Sunday, September 11, 2016

വിയോജനക്കുറിപ്പിനോടുള്ള പ്രതികരണം. ഭാഗം രണ്ട്.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد ؛

السلام عليكم ورحمة الله
സ്നേഹപൂര്‍വ്വം ...

വിയോജനക്കുറിപ്പിലെ പല കാര്യങ്ങളും ഇപ്പോഴാണ് ശ്രദ്ധിച്ചത്. കാര്യങ്ങള്‍ പലതും ഇടകലര്‍ത്തി എഴുതിയിട്ടുണ്ട്. കൂടെ അറിഞ്ഞോ അറിയാതെയോ പല കാര്യങ്ങളും അമിതമായി ഗവേഷണം നടത്തി ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലാത്ത അര്‍ത്ഥ തലങ്ങളിലേക്ക് കൊണ്ടുപോയി വിമര്‍ശിക്കുന്നുമുണ്ട്. നല്ല ഉദ്ദേശത്തോടെ എഴുതിയതാവാം, പക്ഷെ പൊതുവിഷയമായതു കൊണ്ട് പദപ്രയോഗങ്ങളുടെയും തന്‍റെ ലേഖനത്തിലെ അപാകതകളുടെയും വില നല്‍കേണ്ടി വരുന്നത് മുഴുവന്‍ മുസ്‌ലിം സമൂഹമായിരിക്കും എന്നത് ഞാനും ലേഖകനും തീര്‍ച്ചയായും ചിന്തിക്കേണ്ടതാണ്.

ഇതരമതസ്ഥരോട് 'സഹോദരാ , ബഹുമാനപ്പെട്ട' തുടങ്ങിയ പദങ്ങളെ സംബന്ധിച്ചുള്ള പരാമര്‍ശം ലേഖനത്തില്‍ കടന്നുവന്നതാണ്. അഥവാ മനപ്പൂര്‍വം ഉദ്ദേശിച്ചതല്ല എന്നതാണ് സഹോദരന്‍റെ വിശദീകരണം..  ആയിരിക്കാം.. പക്ഷെ സമൂഹത്തില്‍ അതുണ്ടാക്കുന്ന ഇമ്പാക്റ്റ് ഊഹിച്ചിട്ടുണ്ടോ ?. നിങ്ങള്‍ എഴുതുന്ന ലേഖനങ്ങള്‍ വായിക്കുന്നത് നിങ്ങളുടെ ചുറ്റും കൂടിയിട്ടുള്ള ഒരുപറ്റം ആളുകള്‍ മാത്രമാണോ ?!. ഒരിക്കലുമല്ല.   ഒരുപക്ഷെ സഹോദരന്‍ ശ്രദ്ധിചിട്ടുണ്ടാവില്ല, താങ്കളുടെ കൂടെയുള്ള പലരും ആ കാര്യമാണ് 'വലാഉം ബറാഉം' പാലിക്കുന്നവനും പാലിക്കാത്തവനും തമ്മിലുള്ള അളവുകോലായി കണക്കാക്കുന്നത്. അത് ഏത് സാഹചര്യത്തില്‍ എന്ത് അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നു എന്ന സാമാന്യമായ പരിഗണന പോലും ഇവര്‍ നല്‍കാറില്ല. ധനമന്ത്രി തോമസ്‌ ഐസക് സാറിന്‍റെ സാമ്പത്തിക വിഷയത്തിലെ ഒരു ലേഖനത്തിന് നിരൂപണം എഴുതിയപ്പോള്‍ അതില്‍ 'ബഹുമാനപ്പെട്ട' എന്ന് എഴുതിയതിന് താങ്കളുടെ അനുഭാവികളും, ഇന്ന് താങ്കളുടെ എഴുത്തുകളും പ്രസംഗങ്ങളും പ്രചരിപ്പിക്കുന്നവരുമായ ആളുകള്‍ എനിക്കയച്ച മെസേജുകള്‍ അതിന്‍റെ ഒരുദാഹരണം മാത്രമായിരുന്നു. അതെല്ലാം താങ്കളുടെ മേല്‍ കെട്ടിവെക്കുകയോ, അതിനെല്ലാം ഉത്തരവാദി താങ്കളാണ് എന്ന് പറയുകയോ അല്ല, മറിച്ച് ഇതൊരു സാമൂഹിക പ്രശ്നമാണ്. താങ്കള്‍ തന്നെ തുറന്നെഴുതിയ അതിരുകവിയല്‍. അതിന്‍റെ ഉപോല്‍ഭലകമായി തങ്ങള്‍ക്ക് അനുകൂലിക്കാന്‍ സാധിക്കാത്തവരുടെ ന്യൂനതകള്‍ മാത്രം പ്രബോധന വിഷയമാകുന്നു. വാക്കുകള്‍ അത് പരാമര്‍ശിച്ച തലങ്ങളില്‍ നിന്നും മാറ്റി വ്യാഖ്യാനിക്കപ്പെടുന്നു. ശേഷം, ജൂതചാരന്‍, സ്വാഹിബുല്‍ ഹവ, മുബ്തദിഅ്, ഹിസ്ബി തുടങ്ങിയ വാല്‍ക്കഷ്ണങ്ങള്‍ പിറകെ വരുന്നു.   അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ. ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ കൂടുതല്‍ അടുത്ത് നില്‍ക്കുന്നവരോടാണ് കൂടുതല്‍ അടുപ്പം ഉണ്ടാകേണ്ടത് എന്നാ താങ്കളുടെ നിര്‍ദേശം വിശാലമനസ്കതയോടെ സ്വീകരിക്കുന്നു. പാലിക്കാന്‍ ശ്രമിക്കാറുമുണ്ട്. അത് എന്നോട് ആവശ്യപ്പെട്ടത് പോലെ കൂടെയുള്ളവര്‍ക്ക് കൂടി പറഞ്ഞു കൊടുക്കണം എന്ന് അപേക്ഷ.  

