Wednesday, April 20, 2016

മയ്യിത്ത് നമസ്കാരത്തിന് ഇമാമത്ത് നില്‍ക്കേണ്ടത് ആര് ?. ഇമാം ശിര്‍ക്കന്‍ വിശ്വാസമുള്ളയാള്‍ ആണെങ്കില്‍ എന്ത് ചെയ്യും ?.


മയ്യിത്ത് നമസ്കാരത്തിന് ഇമാമത്ത് നില്‍ക്കേണ്ടതാര്:
ഈ വിഷയസംബന്ധമായി കര്‍മശാസ്ത്രപരമായ ഒരു വിശകലനമാണ് ഉദ്ദേശിക്കുന്നത്. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി വിശദീകരിക്കാന്‍ എനിക്കും, അത് യഥാവിധം മനസ്സിലാക്കാന്‍ നിങ്ങള്‍ക്കും അല്ലാഹു തൗഫീഖ് നല്‍കട്ടെ. 
www.fiqhussunna.com
മറ്റു നമസ്കാരങ്ങളെപ്പോലെ ജനാസ നമസ്കാരത്തിനും ഇമാമത്ത് നില്‍ക്കാനുള്ള അവകാശം അതത് പ്രദേശത്തെ ഇമാമിനാണ്. ഇതാണ് ഇമാം അബൂഹനീഫ (റഹി) , ഇമാം മാലിക്ക് (റഹി), ഇമാം ശാഫിഇ (റഹി), ഇമാം അഹ്മദ് (റഹി) തുടങ്ങിയവരുടെയെല്ലാം അഭിപ്രായം. മയ്യിത്ത് തന്‍റെ ജനാസ നമസ്കാരത്തിന് നേതൃത്വം നിര്‍വഹിക്കേണ്ട വ്യക്തിയെ പ്രത്യേകം വസ്വിയത്ത് ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ആ അവകാശം ഇമാമിന് തന്നെയായിരിക്കും. എന്നാല്‍ ഇമാം തന്‍റെ അവകാശം മറ്റൊരാള്‍ക്ക് അനുവദിച്ചുകൊടുക്കുന്ന പക്ഷം മറ്റുള്ളവര്‍ക്ക് ഇമാം നില്‍ക്കാം.

കാരണം ഇമാമത്ത് എന്നുള്ളത് ഒരാളില്‍ നിക്ഷിപ്തമായാല്‍ അതൊരു അവകാശമാണ്. ആ അവകാശത്തില്‍ അനുവാദമില്ലാതെ മറ്റൊരാള്‍ക്കും കൈകടത്താന്‍ പാടില്ല. ഇമാം മുസ്‌ലിം ഉദ്ദരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:
عَنْ أَبِى مَسْعُودٍ الأَنْصَارِىِّ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « يَؤُمُّ الْقَوْمَ أَقْرَؤُهُمْ لِكِتَابِ اللَّهِ فَإِنْ كَانُوا فِى الْقِرَاءَةِ سَوَاءً فَأَعْلَمُهُمْ بِالسُّنَّةِ فَإِنْ كَانُوا فِى السُّنَّةِ سَوَاءً فَأَقْدَمُهُمْ هِجْرَةً فَإِنْ كَانُوا فِى الْهِجْرَةِ سَوَاءً فَأَقْدَمُهُمْ سِلْمًا وَلاَ يَؤُمَّنَّ الرَّجُلُ الرَّجُلَ فِى سُلْطَانِهِ وَلاَ يَقْعُدْ فِى بَيْتِهِ عَلَى تَكْرِمَتِهِ إِلاَّ بِإِذْنِهِ
“ അബൂ മസഊദ് (റ) വില്‍ നിന്നും നിവേദനം: റസൂല്‍ (സ) പറഞ്ഞു: സമൂഹത്തില്‍ ഇമാമത്ത് നില്‍ക്കേണ്ടത് അവരില്‍ നിന്നും ഏറ്റവും കൂടുതല്‍ അല്ലാഹുവിന്‍റെ കിതാബ് (വിശുദ്ധഖുര്‍ആന്‍) പഠിച്ച ആളാണ്‌. പാരായണത്തില്‍ അവരെല്ലാം തുല്യരാണെങ്കില്‍ അവരില്‍ വച്ച് ഏറ്റവും കൂടുതല്‍ നബി (സ) യുടെ ചര്യയെക്കുറിച്ച് അറിവുള്ള ആളാണ്‌ ഇമാമത്ത് നില്‍ക്കേണ്ടത്. നബിചര്യയെക്കുറിച്ചുള്ള അറിവില്‍ അവരെല്ലാം തുല്യരാണ് എങ്കില്‍ അവരില്‍ നിന്നും ഏറ്റവും ആദ്യം ഹിജ്റ ചെയ്ത ആള്‍ ആര് അയാള്‍ക്കാണ് മുന്‍ഗണന. ഹിജ്റയുടെ കാര്യത്തിലും അവര്‍ തുല്യരാണ് എങ്കില്‍ അവരില്‍ നിന്നും ഏറ്റവും ആദ്യം ഇസ്‌ലാം സ്വീകരിച്ചതാരോ അയാള്‍ക്കാണ് മുന്‍ഗണന. ഒരാളുടെ അധികാരപരിധിയില്‍ മറ്റൊരാള്‍ (കയറി) ഇമാം നില്‍ക്കരുത്. ഒരാളുടെ വീട്ടില്‍ അയാളുടെ മെത്തയില്‍ അയാളുടെ അനുവാദമില്ലാതെ ഇരിക്കരുത്. – (സ്വഹീഹ് മുസ്‌ലിം : 1564).

