Friday, September 16, 2016

'വലാഅ് ബറാഅ്' വിശുദ്ധഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ചു, ഹദീസ് ദുര്‍വ്യാഖ്യാനിച്ചു, ഇബ്നു ബാസ് (റ) യുടെ ഉപദേശം കോട്ടിമാറ്റി തുടങ്ങിയ ആരോപണങ്ങള്‍ - വസ്തുതയെന്ത് ?.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ക്ഷമിക്കണം അല്പം ദൈര്‍ഘ്യമുണ്ട്.. രണ്ട് ഗുരുതരമായ ആരോപണമാണ് എന്നെക്കുറിച്ച് ചില സഹോദരങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഒന്ന് ഞാന്‍ വിശുദ്ധഖുര്‍ആന്‍ ദുര്‍വ്യാഖാനിച്ചു. മറ്റൊന്ന് ഹദീസിനെ ദുര്‍വ്യാഖ്യാനിച്ചു. രണ്ടും അത്യധികം ഗുരുതരമായ ആരോപണങ്ങള്‍. അതോടോപ്പം ശൈഖ് ഇബ്നു ബാസ് (റ)  യുടെ ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ വിഷയത്തില്‍ ഉള്ള ഉപദേശം തിരിമറി നടത്തി എന്ന ആരോപണവും ഉണ്ട്. ആരോപണങ്ങള്‍ ഉന്നയിച്ച സഹോദരങ്ങള്‍ക്കും എന്‍റെ പക്കല്‍ വല്ല അപാകതകള്‍ വന്നുപോയിട്ടുണ്ട് എങ്കില്‍ എനിക്കും  അല്ലാഹു പൊറുത്ത് തരട്ടെ.  തീര്‍ച്ചയായും ഇത് സംബന്ധമായ വസ്തുതകള്‍ വിശദീകരിക്കേണ്ട ബാധ്യത എനിക്കുണ്ട്.

അല്ലാഹുവാണ് സത്യം, വിശുദ്ധഖുര്‍ആനോ തിരുസുന്നത്തോ ഒരിക്കലും തന്നെ ഈയുള്ളവന്‍ ദുര്‍വ്യാഖ്യാനിച്ചിട്ടില്ല. അപ്രകാരം ചെയ്യുന്നുവെങ്കില്‍ ഇഹത്തിലും പരത്തിലും നഷ്ടക്കാരില്‍ പെട്ടവനായിരിക്കും എന്ന ബോധ്യവും ഉണ്ട്. എന്നാല്‍ ദുര്‍വ്യാഖ്യാനം എന്ന് പറയാവും വിധമുള്ള  അപാകത എഴുത്തുകളില്‍ സംഭവിക്കുക എന്നത് സാധ്യതയുള്ള ഒരു കാര്യമാണ്. പക്ഷെ ആരോപിക്കപ്പെട്ട രണ്ട് വിഷയങ്ങളില്‍ അപ്രകാരം ഉണ്ടായിട്ടുണ്ട് എന്ന് കരുതുന്നില്ല. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍..

ഒന്ന്: വിശുദ്ധ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ചു എന്ന് പറയാന്‍ ഉണ്ടായ കാരണം  എന്‍റെ എഴുത്തിലെ ഈ പരാമര്‍ശമാണ്:
[എന്നാല്‍ തന്‍റെ വിശ്വാസ ആദര്‍ശങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധം ഭൗതിക കാര്യങ്ങളില്‍ ഇതര മതസ്ഥരുമായി സഹകരിക്കുന്നതിനോ, അവര്‍ക്ക് പുണ്യം ചെയ്യുന്നതിനോ, അവരോടു സഹിഷ്ണുതയോടെ പെരുമാറുന്നതിനോ ഇസ്‌ലാം വിലക്കുന്നില്ല. മറിച്ച് അതാണ്‌ ഇസ്‌ലാം നിഷ്കര്‍ഷിക്കുന്നത്. തന്‍റെ ചുറ്റും ജീവിച്ചിരുന്ന ഇതര മതസ്ഥരോട് ഏറെ വിനയത്തോടെയും സഹിഷ്ണുതയോടെയും പെരുമാറിയിരുന്ന ആളായിരുന്നു പ്രവാചകന്‍ (സ). വിശുദ്ധഖുര്‍ആനില്‍ പ്രവാചകനില്‍ ഉണ്ടായിരുന്ന ആ സഹിഷ്ണുതാ മനോഭാവം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുമുണ്ട്. മാത്രമല്ല അതാണ്‌ ഏറ്റവും കൂടുതല്‍ ആളുകളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതും. അല്ലാഹു പറയുന്നു:   

 فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لَانْفَضُّوا مِنْ حَوْلِكَ
 
"( നബിയേ, ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ്‌ പോയിക്കളയുമായിരുന്നു." - [ആലുഇംറാന്‍:159]. ] - (വലാഉം ബറാഉം ഇതരമതസ്ഥരോട് അസഹിഷ്ണുത കാണിക്കലോ ?!. എന്ന എന്‍റെ ലേഖനം 11/6/2016).

ഇവിടെ വിശ്വാസികളെ സംബന്ധിച്ചുള്ള ആയത്തിനെ അമുസ്‌ലിംകളോടുള്ള സമീപനത്തെ വിശദീകരിക്കുന്ന ആയത്തായി വളച്ചൊടിച്ചു എന്നതാണ് ആരോപണം.

സത്യത്തില്‍ കാര്യങ്ങളെ വിമര്‍ശനചിന്താഗതിയോടുകൂടി മാത്രം സമീപിക്കുന്നതായിരിക്കാം ഒരുപക്ഷെ ഈ തെറ്റിധാരണ ഉണ്ടാകാന്‍ കാരണമായത്. ആ ആയത്ത് വിശ്വാസികളെ സംബന്ധിച്ചാണ് എന്നത് ആയത്തിന്‍റെ പൂര്‍ണരൂപം നോക്കിയാല്‍ ആര്‍ക്കും മനസ്സിലാക്കാം, കാരണം "അതില്‍ അവര്‍ക്ക് വേണ്ടി ഇസ്തിഗ്ഫാര്‍ ചെയ്യുകയും ചെയ്യുക" എന്നത് പ്രത്യക്ഷമായിത്തന്നെ കാണാം. എന്നാല്‍ ഇവിടെ ആ ആയത്ത് ഞാന്‍ എടുത്ത് കൊടുത്തത് പ്രബോധനത്തില്‍ സ്വീകരിച്ച സൗമ്യവും വിനയസമ്പുഷ്ടവുമായ പ്രാച്ചകന്‍റെ സ്വഭാവഗുണത്തെ വിശുദ്ധഖുര്‍ആന്‍ പ്രത്യേകം എടുത്ത് പറഞ്ഞു എന്നത് സൂചിപ്പിച്ചു കൊണ്ടാണ്. നബി (സ) യില്‍ വിശ്വസിച്ച അധികപേരും കുഫ്ര്‍ കൈവെടിഞ്ഞ് ഇസ്‌ലാമിലേക്ക് കടന്നുവന്നവരായിരുന്നു. പരുഷമായ സമീപനത്തിന്‍റെ ഉടമയാണ് താങ്കള്‍ എങ്കില്‍ അവര്‍ ആ കുഫ്റിലേക്ക് തന്നെ മടങ്ങുകയും, ആദര്‍ശത്തില്‍ നിന്നും പിരിഞ്ഞു പോകുകയും ചെയ്യുമെന്നും അല്ലാഹു പ്രസ്ഥാവിക്കുന്നു. കുഫ്ര്‍ വെടിഞ്ഞ് വിശ്വാസം സീകരിക്കാനും  അദ്ദേഹത്തിന്‍റെ കൂടെ വിശ്വാസത്തില്‍ അടിയുറച്ച് നിലകൊള്ളാനും  സൗമ്യമായ സമീപനം കാരണമായിട്ടുണ്ട് എന്നത് ഇതില്‍ പ്രകടമായ കാര്യമാണ്.  

ഇനി വിശുദ്ധഖുര്‍ആനോ   തിരുസുന്നത്തോ അംഗീകരിക്കാത്ത ഒരു ആശയമാണ് എങ്കിലാണ് അതൊരു ദുര്‍വ്യാഖ്യാനം ആകുന്നത്. " لنت لهم താങ്കള്‍ അവരോട് സൗമ്യമായി പെരുമാറിയത്", لين ' എന്ന പദം എളിമ, വിനയം, സൗമ്യത' എന്നീ അര്‍ത്ഥ തലങ്ങള്‍ ഉള്ള പദമാണ്. ആ സദ്ഗുണം  പ്രബോധനമേഖലയില്‍ സ്വീകരിക്കപ്പെടേണ്ട പൊതുസമീപനമായി വിശുദ്ധഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഫിര്‍ഔനോട് പ്രബോധനം നടത്താന്‍ നിയോഗിക്കപ്പെട്ടപ്പോള്‍ അല്ലാഹു മൂസ (അ) മിന് നല്‍കിയ കല്പന കാണുക: 

فقولا له قولا لينا لعله يتذكر أو يخشى

"എന്നിട്ട്‌ നിങ്ങള്‍ അവനോട്‌ സൌമ്യമായ വാക്ക്‌ പറയുക. അവന്‍ ഒരു വേള ചിന്തിച്ച്‌ മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന്‌ വരാം." - [ത്വാഹാ: 44].

