Friday, January 31, 2020

പള്ളിക്കോ, സ്കൂളിനോ വേണ്ടി കുറി വെക്കാമോ ?. കുറി നടത്തിപ്പിന് വേതനം സ്വീകരിക്കാമോ ?.
ചോദ്യം: ഞങ്ങൾ നാട്ടിൽ പൊതു പ്രവർത്തനങ്ങൾക്കായി ഒരു കുറി തുടങ്ങാൻ ഉദ്ദേശിക്കുന്നു. 5000 രൂപ വീതം 21 പേർ ഉൾക്കൊള്ളുന്ന കുറി. ഓരോ മാസവും നറുക്ക് കിട്ടുന്ന ആൾക്ക് ഒരു ലക്ഷമാണ് കൊടുക്കേണ്ടത്. അതിൽ 5000 രൂപ കമ്മിറ്റി എടുക്കും. 95000 ആൾക്ക് കൊടുക്കും. ഈ 5000 കുറി നടത്തുന്നതിൻ്റെ  പ്രതിഫലമായി കമ്മിറ്റി എടുക്കുകയും പൊതു  പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യും. ഈ കാര്യങ്ങൾ നേരത്തെ അറിയിച്ച് സന്നദ്ധരായ പ്രവർത്തകരും അനുഭാവികളുമായവരെ ആണ് കുറിയിൽ ചേർക്കുന്നത്. ഇതിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?

www.fiqhussunna.com 

ഉത്തരം: 


الحمد لله والصلاة والسلام على رسول الله، وعلى آله وصحبه ومن والاه، وبعد؛ 

കുറികള്‍ പലതുണ്ട്. ഓരോന്നും വ്യത്യസ്തമായതിനാല്‍ അവയുടെ നിയമങ്ങളും വ്യത്യസ്ഥമായിരിക്കും. ഇവിടെ ചോദിച്ചിരിക്കുന്നത് സാധാരണ കുറിയെക്കുറിച്ചാണ്. ഓരോരുത്തരും തുല്യമായ ഒരു നിശ്ചിത സംഖ്യ അടക്കുകയും പങ്കാളികളിൽ നിന്നും നറുക്ക് എടുത്തോ കൂടുതൽ ആവശ്യമുള്ളവർക്ക് മുൻഗണന നൽകിയോ ഒക്കെ ഓരോരുത്തർക്കും ഒരു സഹായമാകുക എന്ന അർത്ഥത്തിലാണ് ഇത് ചെയ്യാറുള്ളത്. ഈ കുറി  അനുവദനീയമായ കാര്യമാണ്. ഒറ്റപ്പെട്ട ചില എതിരഭിപ്രായങ്ങൾ ഉണ്ടെങ്കിലും ബഹുഭൂരിപക്ഷം ഉലമാക്കളും ഇത് അനുവദനീയമാണെന്നും, പരസഹായം എന്ന ഗണത്തിൽപ്പെടുന്ന കാര്യമാണ് എന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇനി അതിൽ ഒരു ഘഡു പരസ്‌പര ധാരണപ്രകാരം പള്ളിക്ക് വേണ്ടിയോ, സ്കൂളിന് വേണ്ടിയോ, മറ്റു പ്രബോധനപ്രവർത്തനങ്ങൾക്ക് വേണ്ടിയോ, ചാരിറ്റിക്ക് വേണ്ടിയോ ഒക്കെ മാറ്റി വെക്കുന്നതിൽ തെറ്റുണ്ടോ എന്നതാണ് മുകളിൽ ചോദിച്ച ചോദ്യത്തിലെ പ്രസക്തഭാഗം. സാധാരണ അത്തരത്തിൽ പൊതു ആവശ്യങ്ങൾ മുന്നിൽ വരുമ്പോൾ അതിന്‍റെ നടത്തിപ്പുകാര്‍ മുൻകൈ എടുത്ത് ഇങ്ങനെയുള്ള കുറികൾ ആരംഭിക്കാറാണ് പതിവ്. അപ്രകാരം ചെയ്യുന്നതിലും പ്രാഥമികമായി തെറ്റില്ല. പക്ഷെ കുറി വെക്കപ്പെടുന്ന പണത്തിന് ഈ നടത്തിപ്പുകാര്‍ ഗ്യാരണ്ടി ആയിരിക്കണം എന്ന അര്‍ത്ഥത്തില്‍ നല്‍കപ്പെടുന്ന തുകയാണ് അത് എങ്കില്‍ അത് നിഷിദ്ധമാണ്.
കാരണം കടബാധ്യതക്ക് ഗ്യാരണ്ടി നിൽക്കുന്നതിന് പ്രതിഫലം ഈടാക്കൽ ശറഇൽ അനുവദനീയമല്ല. കാരണം ഒരാളുടെ കടബാധ്യതക്ക് ഗ്യാരണ്ടി നിൽക്കുക എന്നത്, അയാള്‍ക്ക് കടം നൽകുന്നതിന് സമാനമാണ്. കടം നൽകുന്നതിന് പ്രത്യുപകാരങ്ങൾ സ്വീകരിക്കാൻ പാടില്ല എന്നതുപോലെ കടബാധ്യതകൾ ഏറ്റെടുക്കുന്നതിനും പ്രത്യുപകാരം സ്വീകരിക്കാൻ പാടില്ല എന്നത് കര്‍മ്മശാസ്ത്ര നിയമമാണ്. കുറി നടത്തിപ്പുകാരുടെ ഭാഗത്തു നിന്നും അവരുടെ വീഴ്ച കാരണത്താല്‍ വല്ലതും സംഭവിച്ചാല്‍ മാത്രമേ അത് നല്‍കാന്‍ അവര്‍ ബാധ്യസ്തരാകൂ. വിശദമായിത്തന്നെ ആ കാര്യങ്ങള്‍ ഈ ലേഖനത്തില്‍ നമ്മള്‍ വിശദീകരിക്കുന്നുണ്ട്. അതുകൊണ്ട് പൂര്‍ണമായി വായിക്കാന്‍ ശ്രമിക്കുമല്ലോ. 
 