ഞാന്‍ കൂടെയുള്ള പലരെയും വിമര്‍ശിക്കുന്നില്ല എന്നതാണ് ലേഖനത്തിലെ മറ്റൊരു വലിയ പരാതി. ഈ വിഷയത്തില്‍ അതിര് കവിഞ്ഞവര്‍ ഉണ്ട് എന്നത് സഹോദരന്‍ ലേഖനത്തില്‍ സമ്മതിക്കുകയും ചെയ്യുന്നു. സഹോദരന്‍ ഉദ്ദേശിച്ചവര്‍ ആരൊക്കെയാണ് ?!. അതില്‍ അലസത വരുത്തി എന്ന പേരില്‍ താന്‍ അംഗീകരിക്കാത്തവരുടെയെല്ലാം പേരുകള്‍ പരാമര്‍ശിച്ച് എഴുതിയ തന്‍റെ ലേഖനത്തില്‍ ഈ അതിര് കവിച്ചിലുകാരുടെ ആരുടേയും പേരില്ല. അവര്‍ സ്വന്തം ഭാഗത്ത് ഉള്ളവരാണ് എന്നതിനാലാണോ ?!. അറിയില്ല. ഏതായാലും ഈ അതിരുകവിച്ചില്‍ ഒരു പ്രശ്നമാണ്. പ്രബോധനത്തെ മുടക്കുന്ന ഇസ്‌ലാമിന്‍റെ യഥാര്‍ത്ഥ സന്ദേശത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രശ്നം. ഒരുവശത്ത് ബഹുദൈവാരാധനകളോടും, ആചാരങ്ങളോടും, ആഘോഷങ്ങളോടുമെല്ലാം സമരസപ്പെടുമ്പോള്‍ മറ്റൊരു വശത്ത് ഇസ്‌ലാം പഠിപ്പിച്ച മാനുഷിക മൂല്യങ്ങള്‍ വരെ നിരാകരിക്കപ്പെടുന്നു. രണ്ടും എതിര്‍ക്കപ്പെടേണ്ടത് തന്നെ.

സ്നേഹം എന്നത് വിവിധ തലങ്ങളില്‍ ഉണ്ട്. അത് ആ പദത്തിന്‍റെ വ്യാപ്തിയാണ്. അതില്‍ മനുഷ്യ സൃഷ്ടിപ്പില്‍ത്തന്നെ അടങ്ങിയതായ طبعي ആയ അഥവാ പ്രകൃതിപരമായി മനുഷ്യന്‍റെ സൃഷ്ടിപ്പില്‍ അടങ്ങിയ അടുപ്പം ഉണ്ട്. തന്‍റെ ജന്മനാട്, തന്‍റെ അയല്‍വാസികള്‍, താന്‍ കച്ചവടത്തിലോ മറ്റോ ഇടപഴകുന്നവര്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍, തന്‍റെ ഗോത്രം, ഒരേ ഭാഷക്കാര്‍ ദേശക്കാര്‍, ഒപ്പം ജോലി ചെയ്യുന്നവര്‍, ഇങ്ങനെ ഇവര്‍ പരസ്പരം ഉണ്ടാകുന്ന മാനുഷികമായ അടുപ്പം ഈ പറഞ്ഞ അടുപ്പമാണ്. വിശ്വാസത്തിന് കോട്ടം തട്ടാത്ത രൂപത്തില്‍ ഉണ്ടാകുന്ന ഈ മാനുഷിക ബന്ധം ഇസ്‌ലാം വിലക്കിയിട്ടില്ല. അഥവാ ഇസ്‌ലാം വിലക്കിയ സ്നേഹവും അടുപ്പവും അതല്ല. മതപരമായി ഉണ്ടാകേണ്ട 'അടുപ്പത്തിനും അകല്‍ച്ചക്കും' ഈ സ്വാഭാവിക ബന്ധങ്ങള്‍ കോട്ടം തട്ടിക്കുംമ്പോള്‍ മാത്രമാണ് അവ വിരോധിക്കപ്പെടുന്നത്. നബി (സ) ക്ക് തന്‍റെ പിതൃവ്യനോട് ഉണ്ടായിരുന്നത് ഈ അടുപ്പമായിരുന്നു. 