ഒരു പള്ളിയില്‍ ഇമാമായി നിശ്ചയിക്കപ്പെട്ട വ്യക്തിക്കാണ് അവിടത്തെ ഇമാമത്തിനുള്ള അധികാരമുള്ളത്. അതുകൊണ്ടുതന്നെ ഒരാളുടെ അധികാര പരിധിയില്‍ അയാളുടെ അനുവാദമില്ലാതെ മറ്റൊരാള്‍ കയറി ഇമാമത്ത് നില്‍ക്കരുത് എന്ന് മേലുദ്ദരിച്ച കൃത്യമായി പരാമര്‍ശിക്കുന്നത് കാണാം. ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ഒരാളുടെ വീട്ടില്‍ വച്ച് വല്ല നമസ്കാരവും നിര്‍വഹിക്കപ്പെടുന്ന സാഹചര്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാനും
, നമസ്കരിക്കാനും അറിയുമെങ്കില്‍ നേതൃത്വം നല്‍കാന്‍ ഏറ്റവും അര്‍ഹത അയാള്‍ക്കാണ്. അയാളുടെ അനുവാദമുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് നില്‍ക്കാം. 

മേലുദ്ദരിച്ച ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം നവവി (റഹി) പറയുന്നു:
 
امام المسجد أحق من غيره وان كان ذلك الغير أفقه وأقرأ وأورع وأفضل منه وصاحب المكان أحق فان شاء تقدم وان شاء قدم من يريده وان كان ذلك الذي يقدمه مفضولا بالنسبة إلى باقي الحاضرين لأنه سلطانه فيتصرف فيه كيف شاء
ഒരു പള്ളിയിലെ ഇമാമിനാണ് ഇമാമത്ത് നില്‍ക്കാന്‍ മറ്റുള്ളവരേക്കാള്‍ അവകാശമുള്ളത്. മറ്റുള്ളവര്‍ അദ്ദേഹത്തെക്കാള്‍ ഫിഖ്ഹുള്ളവരോ, പാരായണം ചെയ്യുന്നവരോ, ഭക്തിയുള്ളവരോ, ശ്രേഷ്ഠരോ ആയിരുന്നാലും ശരി. (വീട് പോലെ) ഒരു സ്ഥലത്തിന്‍റെ ഉടമസ്ഥനാരോ അയാളാണ് അവിടെ ഇമാമത്ത് നില്‍ക്കാന്‍ ഏറ്റവും അവകാശപ്പെട്ടവന്‍. അദ്ദേഹം ഉദ്ദേശിക്കുന്നുവെങ്കില്‍ ഇമാമത്ത് നില്‍ക്കാന്‍ മുന്നോട്ട് വരുകയോ താനുദ്ദേശിക്കുന്നവരെ ഇമാമത്ത് നിര്‍ത്തുകയോ ചെയ്യാവുന്നതാണ്. അവിടെ സന്നിഹിതരായ മറ്റു ആളുകളെക്കാള്‍ ശ്രേഷ്ടത കുറഞ്ഞയാളെയാണ് അയാള്‍ ഇമാമത്ത് നിര്‍ത്തിയത് എങ്കില്‍പോലും കുഴപ്പമില്ല. കാരണം അത് അയാളുടെ അധികാരപരിധിയില്‍പ്പെട്ട കാര്യമാണ്. അതില്‍ അയാളുദ്ദേശിച്ച രൂപത്തില്‍ തീരുമാനമെടുക്കാം” - 
(
ശറഹു മുസ്‌ലിം: 5/173)
ജനാസക്ക് ഇമാമത്ത് നില്‍ക്കാന്‍ കൂടുതല്‍ അര്‍ഹത ആര്‍ക്കാണ് എന്ന വിഷയത്തില്‍ ശൈഖ് ഇബ്നു ബാസ് (റഹി) യോട് ചോദിക്കപ്പെട്ടു: മയ്യിത്ത് തന്‍റെ ജനാസക്ക് ഇന്നയാള്‍ നേതൃത്വം നല്‍കണം എന്ന് പ്രത്യേകം വസ്വിയത്ത് ചെയ്തിട്ടുണ്ടെങ്കില്‍ അയാളാണോ പ്രദേശത്തെ നിയമിതനായ ഇമാമിനേക്കാള്‍ ആ ജനാസക്ക് നേതൃത്വം നല്‍കാന്‍ യോഗ്യന്‍ ?. 

ശൈഖ് നല്‍കിയ മറുപടി:
ജനാസ നമസ്കാരത്തിന് നേതൃത്വം നല്‍കാന്‍ വസ്വിയത്ത് ചെയ്യപ്പെട്ട വ്യക്തിയേക്കാള്‍ ഇമാമത്തിന് അര്‍ഹന്‍ പള്ളിയിലെ ഇമാമാണ്. കാരണം നബി (സ) ഇപ്രകാരം പറയുകയുണ്ടായി:
لا يؤمن الرجل الرجل في سلطانه
ഒരാളുടെ അധികാരപരിധിയില്‍ മറ്റൊരാള്‍ ഇമാമത്ത് നില്‍ക്കരുത്” – (സ്വഹീഹ്: 1564). ഒരു പള്ളിയിലെ ഇമാം ആരോ അദ്ദേഹത്തിനാണ് ആ പള്ളിയിലെ അധികാരം.” – (മജ്മൂഉ ഫതാവ ഇബ്നു ബാസ് : 13/137).

