Tuesday, April 30, 2019

ഇസ്‌ലാം തീവ്രവാദമല്ല. സലഫിയ്യത്ത് ഭീകരവാദമല്ല. നന്മയാണ്, കരുണയാണ്, നല്ല സമീപനമാണ്.


 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ഇന്ന് പത്രമാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും സലഫികൾ തീവ്രവാദികളാണ് എന്നും അവർ സമൂഹത്തിന് തിന്മയാണ് എന്നുമുള്ള എഴുത്തുകുത്തുകൾ ധാരാളമായി പ്രചരിച്ച് കാണുന്നു. ഒരുപക്ഷെ തെറ്റിധാരണകൾ കൊണ്ടാകാം മറ്റൊരു പക്ഷെ ആശയ ദാരിദ്ര്യത്തെ കൊണ്ടാകാം. എന്തുതന്നെയായാലും വസ്തുതകൾ വിലയിരുത്തപ്പെടേണ്ടതുണ്ട്. സത്യത്തെ അവഗണിച്ചുകൊണ്ടും വസ്തുതകളെ നിരാകരിച്ചുകൊണ്ടുമാണ് പലരും തങ്ങളുടെ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് എന്ന് പറയാതെ വയ്യ. അതുകൊണ്ടുതന്നെ തെറ്റിദ്ധാരണകൾ അകറ്റാൻ സഹായകമാകുംവിധം ഇസ്‌ലാമിക പ്രമാണങ്ങളിലൂടെയും സലഫീ പണ്ഡിതന്മാരുടെ വാക്കുകളിലൂടെയും, സമാധാനപൂർവ്വം ഒരു നാട്ടിൽ  വിവിധ മതസ്ഥർക്കിടയിൽ ജീവിക്കുന്ന മുസ്ലിംകൾ പ്രബോധന രംഗത്തും, ഇടപെടലുകളിലും സ്വീകരിക്കേണ്ട നിലപാട്  എന്ത് എന്നതാണ്  ഈ ലേഖനം ചർച്ച ചെയ്യുന്നത്.

www.fiqhussunna.com

ആരാധനകളിലും ആശയാദർശങ്ങളിലും, ഇസ്‌ലാമിന്റെ അടിസ്ഥാന തത്വമായ ഏകദൈവാരാധനക്ക്  കടകവിരുദ്ധമായ കാര്യങ്ങളിൽ പരിപൂർണമായ  വ്യതിരിക്തത പുലർത്തണം എന്ന് പറയുമ്പോഴും, ഏത് മതസ്ഥരുമാകട്ടെ തന്റെ സമൂഹത്തിനും സഹജീവികൾക്കും നാടിനുമെല്ലാം നന്മയും നീതിയും ഗുണകാംക്ഷയുമായി വർത്തിക്കണം എന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇത് തന്നെയാണ് സലഫികളുടെയും രീതി. പൊതുസമൂഹത്തിന് ദ്രോഹം ചെയ്യൽ. തങ്ങൾ ജീവിക്കുന്ന നാടിനും സാമൂഹ്യ സുരക്ഷക്കും ഭംഗം വരുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, ജീവൻ ഹനിക്കൽ, നിയമം കയ്യിലെടുക്കൽ, കരാറുകളും ഉടമ്പടികളും ലംഘിക്കൽ, തങ്ങളിൽ വിശ്വാസമർപ്പിക്കുന്നവരെ ചതിക്കൽ തുടങ്ങി ഇസ്‌ലാം എന്തെല്ലാം നിഷിദ്ധമാക്കിയിട്ടുണ്ടോ അതെല്ലാം സലഫികൾക്കും നിഷിദ്ധമാണ്. കാരണം ഇസ്‌ലാമിക അധ്യാപനങ്ങളെന്തോ അത് പിന്തുടരുക എന്നതാണ് സലഫിയ്യത്ത്.

വിശ്വാസപരമായ വ്യതിരിക്തത പുലർത്തുന്നതുകൊണ്ടു മാനുഷികമായി തന്റെ മേൽ അർപ്പിതമായ കർത്തവ്യങ്ങൾ ഒരു വിശ്വാസിയുടെ മേൽ ഇല്ലാതാകുന്നില്ല.. ഉദാ: ഏകദൈവവിശ്വാസിയായ തന്നെ ബഹുദൈവാരാധനക്ക് വേണ്ടി നിർബന്ധിക്കുന്ന മാതാപിതാക്കളാണെങ്കിൽപ്പോലും, അവരെ ആ അധർമ്മത്തിൽ അനുസരിക്കരുത്, പക്ഷെ അപ്പോഴും മാതാപിതാക്കൾ എന്ന നിലക്ക് അവരെ പരിചരിക്കേണ്ട കടമ തന്റെ മേൽ നിർബന്ധമായും നിലനിൽക്കുന്നു എന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്‌ലാം.

അല്ലാഹു പറയുന്നു: "മനുഷ്യന്‌ തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു- ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ്‌ മാതാവ്‌ അവനെ ഗര്‍ഭം ചുമന്ന്‌ നടന്നത്‌. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്‌- എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂക. എന്‍റെ അടുത്തേക്കാണ്‌ (നിന്‍റെ) മടക്കം. നിനക്ക്‌ യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട്‌ നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്‍റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്‌. എന്നാൽ ഇഹലോകത്ത്‌ നീ അവരോട്‌ നല്ലനിലയില്‍ സഹവസിക്കുകയും, എന്നിലേക്ക്‌ മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എന്‍റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌." - [വിശുദ്ധ ഖുർആൻ: 31: 14-15].

തന്റെ മാതാപിതാക്കൾ  അവർ ഏത് മതക്കാരായാലും അവരെ പരിചരിക്കലും അവർക്ക്  കാരുണ്യത്താൽ ചിറകുകൾ താഴ്ത്തിക്കൊടുക്കലും  ഒരു മുസ്‌ലിമിന്റെ മേൽ നിർബന്ധമാണ്.

ഈ വചനങ്ങളെ വിശദീകരിച്ചുകൊണ്ട് പ്രശസ്ത വിശുദ്ധഖുർആൻ വ്യാഖ്യാതാവ് ഇബ്നു ജരീർ
 ത്വബരി (റ) പറയുന്നു: " മനുഷ്യാ നിന്നോട് ഏകനായ സൃഷ്ടാവിൽ പങ്കുചേർക്കാനും അവനല്ലാത്തവർക്ക്  ആരാധനകളർപ്പിക്കാൻ നിന്റെ മാതാപിതാക്കൾ നിർബന്ധിച്ചാൽ , അവർ നിർബന്ധിക്കുന്ന ബഹുദൈവാരാധനയുടെ വിഷയത്തിൽ നീ അവരെ അനുസരിക്കേണ്ടതില്ല. എന്നാൽ നിന്റെ രക്ഷിതാവിനെ ധിക്കരിക്കാത്ത രൂപത്തിൽ ഭൗതിക കാര്യങ്ങളിൽ അവരെ അനുസരിച്ചുകൊണ്ട് ഏറ്റവും നല്ല രൂപത്തിൽ അവരുടെ ജീവിതത്തിന്  നീ കൂട്ടായിരിക്കണം. അത് പാപമല്ല. (മറിച്ച് സൃഷ്ടാവിന്റെ കല്പനയാണ്)". - [തഫ്‌സീർ ത്വബരി: 20/139].

തീവ്രവാദികളെ ഏറ്റവും കൂടുതൽ ആശയപരമായും വൈജ്ഞാനികമായും എതിരിട്ട ഒരു പണ്ഡിതനായിരുന്നിട്ട് കൂടി തെറ്റിധാരണകളാൽ തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ട ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹ) പറയുന്നത് നോക്കൂ: " അവിശ്വാസികളാണെങ്കിൽ പോലും നിന്റെ മാതാപിതാക്കൾക്ക് പുണ്യം ചെയ്യുകയും അവരോടു നല്ല രൂപത്തിൽ സഹവർത്തിക്കുകയും അവർക്ക് നന്മ ചെയ്യുകയും ചെയ്യൽ  പരിശുദ്ധനും പരമോന്നതനുമായ അല്ലാഹു നിന്റെ മേൽ നിർബന്ധമാക്കിയ കാര്യമാണ്. അതുകൊണ്ട് ഭൗതിക കാര്യങ്ങളിൽ അവരോട് ഏറ്റവും നല്ല സമീപനം പുലർത്തുക. എന്നാൽ മതപരമായ കാര്യത്തിൽ നിന്റെ മാതാപിതാക്കളുടെ മതത്തിന് വിഭിന്നമാണെങ്കിൽ പോലും നീ സത്യ മതം  പിന്തുടരുക. എന്നാൽ അതേസമയം മാതാപിതാക്കളോട് പ്രത്യുപകാരമായി ഏറ്റവും നല്ല രൂപത്തിൽ വർത്തിക്കുക. അവർ അവിശ്വാസികളായാലും അവർ നിന്നോട് ചെയ്ത നന്മക്ക് നീ തിരിച്ചും അവരെ ഏറ്റവും നല്ല രൂപത്തിൽ പരിചരിക്കുക." - [ഫതാവൽ ഫൗസാൻ: 2/ 257]. ഇതാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന നന്മയുടെ മാനം.

സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സഭ, അഥവാ ലോകപ്രശസ്ഥരായ സലഫീ പണ്ഡിതന്മാർ പുറപ്പെടുവിച്ച ഫത്‌വയിൽ   അവിശ്വാസികളായ തന്റെ ബന്ധുമിത്രാതികളോട്  എങ്ങനെ പെരുമാറണം  എന്ന്  പഠിപ്പിക്കുന്നത് കാണുക: "നിന്റെ മേൽ നിർബന്ധമായ കാര്യങ്ങളിൽപ്പെട്ടതാണ് ,  (ഇതരമതസ്ഥരായിട്ടുള്ള നിന്റെ ബന്ധുമിത്രാതികളോട്) നിന്റെ ആശയങ്ങൾ നല്ല രൂപത്തിൽ ഉപദേശിക്കുകയും, അവരെ അതിലേക്ക് ക്ഷണിക്കുകയും ചെയ്യുക, അതുപോലെ  അവരോട് ജീവിതത്തിൽ ഏറ്റവും നല്ല രൂപത്തിൽ സഹവർത്തിക്കുക.  നീ അവരോട് സൗമ്യമായ ഭാഷയിൽ സംസാരിക്കുക. നീ സമ്പത്ത് ഉള്ളവനാണ് എങ്കിൽ അവർക്ക് ധർമ്മം ചെയ്യുക. (നിന്റെ സൗമ്യമായ സമീപനത്തിലൂടെ) അല്ലാഹു അവരുടെ ഹൃദയത്തിനും അവരുടെ ചിന്തകൾക്കും പ്രകാശം നൽകിയേക്കാം. ഒപ്പം താൻ ഉൾകൊള്ളുന്ന സത്യം അവർക്ക് എത്തിച്ചുകൊടുക്കാൻ ഏറ്റവും നല്ല മാർഗ്ഗേണ കാത്തിടപാടുകളിലൂടെയും മറ്റും നീ പരിശ്രമിക്കുകയും ചെയ്യുക." ശൈഖ് ഇബ്‌നുബാസ് - [ഫതാവ ലജ്‌നദ്ദാഇമ: 12 /255, 256].   

അതെ ആരെയും ഉപദ്രവിക്കുകയോ, ആരുടെയെങ്കിലും സ്വത്ത് അപഹരിക്കുകയോ, കൊല്ലും കൊലയും, ചതിയും വഞ്ചനയും ഗൂഡാലോചനകളും ഒളിയാക്രമണങ്ങളും നടത്തുകയോ അല്ല മുസ്‌ലിംകളുടെ ജോലി. മറിച്ച് മാനുഷിക ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതോടൊപ്പം തങ്ങൾ വിശ്വസിക്കുന്നതും ഉൾക്കൊള്ളുന്നതുമായ സത്യത്തിലേക്കും ധർമ്മത്തിലേക്കും ഏകദൈവവിശ്വാസത്തിലേക്കും അവർ ഏവരേയും ക്ഷണിക്കുന്നു. അത് തന്റെ ബാധ്യതയായി കാണുന്നു. ബഹുദൈവാരാധനയുമായി ബന്ധപ്പെട്ടതും തങ്ങളുടെ വിശ്വാസാദർശങ്ങൾക്ക് യോജിക്കാത്തതുമായ സകല കാര്യങ്ങളിൽ നിന്നും അവർ വിട്ടുനിൽക്കുകയും ചെയ്യുന്നു. എന്നാൽ ഇതരമതസ്ഥരോട്, എന്തിനധികം ലോകം കണ്ട ഏറ്റവും വലിയ ധിക്കാരിയും സ്വേച്ഛാധിപതിയും കൊലപാതകിയുമായ ഫറോവയോടു പോലും തങ്ങൾ ഉൾക്കൊള്ളുന്ന യഥാർത്ഥ മതവിശ്വാസത്തിലേക്ക്  ക്ഷണിക്കുമ്പോൾ സൗമ്യമായ ഭാഷയിൽ സംസാരിക്കണമെന്ന്  വിശുദ്ധഖുർആൻ പഠിപ്പിക്കുന്നു. വിയോജിപ്പുകൾ സൗമ്യമായ സംഭാഷണത്തിന് തടസ്സമാകുന്നില്ല എന്നത് ഇവിടെ ശ്രദ്ധേയം. അതുകൊണ്ടാണ് ഒരു പ്രബോധകന് ഏറ്റവും അനിവാര്യ ഘടകമായി സൗമ്യമായ സംഭാഷണ ശൈലി അല്ലാഹു നിഷ്കർഷിക്കുന്നതും. 

 പക്ഷെ എന്നിട്ടും സ്വന്തം ആശയത്തോട്  സംഘടനാപരമായി മാത്രം യോജിക്കാത്തതിന്റെ പേരിൽ എതിരാളിയെ വെട്ടിനുറുക്കിയ പ്രത്യയ ശാസ്ത്രക്കാർ പോലും പറയുന്നു 'അല്ല ഇസ്‌ലാം, വിശിഷ്യാ സലഫികൾ തീവ്രവാദികളാണ്'. എന്തൊരു കൗതുകം.

സലഫികൾ അഥവാ കേരളക്കരയിലെ മുജാഹിദുകൾ കേരളത്തിലുടനീളം കാലങ്ങളായി പ്രവർത്തിക്കുന്നു. ആത്മീയ ചൂഷണം, നിരീശ്വരവാദം , ബഹുദൈവാരാധന, വിശ്വാസചൂഷണത്തിന്റെ പ്രതീകമായ ആൾദൈവങ്ങൾ, മഖാമുകൾ ദർഗകൾ,  വികലവിശ്വാസങ്ങൾ,  കള്ള് , കഞ്ചാവ് , ചതി , വഞ്ചന , ലൈംഗിക അതിക്രമങ്ങൾ, അഴിമതി, കുറ്റകൃത്യങ്ങൾ, തീവ്രവാദ വിധ്വംസക പ്രവർത്തനങ്ങൾ  ഇവക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുകയും ആളുകളെ ഏകദൈവവിശ്വാസത്തിലേക്കും സന്മാർഗത്തിന്റെ മാധുര്യത്തിലേക്കും സമാധാനപൂർവ്വം ക്ഷണിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യാരാജ്യം നൽകുന്ന പൗരസ്വാതന്ത്ര്യമാണത്. അതിനിയും നിർവ്യാജം തുടർന്നുകൊണ്ടിരിക്കും. തങ്ങളുടെ ആശയം ആരുടേയും മേൽ അടിച്ചേല്പിക്കുന്നില്ല. ആരെയും അതിന്റെ പേരിൽ ആക്രമിച്ചിട്ടില്ല. സൃഷ്ടാവിന്റെ മാർഗദർശനത്തെ സ്വീകരിക്കുന്നവർക്ക്  മരണശേഷമുള്ള ജീവിതത്തിൽ അവർണ്ണനീയമായ സ്വർഗ്ഗവും, സ്വീകരിക്കാത്തവർക്ക് കത്തിജ്വലിക്കുന്ന നരകാഗ്നിയുമായിരിക്കും ലഭിക്കുക. അത് ഓരോ മുസ്‌ലിമിന്റെയും അടിസ്ഥാന വിശ്വാസമാണ്. ആരോഗ്യകരമായ ആശയ സംവാദങ്ങളും ചർച്ചകളുമാണ് അനിവാര്യം. അതാണ് ഇന്നുവരെ മുജാഹിദുകൾ സ്വീകരിച്ച രീതിയും.

രാജ്യത്തിന്റെ സുരക്ഷയോ , നാട്ടിലെ സമാധാനപരമായ അന്തരീക്ഷമോ അവർ തകർക്കുകയില്ല. അപ്രകാരം ചെയ്യുന്നുവെങ്കിൽ അവൻ സലഫിയാകുകയുമില്ല. കാരണം തന്നെ വിശ്വസിച്ചവരെ വഞ്ചിക്കുക എന്നത് കൊടിയ അപരാധമായാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.  എത്രത്തോളമെന്നാൽ ഇമാം ഇബ്നു ഖുദാമ (റ) തന്റെ അൽമുഗ്നി എന്ന ഗ്രന്ഥത്തിൽ പഠിപ്പിക്കുന്നത് കാണുക: "ശത്രുവിന്റെ രാജ്യത്ത് പോലും അവരിൽ നിന്നും നിർഭയത്വം വാങ്ങി ഒരാൾ പ്രവേശിച്ചാൽ അവൻ അവരെ വഞ്ചിക്കരുത്. അത് ഹറാമാണ്. കാരണം അവരെ വഞ്ചിക്കുകയില്ല എന്ന നിബന്ധനയോടെയാണ്  നിർഭയനായി  അവിടെ പ്രവേശിക്കാൻ അവരവന് അനുമതി നൽകിയത് . അതുകൊണ്ട് അത് വിശ്വാസവഞ്ചനയാണ്. നമ്മുടെ മതത്തിൽ വഞ്ചനയില്ല." - [അൽമുഗ്നി: 9/ 237]. ശത്രു രാജ്യത്തോട് പോലും അവരുടെ വിശ്വാസം പിടിച്ചുപറ്റി വഞ്ചിക്കരുത്. അത് ഇസ്ലാമല്ല എന്ന് പഠിപ്പിക്കുന്നുവെങ്കിൽ, പിന്നെ സ്വന്തം രാജ്യത്തെ ഒരാൾ വഞ്ചിക്കുമോ. യഥാർത്ഥ വിശ്വാസിയും സലഫിയുമായ ഒരാൾ ഒരിക്കലും അങ്ങനെ ചെയ്യില്ല. അവൻ രാജ്യത്തിന്റെ പൊതുമുതൽ അപഹരിക്കില്ല. വിവിധ മതക്കാർ പരസ്പര ധാരണയോടെ കഴിയുന്ന ഒരു നാട്ടിൽ, അവൻ മറ്റു പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കുകയില്ല. ഇതാണ് ഇസ്‌ലാം. ഇതാണ് സലഫിയ്യത്ത്.

വിശ്വാസപരമായ സ്നേഹബന്ധത്തെയും പ്രകൃതിപരമായ സ്നേഹബന്ധത്തെയും നാം  വ്യത്യസ്തമായികാണുന്നു. പരസ്പരമുള്ള കാരുണ്യവും പുണ്യം ചെയ്യലും അതിക്രമം പ്രവർത്തിക്കാതിരിക്കലും ഈ പ്രകൃതിപരമായ സ്നേഹത്തിന്റെ പരിധിയിൽ വരുന്നതാണ്. അതൊരു അവിശ്വാസിയുമായി ഉണ്ടാകുന്നതിനെ സലഫീ പണ്ഡിതന്മാരോ സലഫികളോ വിലക്കിയിട്ടില്ല. ശൈഖ്  സ്വാലിഹ് അൽ ഫൗസാൻ (ഹ) പറയുന്നത് നോക്കൂ:

