Saturday, August 2, 2014

മഹ്ദി വരുന്ന സമയം അന്വേഷിച്ച് നടക്കുന്നവരോട് ...



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

മഹ്ദിയുമായി ബന്ധപ്പെട്ട് ഹദീസുകളിൽ വന്ന പ്രവചനങ്ങളെ ആധുനിക സംഭവ വികാസങ്ങളുമായി കൂട്ടിക്കെട്ടുകയും, അപ്രകാരമുള്ള നിഗമനങ്ങളിൽ ഉറച്ച് വിശ്വസിക്കുകയും, എന്ത് സംഭവം ഉണ്ടായാലും അതെല്ലാം ഇന്നയിന്ന കാര്യങ്ങളുടെ ഭാഗമാണ് എന്ന് സ്വയം വിധിയെഴുതുകയും... അത്തരം എഴുത്തുകാരുടെ ലേഖനങ്ങളിൽ ആകൃഷ്ടരായി സാങ്കൽപിക ലോകത്ത് ജീവിക്കുന്നവരായി മാറുകയും ചെയ്ത ധാരാളം ചെറുപ്പക്കാരെ നമുക്ക് കാണാം. ഒരുകാലത്ത് ഖുർആനും സുന്നത്തും മുറുകെപ്പിടിക്കുന്നവരിൽ മുൻപന്തിയിലുണ്ടായിരുന്ന പല ചെറുപ്പക്കാരും ഇത്തരം ലേഖകരുടെ എഴുത്തുകളിൽ ആകൃഷ്ടരാവുകയും അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരേപ്പോലും ആക്ഷേപിക്കുന്ന ആളുകളായി മാറുകയും ചെയ്യുന്ന അനുഭവങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയകളിലും മറ്റും കാണാൻ സാധിക്കുന്നത്. യഥാർത്ഥത്തിൽ ഈ വിഷയത്തിലുള്ള ഒരു വിശ്വാസിയുടെ സമീപനം എന്തായിരിക്കണം എന്ന് ചർച്ച ചെയ്യാൻ എന്നെ പ്രേരിപ്പിച്ച ഘടകങ്ങളിൽ സുപ്രധാനമായ ഘടകവും അതാണ്‌.

അന്ത്യ നാളിന്റെ വലിയ അടയാളങ്ങള്‍ വരുന്നതിനു മുന്നോടിയായി അഹ്ലുസ്സുന്നയുടെ ആളുകളും റോമുകാരും ചേര്‍ന്ന് അവരിരുവരുടെയും ശത്രുവായ ഒരു വിഭാഗത്തോട് യുദ്ധം ചെയ്യും.... റോമുകാരും അഹ്ലുസ്സുന്നയും ഒരുമിച്ച് നിന്നുകൊണ്ട് നേരിടുന്ന ആ വിഭാഗം ശിയാക്കളാവാം എന്നാണു പൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്.. ഒരു പക്ഷെ ജൂതന്മാരുമാവാം ... ആരാണെന്ന് ഉറപ്പിച്ചു പറയാന്‍ നമുക്ക് സാധിക്കില്ലല്ലോ.... അല്ലാഹുവിനറിയാം !..... യുദ്ധത്തില്‍ അഹ്ലുസ്സുന്നയും റോമുകാരും വിജയം കൈവരിക്കും.... ആ യുദ്ധാനന്തരം ഉണ്ടാകുന്ന ഒരു തര്‍ക്കത്തില്‍ നിന്ന് അഹ്ലുസ്സുന്നയും റോമുകാരും തമ്മില്‍ ഒരു മഹായുദ്ധം ഉടലെടുക്കും. വമ്പിച്ച നാശനഷ്ടങ്ങള്‍ സംഭവിക്കുന്ന ഒരു ലോക മഹായുദ്ധമായിരിക്കും അത്.... ആ സന്ദര്‍ഭത്തിലാണ് ഇമാം മഹ്ദിയുടെ ആഗമനം..... അവിടെ നിന്നും പിന്നീടങ്ങോട്ട് ഖിയാമത്ത് നാളിന്റെ വലിയ അടയാളങ്ങള്‍ ഒന്നൊന്നായി അവതരിക്കും ... കണ്ണിയറ്റ മാലയിലെ മുത്തുകള്‍ പൊഴിയുന്നത് പോലെ ഒന്നിന് പിറകെ ഒന്നായി ഖിയാമത്ത് നാളിന്റെ വലിയ അടയാളങ്ങളെല്ലാം വരും..... എന്ന് സ്വഹീഹായ ഹദീസുകളില്‍ കാണാം.....

