Tuesday, November 22, 2016

മഹ്ർ കൊടുക്കാൻ മറ്റുള്ളവർക് സഹായിക്കാൻ പറ്റുമോ അതല്ല മഹ്ർ ചെക്കന്റെ സ്വന്തം ക്യാഷുകൊണ്ട് വേണം എന്ന് ഇസ്ലാമിൽ നിയമം ഉണ്ടോ?.

ചോദ്യം: മഹർ കൊടുക്കാൻ മറ്റുള്ളവർക് സഹായിക്കാൻ പറ്റുമോ അതല്ല മഹർ ചെക്കന്‍റെ സ്വന്തം ക്യാഷ് കൊണ്ട് വേണം എന്ന് ഇസ്ലാമിൽ നിയമമുണ്ടോ?.


www.fiqhussunna.com

ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

വിവാഹത്തിന്‍റെ റുക്നുകളിലോ, ശര്‍ത്തുകളിലോ പെട്ടതല്ല 'മഹ്ര്‍' എങ്കിലും ഒരു സ്ത്രീയെ വിവാഹം കഴിക്കുമ്പോള്‍ പുരുഷന്‍ സ്ത്രീക്ക് 'മഹ്ര്‍' നല്‍കല്‍ ഇസ്‌ലാമില്‍ നിര്‍ബന്ധമാണ്‌. അഥവാ ഒരാള്‍ മഹ്ര്‍ നിശ്ചയിക്കാതെ വിവാഹം കഴിച്ചാല്‍ ആ വിവാഹം സാധുവാണ്‌, പക്ഷെ നാട്ടുനടപ്പനുസരിച്ച് അവളെപ്പോലുള്ള ഒരു സ്ത്രീക്ക് എന്ത് മഹ്ര്‍ ലഭിക്കുമോ അതവള്‍ക്ക് നല്‍കാന്‍ അവന്‍ കടപ്പെട്ടിരിക്കും.

വിവാഹം കഴിക്കുന്ന പുരുഷനാണ് തന്‍റെ ഭാര്യയാകാന്‍ പോകുന്ന സ്ത്രീക്ക് മഹ്ര്‍ നല്‍കേണ്ടത്. എന്നാല്‍ അവനെ ആ വിഷയത്തില്‍ മറ്റുള്ളവര്‍ സഹായിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. അവന് മറ്റുള്ളവര്‍ വല്ലതും പാരിതോഷികമായോ ധര്‍മ്മമായോ നല്‍കിയാല്‍ അതവന്‍റേതായി മാറി. അതവന് മഹ്റായി താന്‍ വിവാഹം കഴിക്കുന്ന സ്ത്രീക്ക് നല്‍കാവുന്നതുമാണ്.

അതുകൊണ്ടാണ് വിവാഹം കഴിക്കാന്‍ സാമ്പത്തികമായി ഇല്ലാത്ത പുരുഷന്മാര്‍ക്ക് സകാത്തില്‍ നിന്നും നല്‍കാം എന്ന് പണ്ഡിതന്മാര്‍ പറയാന്‍ കാരണം. പുരുഷന്‍റെ മേല്‍ ആണല്ലോ സാമ്പത്തിക ബാധ്യത വരുന്നത്. വിവാഹം എന്നത് ഒരാളെ സംബന്ധിച്ചിടത്തോളം അനിവാര്യ ഘടകമാണ്താനും. അതിനുള്ള ധനം അവന്‍റെ കൈവശം ഇല്ലയെങ്കില്‍ സകാത്തില്‍ നിന്നും നല്‍കി അവരെ സഹായിക്കാം.

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) യോടുള്ള ചോദ്യവും മറുപടിയും:

 ചോദ്യം: ഒരാള്‍, തന്‍റെ ഭക്ഷണ പാനീയങ്ങള്‍ക്കും താമസത്തിനും ഒക്കെ സ്വയം അദ്ധ്വാനിച്ച് കണ്ടെത്താന്‍  കഴിവുള്ളവാനാണ്. എന്നാല്‍ അയാളുടെ പക്കല്‍ വിവാഹം കഴിക്കാന്‍ ആവശ്യമായ ധനമില്ല. അയാളെ സകാത്തില്‍ നിന്നും വിവാഹം കഴിപ്പിക്കാമോ ?.

