Tuesday, June 15, 2021

നമസ്‌കാരം മറന്നുപോകുകയോ, ഉറങ്ങിപ്പോകുകയോ ചെയ്‌താൽ എന്ത് ചെയ്യും ?. മനഃപൂർവ്വം നമസ്‌കാരം ഖളാ ആക്കാമോ ?

 


ചോദ്യം: ഒരാൾ നമസ്‌കരിക്കാൻ മറന്നു പോകുകയും, പിന്നീട് നമസ്‌കാര സമയം കഴിഞ്ഞ ശേഷമാണ് അത് ഓർമ്മ വരുകയും ചെയ്തത് എങ്കിൽ എന്ത് ചെയ്യണം ?. അതുപോലെ മനപ്പൂർവ്വം ഒരാൾ ഒരു നമസ്‌കാരം അതിൻ്റെ സമയത്ത് നിർവഹിക്കാതിരുന്നാലോ ?. 


www.fiqhussunna.com 


ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ഒരാൾ  ഏതെങ്കിലും ഒരു വഖ്‌ത് നമസ്‌കാരം മനപ്പൂർവ്വമല്ലാതെ  ഉറങ്ങിപ്പോകുകയോ, മറന്നു പോകുകയോ ഒക്കെ ചെയ്‌താൽ എപ്പോഴാണോ അയാൾ ഉറക്കമുണരുന്നത് അല്ലെങ്കിൽ അയാൾക്ക് ഓർമ്മ വരുന്നത് അപ്പോൾ തന്നെ ആ നമസ്‌കാരം നിർവഹിക്കണം.

 

عن أنس بن مالك رضي الله عنه : أن النبي صلى الله عليه وسلم قال : (من نسي صلاة فليصلها إذا ذكرها لا كفارة لها إلا ذلك) 


അനസ് ബ്ൻ മാലിക് (റ) നിവേദനം: നബി (സ) പറഞ്ഞു: "ആരെങ്കിലും ഒരു നമസ്‌കാരം മറന്നുപോയാൽ അതോർമ്മവരുമ്പോൾ അവനത് നമസ്കരിച്ചു കൊള്ളട്ടെ. അതിന് പ്രായശ്ചിത്തമായി അതല്ലാതെ മറ്റൊന്നുമില്ല" - [സ്വഹീഹുൽ ബുഖാരി: 572 സ്വഹീഹ് മുസ്‌ലിം: 684].  

അതുപോലെ ഈ ഹദീസിൻ്റെ മറ്റൊരു രിവായത്തിൽ ഇപ്രകാരം കാണാം : 

عَنْ أَنَسِ بْنِ مَالِكٍ ، رَضِيَ اللَّهُ عَنْهُ ، قَالَ : قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ نَامَ عَنْ صَلاَةٍ أَوْ نَسِيَهَا فَكَفَّارَتُهَا أَنْ يُصَلِّيَهَا إِذَا ذَكَرَهَا.

അനസ് ബ്ൻ മാലിക് (റ) നിവേദനം: "ആരെങ്കിലും ഒരു നമസ്‌കാരം മറന്നുപോകുകയോ, ഉറങ്ങിപ്പോകുകയോ ചെയ്‌താൽ അതോർമ്മവരുമ്പോൾ നമസ്കരിക്കുക എന്നതാണ് അതിൻ്റെ പ്രായശ്ചിത്തം" - [المنتقى من السنن المسندة لابن الجارود : 239 ].


അതുകൊണ്ടുതന്നെ ഒരാൾ ഒരു നമസ്‌കാരം മറന്നുപോകുകയോ,  ഉറങ്ങിപ്പോകുകയോ ഒക്കെ ചെയ്‌താൽ ഓർമ്മ വരുമ്പോൾത്തന്നെ എത്രയും പെട്ടെന്ന് അത് നിർവഹിക്കുകയാണ് വേണ്ടത്. അത് മാത്രമാണ് അതിനുള്ള പ്രായശ്ചിത്തം. 

എന്നാൽ മനപ്പൂർവ്വം ഒരാൾ ഏതെങ്കിലും ഒരു വഖ്‌ത് നമസ്‌കാരം അകാരണമായി പിന്തിപ്പിക്കുകയാണെങ്കിൽ അത് വൻപാപമാണ്. അത്തരക്കാർക്ക് വലിയ താക്കീത് നൽകിക്കൊണ്ട് അല്ലാഹു തആല പറയുന്നു: 

فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا


"എന്നിട്ട്‌ അവര്‍ക്ക്‌ ശേഷം അവരുടെ സ്ഥാനത്ത്‌ ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്‍റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്‌". - [മർയം : 59]. 