ഇന്ന് ഓരോ രാഷ്ട്രങ്ങളും നടത്തുന്ന ആയുധ ശേഖരണവും, യുദ്ധ സന്നാഹവും, ആ വിഷയത്തില്‍ കാണിക്കുന്ന അതിയായ മത്സരബുദ്ധിയുമൊക്കെ കാണുമ്പോള്‍ ഒരുപക്ഷെ പ്രവാചകന്‍ പറഞ്ഞ ആ മഹായുദ്ധത്തിന്റെ തയ്യാറെടുപ്പായിരിക്കാം
തെല്ലാം.. ചിലപ്പോൾ ആവാതിരിക്കുകയുമാവാം...

പക്ഷെ അതൊന്നും നമുക്ക് അറിവ് നൽകപ്പെട്ടിട്ടില്ലാത്ത കാര്യമാണ്.... അല്ലാഹുവാകുന്നു എല്ലാം അറിയുന്നവൻ. ഇന്നല്ലെങ്കിൽ നാളെ പ്രവാചകന്റെ പ്രവചനങ്ങൾ സംഭവിക്കുക തന്നെ ചെയ്യും എന്നതുറപ്പാണ്. പക്ഷെ ആ കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് പറയാനോ, അതെപ്പോൾ സംഭവിക്കുമെന്ന് പറയാനോ നമുക്ക് സാധിക്കില്ല.
ലോകരക്ഷിതാവായ അല്ലാഹു മാത്രമാണ് അതെല്ലാം കൃത്യമായി അറിയുന്നവൻ. എന്നാൽ പ്രവാചകന്റെ ഹദീസുകളെ ആധുനിക സംഭവ വികാസങ്ങളുമായി കൂട്ടിക്കെട്ടി പ്രവാചകന്റെ ഹദീസുകളിൽ പ്രതിപാദിക്കപ്പെട്ട സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നതെല്ലാം എന്ന് തറപ്പിച്ചു പറയുകയും  അതിന് നിഗമനങ്ങൾ വഴി ന്യായീകരണങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന ചില ആളുകളെ  നമുക്ക് കാണാം. അതിനെ ഹദീസുമായി ബന്ധിപ്പിക്കാൻ വ്യഘ്രത കാട്ടുകയും അതിനുവേണ്ടി ശിയാക്കളുടെ ഗ്രന്ഥങ്ങൾ പോലും അവലംഭിക്കുകയും, ആരെഴുതി വിടുന്നതായാലും തന്റെ ആശയങ്ങൾക്ക് പഴുതുണ്ടെങ്കിൽ അതെടുത്തുദ്ദരിക്കുന്നവരുമായി ഇവരെ നമുക്ക് കാണാം.

മുൻ കാലഘട്ടങ്ങളിൽ ഇതുപോലെ ഒരുപാട് വാദങ്ങൾ പലരും നിരത്തുകയും ഒടുവിൽ അതെല്ലാം വെറും നിഗമനങ്ങളും കെട്ടുകഥകളും ആയിരുന്നുവെന്ന് പിന്കാലങ്ങളിൽ തെളിയുകയും ചെയ്തിട്ടുണ്ട്.

ഇനി ഈ സംഭവ വികാസങ്ങൾ പ്രവാചകന്റെ ഹദീസുകളിൽ പരാമർഷിക്കപ്പെട്ട
സംഭവങ്ങൾ ആവുകയോ അല്ലാതിരിക്കുകയോ ചെയ്യട്ടെ, ഒരു വിശ്വാസി എന്ന നിലക്ക് ഈ സന്ദർഭങ്ങളിലെല്ലാം എടുക്കേണ്ട നിലപാട് എന്തായിരിക്കണം അതാണ്‌ നമ്മൾ മനസ്സിലാക്കേണ്ടത്.  അത് പഠിക്കുവാനാണ്‌ നമ്മൾ സമയം ചിലവഴിക്കേണ്ടത്.