ഒരു നറുക്ക് പള്ളിക്കോ സ്കൂളിനോ നല്‍കുന്നത് ആ കുറിയിൽ ഭാഗവാക്കാകുന്നവർ പരസ്‌പര ധാരണപ്രകാരം ചെയ്യുന്ന ഒരു ദാനധർമ്മമായേ കണക്കാക്കപ്പെടുകയുള്ളൂ. അത് ഏത് നല്ല കാര്യത്തിനും അവർക്ക് നൽകാം. അപ്രകാരം നൽകപ്പെടുന്ന ഒന്നാണ് എന്ന് മുൻകൂട്ടി അറിഞ്ഞുകൊണ്ടാണല്ലോ അവരതിൽ ഭാഗവാക്കാകുന്നത് തന്നെ. അതുകൊണ്ടു അതൊരു സ്വദഖയാണ്. മാത്രമല്ല ഇവിടെ ആദ്യം നറുക്ക് ലഭിക്കുന്നവരോ അവസാനം നറുക്ക് ലഭിക്കുന്നവരോ തമ്മില്‍ യാതൊരു വ്യത്യാസവുമില്ലാതെ എല്ലാവരും ആ ഒരു തുക നൽകുകയും ചെയ്യുന്നു. 

ആദ്യമാദ്യം നറുക്ക് ലഭിക്കുന്ന പങ്കാളികൾക്ക് അവസാനമവസാനം നറുക്ക് ലഭിക്കുന്നവർ അവരുടെ പണം കടമായി നൽകുക എന്നതാണല്ലോ ഫലത്തിൽ കുറിയിൽ സംഭവിക്കുന്നത്. കടം നൽകിയവർക്ക് ഈ അവസരത്തിൽ ആ കടത്തിന് ബദലായി എന്തെങ്കിലും അധികം ലഭിക്കുന്നുമില്ല. സാധാരണ കടബാധ്യതയും ഒരു പരസഹായവും മാത്രമാണ് അവർക്കിടയിൽ ഉണ്ടാകുന്നത്.

അതുപോലെ സാധാരണ ആളുകൾ ചോദിക്കാറുള്ളത് കുറി നടത്തിപ്പുകാർക്ക് വേതനം ഈടാക്കാമോ ? എന്നതാണ്. പൊതുവെ നാം മനസ്സിലാക്കേണ്ട ഒരുകാര്യം കുറിയുടെ നടത്തിപ്പ് കാരനോ, നടത്തിപ്പ് കാർക്കോ അതിൽ പങ്കാളികളാകുന്നവരുടെ സമ്മതപ്രകാരം ഒരു നിശ്ചിത തുക നടത്തിപ്പ് ഇനത്തിൽ പ്രതിഫലമായി സ്വീകരിക്കാം. അത് അയാളുടെ നടത്തിപ്പിനുള്ള വേതനമാണ്.