ഒരിക്കലും ഫിര്‍ഔന്‍ സ്വീകരിക്കുകയില്ല എന്നതും അവന്‍ നിഷേധിച്ച് പിന്തിരിഞ്ഞു കളയുമെന്നതും മൂസ നബി (അ) ക്ക് അറിയാമായിരുന്നില്ലെങ്കിലും, ഈ കല്പന കല്പിച്ച അല്ലാഹുവിന് കൃത്യമായി അറിയാമായിരുന്നു. താന്‍ ആരെയാണോ ക്ഷണിക്കുന്നത് അവന്‍ അത് നിഷേധിക്കും എന്ന് ഉറപ്പുണ്ടെങ്കിലും സൗമ്യമായി അവനെ ക്ഷണിക്കുക എന്നതാണ് പ്രബോധകന്‍റെ ബാധ്യത എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. സൗമ്യത, സഹിഷ്ണുത എന്നതിലുപരി തങ്ങളോട് യുദ്ധം ചെയ്യാത്ത തങ്ങളെ ആക്രമിക്കാത്ത ആളുകള്‍ക്ക് പുണ്യം ചെയ്യുന്നതും, അവരോട് കരുണ കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല എന്ന് പഠിപ്പിക്കുമ്പോള്‍ അല്ലാഹുവില്‍ നിന്നുമുള്ള അനുഗ്രഹത്താല്‍ അദ്ദേഹത്തിന് ഉണ്ടായിരുന്ന ആ സഹിഷ്ണുതാമനോഭാവം വിശുദ്ധഖുര്‍ആന്‍ പ്രശംസിച്ചു എന്നും    അതാണ്‌ ആളുകളെ ഏറ്റവും കൂടുതല്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത് എന്നും പറയുമ്പോള്‍ അതില്‍ എവിടെയാണ് ദുര്‍വ്യാഖ്യാനമുള്ളത്

(തന്‍റെ ചുറ്റും ജീവിച്ചിരുന്ന ഇതര മതസ്ഥരോട് ഏറെ വിനയത്തോടെയും സഹിഷ്ണുതയോടെയും പെരുമാറിയിരുന്ന ആളായിരുന്നു പ്രവാചകന്‍ (സ). വിശുദ്ധഖുര്‍ആനില്‍ പ്രവാചകനില്‍ ഉണ്ടായിരുന്ന ആ സഹിഷ്ണുതാ മനോഭാവം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുമുണ്ട്. മാത്രമല്ല അതാണ്‌ ഏറ്റവും കൂടുതല്‍ ആളുകളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതും). [അടിവരയിട്ട ഭാഗം ശ്രദ്ധിക്കുക. ശേഷമാണ് വിശുദ്ധഖുര്‍ആനിലെ ആയത്ത് നല്‍കിയത്: 

 فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لَانْفَضُّوا مِنْ حَوْلِكَ

"(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ്‌ പോയിക്കളയുമായിരുന്നു." - [ആലുഇംറാന്‍:159]. ഇവിടെ നബി (സ) യുടെ സൗമ്യമായ സമീപനം സത്യത്തിലേക്ക് ആകൃഷ്ടരാകാന്‍  അവര്‍ക്ക് സഹായകമായി എന്നു ഞാന്‍ പറഞ്ഞതില്‍ ദുര്‍വ്യാഖ്യാനം ഉണ്ടോ എന്നത് ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ.


അക്രമമോ അനീതിയോ ചെയ്യാത്ത അവിശ്വാസികളായ ആളുകളോട് സൗമ്യമായ സമീപനം സ്വീകരിക്കുകയും, സൗമ്യമായ സമീപനത്തോടെ അവരെ പ്രബോധനം ചെയ്യുക എന്നതിന് ഈ ആയത്ത് തെളിവ് പിടിച്ചത് ഞാന്‍ മാത്രമാണോ ?!.

ശൈഖ് ഇബ്നു ബാസ് (റ) ഒട്ടനേകം സ്ഥലങ്ങളില്‍ കുഫാറുകളോടും, മഅസിയത്തുകള്‍ ചെയ്യുന്നവരോടും സൗമ്യമായും നല്ല രൂപത്തിലും പ്രബോധനം ചെയ്യണം എന്നും, അതാണ്‌ നബി (സ) യുടെ മാതൃക എന്നും സൂചിപ്പിച്ചതിന് ശേഷം പ്രബോകന്‍ സ്വീകരിക്കേണ്ട  لين സൗമ്യത, رفق നല്ല സമീപനം തുടങ്ങിയവക്ക് തെളിവായി ഈ ആയത്ത് എടുത്ത് കൊടുത്തിട്ടുണ്ട്. അതില്‍ അദ്ദേഹവും ഞാന്‍ ഉദ്ദരിച്ച ആ ഭാഗം വരെ മാത്രമേ ആയത്ത് നല്‍കിയിട്ടുള്ളൂ . അദ്ദേഹവും ആയത്തിനെ കട്ട് മുറിച്ചതാണോ ?. നഊദു ബില്ലാഹ്. അദ്ദേഹം പറയുന്നത് കാണുക:

وقد أثنى الله على النبي صلى الله عليه وسلم في أمر الدعوة فقال جل وعلا : فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لانْفَضُّوا مِنْ حَوْلِكَ ونبينا أكمل الناس في دعوته وأكمل الناس في إيمانه لو كان فظا غليظ القلب لانفض الناس من حوله وتركوه فكيف أنت ، فعليك أن تصبر وعليك أن تتحمل ولا تعجل بسب أو كلام سيئ أو غلظة ، وعليك باللين والرحمة والرفق.ولما بعث الله موسى وهارون لفرعون ماذا قال لهما ، قال سبحانه : فَقُولا لَهُ قَوْلًا لَيِّنًا لَعَلَّهُ يَتَذَكَّرُ أَوْ يَخْشَى فأنت كذلك لعل صاحبك يتذكر أو يخشى وفي الصحيح عن عائشة رضي الله عنها عن النبي صلى الله عليه وسلم أنه قال : ((اللهم من ولي من أمر أمتي شيئا فرفق بهم فارفق به اللهم من ولي من أمر أمتي شيئا فشق عليهم فاشقق عليه)) وهذا وعد عظيم في الرفق ووعيد عظيم في المشقة ويقول عليه الصلاة والسلام : ((من يحرم الرفق يحرم الخير كله)) ويقول صلى الله عليه وسلم : ((عليكم بالرفق فإنه لا يكون في شيء إلا زانه ولا ينزع من شيء إلا شانه)) فالواجب على الداعي إلى الله أن يتحمل وأن يستعمل الأسلوب الحسن الرفيق اللين في دعوته للمسلمين والكفار جميعا ، لا بد من الرفق مع المسلم ومع الكافر ومع الأمير وغيره ولا سيما الأمراء والرؤساء والأعيان فإنهم يحتاجون إلى المزيد من الرفق والأسلوب الحسن لعلهم يقبلون الحق ويؤثرونه على ما سواه ، وهكذا من تأصلت في نفسه البدعة أو المعصية ومضى عليه فيها السنون يحتاج إلى صبر حتى تقتلع البدعة وحتى تزال بالأدلة ، وحتى يتبين له شر المعصية وعواقبها الوخيمة فيقبل منك الحق ويدع المعصية .

