Tuesday, November 15, 2016

2000 രൂപക്ക് പകരം 1800 രൂപ ചില്ലറ എന്ന തോതില്‍ ക്രയവിക്രയം നടത്തുന്നത് പലിശയാണ്.

ചോദ്യം: ഇപ്പോള്‍ നാട്ടില്‍ ചില്ലറക്ക് വലിയ ക്ഷാമമാണല്ലോ. ഒരാള്‍ 500 രൂപ കൊടുത്ത് 400 രൂപയുടെ ചില്ലറ, അതല്ലെങ്കില്‍ 2000 രൂപ കൊടുത്ത് 1800 രൂപയുടെ ചില്ലറ കൈപ്പറ്റുന്നതിന്‍റെ ഇസ്‌ലാമിക വിധിയെന്താണ് ?.

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والااه ، وبعد؛

പണം പരസ്പരം കൈമാറ്റം ചെയ്യുമ്പോള്‍ ഉദാഹരണത്തിന് 500 രൂപക്ക് പകരം നൂറിന്‍റെ നോട്ടുകള്‍, രണ്ടായിരത്തിന് പകരം നൂറിന്‍റെ നോട്ടുകള്‍ എന്നിങ്ങനെ കൈമാറ്റം ചെയ്യുമ്പോള്‍, ഒരേ ഇനം നാണയങ്ങൾ  കൈമാറുമ്പോള്‍ പാലിക്കേണ്ട ശറഇയ്യായ രണ്ട് നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് പലിശയായി ഗണിക്കപ്പെടുന്നതാണ്. 

ഒന്നാമത്തെ നിബന്ധന: 500 രൂപക്ക് പകരമായി അതിന് തതുല്യമായ ചില്ലറ എന്ന നിലക്കോ, 2000 രൂപക്ക് പകരമായി അതിന് തത്തുല്യമായ ചില്ലറ എന്ന നിലക്കോ അല്ലാതെ കൈമാറ്റം ചെയ്യാന്‍ പാടില്ല. ഒരേ ഇനത്തില്‍ പെട്ട നാണയങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യുമ്പോള്‍ (ഉദാ: രൂപയും രൂപയും പരസ്പരം കൈമാറുമ്പോള്‍) അതിന്‍റെ വാല്യൂ തുല്യമാകല്‍ നിര്‍ബന്ധമാണ്‌. അല്ലാത്തപക്ഷം അത് ربا الفضل അഥവാ 'അതികമീടാക്കുന്ന പലിശ' എന്ന ഗണത്തിലാണ് പെടുക. സ്വര്‍ണ്ണം പരസ്പരം മാറുമ്പോള്‍ തൂക്കം തുല്യമാകണം എന്ന നിബന്ധന ഈ ഇനത്തില്‍പ്പെടുന്നതാണ്. അഥവാ പഴയ സ്വര്‍ണ്ണം നല്‍കി അതിനേക്കാള്‍ കുറവ് തൂക്കം പുതിയ സ്വര്‍ണ്ണം വാങ്ങാന്‍ പാടില്ല. മറിച്ച് പഴയ സ്വര്‍ണ്ണം വിറ്റ്‌ പണം കൈപ്പറ്റിയ ശേഷമാണ് പുതിയ സ്വര്‍ണ്ണം വാങ്ങിക്കാവൂ. ഇല്ലയെങ്കില്‍ തൂക്കം വ്യത്യാസപ്പെട്ടാല്‍ അത് 'അതികമീടാക്കുന്ന പലിശ' എന്ന ഗണത്തില്‍ പലിശ ഇടപാടായി മാറും.  കാരണം സ്വര്‍ണ്ണവും വെള്ളിയുമെല്ലാം നാണയം എന്ന ഗണത്തിലാണ് ഇസ്‌ലാം കണക്കാക്കുന്നത്. നാണയത്തെ അതേ ഇനത്തില്‍പ്പെട്ട നാണയം കൊണ്ട് വ്യത്യസ്ഥ അളവില്‍ വില്‍ക്കുന്നത് അതിന്‍റെ മൂല്യത്തിന്‍റെ സ്ഥിരത നഷ്ടപ്പെടുത്തും.

