Thursday, August 15, 2013

നാരിയത്ത് സ്വലാത്ത്, ഒരു ലഘു വിശദീകരണം

(വിവര്‍ത്തനം)
ചോദ്യം
:
اللهم صلي صلاةً كاملة وسلم سلاما تاما على سيدنا محمد الذي (الذي كما ينطق بها بعضهم) تنحل به العقد، وتتفرج به الكرب، وتقضى به الحوائج ، وتنال به الرغائب، وحسن الخواتيم ويستسقى الغمام بوجهه الكريم وعلى آله وصحبه في كل لمحة ونفس" എന്ന മേല്പറയുന്ന, ഇന്ത്യയില്‍ നാരിയത്ത് സ്വലാത്ത് എന്ന പേരില്‍ അറിയപ്പെടുന്ന, ഏതെങ്കിലും ഒരു വീട്ടില്‍ വല്ല വിപത്തുമുണ്ടായാല്‍ മുദരിസിനെയും  ശിഷ്യന്മാരെയും കൊണ്ട് വന്നു 4444 തവണ ചൊല്ലിക്കുന്നതുമായ ഈ സ്വലാത്തിന്റെ വാക്കര്‍ത്ഥം എന്താണ് ?  മേല്‍പറഞ്ഞ വാക്കുകളില്‍ ശിര്‍ക്ക് അടങ്ങിയിട്ടില്ലെങ്കില്‍ അത് ചോല്ലുന്നത് കൊണ്ട് കുഴപ്പമില്ലെന്നും, അത് ദിക്റുകളില്‍ പെട്ടതാണെന്നും, അത് ചൊല്ലുന്നത് അല്ലാഹുവിനെ സ്മരിക്കാനും, അല്ലാഹുവിങ്കലേക്ക്‌ കൂടുതല്‍ സാമീപ്യം നേടാനും, അപകടങ്ങള്‍ നമ്മില്‍ നിന്ന് അകന്നു പോകാനും വേണ്ടിമാത്രമാണെന്നുമാണ് അവര്‍ പറയുന്നത്.

ഉത്തരം:

അല്ലാഹുവിനാകുന്നു സര്‍വ സ്തുതിയും ;

ഒന്നാമതായി :
മേല്പറഞ്ഞ സ്വലാത്ത് ബിദ്അത്താണ്  എന്നത് വളരെ വ്യക്തമാണ്. ഇനി ആവശ്യമെങ്കില്‍ അതിലെ പദങ്ങള്‍ കൂടുതല്‍ വിശദീകരിക്കാം:

 'തന്ഹല്ലു ബിഹില്‍ ഉഖദ്' : അഥവാ,  പരിഹരിക്കാന്‍ സാധിക്കാത്ത അത്യധികം പ്രയാസകരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ (അദ്ദേഹത്താല്‍) സാധിക്കുന്നു എന്നോ അല്ലെങ്കില്‍ അദ്ദേഹം മൂലം കോപം ശമിക്കുന്നുവെന്നോ അതിനാല്‍ അര്‍ത്ഥമാക്കുന്നു.

 'തന്ഫരിജു ബിഹില്‍ കുറബ്'  :  അഥവാ (അദ്ദേഹത്താല്‍) സങ്കടവും മനപ്രയാസങ്ങളും നീങ്ങുന്നു.

 'തുഖ്ലാ ബിഹില്‍ ഹവാഇജ്' : അഥവാ (അദ്ദേഹത്താല്‍) താന്‍ ഉദ്ദേശിക്കുന്നതും നിറവേറ്റാന്‍ ഇറങ്ങിപ്പുറപ്പെടുന്നതുമായ കാര്യങ്ങള്‍ സാധ്യമാകുന്നു.

 'തനാലു ബിഹി അര്‍റഗാഇബ് വ ഹുസ്നുല്‍ ഖവാതീം' : അഥവാ (അദ്ദേഹത്താല്‍) ദുന്‍യവിയായതോ ഉഖ്റവിയായതോ ആയ തന്‍റെ ആഗ്രഹങ്ങള്‍ സാധൂകരിക്കപ്പെടുന്നു. തനിക്ക് നല്ല പര്യവസാനം ലഭിക്കുകയും ചെയ്യുന്നു.

'യുസ്തസ്ഖ അല്‍ഗമാമു ബി വജ്ഹിഹില്‍ കരീം' : അഥവാ മഴ പെയ്യിക്കാന്‍ വേണ്ടി അല്ലാഹുവിനോട് തേടണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുന്നു.  അല്‍ഗമാം എന്നാല്‍: കാര്‍മേഘം.

 
രണ്ടാമതായി:
ഈ സ്വലാത്തില്‍ ശിര്‍ക്കില്ല എന്നും, അത് ചോല്ലുന്നതില്‍ തെറ്റില്ല എന്നും നിങ്ങളോട് ചിലര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ബാത്വിലാണ്. കാരണം മേല്പറഞ്ഞ സ്വലാത്തില്‍ ദീനിന് നിരക്കാത്ത വ്യക്തമായ നിഷിദ്ധങ്ങള്‍ അടങ്ങിയിട്ടുണ്ട്.