അതുപോലെ ഇമാം ശൗക്കാനി തന്‍റെ ഫത്ഹുല്‍ ഖദീര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു:
وأولى الناس بالصلاة على الميت السلطان إن حضر؛ لأن في التقدم عليه ازدراء به ، فإن لم يحضر فالقاضي ؛ لأنه صاحب ولاية ، فإن لم يحضر فيستحب تقديم إمام الحي ؛ لأنه رضيه في حال حياته ثم الولي..." انتهى.
മയ്യിത്തിന് വേണ്ടി നമസ്കരിക്കാന്‍ ഏറ്റവും അര്‍ഹന്‍ ഭരണാധികാരി (സുല്‍ത്താന്‍) അതില്‍ പങ്കെടുക്കുന്നുവെങ്കില്‍ അദ്ദേഹമാണ്. കാരണം അദ്ദേഹത്തെ മറികടന്ന് മറ്റൊരാള്‍ നേതൃത്വം നല്‍കുന്നത് അദ്ദേഹത്തെ കൊച്ചാക്കലാണ്. അദ്ദേഹം പങ്കെടുക്കുന്നില്ലെങ്കില്‍ അവിടെയുള്ള ഖാളി (ജഡ്ജി) ക്കാണ് ഏറ്റവും അര്‍ഹത. കാരണം (ഭരണാധികാരി കഴിഞ്ഞാല്‍ കൂടുതല്‍) വിലായത്ത് ഉള്ളത് അദ്ദേഹത്തിനാണ്. അദ്ദേഹവും അവിടെ സന്നിഹിതനല്ലെങ്കില്‍ പിന്നെ ഏറ്റവും അര്‍ഹന്‍ ആ പ്രദേശത്തെ ഇമാമാണ്. കാരണം ജീവിതകാലത്ത് അദ്ദേഹത്തെ ഇമാമായി തൃപ്തിപ്പെട്ട് (പിന്നില്‍ നിന്ന് നമസ്കരിച്ചതാണല്ലോ അപ്പോള്‍ അതുപോലെത്തന്നെ
യാണ് മരണശേഷവും). പിന്നീട് ഏറ്റവും അര്‍ഹതയുള്ളത് വിലായത്ത് ഉള്ള അടുത്ത ബന്ധുക്കള്‍ക്കാണ്.
” – (ഫത്ഹുല്‍ ഖദീര്‍ : 2/117).
എന്നാല്‍ ഇബ്നുഹസ്മ് (റഹി) : മയ്യിത്തിന്റെ ഏറ്റവും അടുത്ത ബന്ധുക്കളാണ് ഇമാമത്ത് നില്‍ക്കേണ്ടത് എന്ന് അഭിപ്രായപ്പെട്ടതായിക്കാണാം. അതിനദ്ദേഹം തെളിവ് പിടിച്ചത് ഈ വിഷയത്തില്‍ പ്രത്യേകമായി വന്നതല്ലാത്ത എന്നാല്‍ പൊതുവായ അര്‍ത്ഥത്തില്‍ വന്ന ചില വചനങ്ങളാണ്.

 
وَأُولُو الْأَرْحَامِ بَعْضُهُمْ أَوْلَى بِبَعْضٍ فِي كِتَابِ اللَّهِ
രക്തബന്ധമുള്ളവര്‍ അല്ലാഹുവിന്‍റെ രേഖയില്‍ (നിയമത്തില്‍) അന്യോന്യം കൂടുതല്‍ ബന്ധപ്പെട്ടവരാകുന്നു.” – (അന്‍ഫാല്‍:75)

പക്ഷെ ഈ ആയത്ത് ജനാസ നമസ്കാരത്തിന്റെ വിഷയത്തില്‍ പ്രത്യേകമുള്ളതല്ലാത്തതിനാലും ഇമാമത്തിന്‍റെ വിഷയത്തില്‍ പ്രത്യേകമായ മറ്റു ഹദീസുകള്‍ വന്നതിനാലും ഈ ആയത്ത് ജനാസ നമസ്കാരത്തിന്‍റെ വിഷയത്തില്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ല. എന്നതാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

രണ്ടാമതായി അദ്ദേഹം തെളിവ് പിടിച്ചത് :
   " ولا يؤمن الرجل في أهله "
ഒരാളുടെ കുടുംബത്തില്‍ (അയാളുണ്ടായിരിക്കെ) മറ്റൊരാള്‍ ഇമാമത്ത് നില്‍ക്കരുത്.