إنك لا تهدي من أحببت "താങ്കള്‍ ഇഷ്ടപ്പെടുന്നവരെ താങ്കള്‍ക്ക് ഹിദായത്തിലാക്കാന്‍ കഴിയില്ല" എന്ന ആയത്തിന്‍റെ പശ്ചാത്തലത്തില്‍ നബി (സ) കാഫിറിനെ സ്നേഹിച്ചു എന്നല്ല പഠിപ്പിക്കുന്നത്, മറിച്ച് അദ്ദേഹത്തിന്‍റെ പിതൃവ്യന്‍ എന്ന നിലക്ക് അദ്ദേഹത്തിന് അബൂ ത്വാലിബിനോടുള്ള സ്നേഹം അതാണ്‌ അവിടെ പരാമര്‍ശിച്ചിരിക്കുന്നത്. മാത്രമല്ല അബൂ ത്വാലിബ്‌ നബി (സ) യെ സംരക്ഷിച്ചതിലുള്ള സ്നേഹവും കടപ്പാടും അദ്ദേഹത്തോട് നബി (സ) ക്ക് ഉണ്ടായിരുന്നു. ഇത് മനുഷ്യന് മനുഷ്യനോട് ഉണ്ടാകുന്ന സ്വാഭാവിക ബന്ധമാണ്. 

"അബൂത്വാലിബ്‌ മരിച്ചപ്പോള്‍ ഖുറൈശികള്‍ അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ചെയ്യാന്‍ മടിച്ചിരുന്ന പല രൂപത്തിലുള്ള ഉപദ്രവങ്ങളും നബി (സ) ക്ക് നേരെ നടത്തി." - [സീറതു ഇബ്നു ഹിഷാം: 2/46].

ഇവിടെ അബൂത്വാലിബിനോട് നബി (സ) ക്കും തിരിച്ച് അബൂത്വാലിബിന് നബിയോടും ഉണ്ടായിരുന്ന സ്നേഹം പ്രകൃതിപരമായ സ്നേഹമായിരുന്നു. ശറഇയ്യായ വിശ്വാസത്തിന്‍റെ പേരിലുള്ള സ്നേഹം ആയിരുന്നില്ല. ഇത് ഇമാം ഇബ്നു കസീര്‍ (റ) വ്യക്തമാക്കുന്നുണ്ട്: "അബൂത്വാലിബ്‌ നബി (സ) സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തോട് കഠിനമായ സ്നേഹവും അദ്ദേഹത്തിന്‍റെ കൂടെ നില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് പ്രകൃതിപരമായ സ്നേഹമായിരുന്നു. ശറഇയായ സ്നേഹമായിരുന്നില്ല." - [ഇബ്നു കസീര്‍: അല്‍ഖസസ്: 56].

എന്നാല്‍ ഒരു വിശ്വാസിയും മറ്റൊരു വിശ്വാസിയും തമ്മിലുള്ള സ്നേഹബന്ധവും, അടുപ്പവും അതിലുപരി കടപ്പാടുകളും എല്ലാം ഇതിലും എത്രയോ വലുതാണ്‌. അവര്‍ ഒരൊറ്റ ശരീരം പോലെയാണ് എന്നതാണ് നബി (സ) പഠിപ്പിച്ചത്. അത് കൂടി മനസ്സിലാക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഈ കാര്യം കൂടി മനസ്സിലാക്കാന്‍ സാധിക്കൂ.

തന്‍റെ ആദര്‍ശത്തോട് ശത്രുതയും അനീതിയും വച്ച് പുലര്‍ത്താതിരുന്ന അബൂത്വാലിബിനോട് സ്വീകരിച്ച സമീപനം ആയിരുന്നില്ല അബൂലഹബിനോടും അബൂ ജഹലിനോടും ഉണ്ടായിരുന്നത്. അവര്‍ ശത്രുതയും അനീതിയും വച്ച് പുലര്‍ത്തിയിരുന്നവരായിരുന്നു. എല്ലാവരോടും ഒരേ സമീപനമല്ല സ്വീകരിക്കേണ്ടത് എന്നത് ഇതില്‍ നിന്നുതന്നെ മനസ്സിലാക്കാം.