"ദഅവത്തിന്‍റെ കാര്യത്തില്‍ അല്ലാഹു നബി (സ) യെ പ്രശംസിച്ചു. അല്ലാഹു പറയുന്നു:
"( നബിയേ, ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ്‌ പോയിക്കളയുമായിരുന്നു." - [ആലുഇംറാന്‍:159].  നമ്മുടെ നബി (സ) തന്‍റെ പ്രബോധനത്തിലും ഈമാനിലും മനുഷ്യരില്‍വെച്ച് ഏറ്റവും പരിപൂര്‍ണനാണ് . അദ്ദേഹം കഠിന ഹൃദയനായിരുന്നുവെങ്കില്‍ ആളുകള്‍ അദ്ദേഹത്തില്‍ നിന്നും അകലുകയും ഉപേക്ഷിക്കുകയും ചെയ്യുമായിരുന്നു. പിന്നെ നിന്‍റെ അവസ്ഥ പറയേണ്ടതുണ്ടോ ?!. അതുകൊണ്ട് നീ ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുക.  അസഭ്യം പറയാനോ, മോശമായ   സംസാരത്തിനോ, പരുഷമായ വാക്കുകള്‍ക്കോ നീ മുതിരരുത്. നീ സൗമ്യതയും, കാരുണ്യവും മൃദുല സമീപനവും നിലനിര്‍ത്തുക. മൂസ (അ) നെയും ഹാറൂന്‍ (അ) നെയും ഫിര്‍ഔന്‍റെ അരികിലേക്ക് അയച്ചപ്പോള്‍ അല്ലാഹു കല്പിച്ചത് എന്താണ്: "നിങ്ങള്‍ രണ്ട് പേരും അവനോട് സൗമ്യമായ ഭാഷയില്‍ സംസാരിക്കുക. അവന്‍ ചിന്തിക്കുകയോ അല്ലാഹുവിനെ ഭയപ്പെദുകയോ ചെയ്യുന്നതിന്  വേണ്ടി". നീയും അതുപോലെത്തന്നെ. നിന്‍റെയാളും ചിന്തിക്കുകയോ അല്ലാഹുവിനെ ഭയപ്പെടുകയോ ചെയ്തേക്കാം. സ്വഹീഹായ ഹദീസില്‍ ഇപ്രകാരം കാണാം: "അല്ലാഹുവേ എന്‍റെ ഉമ്മത്തിന്‍റെ ഒരുകാര്യം ആരെങ്കിലും ഏല്പ്പിക്കപ്പെട്ടാല്‍, അവന്‍ അവരോട് 'രിഫ്ഖ്' മൃദുസമീപനം കാണിച്ചാല്‍ അവനോട് നീയും മൃദു സമീപനം കാണിക്കേണമേ. ആരെങ്കിലും എന്‍റെ ഉമ്മത്തിന്‍റെ ഒരു കാര്യം ഏല്‍പ്പിക്കപ്പെടുകയും  അവന്‍ അവരുടെ മേല്‍ പ്രയാസമാക്കുകയും ചെയ്‌താല്‍ അവന്‍റെ മേല്‍ നീയും പ്രയാസമാക്കേണമേ". നല്ല സമീപനം സ്വീകരിക്കുന്നതില്‍ ഉള്ള വാഗ്ദാനവും കഠിനമായ സമീപനം സ്വീകരിക്കുന്നതില്‍ ഉള്ള താക്കീതും ആണ് ഈ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടത്. നബി (സ) പറഞ്ഞു "ആരെങ്കിലും 'രിഫ്ഖ്' നല്ല സമീപനത്തില്‍ നിന്നും വിലക്കപ്പെട്ടാല്‍ അവന്‍ സര്‍വ നന്മയില്‍ നിന്നും വിലക്കപ്പെട്ടിരിക്കുന്നു". നബി (സ) പറഞ്ഞു: "നിങ്ങള്‍ 'രിഫ്ഖ്' നല്ല സൗമ്യമായ സമീപനം എല്ലാ കാര്യത്തിലും പുലര്‍ത്തുക. അത് ഏത് കാര്യത്തില്‍ ഉണ്ടോ അത് അലംകൃതമാകാതിരിക്കുകയില്ല. അത് ഏതില്‍ നിന്നും തടയപ്പെടുന്നുവോ അത് വികൃതമാകാതിരിക്കുകയുമില്ല. അതുകൊണ്ട് അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുന്ന ഒരു ദാഇയുടെ (പ്രബോധകന്‍) മേല്‍ നിര്‍ബന്ധമായിട്ടുള്ളത് സഹിക്കുകയും ഏറ്റവും നല്ല, സൌമ്യവും മൃദുലവുമായ സമീപനം തന്‍റെ പ്രബോധനത്തില്‍ സ്വീകരിക്കുക എന്നതാണ്. അത് കുഫാറുകളോട് ആയാലും മുസ്‌ലിംകളോട് ആയാലും. മുസ്‌ലിമിനോടും കാഫിറിനോടും ഭരണാധികാരികളോടും അല്ലാത്തവരോടും 'രിഫ്ഖ്' (സൗമ്യമായ) രീതിയില്‍ പ്രബോധനം ചെയ്യണം.  ഭരണകര്‍ത്താക്കളും, രാഷ്ട്രനേതാക്കളും, പ്രത്യേക വ്യക്തികളും ആണെങ്കില്‍ അവരോടുള്ള ശൈലിയിലും കൂടുതല്‍ സൗമ്യവും കൂടുതല്‍ നല്ല രീതിയും ആണ് ഉപയോഗിക്കേണ്ടത്. അവര്‍ സത്യം സ്വീകരിക്കട്ടെയെന്നും അവര്‍ മറ്റെന്തിനെക്കാളും സത്യത്തിന് മുന്‍ഗണന നല്‍കട്ടെ എന്നുമുള്ള അര്‍ത്ഥത്തിലാണ് അത്. ഇതുപോലെത്തന്നെയാണ് തന്‍റെ നഫ്സില്‍ ബിദ്അത്തും തിന്മയുമെല്ലാം കുടിയിരിക്കുന്ന അതില്‍ ധാരാളം വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയ ആളുകളും, അവരില്‍ നിന്നുമാ ബിദ്അത്തിനെ പിഴുതെടുക്കാനും പ്രമാണങ്ങള്‍ കൊണ്ടതിനെ നീക്കം ചെയ്യാനും ക്ഷമ ആവശ്യമാണ്‌. പാപത്തിന്‍റെ ഗൗരവം അവന് ബോധ്യപ്പെടാനും അതിന്‍റെ മോശമായ പര്യവസാനം തിരിച്ചറിയാനും നിന്നില്‍ നിന്നും സത്യം മനസ്സിലാക്കി പാപത്തെ വെടിയാനും വേണ്ടി." - [http://www.binbaz.org.sa/article/185]. ശൈഖ് ഇബ്നു ബാസ് (റ) പഠിപ്പിച്ച ഈ ശൈലിയും തങ്ങളുടെ  പ്രബോധന ശൈലിയും തമ്മില്‍ വല്ല ബന്ധവുമുണ്ടോ എന്ന് ഞാനടക്കമുള്ളവര്‍ തീര്‍ച്ചയായും വിലയിരുത്തേണ്ടതുണ്ട്. പ്രബോധിത സമൂഹം സത്യം അംഗീകരിക്കുക എന്നതാകട്ടെ നമ്മുടെ ലക്‌ഷ്യം. അപാകതകള്‍ അല്ലാഹു പൊറുത്ത് തരട്ടെ.. ഇനി ഞാന്‍ എന്‍റെ ലേഖനത്തില്‍ ഇതൊരു കാര്യം സൂചിപ്പിച്ചുവോ അതേ രൂപത്തില്‍ ആ ആയത്തിന്‍റെ അത്രഭാഗം മാത്രം നല്‍കിക്കൊണ്ട് തന്നെ പണ്ഡിതന്മാര്‍ നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ അനേകം കാണാം. ദൈര്‍ഘ്യം കാരണത്താല്‍ നല്‍കുന്നില്ല. 

ഇനി ഒരിക്കലും തന്നെ ഈ ചര്‍ച്ചകളില്‍ എവിടെയും എല്ലാ സമയത്തും സന്ദര്‍ഭങ്ങളിലും സൗമ്യമായ സമീപനം മാത്രമാണ് ഉള്ളത് എന്ന് എവിടെയും ഞാന്‍ പറഞ്ഞിട്ടില്ല. സൗമ്യമായ സമീപനം ആവശ്യമായിടത്ത് അതും കടുത്ത നിലപാട് ആവശ്യമുള്ളിടത്ത് അതും നബി (സ) പ്രയോഗിച്ചിട്ടുണ്ട്. യുദ്ധം ഉണ്ടായിട്ടുണ്ട്. സന്ധികളും ഉണ്ട്. എന്നാല്‍ മുഹാരിബല്ലാത്ത മുസാലിമായ അവിശ്വാസിയോട് എങ്ങനെ പെരുമാറണം. മാനുഷികമായ ബന്ധങ്ങളും ശറഇയ്യായ ബന്ധങ്ങളും ഇതില്‍ വ്യതിരിക്തമാകുന്നത് എവിടെ തുടങ്ങിയവയാണ് ഇവിടെ പ്രധാനം.

ഇനി ഈ വിഷയത്തില്‍ ഞാന്‍ പറഞ്ഞ ആശയം ശരിയും എന്നാല്‍ അതിന് ഉദ്ദരിച്ച തെളിവ് അനുയോജ്യമല്ല എന്നുമാണ് പ്രശ്നമെങ്കില്‍ അത് 'ഇസ്തിദ്'ലാലില്‍' വന്ന പിഴവ് അഥവാ തെളിവ് ഉദ്ദരിക്കുന്നതില്‍ വന്ന അപാകത എന്ന നിലക്കാണ് ഫിഖ്ഹില്‍ വിലയിരുത്തപ്പെടുക. 'അതിന് കൂടുതല്‍ അനുയോജ്യമായ തെളിവ് മറ്റൊന്നാണ്', അതല്ലെങ്കില്‍ 'ആ തെളിവ് ആ സാഹചര്യത്തോട് ഇന്നയിന്ന തലങ്ങളില്‍ വിയോജിക്കുന്നു' തുടങ്ങിയ ചര്‍ച്ചകള്‍ ശ്ലാഘനീയമാണ്. അപ്രകാരമുള്ള ആരോഗ്യകരമായ ചര്‍ച്ചയെ സ്വാഗതം ചെയ്യുന്നതോടൊപ്പം ഞാന്‍ ഉദ്ദരിച്ച ആയത്തും പറയുന്ന വിഷയവും തമ്മില്‍ ആശയക്കുഴപ്പം ഉണ്ടാകാനിടയുണ്ട് എന്ന നിരീക്ഷണത്തെ  അംഗീകരിക്കുകയും ചെയ്യുന്നു. ഏത് തലത്തിലാണ് ഞാന്‍ അത് നല്‍കിയത് എന്നത് വ്യക്തമാക്കുകയും ചെയ്തു. അതിന് ദുര്‍വ്യാഖ്യാനം എന്ന് പറയുകയില്ല.