എന്നാൽ വളരെ സുപ്രധാനമായ കാര്യം ആ കുറിയുടെ പരിപൂർണ കട ബാധ്യത അഥവാ ഗ്യാരണ്ടി നടത്തിപ്പുകാരനായിരിക്കും എന്ന നിലക്കാണെങ്കിൽ വേതനം സ്വീകരിക്കാൻ പാടില്ല. കാരണം അവിടെ അയാള്‍ മറ്റുള്ളവരുടെ കടബാധ്യത സ്വയം ഏറ്റെടുക്കുന്നു. കടബാധ്യതക്ക് ഗ്യാരണ്ടി നില്‍ക്കുന്നതിന് പണം ഈടാക്കല്‍ ശറഇല്‍ നിഷിദ്ധമാണ് എന്നത് നേരത്തെ സൂചിപ്പിച്ചുവല്ലോ.

ഇവിടെ നാം മനസ്സിലാക്കേണ്ടത് കുറിയിൽ ആളുകൾ പരസ്പരം ഉണ്ടാകുന്ന ഇടപാടും ബാധ്യതയും കർമ്മശാസ്ത്ര നിയമമനുസരിച്ച് എങ്ങനെ നിർവചിക്കാം എന്നതാണ്.

കുറിയിൽ പങ്കാളികളാകുന്ന ആളുകൾ ഘഡുക്കൾ നൽകുന്നു. അത് അവരിൽ ഒരാൾക്ക് ലഭിക്കുന്നു. ഇങ്ങനെ ഓരോ ആളുകൾക്കും പണം ലഭിക്കുന്ന വരെ കുറി തുടരുന്നു. ഇവിടെ ആദ്യം നറുക്ക് ലഭിക്കുന്നവർ തങ്ങൾക്ക് ലഭിച്ച പണം തിരിച്ചടക്കണം എന്നതുകൊണ്ട് അത് കടമായാണ് ഗണിക്കപ്പെടുന്നത്. അഥവാ ആദ്യമാദ്യം നറുക്ക് ലഭിച്ചവർ പിന്നീട് ലഭിക്കാനുള്ളവരോട് കടബാധ്യസ്ഥരാകുന്നു. ഒരിക്കലും ആ കടബാധ്യത നടത്തിപ്പുകാരൻ്റെ ബാധ്യതയായി പരിണമിക്കില്ല. 
കുറി നടത്തിപ്പുകാരൻ കുറിയിലെ പങ്കാളികൾക്കിടയിലുള്ള ഒരു അമാനത്ത് സൂക്ഷിപ്പുകാരൻ മാത്രമാണ്. അഥവാ കുറിയിലെ അംഗങ്ങൾ പരസ്പരമാണ് കടബാധ്യത ഉണ്ടാകുന്നത്. ഇനി കുറി നടത്തുന്നയാൾ ആ ബാധ്യതക്ക് ഗ്യാരണ്ടി നിന്നാൽ അയാൾ മറ്റുള്ളവരുടെ ബാധ്യത അവർക്ക് തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യത്തിൽ താൻ നല്കിക്കൊള്ളാം എന്ന നിലക്ക് ഏറ്റെടുക്കുന്നു എന്നർത്ഥം. കടം നൽകുമ്പോൾ പ്രതിഫലം ഈടാക്കാൻ പാടില്ല എന്നതുപോലെ ഇവിടെയും അതിന് പ്രതിഫലം ഈടാക്കാൻ പാടില്ല. അതുകൊണ്ട് നടത്തിപ്പുകാർക്ക് വേതനമോ, ദാനമോ ഒക്കെ ലഭിക്കുന്ന കുറിയാണ് എങ്കിൽ അതിൽ ബാധ്യത ഇപ്പോഴും പങ്കാളികൾ തമ്മിൽതന്നെയാണ് നിലനിൽക്കുക. ബാധ്യത പൂർണമായും നടത്തിപ്പുകാരുടെ മേൽ ആണ് എന്ന് ലിഖിതമായോ അല്ലാതെയോ ധാരണയുണ്ടെങ്കിൽ അവർക്ക് യാതൊരു പണവും അവിടെ സ്വീകരിക്കാൻ പാടില്ല.