വിശ്വാസത്തിന്‍റെ പേരില്‍ ഉണ്ടാകുന്ന സ്നേഹബന്ധവും അകല്‍ച്ചയും, മാനുഷികമായി ഉണ്ടാകുന്ന ബന്ധവും അകല്‍ച്ചയും തമ്മില്‍ ഉള്ള വ്യത്യാസം മനസ്സിലാക്കാത്തതാണ് ലേഖകന്‍റെ കുഴപ്പം. ഒന്ന് അവന്‍റെ സൃഷ്ടിപ്പില്‍ തന്നെ അടങ്ങിയതാണ്. മൃഗങ്ങള്‍ക്കിടയില്‍ പോലും അതുണ്ട്. ആ പ്രകൃതിപരമായ സ്നേഹം തന്നെയാണ് മറ്റൊരര്‍ത്ഥത്തില്‍ കാരുണ്യം എന്നും പറയപ്പെടുന്നത്. അല്ലാഹു ജീവജാലങ്ങള്‍ക്ക് നല്‍കിയ ഗുനവിശേഷണങ്ങളില്‍ ഒന്നാണത്.  മറ്റൊന്ന് അവന്‍റെ വിശ്വാസത്തിന്‍റെയും ഈമാനിന്‍റെയും ഭാഗമായി ആര്‍ജിക്കുന്നതാണ്.  ഒന്ന് അവിശ്വാസികളുമായി ഉണ്ടാകുന്നതിനെ ഇസ്‌ലാം വിലക്കുന്നുവെങ്കില്‍, മറ്റൊന്ന് അവരുമായി ഉണ്ടാകുന്നത് വിശ്വാസത്തിന് കോട്ടം തട്ടാത്തിടത്തോളം വിലക്കുന്നില്ല. അതുകൊണ്ടുതന്നെ അവനോടുള്ള വെറുപ്പും വിയോജിപ്പും ആദര്‍ശതലത്തിലാണ്. അവനില്‍ നിന്ന് എപ്പോള്‍ കുഫ്ര്‍ നീങ്ങുന്നുവോ അപ്പോള്‍ ആ വിയോജിപ്പ്‌ നീങ്ങുകയും ചെയ്യും. അതല്ലാതെ മാനുഷികമായ അര്‍ത്ഥതലത്തിലും അത് ബാധകമാണ് എങ്കില്‍ അവന് പുണ്യം, ചെയ്യുന്നതും അവനോട് നല്ല രൂപത്തില്‍ വര്‍ത്തിക്കുന്നതും അവനോട് കരുണ കാണിക്കുന്നതും എല്ലാം വിലക്കപ്പെടുമായിരുന്നു.

ഇവിടെയാണ്‌ പൊതുസമൂഹം ഇസ്‌ലാമിനെയും അതിന്‍റെ ആദര്‍ശത്തെയും തെറ്റിദ്ധരിക്കും വിധം സഹോദരന്‍ കാര്യങ്ങള്‍ കൂട്ടിക്കുഴക്കുന്നത്. സ്വാഭാവിക മനുഷ്യബന്ധങ്ങളെയും വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലുള്ള ബന്ധങ്ങളെയും ഒരേ നാണയത്തില്‍ അളക്കുന്നത് ആണ് പ്രശ്നം. സത്യനിഷേധത്തെയും സത്യനിഷേധികളെയും അവരിലുള്ള നിഷേധത്തിന്‍റെ പേരിലാണ് വെറുക്കുന്നത്. ആ വിയോജിപ്പും വെറുപ്പും സ്ഥായിയാണ്. എന്നാല്‍ അത് മാനുഷികബന്ധങ്ങളില്‍ വെറുപ്പ് കാണിക്കാനോ, അവരോട് മോശമായി പെരുമാറാനോ കാരണമാകുന്നില്ല. ഇത് കാപട്യമില്ലാത്ത നിലപാടാണ്. എന്നാല്‍ മനസ്സില്‍ ഒന്നും , പുറത്ത് വേറൊന്നും കാണിക്കുക എന്ന സഹോദരന്‍ സൂചിപ്പിച്ച നിലപാട് ഒരര്‍ത്ഥത്തില്‍ വഞ്ചനയാണ്. അതിലുപരി അത് എല്ലാവര്‍ക്കും സാധിക്കുകയുമില്ല. അതുകൊണ്ടുതന്നെയാണ് നേര്‍ക്കുനേരെയുള്ളവര്‍ സഹോദരനെപ്പോലെയുള്ളവരുടെ ക്ലാസുകള്‍ കേട്ട് അതിരുകവിയുന്നതും.

സാന്ദര്‍ഭികമായി സൂചിപ്പിക്കേണ്ട ഒരു വിഷയം പ്രകൃതിപരമായ ബന്ധങ്ങള്‍ കാരണം ഉണ്ടാകുന്ന കാര്യങ്ങളും, വിശ്വാസപരമായ കാര്യങ്ങളും പരസ്പരം കലര്‍ത്തി മഹതി ഉമ്മുല്‍ മുഅമിനീന്‍ ആഇശാ (റ) ക്കെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ ശിയാക്കള്‍ ശ്രമിച്ചിട്ടുണ്ട്. ഭാര്യാഭര്‍തൃ ബന്ധം എന്ന നിലക്ക് നബി (സ) യോട് ആഇശാ (റ) ക്കുണ്ടായ ചില സന്ദര്‍ഭങ്ങളെ പ്രവാചകനോട് അങ്ങനെ ചെയ്യുക എന്നത് കുഫ്ര്‍ ആണ്, അതുകൊണ്ട് അവര്‍ കാഫിറാണ് എന്ന് ദുര്‍വ്യാഖ്യാനിക്കുകയാണ് ശിയാക്കള്‍ ചെയ്തത്. യഥാര്‍ത്ഥത്തില്‍ ആ കാര്യങ്ങള്‍ ഒരു വിശ്വാസി പ്രവാചകനോട് ഉണ്ടായ സമീപനം എന്ന നിലക്കല്ല, ഭാര്യ ഭര്‍ത്താവിനോട് എന്ന നിലക്കാണ് വായിക്കേണ്ടത്. അയല്‍പക്കം, കൂടെ ജോലി ചെയ്യുന്നവര്‍ എല്ലാവരുമായി ഉണ്ടാകുന്ന മനുഷ്യസഹചമായ ഇടപെടലുകള്‍ എടുക്കേണ്ടതും, വിശ്വാസിയും കാഫിറും എന്ന നിലക്കല്ല, കച്ചവടക്കാരനും കച്ചവടക്കാരനും, അയല്‍വാസിയും അയല്‍വാസിയും, മലയാളിയും മലയാളിയും എന്നീ അര്‍ത്ഥതലങ്ങളിലാണ്. എന്നാല്‍ അവിടെ വിശ്വാസപരമായ കാര്യങ്ങളില്‍ ഉള്ള അകല്‍ച്ചയും ബന്ധവിച്ചേദനവും നിലനിര്‍ത്തുകയും വേണം. വിശ്വാസപരമായ ബന്ധവും മാനുഷികമായ ബന്ധവും വൈരുദ്ധ്യാധിഷ്ടിതമായി വരുമ്പോള്‍ അവിടെ വിശ്വാസപരമായ ബന്ധത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യണം.