1- അത് പ്രയാസങ്ങള്‍ അനുഭവിക്കുമ്പോള്‍ ചൊല്ലേണ്ടതായാണ് അതിന്‍റെ വക്താക്കള്‍ പറയുന്നത്. ഇത് ഇബാദത്ത് പുതുതായുണ്ടാക്കലും അതിന് ചില പ്രത്യേക സാഹചര്യങ്ങള്‍ മെനഞ്ഞെടുക്കലുമാണ്.

2-   (4444) തവണ ചൊല്ലുക എന്ന പ്രത്യേകം എണ്ണവും നല്‍കിയിരിക്കുന്നു. ഒരു ആരാധന പുതുതായുണ്ടാക്കലും അതിന് പ്രത്യേകം എണ്ണം മെനഞ്ഞെടുക്കലുമാണിത്.

3- അത് കൂട്ടമായി ചൊല്ലണം എന്നതാണ് അവര്‍ പറയുന്ന രീതി. ഇത് ആരാധന പുതുതായുണ്ടാക്കലും അതിന് പ്രത്യേക രൂപം മെനഞ്ഞെടുക്കലുമാണ്.

4- മാത്രമല്ല ഒട്ടും ശറഇന് നിരക്കാത്തതും, ശിര്‍ക്കും, പ്രവാചകനെ(സ) പരിതിയില്‍ കവിഞ്ഞ് ഇല്ലാത്ത വിശേഷണങ്ങള്‍ നല്‍കുകയും ചെയ്യുന്ന വാക്കുകളാണ്  അതില്‍ അടങ്ങിയിട്ടുള്ളത്. ആവശ്യങ്ങള്‍ ദൂരീകരിക്കുക, പ്രയാസങ്ങള്‍ പരിഹരിക്കുക, ആഗ്രഹങ്ങള്‍ സഫലീകരിക്കുക, നല്ല പര്യവസാനം നല്‍കുക തുടങ്ങി  അല്ലാഹുവിങ്കലേക്കല്ലാതെ ചേര്‍ത്തിപ്പറയാന്‍ പാടില്ലാത്ത പ്രവര്‍ത്തികളാണ് അവര്‍ പ്രവാചകനിലേക്ക് ചേര്‍ത്തിപ്പറയുന്നത്.  എന്നാല്‍ അല്ലാഹു തന്‍റെ പ്രവാചകനോട് കല്പിച്ചതാകട്ടെ : " പറയുക നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്‍റെ അധീനതയിലല്ല" [സൂറത്തുല്‍ ജിന്ന്‍ :21].


5- മതത്തില്‍ പഠിപ്പിക്കപ്പെട്ട കാര്യങ്ങള്‍ ഉപേക്ഷിക്കുകയും എന്നിട്ട് തന്‍റേതായ ഒരു സ്വലാത്തും ദുആഉം ആവിഷ്കരിക്കുകയും ചെയ്യുന്നത് പ്രവാചകന്‍(സ) ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട മതപരമായ വിഷയങ്ങള്‍ പഠിപ്പിക്കുന്നതില്‍ വീഴ്ച വരുത്തി എന്ന് ആരോപിക്കുന്നതിന് തുല്യമാണ്. മതം പരിപൂര്‍ണമല്ല എന്ന ധ്വനിയും അതില്‍ വരുന്നുണ്ട്. പ്രവാചകന്‍(സ) പറഞ്ഞു : " നമ്മുടെ ഈ മതത്തിലില്ലാത്തത് ആരെങ്കിലും പുതുതായുണ്ടാക്കിയാല്‍ അത് മടക്കപ്പെടുന്നതാണ് " [ബുഖാരി - മുസ്‌ലിം]. (അഥവാ അത് സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല അവന്‍റെ മേല്‍ അത് പാപമായി മടങ്ങിവരികയും ചെയ്യും ) .
----------------------
(വിവര്‍ത്തനം ഇവിടെ അവസാനിക്കുന്നു)-----------------------------
  നാരിയത്ത് സ്വലാത്തില്‍ പദങ്ങളില്‍ ശിര്‍ക്കുണ്ടെന്നു സലഫീ പണ്ഡിതര്‍ നേരത്തെ തന്നെ വിശദീകരിച്ചിട്ടുണ്ട്. ബഹുമാന്യ പണ്ഡിതന്‍ സ്വാലിഹ് അല്ലുഹൈദാന്‍ ഹഫിദഹുല്ലാഹ് (മലിക് ഫൈസല്‍ രൂപം നല്‍കിയ ശൈഖ് ഇബ്നു ബാസിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ പണ്ഡിതസഭയിലെ ജീവിച്ചിരിക്കുന്ന ഏക അംഗം)