(തന്‍റെ ചുറ്റും ജീവിച്ചിരുന്ന ഇതര മതസ്ഥരോട് ഏറെ വിനയത്തോടെയും സഹിഷ്ണുതയോടെയും പെരുമാറിയിരുന്ന ആളായിരുന്നു പ്രവാചകന്‍ (സ).) എന്ന ലേഖനത്തിലെ പരാമര്‍ശം ശറഇയ്യായി യോജിക്കാന്‍ പറ്റാത്ത ഒരു കാര്യമാണെങ്കില്‍ അവിടെ അതൊരു ദുര്‍വ്യാഖ്യാനമാണ് എന്ന് പറയേണ്ടി വരും. പക്ഷെ അപ്രകാരം ആരും പറയുമെന്ന് തോന്നുന്നില്ല. സഹോദരന്‍ വിമര്‍ഷനത്തില്‍ എഴുതിയ പോലെ സഹിഷ്ണുത, വിനയം തുടങ്ങിയ പദങ്ങള്‍ ആണ്  പ്രശ്നം എങ്കില്‍ 'വിശ്വാസപരമായ വിയോജിപ്പ്‌ പ്രകടമായും സ്ഥൈര്യത്തോടെയും നിലനിര്‍ത്തുന്നതോടൊപ്പം, അക്രമവും അനീതിയും ചെയ്യാത്ത ഇതര മതസ്ഥരോട് മാനുഷികമായ തലങ്ങളില്‍ മാന്യമായി സഹവര്‍ത്തിക്കുക' എന്നതാണ് അതുകൊണ്ട് ഉദ്ദേശിച്ചത് എന്നത് ലേഖനം വായിക്കുന്ന ആര്‍ക്കും വ്യക്തവുമാണ്.

അബൂത്വാലിബിനോട് നബി (സ) തന്‍റെ പിതൃവ്യന്‍ എന്ന നിലക്കും തന്നെ സംരക്ഷിച്ച വ്യക്തി എന്ന നിലക്കും, ആദര്‍ശപരമായി വിയോജിച്ചുകൊണ്ടും അദ്ദേഹം ചെയ്യുന്ന കുഫ്റിനോട് വെറുപ്പും അനിഷ്ടവും പ്രകടിപ്പിച്ചുകൊണ്ടിക്കെത്തന്നെ പ്രകൃതിപരമായും മാനുഷികമായുമുള്ള സ്നേഹം പുലര്‍ത്തി. ഈ പ്രകൃതിപരമായ സ്നേഹം ഉണ്ടായിരുന്നില്ല എന്ന് പോലും ഇന്ന് മറ്റു ചില സഹോദരങ്ങള്‍ പറയുന്നുണ്ട്.

إنك لا تهدي من أحببت എന്ന ആയത്തിന് "താങ്കള്‍ ആരുടെ ഹിദായത്ത് ആണോ ഇഷ്ടപ്പെട്ടത്, അയാളെ ഹിദായാത്തിലാക്കാന്‍ താങ്കള്‍ക്ക് സാധിക്കുകയില്ല" എന്ന് ഇമാം ത്വബരി  (റ) അര്‍ഥം വച്ചിട്ടുണ്ട്. അതുകൊണ്ട് അവിടെ അയാള്‍ ഹിദായത്തില്‍ ആകുന്നതിനെയാണ് ഇഷ്ടപ്പെട്ടത് അബൂത്വാലിബിനെ അല്ല എന്നതാണ് അവരുടെ പക്ഷം. ഇമാം ത്വബരി മേല്‍പറഞ്ഞ വിശദീകരണം നല്‍കിയിട്ടുണ്ടെങ്കിലും അബൂ ത്വാലിബിനെ നബി (സ) സ്നേഹിച്ചിട്ടില്ല എന്ന് ത്വബരി (റ) എവിടെയും പറഞ്ഞിട്ടില്ല. മാത്രമല്ല അബ്ദുറഹ്മാന്‍ സഅദി (റ) അദ്ദേഹത്തിന്‍റെ തഫ്സീറില്‍ പറഞ്ഞത്: "താങ്കള്‍ അധികഠിനമായി സ്നേഹിക്കുന്നവര്‍ ആണെങ്കില്‍ പോലും താങ്കള്‍ക്ക് അവരെ ഹിദായത്തില്‍ ആക്കാന്‍ കഴിയുകയില്ല" എന്നതാണ് ആയത്തിന്‍റെ വിവക്ഷ എന്നതാണ്. മറ്റനേകം മുഫസിരീങ്ങളും ഇപ്രകാരം പറഞ്ഞിട്ടുണ്ട്. ഇവിടെ പ്രകൃതിപരമായ സ്നേഹമാണ് ഉദ്ദേശിക്കുന്നത്. പിതൃവ്യന്‍ എന്ന നിലക്കും തന്നെ സംരക്ഷിച്ചയാള്‍ എന്ന നിലക്കും ഉണ്ടായ സ്വാഭാവിക ഇഷ്ടം. സൃഷ്ടിജാലങ്ങള്‍ക്ക് അല്ലാഹു ഇട്ടുകൊടുത്ത കാരുണ്യം. ശറഇയ്യായി വിശ്വാസികള്‍ പരസ്പരം ഉണ്ടാകേണ്ട സ്നേഹമല്ല അവിടെ ഉദ്ദേശം. എന്നാല്‍ തന്നെ ആക്രമിക്കുകയും ആദര്‍ശപരമായി തന്നോട് വിരോധവും ശത്രുതയും വച്ച് പുലര്‍ത്തിയ അബൂലഹബിനോട് സ്വീകരിച്ച സമീപനം ഇതായിരുന്നില്ലതാനും. ഈ രണ്ട് സമീപനവും വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ത്തന്നെ മാനുഷിക ബന്ധങ്ങളെ എങ്ങനെ ക്രമീകരിക്കണം എന്ന വലിയ സന്ദേശം നമുക്ക് നല്‍കുന്നു.

എന്നാല്‍ കുഫ്റിനോടുള്ള ഒരു വിശ്വാസിയുടെ വെറുപ്പ്, വിയോജിപ്പ്‌, കുഫ്റിനെ അംഗീകരിക്കുകയോ സഹകരിക്കുകയോ ചെയ്യാത്ത അവന്‍റെ സമീപനം ഇവയില്‍ അബൂത്വാലിബും അബൂലഹബും ഒരുപോലെയാണ്. إن الله لا يحب الكافرين "അല്ലാഹു സത്യനിഷേധികളെ ഇഷ്ടപ്പെടുന്നില്ല". ഇവിടെ പ്രകൃതിപരമായ ബന്ധവും വിശ്വാസത്തില്‍ അധിഷ്ടിതമായ ബന്ധവും വേര്‍തിരിച്ച് മനസ്സിലാക്കാതിരിക്കുന്നത് വിശുദ്ധഖുര്‍ആനിലെ  ആയത്തുകളെ പരസ്പരം വൈരുദ്ധ്യമാണ് എന്ന് ചിത്രീകരിക്കാന്‍ ഇടവരുത്തും. ഒരു വിശ്വാസി ഒരിക്കലും കുഫ്റിനെയോ കുഫ്റിന്‍റെ വക്താക്കളെയോ ഇഷ്ടപ്പെടുന്നില്ല. ഇഷ്ടപ്പെടുകയുമില്ല. എന്നാല്‍ മാനുഷികമായ ബന്ധങ്ങള്‍ കാരണം ശറഅ് വിലക്കാത്ത രൂപത്തില്‍ അവരുമായി ഉണ്ടാകുന്ന കേവല മാനുഷികമായ അടുപ്പങ്ങളെ കുഫ്റിനോടോ അതിന്‍റെ വക്താക്കളോടോ ഉള്ള അടുപ്പം എന്ന അര്‍ത്ഥത്തില്‍ വായിച്ചെടുക്കാനും പാടില്ല. ഇതാണ് കഴിഞ്ഞ ലേഖനങ്ങളിലും ആവര്‍ത്തിച്ചത്.


എന്റെ ലേഖനത്തില്‍ നിന്നും അവഗണിക്കപ്പെട്ട ചില ഭാഗങ്ങള്‍: ( ഇസ്‌ലാം ഏകദൈവ വിശ്വാസം പഠിപ്പിക്കുന്ന അതിലേക്ക് ക്ഷണിക്കുന്ന മതമാണ്‌. ഇതര മതവിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും  ബഹുദൈവാരാധനയില്‍ നിന്നുമെല്ലാം അത് ഏറെ വ്യത്യസ്ഥമാണ്. അതുകൊണ്ടുതന്നെ ഒരു മുസ്‌ലിമിന് അവന്‍റെ ജീവിതത്തില്‍ ഏറ്റവും വിലപിടിപ്പുള്ളത് അവന്‍റെ വിശ്വാസമാണ്. ആ വിശ്വാസത്തിന് കോട്ടം തട്ടുന്ന കാര്യങ്ങളില്‍ നിന്നും അവന്‍ വിട്ടു നില്‍ക്കുക സ്വാഭാവികവും അനിവാര്യവുമാണ്‌. തന്‍റെ വിശ്വാസങ്ങള്‍ മറ്റൊരു മതസ്ഥന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കുക എന്നത് ഇസ്‌ലാമില്‍ നിഷിധവുമാണ്.  മതപരമായ തന്‍റെ വിശ്വാസങ്ങള്‍ ഇതര മതവിശ്വാസികളുടേതുമായി കൂടിക്കലരാതെ സംരക്ഷിക്കത്തക്കവണ്ണം വിശ്വാസപരമായ അടുപ്പവും അകല്‍ച്ചയും അവന്‍ കാത്തുസൂക്ഷിക്കും )...................
..................(ഇതര മത ആചാരങ്ങളില്‍ നിന്നും, അനുഷ്ടാനങ്ങളില്‍ നിന്നും, എന്തിനധികം വസ്ത്രധാരണത്തില്‍പോലും ഒരു മുസ്‌ലിം വ്യതിരിക്തത പുലര്‍ത്തുന്നു. അത് ഇതര മതസ്ഥരോടുള്ള അസഹിഷ്ണുത കൊണ്ടല്ല. അവന്‍റെ വിശ്വാസം നിഷ്കര്‍ഷിക്കുന്നത് കൊണ്ടാണ്. അതുകൊണ്ടുതന്നെ ഇതര മത ആഘോഷങ്ങളില്‍ നിന്നും അനുഷ്ടാനങ്ങളില്‍ നിന്നും ഒരു മുസ്‌ലിം വിട്ടു നില്‍ക്കുക തന്നെ ചെയ്യും).

