഥാപിക്കാനും എങ്ങനെയാണ് സാധിക്കുക ?!

ഉത്തരം :
ഇത്തരം കാര്യങ്ങളെയൊക്കെ വളരെ ഉദാസീനതയോടുകൂടി നോക്കിക്കാണുന്ന പണ്ടിതന്മാരുണ്ട് എന്നതില്‍ യാതൊരു സംശയവുമില്ല. ചിലപ്പോള്‍ ദുന്‍യവിയായ ചുറ്റുപാടുകള്‍ കാരണത്താലോ,  അറിവ് കുറവായതിനാലോ, രോഗങ്ങള്‍ കാരണത്താലോ ഒക്കെ ആയിരിക്കാം ഇത്.  ഇനി മറ്റു ചിലപ്പോള്‍ താന്‍ ധരിച്ചു വെച്ച തെറ്റായ ധാരണയാലുമാകാം. ഉദാ: ഞാന്‍ ഇത്തരം കാര്യങ്ങള്‍ക്കൊന്നും യോജിച്ച ആളല്ല. എന്നെക്കൊണ്ട് ഇതൊന്നും സാധിക്കുകയില്ല. അല്ലെങ്കില്‍ മറ്റുള്ള ആളുകള്‍ ഈ ബാധ്യതകളൊക്കെ  നിറവേറ്റുന്നുണ്ടല്ലോ.  ഇങ്ങനെയുള്ള ഒരുപാടൊരുപാട്  കാരണങ്ങള്‍ നിരത്തിയേക്കാം..

ഇതൊക്കെ ഞാന്‍ ചെയ്യേണ്ടതല്ല. മറ്റുള്ളവര്‍ ചെയ്യട്ടെ എന്ന് പറഞ്ഞുകൊണ്ട് ഒരു മതവിദ്യാര്‍ഥി  മാറി നില്‍ക്കരുത് എന്നാണ് എനിക്ക് ഉപദേശിക്കാനുള്ളത്. തന്‍റെ കഴിവും അറിവും അനുസരിച്ച് അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയാണ് അവന്‍ ചെയ്യേണ്ടത്. അതോടൊപ്പം തനിക്ക് കഴിയാത്ത കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യരുത്. മറിച്ച് തനിക്കുള്ള അറിവിന്‍റെ തോതനുസരിച്ച് അവന്‍ അല്ലാഹുവിലേക്ക് ക്ഷണിക്കട്ടെ. പറയുന്ന കാര്യങ്ങള്‍ പ്രമാണബദ്ധമായിരിക്കുവാനും അല്ലാഹുവിന്‍റെ മേല്‍ അറിവില്ലാത്ത കാര്യങ്ങള്‍ സംസാരിക്കാതിരിക്കുവാനും അങ്ങേയറ്റം സൂക്ഷിക്കേണ്ടതുണ്ട്. മതത്തില്‍ അറിവും ഫിഖ്ഹും ഉണ്ടായിരിക്കെ തന്നെത്തന്നെ ഇതിനൊന്നും പറ്റിയ ആളല്ല എന്ന രൂപത്തില്‍ കാണരുത്. മാധ്യമങ്ങളാകട്ടെ മറ്റു മാര്‍ഗങ്ങളാകട്ടെ  നന്മ പ്രചരിപ്പിക്കുന്നതില്‍ ഏതെല്ലാം നിലക്ക് അവന് ഭാഗവാക്കാകാന്‍ കഴിയുമോ അതിലെല്ലാം പങ്കാളിയാകുക എന്നതാണ്‌ അവന്‍റെ ബാധ്യത. ഇത് മറ്റാരെങ്കിലും ചെയ്യട്ടെ എന്ന് പറഞ്ഞ് മാറി നില്‍ക്കുന്നത് ശരിയല്ല. ഇങ്ങനെ എല്ലാവരും മറ്റുള്ളവര്‍ ചെയ്യട്ടെ, ഇന്നവര്‍ ചെയ്യട്ടെ എന്ന് പറഞ്ഞു മാറി നിന്നാല്‍ ദഅവത്ത് മുടങ്ങും. അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നവരുടെ എണ്ണം കുറയും. അറിവില്ലായ്മയിലുള്ളവര്‍  ആ ജഹാലത്തില്‍ തന്നെ നിലകൊള്ളും. അധര്‍മ്മങ്ങളും തിന്മകളും മാറ്റമില്ലാതെ നിലനില്‍ക്കും. ഇത് വലിയ ഒരു അപരാധമാണ്.

ലോകത്തിന്‍റെ ഏത് കോണുകളിലായാലും അറിവുള്ളവര്‍ ദഅവത്തില്‍ വ്യാപൃതരാവണം. വായുവിലായാലും, ട്രയിനിലായാലും, കാറിലായാലും, കപ്പലിലായാലും എപ്പോഴാണോ തങ്ങള്‍ക്ക് ദഅവത്തിന് അവസരം ലഭിക്കുന്നത് സദുപദേശം നല്‍കിക്കൊണ്ടും കാര്യങ്ങള്‍ പറഞ്ഞുകൊടുത്തുകൊണ്ടും  മതവിദ്യാര്‍ഥികള്‍ അത് ഉപയോഗപ്പെടുത്തണം. ദഅവത്തില്‍ ഭാഗവാക്കാകാന്‍ കഴിയുക എന്നത് വലിയ ഒരു സൗഭാഗ്യമാണ്.