അപ്പോൾ കുറിയിൽ വല്ല അരുതായ്‌മയും സംഭവിച്ചാൽ എന്ത് ചെയ്യും ?. ആരാണ് നഷ്ടം വഹിക്കേണ്ടത് ?. 


ഇവിടെ നടത്തിപ്പുകാരൻ കർമ്മശാസ്ത്ര നിയമപ്രകാരം അയാളുടെ ബാധ്യത (يد أمانة) എന്നാണ് ഗണിക്കപ്പെടുന്നത്. അഥവാ അയാളുടെ പക്കൽ വ്യക്തമായ വീഴ്‌ച ഉണ്ടെങ്കിൽ മാത്രമേ അയാൾ ആ പണത്തിൻ്റെ ബാധ്യത ഏൽക്കേണ്ടി വരുകയുള്ളൂ. അയാളുടേതല്ലാത്ത കുറ്റം കൊണ്ട് കുറിപ്പണത്തിന് എന്ത് സംഭവിച്ചാലും അയാൾക്ക് ബാധ്യത ഉണ്ടാകുകയില്ല. എല്ലാവരും ആ നഷ്ടം ഒരുപോലെ സഹിക്കണം. ഉദാ: വെള്ളപ്പൊക്കം വന്നു കുറിപ്പണം നഷ്ടപ്പെട്ടു എന്ന് കരുതുക. അയാളുടെ തെറ്റ് അല്ലാത്തതുകൊണ്ട് അയാൾ നൽകാൻ ബാധ്യസ്ഥനല്ല.

ഇനി അയാൾ വേതനം സ്വീകരിക്കുന്നത് കൊണ്ട് പൂർണമായ ബാധ്യത ഏത് സാഹചര്യങ്ങളിലും അയാളുടെ മേൽ ആയിരിക്കും എന്ന് പരസ്പര സമ്മതപ്രകാരം നിബന്ധനവെക്കാനും പറ്റില്ല. കാരണം ബാധ്യതകൾക്ക് ഗ്യാരണ്ടി നിൽക്കുന്നതിന് പകരം പ്രതിഫലം സ്വീകരിക്കുക എന്നത് ശറഇൽ നിഷിദ്ധമാണ് എന്ന് നേരത്തെ വ്യക്തമാക്കിയല്ലോ. കുറി നടത്തുന്നയാളുടെ പക്കൽ ഓരോ പങ്കാളികളും ഏൽപ്പിക്കുന്ന തുക ഒരു അമാനത്തായി കൈപ്പറ്റി അതാത് നറുക്ക് അർഹിക്കുന്ന ആളുകൾക്ക് കൈമാറുക എന്നതാണയാൾ ചെയ്യുന്നത്. അതല്ലാതെ പങ്കാളികളായ ആളുകളിൽ നിന്നും സ്വന്തം പേരിൽ കടമായി സ്വീകരിച്ച് മറ്റുള്ളവർക്ക് കടം നൽകുകയോ, അവരുടെ കടബാധ്യതക്ക് താൻ ഗ്യാരണ്ടി നിൽക്കുകയോ അല്ല. ഇനി അപ്രകാരമാണ് അവർക്കിടയിലെ ധാരണ എങ്കിൽ അയാൾക്കതിന് വേതനം സ്വീകരിക്കാനും പാടില്ല. കാരണം അത് പലിശ ഗണത്തിൽ വരും. കടബാധ്യത വഹിക്കുന്നതിന് (ഗ്യാരണ്ടി) പണം ഈടാക്കൽ നിഷിദ്ധമാണ്.