വിശ്വാസത്തിന് കോട്ടം തട്ടുന്ന ആത്മബന്ധം ഒരു വിശ്വാസിയും അവിശ്വാസിയും തമ്മില്‍ ഉണ്ടാകാന്‍ പാടില്ല. "ഒരാള്‍ തന്‍റെ ഉറ്റമിത്രത്തിന്‍റെ മതത്തിലായിരിക്കും, അതുകൊണ്ട് ഉറ്റമിത്രമായി സ്വീകരിക്കുന്നത് ആരെയെന്ന് ഓരോരുത്തരും നോക്കിക്കൊള്ളട്ടെ". - [മുസ്നദ് അഹ്മദ്: 8015]. ഇവിടെ മാനുഷികമായ ബന്ധം വിശ്വാസത്തിന് വരെ കോട്ടം തട്ടുന്ന ആത്മബന്ധമായി മാറരുത് എന്ന് നബി (സ) പഠിപ്പിക്കുന്നു. ബഹുദൈവരാധന എന്ന മഹാപാപത്തില്‍ നിന്നും ഭയക്കുന്ന വിശ്വാസിക്ക് ആദര്‍ശപരമായി സമരസപ്പെടുന്ന ബന്ധം ഒരിക്കലും അവരുമായി ഉണ്ടായിക്കൂട. അതിന് തന്‍റെ ബന്ധങ്ങള്‍ ഇടവെക്കാനും പാടില്ല. അത് മാതാപിതാക്കള്‍ ആണെങ്കിലും സഹോദരങ്ങള്‍ ആണെങ്കിലും. അവര്‍ ശിര്‍ക്ക്, അധര്‍മ്മം തുടങ്ങിയവ  ചെയ്യാന്‍ കല്‍പിച്ചാല്‍ ചെയ്യരുത് അതിനി മുസ്‌ലിംകളായ മാതാപിതാക്കളാണ് അധര്‍മ്മത്തിന് പ്രേരിപ്പിക്കുന്നത് എങ്കിലും അപ്രകാരം തന്നെ,  എന്നാല്‍ ഭൗതിക കാര്യങ്ങളില്‍ അവരോട് നല്ല നിലക്ക് അനുവര്‍ത്തിക്കുക എന്ന വിശുദ്ധ ഖുര്‍ആനിന്‍റെ അധ്യാപനം ഇവിടെ പ്രസക്തമാണ്.

സഹിഷ്ണുത, അസഹിഷ്ണുത എന്നതുകൊണ്ട്‌ ഞാന്‍ ഉദ്ദേശിച്ചത് എന്ത് എന്ന് ആര്‍ക്കും മനസ്സിലാകും. ഇനി മനസ്സിലായില്ലെങ്കില്‍ ഞാന്‍ ഉദ്ദേശിച്ചത് അവരുമായി മാനുഷികമായി ഉണ്ടാകേണ്ട ബന്ധം വിച്ചേദിക്കുക, അതല്ലെങ്കില്‍ അവരോട് ഉണ്ടായിരിക്കണം എന്ന് ശറഅ് കല്പിച്ച സമീപനങ്ങളും കടപ്പാടുകളും പോലും നിഷേധിക്കുക എന്നതാണ്. ആ പദത്തെ ഇംഗ്ലീഷിലേക്ക് മാറ്റി, അതിന്‍റെ അര്‍ത്ഥ തലങ്ങളെല്ലാം ലേഖനത്തിന്‍റെ പശ്ചാത്തലത്തിലേക്ക് കൊണ്ടുവന്ന് പിന്നെ അതിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുക എന്നത് ഒരിക്കലും ലേഖകനെപ്പോലുള്ള ഒരാള്‍ക്ക് ചേര്‍ന്നതല്ല. അതുപോലെത്തന്നെയാണ് നമ്പൂരിയുടെ ഉദാഹരണത്തെക്കുറിച്ച് ഉള്ള വിശദീകരണവും. സഹോദരന്‍ സൂചിപ്പിച്ച അര്‍ത്ഥത്തിലാണ് എങ്കില്‍ അതൊരു വീഴ്ച തന്നെയാണ്. എന്നാല്‍ ഓരോ ആളുകള്‍ക്കും അവരുടെ വിശ്വാസത്തിനും അതില്‍ അധിഷ്ടിതമായ കര്‍മ്മങ്ങളോടും തങ്ങളുടേതായ നിലപാടുകള്‍ ഉണ്ട്. ആ നിലപാടുകള്‍ അസഹിഷ്ണുത കൊണ്ട് ഉണ്ടാകുന്നതല്ല താന്‍ ഉള്‍ക്കൊള്ളുന്ന ആദര്‍ശത്തില്‍ നിന്നും ഉടലെടുക്കുന്നതാണ് എന്നെ ഉദ്ദേശിച്ചുള്ളൂ. അതല്ലാതെ നമ്പൂരിയായ ആള്‍ക്കും 'വലാഉം ബറാഉം' ഉണ്ട് എന്നും, മുസ്‌ലിമിന്‍റെ 'വലാഉം ബറാഉം' അതേ അര്‍ത്ഥത്തില്‍ ഉള്ളതാണ് എന്നും സൂചിപ്പിക്കാന്‍ വേണ്ടിയല്ല. സാധാരണക്കാരന് ലളിതമായി മനസ്സിലാവാന്‍ ഒരു ഉദാഹരണം പറഞ്ഞു എന്നേ ഉള്ളൂ. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

