Saturday, June 6, 2015

വാടകയുടെ സകാത്ത്


الحمد لله رب العالمين وصلى الله وسلم على نبينا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين؛

സകാത്ത് കണക്കുകൂട്ടുമ്പോള്‍ വാടകവസ്തുക്കളുടെ മൂലധനം അതില്‍ കൂട്ടേണ്ടതില്ല. കിട്ടുന്ന വാടകക്ക് മാത്രമാണ് സകാത്ത് ബാധകം.


ഉദാ: ഒരാളുടെ കൈവശം പത്തുലക്ഷം വിലമതിക്കുന്ന ഒരു വീട് ഉണ്ട് എന്ന് കരുതുക. 4000 രൂപ മാസവാടകക്ക് ആണ് ആ വീട് വാടകക്ക് നല്‍കിയത് എങ്കില്‍ അതില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന് മാത്രമേ സകാത്ത് ബാധകമാകൂ. എന്നാല്‍ ആ ബില്‍ഡിംഗ് അയാള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന വസ്തുവല്ല. മറിച്ച് തന്‍റെ ഉടമസ്ഥതയില്‍ നിലനിര്‍ത്തുന്ന വസ്തുവാണ്. അതിനാല്‍ ആ വീടിന്‍റെ വിലക്ക് സകാത്ത് നല്‍കേണ്ടതില്ല. എന്നാല്‍ അതില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന് മാത്രം അയാള്‍ സകാത്ത് നല്‍കിയാല്‍ മതി.

അതെപ്രകാരമാണ് നല്‍കേണ്ടത്
?.
-   ഒരാളുടെ കയ്യില്‍ നിസ്വാബ് തികഞ്ഞ പണമുണ്ടെങ്കില്‍, നിസ്വാബ് തികഞ്ഞതിന് ശേഷം ലഭിക്കുന്ന വാടകകളെല്ലാം ആ നിസ്വാബിലേക്ക് ചേര്‍ത്ത് വെക്കുക. ഹൗല്‍ തികയുമ്പോള്‍ കൈവശമുള്ളത് എത്രയാണോ അതിന്‍റെ 2.5% കൊടുക്കുക.

ഉദാ: ഒരാളുടെ കൈവശം ഒരു ലക്ഷം രൂപയുണ്ട്. വാടക ഇനത്തില്‍ ലഭിക്കുന്ന വാടകകള്‍ എല്ലാം അയാള്‍ ആ പണത്തോടൊപ്പം ചേര്‍ത്ത് വെക്കുന്നു. ആ ഒരു ലക്ഷം രൂപയുടെ ഹൗല്‍ തികയുന്ന ദിവസം തന്‍റെ കൈവശം ആ പണത്തില്‍ നിന്നും എത്ര അവശേഷിക്കുന്നുണ്ടോ അത് കണക്കുകൂട്ടി അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കുന്നു.
-   ഒരാളുടെ കയ്യില്‍ നിസ്വാബ് ഇല്ലെങ്കില്‍ നിസ്വാബ് തികയുന്നത് മുതല്‍ ആണ് ആ വാടകയുടെ ഹൗല്‍ ആരംഭിക്കുന്നത്. ഹൗല്‍ തികയുമ്പോള്‍ തന്‍റെ കൈവശം എത്രയുണ്ടോ അതിന്‍റെ 2.5% കൊടുക്കുക.
ഉദാ: ഒരാളുടെ കൈവശം യാതൊരു പണവുമില്ല. അയാള്‍ക്ക് വാടക ഇനത്തില്‍ മാസാമാസം നാലായിരം രൂപ ലഭിക്കുന്നു. അവ ചേര്‍ത്ത് വച്ച ശേഷം എപ്പോഴാണോ അയാളുടെ കയ്യില്‍ 595 ഗ്രാം വെള്ളിക്ക് തുല്യമായ പണം സ്വരൂപിക്കപ്പെടുന്നത് അപ്പോള്‍ അയാളുടെ ഹൗല്‍ ആരംഭിക്കുന്നു. ഒരു ഹിജ്റ വര്‍ഷക്കാലം തികയുമ്പോള്‍ എത്രയാണോ അയാളുടെ കൈവശം ഉള്ളത് അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കുന്നു.
എന്നാല്‍ ഹൗല്‍ തികയുന്നതിനു മുന്‍പായി ചിലവായിപ്പോകുന്ന പണത്തിന് സകാത്ത് ബാധകമല്ല. അതുപോലെ ഹൗല്‍ പൂര്‍ത്തിയാകുന്നതിനു നിസ്വാബില്‍ നിന്നും കുറവ് വന്നാല്‍ ഹൗല്‍ മുറിയും. പിന്നീട് എപ്പോഴാണോ വീണ്ടും നിസ്വാബ് എത്തുന്നത് അപ്പോള്‍ ഹൗല്‍ പുനരാരംഭിക്കുകയാണ് ചെയ്യുക.

