Monday, October 30, 2017

ഇങ്ങനെയും ഒരു യുവാവ്!...



By: പി.എന്‍. അബ്ദുല്ലത്വീഫ് മദനി
2017 സെപ്തംബര്‍ 02 1438 ⁠⁠ദുൽഹിജ്ജ 11

ഒരാള്‍ പറഞ്ഞ കഥ: ''മക്കയില്‍ ജുമുഅ നമസ്‌കരിച്ച ശേഷം ഞാനും അമ്മാവനും കാറില്‍ തിരികെ യാത്ര പുറപ്പെട്ടു. കുറച്ച് ദൂരം സഞ്ചരിച്ചപ്പോള്‍ ഒരു ആളനക്കമില്ലാത്ത പള്ളി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. മക്കയിലേക്ക് പോകുമ്പോഴും ഈ പള്ളി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഹൈവേയിലൂടെ സഞ്ചരിക്കുന്ന ഏതൊരാള്‍ക്കും ഈ പള്ളി കാണാം. ഞാന്‍ ആ പള്ളിയുടെ അടുത്തെത്തി പരിസരം നിരീക്ഷിച്ചു. അപ്പോഴാണ് പള്ളിയുടെ പരിസരത്തു നീല നിറമുള്ള ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഈ കാര്‍ വിജനമായ ഈ പള്ളിക്കരികെ എങ്ങനെ എത്തി എന്ന് ഞാന്‍ ചിന്തിച്ചു. പള്ളിയിലേക്കുള്ള മണ്‍പാതയിലൂടെ മുന്നോട്ടു നീങ്ങി പള്ളിയുടെ അടുത്തെത്തിയപ്പോള്‍ കൂടെയുള്ള അമ്മാവന്‍ ചോദിക്കുന്നുണ്ടായിരുന്നു, എന്താണ് എവിടെ കാര്യം എന്ന്.

പള്ളിക്കടുത്തായി ഞങ്ങള്‍ കാര്‍ നിര്‍ത്തി. അപ്പോഴതാ ഒരാളുടെ ഉച്ചത്തിലുള്ള ക്വുര്‍ആന്‍ പാരായണം കേള്‍ക്കുന്നു. പുറത്ത് കാത്തിരുന്ന് ഈ പാരായണം ശ്രദ്ധിച്ചാലോ എന്ന് തോന്നിയെങ്കിലും എന്റെ ജിജ്ഞാസ മൂലം മൂന്നിലൊരുഭാഗം തകര്‍ന്ന ആ പള്ളിക്കകത്തു കയറി നോക്കാന്‍ തീരുമാനിച്ചു. ഒരു പക്ഷിക്കുഞ്ഞു പോലും ചേക്കേറാത്ത പള്ളി! പള്ളിക്കകത്ത് ഒരു ചെറുപ്പക്കാരന്‍! മുന്നിലൊരു മുസ്വല്ല നിവര്‍ത്തിയിട്ടിരിക്കുന്നു. കയ്യില്‍ ഒരു ചെറിയ ക്വുര്‍ആന്‍! അതില്‍ നോക്കിയാണ് പാരായണം. ഉറപ്പിച്ചു പറയട്ടെ, അയാള്‍ അല്ലാതെ ആ പള്ളിയില്‍ മറ്റാരുമില്ല.

ഞാന്‍ സലാം ചൊല്ലി. ഈ സമയത്ത് ഇവിടെ നിങ്ങള്‍ എന്തിനു വന്നു എന്ന അത്ഭുത ഭാവത്തില്‍ അയാള്‍ ഞങ്ങളെ നോക്കിക്കൊണ്ടു സലാം മടക്കി. അസ്വ്ര്‍ നമസ്‌കരിച്ചോ എന്ന് ഞങ്ങള്‍ യുവാവിനോട് തിരക്കി. ഇല്ല എന്നായിരുന്നു മറുപടി. ഞങ്ങളും നമസ്‌കരിച്ചിരുന്നില്ല. നമസ്‌കാരം തുടങ്ങാന്‍ ഇക്വാമത്ത് കൊടുക്കാന്‍ ഉദ്യമിക്കുമ്പോഴതാ ആ യുവാന് ക്വിബ്‌ലയുടെ ഭാഗത്തേക്ക് നോക്കി ചിരിക്കുന്നു! ആരോടാണയാള്‍ ചിരിക്കുന്നത്? ഒന്നുമറിഞ്ഞുകൂടാ. നിശബ്ദദക്ക് വിരാമമിട്ടുകൊണ്ട് ആ യുവാവ് സംസാരിച്ചത് പറഞ്ഞു: 'അബ്ഷിര്‍... സ്വലാതുല്‍ ജമാഅ''(സന്തോഷിക്കുക. ജമാഅത് നമസ്‌കാരമാണ്). കൂടെ നില്‍ക്കുന്ന എന്റെ അമ്മാവനെ അയാള്‍ അത്ഭുതത്തോടെ നോക്കുന്നു.