 അതുകൊണ്ടാണ് കുറിയുടെ നടത്തിപ്പുകാരൻ യാഥാർത്ഥത്തിൽ അമാനത്ത് സൂക്ഷിക്കുകയും അത് അർഹിക്കുന്നവരിലേക്ക് എത്തിക്കുകയും വ്യക്തിയായാണ് പരിഗണിക്കപ്പെടുന്നത്. അയാൾ വിശ്വസ്ഥനാണ് എന്ന ധാരണ ഉള്ളവരാണല്ലോ അയാളുടെ കുറിയിൽ പങ്കാളികളാവുകയുള്ളൂ. പങ്കാളികൾ പരസ്പരമാണ് കടബാധ്യത ഉണ്ടാകുന്നത്. എന്നാൽ നേരത്തെ സൂചിപ്പിച്ചത് പോലെ നടത്തിപ്പുകാരൻ വീഴ്‌ച വരുത്തിയത് കൊണ്ട് എന്തെങ്കിലും നാശനഷ്ടങ്ങൾ കുറിയിൽ ഉണ്ടായാൽ അയാൾ അത് നികത്താൻ ബാധ്യസ്ഥനാകും. കാരണം സ്വന്തം വീഴ്‌ച കൊണ്ട് മറ്റുള്ളവർക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ നികത്താൻ ഏതവസരത്തിലും ഒരാൾ ബാധ്യസ്ഥനാണ്.  

പ്രാഥമികമായി അംഗങ്ങളുടെ വിശ്വാസ്യതയും തിരിച്ചടക്കാനുള്ള കഴിവും ഒക്കെ പ്രത്യക്ഷത്തിൽ ഉറപ്പ് വരുത്തേണ്ടത് നടത്തിപ്പുകാരനാണ്. കാരണം സാധാരണ നടത്തിപ്പുകാരെ അത്തരം കാര്യങ്ങളിൽ വിശ്വസിച്ചായിരിക്കും ആളുകൾ കുറിയിൽ പങ്കാളികളാവുന്നത്. പലപ്പോഴും ഓരോ അംഗങ്ങളും പരസ്‌പരം അറിയാൻ പോലും ഇടയില്ല. അതുകൊണ്ടു അവർക്കിടയിലുള്ള മീഡിയേറ്റർ എന്ന നിലക്ക് അത്തരം കാര്യങ്ങൾ സൂക്ഷ്മത പുലർത്താനും, സുരക്ഷ പരമാവധി ഉറപ്പാക്കാനുമുള്ള ബാധ്യത നടത്തിപ്പുകാർക്കുണ്ട്. കുറി നടത്തുമ്പോൾ ചില കാര്യങ്ങൾ വളരെ സുവ്യക്തമായിരിക്കണം:

1 - എത്രയാണ് തുക, എത്ര നറുക്ക് വെക്കണം എന്നത് പങ്കാളികളാകുന്നവർക്കും ധാരണയുണ്ടാകണം. 


2 - എത്രപേരുണ്ട്, ആരൊക്കെയാണ് ഒരു കുറിയിൽ ഇതുവരെ ചേർന്നവർ, ആരാണ് ഇനി ചേരുന്നവർ ? എന്നത് പങ്കാളികളാകുന്നവർക്ക് ആർക്കും പരിശോധിക്കാവുന്ന വിധത്തിൽ വ്യക്തമാക്കണം.

(പ്രാഥമികമായി വിശ്വസ്ഥരായ ആരെയും ചേർത്താൻ നടത്തിപ്പുകാരന് അനുമതി നൽകാം. നിലവിൽ പങ്കാളികളാകാൻ തയ്യാറായവർ അനുവദിക്കുന്നവരെ മാത്രമേ ചേർത്താവൂ എന്ന നിബന്ധനയുമാവാം. ആളുടെ വിശ്വാസ്യത തീർത്തും പരിഗണിക്കാതെ ഒരാളെ ചേർത്തുകയും അയാൾ മറ്റുള്ളവരെ വഞ്ചിക്കുകയും ചെയ്‌താൽ നടത്തിപ്പുകാരൻ നഷ്ടം നികത്താൻ ബാധ്യസ്ഥനാകും. പ്രത്യക്ഷത്തിൽ ആളുകൾക്കിടയിൽ വിശ്വസ്ഥനാണ് എന്ന് ഗണിക്കപ്പെടുന്നു ഒരാളെ ചേർത്തുകയും, അയാൾ മറ്റുള്ളവരെ വഞ്ചിക്കുകയും ചെയ്‌താൽ നടത്തിപ്പുകാരൻ അവിടെ നഷ്ടം നികത്താൻ ബാധ്യസ്ഥനാകുകയില്ല. ഇവിടെ തർക്കം ഉടലെടുക്കുന്ന സാഹചര്യത്തിൽ മധ്യസ്ഥരോ, നിയമജ്ഞരോ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാവുന്നതാണ്). 