യഥാര്‍ത്ഥത്തില്‍ ഈ ഹദീസ് ഗൃഹനാഥന്‍ ഉണ്ടായിരിക്കെ അയാളുടെ അനുവാദമില്ലാതെ അയാളുടെ ഭവനത്തില്‍ മറ്റൊരാള്‍ ഇമാം നില്‍ക്കരുത് എന്ന വിഷയത്തിലാണ്. അതല്ലെങ്കില്‍ ഒരാളുടെ അധികാരപരിധിയില്‍ അനുവാദമില്ലാതെ മറ്റൊരാള്‍ കയറി ഇമാമത്ത് നില്‍ക്കരുത് എന്ന അര്‍ത്ഥത്തിലാണ്.
മാത്രമല്ല ഇത് ജനാസ നമസ്കാരത്തിന്റെ വിഷയത്തില്‍ പ്രത്യകമായുള്ള ഒരു ഹദീസ് അല്ല. ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ ഫര്‍ള് നമസ്കാരങ്ങള്‍ നിര്‍വഹിക്കപ്പെടുമ്പോള്‍ അതില്‍ സന്നിഹിതരാകുന്നവര്‍ മുഴുവനും തന്‍റെ ബന്ധുക്കളാണെങ്കിലും അവിടെയുള്ള ഇമാമിനെ മാറ്റി അടുത്ത ബന്ധുവിന് ഇമാം നില്‍ക്കാം എന്ന വാദം ഇബ്നു ഹസ്മ് (റഹി) ക്കുമില്ല.  അതുകൊണ്ടുതന്നെ ഇത് വീട്ടില്‍ വച്ച് നമസ്കരിക്കുന്നതുമായി ബന്ധപ്പെട്ട ഹദീസാണ് എന്നത് വ്യക്തമാണ്. മയ്യിത്ത് നമസ്കാരത്തിന്‍റെ വിഷയത്തില്‍ അതത് പ്രദേശത്തെ അധികാരപ്പെട്ടവരെ മുന്‍നിര്‍ത്തണം എന്നത് പഠിപ്പിക്കുന്ന പ്രമാണം പ്രത്യേകമായി വന്നതിനാല്‍ത്തന്നെ പൊതുവായ അര്‍ത്ഥത്തില്‍ വന്ന ആയത്തുകള്‍ കൊണ്ടോ ഹദീസുകള്‍ കൊണ്ടോ തെളിവ് പിടിക്കാന്‍ നിര്‍വാഹമില്ല എന്നത് ഉസ്വൂലുല്‍ ഫിഖ്ഹിലെ പൊതുതത്വമാണ്. എന്ന് ശൈഖ് അല്‍ബാനി (റഹി) ഇബ്നു ഹസ്മിന് (റഹി) മറുപടിയെന്നോണം അദ്ദേഹത്തിന്‍റെ അഹ്കാമുല്‍ ജനാഇസ് എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നത് കാണാം.

ജനാസ നമസ്കാരത്തിന്റെ വിഷയത്തില്‍ അടുത്ത ബന്ധുക്കള്‍ക്കാണ് ഏറ്റവും അര്‍ഹത എന്ന വാദത്തിന് മറുപടിയായി തത് വിഷയത്തിലുള്ള ഹുസൈന്‍ (റ) വിന്റെ ഹദീസ് ആണ് ശൈഖ് അല്‍ബാനി (റഹി) ഉദ്ദരിച്ചിട്ടുള്ളത്:
عن أبي حازم قال: " إني الشاهد يوم مات الحسن بن علي ، فرأيت الحسين بن علي يقول لسعيد بن العاص - يطعن في عنقه ويقول:  تقدم فلولا أنها سنة ما قدمتك " (وسعيد أمير على المدينة يومئذ)
 
അബീ ഹാസിമില്‍ നിന്ന് നിവേദനം: ഹസന്‍ ബ്നു അലി (റ) മരണപ്പെട്ട ദിവസം ഞാന്‍ സാക്ഷിയാണ്. ആ സന്ദര്‍ഭത്തില്‍ സഈദ് ബ്നില്‍ ആസ്വിനോട് അദ്ദേഹത്തിന്‍റെ കഴുത്തില്‍ തോണ്ടിക്കൊണ്ട് ഹുസൈന്‍ ബ്നു അലി (റ) ഇപ്രകാരം പറയുന്നത് ഞാന്‍ കണ്ടു: (ഇമാമത്ത് നില്‍ക്കാന്‍) നീ മുന്നിലേക്ക് നില്‍ക്കുക. അതെങ്ങാനും സുന്നത്തല്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ അതിനുവേണ്ടി മുന്നിലേക്ക് നിര്‍ത്തുമായിരുന്നില്ല.സഈദ് ബ്നില്‍ ആസ്വ് അന്ന് മദീനയിലെ അമീറായിരുന്നു. – (അഹ്കാമുല്‍ ജനാഇസ്: 1/100).

ഇവിടെ ശറഇയ്യായി ഇമാമാണ് (ഇമാമത്തുല്‍ കുബ്റ ആയാലും സുഗ്റ ആയാലും) ജനാസക്ക് ഇമാമത്ത് നില്‍ക്കാന്‍ കൂടുതല്‍ അര്‍ഹന്‍ എന്നതുകൊണ്ടാണ് അദ്ദേഹത്തെ ഇമാമത്ത് നില്‍ക്കാന്‍ മുന്നിലേക്ക് നിര്‍ത്തിയത് എന്ന് ഹുസൈന്‍ (റ) പ്രത്യേകം പരാമര്‍ശിച്ചുവെന്നത് ശ്രദ്ധേയമാണ്. സ്വാഭാവികമായും ഇബ്നു ഹസ്മ് (റഹി) ഉദ്ദരിച്ച തെളിവുകള്‍ ജനാസയുടെ വിഷയത്തില്‍ പ്രത്യേകമായുള്ള തെളിവുകള്‍ അല്ലാത്തതിനാല്‍ത്തന്നെ വിഷയസംബന്ധമായി പ്രത്യേകമായി വന്ന ഹുസൈന്‍ (റ) വിന്‍റെ ഹദീസിന്‍റെ പിന്‍ബലം കൂടി ഉള്ള സ്ഥിതിക്ക് അവയെ ഈ വിഷയത്തിലെ നിര്‍ണായക തെളിവുകളായി പരിഗണിക്കാന്‍ സാധിക്കില്ല.