അദ്ദേഹം പറഞ്ഞത് : " അതിന്‍റെ പേര് "നാരിയ" എന്നത് ഏതായാലും ശരിയാണ്. അത് നരകത്തിലേക്ക് ഉള്ളത് തന്നെയാണ്. അതുമായി മരിക്കുന്നവന്‍ നരകത്തിലേക്ക് തന്നെയാണ് പോകുക. ആരു മുഖേനയാണ് പ്രയാസങ്ങള്‍ നീങ്ങുന്നത് ?!, ആരാണ് നന്മ കൊണ്ട് വരുകയും അപകടങ്ങള്‍ തടുക്കുകയും ചെയ്യുന്നത് ?! ഇത്തരം വിശേഷണങ്ങള്‍ ഒരിക്കലും പ്രവാചകന് നല്കാന്‍ പാടില്ല. ഒരിക്കലും തന്നെ അപ്രകാരം പ്രവാചകന്‍ പറയുകയുമില്ല. എന്നാല്‍ മുശ്രിക്കായി മരിച്ച അബീ ത്വാലിബ്‌ ആണ് തന്‍റെ കവിതയില്‍ പ്രവാചകനെക്കുറിച്ച് : "യുസ്തസ്ഖ അല്‍ ഗമാമു ബി വജ്ഹിഹി" എന്ന് പറഞ്ഞത്. ഇതിനെയാണ് അവര്‍ അവലംഭാമാക്കുന്നത് എങ്കില്‍ എന്നാണ് മുഷരിക്കീങ്ങളുടെ വാക്കുകള്‍ മതത്തില്‍ പ്രമാണമായത്?! . ഇത് കളവും ബാത്വിലുമാകുന്നു. അതുകൊണ്ട് തന്നെ ഇതില്‍ പറയുന്ന കാര്യങ്ങളില്‍ ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍ അത് മതത്തില്‍ നിന്നും പുറത്ത് പോകുന്ന 'ശിര്‍ക്കുന്‍ അക്ബര്‍' ആണ്! . അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ .." -
(വിവര്‍ത്തനം)

അദ്ദേഹത്തിന്‍റെ ശബ്ദം നേരിട്ട് കേള്‍ക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ ഇത് കേള്‍ക്കുക :
  http://www.youtube.com/watch?v=lH10jgrLZfg
---------------------------------------------------------------------------------------------------------------------