മറ്റൊരു സഹോദരന്‍ ഉന്നയിച്ച ആരോപണം സുന്നത്തിനെ ദുര്‍വ്യാഖ്യാനിച്ചു എന്നതാണ്. വിയോജിപ്പിന് നല്‍കിയ ടൈറ്റില്‍ തന്നെ: (നബിചര്യയെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ടുള്ള കാഫിര്‍ പ്രീണനം) എന്നതാണ്. നബിചര്യയെ ദുര്‍വ്യാഖ്യാനിക്കുക എന്നത് തന്നെ അതിഗൗരവമുള്ള കാര്യമാണ്. അത് കാഫിറിനെയും കുഫ്റിനെയും പ്രീണിപ്പിക്കാന്‍ വേണ്ടി എന്നാകുമ്പോള്‍ അതിന്‍റെ കാഠിന്യം വര്‍ദ്ധിക്കുന്നു. കുഫ്റിനെ പ്രീണിപ്പിക്കുക എന്നതും അത്യധികം ആപല്കരം. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. സഹോദരന് അല്ലാഹു പൊറുത്ത് കൊടുക്കട്ടെ. 

നബി (സ) ഹിറഖല്‍ ചക്രവര്‍ത്തിക്ക് അയച്ച സന്ദേശത്തില്‍ അയാളുടെ പേരിനോടൊപ്പം  'ഇലാ അളീമി റൂം' എന്ന് ചേര്‍ത്തു എന്നത്, പ്രബോധന സമയത്തെ സൗമ്യമായ ശൈലി എന്ന അര്‍ത്ഥത്തിലും, പ്രബോധിതന്‍ തന്‍റെ സംഭാഷണം സ്വീകരിക്കാന്‍ അനുയോജ്യമായതും അയാളുടെ സ്ഥാനത്തിന് ചേര്‍ന്നതുമായ അഭിസംബോധനം സ്വീകരിക്കുക എന്നതുമാണ്‌ അത് സൂചിപ്പിക്കുന്നത് എന്ന് പറഞ്ഞിരുന്നു. ഇത് ഇമാം നവവി (റ) നല്‍കിയ വിശദീകരണമാണ്. ഇമാം നവവി (റ) പറയുന്നു:


"ولم يقل إلى هرقل فقط بل أتى بنوع من الملاطفة، فقال: عظيم الروم أي الذي يعظمونه ويقدمونه ، وقد أمر الله تعالى بالانة القول لمن يدعى إلى الإسلام، فقال تعالى: ادع إلى سبيل ربك بالحكمة والموعظة الحسنة ، وقال تعالى : فقولا له قولا لينا ...

"അദ്ദേഹം ഹിറഖലിന് എന്ന് മാത്രം പറഞ്ഞ് നിര്‍ത്തിയില്ല, മറിച്ച് വിനയപുരസരമുള്ള ഒരു പ്രയോഗം ഉപയോഗിച്ചുകൊണ്ട് 'അളീമി - റൂം' എന്ന് പറഞ്ഞു. അഥവാ അവര്‍ (റോമുകാര്‍) ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന  വ്യക്തി എന്നര്‍ത്ഥം. ഇസ്ലാമിലേക്ക് ക്ഷനിക്കപ്പെടുന്നയാളെ ഇപ്രകാരം സൗമ്യമായി അഭിസംബോധനം ചെയ്യുക എന്നത് അല്ലാഹു കല്പിച്ചിട്ടുള്ളതാണ്. അല്ലാഹു പറഞ്ഞിരിക്കുന്നു: "യുക്തിദീക്ഷയോടെയും സദുപദേശം കൊണ്ടും നീ നിന്റെ റബ്ബിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷനിക്കുക". അതുപോലെ അവന്‍ പറഞ്ഞു: "നിങ്ങള്‍ ഇരുവരും അവനോട് (ഫിര്‍ഔനോട്) സൗമ്യമായ രീതിയില്‍ സംഭാഷണം നടത്തുക".  - [ശറഹു മുസ്‌ലിം: വോ: 12 പേജ്: 108].


എല്ലാ അവസരത്തിലും എല്ലാ അവിശ്വാസികളെയും ബഹുമാനപ്പെട്ട എന്ന് പറഞ്ഞേ അഭിസംബോധനം ചെയ്യാവൂ എന്നല്ല ഇവിടെ സൂചിപ്പിച്ചത്. മറിച്ച് സമൂഹത്തില്‍ പ്രത്യേകമായ സ്ഥാനമാനങ്ങള്‍ വഹിക്കുന്ന ആളുകളെ, പൊതു മസ്ലഹത്തിന് വേണ്ടിയോ, അയാളെ കൂടുതല്‍ സത്യത്തിലേക്ക് അടുപ്പമുള്ളവനാക്കുന്നതിന് വേണ്ടിയോ, അയാളില്‍ നിന്നും ഫിത്ന ഭയപ്പെടുന്നത് കൊണ്ടോ അപ്രകാരം ഉപയോഗിച്ചാല്‍ അതില്‍ തെറ്റില്ല. അല്ലാതെ അവിശ്വാസി എന്ന അര്‍ത്ഥത്തില്‍ അയാളെ ആദരിക്കുന്നു എങ്കില്‍ അത് തന്‍റെ വിശ്വാസത്തെ തന്നെ ബാധിക്കുന്ന വീഴ്ചയാണ്താനും. മുശ്രിക്കായ എല്ലാ ഭരണകര്‍ത്താക്കളെ അഭിസംബോധനം ചെയ്യുമ്പോഴും ഇതേ ശൈലി സ്വീകരിക്കണം എന്ന ഇമാം നവവി (റ) യുടെ അഭിപ്രായത്തെ ഘണ്ടിച്ച ശേഷം ഇമാം ഇബ്നു ഹജര്‍ (റ) രേഖപ്പെടുത്തുന്നു:


  فَعَلَى هَذَا فَلَا يُحْتَجّ بِهِ عَلَى جَوَاز الْكِتَابَة لِكُلِّ مَلِك مُشْرِك بِلَفْظِ عَظِيم قَوْمه إِلَّا إِنْ احْتِيجَ إِلَى مِثْل ذَلِكَ لِلتَّمْيِيزِ ، وَعَلَى عُمُوم مَا تَقَدَّمَ مِنْ التَّأَلُّف أَوْ مِنْ خَشْيَة الْفِتْنَة يَجُوز ذَلِكَ بِلَا تَقْيِيد وَاللَّهُ أَعْلَمُ

"ഈ ഹദീസില്‍ നിന്നും എല്ലാ മുശ്'രിക്കായ രാജാക്കന്മാരെയും 'അളീമുല്‍ ഖൗം' (ആ സമൂഹത്തിലെ മഹാന്‍) എന്ന് വിളിക്കണം എന്നതിന് തെളിവ് പിടിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ അഭിസംബോധനം ചെയ്യുന്ന ആളെ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ വേണ്ടിയോ, നേരത്തെ സൂചിപ്പിച്ചത് പോലെ അയാളെ അടുപ്പമുള്ളവാനാക്കുവാനോ, ഫിത്ന ഭയപ്പെടുന്നത് കൊണ്ടോ നിരുപാധികം അത് അനുവദനീയമാണ്താനും. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍" - [ഫത്ഹുല്‍ബാരി: 17/ 414].

അഥവാ ബഹുമാനപ്പെട്ട എന്ന് ഒരാളെ സംബന്ധിച്ച് പറഞ്ഞാല്‍ നിരുപാധികം എതിര്‍ക്കപ്പെടേണ്ട ഒന്നല്ല അത്. അതിന്‍റെ സന്ദര്‍ഭവും സമയവും പ്രധാനമാണ്. അഭിസംബോധനം ചെയ്യുന്ന ആളുടെ ഉദ്ദേശവും, അയാള്‍ അത് പ്രയോഗിക്കാന്‍ ഇടയായ കാരണവും എല്ലാം അതിന്‍റെ ഹുക്മിനെ ബാധിക്കും. ഉസൂലുല്‍ ഫിഖ്ഹില്‍ ഒരു അടിസ്ഥാന തത്വമുണ്ട്: الحكم يدور مع علته وجودا وعدما , "ഒരു കാര്യത്തിലെ വിധി, ആ വിധിയുടെ കാരണത്തിന് ആപേക്ഷികമായി നിലകൊള്ളുന്നു. കാരണം ഉണ്ടാകുമ്പോള്‍ അതുണ്ടാകും കാരണം ഇല്ലാതാകുമ്പോള്‍ അതില്ലാതാകും".