3 - കുറി നടത്തുന്നയാൾക്ക് വല്ല തുകയും നടത്തിപ്പ് ഇനത്തിൽ നൽകേണ്ടതുണ്ടോ എന്നത് ഓരോരുത്തരും പങ്കാളികളാകുന്നതിന് മുൻപ് അറിയിക്കണം. 


4- തൻ്റെ ഭാഗത്ത് നിന്ന് വീഴ്‌ച പറ്റുന്ന സാഹചര്യത്തിലല്ലാതെ കുറിയിൽ സംഭവിച്ചേക്കാവുന്ന നഷ്ടങ്ങൾ നികത്താൻ നടത്തിപ്പുകാരൻ ബാധ്യസ്ഥനാകുകയില്ല. ഈ കാര്യം പങ്കാളികൾക്കും ബോധ്യമുണ്ടാകണം. ബോധ്യമില്ലാത്ത സാഹചര്യത്തിൽ അവരെ അറിയിക്കുകയും വേണം.  

ചുരുക്കിപ്പറഞ്ഞാൽ സാധാരണ കുറി അനുവദനീയമാണ്. കുറി നടത്തുന്നയാൾക്ക് പരസ്‌പര ധാരണപ്രകാരമുള്ള നിശ്ചിത വേതനം സ്വീകരിക്കാം. നിശ്‌ചിത നറുക്കുകൾ പരസ്‌പര ധാരണപ്രകാരം  പൊതു ആവശ്യങ്ങൾക്കോ മറ്റോ ദാനമായി നൽകുകയും ആവാം. കുറിയുടെ ബാധ്യത അതിലെ പങ്കാളികൾ പരസ്പരമാണ് രൂപപ്പെടുന്നത്. തൻ്റെ ഭാഗത്ത് നിന്നുള്ള വീഴ്ച കൊണ്ട് വല്ല നഷ്ടവും മറ്റുള്ളവർക്ക് ഉണ്ടായാൽ മാത്രമേ നടത്തിപ്പുകാരന് ബാധ്യത ഉഉണ്ടാകുകയുള്ളൂ. കുറിയുടെ മുഴുവൻ ബാധ്യതയും ഏത് സാഹചര്യത്തിലും നടത്തിപ്പുകാരന്റെ തലയിലായിരിക്കും എന്ന അർത്ഥത്തിലാണെങ്കിൽ അവിടെ നടത്തിപ്പുകാരന് വേതനം സ്വീകരിക്കാൻ പാടില്ല. അത്തരം ഗ്യാരണ്ടി നൽകുന്നത് കുറി നടത്തുന്ന പൊതു സ്ഥാപനങ്ങളോ, പള്ളിയോ ഒക്കെ ആണെങ്കിൽ അവർക്ക് ആ കുറിയിൽ നിന്നും ദാനവും സ്വീകരിക്കാൻ പാടില്ല. കാരണം كفالة അഥവാ കടത്തിന് ഗ്യാരണ്ടി നിൽക്കുന്നതിന് പണം ഈടാക്കൽ നിഷിദ്ധമാണ്.

ഇമാം ഇബ്നു ഖുദാമ പറയുന്നു: 


"ولو قال : اكفل عني ولك ألف لم يجز ; لأن الكفيل يلزمه الدين , فإذا أداه وجب له على المكفول عنه, فصار كالقرض , فإذا أخذ عوضا صار القرض جارا للمنفعة , فلم يجز " انتهى باختصار

"ഒരാൾ മറ്റൊരാളോട് പറയുകയാണ്: 'നീ എനിക്ക് ഗ്യാരണ്ടി നിൽക്കണം ഞാൻ നിനക്ക് ആയിരം തരാം എന്ന് പറഞ്ഞാൽ അത് അനുവദനീയമല്ല. കാരണം ഗ്യാരണ്ടി നിൽക്കുന്നയാൾ ആ കടബാധ്യത ഏറ്റെടുക്കുന്നു. അയാൾ അത് അടക്കേണ്ടി വന്നാൽ ആർക്ക് വേണ്ടിയാണോ ഗ്യാരണ്ടി നിന്നത് അവൻ അയാളോട് കടക്കാരനായി മാറുന്നു. അപ്പോൾ കടത്തിന് ഗ്യാരണ്ടി നിൽക്കുക എന്നത്  ഒരാൾക്ക് കടം നൽകുന്ന പോലെയാണ്. അപ്പോൾ അതിന് പ്രതിഫലം ഈടാക്കിയാൽ കടം നൽകുന്നതിന് പ്രത്യുപകാരം (പലിശ) ഈടാക്കുന്നത് പോലെയാണ്" - (المغني :6/441).