അന്ത്യനാൾ എപ്പോഴാണ് സംഭവിക്കുക എന്നതറിയാൻ വ്യഘ്രത കാണിച്ച ആളുകൾക്ക് വിശുദ്ധ ഖുർആൻ കൃത്യമായ മറുപടി നൽകുന്നുണ്ട്:


يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا (42) فِيمَ أَنْتَ مِنْ ذِكْرَاهَا (43) إِلَى رَبِّكَ مُنْتَهَاهَا (44) إِنَّمَا أَنْتَ مُنْذِرُ مَنْ يَخْشَاهَا (  (45كَأَنَّهُمْ يوم يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا (46)

" ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ്‌ സംഭവിക്കുക എന്ന്‌ അവര്‍ നിന്നോട്‌ ചോദിക്കുന്നു. നിനക്ക്‌ അതിനെപ്പറ്റി എന്ത്‌ പറയാനാണുള്ളത്‌?. അതിന്റെ അറിവ് അതിന്റെ രക്ഷിതാവിന്റെ പക്കലാണ്. അതിനെ ഭയപ്പെടുന്നവര്‍ക്ക്‌ ഒരു താക്കീതുകാരന്‍ മാത്രമാണ്‌ നീ. അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക്‌ തോന്നുക.)". - [ നാസിആത്ത് : 42 - 45].

അഥവാ ആ സമയം അറിഞ്ഞതുകൊണ്ട്‌ പ്രത്യേകിച്ച് എന്തുകിട്ടാനാണ്. പക്ഷെ ആ അന്ത്യസമയത്തെ ഭയപ്പെടുന്നവർക്കുള്ള താക്കീതുകാരനായാണ് പ്രവാചകൻ(സ) വന്നത്. അതിനാൽ തന്നെ ആര് ആ പ്രവാചകനെ അനുസരിക്കുന്നുവോ അവർക്ക് മാത്രമാണ് ആ താക്കീത് ഉപകരിക്കുന്നത്. എന്നതുപോലെ മഹ്ദിയുടെ ആഗമനം പ്രവാചകൻ(സ) നമുക്ക് നൽകിയ ഒരു സന്തോഷവാർത്തയാണ്. അതെപ്പോഴാണ്‌ എന്ന് കൃത്യമായി പ്രവാചകൻ(സ) പഠിപ്പിച്ചിട്ടില്ല. എന്നാൽ നിങ്ങൾ ഖുർആനും പ്രവാചകചര്യയും മുറുകെപ്പിടിക്കുന്നവരാണ് എങ്കിൽ സ്വാഭാവികമായും മഹ്ദിയുടെ ആഗമനസമയത്ത് നിങ്ങളുണ്ടെങ്കിൽ നിങ്ങൾ അദ്ദേഹത്തിന്റെ അനുയായികളിൽ പെട്ടവരായിരിക്കും എന്നതാണ് പ്രവാചകവചനങ്ങൾ സൂചിപ്പിക്കുന്നത്.

ഏതായാലും ഒരു വിശ്വാസി ഏതു സാഹചര്യത്തിലായാലും കൈകൊള്ളേണ്ട നിലപാട് എന്ന് പറയുന്നത് ഖുർആനും, സുന്നത്തും, സ്വഹാബത്ത് മനസ്സിലാക്കിയ രൂപത്തിൽ മനസ്സിലാക്കി അതിനുവേണ്ടി നിലകൊള്ളുക എന്നതാണ്. കൃത്രിമമായ നിഗമനങ്ങൾ മെനഞ്ഞ് മഹ്ദിയെ കണ്ടെത്താൻ സത്യവിശ്വാസികളോട് അല്ലാഹു ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് മഹ്ദിയുടെ ആഗമനം വെളിപ്പെടും. അത് സംശയഭേധമന്യേ വിശ്വാസികൾക്ക് അല്ലാഹു പ്രകടമാക്കിക്കൊടുക്കും.  അതാണ്‌ കൃത്യമായി പ്രവാചകൻ (സ) പഠിപ്പിച്ചിട്ടുള്ളത്‌. സ്വാഭാവികമായും ഖുർആനും സുന്നത്തും പിൻപറ്റുന്നവർ ആയിരിക്കും അദ്ദേഹത്തോടൊപ്പം നിലകൊള്ളുക. ആയതിനാൽ തന്നെ ഖുർആനും സുന്നത്തും മുറുകെപ്പിടിക്കുക എന്നതാണ് അടിസ്ഥാനം.