മറുപടി:

 نعم يجوز أن نزوجه من الزكاة ويعطى المهر كاملاً ، فإن قيل : ما وجه كون تزويج الفقير من الزكاة جائزاً ولو كان الذي يعطى إياه كثيراً ؟ قلنا : لأن حاجة الإنسان إلى الزواج ملحة قد تكون في بعض الأحيان كحاجته إلى الأكل والشرب.

"അതെ, അയാളെ സകാത്തിന്‍റെ ധനമുപയോഗിച്ച് വിവാഹം കഴിപ്പിക്കാവുന്നതും, മഹ്റിന് ആവശ്യമായ പണം മുഴുവനായും സകാത്തില്‍ നിന്നും നല്‍കാവുന്നതുമാണ്. ഒരു ദരിദ്രനെ വിവാഹത്തിന് സകാത്തില്‍ നിന്നും സഹായിക്കാം എന്ന് പറയാനുള്ള കാരണമെന്ത് ?, അയാള്‍ക്ക് നല്‍കുന്നത് വലിയ സംഖ്യയാണെങ്കില്‍ എന്നെല്ലാം ആരെങ്കിലും ചോദിച്ചാല്‍, നാം പറയും: ചില സന്ദര്‍ഭങ്ങളില്‍ ഒരാളുടെ വിവാഹമെന്ന ആവശ്യം ഭക്ഷണ പാനീയങ്ങളെപ്പോലെ അനിവാര്യമാണ്." - [فتاوى أركان الإسلام - 440/441].

എന്നാല്‍ സ്ത്രീധനത്തിന് സകാത്തില്‍ നിന്നും നല്‍കാന്‍ പാടില്ല. സ്ത്രീധനം അനിസ്‌ലാമികമാണ്. അങ്ങനെയൊരു സമ്പ്രദായം ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സ്ത്രീധനത്തിന് വേണ്ടി സകാത്തില്‍ നിന്നും നല്‍കിയാല്‍ സകാത്ത് വീടില്ല. മാത്രമല്ല ഒരു പുരുഷനെ വിവാഹം കഴിക്കാന്‍ വേണ്ടി നാം സഹായിക്കുമ്പോള്‍ അവിടെ സ്ത്രീയെ ആദരിക്കുന്ന, അവള്‍ക്ക് വില പേശാത്ത മാന്യനായ ഒരു വരനെയാണ് അവള്‍ക്ക് നാം നല്‍കുന്നത്. നേരെ മറിച്ച് സ്ത്രീധനത്തിന് സഹായിച്ചാല്‍, സ്ത്രീയെ ആദരിക്കാത്ത, ധനത്തിന് വേണ്ടി വിവാഹം കഴിക്കുന്ന ഒരു നീചനെയാണ് അവള്‍ക്ക് നാം വിവാഹം കഴിച്ച് കൊടുക്കുന്നത്. സ്വാഭാവികമായും പലപ്പോഴും ഇത്തരം വിവാഹങ്ങള്‍ പിന്നീട് ദുരന്തങ്ങളായി മാറുന്നതും നാം കാണാറുണ്ട്‌. സ്ത്രീ സമൂഹം തന്നെയാണ് സ്ത്രീധനം വാങ്ങുന്ന പുരുഷന്മാരെ സ്വീകരിക്കില്ല എന്ന ദൃഡനിശ്ചയത്തോടെ മുന്നോട്ട് വരേണ്ടത്. അതുകൊണ്ട് വിവാഹം കഴിക്കാന്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പുരുഷന്മാരെയാണ് നാം സഹായിക്കേണ്ടത്. കാരണം അപ്പോഴും നാം ഒരു സ്ത്രീക്ക് ഒരു ജീവിതം നല്‍കുകയാണ്. സ്ത്രീധനത്തിന് സഹായിക്കുമ്പോള്‍ ഏതോ തെമ്മാടിക്ക് പണം നല്‍കുന്നുവെന്ന് മാത്രം.