നിങ്ങള്‍ രാഷ്ട്രീയ നേതാക്കളെ 'ബഹുമാനപ്പെട്ട' എന്ന് പറയുകയല്ലാതെ അവര്‍ക്ക് ദീന്‍ പറഞ്ഞുകൊടുക്കാറുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം. ഉണ്ട് എന്നതാണ് എന്‍റെ അറിവ്. നേരിട്ട് കണ്ടിട്ടുമുണ്ട്. അവരുടെ തെറ്റിധാരണകളെ അവര്‍ ഉള്ള സദസില്‍ വച്ച് തന്നെ തിരുത്തികൊടുക്കാന്‍ അവസരം കിട്ടിയിട്ടും ഉണ്ട്. ഇതിന്‍റെയെല്ലാം അര്‍ഥം ഈ വിഷയത്തില്‍ അപാകതകള്‍ ഒന്നും തന്നെ സംഭവിക്കുകയില്ല എന്നോ, അപാകതകള്‍ സംഭാവിച്ചിട്ടുണ്ടാവുകയില്ല എന്നോ അല്ല. വ്യക്തികള്‍ ആയാലും സംഘടന ആയാലും അപാകതകളില്‍ നിന്നും ആരും മുക്തരല്ല. അതുകൊണ്ട് അപാകതകളെ സൂക്ഷിക്കുകയും ബോധ്യപ്പെട്ടാല്‍ തിരുത്തുകയും ചെയ്യണം.

ഇനി മുനാഫിഖിനെ സയ്യിദ് എന്ന് വിളിക്കരുത് എന്ന ഹദീസ്. ആ ഹദീസ് വിശദീകരിക്കപ്പെടേണ്ടതുണ്ട്. അല്ലാഹു നിന്ദിച്ചവരായ ഫാസിഖുകളെയും (തെമ്മാടികള്‍, അധര്‍മ്മകാരികള്‍) , മുനാഫിഖുകളെയും (കപടവിശ്വാസികള്‍) സയ്യിദ് (നേതാവ്) അവരെ വാഴ്ത്തുക എന്ന അര്‍ത്ഥത്തില്‍ സയ്യിദ് (നേതാവ്) എന്ന് അഭിസംബോധനം ചെയ്യാന്‍ പാടില്ല.  ഖതാദ, ഇബ്നു ബുറൈദയില്‍ നിന്നും കേട്ടിട്ടില്ല എന്ന കാരണത്താല്‍  ഈ ഹദീസിന്‍റെ സ്വിഹത്തില്‍ പല ഇമാമീങ്ങളും ചര്‍ച്ച നടത്തിയിട്ടുണ്ട് എങ്കിലും പല ഇമാമീങ്ങളും ഈ ഹദീസ് സ്വഹീഹാണ് എന്ന് പ്രസ്ഥാവിച്ചിട്ടുണ്ട്. ശൈഖ് അല്‍ബാനി (റ) ഈ ഹദീസ് സ്വഹീഹാണ് എന്ന് പഠിപ്പിച്ചിട്ടും ഉണ്ട്.

എന്നാല്‍ നിരുപാധികം എല്ലാ സമയത്തും കാഫിറായ ഒരാളെയും 'സയ്യിദ്' എന്ന പദപ്രയോഗം കൊണ്ട് അഭിസംബോധനം ചെയ്യാന്‍ പാടില്ല എന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല എന്ന് ശാരിഹീങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

മുല്ലാ അലീ അല്‍ ഖാരി (റ) ശൈഖ് വലിയ്യുദ്ദീന്‍ അത്തബ്രീസി (റ) വാക്കുകള്‍ എടുത്ത് കൊടുക്കുന്നു:

وفيه إن قول الناس لغير الملة كالحكماء والأطباء مولانا داخل في هذا النهي والوعيد بل هو أشد لورود قوله تعالى مولانا في التنزيل دون السيد

"മില്ലത്തില്‍ പെടാത്ത ചിന്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ചിലര്‍ 'മൗലാനാ' എന്ന് പ്രയോഗിക്കുന്നത് ഈ (ഹദീസിലെ) വിളക്കിലും താക്കീതിലും ഉള്‍പ്പെടുന്നു.  'സയ്യിദ്' എന്ന പദത്തില്‍ നിന്നും വ്യത്യസ്ഥമായി 'മൗലാനാ' എന്ന പദം അല്ലാഹുവിന്‍റെ വചനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടത് കൊണ്ട് അത് കൂടുതല്‍ ഗൗരവപരമാണ്"

ശേഷം മുല്ലാ അലീ അല്‍ ഖാരി (റ) വിശദീകരിക്കുന്നു: 

قلت: إذا كان المراد به تعظيمه فلا شك في عدم جوازه وأما إذا أريد به أحد معاني المولى مما سبق فلا يبعد جوازه لا سيما عند الحاجة والضرورة والمخلص أن يكون على سبيل التورية

"എന്നാല്‍ ഞാന്‍ പറയുന്നത്: അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അവരെ മഹത്വപ്പെടുത്തുക എന്നതാണ് എങ്കില്‍ അത് നിഷിദ്ധമാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ നേരത്തെ പറയപ്പെട്ട 'മൗലാ' എന്ന പദത്തിന്‍റെ അര്‍ത്ഥങ്ങളില്‍ വല്ലതുമാണ് (ഡോക്ടര്‍, ചിന്തകന്‍) ഉദ്ദേശിക്കപ്പെടുന്നത് എങ്കില്‍ അത് അനുവദനീയമാണെന്നത് നിരാകരിക്കാന്‍ സാധിക്കുകയില്ല. പ്രത്യേകിച്ച് അപ്രകാരം പ്രയോഗിക്കേണ്ട ആവശ്യമോ, അനിവാര്യതയോ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍. അത് 'തൗരിയ' എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നതാണ് ശരി" - [مرقاة المفاتيح  : 14 /48]. (തൗരിയ എന്നാല്‍ കേള്‍ക്കുന്നയാള്‍ക്ക് യഥാര്‍ത്ഥ ഉദ്ദേശം വ്യക്തമാകാത്ത രൂപത്തില്‍ പ്രയോഗിക്കപ്പെടുന്ന പ്രയോഗം).

ഇനി 'സയ്യിദ്' പ്രയോഗിക്കുന്നത് സംബന്ധമായ വിലക്ക് 'കറാഹത്ത്' ആണോ അതോ 'ഹറാം' ആണോ എന്നതും ഇമാമീങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.  ഇമാം നവവി (റ) പറയുന്നു:

 " الجمع بين هذه الأحاديث أنه لا بأس بإطلاق " فلان سيد " ، و " يا سيدي " ، وشبه ذلك ، إذا كان المسود فاضلا خيرا ، إما بعلم ، وإما بصلاح ، وإما بغير ذلك . وإن كان فاسقا ، أو متهما في دينه ، أو نحو ذلك : كُره أن يقال " سيد "


"ഈ ഹദീസുകള്‍ പരസ്പരം സംയോജിപ്പിച്ചുകൊണ്ട് മനസ്സിലാക്കാവുന്നത്, ഇന്നയാള്‍ സയ്യിദാണ് (നേതാവ്), യാ സയ്യിദീ (എന്‍റെ നേതാവേ) തുടങ്ങിയ അര്‍ത്ഥ തലങ്ങളില്‍ വിളിക്കപ്പെടുന്നയാള്‍ അറിവുകൊണ്ടോ സല്‍പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ നല്ലയാളും ശ്രേഷ്ഠനും ആണെങ്കില്‍ അതില്‍ തെറ്റില്ല.  എന്നാല്‍ ഫാസിഖോ , ദീനിന്റെ വിഷയത്തില്‍ ആക്ഷേപിക്കപ്പെട്ടവനോ ആണെങ്കില്‍ അവനെ 'സയ്യിദ്' എന്ന് വിളിക്കല്‍ വെറുക്കപ്പെട്ടതാണ്" - [അല്‍അദ്കാര്‍: പേ: 362 ]. അറബി ഭാഷയിലെ സയ്യിദ് എന്ന പദത്തിന്‍റെ വിവിധമായ അര്‍ത്ഥ തലങ്ങളും വിവിധ ഉദ്ദേശങ്ങളും ഇമാം നവവി (റ) വ്യകതമാക്കിയിട്ടും ഉണ്ട്.

തിന്മയില്‍ മുഴുകിയ അധര്‍മ്മകാരികളെയും ദീനിനോടുള്ള കൂറില്‍ സംശയിക്കപ്പെടുന്നവരെയും സയ്യിദ്  (നേതാവ്) എന്ന് വിളിച്ച് അവരെ മഹത്വപ്പെടുത്തുകയും വാഴ്ത്തുകയും ചെയ്യരുത് എന്നതാണ് ഇതിന്‍റെ ഉദ്ദേശം. കാരണം അത് അവരിലെ തിന്മ വ്യാപിക്കാനും കാരണമാകും. അല്ലാഹു നിന്ദിച്ചവരെ മഹത്വവല്‍ക്കരിക്കുവാനും കാരണമാകും. മാത്രമല്ല ശറഇയ്യായി വിയോജിപ്പുള്ള ആളുകളോട് പ്രയോഗിക്കുന്ന വാക്കുകളില്‍ സൂക്ഷ്മത പാലിക്കണം എന്നും ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു.