അതുകൊണ്ടു കുറി നടത്തുന്നയാൾ ആ പണത്തിന് ഗ്യാരണ്ടിയാണ് എങ്കിൽ, സ്വാഭാവികമായും അയാൾ മറ്റുള്ളവരുടെ കടബാധ്യത ഏറ്റെടുക്കുന്നു. അതിന് പ്രതിഫലം ഈടാക്കാൻ പാടില്ലതാനും. അതുകൊണ്ട് പ്രതിഫലം ഈടാക്കപ്പെടുന്ന, അല്ലെങ്കിൽ പള്ളി നടത്തുകയും പള്ളിക്ക് ദാനമായി പണം എല്ലാവരും നൽകുകയും ചെയ്യുന്ന ഒരു കുറിയിൽ ആളുകൾ പരസ്‌പര വിശ്വാസപ്രകാരം നടത്തുന്ന, പങ്കാളികൾ പരസ്‌പരമുള്ള ബാധ്യതയായേ അത് പരിഗണിക്കപ്പെടൂ. നടത്തിപ്പിൽ തങ്ങളുടെ ഭാഗത്ത് നിന്നും വീഴ്‌ച സംഭവിക്കുന്ന സാഹചര്യത്തിലല്ലാതെ ഒരിക്കലും നടത്തിപ്പുകാരുടെ മേൽ ബാധ്യത വരാൻ പാടില്ല.

ഇവിടെ ലിഖിതമായ ഒരു നിബന്ധന ഇല്ലാതെ നാട്ടുനടപ്പ് അപ്രകാരം ഉണ്ടെങ്കിലും ഈ പറഞ്ഞ നിയമങ്ങളൊക്കെ അവിടെ ബാധകമാകും. അതുകൊണ്ടു എതർത്ഥത്തിലാണ്‌ കുറി, ഓരോരുത്തരുടെയും ബാധ്യതകളെന്ത് എന്നത് നിർണയിക്കപ്പെടൽ നിർബന്ധമാണ്. കർമ്മശാസ്ത്രത്തിൽ ഒരു നിയമമുണ്ട്: 


المعروف عرفا كالمشروط شرطا

ഒരുകാര്യം പ്രത്യേകം നിബന്ധനയാക്കി രേഖപ്പെടുത്തിയില്ലെങ്കിലും, നാട്ടുനടപ്പനുസരിച്ച് ആളുകളുടെ ധാരണ അപ്രകാരമാണ് എങ്കിൽ, അവിടെ ആ നിബന്ധന രേഖപ്പെടുത്തിയതുപോലെയുള്ള നിയമം ബാധകമാകും. അഥവാ നടത്തിപ്പുകാരൻ എല്ലാ ബാധ്യതകൾക്കും ഗ്യാരണ്ടി നിൽക്കണം എന്നതാണ് നാട്ടുനടപ്പ് എങ്കിൽ അത് പ്രത്യേകം രേഖപ്പെടുത്തിയില്ലെങ്കിലും അയാൾക്ക് പ്രതിഫലം സ്വീകരിക്കാൻ പാടില്ല എന്ന കർമ്മശാസ്ത്ര നിയമം അവിടെ ബാധകമാകും. അതുകൊണ്ടു നടത്തിപ്പുകാരുടെ മേൽ വരുന്ന ബാധ്യതയെന്ത് എന്നത് വ്യക്തമാക്കി പങ്കാളികളെ അറിയിക്കലാണ് ഇത്തരം സാഹചര്യങ്ങളിൽ ചെയ്യേണ്ടത്.

അല്ലാഹു അനുഗ്രഹിക്കട്ടെ ... 


By. Abdu Rahman Abdul Latheef P.N


അനുബന്ധ ലേഖനം:
കുറി അനുവദനീയമാണോ ?. കുറി നടത്തുന്നയാള്‍ക്ക് പ്രതിഫലം സ്വീകരിക്കാമോ ?. https://www.fiqhussunna.com/2017/06/blog-post_90.html