നാരിയത്ത് സ്വലാത്ത് വ്യക്തമായ ശിര്‍ക്കാണ് എന്ന് മുകളിലെ വിശദീകരണത്തില്‍ നിന്നും മനസ്സിലാക്കിയല്ലോ . സാധാരണ പണ്ഡിതന്മാര്‍ പറയാറുണ്ട്‌ (الحكم على الشيء فرع عن تصوره ) 'ഒരു കാര്യത്തിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിലൂടെയാണ്  അതിന്‍റെ വിധി പറയുന്നത്' , നാരിയത്ത് സ്വലാത്തിന്‍റെ അടിസ്ഥാനം മനസ്സിലാക്കിയാല്‍ അത് ശിര്‍ക്കാണ്‌ എന്നത് മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല.  അത് 4444 തവണ ചൊല്ലിയാല്‍ ഒരു വീട്ടില്‍ നിന്ന് പ്രയാസങ്ങളും പ്രശ്നങ്ങളും നീങ്ങും എന്നാണ് അതിന്‍റെ വക്താക്കളുടെ വാദം. അഥവാ പ്രവാചകന്‍ ആ പ്രയാസങ്ങളും ദുരിതങ്ങളും നീക്കിത്തരും എന്നാണ്  അതിന്‍റെ വക്താക്കള്‍  വിശ്വസിക്കുന്നത് എന്നത് വ്യക്തവും പ്രകടവുമാണ്‌. ആ പ്രവാചകന്‍ എനിക്ക് നേര്‍മാര്‍ഗം കാണിച്ചു തന്നതിനാല്‍ എനിക്ക് ഒരുപാട് പ്രയാസങ്ങള്‍ നീങ്ങി എന്ന അര്‍ത്ഥത്തിലല്ല അവരത് ചൊല്ലുന്നത്. തങ്ങള്‍ക്ക് വന്നു ചേര്‍ന്ന ദുരിതങ്ങള്‍ നീങ്ങിക്കിട്ടാന്‍ വേണ്ടിയാണ് അവരത് ചൊല്ലുന്നത്. പ്രവാചകര്‍ക്ക് അല്ലാഹുവിന്‍റെ വിശേഷണങ്ങള്‍ വക വെച്ച് കൊടുക്കുന്ന സൂഫികള്‍ അവരുടെ വിശ്വാസപ്രകാരം മെനഞ്ഞുണ്ടാക്കുകയും, അവരുടെ വിശ്വാസപ്രകാരം ചൊല്ലുകയും, അവരുടെ വിശ്വാസപ്രകാരം തന്നെ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു സ്വലാത്ത് വ്യക്തമായും ശിര്‍ക്കാണ്‌ എന്നതില്‍ യാതൊരു സംശയവുമില്ല. അത് പ്രവാചകന്‍റെ മദ്ഹ് ആണ് എന്ന് വിചാരിച്ചു ചൊല്ലിയാലും ശിര്‍ക്ക് തന്നെയാണ്. തികച്ചും ശിര്‍ക്കന്‍ വിശ്വാസക്കാര്‍  ശിര്‍ക്കിന് വേണ്ടി ജന്മം നല്‍കിയ അത്തരം ഒരു സ്വലാത്ത് അവരല്ലാത്ത മറ്റാരും ചോല്ലാറുമില്ല. ഇനി മറ്റാരെങ്കിലും വേറെ അര്‍ത്ഥത്തില്‍ ചൊല്ലിയാലും നാരിയത്ത് സ്വലാത്ത് ശിര്‍ക്കാണോ എന്ന ചോദ്യത്തിന് അത് ശിര്‍ക്കാണ്‌ എന്ന് തന്നെയാണ് മറുപടി. അയാളുടെ പ്രവര്‍ത്തി ശിര്‍ക്കാണോ എന്ന് ചോദിക്കുമ്പോള്‍ മാത്രമാണ് മുകളില്‍ പറഞ്ഞ ശിര്‍ക്കന്‍ വിശ്വാസം ഇല്ലാതെ മറ്റൊരു അര്‍ത്ഥത്തില്‍ ചൊല്ലിയതാണെങ്കില്‍ അയാളുടെ പ്രവര്‍ത്തിയില്‍ ശിര്‍ക്ക് ഇല്ല എന്ന് പറയുന്നത്. പക്ഷെ അത്  നാരിയത്ത് സ്വലാത്തിന്‍റെ ഒരു ഹുക്മായി പരിഗണിക്കില്ല. അത് ആ വ്യക്തിയുടെ പ്രവര്‍ത്തിയുമായി മാത്രം ബന്ധപ്പെട്ട് നില്‍ക്കേണ്ട ഒരു ഹുക്മാണ്. അതുകൊണ്ട് തന്നെ ആര്‍ക്കെങ്കിലും തത്'വിഷയത്തില്‍ വല്ല അബദ്ധവും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കാനെന്നോണം അതില്‍ ശിര്‍ക്ക് വരാത്ത ഒരു സന്ദര്‍ഭം നമ്മള്‍ സങ്കല്പിച്ചെടുക്കേണ്ടതുമില്ല.
കാരണം അത് തങ്ങളുടെ വികല വാദങ്ങള്‍ക്ക് പഴുത് അന്വേഷിച്ചു നടക്കുന്ന അഹലുല്‍ ബിദ്അക്ക് പഴുത് നല്‍കാനേ ഉപകരിക്കൂ .

തന്‍റെ വിശ്വാസത്തെ സംരക്ഷിക്കുന്നതില്‍ ജാകരൂകനായി നില്‍ക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇത്തരം പഴുതുകള്‍ ബിദ്അത്തുകാര്‍ക്ക് നല്‍കാതെ സൂക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അത്തരം വല്ല പരാമര്‍ശങ്ങളും ആര്‍ക്ക് വന്നുപോയാലും  അത് സകരിയാ സ്വലാഹി ആയാലും, ലബ്ബാ ദാരിമി ആയാലും, ഈ പറയുന്ന ഞാനായാലും ആര് തന്നെ ആയാലും തിരുത്തപ്പെടേണ്ടതുണ്ട്.  കാരണം ആ പഴുതുകള്‍ ബിദ്അത്തുകാര്‍ ഉപയോഗപ്പെടുത്തും എന്നുറപ്പാണ്.  വ്യക്തമായ ശിര്‍ക്കിന്‍റെ വക്താക്കളായ സൂഫികള്‍ അവരുടെ ശിര്‍ക്കന്‍ വിശ്വാസത്തിലതിഷ്ടിതമായി മാത്രം ഉപയോഗിക്കുന്ന ഒരു ബിദ്അത്താണ് നാരിയത്ത് സ്വലാത്ത് എന്നത്. അത് വ്യക്തമാണെന്നിരിക്കെ മറ്റു  സാങ്കല്പിക ചോദ്യങ്ങള്‍ പരിഗണിച്ച്, അതും ചില പ്രത്യേക ലക്ഷ്യങ്ങള്‍ വച്ച് കൊണ്ട് ചോദിക്കുന്ന ആളുകളുടെ ചോദ്യങ്ങള്‍ പരിഗണിച്ച് അതിന് ഇതര വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ല. 
 