എന്നാല്‍ അതെ സമയം മഫ്സദത്ത് (ഉപദ്രവം) തടയുന്നതിനോ, പൊതു മസ്ലഹത്തിന് വേണ്ടിയോ സമൂഹത്തില്‍ സ്ഥാനമാനമുള്ള ആളുകളെ 'തലത്തുഫ്' , 'തഅല്ലുഫ്' അഥവാ അവരെ ആകര്‍ഷിക്കുകയും സൗമ്യമായ അഭിസംബോധനം സ്വീകരിക്കുകയും ചെയ്യുക എന്ന അര്‍ത്ഥത്തില്‍ അപ്രകാരം പ്രയോഗിക്കുന്നതില്‍ തെറ്റില്ല താനും. 'ഇലാ അളീമി റൂം' എന്ന വിഷയത്തിന്‍റെ വിശദീകരണത്തില്‍ പണ്ഡിതന്മാര്‍ അത് രേഖപ്പെടുത്തിയത് നാം സൂചിപ്പിച്ചുതാനും.

ഒഫീഷ്യല്‍ കത്തിടപാടുകളിലും, ഇന്ന സ്ഥാപനത്തിന്‍റെ നേതാവ്, ഇന്ന പാര്‍ട്ടിയുടെ നേതാവ്, ഇന്ന കമ്പനിയുടെ നേതാവ് തുടങ്ങിയ അര്‍ത്ഥത്തിലും  'تمييز' (വേര്‍തിരിവിനു) വേണ്ടിയോ, പോലെ സമൂഹത്തില്‍ പ്രയോഗിച്ചുവരുന്ന സ്ഥാനപ്പേര് എന്ന നിലക്കോ, പ്രബോധിതനോടുള്ള 'തലത്ത്വുഫ്', 'തഅല്ലുഫ്'  എന്ന നിലക്കോ മഹത്വവല്‍ക്കരിക്കാന്‍ വേണ്ടിയല്ലാതെ ഒരാള്‍ അപ്രകാരം പ്രയോഗിക്കുന്നതില്‍ തെറ്റില്ലതാനും. മുല്ലാ അലീ അല്‍ ഖാരി (റ) യുടെ വിശദീകരണത്തിലും അതാണ്‌ സൂചിപ്പിച്ചത്.

تمييز എന്ന അര്‍ത്ഥത്തില്‍ 'സയ്യിദ്' എന്ന പ്രയോഗം ഹദീസുകളില്‍ തന്നെ വന്നിട്ടുമുണ്ട്. സ്വഹാബത്തിനെ അതിഥികളായി സ്വീകരിക്കാതിരുന്ന, കുഫാറുകളുടെ ഗോത്രത്തലവനെ തേള്‍ കുത്തിയ സംഭവം ഉദ്ദരിക്കുന്നതില്‍  "അവരുടെ സയ്യിദിനെ തേള്‍ കുത്തി" എന്ന് സ്വഹാബത്ത് ഉദ്ദരിച്ചതായിക്കാണാം. അവരുടെ ഗോത്ര നേതാവ് എന്നതാണ് ഇവിടെ ഉദ്ദേശിച്ചത് تمييز എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്.

ശൈഖ് ഇബ്നു ബാസ് (റ) തുണീശ്യയിലെ ഭരണാധികാരിയായിരുന്ന അല്‍ഹബീബ് ബൂറുഖൈബയില്‍  നിന്നും വിശുദ്ധഖുര്‍ആനിനെയും നബി (സ) യെയും അവഹേളിക്കുന്ന തരത്തിലുള്ള ചില പരാമര്‍ശങ്ങള്‍ മാധ്യമങ്ങളില്‍ കടന്നുവന്നപ്പോള്‍ അദ്ദേഹത്തിന് എഴുതിയ കത്ത് പ്രസിദ്ധമാണ്. അതില്‍ അദ്ദേഹം സ്വീകരിച്ച അഭിസംബോധനത്തില്‍ : അസ്സയ്യിദ് അല്‍ഹബീബ് ബൂറുഖൈബ   എന്നായിരുന്നു പ്രയോഗിച്ചിരുന്നത്. അല്‍ഹബീബ് ബൂറുഖൈബ ഇസ്‌ലാമിക നിയമപ്രകാരം ഭരിച്ചിരുന്ന ആളായിരുന്നില്ല എന്ന് മാത്രമല്ല വിശുദ്ധഖുര്‍ആനിനെയും നബി (സ) യെയും അവഹേളിക്കുന്ന അയാളുടെ പ്രസ്ഥാവന തുനീഷ്യന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴാണ് അദ്ദേഹം ആ കത്ത് എഴുതിയത്. അവിടെ (സയ്യിദ്, മിസ്റ്റര്‍) എന്ന പ്രയോഗത്തിലൂടെ അദ്ദേഹം ഒരിക്കലും ആ വ്യക്തിയെ മഹത്വവല്‍ക്കരിക്കുക എന്നതല്ല ഉദ്ദേശിച്ചത്. മറിച്ച് 'തലത്ത്വുഫ്' പ്രബോധിതനോടുള്ള സൗമ്യമായ അഭിസംബോധനം എന്നത് മാത്രമാണ്. അതില്‍ അദ്ദേഹത്തോട് തന്‍റെ പേരില്‍ വന്ന ആ പ്രസ്ഥാവനകള്‍ പിന്‍വലിക്കണം എന്നും, തൗബ ചെയ്യണം എന്നും, ഇല്ലയെങ്കില്‍ അതിന്‍റെയും അത് പിന്തുടരുന്നവരുടെയും പാപം ചുമക്കേണ്ടി വരുമെന്നും, കുഫ്റിലേക്ക് പുറം കടക്കാന്‍ കാരണമാകുമെന്നും അദ്ദേഹം ഉണര്‍ത്തുന്നുമുണ്ട്.

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) ക്ക് തന്‍റെ നന്ദി അറിയിച്ചുകൊണ്ട്‌ സൗദിയിലെ തുനീഷ്യന്‍ അംബാസഡര്‍ വഴി ഒഫീഷ്യലായിത്തന്നെ ബൂറുഖൈബയുടെ മറുപടിയും വന്നു. ഇതാണ് വളരെ വലിയ തിന്മകളെപ്പോലും എതിര്‍ക്കാന്‍ പണ്ഡിതന്മാര്‍ സ്വീകരിച്ചിരുന്ന ശൈലി. അതുകൊണ്ടുതന്നെ ഇത്തരം പദപ്രയോഗങ്ങള്‍ ഉപയോഗിക്കപ്പെടുന്ന സാഹചര്യങ്ങള്‍ നിര്‍ബന്ധമായും പരിഗണിക്കേണ്ടതുണ്ട്. അതോടൊപ്പം അനാവശ്യമായി ഉപയോഗിക്കുകയും, മഹത്വവല്‍ക്കരിക്കാന്‍ വേണ്ടി പ്രയോഗിക്കുകയും ചെയ്യുന്നതിനെ  സൂക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.

മറ്റൊരു ആരോപണം, ഞാന്‍ ഇബ്നു ബാസ് (റ) യുടെ ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ വിഷയത്തില്‍ ഉള്ള ഉപദേശം കോട്ടിമാറ്റി എല്ലാവര്‍ക്കും ബാധകമാക്കി എന്നതാണ്. വിശുദ്ധഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ചു എന്ന ആരോപണം ഉന്നയിച്ച സഹോദരന്‍റേതു തന്നെയാണ് ഇതും. അല്ലാഹു പൊറുത്ത് കൊടുക്കട്ടെ.  സഹോദരന്‍ എന്‍റെ മേല്‍ കളവ് പറഞ്ഞു എന്ന് ഞാന്‍ കരുതുന്നില്ല. മറിച്ച് ഇത് സഹോദരന്‍റെ വിമര്‍ശനവായനയില്‍ ഉണ്ടായ മറ്റൊരു തെറ്റിദ്ധാരണയാണ്  എന്നും തിരുത്തുമെന്നും ഞാന്‍ മനസ്സിലാക്കുന്നു. ശൈഖ് ഇബ്നു ബാസിന്‍റെ വളരെ ദൈര്‍ഘ്യമുള്ള ഒരു പ്രഭാഷണത്തിലെ സംക്ഷിപ്തമായ ഒരു ഭാഗമാണ് ഞാന്‍ നല്‍കിയിട്ടുള്ളത്. ദാഇമാരെ അഭിസംബോധനം ചെയ്ത് മസ്ജിദുല്‍ ഹറാമില്‍ വെച്ച് സംസാരിച്ച സംസാരം. അതില്‍ ഇസ്‌ലാമിക രാഷ്ട്രങ്ങളെയും പൊതുവായ നിലക്കും  അഭിസംബോധനം ചെയ്യുന്നുണ്ട്. ഞാന്‍ പറഞ്ഞ ഭാഗം എല്ലാ രാജ്യക്കാരെയും ഉദ്ദേശിച്ചുള്ള ഭാഗമാണ്. അത് അതില്‍ത്തന്നെ വ്യക്തമാണ്: 

وهكذا يجب على الدعاة إلى الله سبحانه في جميع الدول أن يعالجوا الأوضاع المخالفة للشرع المطهر بالحكمة والموعظة الحسنة والأسلوب الحسن ، ويتعاونوا مع المسئولين على الخير ويتواصوا بالحق مع الرفق والتعاون مع الدولة بالحكمة حتى لا يؤذي الدعاة وحتى لا تعطل الدعوة ، فالحكمة في الدعوة بالأسلوب الحسن وبالتعاون على البر والتقوى هي الطريق إلى إزالة المنكر أو تقليله وتخفيف الشر 

