Thursday, March 14, 2024

നിസ്കരിക്കാത്ത ഒരു വ്യക്തി നോമ്പ് എടുത്തത് കൊണ്ട് കാര്യമുണ്ടോ ?

 ചോദ്യം: നിസ്കരിക്കാത്ത ഒരു വ്യക്തി നോമ്പ് എടുത്തത് കൊണ്ട് കാര്യമുണ്ടോ ? 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

തൻ്റെ മേൽ നിർബന്ധമായ മറ്റു ഇബാദത്തുകൾ നിർവഹിക്കാതെ കേവലം പട്ടിണി കിടന്നതുകൊണ്ടു എന്ത് കാര്യമാണ് ഉള്ളത്. നോമ്പ് എന്നാൽ കേവലം പട്ടിണി കിടക്കൽ അല്ല, മറിച്ച് നോമ്പുകാരൻ്റെ ചൈതന്യം കാത്തുസൂക്ഷിക്കാതെ ഒരാൾ പട്ടിണി കിടക്കണമെന്ന് അല്ലാഹുവിന് യാതൊരു നിബന്ധവും ഇല്ല എന്ന് ഹദീസിൽ കാണാം. അബൂ ഹുറൈറ (റ) നബി (സ) യിൽ നിന്നും ഉദ്ധരിക്കുന്നു. നബി (സ) പറഞ്ഞു: 

رُبَّ صائمٍ لَيْسَ لَهُ مِنْ صِيَامِهِ إلاَّ الْجُوعَ وَرُبَّ قَائِمٍ لَيْسَ لَهُ مِنْ قِيَامِهِ إلاّ السَّهر

"ചില നോമ്പുകാർക്ക് അവരുടെ നോമ്പിൽ നിന്നും ആകെ ബാക്കിയാകുന്നത് വിശപ്പ് മാത്രമാണ്. ചില രാത്രി നമസ്‌കാരക്കാർക്ക് അവരുടെ നമസ്‌കാരം കൊണ്ട് ഉറക്ക് നഷ്ടപ്പെട്ടത് മാത്രമാണ് മിച്ചം" - [ഇബ്‌നു മാജ: 1380 - അൽബാനി: ഹസനുൻ സ്വഹീഹ്]. 


 അതുകൊണ്ട്ഒ നമസ്‌കാരം ഉപേക്ഷിക്കുന്ന വ്യക്തി വെറുതേ പട്ടിണി കിടക്കണം എന്ന് അല്ലാഹുവിന് ഒരു നിർബന്ധവും ഇല്ല.  നമസ്‌കാരം ഒരാൾ മനപ്പൂർവം ഉപേക്ഷിക്കുന്നുവെങ്കിൽ അത് കുഫ്ർ ആണ്. അയാൾ ഇസ്‌ലാമിൻ്റെ വൃത്തത്തിൽ നിന്ന് തന്നെ പുറത്ത് പോകും. ജാബിർ (റ) ഉദ്ധരിക്കുന്ന ഹദീസിൽ നബി (സ) പറയുന്നു: 

إِنَّ بَيْنَ الرَّجُلِ وبَينَ الشِّرْكِ والكُفْرِ تَرْكُ الصَّلاة

"ഒരാളുടെയും ശിർക്കിൻ്റെയും കുഫ്റിൻ്റെയും ഇടയിലുള്ള മറ നമസ്‌കാരമാണ്" - [സ്വഹീഹ് മുസ്‌ലിം: 82]. 

അതുകൊണ്ട് ഒരാൾ നമസ്‌കാരം മനപ്പൂർവ്വം ഉപേക്ഷിക്കുന്ന പക്ഷം അവൻ കാഫിറായിത്തീരും. ഒരാൾ കുഫ്‌റിൽ അകപ്പെട്ടാൽ പിന്നെ അവൻ്റെ കർമ്മങ്ങൾ ഒന്നും തന്നെ സ്വീകരിക്കപ്പെടുകയില്ല. അല്ലാഹു തആല പറയുന്നു: 

وَلَوْ أَشْرَكُوا لَحَبِطَ عَنْهُمْ مَا كَانُوا يَعْمَلُونَ [الأنعام:88]  

"അവർ അല്ലാഹുവിൽ പങ്കുചേർക്കുന്ന പക്ഷം  അവരുടെ മുഴുവൻ കർമ്മങ്ങളും നിഷ്ഫലയമായിത്തീരുന്നതാണ്". - [അൻആം : 128]. 

അതുകൊണ്ടുതന്നെ അഞ്ചു നേരത്തെ നമസ്‌കാരത്തിൻ്റെ കാര്യത്തിൽ വീഴ്ച വരാതെ സൂക്ഷിക്കുക. മാത്രമല്ല അന്ത്യദിനത്തിൽ ആദ്യമായി ചോദ്യം ചെയ്യപ്പെടുന്ന കർമ്മവും നമസ്‌കാരമായിരിക്കും. അത് ശരിയാകാതെ മറ്റു കർമ്മങ്ങങ്ങൾ കൊണ്ട് പ്രയോജനമുണ്ടാകില്ല. 


عن أَبِي هُرَيْرَةَ رضي الله عنه قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : ( إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلَاتُهُ فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْجَحَ وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ ، فَإِنْ انْتَقَصَ مِنْ فَرِيضَتِهِ شَيْءٌ قَالَ الرَّبُّ عَزَّ وَجَلَّ : انْظُرُوا هَلْ لِعَبْدِي مِنْ تَطَوُّعٍ فَيُكَمَّلَ بِهَا مَا انْتَقَصَ مِنْ الْفَرِيضَةِ ؟ ثُمَّ يَكُونُ سَائِرُ عَمَلِهِ عَلَى ذَلِكَ )

അബൂ ഹുറൈറ (റ) നിവേദനം: നബി (സ) പറയുന്നതായി ഞാൻ കേട്ടു: "ഒരാളുടെ അമലുകളിൽ അയാൾ ആദ്യം വിചാരണ ചെയ്യപ്പെടുന്നത് നമസ്കാരത്തെ സംബന്ധിച്ച് ആയിരിക്കും. അത് നന്നായാൽ അവൻ വിജയിക്കുകായും എല്ലാം ശുഭകരമാകുകയും ചെയ്യും. അത് മോശമായാൽ പരാജയപ്പെടുകയും നിന്ദ്യനായിത്തീരുകയും ചെയ്യും. അവൻ്റെ ഫർളുകളിൽ വല്ല കുറവുമുണ്ടെങ്കിൽ റബ്ബ് സുബ്ഹാനഹു വ തആല പറയും: എൻ്റെ ദാസന് അവൻ്റെ ഫർളിലെ കുറവ് നികത്തുന്ന വല്ല സുന്നത്ത് നമസ്കാരങ്ങളും ഉണ്ടോ എന്ന് നോക്കൂ ?!. ശേഷം അവൻ്റെ കർമ്മങ്ങളെല്ലാം അതനുസരിച്ചായിരിക്കും" - [روى أبو داود (864) ، والترمذي (413) ، والنسائي (465) അൽബാനി: സ്വഹീഹ്]

 അതുകൊണ്ടു നമസ്‌കാരത്തിൻ്റെ കാര്യത്തിൽ വീഴ്ച വരുത്താതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കുക. റമദാനിൽ പ്രത്യേകിച്ചും. അല്ലാഹു അനുഗ്രഹിക്കട്ടെ 

 وصلى الله وسلم على نبينا محمد