    വളരെക്കാലം മുന്പ് തന്നെ നാരിയത്ത് സ്വലാത്തിന്‍റെ  നിജസ്ഥിതി വിശദീകരിക്കപ്പെട്ടതാണ്. ആ മറുപടികളെല്ലാം ലഭ്യമാണെന്നിരിക്കെ   നിഷ്കളങ്കരായ പണ്ഡിതന്മാരെക്കൊണ്ട് തങ്ങള്‍ക്ക് ആവശ്യമായ ഉത്തരം ലഭിക്കാനുതകുന്ന തരത്തില്‍ സാങ്കല്പിക ചോദ്യങ്ങള്‍ ചോദിച്ച്, ആ ഒരു പ്രത്യേക ചോദ്യത്തിന് അവര്‍ നല്‍കുന്ന ഉത്തരത്തെ അദ്ദേഹത്തിന്‍റെ പൊതു അഭിപ്രായമായി വ്യാഖ്യാനിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ആദര്‍ശ വിരോധികളാണ് ഈ വിവാദങ്ങള്‍ക്കെല്ലാം പിന്നില്‍ എന്നതില്‍ സംശയമില്ല. അത്തരം ആളുകളുടെ ചതിക്കുഴികള്‍ മനസ്സിലാക്കുന്നതില്‍ പക്വമതികളായ പണ്ഡിതന്മാര്‍ക്ക് വന്നുപോകുന്ന ചെറിയ പിഴവുകള്‍ പോലും വലിയ ഓളങ്ങള്‍ സൃഷ്ടിക്കും. പിന്നീട് അത് നികത്തുക ഏറെ പ്രയാസകരവുമാണ്. 

നാരിയത്ത് സ്വലാത്ത് വ്യക്തമായ ശിര്‍ക്കാണ്‌ എന്നതില്‍ സത്യത്തില്‍ ഇവര്‍ക്കാര്‍ക്കും അഭിപ്രായ ഭിന്നത ഉണ്ടാകാനിടയില്ല. എന്തിനേറെ പൊതു ജനമദ്യത്തില്‍ ഒരു മടിയും കൂടാതെ പ്രവാചകനെ വിളിച്ച് പ്രാര്‍ഥിക്കുന്ന ഒരു വിഭാഗമാണ്‌ അതിന്‍റെ വക്താക്കള്‍ എന്നതിന് നമ്മള്‍ ഏവരും സാക്ഷികളുമാണല്ലോ. ഇതും ആ സ്വലാത്തിലെ വരികളും  ചേര്‍ത്ത് വായിച്ചാല്‍ അത് പച്ചയായ ശിര്‍ക്കാണ്‌ എന്ന് നിഷ്പ്രയാസം മനസ്സിലാക്കാം. 

ഇനി ലിജ്നതുദ്ദാഇമ ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന്‍റെ മറുപടിയില്‍ അത് ശിര്‍ക്കാണ്‌ എന്ന വിശദീകരണം നല്‍കുന്നില്ലല്ലോ എന്ന് ഒരുപക്ഷെ ചിലര്‍ സംശയിച്ചേക്കാം. സത്യത്തില്‍ അവര്‍ ഒരിക്കലും തന്നെ അത് ശിര്‍ക്കല്ല എന്ന് പറയുന്നില്ല.  ചോദ്യകര്‍ത്താവിന് രണ്ടു വരിയില്‍ കവിയാത്ത ഒരു മറുപടിയാണ് അവര്‍ നല്‍കിയത്. സ്വലാത്തുല്‍ ഇബ്രാഹീമിയയുടെ രൂപവും നിങ്ങള്‍ അത് ചൊല്ലിയാല്‍ മതിയെന്നും മാത്രമാണ് ലിജ്ന നല്‍കുന്ന മറുപടി. അവര്‍ അവിടെ നാരിയത്ത് സ്വലാത്തിന്‍റെ ആശയത്തെ കുറിച്ചുള്ള ചര്‍ച്ച തന്നെ നടത്തുന്നില്ല. അതില്‍ ശിര്‍ക്കുണ്ടോ അതോ ശിര്‍ക്കില്ലയോ എന്നാ ഒരു ചര്‍ച്ചക്ക് തന്നെ അവര്‍ ആ മറുപടിയില്‍ മുതിരുന്നില്ല.

നമ്മളുടെ നാവുകളില്‍ നിന്ന് അടര്‍ന്നു വീഴുന്ന വാക്കുകളില്‍ വളച്ചൊടിക്കാന്‍ പറ്റിയ വാക്കുകളില്‍ മാത്രം കണ്ണും നട്ടിരിക്കുന്ന ഒരു ബിദ്ഈ സമൂഹം ഇവിടെയുണ്ട് എന്ന ബോധം നമുക്കുണ്ടാവണം. പൊതുവേ  ഹൃദയത്തില്‍ ബാധിച്ച കക്ഷിത്വം കാരണം  പദങ്ങള്‍ അടര്‍ത്തിയെടുത്ത് തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കുവാനുള്ള വെമ്പലോടെയാണ് അവര്‍ എല്ലായിപ്പോഴും കാതോര്‍ക്കുന്നത്. കക്ഷിത്വ മനോഭാവം വച്ച് പുലര്‍ത്തുന്ന ഏവരുടെയും സ്ഥിതി അതുതന്നെയാണ്.  അത്തരം ഒരു സാഹചര്യത്തില്‍ നാം വല്ലതും പറയുമ്പോള്‍ ഏറെ സൂക്ഷിക്കണം. തെറ്റുകളില്ലാത്ത കാര്യങ്ങള്‍ പോലും വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിക്കുന്നതില്‍ കഴിവ് തെളിയിച്ച ആളുകള്‍ കൂടി ഉള്ള ഒരു സാഹചര്യമാകുമ്പോള്‍ സൂക്ഷിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