"അതുപോലെത്തന്നെ എല്ലാ നാട്ടിലുമുള്ള പ്രബോധകര്‍ അതത് നാടുകളില്‍ നിലനില്‍ക്കുന്ന അനിസ്‌ലാമിക കാര്യങ്ങളെ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ യുക്തിദീക്ഷയോടുകൂടിയും  സദുപദേശം കൊണ്ടും നല്ല രീതിയിലുമാണ് അവരത് നിര്‍വഹിക്കേണ്ടത്. അവര്‍ അതത് നാട്ടിലെ അധികാരികളുമായി നന്മയില്‍ സഹകരിക്കുകയും , സൗമ്യമായ സമീപനത്തോടെയും രാജ്യവുമായി സഹകരിച്ചുകൊണ്ടും  നേരായ കാര്യങ്ങള്‍ അന്യോന്യം  ഉപദേശിക്കുകയാണ് ചെയ്യേണ്ടത്. പ്രബോധകര്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാനും, പ്രബോധനം തടസ്സപ്പെടാതിരിക്കാനുമാണത്. പ്രബോധനപ്രവര്‍ത്തനത്തിലെ യുക്തി എന്ന് പറയുന്നത് വളരെ നല്ല രീതിയിലൂടെ നന്മയിലും, തഖ്'വയിലും പരസ്പരം സഹകരിച്ചുകൊണ്ട് തിന്മയെ നീക്കം ചെയ്യാനും, അതല്ലെങ്കില്‍ തിന്മയെ കുറക്കാനും അതുവഴി അതിന്‍റെ ഉപദ്രവം കുറയ്ക്കാനും പരിശ്രമിക്കുക എന്നുള്ളതാണ്." - [ഫതാവ ഇബ്നുബാസ്: 202].
وهكذا يجب على الدعاة إلى الله سبحانه في جميع الدول

'ഇപ്രകാരമാണ് എല്ലാ രാജ്യങ്ങളിലുമുള്ള പ്രബോധകര്‍ ചെയ്യേണ്ടത്' എന്നദ്ദേഹം പറഞ്ഞത് ഇസ്‌ലാമിക രാഷ്ട്രങ്ങളെക്കുറിച്ച് മാത്രമാണ് എന്ന സഹോദരന്‍റെ കണ്ടെത്തല്‍ ശരിയല്ല. അപ്രകാരം അദ്ദേഹത്തിന്‍റെ സംസാരത്തില്‍ നിന്നും ലഭിക്കുകയുമില്ല. മറിച്ച് അത് എല്ലാ നാട്ടിലുമുള്ള പ്രബോധകര്‍ക്ക് കൂടുതല്‍ സമാധാനപരമായും, സുരക്ഷയോടെയും പ്രബോധനം ചെയ്യാന്‍ ശൈഖ് നല്‍കുന്ന ഉപദേശമാണ്. ഇനി ശൈഖ് ഈ ഒരു സന്ദര്‍ഭത്തില്‍ മാത്രമല്ല ഈ ഒരുപദേശം നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്‍റെ മുസ്‌ലിം ന്യൂനപക്ഷങ്ങളെക്കുറിച്ച് സംസാരിക്കുന്നതായ മറ്റൊട്ടനേകം സംസാരങ്ങളിലും ഇത് കാണാം. ഈയടുത്ത് ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ് (ഹഫിദഹുല്ലയും) ഇത് വ്യക്തമാക്കിയിട്ടുണ്ട്.  മാത്രമല്ല ആരോപണവിധേയമായ ശൈഖിന്‍റെ സംസാരത്തില്‍ അവസാനഭാഗത്ത് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കൂടി നോക്കുക: 

الذي أنصح به إخواني في هذه البلاد وفي كل مكان أن يتحروا طريقة المصطفى عليه الصلاة والسلام ، وطريقة أصحابه رضي الله عنهم في القول والعمل ، ويكونوا أسوة صالحه في أقوالهم وأعمالهم وأن يبدءوا بأنفسهم في كل خير وفي ترك كل شر حتى يكونوا قدوة عملية في أعمالهم وأحوالهم وأخلاقهم ورفقهم ورحمتهم وإحسانهم ، وأن يحرصوا دائما أن يتحروا في الأمر ، وأن يكون خطؤهم في العفو والرفق أولى من خطئهم في الشدة. 

"ഈ രാജ്യത്തും, എല്ലാ നാടുകളിലുമുള്ള എന്‍റെ സഹോദരങ്ങളെ ഞാന്‍ ഉപദേശിക്കുന്നത് നബി (സ) യുടെ രീതി സ്വാംശീകരിക്കാനാണ്. അദ്ദേഹത്തിന്‍റെ സ്വഹാബത്തിന്‍റെയും. അത് വാക്കിലാകട്ടെ, പ്രവര്‍ത്തിയിലാകട്ടെ. തങ്ങളുടെ വാക്കുകളിലും പ്രവര്‍ത്തികളിലും അവര്‍ നല്ല മാതൃകയാകണം. നന്മ ചെയ്യുന്നതിലും, തിന്മ വര്‍ജിക്കുന്നതിലും അവര്‍ സ്വന്തത്തില്‍ നിന്നും തുടങ്ങട്ടെ. തങ്ങളുടെ പ്രവര്‍ത്തനങ്ങളിലും, അവസ്ഥയിലും, സ്വഭാവത്തിലും, സൗമ്യമായ സമീപനത്തിലും, കാരുണ്യത്തിലും, നന്മ ചെയ്യുന്നതിലും അവര്‍ പ്രായോഗിക തലത്തിലുള്ള മാതൃകയാവട്ടെ. ഈ കാര്യത്തില്‍ വളരെയധികം സൂക്ഷ്മത പുലര്‍ത്താന്‍ അവര്‍ അങ്ങേയറ്റം പ്രയത്നിക്കട്ടെ. സൗമ്യമായ  സമീപനവും വിട്ടുവീഴ്ചയും സ്വീകരിക്കുക വഴി വീഴ്ച സംഭവിക്കുന്നതാണ്, കഠിനമായ സമീപനം സ്വീകരിക്കുക വഴി വീഴ്ച സംഭവിക്കുന്നതിനേക്കാള്‍ അവര്‍ക്ക്  നല്ലത്." - [http://www.binbaz.org.sa/article/202]. ഇനി അതിന്‍റെ അവസാനത്തില്‍ പ്രാര്‍ഥിക്കുമ്പോഴും "എല്ലാ നാട്ടിലുള്ള പ്രബോധകരെയും പണ്ഡിതന്മാരെയും ഏറ്റവും നല്ലതും ഏറ്റവും സന്മാര്‍ഗപൂരിതവുമായ മാര്‍ഗത്തിലേക്ക് അല്ലാഹു തൗഫീഖ് നല്‍കട്ടെ എന്ന് അദ്ദേഹം പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഞാന്‍ എടുത്ത് കൊടുത്ത ഭാഗം അദ്ദേഹം ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ മാത്രം വിഷയത്തില്‍ മാത്രം പറഞ്ഞതല്ല. അത് ആര്‍ക്കും പരിശോധിക്കാവുന്നതുമാണ്. 

ഇന്‍ ശാ അല്ലാഹ് അല്ലാഹു തൗഫീഖ് ചെയ്യുകയാണ് എങ്കില്‍ ആ പ്രഭാഷണം മുഴുവന്‍ വിവര്‍ത്തനം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്. കാരണം ഒരുപാട് കാര്യങ്ങള്‍ അതില്‍ പഠിക്കേണ്ടതായുണ്ട്.

ഏതായാലും ഇതരമതസ്ഥരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും ആഘോഷങ്ങളുമെല്ലാം  ആശംസിക്കുകയും അതിനോട് കൂറ് പുലര്‍ത്തുകയും   ചെയ്തുകൊണ്ട് ശറഇന്‍റെ അതിര്‍വരമ്പുകളെ കാറ്റില്‍ പറത്തുന്നവര്‍ ഒരുവശത്തും , മറുപടി എഴുതിയ സഹോദരന്‍ തന്നെ സൂചിപ്പിച്ചത് പോലെ മാനുഷികമായ ബന്ധങ്ങള്‍ പോലും വിച്ചേദിക്കപ്പെടുമാറ് ചിലര്‍ അതിരുകവിയുകയും ചെയ്യുമ്പോള്‍ അവിടെ തിരോധാനം ചെയ്യപ്പെടുന്നത് തങ്ങളെ അക്രമിക്കുകയോ, തങ്ങളോട് അനീതി കാണിക്കുകയോ ചെയ്യാത്തവരോട്  മാനുഷികമായ കാരുണ്യവും, നന്മയും ചെയ്യുന്നതോടൊപ്പം വിശ്വാസപരമായ കാര്യങ്ങളില്‍ ശക്തമായ വിയോജിപ്പ്‌ രേഖപ്പെടുത്തുക എന്ന നീതിപൂര്‍വകമായ തത്വമാണ്. അല്ലാഹു യുക്തിദീക്ഷയോടെയും സടുപദേശത്തോടെയും പ്രബോധനം ചെയ്യുന്നവരില്‍ നമ്മെ ഉള്‍പ്പെടുത്തുമാറാകട്ടെ. തെറ്റിദ്ധരിക്കപ്പെട്ടവരോ അറിവില്ലാത്തവരോ ആയ ബഹുദൈവാരാധനയില്‍ അകപ്പെട്ടുപോയ ആളുകള്‍ക്ക്  സത്യത്തിന്‍റെയും ഏകദൈവവിശ്വാസത്തിന്‍റെയും മധുരം സൗമ്യമായ ഭാഷയില്‍ പകര്‍ന്നു നല്‍കാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ..