ചോദ്യം : വെള്ളിയാഴ്ച ദിവസം 'സൂറത്തുല്‍ കഹ്ഫ്' പാരായണം ചെയ്യേണ്ടതെപ്പോള്‍ ?
ഉത്തരം :
വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹഫ് പാരായണം ചെയ്യുന്നതിന്റെ
പ്രാധാന്യവുമായി ബന്ധപ്പെട്ട് പ്രവാചകന്(സ)യില്‍ നിന്നും വിവിധ
റിപ്പോര്‍ട്ടുകളിലായി വന്ന ഹദീസുകള്‍ കാണാം.
عن أبي سعيد الخدري ، قال عليه الصلاة والسلام: " من قرأ سورة الكهف ليلة الجمعة أضاء له من النور فيما بينه وبين البيت العتيق "
അബീ സഈദ് അല്‍ ഖുദരി (റ) വില്‍ നിന്നും നിവേദനം. പ്രവാചകന്(സ) പറഞ്ഞു: "
ആരെങ്കിലും വെള്ളിയാഴ്ച രാവിന് സൂറത്തുല്‍ കഹ്ഫ് പാരായണം
ചെയ്യുകയാണെങ്കില്‍ അവന്റെയും ബൈതുല്‍ അതീഖിന്റെയും (കഅബാലയം)
ഇടയിലുള്ള അത്രയും ദൂരം പ്രകാശം ലഭിക്കും " [ സ്വഹീഹ് - അല്‍ബാനി (റ) ]
മറ്റൊരു ഹദീസില്‍ ഇപ്രകാരവും കാണാം :
" من قرأ سورة الكهف في يوم الجمعة أضاء له من النور ما بين الجمعتين "
" ആരെങ്കിലും വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹ്ഫ് പാരായണം
ചെയ്യുകയാണെങ്കില്‍ ആ രണ്ട് ജുമുഅകള്‍ക്കിടയിലുള്ള അത്രയും പ്രകാശം അവന്
ലഭിക്കും " [സ്വഹീഹ് - അല്‍ബാനി] . ജുമുഅ ദിവസത്തിലെ സൂറത്തുല്‍ കഹ്ഫ്
പാരായണവുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളില്‍ ഏറ്റവും പ്രബലമായ ഹദീസാണിത്.
അതുപോലെ ഇബ്നു ഉമര്‍ (റ) റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം :
عن ابن عمر رضي الله عنهما قال : قال رسول الله صلى الله عليه وسلم : " من
قرأ سورة الكهف في يوم الجمعة سطع له نور من تحت قدمه إلى عنان السماء
يضيء له يوم القيامة ، وغفر له ما بين الجمعتين ".
"
ആരെങ്കിലും വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്താല്‍
അവന്റെ കാല്പാദം മുതല്‍ വാനോളം വരെ പ്രകാശം ഖിയാമത്ത് നാളില്‍ അവനു
ലഭിക്കുന്നതായിരിക്കും. ആ രണ്ട് ജുമുഅകള്‍ക്കിടയിലുള്ള അവന്റെ പാപങ്ങളും
പൊറുക്കപ്പെടുന്നതായിരിക്കും " [അത്തര്‍ഗീബ് വത്തര്‍ഹീബ് 298/1]
ഈ ഹദീസുകളില്‍ നിന്നും മനസ്സിലാകുന്നത് വെള്ളിയാഴ്ച രാവും, വെള്ളിയാഴ്ച
ദിവസവും കഹ്ഫ് പാരായണം ശ്രേഷ്ഠമായ സമയമാണ് എന്നതാണ്. അഥവാ വ്യാഴാഴ്ച ദിവസം
സൂര്യന് അസ്തമിച്ചത് മുതല്‍ വെള്ളിയാഴ്ച ദിവസം സൂര്യന് അസ്തമിക്കുന്നത്
വരെയാണ് ഹദീസുകളില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ട 'സൂറത്തുല്‍ കഹ്ഫ്'
പാരായണം ചെയ്യാനുള്ള സമയം.
വെള്ളിയാഴ്ച രാവിലും, വെള്ളിയാഴ്ച
ദിവസവും സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്യുന്നത് അങ്ങേയറ്റം പുന്യകരമാണ്
എന്ന് ഇമാം ശാഫിഇ(റ)യെ പോലുള്ള ഇമാമീങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അല്ലാഹു അനുഗ്രഹിക്കട്ടെ ...