നമ്മളാരും പരിപൂര്‍ണ്ണരല്ല. അറിഞ്ഞോ അറിയാതെയോ വന്നു പോകുന്ന  തെറ്റുകള്‍ നാഥന്‍ പൊറുത്ത് തരട്ടെ. നാളെ അവന്‍റെ സ്വര്‍ഗത്തില്‍ നമ്മെ ഏവരെയും അവന്‍ ഒരുമിച്ചു കൂട്ടട്ടെ ... അല്ലാഹുമ്മ ആമീന്‍ !



അനുബന്ധം (ഫിത്നക്കാരെ സൂക്ഷിക്കുക )  :

നമ്മുടെ നാട്ടില്‍ ചില വിരുതന്മാരുണ്ട്. തങ്ങളുടെ ചില പ്രത്യേക ഉദ്ദേശ്യങ്ങള്‍ നടപ്പാക്കാനായി ദുരുദ്ദേശപരമായ ചില ചോദ്യങ്ങള്‍ തട്ടിക്കൂട്ടുകയും അതിന് പണ്ഡിതന്മാര്‍ നല്‍കുന്ന മറുപടിയില്‍ നിന്ന് തങ്ങളുടെ രഹസ്യ അജണ്ടകള്‍ നടപ്പാക്കുകയും അതുവഴി വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യലാണ് അവരുടെ ജോലി. അത്തരക്കാരുടെ ചതിക്കുഴികളെ അറിയാത്ത നിഷ്കളങ്കരായ പണ്ഡിതന്മാര്‍ അതില്‍ വീണു പോകുകയും ചെയ്യും. താന്‍ ഉദ്ദേശിച്ച ഉത്തരം പണ്ഡിതരില്‍ നിന്നും  ലഭിക്കുവാനായി ഏറെ മനക്കണക്കുകള്‍ കൂട്ടി തയ്യാറാക്കിയ ഇവരുടെ ചോദ്യങ്ങളുടെ ചതിക്കുഴി മനസ്സിലാക്കുക പലപ്പോഴും സാധ്യമല്ല. അത് മനസ്സിലാക്കാതെ അതിന് മറുപടി പറയുന്ന പണ്ഡിതന്മാരെ ഇവര്‍ തന്ത്രപൂര്‍വ്വം ചതിക്കുഴിയിലേക്ക് തള്ളിയിടുകയും ചെയ്യും. 

അത്തരം ചോദ്യങ്ങള്‍ക്ക് ഒരു ഉദാഹരണമാണ്: അറബി അറിയാത്ത ഒരു മനുഷ്യന്‍ നാരിയത്ത് സ്വലാത്ത് ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ട ഒരു ദുആ ആണ് എന്ന് കരുതി, അതിന്‍റെ  അര്‍ഥം മനസ്സിലാക്കാതെയോ. അതില്‍ ശിര്‍ക്കുണ്ട് എന്നതറിയാതെയോ അത് ചൊല്ലിയാല്‍ ആ പ്രവര്‍ത്തി ശിര്‍ക്കാണ്‌ എന്ന് പറയാന്‍ പറ്റുമോ ?
സ്വാഭാവികമായും നിഷ്കളങ്കനായ ഒരു പണ്ഡിതന്‍ നല്‍കുന്ന മറുപടി : ‘അയാളുടെ പ്രവര്‍ത്തിയില്‍ ശിര്‍ക്കില്ല. എന്നാല്‍ അത് ബിദ്അത്താണ് എന്നും അതിന്‍റെ പദങ്ങളില്‍ ശിര്‍ക്ക് അടങ്ങിയിട്ടുണ്ട് എന്ന് ആയതിനാല്‍ ചൊല്ലാന്‍ പാടില്ല എന്നും അയാള്‍ക്ക് അറിയിച്ചു കൊടുക്കണം’ എന്നതായിരിക്കും.