സഹോദരന്‍റെ ലേഖനത്തിലെയും, പ്രസംഗങ്ങളിലെയും ഓരോ പരാമര്‍ശങ്ങളും എടുത്ത് അതിലെ ന്യായാന്യായങ്ങള്‍ സൂക്ഷ്മമായി ഇഴകീറി പരിശോധിച്ച് എഴുതാനും, അതിലെ കുഴപ്പങ്ങള്‍ കാണിക്കാനും അറിയാത്തത് കൊണ്ടല്ല. സമൂഹത്തിന്‍റെ പൊതുനന്മ ആഗ്രഹിക്കുന്നതിനാലും, ഇത്രയും പ്രശ്നകലുഷിതമായ ഒരു സാഹചര്യത്തില്‍ ഉണ്ടാകേണ്ടതല്ല എന്ന തിരിച്ചറിവ് ഉള്ളതിനാലും ആണ് അതിന് പരിശ്രമിക്കാത്തത്.

അല്ലാഹുവിന്‍റെ റസൂല്‍ (സ) ബഹുസ്വര സമൂഹത്തിലാണ് ജീവിച്ചത്, അദ്ദേഹം അവിശ്വാസികളുമായി വിശ്വാസ തലത്തില്‍ അകന്നപ്പോഴും, അവരോടുള്ള വിയോജിപ്പ്‌ പ്രത്യക്ഷമായി വ്യക്തമാക്കിയപ്പോഴും മാനുഷികവും സാമൂഹികവുമായ ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ പോലും അവരില്‍ നിന്നും വിശ്വസ്ഥരായ ആളുകളുടെ സഹായം സ്വീകരിച്ചിരുന്നു. ഹിജ്റ പോകുന്ന വേളയില്‍ നൂറ് ഒട്ടകം ഇനാം പ്രഖ്യാപിച്ചിരിക്കെ, ആ പ്രഖ്യാപനം അറിഞ്ഞിട്ടും ഒറ്റികൊടുക്കാതെ അദ്ദേഹത്തിനും അബൂബക്കര്‍ (റ) വിനും മദീനയിലേക്ക് വഴി കാണിച്ചത് ഒരു അവിശ്വാസി ആയിരുന്നു. അവിശ്വാസികള്‍ അദ്ദേഹത്തെ വീട്ടിലേക്ക് ഭക്ഷണത്തിന് ക്ഷണിച്ചിരുന്നു, അവിശ്വാസിയായ സ്ത്രീയുടെ വെള്ളപ്പാത്രത്തില്‍ നിന്നും വുളു എടുത്ത നബി (സ) അവര്‍ക്ക് പാരിതോഷികം നല്‍കി യാത്രയാക്കിയിരുന്നു. അപ്പോഴെല്ലാം 'ഞാന്‍ നിന്നെ വെറുക്കുന്നു പക്ഷെ പാരിതോഷികം നല്‍കുന്നു' എന്ന് പറഞ്ഞുകൊണ്ടല്ല നബി (സ) അത് ചെയ്തത്. ഇനി അത് കണ്ടു നിന്ന സ്വഹാബത്തിനോടും, ഞാന്‍ അവര്‍ക്ക് പാരിതോഷികം നല്‍കി എന്നതുകൊണ്ട്‌ അവരോട് ഞാന്‍ 'വലാഅ്' കാണിച്ചു എന്ന് കരുതേണ്ട, കാരണം മനസ്സില്‍ വെറുപ്പ് തന്നെയാണ് ഉള്ളത് എന്നും നബി (സ) പറഞ്ഞില്ല. മറിച്ച് അവരുടെ ആശയത്തോടും ബഹുദൈവാരാധനയോടും ഉള്ള നിലപാടും വിയോജിപ്പും എന്ത് എന്ന് പ്രഖ്യാപിച്ചതോടൊപ്പം, സാമൂഹികമായ പെരുമാറ്റം എന്ത് എന്ന് അദ്ദേഹം അവരെ പഠിപ്പിച്ചിരുന്നു. വിശ്വാസത്തിന് കോട്ടം തട്ടാന്‍ സാമൂഹിക ബന്ധങ്ങള്‍ ഇടവരുന്നതായ സാഹചര്യം ഉണ്ടായാല്‍ അവിടെ അത് വിലക്കപ്പെടും എന്ന് മാത്രം. അതാകട്ടെ ആപേക്ഷികമാണ്താനും. വിശ്വാസപരമായതും മാനുഷികമായതും വേര്‍തിരിക്കുകയായിരുന്നില്ല, മറിച്ച് മനസില്‍ ഒന്നും പ്രവര്‍ത്തനത്തില്‍ മറ്റൊന്നും ചെയ്യുകയാണ് അദ്ദേഹം ചെയ്തത് എങ്കില്‍ അതിന് അദ്ദേഹത്തിന്‍റെ വാക്കോ പ്രവര്‍ത്തിയോ പ്രമാണം ഹാജരാക്കണം.