അല്ലാഹു പറയുന്നു :
(وَمَنْ أَحْسَنُ قَوْلًا مِمَّنْ دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ. )
 
അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിമീങ്ങളില്‍ പെട്ടവനാകുന്നു എന്ന് പറയുകയും ചെയ്തവനേക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മാറ്റാരുണ്ട് - [ ഫുസ്വിലത്‌ - 33]

ഇതിനേക്കാള്‍ വിശിഷ്ടമായ ഒരു വാക്ക് വേറെയില്ലെന്നാണ് അല്ലാഹു പറയുന്നത്.  ഈ ആയത്തിലുള്ള ചോദ്യം നിഷേധാത്മകമായ ഒരു ചോദ്യമാണ്. അഥവാ അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുന്നതിനേക്കാള്‍ വിശിഷ്ടമായ ഒരു വാക്ക് വേറെയില്ല എന്നര്‍ത്ഥം. അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുന്ന പ്രബോധകര്‍ക്ക് ലഭിക്കുന്ന മഹത്തായ ഒരു സൗഭാഗ്യമാണിത്.

പ്രവാചകന്‍ (സ) പറയുന്നു:
من دل على خير فله فله مثل أجر فاعله
"ആരെങ്കിലും ഒരാള്‍ക്ക് ഒരു നന്മ കാണിച്ചുകൊടുത്താല്‍ അത് പ്രവര്‍ത്തിച്ചവന് ലഭിക്കുന്ന പ്രതിഫലത്തിന് സമാനമായ പ്രതിഫലം അവനും ലഭിക്കുന്നു" - [ സ്വഹീഹ് മുസ്‌ലിം]

അതുപോലെ പ്രവാചകന്‍ (സ)  പറഞ്ഞു:
من دعا إلى هدى كان له من الأجر مثل أجور من تبعه لا ينقص ذلك من أجورهم شيئا
"ആരെങ്കിലും ഒരാളെ ഒരു സല്‍പ്രവര്‍ത്തിയിലേക്ക് ക്ഷണിച്ചാല്‍, ആ ക്ഷണം സ്വീകരിക്കുന്നവരുടെ പ്രതിഫലത്തിന് തുല്യമായ പ്രതിഫലം ക്ഷനിക്കുന്നവനും ലഭിക്കും. അതുമൂലം അവരില്‍ ഏതെങ്കിലും ഒരാളുടെ പ്രതിഫലത്തിന് യാതൊരു കുറവും സംഭവിക്കില്ല." - [മുസ്‌ലിം]

അതുപോലെ പ്രവാചകന്‍ (സ) പറഞ്ഞു :
فوالله لأن يهدي الله بك رجلا واحدا خير لك من حمر النعم
" വല്ലാഹി !, നീ മുഖേന ഒരാള്‍ക്കെങ്കിലും അല്ലാഹു ഹിദായത്ത് നല്‍കുകയാണ് എങ്കില്‍ അതാണ്‌ ചുവന്ന ഒട്ടകം ലഭിക്കുന്നതിനേക്കാള്‍ നിനക്കുത്തമം " [ബുഖാരി].
അതുകൊണ്ട് പണ്ഡിതന്മാര്‍ ഇത്തരം ശ്രേഷ്ഠമായ കാര്യങ്ങളില്‍ നിന്ന്  അതില്‍ നിന്നെല്ലാം മാറി നില്‍ക്കുന്നതാണ് നല്ലത് എന്ന് കരുതി ഉദാസീനത കാണിക്കരുത്. മറ്റുള്ളവര്‍ അത് ചെയ്യുന്നുണ്ടല്ലോ പിന്നെ ഞാന്‍ എന്തിനാണ് അത് ചെയ്യുന്നത് എന്ന് പറഞ്ഞ് മാറി നില്‍ക്കരുത്. മറിച്ച് അറിവുള്ള ആളുകള്‍ എവിടെ ആയിരുന്നാലും അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കാന്‍ തങ്ങളാലാവുന്നത് എല്ലാം ചെയ്യാനു, പ്രബോധനത്തില്‍ പങ്കാളികളാവാനും നിര്‍ബന്ധമായും മുന്നോട്ട് വരണം. ലോകം മുഴുവന്‍ ദഅവത്തിന്‍റെ അഭാവത്തിലാണുള്ളത്. മുസ്‌ലിമീങ്ങളായാലും  അമുസ്‌ലിമീങ്ങളായാലും എല്ലാവര്‍ക്കും പ്രബോധനം ആവശ്യമാണ്‌. ഒരു മുസ്ലിമിന് ദഅവത്ത് ലഭിക്കുക വഴി മതപരമായ അറിവ് വര്‍ദ്ധിക്കുന്നു. അമുസ്ലിമാകട്ടെ ആ ദഅവത്ത് ലഭിക്കുക വഴി സന്മാര്‍ഗത്തിലേക്ക് വഴി നടക്കുകയും ചെയ്തേക്കാം ...

ശൈഖ് അബ്ദുല്‍ അസീസ്‌ ബ്ന്‍ ബാസ്
മജ്മൂഉ ഫതാവ, വോ/ 5, പേജ് 265-266 
(مجموع فتاوى ومقالات متنوعة ، ج /5 ص 265 ، 266 الشيخ عبد العزيز بن باز )

വിവർത്തനം: അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