Thursday, April 7, 2016

വോട്ട് ചെയ്യല്‍ അനുവദനീയമോ ?. - ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അബ്ബാദ് ഹഫിദഹുല്ല.

മുഹദ്ദിസുല്‍ മദീന ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അബ്ബാദ് ഹഫിദഹുല്ലയോടുള്ള ചോദ്യവും അദ്ദേഹം നല്‍കിയ മറുപടിയും: 

www.fiqhussunna.com

ചോദ്യം: തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് താങ്കളുടെ അഭിപ്രായം എന്താണ് ?. ഒരു ക്രിസ്ത്യന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്. അവര്‍ വിജയിച്ചാല്‍ അത് മുസ്'ലിമീങ്ങളെ വളരെയധികം ദോഷകരമായി ബാധിക്കുകയും ചെയ്യും. 

ഉത്തരം: "മുസ്‌ലിമീങ്ങള്‍ ആ തിരഞ്ഞെടുപ്പില്‍ പങ്കാളികളാകുന്നത് അവര്‍ക്ക് ഗുണകരമാകുമെന്നുണ്ടെങ്കില്‍ അവര്‍ അതില്‍ പങ്കെടുക്കട്ടെ. അവര്‍ പങ്കാളികളാകുന്നത് കൊണ്ട് പ്രത്യേകിച്ച് നേട്ടമോ, ദോശമോ ഒന്നുമില്ലെങ്കില്‍ അവര്‍ പങ്കെടുക്കേണ്ടതില്ല. ഇനി അവര്‍ തിരഞ്ഞെടുപ്പില്‍ ഭാഗവാക്കാകുന്നത് മുസ്ലിമീങ്ങളോട് വലിയ ശത്രുതയുള്ളവരെ അകറ്റി ശത്രുത കുറഞ്ഞവരെ തിരഞ്ഞെടുക്കാന്‍ സഹായകമാകുമെങ്കില്‍ (ശത്രുത കുറഞ്ഞ) കാഫിരീങ്ങള്‍ക്ക് തന്നെ വോട്ട് ചെയ്യാം, ഏതുപോലെ , മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ജീവിക്കുന്ന അമുസ്‌ലിം രാഷ്ട്രങ്ങളില്‍ ചിലപ്പോള്‍ തിരഞ്ഞെടുപ്പ് രണ്ട് അവിശ്വാസികള്‍ തമ്മിലായിരിക്കും. അതിലൊരാള്‍ മുസ്‌ലിമീങ്ങളോട് വലിയ ശത്രുതയും പകയുമുള്ള ആളായിരിക്കും. അയാള്‍ അധികാരത്തിലെത്തിയാല്‍ മുസ്‌ലിമീങ്ങളെ ഉപദ്രവിക്കുകയും അവരുടെ ആരാധനാകര്‍മ്മങ്ങള്‍ യഥാവിധം അനുഷ്ടിക്കുന്നതിന് തടസ്സം നില്‍ക്കുകയും ചെയ്യും.  എന്നാല്‍ മറ്റേയാള്‍, അപ്രകാരമല്ല. അയാള്‍ മുസ്ലിമീങ്ങളോട് സഹിഷ്ണുതയുള്ളയാളാണ്. അയാള്‍ക്ക് മുസ്‌ലിമീങ്ങളോട് പകയില്ല. മുസ്‌ലിമീങ്ങള്‍ അവരുടെ ഈമാനിന്‍റെ തലത്തില്‍ വ്യത്യസ്ഥ തട്ടിലാണ് എന്നത് പോലെ കുഫ്റും വ്യത്യസ്ത തട്ടുകളിലാണല്ലോ. ഈമാന്‍ വ്യത്യസ്ഥപ്പെടുന്നത് പോലെ കുഫ്റും വ്യത്യസ്ഥപ്പെടും. ഒരാള്‍ കുഫ്റിന്റെ വലിയ വാഹകനാകുമ്പോള്‍ മറ്റൊരാള്‍ അത്രതന്നെ ആയിക്കൊള്ളണമെന്നില്ല. അതുകൊണ്ട് മുസ്‌ലിമീങ്ങളെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാകാതിരിക്കാന്‍ സഹായകമാകുമെങ്കില്‍ അവര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കണം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമോ ദോഷമോ ഇല്ലെങ്കില്‍ അവര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് ഒഴിവാക്കുകയും ചെയ്യണം....... "[ശൈഖിന്‍റെ മറുപടിയുടെ ശബ്ദം വിവര്‍ത്തനം ചെയ്തത് :   https://www.youtube.com/watch?v=b9-AOeuXhw4 ]