ഇനി അവിശ്വാസികളായ ആളുകള്‍ എല്ലാം ഒരേ തട്ടിലല്ല, അക്രമവും അനീതിയും ചെയ്യാത്തവരായ അവിശ്വാസികളോട് പുണ്യം ചെയ്യുകയും അവരോട് നീതി പുലര്‍ത്തുകയും ചെയ്യുന്നതിനെ അല്ലാഹു വിലക്കുന്നില്ല. എന്നാല്‍ അക്രമവും അനീതിയും ചെയ്യുന്നവര്‍ക്ക് പുണ്യം ചെയ്യേണ്ടതില്ല. സഹോദരന്‍റെ രീതിശാസ്ത്രപ്രകാരം മലയാള ഭാഷാ നിഘണ്ടുകള്‍ പരിശോധിച്ചാല്‍ പുണ്യം ചെയ്യുക എന്നതും (സ്നേഹം, സ്നേഹബന്ധം) എന്നതിന്‍റെ പരിതിയില്‍ വരാം. പക്ഷെ ശറഇന്‍റെ ഭാഷയില്‍ പുണ്യം ചെയ്യുക എന്നത് വിലക്കപ്പെട്ട സ്നേഹബന്ധത്തിന്‍റെ പരിധിയില്‍ വരുന്നതല്ല. അതുകൊണ്ട് ശറഅ് എന്ത് നിഷ്കര്‍ഷിച്ചു എന്നത് മാത്രമാണ് അതില്‍ പ്രധാനം. അവിശ്വാസികളില്‍ നിന്ന് വിശ്വാസികളോട് അടുപ്പമുള്ളവര്‍ ഉണ്ട്, അഹലു കിതാബ് ഉണ്ട് .. എല്ലാവരോടും ഒരേ സമീപനമല്ല. നജ്ജാശി രാജാവിന്‍റെ പക്കലേക്ക് നബി (സ) ആളുകളെ പറഞ്ഞയച്ചപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തെ മനസുകൊണ്ട് വെറുക്കണം എന്നും, സമീപനം നന്നാക്കിയാല്‍ മതി എന്നും നബി (സ) പഠിപ്പിച്ചില്ല. മറിച്ച് അദ്ദേഹം ഒരു നീതിമാനായ ഭരണാധി കാരിയായിരുന്നു അതിനാല്‍ അവിടെ അവര്‍ക്ക് അദ്ദേഹത്തില്‍ നിന്നും നല്ല സമീപനം ലഭിക്കും. അതുകൊണ്ട് അവരെ പറഞ്ഞയച്ചു. അവരുടെ പെരുമാറ്റത്തില്‍ നിന്നും, വിശ്വാസത്തെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കിയും അദ്ദേഹവും ഇസ്‌ലാമിലേക്ക് കടന്നുവന്നു.

നബി (സ) പ്രബോധനത്തിന് വേണ്ടി ആളുകളെ പറഞ്ഞയച്ചപ്പോഴെല്ലാം ആ പ്രബോധകര്‍ സ്വീകരിച്ച സമീപനം ഇതായിരുന്നു. അവര്‍ അവിടെ ചെന്നു. തങ്ങളുടെ വിശ്വാസാദര്‍ശങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ട്‌ മാനുഷികമൂല്യങ്ങള്‍ക്ക് വിലനല്‍കി അവര്‍ ആളുകളെ ക്ഷണിച്ചു.

ادع إلى سبيل ربك بالحكمة والموعظة الحسنة

"യുക്തിദീക്ഷ്യോടെയും സദുപദേശം കൊണ്ടും നീ നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക"