ഞാന്‍ നമസ്‌കാരം ആരംഭിച്ചു. എന്റെ മനസ്സില്‍ അയാളുടെ വാക്കുകള്‍ ഓളംവെട്ടി; 'അബ്ഷിര്‍...സ്വലാതുല്‍ ജമാഅ.' ആരോടാണയാള്‍ അപ്പറഞ്ഞത്? ഈ ഉപേക്ഷിക്കപ്പെട്ട പള്ളിയില്‍ വേറെ ആരുമില്ലല്ലോ! ഇയാള്‍ക്ക് ഭ്രാന്താണോ? നമസ്‌കാരം കഴിഞ്ഞു പുറകിലുള്ള യുവാവിനെ ഞാന്‍ തിരിഞ്ഞു നോക്കി. അദ്ദേഹം ദിക്‌റില്‍ മുഴുകിയിരിക്കുകയാണ്.

ഞാന്‍ ചോദിച്ചു: ''താങ്കളുടെ സ്ഥിതി എന്താണ്?''

''ഖൈര്‍... അല്‍ഹംദുലില്ലാഹ്.''

''താങ്കളുടെ വാക്കുകള്‍ നമസ്‌കാരത്തിലുടനീളം എന്റെ മനസ്സിനെ ജോലിയിലാക്കിക്കളഞ്ഞു'' ഞാന്‍ പറഞ്ഞു.

''എന്തുകൊണ്ട്?'' അയാളുടെ ചോദ്യം.

''നമസ്‌കാരം തുടങ്ങാന്‍ നേരം 'അബ്ഷിര്‍... സ്വലാതുല്‍ ജമാഅഃ' എന്ന് താങ്കള്‍ പറഞ്ഞത് ആരോടാണ്?''

അയാള്‍ ചിരിച്ചു: ''അതിലെന്താണ് പ്രശ്‌നം?'' 

''ഒന്നുമില്ല, ആരോടാണ് സംസാരിച്ചത് എന്ന് പറയൂ.''

അയാള്‍ പുഞ്ചിരിച്ചു. അല്‍പനേരം താഴോട്ടു നോക്കി ചിന്തയിലാണ്ടു.

''പറയൂ, താങ്കള്‍ ആരോടാണ് അങ്ങിനെ പറഞ്ഞത്? താങ്കള്‍ക്ക് മാനസിക പ്രശ്‌നമൊന്നും ഇല്ലല്ലോ! വളരെ ശാന്തമായ പ്രകൃതമാണല്ലോ താങ്കള്‍ക്കുള്ളത്. ഞങ്ങളോടൊപ്പം താങ്കള്‍ നമസ്‌കരിക്കുകയും ചെയ്തു. അപ്പോള്‍ താങ്കളുടെ വാക്കുകള്‍ അര്‍ഥമാക്കുന്നത് എന്താണ്?''

അയാള്‍ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു: ''ഞാന്‍ പള്ളിയോടു സംസാരിക്കുകയായിരുന്നു.''

ഈ മറുപടി എന്നെ ശരിക്കും നടുക്കി. ഇയാള്‍ക്ക് ഭ്രാന്തുണ്ടോ?

''താങ്കള്‍ പള്ളിയോടു സംസാരിച്ചിട്ട് പള്ളി മറുപടി പറഞ്ഞോ?''