വാടകയുടെ സകാത്തായി
2.5% മാണ് നല്‍കേണ്ടത് എന്നതാണ് ശൈഖ് ഇബ്നു ഉസൈമീന്‍ (റഹി) യും, ശൈഖ് ഇബ്നു ബാസ് (റഹി), ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയും സൗദി അറേബ്യയിലെ ഉന്നത പണ്ഡിതസഭയുമെല്ലാം രേഖപ്പെടുത്തിയിട്ടുള്ളത്. നാണയത്തിന്റെ സകാത്താണ് ഇതിനും ബാധകം. വാടകയുടെ സകാത്ത് എന്ന് പ്രത്യേകം ഒരു കണക്ക് പ്രമാണങ്ങളില്‍ വന്നിട്ടില്ല. സ്വാഭാവികമായും സ്വഹാബത്തിന്റെ കൈവശമുള്ള സ്വര്‍ണ്ണ നാണയവും വെള്ളി നാണയവുമെല്ലാം വാടക വഴിയോ, കൂലിപ്പണി വഴിയോ, ശമ്പളം വഴിയോ, കച്ചവടം വഴിയോ ഒക്കെ ലഭിച്ചതായിരിക്കുമല്ലോ. അതില്‍ വാടകയാണെങ്കില്‍ ഇത്ര. ശമ്പളമാണെങ്കില്‍ ഇത്ര എന്നിങ്ങനെ റസൂല്‍ (സ) വേര്‍തിരിച്ചിട്ടില്ല. മറിച്ച് നാണയത്തിന്റെ സകാത്ത് നല്‍കാനാണ് പഠിപ്പിച്ചത്. അതിനാല്‍ തന്നെ വാടകക്കും സകാത്തായി നല്‍കേണ്ടത് 2.5% തന്നെയാണ്.
വാടകക്ക് പത്തു ശതമാനവും അഞ്ചു ശതമാനവും ഒക്കെ നല്‍കണം എന്ന് പറയുന്നവര്‍ അതിനെ കൃഷിയുമായി താരതമ്യം ചെയ്യുകയാണ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ കൃഷിയും വാടകയും തമ്മില്‍ ബന്ധമില്ല. ഉസ്വൂലുല്‍ ഫിഖ്ഹില്‍ قياس مع الفارقഅഥവാ പരസ്പര ബന്ധമില്ലാത്തവ തമ്മിലുള്ള താരതമ്യം എന്ന ഗണത്തിലാണ് അത് പെടുക. അതിനാല്‍ തന്നെ ആ ഖിയാസ് തെളിവായി പരിഗണിക്കുകയില്ല.

ചോദ്യം: നമ്മുടെ നാട്ടില്‍ വാടകക്ക് മൈന്‍റനന്‍സ് ഉള്ളവ ആണെങ്കില്‍ പത്ത് ശതമാനവും(10%), ഇല്ലയെങ്കില്‍ അഞ്ചു ശതമാനവും(5%) ഇനി രണ്ടര നല്‍കുകയാണ് എങ്കില്‍ വാടകക്ക് നല്‍കുന്ന വസ്തുവിന്‍റെ മൊത്തം വിലയുംവാടകയും കണക്കാക്കി അതിന്‍റെ മൊത്തം രണ്ടര ശതമാനവും നല്‍കണം എന്ന് പലരും പറയാറുണ്ടല്ലോ അതിന് വല്ല അടിസ്ഥാനവും ഉണ്ടോ ?