ഇന്ന് ചില വ്യക്തികൾ  ചെയ്യുന്ന പോലെ ഖുർആനിനും സുന്നത്തിനും വിലകൽപിക്കാതെ ജീവിക്കുകയും, ബിദ്അത്തുകാരെപ്പോലും വാഴ്ത്തുകയും,  അവരെയെല്ലാം കൂട്ടുപിടിക്കുകയും, അവസാനം സ്വയം മഹ്ദിയുടെ ആഗമനം ഇന്നോ നാളെയോ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച്. ഇന്നയാൾ മഹ്ദിയാണോ ?!... ഇന്ന കാര്യങ്ങൾ മഹ്ദി വരുന്നതിനുള്ള അടയാളങ്ങളാണോ ?!... ഇന്നയിന്ന സംഭവ വികാസങ്ങളെല്ലാം അത് സൂചിപ്പിക്കുന്നു. എന്ന് തുടങ്ങി സംശയാസ്പദമായ നിഗമങ്ങൾ വഴി സ്വയം ആശയക്കുഴപ്പത്തിൽ അകപ്പെടുകയും, മറ്റുള്ളവരെ ആശയക്കുഴപ്പങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്ന
ത് നേർമാർഗത്തിൽ നിന്നുമുള്ള വ്യതിയാനമാണ്. അല്ലാഹു അത്തരക്കാരുടെ ശർറിൽ നിന്നും നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ.. യഥാർത്ഥ ജീവിതം ജീവിക്കുന്നതിനു പകരം നിഗമനങ്ങളുടെ ലോകത്ത് വഴിയറിയാതെ സഞ്ചരിക്കുന്നവരായി ഇത്തരക്കാരെ നമുക്ക് കാണാം.

ചരിത്രത്തിൽ ഇങ്ങനെ പല മഹ്ദിമാരും കടന്നുപോയിട്ടുണ്ട്. അന്ന് ഇതിനേക്കാൾ വലിയ തെളിവുകളും, സംഭവ വികാസങ്ങളും അവരുടെ അനുയായികളും ഉയർത്തിപ്പിടിച്ചിരുന്നു. പലരും ഇന്നും മഹ്ദിയാവാനുള്ള സ്വപ്നങ്ങളും നിഗമനങ്ങളും കൊണ്ട് നടക്കുന്നു. ചിലർ അറിഞ്ഞോ അറിയാതെയോ അതിന്റെ പ്രചാരണം ഏറ്റെടുക്കുന്നു. മുൻകാലങ്ങളിൽ സംഭവിച്ചതുപോലെ ഇതും ഒരു മിഥ്യയാണെന്ന് തെളിയിക്കപ്പെടുന്ന കാലത്ത് ഖേദിച്ചു മടങ്ങാൻ ഈ വാഹകർ ജീവിചിരിപ്പുണ്ടാകുമോ ആവോ ?!...

ശൈഖ് ഫലാഹ് മൻദകാർ ഹഫിദഹുല്ല ഒരിക്കൽ പറഞ്ഞ ഒരു നർമമാണ് ഓർമ വരുന്നത്: ' മഹ്ദിയാണ് എന്ന് വാദിച്ചുകൊണ്ട്‌ ഒരുപാട് പേ
രംഗത്ത് വന്നിട്ടുണ്ട്. ഇനി വരികയും ചെയ്യും. പക്ഷെ ഏതായാലും ഞാനാണ് ദജ്ജാൽ എന്ന് പറഞ്ഞുകൊണ്ട് ഇതുവരെ ആരും വന്നിട്ടില്ല ' .

ശേഷം അദ്ദേഹം വ്യക്തമാക്കിയ ഒരു കാര്യമുണ്ട്:  "ദാജ്ജാലിന്റെ പുറപ്പാട് (خروج الدجال) എന്ന് പ്രയോഗിച്ച പ്രവാചകൻ (സ) മഹ്ദിയുടെ വരവിനെക്കുറിച്ച് പറഞ്ഞപ്പോൾ (ظهور المهدي) മഹ്ദി പ്രകടമാകും എന്നാണ് പറഞ്ഞിട്ടുള്ളത്. സ്വാഭാവികമായും ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കുന്നവർക്ക് അത് മഹ്ദിയാണ് എന്ന കാര്യം പ്രകടമാകും എന്നർത്ഥം". അഥവാ ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കുക എങ്കിൽ മഹ്ദി പ്രകടമാകുമ്പോൾ അദ്ദേഹത്തിന്റെ കൂടെയും, ഈസാ അലൈഹിസ്സലാം വരുമ്പോൾ അദ്ദേഹത്തിന്റെ കൂടെയുമെല്ലാം നിലയുറപ്പിക്കാം എന്നർത്ഥം.

അതെ കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കാതിരിക്കുക. അറിയാത്ത കാര്യങ്ങൾ അല്ലാഹുവിങ്കലേക്ക്‌ വിടുക. ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കുക. കണ്ടതും കേട്ടതും വായിച്ച് നമുക്ക് അറിവ് നൽകപ്പെട്ടിട്ടില്ലാത്ത കാര്യങ്ങൾ പോലും ചർച്ച ചെയ്ത് പരലോകം നഷ്ടപ്പെടുത്തണോ ?!.