അയാള്‍ മന്ദസ്മിതം തൂകി. ''എനിക്ക് ഭ്രാന്തുണ്ടോ എന്ന് താങ്കള്‍ സംശയിക്കുന്നു. പള്ളി സംസാരിക്കുമോ എന്ന് ചോദിക്കുന്നു. ഇത് കേവലം കല്ലുകളാണ്.''

ഞാന്‍ പുഞ്ചരിച്ചുകൊണ്ടു ചോദിച്ചു: ''അതെ, സംസാരശേഷിയില്ലാത്ത ഈ കല്ലുകളോട് താങ്കളെന്തിന് സംസാരിക്കുന്നു?''

നിലത്തേക്ക് കണ്ണുകള്‍ നട്ട് ചിന്താനിമഗ്‌നനായി അയാള്‍ സംസാരിച്ചു തുടങ്ങി: ''ഞാന്‍ പള്ളികളെ സ്‌നേഹിക്കുന്നവനാണ്. പൊളിഞ്ഞു വീഴാറായതോ പഴകി ജീര്‍ണിച്ചതോ ആള്‍പെരുമാറ്റമില്ലാത്തതോ ആയ പള്ളികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഞാന്‍ ആലോചിച്ചു തുടങ്ങും. ഇത് മുമ്പ് ജനങ്ങള്‍ നമസ്‌കരിച്ച സ്ഥലമാണല്ലോ. ഞാന്‍ ആത്മഗതം ചെയ്യും. 'അല്ലാഹുവേ  ഒരു നമസ്‌കാരക്കാരനെ കിട്ടാന്‍ ഈ  പള്ളി എത്രമാത്രം കൊതിക്കുന്നുണ്ടാകും. അതില്‍ അല്ലാഹുവിന്റെ ദിക്ര്‍ ഉയര്‍ന്നു കേള്‍ക്കാന്‍ അതെത്ര ആശിക്കുന്നുണ്ടാവും? ഒരു തസ്ബീഹ്, അല്ലെങ്കില്‍ ഒരു ക്വുര്‍ആന്‍ വചനം അതിന്റെ ചുമരുകളെ പ്രകമ്പനം കൊള്ളിച്ചെങ്കില്‍ എന്ന് അതാഗ്രഹിക്കുന്നുണ്ടാകും. ആ പള്ളി ചിന്തിക്കുന്നുണ്ടാവും 'ഞാന്‍ പള്ളികള്‍ക്കിടയില്‍ ഒരപരിചിതനാണ്' എന്ന്. ഒരു റുകൂഇന്, ഒരു സുജൂദിന് അത് കാത്തിരിക്കുന്നു. വല്ല വഴിപോക്കനും കടന്നുവന്ന് 'അല്ലാഹുഅക്ബര്‍' എന്ന് പറയുന്നത് കേട്ടെങ്കില്‍ എന്ന് അത് ആഗ്രഹിക്കുന്നുണ്ടാകും. ഉപേക്ഷിക്കപ്പെട്ട പള്ളിയുടെ മൂകമായ വാചാലത കേട്ട് ഞാന്‍ പറയും: 'നിന്റെ ദാഹം ഞാന്‍ ശമിപ്പിക്കാം. കുറച്ചു നേരത്തേക്കെങ്കിലും നിന്റെ ആ പഴയ പ്രതാപത്തിലേക്കു നിന്നെ തിരിച്ചു കൊണ്ടുവരാം!' അങ്ങനെ ഞാന്‍ ആ പള്ളിയിലേക്ക് കടന്നു ചെല്ലും. രണ്ടു റക്അത്ത് നമസ്‌കരിക്കും. ക്വുര്‍ആനിന്റെ ഒരു ഭാഗം (ജുസ്അ്) മുഴുവനായും പാരായണം ചെയ്യും. ഇതൊരു അസാധാരണ പ്രവൃത്തിയാണെന്നു താങ്കള്‍ പറഞ്ഞേക്കരുത്. അല്ലാഹു തന്നെ സത്യം! എനിക്ക് പള്ളികളോട് ഇഷ്ടമാണ്.''