ഉത്തരം: ഈ പറയുന്നതിന് യാതൊരു അടിസ്ഥാനവും ഇല്ല. പ്രാമാണികമായ ഒരു ഗ്രന്ഥങ്ങളിലും ഇതുവരെ അപ്രകാരം കാണാന്‍ സാധിച്ചിട്ടില്ല. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ ചില തലങ്ങളില്‍ വാടകയെ കൃഷിയോട് താരതമ്യം ചെയ്തതായി പലരും ഉദ്ധരിച്ച് കണ്ടിട്ടുണ്ട്. എന്നാല്‍ ആ ഉദ്ദരണി പൂര്‍ണമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കൂടുതല്‍ പരിശോധിക്കേണ്ടതുണ്ട്. ഏതായാലും മുകളില്‍ സൂചിപ്പിച്ച പോലെ ഇത് പരസ്പര ബന്ധമില്ലാത്ത ഖിയാസ് ആണ്.
നിങ്ങളുടെ കൈവശം ഇരുപത് സ്വര്‍ണ്ണനാണയങ്ങള്‍ ഉണ്ടെങ്കില്‍ ഹൗല്‍ പൂര്‍ത്തിയാകുമ്പോള്‍ അതില്‍ നിന്നും അര സ്വര്‍ണ്ണനാണയം സകാത്തായി നല്‍കണം എന്നതാണല്ലോ റസൂല്‍ (സ) സ്വഹാബത്തിനെ പഠിപ്പിച്ചത്. സ്വാഭാവികമായും ആ സ്വര്‍ണ്ണനാണയം അവരുടെ കയ്യില്‍ ഹലാലായ ഒരു മാര്‍ഗത്തിലൂടെ വന്നതായിരിക്കുമല്ലോ. ഒരുപക്ഷേ വാടക വഴിയോ, ശമ്പളം വഴിയോ കച്ചവടം വഴിയോ ഒക്കെ വന്നതായിരിക്കാം. പക്ഷെ ലഭിച്ച മാര്‍ഗം വ്യത്യസ്ഥപ്പെടുന്നതിനനുസരിച്ച് നല്‍കേണ്ട വിഹിതം വ്യത്യാസപ്പെടുമെന്ന് റസൂല്‍ (സ) പഠിപ്പിച്ചിട്ടില്ലാത്ത സ്ഥിതിക്ക് വാടക വഴി ലഭിച്ചതാണെങ്കില്‍ കൃഷിയെപ്പോലെ പത്തു ശതമാനമോ അഞ്ചു ശതമാനമോ ഒക്കെ നല്‍കണം എന്ന് പറയുന്നതില്‍ യാതൊരു അടിസ്ഥാനവും ഇല്ല. നാണയങ്ങള്‍ക്ക് നാണയങ്ങളുടെ സകാത്ത് തന്നെയാണ് ബാധകം. അതാകട്ടെ രണ്ടര ശതമാനമാണ്. ഇനി വാടക വസ്തുവിന്‍റെ മാര്‍ക്കറ്റ് വില കൂട്ടി രണ്ടര ശതമാനം നല്‍കണോ, അതല്ല വാടകക്ക് മാത്രം നല്‍കിയാല്‍ മതിയോ എന്നതിന് വാടകക്ക് മാത്രമാനുസകാത്ത് ബാധകം എന്നതാണ് ഉത്തരം. കാരണം ഒരാളുടെ ഉപകരണങ്ങള്‍, സ്വര്‍ണ്ണവും വെള്ളിയും ഒഴികെയുള്ള ഉപയോഗവസ്തുക്കള്‍, വില്പന ആഗ്രഹിക്കാത്ത ഉടമസ്ഥതയില്‍ നിലനില്‍ക്കുന്ന വസ്തുക്കള്‍ ഇവക്ക് സകാത്ത് ബാധകമല്ല. വാടകക്ക് നല്‍കുന്ന ആള്‍ വാടക വസ്തു വില്‍ക്കുന്നില്ലല്ലോ. അയാള്‍ അതിന്‍റെ ഉപയോഗം മാത്രമാണ് വില്‍ക്കുന്നത്. അതിനാല്‍ വരുമാനത്തിന് മാത്രമേ സകാത്ത് ബാധകമാകുന്നുള്ളൂ. നിസ്വാബ് തികയുകയും ഹൗല്‍ തികയുകയും ചെയ്‌താല്‍ രണ്ടര ശതമാനം സകാത്തായി നല്‍കണം.

അല്ലാഹു അനുഗ്രഹിക്കട്ടെ ..
____________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