രണ്ടാമത്തെ നിബന്ധന: നല്‍കുന്ന നോട്ടിന്‍റെ ചില്ലറ അപ്പപ്പോള്‍ തന്നെ കൈപ്പറ്റണം. അഥവാ രണ്ടായിരം രൂപയുള്ള ഒരാള്‍ അതിന് ബദലായി ചില്ലറ മറ്റൊരാളില്‍ നിന്നും മാറ്റുമ്പോള്‍ ആ രണ്ടായിരം കൈമാറുന്ന അവസരത്തില്‍ത്തന്നെ അതിന്‍റെ ചില്ലറ കൈപ്പറ്റണം. ഇല്ലയെങ്കില്‍ അത് ربا النسيئة അഥവാ കാലതാമാസത്തിന്‍റെ പലിശ എന്ന ഗണത്തില്‍പ്പെടും. സ്വര്‍ണ്ണം വാങ്ങിയാല്‍ അതിന്‍റെ വില അപ്പോള്‍ തന്നെ നല്‍കണം എന്നും, സ്വര്‍ണ്ണം കടം പറഞ്ഞ് വാങ്ങിക്കാന്‍ പാടില്ല എന്നും പറയുന്നതും ഈ ഇനം പലിശയില്‍ അത് പെടുമെന്നതിനാലാണ്. നാണയ ഇനത്തില്‍ പെടുന്നവ പരസ്പരം ക്രയവിക്രയം നടത്തുമ്പോള്‍ അപ്പപ്പോള്‍ കൈപ്പറ്റണം.

എന്നാല്‍ ഒരാള്‍ മറ്റൊരാള്‍ക്ക് ധനം കടമായി നല്‍കുന്നതിനെ ഈ രണ്ടാമത്തെ നിബന്ധന ബാധിക്കുന്നില്ല. കാരണം കടത്തില്‍ പരസ്പരമുള്ള കൈമാറ്റമോ ക്രയവിക്രയമോ അല്ല ഉദ്ദേശം, മറിച്ച് എതിര്‍കക്ഷിയെ സഹായിക്കുക എന്നതാണ് ലക്ഷ്യം. അതുകൊണ്ട് ഒരാള്‍ക്ക് കറന്‍സിയോ, സ്വര്‍ണ്ണമോ മറ്റു വസ്തുക്കളോ കടമായി നല്‍കുകയും പിന്നീട് താന്‍ എന്താണോ കടം നല്‍കിയത് സമാനമായ വസ്തു തിരികെ കൈപ്പറ്റുകയും ചെയ്യാം.

അതുപോലെത്തന്നെ രേഖയിലില്ലാത്ത പണം രേഖയുള്ളതാക്കാന്‍ ചുരുങ്ങിയ വിലക്ക് അവ വില്പന നടത്തുന്നതും പലിശ ഇനത്തിലാണ് പെടുക. ഉദാ: പഴയ ഒരു ലക്ഷം നോട്ടിന് പകരമായി പുതിയ അരലക്ഷം നോട്ട്, അതല്ലെങ്കില്‍ മറ്റു നിരക്കുകളില്‍ ഇപ്രകാരം കച്ചവടം നടത്തുന്നത് അനിസ്‌ലാമികവും പലിശയുമാണ്‌. 

അനുബന്ധം:
സ്വര്‍ണ്ണത്തിന്‍റെ വില്‍പ്പനയില്‍ വരുന്ന പലിശയെ സംബന്ധിച്ച് വിശദമായി മനസ്സിലാക്കാന്‍ ഈ ഖുത്ബകള്‍ കേള്‍ക്കാവുന്നതാണ്:

സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ വരുന്ന പലിശ (Part 1) By: Abdu Rahman Abdul Latheef P.N: https://www.dropbox.com/s/gpf50o9lwo06738/swarnnam%20vilkumbol%20varunna%20palisha%20Part%201.m4a?dl=0

സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ വരുന്ന പലിശ (Part 2) By: Abdu Rahman Abdul Latheef P.N: https://www.dropbox.com/s/8bbbf9tb66ql111/swarnnam%20vilkumbol%20varunna%20Palisha%20part%202.m4a?dl=0