"താങ്കൾക്ക് ഇഷ്ടപ്പെട്ടവരെയെല്ലാം നേർമാർഗത്തിലാക്കാൻ താങ്കൾക്ക് സാധിക്കുകയില്ല" ഈ വിശുദ്ധ ഖുർആനിലെ വചനത്തെ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: പ്രവാചകരേ അങ്ങ്  ഒരാളെ സന്മാർഗത്തിലാക്കുക എന്നത് ഉടമപ്പെടുത്തുന്നില്ല. താങ്കൾ സ്നേഹിക്കുന്ന താങ്കളുടെ ബന്ധുമിത്രാതികളോ പിതൃവ്യന്മാരോ ആയിരുന്നാലും ശരി. ഇവിടെ ഉദ്ദേശിക്കുന്ന സ്നേഹം പ്രകൃതിപരമായ സ്നേഹമാണ് . മതപരമായ (വിശ്വാസപരമായ) സ്നേഹമല്ല. വിശ്വാസപരമായ സ്നേഹബന്ധം ബഹുദൈവാരാധകനായ ഒരാളോട് പാടില്ല താനും." - [إعانة المستفيد بشرح كتاب التوحيد : 1/ 356]. അഥവാ പ്രകൃതിപരമായ സ്നേഹബന്ധവും വിശ്വാസത്തിന്റെ പേരിൽ ഉണ്ടാകുന്ന സ്നേഹബന്ധവും രണ്ടും വ്യത്യസ്തവും, ഒന്ന് അനുവദനീയവും മറ്റൊന്ന് നിഷിദ്ധവുമാണ്. ഇത് ഏതൊരു മുസ്‌ലിമിന്റെയും അടിസ്ഥാന വിശ്വാസത്തിന്റെ ഭാഗമാണ് . തന്റെ ജീവിതത്തിൽ തന്റെ ജീവനേക്കാൾ ഓരോ മുസ്‌ലിമും വിലകല്പിക്കുന്നത് ഏകദൈവവിശ്വാസത്തിനാണ്. ആ ഏകദൈവവിശ്വാസത്തിന് എതിര് പ്രവർത്തിക്കുക എന്നതാണ് ഏറ്റവും വലിയ അധർമ്മവും അനീതിയും മ്ലേഛവൃത്തിയുമായി  ഇസ്‌ലാം പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആശയപരമായ, വിശ്വാസപരമായ സ്നേഹബന്ധം ഒരു ബഹുദൈവാരാധകരോടും സ്ഥാപിക്കുക അവർക്ക് സാധ്യമല്ല.  അതേസമയം  തന്റെ ഏകദൈവവിശ്വാസത്തിന് കോട്ടം തട്ടാത്ത രൂപത്തിൽ പ്രകൃതിപരമായതും മനുഷ്യ സൃഷ്ടിപ്പിൽ അടങ്ങിയതുമായ മാനുഷിക ബന്ധം ഉണ്ടാകുന്നതിൽ ഇസ്‌ലാം വിലക്കുന്നുമില്ല. മറിച്ച് പച്ചക്കരളുള്ള എല്ലാ ജീവനും നന്മ ചെയ്യുന്നതും കരുണ കാണിക്കുന്നതും ധർമ്മമാണ് എന്ന് മുഹമ്മദ് (സ) നമ്മെ പഠിപ്പിക്കുന്നു. ഇത് എല്ലാ മുസ്ലിംകളും ഒരുപോലെ അംഗീകരിക്കുന്ന കാര്യമാണ്. ഇന്ന് സലഫികളെ തീവ്രവാദികളാക്കി മുദ്രകുത്താൻ അന്യായമായി വലാ-ബറാ വിഷയം ഉപയോഗപ്പെടുത്തുന്ന സൂഫികൾ പള്ളിദർസുകളിൽ പഠിപ്പിക്കുന്ന തുഹ്ഫയിൽപ്പോലും ഇത് വ്യക്തമായി പരാമർശിച്ചിട്ടുണ്ട്.