ഏതായാലും അതത് പ്രദേശത്തെ ഇമാമുമാരാണ് ബന്ധുക്കളെക്കാള്‍ ജനാസക്ക് ഇമാമത്ത് നില്‍ക്കാന്‍ അര്‍ഹതയുള്ളയാള്‍ എന്ന് വ്യക്തമായല്ലോ. ഇമാമിന്റെ അനുവാദത്തോടെ മറ്റുള്ളവര്‍ ഇമാമത്ത് നില്‍ക്കുന്നുവെങ്കില്‍ തെറ്റില്ല. പക്ഷെ അടുത്ത ബന്ധുക്കളാണ് ഏറ്റവും അര്‍ഹപ്പെട്ടവര്‍ എന്ന വാദത്തിന് പിന്‍ബലമില്ല എന്നതാണ് ഈ വിഷയം പ്രാമാണികമായി ചര്‍ച്ച ചെയ്തതിലൂടെ ഈയുള്ളവന്‍ ഉദ്ദേശിച്ചത്.

ഗൃഹനാഥന്‍റെ അനുമതിയോടെ വീട്ടിലും ഇമാമിന്റെ അനുമതിയോടെ പള്ളിയിലും മറ്റൊരാള്‍ക്ക് ഇമാമത്ത് നില്‍ക്കാം. അതിന് ധാരാളം തെളിവുകളുണ്ട്:

ഒന്ന് നേരത്തെ പരാമര്‍ശിച്ച
ഒരാളുടെ അധികാരപരിധിയില്‍ മറ്റൊരാള്‍ ഇമാമത്ത് നില്‍ക്കരുത് എന്ന ഹദീസിന്‍റെ പൂര്‍ണരൂപത്തില്‍ ഇപ്രകാരം കാണാം:
عَنْ أَبِي مَسْعُودٍ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( وَلا يَؤُمَّنَّ الرَّجُلُ الرَّجُلَ فِي سُلْطَانِهِ , وَلا يَقْعُدْ فِي بَيْتِهِ عَلَى تَكْرِمَتِهِ إِلا بِإِذْنِهِ
 ഇബ്നു മസ്ഊദ് (റ) നിവേദനം: അനുമതിയോടു കൂടിയല്ലാതെ, ഒരാളുടെ അധികാരപരിധിയില്‍ മറ്റൊരാള്‍ ഇമാമത്ത് നില്‍ക്കുകയോ അയാളുടെ വീട്ടില്‍ അയാളുടെ ഇരിപ്പിടത്തില്‍ ഇരിക്കുകയോ ചെയ്യരുത്” – (സ്വഹീഹ് മുസ്‌ലിം: 673). ഇവിടെ അനുമതോയോടു കൂടിയല്ലാതെഎന്നത് ഞാന്‍ അര്‍ത്ഥത്തില്‍ പരാമര്‍ശിച്ചത് പോലെ ഇമാമാത്തിനും, ഇരിപ്പിടത്തില്‍ ഇരിക്കുന്നതിനും ഒരുപോലെ ബാധകമാകും വിധം പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.

ഇമാം ശൗക്കാനി (റഹി) പറയുന്നു:
ഉടമസ്ഥന്റെ അനുമതിയോടെ അഥിതി ഇമാമത്ത് നില്‍ക്കുന്നതില്‍ തെറ്റില്ല എന്നതാണ് കൂടുതല്‍ പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്. കാരണം ഇബ്നു മസ്ഊദ് (റ) ഉദ്ദരിച്ച ഹദീസില്‍ അനുമതിയോടെയല്ലാതെഎന്ന് നബി (സ) പറഞ്ഞിട്ടുണ്ട്”. – (നൈലുല്‍ ഔതാര്‍: 3/170).

മറ്റൊരു തെളിവാണ്:
عَنْ عِتْبَانَ بْنِ مَالِكٍ رضي الله عنه أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَتَاهُ فِي مَنْزِلِهِ فَقَالَ : ( أَيْنَ تُحِبُّ أَنْ أُصَلِّيَ لَكَ مِنْ بَيْتِكَ ؟ قَالَ : فَأَشَرْتُ لَهُ إِلَى مَكَانٍ , فَكَبَّرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَصَفَفْنَا خَلْفَهُ فَصَلَّى رَكْعَتَيْنِ .
ഇത്ബാന് ബ്ന്‍ മാലിക്ക് (റ) നിവേദനം: നബി (സ) അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് വന്നു. നിനക്കായി നിന്‍റെ വീട്ടില്‍ എവിടെ വച്ച് ഞാന്‍ നമസ്കരിക്കാനാണ് നീ ഇഷ്ടപ്പെടുന്നത് ?. അദ്ദേഹം പറഞ്ഞു: ഞാന്‍ നബി (സ) ഒരിടം കാണിച്ചുകൊടുത്തു. അങ്ങനെ നബി (സ) നമസ്കാരത്തിനായി തക്ബീര്‍ കെട്ടി. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ പിന്നില്‍ സ്വഫ്ഫായി നിന്നു. അങ്ങനെ അദ്ദേഹം രണ്ട് റക്അത്ത് നമസ്കരിച്ചു”. – (സ്വഹീഹുല്‍ ബുഖാരി: 424 സ്വഹീഹ് മുസ്‌ലിം: 33).