   എന്നാല്‍ ചോദിച്ച കള്ളനും മറ്റു ആദര്‍ശ ശത്രുക്കളും ഇതില്‍ നിന്നും അടര്‍ത്തിയെടുക്കുന്ന ഉത്തരം നമുക്കൊന്ന് സങ്കല്പിച്ചു നോക്കാം: ‘ഒരാള്‍ നാരിയത്ത് സ്വലാത്ത് ചൊല്ലിയാല്‍ അതില്‍ ശിര്‍ക്കുണ്ട് എന്ന് പറയാന്‍ പറ്റില്ല. അതില്‍ ശിര്‍ക്കാകാത്ത രൂപവും ഉണ്ട്. ശിര്‍ക്കില്ലാതെ  അല്ല ചൊല്ലുന്നത് എങ്കില്‍ കുഴപ്പമില്ല. അതുകൊണ്ട് തന്നെ നാരിയത്ത് സ്വലാത്തില്‍ ശിര്‍ക്ക് ഉണ്ട് എന്ന് പറയാന്‍ പറ്റില്ല.............,,,
 തുടങ്ങി കളവുകളുടെ ഒരു മാലപ്പടക്കം തന്നെ അതില്‍ നിന്നും നിഷ്പ്രയാസം മെനഞ്ഞെടുക്കുമെന്നത് ഉറപ്പ്. അതിനു വേണ്ടിയാണല്ലോ അവന്‍ കഷ്ടപ്പെട്ട് ആലോചിച്ച് അത്തരം ഒരു ചോദ്യം കണ്ടുപിടിച്ചത് തന്നെ. ചോദ്യത്തിന് നല്‍കിയ മറുപടിയും, കുരുട്ട് ബുദ്ധിക്കാരന്‍ സ്ഥാപിച്ചെടുക്കുന്ന ഉത്തരവും തമ്മില്‍ ആകാശവും ഭൂമിയും തമ്മിലുള്ള അന്തരമുണ്ട് എന്ന് നമുക്ക് ഏവര്‍ക്കുമറിയാം.

കാര്യങ്ങളുടെ വസ്തുത നോക്കാതെ കുരുട്ട് ബുദ്ധിക്കാരന്‍റെ ആരോപണങ്ങള്‍ ഏറ്റുപിടിക്കുന്ന കുഞ്ഞാടുകള്‍ ഒരു വശത്തും, അവരുന്നയിക്കുന്ന  കളവുകള്‍ക്ക് പോലും പ്രാമാണികമായ വിശദീകരണങ്ങള്‍ ഒപ്പിച്ചുണ്ടാക്കി  തങ്ങളുടെ പണ്ഡിതന്മാരെ രക്ഷിക്കാനെന്നോണം ആ പണ്ഡിതന്മാര്‍ക്ക്  പോലുമില്ലാത്ത വാദങ്ങള്‍ നിരത്തി അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന അപക്വമതികളായ  ആളുകള്‍ മറുവശത്തും അണി നിരക്കുന്നതോടെ കുരുട്ട് ചോദ്യം ഉണ്ടാക്കിയവന്‍ തന്‍റെ ലക്ഷ്യം കണ്ടു. പിന്നെ അതിന്‍റെ പേരില്‍ നാട്ടില്‍ നടക്കുന്ന ഫിത്നകളും ചര്‍ച്ചകളുമെല്ലാം കണ്ട് രസിക്കുകയാണ് അവന്‍റെ ജോലി. അവന്‍റെ ചോദ്യത്തിന് നിഷ്കളങ്കമായി മറുപടി പറഞ്ഞ പണ്ഡിതന്മാരാകട്ടെ ഒരു പക്ഷെ ഈ ഫിത്നകളൊന്നും സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

അതുകൊണ്ടാണ് ഉത്തരം പറയുന്നതിന് മുന്പ് ചോദ്യകര്‍ത്താവ് എന്തിനാണ് ഈ ചോദ്യം ചോതിച്ചത് എന്നത് നൂറ് തവണ ആലോചിക്കണം എന്ന് പറയുന്നത്.