വലാഅ' ബറാഅ' വിഷയത്തിൽ പലർക്കുമുണ്ടായ അതിരു കവിയലുകളെയും തെറ്റിദ്ധാരണകളെയും ചർച്ച ചെയ്യുന്ന 'അൽവലാ വൽ ബറാ' എന്ന തന്റെ ലഘുപുസ്തകത്തിൽ സലഫീ പണ്ഡിതനും ഉമ്മുൽ ഖുറാ യൂണിവേഴ്‌സിയിലെ അദ്ധ്യാപകനുമായ ഡോ. മുഹമ്മദ് ഉമർ ബാസ്‌മൂൽ പറയുന്നത് കാണുക: "ഒരു മുസ്ലിമിന് ഒരു അവിശ്വാസിയെ അയാളുടെ  ദീനിന്റെയോ വിശ്വാസത്തിന്റെയോ പേരിലല്ലാതെ സ്നേഹിക്കൽ അനുവദനീയമാണോ ?. എന്നതിനുള്ള മറുപടി:  അനുവദനീയമാണ് എന്നതാണ്. ഒരു വിശ്വാസി തന്റെ ദീനിൽ നിന്ന് പുറത്ത് പോകാൻ ഇടവരുന്ന ബന്ധത്തിന്റെ പരിധിയിൽ വരുന്ന ഒന്നല്ല അത്. അതിന്റെ തെളിവ് ഈ വചനമാണ്. അല്ലാഹു പറയുന്നു: "എല്ലാ നല്ല വസ്തുക്കളും ഇന്ന്‌ നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക്‌ അനുവദനീയമാണ്‌. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്‌. സത്യവിശ്വാസിനികളില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങള്‍ക്ക്‌ മുമ്പ്‌ വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും - നിങ്ങള വര്‍ക്ക്‌ വിവാഹമൂല്യം നല്‍കിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ - ( നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. ) നിങ്ങള്‍ വൈവാഹിക ജീവിതത്തില്‍ ഒതുങ്ങി നില്‍ക്കുന്നവരായിരിക്കണം. വ്യഭിചാരത്തില്‍ ഏര്‍പെടുന്നവരാകരുത്‌. രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരുമാകരുത്‌. സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്‍റെ കര്‍മ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്ത്‌ അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും." -[മാഇദ: 5]. ഈ വചനത്തിൽ വേദക്കാരിൽ നിന്നും പതിവ്രതകളായ  സ്ത്രീകൾ നിങ്ങൾക്ക് അനുവദിച്ചിരിക്കുന്നു എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. ഒരാൾക്ക് തന്റെ ഭാര്യയോടൊപ്പമുള്ള ജീവിതം ഇഷ്ടവും സ്നേഹബന്ധവും ഇല്ലാത്ത ഒന്നാകുകയില്ല എന്നത് ആർക്കുമറിയാം. അവിടെ മേല്പറഞ്ഞ സ്നേഹവും അടുപ്പവുമെല്ലാം ഉണ്ടാകുമായിരുന്നിട്ടും അഹ്‌ലു കിതാബിലെ സ്ത്രീകളെ വിവാഹം ചെയ്യൽ അല്ലാഹു അനുവദിച്ചതിലൂടെ ഈ പറയുന്ന സ്നേഹബന്ധം ഇസ്‌ലാമിൽ നിന്നും പുറം കടക്കാൻ ഇടവരുത്തുന്ന സ്നേഹബന്ധമല്ല എന്ന് മനസ്സിലാക്കാം. അതുകൊണ്ടാണ് ഇസ്‌ലാമിൽ നിന്നും പുറത്ത് പോകാൻ കാരണമാകുന്ന സ്നേഹബന്ധത്തിന്റെ മാനദണ്ഡമായി അവിശ്വാസിയായ ഒരാളോട് അവരുടെ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുണ്ടാകുന്ന സ്നേഹബന്ധമാണ് അത് എന്ന് ഞാൻ സൂചിപ്പിക്കാൻ കാരണം." - [അൽ വലാ വൽ ബറാ : പേജ് 10]. ഇവിടെയാണ് സൃഷ്ടാവ് സൃഷ്ടിജാലങ്ങൾക്ക് കാരുണ്യമായി നൽകിയ പരസ്പര കാരുണ്യം, ദയ, ഭൗതിക ജീവിതത്തിലെ സഹകരണം, പരസ്പരം പുണ്യം ചെയ്യൽ എന്നിങ്ങനെ മകൻ, പിതാവ്, ഭാര്യ, അയൽവാസി, നാട്ടുകാരൻ തുടങ്ങിയവരുമായി ഉണ്ടാകുന്നതായ പ്രകൃതിപരമായ ബന്ധം ഇസ്‌ലാം നിരാകരിക്കുന്നില്ല. എന്നാൽ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുണ്ടാകുന്ന, അതിലുപരി ഏറ്റവും വലിയ ബന്ധമായി ഇസ്‌ലാം പഠിപ്പിക്കുന്ന ആദർശബന്ധം അവിശ്വാസികളോടും ബഹുദൈവാരാധകരോടും  ഉണ്ടാകുന്നതിനെ ഇസ്‌ലാം വിലക്കുകയും ചെയ്യുന്നു. ആർക്കും ലളിതമായി മനസ്സിലാക്കാവുന്നതും കാപട്യമോ രഹസ്യ അജണ്ടയോ ഇല്ലാത്ത സത്യസന്ധമായ ആദർശമാണത്.

അതുപോലെ ഈ വിഷയത്തിൽ കൂടുതൽ തെറ്റിദ്ധാരണകളും പ്രശ്നകലുഷിതമായ അന്തരീക്ഷവും ഉണ്ടാകാനിടയായ കാരണത്തെപ്പറ്റി  അദ്ദേഹം പറയുന്നു : "യാഥാർത്ഥത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ടു ചർച്ച ചെയ്യുമ്പോൾ നിർബന്ധമായും പരിഗണിച്ചിരിക്കേണ്ട വിവിധ തലങ്ങൾ ഈ വിഷയത്തിന് ഉണ്ടായിരിക്കെ, അതൊന്നും  പരിഗണിക്കാതെ സങ്കുചിതമായി വിലയിരുത്തുന്നു എന്നതാണ്  (തെറ്റിദ്ധാരണാജനകമായ) പ്രശ്നകാരണങ്ങളിൽ ഒരു സുപ്രധാന കാരണം". - [അൽ വലാ വൽ ബറാ. പേജ്: 7].