അതുകൊണ്ട് ഇമാം അനുവദിക്കുന്ന പക്ഷം മറ്റൊരാള്‍ക്ക് ഇമാമത്ത് നില്‍ക്കുന്നതില്‍ തെറ്റില്ലതാനും.

ഇമാം ശിര്‍ക്കന്‍ വിശ്വാസമുള്ള വ്യക്തിയായാല്‍ ?!.  

ഇനി ഇമാം ഖബറിന് സുജൂദ് ചെയ്യുക
, ഖബര്‍ ത്വവാഫ് ചെയ്യുക, ഖബറാളികളോട് ഇസ്തിഗാസ ചെയ്യുക, അല്ലാഹുവല്ലാത്തവര്‍ക്ക് വേണ്ടി നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുക, തുടങ്ങിയ ശിര്‍ക്കന്‍ പ്രവര്‍ത്തികള്‍  ചെയ്യുന്ന വ്യക്തിയോ, അത് അനുവദനീയമായിക്കാണുന്ന ആളോ ആണെങ്കില്‍ അയാളുടെ ഇമാമത്ത് അനുവദനീയമല്ല. കാരണം അത്തരം ആളുകളുടെ പിന്നില്‍ നിന്ന് നമസ്കരിക്കല്‍ അനുവദനീയമല്ല. അവരുടെ കര്‍മങ്ങളാകട്ടെ നിശ്ഫലവുമാണ്. അല്ലാഹു പറയുന്നു:

وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ 
തീര്‍ച്ചയായും നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത്‌ ഇതത്രെ: ( അല്ലാഹുവിന്‌ ) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്‍റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും”. – [സുമര്‍: 65]. 
 അതുകൊണ്ടുതന്നെ അത്തരം സന്ദര്‍ഭങ്ങളില്‍ അത് ഏറ്റെടുക്കാന്‍ സാധിക്കുന്ന തൗഹീദ് ഉള്ള അടുത്ത ബന്ധുമിത്രാതികളോ മറ്റോ ഇമാമത്ത് ഏറ്റെടുക്കണം. അത് ഏറ്റെടുക്കാന്‍ സാധിക്കുമെങ്കില്‍ അത് നിര്‍ബന്ധവുമാണ്. കാരണം അയാളുടെ പിന്നില്‍ നിന്ന് നമസ്കരിക്കല്‍ അനുവദനീയമല്ല. ധാരാളം പണ്ഡിതോചിതമായ പഠനങ്ങള്‍ ഈ വിഷയത്തില്‍ ഉള്ളതിനാലും തത് വിഷയത്തിലുള്ള അഗാധമായ ചര്‍ച്ച വിഷയത്തില്‍ നിന്ന് മാറി സഞ്ചരിക്കാന്‍ ഇടവരുത്തും എന്നതിനാലും അത് സംബന്ധമായി കൂടുതല്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. ഒരിക്കല്‍ ശൈഖ് സ്വാലിഹ് അല്‍ഫൗസാന്‍ ഹഫിദഹുല്ലയുടെ ദര്‍സില്‍വച്ച് ഞങ്ങളുടെ നാട്ടിലുള്ള ഖബറാരാധകരായ സൂഫികളുടെ പിന്നില്‍ വച്ച് നമസ്കരിക്കാമോ എന്ന് ഈയുള്ളവന്‍ തന്നെ ചോദിച്ചപ്പോള്‍ ഒരിക്കലും പാടില്ല എന്ന് വളരെ ഗൗരവത്തോടെ അദ്ദേഹം മറുപടി നല്‍കിയിട്ടുമുണ്ട്.
ഇനി പലപ്പോഴും നമ്മുടെ നാട്ടില്‍ ഉണ്ടാകാറുള്ള പ്രശ്നങ്ങളില്‍ ഒന്നാണ് മഖ്ബറ ഖബര്‍സ്ഥാന്‍ ഉള്‍പ്പെടുന്ന പള്ളിയിലെ ഇമാം ശിര്‍ക്കന്‍ വിശ്വാസം വെച്ചുപുലര്‍ത്തുന്ന ആളായിരിക്കുകയും അവിടെ മറവ് ചെയ്യാന്‍ അയാളുടെ നേതൃത്വത്തില്‍ ജനാസ നമസ്കരിക്കുകയും ചെയ്യേണ്ട നിര്‍ബന്ധിതാവസ്ഥ. മറമാടല്‍, അധികം ദൂരമില്ലാത്ത മറ്റ് വല്ല പ്രദേശത്തേക്ക് മാറ്റിയാലും തൗഹീദ് ഉള്ള ആള്‍ക്ക് ഇമാമത്ത് നില്‍ക്കാന്‍ സാധിക്കുമെങ്കില്‍ അതാണ്‌ ചെയ്യേണ്ടത്. എന്നാല്‍ സാധിക്കാത്ത പക്ഷം ഈ ഒരു കാരണത്താല്‍ മരണപ്പെട്ട തൗഹീദുള്ള വ്യക്തിക്ക് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരം നാം ഉപേക്ഷിക്കാന്‍ പാടില്ല. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ളത് പോലെ തൗഹീദുള്ള ഒരാളുടെ മരണശേഷം മറ്റുള്ളവര്‍ അയാളുടെ മേല്‍ നടത്തുന്ന അനാചാരങ്ങള്‍ കാരണത്താല്‍ അയാള്‍ക്ക് വേണ്ടിയുള്ള ജനാസയില്‍ പങ്കെടുക്കുന്നത് ഉപേക്ഷിക്കേണ്ടതില്ല. കാരണം ആ അനാചാരങ്ങള്‍ പ്രവര്‍ത്തിക്കുന്നവരോടല്ല മറിച്ച് മരണപ്പെട്ട വ്യക്തിയോടാണ് നമുക്കുള്ള ബാധ്യത. അതുകൊണ്ടുതന്നെ ബന്ധുമിത്രാതികളോ പ്രദേശത്തുകാരോ പിഴച്ചുപോയത് കാരണത്താല്‍ തൗഹീദുള്ള ഒരാളുടെ ജനാസ അവര്‍ കൈകാര്യം ചെയ്യുന്ന സാഹചര്യം വന്നാലും നാം അതില്‍ പങ്കെടുക്കണം. എന്നാല്‍ അനാചാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും സാധിക്കും വിധം അതിനെ എതിര്‍ക്കുകയും ചെയ്യണം.