നമസ്‌കാരം മനപ്പൂർവ്വം ഉപേക്ഷിക്കുക എന്നത് കുഫ്‌റായിത്തീരുന്ന  അത്യധികം ഗൗരവപരമായ കാര്യമാണ്.  ഒരാൾ നമസ്‌കാരം മനപ്പൂർവ്വം പാഴാക്കിയാൽ പിന്നീട് മറ്റൊരു സമയത്ത്  ആ നമസ്‌കാരം നമസ്കരിച്ച് വീട്ടാൻ സാധിക്കുമോ എന്ന വിഷയത്തിൽ പോലും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്. മനപ്പൂർവ്വം ഒരു നമസ്‌കാരത്തെ അതിൻ്റെ സമയത്ത് നിന്നും പിന്തിപ്പിച്ചാൽ പിന്നീട്   ഒരിക്കലും ആ നമസ്‌കാരം നിർവഹിച്ച് വീട്ടാൻ സാധിക്കില്ല എന്ന് ധാരാളം ഇമാമീങ്ങൾ അഭിപ്രായപ്പെട്ടിട്ടുണ്ട്ത് എന്നത് അത്യധികംഗൗരവപരമാണ്. ഉമർ (റ) , അബ്ദുല്ലാഹ് ബ്ൻ ഉമർ (റ) , ഇബ്‌നു മസ്ഊദ് (റ) , സഅദ് ബ്ൻ അബീ വഖാസ് (റ) , സൽമാൻ അൽ ഫാരിസി (റ)  തുടങ്ങി അനേകം സ്വഹാബാക്കളും ഈ അഭിപ്രായക്കാരാണ് - [276فقه السنة لسيد سابق : ج1 ص]. 

കാരണം ഓരോ നമസ്‌കാരവും പ്രത്യേകമായ സമയം നിർണയിക്കപ്പെട്ടവയാണ് എന്ന് വിശുദ്ധ ഖുർആനിൽ തന്നെ എടുത്ത് പറയപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ അകാരണമായി ആ സമയത്തെ മുന്തിപ്പിക്കാനോ പിന്തിപ്പിക്കാനോ നമുക്ക് അനുവാദമില്ല. അപ്രകാരം ചെയ്യുക എന്നത് ഗുരുതരമായ പാപമാണ്. ആത്മാർത്ഥമായി പശ്ചാത്തപിക്കുകയും ചെയ്തുപോയ പാപത്തിൽ ദുഃഖിക്കുകയും ഖേദിക്കുകയും അല്ലാഹുവിനോട് ഇസ്തിഗ്ഫാറിനെ ചോദിക്കുകയും ചെയ്യുകയല്ലാതെ ആ പാപം പൊറുക്കപ്പെടാൻ മറ്റു മാർഗങ്ങളില്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിലൊക്കെ ചിലർ ചെയ്യുന്ന പോലെ 'ഞാൻ നമസ്‌കാരം ഖളാ ആക്കി' എന്ന് പറയുന്ന ഒരു പ്രവർത്തി തന്നെ ഇസ്‌ലാമിൽ ഇല്ല. 

മനഃപൂർവമല്ലാതെ ഖളാ ആയിപ്പോയാൽ അത് നിർവഹിക്കുക എന്നതേ ഉള്ളൂ. അതാണ് നബി (സ) ആരെങ്കിലും മറന്നു പോകുകയോ ഉറങ്ങിപ്പോകുകയോ ചെയ്‌താൽ അവർ അതോർമ്മവരുമ്പോഴും ഉറക്കമെഴുന്നേൽക്കുമ്പോഴും നമസ്കരിക്കുകയാണ് വേണ്ടത് എന്ന് പഠിപ്പിച്ചത്. നമസ്‌കാരം അതിൻ്റെ യഥാസമയത്ത് നിർവഹിക്കുക എന്നത് ഒരു യഥാർത്ഥ വിശ്വാസിയുടെ ലക്ഷണമാണ്. അതാണ് സൂറത്തുൽ മുഅമിനൂനിലും സൂറത്തുൽ മആരിജിലുമെല്ലാം അല്ലാഹു തആല ഉണർത്തിയത്: 


وَالَّذِينَ هُمْ عَلَى صَلَوَاتِهِمْ يُحَافِظُونَ 


"തങ്ങളുടെ നമസ്കാരങ്ങള്‍ കൃത്യമായി അനുഷ്ഠിച്ചു പോരുന്നവരുമത്രെ ( ആ വിശ്വാസികള്‍) " - [മുഅമിനൂൻ : 9].

   

അത്തരത്തിലുള്ള സജ്ജനങ്ങളിൽ റബ്ബ്  നമ്മെ ഉൾപ്പെടുത്തുമാറാകട്ടെ .. 


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