അനുവദനീയമായ വലാഅ'  ഏത് , നിഷിദ്ധമായതും ഇസ്‌ലാമിൽ നിന്നും പുറത്ത് പോകാൻ ഇടവരുത്തുന്നതുമായ വലാഅ' ഏത് തുടങ്ങിയവയിലെ തെറ്റിദ്ധാരണകൾ അകറ്റാൻ സഹായകമാകുന്ന അദ്ദേഹത്തിന്റെ ലഘു പുസ്തകം ഈയുള്ളവൻ വിവർത്തനം ചെയ്യുന്നുണ്ട് . ഇൻ ഷാ അല്ലാഹ് ...

ഒരാളോടും ഒരു മുസ്ലിമിന്  അനീതി കാണിക്കാൻ പാടില്ല. എത്രത്തോളമെന്നാൽ നബി(സ)യെ ഏകദൈവ വിശ്വാസിയായതിന്റെ പേരിൽ സ്വന്തം നാട്ടിൽ നിന്നും പുറത്താക്കുകയും, പലായനം ചെയ്ത നാട്ടിൽ പോലും നിൽക്കാൻ അനുവദിക്കാത്ത നിരന്തരം അക്രമങ്ങളും യുദ്ധവുമായി വരുകയും ചെയ്ത ആളുകളെ നേരിടുമ്പോൾ പോലും 'നിങ്ങൾ അതിരുകവിയരുത്' എന്ന അതിമഹനീയമായ സന്ദേശമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്: " നിങ്ങളോട്‌ യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്‍റെമാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട്‌ പ്രവര്‍ത്തിക്കരുത്‌. പരിധിവിട്ട്‌ പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ." - [വിശുദ്ധ ഖുർആൻ : 2; 190].

ഇസ്‌ലാം സമാനതകളില്ലാത്ത സ്വഭാവമഹിമയുടെ മതമാണ്. അല്ലാഹുവിന്റെ റസൂൽ (സ) സമാഗതമായത് തന്നെ സൽസ്വഭാവത്തിന്റെ ഉന്നതമായ മാനങ്ങൾ പൂർത്തീകരിക്കാനാണ്. വിശ്വാസതലങ്ങളിലെ ജീർണതകൾ മുതൽ, സാമൂഹ്യബന്ധങ്ങൾ, പൊതുനന്മ, വ്യക്തി നന്മ, കുടുംബ ജീവിതം, മൃഗങ്ങളോടും ഇതര സൃഷ്ടിജാലങ്ങളോടുമുള്ള സമീപനം , സാമ്പത്തികം, നിയമവ്യവസ്ഥിതി, രാഷ്ട്രബന്ധങ്ങൾ, ഉടമ്പടികൾ... എന്നുവേണ്ട വിസർജ്ജന മര്യാദകൾ പോലും ചർച്ച ചെയ്യുന്ന, മനുഷ്യജീവിതത്തിന്റെ നിഖിലമേഖലകളും പ്രതിപാദിക്കുന്ന സമ്പൂർണ മതം. ഏകദൈവവിശ്വാസമാണതിന്റെ അടിത്തറ. ഇഹപരജീവിതത്തിലെ നന്മയും വിജയവും, പുണ്യസമ്പുഷ്ടമായ ജീവിതത്തിലൂടെ കൈവരിക്കുന്ന സൃഷ്ടാവിന്റെ തൃപ്തിയുമാണ്  ലക്ഷ്യം. അതിന്റെ ആശയങ്ങൾ പഠിക്കുവാനും ആരോഗ്യകരമായ സംഭാഷണത്തിനും സർവ്വരെയും ക്ഷണിച്ചുകൊണ്ട് വിശുദ്ധ ഖുർആൻ അഭിമാന പുരസരം പറയുന്നു: "(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക്  നിങ്ങള്‍ വരുവിന്‍. അതായത്‌ അല്ലാഹുവെയല്ലാതെ (ഏകനായ സൃഷ്ടാവ്) നാം ആരാധിക്കാതിരിക്കുകയും, അവനോട്‌ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും, നമ്മളില്‍ ചിലര്‍ ചിലരെ അവനു പുറമെ ദൈവങ്ങളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌ ). എന്നിട്ട്‌ അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ ( അല്ലാഹുവിന്ന്‌ ) കീഴ്പെട്ടവരാണ്‌ എന്നതിന്ന്‌ നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക." - [വിശുദ്ധ ഖുർആൻ: 3/ 64].

അതെ.. തെറ്റിദ്ധാരണകൾ അകറ്റാൻ ഏറ്റവും ഉചിതമായ മാർഗം ഇസ്‌ലാമിനെ നാം  അടുത്തറിയുക എന്നതാണ്.