എന്നാല്‍ ശിര്‍ക്കന്‍ വിശ്വാസമുള്ള ഇമാമാണ് മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നല്‍കുന്നത് എങ്കില്‍ അയാളുടെ പിന്നില്‍ നിന്നാലും അയാളെ പിന്തുടരാതെ ഒറ്റക്ക് നമസ്കരിക്കുകയാണ് വേണ്ടത്. കാരണം അയാളുടെ ഇമാമത്ത് അനുവദനീയമല്ലാത്തത് കൊണ്ടുതന്നെ അയാളെ പിന്തുടരല്‍  ബാധകമാകുന്നില്ല. ബാധകമല്ല എന്ന് മാത്രമല്ല നിഷിദ്ധമാണ്താനും.
മാത്രമല്ല ഇനി ഇമാമത്ത് അനുവദനീയമായ ആളുടെ പിന്നില്‍ നിന്നുപോലും عذر معتبر അഥവാ ശറഅ് പരിഗണിച്ച കാരണങ്ങള്‍ കൊണ്ട് مفارقة  അഥവാ അയാളുടെ ഇമാമത്ത് വെടിഞ്ഞ് ഒറ്റക്ക് നമസ്കരിക്കല്‍ അനുവദനീയമാണ്. മുആദ് (റ) വിന്‍റെ പിന്നില്‍ നിന്നുകൊണ്ട് നമസ്കരിച്ച സ്വഹാബി ദൈര്‍ഘ്യം കാരണത്താല്‍ ജമാഅത്തില്‍ നിന്നും മാറി ഒറ്റക്ക് നമസ്കരിക്കുകയും ശേഷം നബി (സ) യുടെ അരികില്‍ വന്ന്‍ പരാതി പറയുകയും ചെയ്ത സംഭവം ഇതിന് തെളിവായി പണ്ഡിതന്മാര്‍ ഉദ്ദരിച്ചത് കാണാം. പിന്നിലുള്ള ആളുകളെ മനസ്സിലാക്കിയാണ് ഇമാം ഇമാമത്ത് നില്‍ക്കേണ്ടത് എന്ന് ഉപദേശിക്കുകയാണ് നബി (സ) ആ സംഭവത്തില്‍ ചെയ്തത്. ജമാഅത്ത് നമസ്കാരത്തില്‍ നിന്നും വേര്‍പ്പെട്ട് സ്വയം നമസ്കാരം പൂര്‍ത്തിയാക്കിയ ആ സ്വഹാബിയെ വിമര്‍ശിച്ചില്ലതാനും.  

 പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ നേരിട്ട് ഉണ്ടായതുകൊണ്ടാണ്‌ ഈ വിഷയം ഇവിടെ പ്രത്യേകം സൂചിപ്പിച്ചത്. ഇന്ന് നമ്മുടെ നാട്ടില്‍ ശിര്‍ക്കന്‍ വിശ്വാസങ്ങളും ആചാരങ്ങളും ഉള്ള ആളുകളുടെ പള്ളികളും സ്ഥാപനങ്ങളും ഏവര്‍ക്കും അറിയാം എന്നതിനാല്‍ത്തന്നെ അവരുടെ വിശ്വാസം എന്ത് എന്ന് എനിക്കറിയില്ല അതിനാല്‍ ഞാന്‍ പിന്നില്‍ നിന്നുകൊണ്ട് നമസ്കരിക്കുന്നു എന്ന് പറയുന്നതില്‍ യാതൊരു പ്രസക്തിയുമില്ല. ഇനി അവരുടെ പിന്നില്‍ നമസ്കരിക്കാതിരിക്കുന്നത് കാരണത്താല്‍ ഇന്നയിന്ന വ്യക്തികളെ
തക്ഫീര്‍ മുഅയ്യന്‍ അഥവാ വ്യക്തിപരമായി കാഫിറാക്കുന്നു എന്നര്‍ത്ഥമില്ല. കാരണം അതിന് അതിന്‍റേതായ നിബന്ധനകളും കടമ്പകളും ഉണ്ട് താനും. നമ്മുടെ വിഷയം അത്തരം ആളുകള്‍ക്ക് പിന്നില്‍ നിന്നുകൊണ്ട് നമസ്കരിക്കാമോ എന്നതാണ്.

