Tuesday, June 15, 2021

സ്ഥലം വാങ്ങാൻ ഉപയോഗിച്ച പണത്തിന് വീണ്ടും സകാത്ത് കൊടുക്കണോ ?. എന്താണ് നിസ്വാബും ഹൗലും ?.


ചോദ്യം : ഞാൻ ശമ്പളത്തിന് ജോലി ചെയുന്ന ഒരു പ്രവാസി ആണ്. ശമ്പളം കിട്ടിയ പൈസ save ചെയ്‌ത്‌ അല്ലാഹുവിൻ്റെ  അനുഗ്രഹത്താൽ നാട്ടിൽ ഒരു സ്ഥലം വാങ്ങിച്ചു. വില്പന ഉദ്ദേശിച്ചു വാങ്ങിയതല്ല. കുറച്ചു പൈസ കഴിഞ്ഞ വർഷത്തെ ശമ്പളത്തിൽ നിന്ന് മിച്ചം വന്നതായിരുന്നു , നിസാബ് എത്തിയപ്പോൾ അതിൻ്റെ സകാത്ത് കൊടുക്കുകയും ചെയ്തതാണ് . ബാക്കി ഉള്ള പണം ഈ വർഷത്തെ ശമ്പളത്തിൽ നിന്ന് save ചെയ്തതാണ്. അതിന്റെ നിസാബ് എത്തുന്നതിനു മുമ്പ് ആ പൈസയും  കഴിഞ്ഞ വർഷത്തെ പൈസയും ഉപയോഗിച്ചു സ്ഥലം വാങ്ങിച്ചു. അപ്പോൾ ഇനി  സകാത്ത് കൊടുക്കുമ്പോൾ എന്റെ കയ്യിൽ ഉണ്ടായിരുന്ന മുഴുവൻ പൈസക്കും കൊടുക്കണോ അതോ സ്ഥലം വാങ്ങിയതിന് ശേഷം ഉള്ള പണത്തിനു സകാത്ത് കൊടുത്താൽ മതിയോ ?. 


www.fiqhussunna.com 


ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

 താങ്കൾ ചോദ്യത്തിൽ നിസ്വാബ് എന്നുദ്ദേശിച്ചത് ഒരുപക്ഷെ ഹൗൽ ആയിരിക്കും.  തൻ്റെ കൈവശം വരുന്ന ഓരോ പണത്തിനും പ്രത്യേകം പ്രത്യേകം നിസ്വാബ് കണക്കാക്കേണ്ടതില്ല. നിസ്വാബ് എന്നാൽ ഒരാളുടെ ധനത്തിൽ സകാത്ത് നിർബന്ധമാക്കാൻ എത്തേണ്ട പരിധിയാണ്. അഥവാ 595 ഗ്രാം വെള്ളിക്ക് തതുല്യമായ സംഖ്യ ഒരാളുടെ കൈവശം ഉണ്ടെങ്കിൽ അയാളുടെ കൈവശം നിസ്വാബ് ഉണ്ട് എന്നർത്ഥം. നിസ്വാബ് കൈവശമുള്ള വ്യക്തി ഓരോ ഹിജ്‌റ വർഷം പൂർത്തിയാകുമ്പോഴും തൻ്റെ കയ്യിൽ ചിലവായിപ്പോകാതെ അവശേഷിക്കുന്ന ആകെ തുക എത്രയുണ്ടോ അതിൻ്റെ  രണ്ടര ശതമാനം സകാത്തായി നൽകുകയാണ് വേണ്ടത്. 

എന്നാൽ തൻ്റെ കൈവശമുള്ള തുകക്ക് ഒരു ഹിജ്‌റ വർഷം പൂർത്തിയാകുമ്പോഴാണ് സകാത്ത് നൽകേണ്ടത്. ഈ കാലാവധിക്കാണ് ഹൗൽ എന്ന് പറയുന്നത്.  സകാത്ത് കണക്ക് കൂട്ടുമ്പോൾ ഒരു വർഷം തികയുന്നതിന് മുൻപ് നമ്മുടെ കയ്യിൽ നിന്നും ചിലവായിപ്പോയ തുക സ്വാഭാവികമായും അതിൽ ഉൾപ്പെടില്ല. 

താങ്കൾ ചോദ്യത്തിൽ ചോദിച്ചത് പോലെ നേരത്തെ സകാത്ത് കൊടുക്കുകയും അടുത്ത ഹിജ്‌റ വർഷം തികയുന്നതിന് മുൻപായി ആ പണം കൊണ്ട് തൻ്റെ ആവശ്യത്തിനായി വീടോ, ഭൂമിയോ ഒക്കെ വാങ്ങിയാൽ ആ തുകക്ക് സകാത്ത് ഉണ്ടാവുകയില്ല. കാരണം ആ പണം സകാത്ത് ബാധകമാകുന്ന അവസ്ഥയിൽ നിന്നും സകാത്ത് ബാധകമല്ലാത്ത ഉപയോഗ വസ്തുക്കളായി മാറിക്കഴിഞ്ഞു. 

ഓരോ ഹിജ്‌റ വർഷം പൂർത്തിയാകുമ്പോഴും തൻ്റെ കൈവശം എത്ര തുക അവശേഷിക്കുന്നുണ്ടോ ആ തുകയും അതോടൊപ്പം തൻ്റെ കൈവശം വല്ല കച്ചവട വസ്തുക്കളും ഉണ്ടെങ്കിൽ അതിൻ്റെ ആ സമയത്തെ വിലയും കണക്കാക്കി ആകെ തുകയുടെ രണ്ടര ശതമാനം സകാത്ത് കൊടുക്കുകയാണ് വേണ്ടത്. 

والله تعالى أعلم..

സകാത്ത് എങ്ങനെയാണ് കണക്ക് കൂട്ടേണ്ടത് എന്ന് മനസ്സിലാക്കാൻ ഈ ലേഖനം വായിക്കുക:

  https://www.fiqhussunna.com/2019/05/blog-post_7.html

അല്ലാഹു അനുഗ്രഹിക്കട്ടെ ... 


അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