99.9% ശതമാനവും ഉറപ്പുള്ള വിഷയം പരാമര്‍ശിക്കാതെ
മനപ്പൂര്‍വം ഉപേക്ഷിച്ച്, അതില്‍ 0.1% മാത്രം സാധ്യതയുള്ള ഒരു വിഷയത്തെക്കുറിച്ച് ഊന്നിയൂന്നി ചോദിക്കുന്ന കുരുട്ട് ബുദ്ധിക്കാരന്‍ ആ 0.1% ശതമാനത്തിന് നല്‍കപ്പെടുന്ന മറുപടി ശേഷമുള്ള 99.9% ശതമാനത്തിന് പൊതുവായി ബാധകമാണ് എന്ന് വരുത്തിത്തീര്‍ക്കാനാണ് ആ ചോദ്യം ചോദിക്കുന്നത് എന്നത് വ്യക്തമാണ്. അത് നിഷ്പ്രയാസം അവന്‍ വളച്ചൊടിക്കുകയും ചെയ്യും. (അല്ലാഹു ഇത്തരം ഫിത്നക്കാരില്‍ നിന്നും നമ്മെ രക്ഷിക്കട്ടെ). അവസാനം തന്‍റെ വളരെ വിലപ്പെട്ട സമയം ഈ ഫിത്നക്ക് മറുപടി നല്‍കാനായി മാറ്റി വെക്കേണ്ട ഗതികേട് ആ പണ്ഡിതന്മാര്‍ക്ക് വന്നു ചേരുന്നു. മാത്രമല്ല കാര്യങ്ങളെക്കുറിച്ച് അറിയാതെയും പഠിക്കാതെയും, അറിവില്ലാത്ത കാര്യങ്ങളില്‍ വിശദീകരണങ്ങള്‍ നല്‍കി, പണ്ഡിതന്മാരെ രക്ഷപ്പെടുത്താനെന്നോണം സകല മുടന്തന്‍ ന്യായങ്ങളും നിരത്തി പണ്ഡിതന്മാര്‍ ഒരിക്കലും പറഞ്ഞിട്ടില്ലാത്ത വിഡ്ഢിത്തങ്ങള്‍ എയ്തു വിടുന്ന ആളുകളുടെ സ്നേഹം കൂടിയാവുമ്പോള്‍ സംഗതി ഒന്ന് കൂടി വഷളാകും.  അതുകൊണ്ടാണ് ഇത്തരം കുരുട്ട് ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് അബദ്ധം പിണയുന്നവര്‍ ആര് തന്നെയായാലും അവര്‍ തങ്ങളുടെ അബദ്ധങ്ങള്‍ തിരുത്തേണ്ടതുണ്ട് എന്ന് ഞാന്‍ പറയാന്‍ കാരണം. നമ്മളുടെ മനസ്സുകളിലുള്ളതിനെക്കുറിച്ച് ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്. തൗഹീദും ശിര്‍ക്കും വേര്‍ തിരിക്കാന്‍ വേണ്ടി അഹോരാത്രം പണിയെടുക്കുന്ന പണ്ഡിതന്മാരുടെ വിശദീകരണം അവരോട് ചോദിക്കപ്പെട്ട ചോദ്യത്തിനെ ആസ്പദമാക്കി ഉള്ളതായിരുന്നു. പക്ഷെ ക്ലിപ്പുകള്‍ മുറിച്ചുണ്ടാക്കുന്നവര്‍, മുറിച്ചുണ്ടാക്കുന്നവര്‍ എന്ന് മാത്രം പറഞ്ഞാല്‍ പോര കട്ട് മുറിച്ചുണ്ടാക്കുന്നവര്‍ ഇത്തരം വേലകളുമായി വരുമ്പോള്‍ അവരുടെ ചതിക്കുഴികള്‍ മനസ്സിലാക്കാന്‍ സാധിച്ചില്ല എന്നതാണ് ഇതിനെല്ലാം ഇടയാക്കിയത്. അതല്ലാതെ നാരിയത്ത് സ്വലാത്തില്‍ ശിര്‍ക്കുണ്ട് എന്നതില്‍ അവര്‍ക്കും അഭിപ്രായ ഭിന്നതയില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. അല്ലാഹു നമ്മുടെ എല്ലാ നല്ല ഉദ്ദേശ്യങ്ങളും നിറവേറ്റിത്തരുമാറാകട്ടെ.  

അല്ലാഹു നമ്മെ സകല ഫിത്നകളില്‍ നിന്നും ഫിത്നക്കാരുടെ ചതിക്കുഴികളില്‍ നിന്നും രക്ഷിക്കുമാറാകട്ടെ. പണ്ഡിതന്മാരെയും പ്രബോധകരെയും അല്ലാഹു ഇത്തരക്കാരുടെ ചതിയില്‍ നിന്ന് സംരക്ഷിക്കുമാറാകട്ടെ. അല്ലാഹുവിന്‍റെ കലിമതിനെയും അത് പ്രബോധനം ചെയ്യുന്ന പ്രബോധകരെയും ഇകഴ്ത്തിക്കാട്ടാനുള്ള കുതന്ത്രങ്ങളുമായി ഇറങ്ങിത്തിരിച്ച ആദര്‍ശ ശത്രുക്കള്‍ക്ക് അല്ലാഹു ഹിദായത്ത് നല്‍കട്ടെ. വിഷയങ്ങളെ അതിന്‍റെ സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത് കട്ട് മുറിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ആളുകളില്‍ നിന്നും അതിന് വേണ്ടി കുരുട്ട് ചോദ്യങ്ങള്‍ മെനഞ്ഞുണ്ടാക്കുന്ന ആളുകളില്‍ നിന്നും അല്ലാഹു നമ്മെ ഏവരെയും രക്ഷിക്കട്ടെ. അവരുടെ കുതന്ത്രങ്ങള്‍ അവര്‍ക്കു തന്നെ വിപത്തായി അല്ലാഹു മാറ്റുമാറാകട്ടെ... അല്ലാഹുമ്മ ആമീന്‍ !.