 അവര്‍ക്ക് പൊതുവേ ഒരു പ്രഖ്യാപിത ആദര്‍ശമുണ്ട്. അത് ശിര്‍ക്കന്‍ ആദര്‍ശമാണ്. അടിസ്ഥാനപരമായി അവരുടെ പള്ളികളിലും സ്ഥാപനങ്ങളിലും ആ ആദര്‍ശക്കാരെ കാണൂ എന്നതാണ് വിഷയം. ഇനി അത്തരം കാഴ്ചപ്പാടുള്ള ആളുകളുടെ പള്ളിയില്‍ ഇമാമായി നില്‍ക്കുന്ന ഒരു വ്യക്തി ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ ഇല്ലാത്ത
, അത് അനുവദനീയമായിക്കാണാത്ത ആള്‍ ആണ് എന്ന് ഒരാള്‍ക്ക് അറിയാമെങ്കില്‍ പിന്നില്‍ നിന്ന് നമസ്കരിക്കുന്നതില്‍ തെറ്റില്ലതാനും. ഒരാളുടെ പിന്നില്‍ നിന്ന് നമസ്കരിക്കുന്നതിന് മുന്‍പ് അയാളുടെ വിശ്വാസത്തെക്കുറിച്ച് ചോദിച്ച് ഉറപ്പ് വരുത്തണം എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. പൊതുവേ ശഹാദത്ത് കലിമ ഉച്ചരിച്ച ഏത് മുസ്‌ലിമിന്റെ പിന്നില്‍ നിന്നും നമുക്ക് നമസ്കരിക്കാം. പള്ളിയില്‍ കയറിയാല്‍ ഒരാളുടെ പിന്നില്‍ നിന്ന് നമസ്കരിക്കുന്നതിന് മുന്‍പ് അയാള്‍ വിശ്വാസിയാണോ എന്ന് സംശയിക്കേണ്ട ആവശ്യവുമില്ല. എന്നാല്‍ പ്രഖ്യാപിത ശിര്‍ക്കന്‍ ആദര്‍ശമുള്ള അത് പ്രച്ചരിപ്പിക്കുന്നവരാണ് എന്ന് നമുക്ക് അറിയുന്ന വിഭാഗങ്ങളില്‍പ്പെട്ടവരാണ് എന്ന് നമുക്കറിയുന്ന ആളുകളുടെ പിന്നില്‍ നിന്ന് നമസ്കരിക്കരുത് എന്നാണ് ഉദ്ദേശിച്ചത്.     

ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല പറയുന്നു:
ഖുബൂരികള്‍ക്ക് പിന്നില്‍ നിന്നുകൊണ്ട് നമസ്കരിക്കരുത്. കാരണം ശിര്‍ക്ക് ചെയ്യുന്നവരുടെ പിന്നില്‍ നിന്നുകൊണ്ട് നമസ്കരിക്കാന്‍ പാടില്ല. അതിനാല്‍ ഖബറിനെ ആരാധിക്കുന്നവരെ പിന്തുടര്‍ന്ന് നമസ്കരിക്കരുത്. അബ്ദുല്‍ഖാദര്‍ ജീലാനി, ഹുസൈന്‍ (റ), ബദവി, തുടങ്ങിയവരെ ആരാധിക്കുന്നവരെയും ബിംബാരാധകരെയും ഒന്നും തുടര്‍ന്ന് നമസ്കരിക്കാന്‍ പാടില്ല”. – [http://www.binbaz.org.sa/noor/7311].
സാധാരണ ജമാഅത്ത് നമസ്കാരങ്ങള്‍ ആയിരുന്നുവെങ്കില്‍ നമുക്ക് മറ്റു പള്ളികളിലേക്ക് പോകാമായിരുന്നു. എന്നാല്‍ മയ്യിത്ത് നമസ്കാരത്തില്‍ മയ്യിത്തിനോടാണ് ബാധ്യത എന്നതിനാല്‍ അവരുടെ പിന്നില്‍ നില്‍ക്കേണ്ട ഗതികേട് ഉണ്ടായാല്‍ പോലും പിന്നില്‍ നിന്ന് ഇമാമിനെ പിന്തുടരാതെ ഒറ്റക്ക് നിര്‍വഹിക്കുക എന്നതാണ് ഒരാള്‍ ചെയ്യേണ്ടത്. അതുപോലെ സാധിക്കുമെങ്കില്‍ ഫര്‍ദ് നമസ്കാരത്തോട് അനുബന്ധിച്ച് മയ്യിത്ത് നമസ്കാരം വെക്കാതിരിക്കുന്നത് ഫര്‍ദ് നമസ്കാരത്തിന്‍റെ വിഷയത്തില്‍ ഇത്തരം ഒരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ സഹായിക്കും. ഇനി അഥവാ അത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ അവിടെയും പാലിക്കേണ്ടത് ഇതു തന്നെയാണ്. അല്ലാത്ത പക്ഷം അയാളുടെ ഫര്‍ദ് നമസ്കാരം സ്വീകരിക്കപ്പെടുകയില്ല.