എന്ന വചനം പ്രധാനമാകുന്നത് അവിടെയാണ്. എന്നാല്‍ സത്യത്തില്‍ നിന്നും ആളുകളെ അകറ്റുന്ന രീതിയാണോ അടുപ്പിക്കുന്ന രീതിയാണോ തങ്ങള്‍ ചെയ്യുന്നത് എന്ന് സ്വയം വിലയിരുത്തുക. "നിങ്ങള്‍ ആളുകളെ അകറ്റിക്കളയരുത്, അവരോട് സന്തോഷവാര്‍ത്ത അറിയിക്കുക, നിങ്ങള്‍ എളുപ്പമാക്കുക പ്രയാസപ്പെടുത്തരുത്" എന്നെല്ലാം നബി (സ) നിര്‍ദേശിച്ചത് ഇവിടെ ബാധകമാണ്. അവതരണ ശൈലിയില്‍ വരുന്ന അപാകതകളും, വിഷയങ്ങള്‍ പ്രമാണസഹചമാകുന്നതോടൊപ്പം തന്നെ  യുക്തിദീക്ഷയോടുകൂടിയും അവതരിപ്പിക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍  ഒരുപക്ഷെ അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. സമയവും സന്ദര്‍ഭവും എല്ലാം അതില്‍ പ്രധാനം തന്നെ. മുസ്‌ലിം ഉമ്മത്ത്‌ ഏറെ പരീക്ഷണം നേരിടുന്ന ഈ സമയത്ത് പ്രത്യേകിച്ചും. വിശ്വാസപരമായി ഉണ്ടായിരിക്കേണ്ട അകല്‍ച്ചക്കൊപ്പം നബി (സ) സമൂഹത്തില്‍ എങ്ങനെ ജീവിച്ചുകാണിച്ചു എന്ന വസ്തുതകളെക്കുറിച്ചും ചരിത്രസംഭവങ്ങളെക്കുറിച്ചും, തന്‍റെ സഹജീവികളായ അവിശ്വാസികളോട് അദ്ദേഹം എങ്ങനെ വര്‍ത്തിച്ചു എന്നതും ആവശ്യത്തിന് പരാമര്‍ശിക്കാതെ പോയതും, ഉചിതമായ പദപ്രയോഗങ്ങള്‍ സ്വീകരിക്കാതെ പോയതുമാണ് ഇന്നത്തെ പലവിവാദങ്ങള്‍ക്കും കാരണം.

കേരളത്തിലെ ഒട്ടനേകം മുസ്ലിമീങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തെ, നാട്ടിലെ മുസ്ലിമീങ്ങളുടെ ചരിത്രം, അവര്‍ നേരിടുന്ന പ്രതിസന്ധികള്‍, അതിന്‍റെ വരുംവരായികകള്‍ തുടങ്ങിയവ കൃത്യമായി ബോധ്യമില്ലാത്ത ചെറുപ്രായത്തിലുള്ള ഞാന്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചക്ക് ഇല്ല എന്നതാണ് അടിയറവ് പറയുന്നു എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്. അതുപോലെ  പെരുന്നാള്‍, ദുല്‍ഹിജ്ജ പത്ത്, അറഫാ ദിനം തുടങ്ങിയ ദിവസങ്ങളുടെ പവിത്രതയിലും സന്തോഷത്തിലും ഒരു വിവാദത്തിന് കൂടി തിരികൊളുത്തി പ്രയാസപ്പെടുത്തേണ്ട എന്നും കരുതി. 

എന്നാല്‍ എന്‍റെ ലേഖനങ്ങള്‍ വന്ന സാഹചര്യം എന്ത് എന്നതും, അവ എപ്പോള്‍ എഴുതപ്പെട്ടു എന്നതും ഈയുള്ളവന്‍ വിശദീകരിച്ചു. അതിനെ ആ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി ചര്‍ച്ചക്ക് വിധേയമാക്കുന്നത് തെറ്റിദ്ധാരണകള്‍ക്കേ ഉപകരിക്കൂ. കൂടെ ഞാന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു, ജനാധിപത്യമാകട്ടെ, വലാഉം ബറാഉം ആകട്ടെ ഈ വിഷയങ്ങള്‍ കേരളത്തിലെ പ്രഗല്‍ഭരായ മുന്‍ഗാമികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.  ജനാധിപത്യ വിഷയത്തില്‍ ഉമര്‍ മൗലവി (റ) ക്കും കെ എം മൌലവിക്കുമൊക്കെ തെറ്റുപറ്റിയിട്ടുണ്ട് എന്ന വാദം ഉന്നയിക്കുന്ന ചിലരുടെ നിലപാട് സഹോദരനും ഉണ്ടോ എന്നറിയില്ല, ഇല്ലെങ്കില്‍ ഇത്തരം സമൂഹത്തെ മുഴുവനും ബാധിക്കുന്ന ഒരു വിഷയത്തില്‍ മുറിവൈദ്യന്മാരായ നമ്മള്‍ ചര്‍ച്ച ചെയ്യാതെ അവര്‍ പറഞ്ഞത് സ്വീകരിക്കാം.  അതല്ല അവര്‍ പറഞ്ഞത് പ്രമാണവിരുദ്ധമാണ് എന്നതാണ് പക്ഷം എങ്കില്‍ ആ വിയോജിപ്പുകള്‍ സഹോദരന്‍ വ്യക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. ആളുകള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അതെളുപ്പമാകും.  അല്ലാഹു അനുഗ്രഹിക്കട്ടെ ... അല്ലാഹു നമ്മെയെല്ലാം അവന്‍റെ മാര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ.. അപാകതകള്‍ പൊറുത്ത് തരട്ടെ ... 

നിര്‍ത്തുന്നു...
سبحانك اللهم وبحمدك أشهد أن لا إله إلا أنت أستغفرك وأتوب إليك