എന്റെ കണ്ണുകള്‍ ഈറനണിഞ്ഞത് അയാളുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ഞാന്‍ താഴോട്ട് നോക്കി. പള്ളികളുമായി ഹൃദയബന്ധം സ്ഥാപിച്ച അയാളുടെ ഭാവവും വൈകാരികതയും ശൈലിയും എന്റെ മനോമുകരത്തില്‍ കൊടുങ്കാറ്റുണ്ടാക്കി. അയാളോട് എന്ത് പറയണം എന്ന് എനിക്കറിഞ്ഞുകൂടാ 'ജസാകല്ലാഹു ഖൈറന്‍' (അല്ലാഹു താങ്കള്‍ക്ക് നല്ലത് പ്രതിഫലം നല്‍കട്ടെ) എന്ന് മാത്രം ഞാന്‍ മറുപടി പറഞ്ഞു. 'താങ്കളുടെ പ്രാര്‍ഥനകളില്‍ എന്നെ കൂടി മറക്കാതെ ഉള്‍പെടുത്തണമെന്ന അപേക്ഷയോടെ ഞാന്‍ സലാം ചൊല്ലി വേര്‍പിരിയാന്‍ ഭാവിച്ചു. അപ്പോഴതാ മറ്റൊരു അത്ഭുതത്തിന്നു ഞാന്‍ സാക്ഷിയാകുന്നു!

ഞാന്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങവെ കണ്ണുകള്‍ നിലത്തു നട്ടുകൊണ്ട് അയാള്‍ പറഞ്ഞു: ''ഇത്തരം വിജനമായ പള്ളികളില്‍ കയറി നമസ്‌കരിച്ച ശേഷം ഞാന്‍ പതിവായി പ്രാര്‍ഥിക്കാറുള്ളത് എന്താണെന്നു താങ്കള്‍ക്കറിയുമോ?''

ഞാന്‍ ആശ്ചര്യത്തോടെ അയാളെ നോക്കി. അയാള്‍ സംസാരം തുടരുകയാണ്: 'അല്ലാഹുവേ, നിന്റെ മാത്രം പ്രതിഫലം ആഗ്രഹിച്ച്, നിന്റെ ദിക്‌റുകള്‍ ഉരുവിട്ടും നിന്റെ വചനങ്ങള്‍ പാരായണം ചെയ്തും ഈ പള്ളിയുടെ ഏകാന്തതയില്‍ ഞാന്‍ അതിനൊരു കൂട്ടുകാരനായ പോലെ, ഏകരായി ക്വബ്‌റില്‍ കിടക്കുന്ന എന്റെ മാതാപിതാക്കള്‍ക്ക് ഒരു കൂട്ടുകാരനെ നിശ്ചയിച്ചു കൊടുക്കേണമേ. കാരുണ്യവാന്‍മാരില്‍ ഏറ്റവും മെച്ചപ്പെട്ട കാരുണ്യവാനാണ് നീ.' അടിമുടി ഒരു പ്രകമ്പനം എന്റെ സിരകളില്‍ പാഞ്ഞുകയറി. ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാന്‍ പൊട്ടിക്കരഞ്ഞു.''

സഹോദരങ്ങളേ, ഇതെന്തൊരു ചെറുപ്പക്കാരന്‍! മാതാപിതാക്കളോടുളള അയാളുടെ സ്‌നേഹം എത്ര ശക്തം! അയാളുടെ മാതാപിതാക്കള്‍ എങ്ങനെയായിരിക്കും അയാളെ പോറ്റിവളര്‍ത്തിയത്! എത്ര നല്ല പരിപാലനം! നമ്മുടെ മക്കളെ ഏതു മൂല്യങ്ങള്‍ പകര്‍ന്നു നല്‍കിയാണ് നമ്മള്‍ വളര്‍ത്തുന്നത്? മാതാപിതാക്കളോട്-അവര്‍ മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആവട്ടെ-നീതി പുലര്‍ത്തുന്നവര്‍ നമ്മുടെ കൂട്ടത്തില്‍ എത്ര പേരുണ്ട്?  നമുക്ക് അല്ലാഹുവിനോട് പ്രാര്‍ഥിക്കാം; നല്ല കര്‍മവും നല്ല പര്യവസാനവും ലഭിക്കാന്‍.