മഹാനായ ഇമാം ഇബ്നു സീരീന്‍ (رحمه الله) പറയുന്നു : " നിങ്ങള്‍ നേടുന്ന ഈ അറിവ് അത് നിങ്ങളുടെ മതമാണ്‌. ആയതിനാല്‍ തന്നെ ആരില്‍ നിന്നുമാണ് അത് സ്വീകരിക്കുന്നത് എന്ന് സൂക്ഷ്മമായി പരിശോധിച്ചുകൊള്ളുക ".

വിശുദ്ധഖുർആൻ അന്ത്യദിനത്തിന്റെ സമയമന്വേഷിച്ചവർക്ക് മറുപടി നൽകിയതു പോലെ അതെല്ലാം സംഭവിക്കേണ്ട സമയത്ത് സംഭവിക്കും. അതിന്റെ സമയം അറിയുന്നതിൽ എന്തർഥമാണുള്ളത്. മറിച്ച് ആ ദിവസങ്ങൾ വരുമെന്ന് വിശ്വസിക്കുകയും, അന്ന് രക്ഷ ലഭിക്കാൻ പ്രവാചകൻ(സ) പഠിപ്പിച്ച കല്പനകൾ പിൻപറ്റുകയുമല്ലേ ചെയ്യേണ്ടത്.

അതിനാൽ തന്നെ ഖുർആനിലും സുന്നത്തിലുമൊന്നും വലിയ താല്പര്യം ഇല്ലെങ്കിലും നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ അഭിനവ മഹ്ദിമാരെ തേടിപ്പോകുന്ന വിഡ്ഢികളിൽ പെടാതിരിക്കുക. അതുമൂലം നിങ്ങള്ക്ക് നഷ്ടമാകുക നിങ്ങളുടെ മനസ്സമാധാനം മാത്രമല്ല, കുടുംബ ജീവിതവും ഒരുപക്ഷെ പരലോക ജീവിതവും  കൂടിയായിരിക്കും. ആശയക്കുഴപ്പങ്ങൾ കടന്നുകൂടാതെ കളങ്കരഹിതമായ വിശ്വാസവുമായി വിശുദ്ദഖുർആനും തിരുസുന്നത്തും മുറുകെപ്പിടിച്ച് മരണപ്പെടുവാൻ സാധിക്കുക എന്നതിനേക്കാൾ ആനന്ദകരമായ മറ്റെന്താണുള്ളത്.

عَنِ الْعِرْبَاضِ بْنِ سَارِيَةَ قَالَ : صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلاةَ الْغَدَاةِ ، ثُمَّ أَقْبَلَ عَلَيْنَا بِوَجْهِهِ فَوَعَظَنَا مَوْعِظَةً بَلِيغَةً ذَرَفَتْ مِنْهَا الأَعْيُنُ ، وَوَجِلَتْ مِنْهَا الْقُلُوبُ ، فَقَالَ رَجُلٌ : يَا رَسُولَ اللَّهِ ، كَأَنَّ هَذِهِ مَوْعِظَةَ مُوَدِّعٍ , فَقَالَ : " اتَّقُوا اللَّهَ ، وَعَلَيْكُمْ بِالسَّمْعِ وَالطَّاعَةِ وَإِنْ عَبْدًا حَبَشِيًّا ، وَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلافًا كَثِيرًا ، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ مِنْ بَعْدِي الرَّاشِدِينَ الْمَهْدِيِّينَ ، عُضُّوا عَلَيْهَا بِالنَّوَاجِذِ ، وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ ، فَإِنَّ كُلَّ بِدْعَةٍ ضَلالَةٌ " .

ഇർബാള് ബിൻ സാരിയ നിവേദനം: ഒരിക്കൽ പ്രവാചകൻ (സ) ഞങ്ങളോടൊപ്പം സുബഹി നമസ്കാരം നിർവഹിച്ചു. ശേഷം അദ്ദേഹം ഞങ്ങളിലേക്ക് തിരിഞ്ഞിരുന്നു. എന്നിട്ടദ്ദേഹം ഒരു സുന്ദരമായ ഉപദേശം നടത്തി. ഞങ്ങളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരാധാരയായൊഴുകി, ഞങ്ങളുടെ ഹൃദയം ഭയംകൊണ്ട് വിങ്ങിപ്പൊട്ടി. അപ്പോൾ സദസ്സിൽ നിന്നൊരാൾ ഇപ്രകാരം പറഞ്ഞു: പ്രവാചകരേ !.. ഒരു യാത്രചോദിക്കുന്നവന്റെ അവസാന ഉപദേശം പോലെ ഞങ്ങൾക്കിത് അനുഭവപ്പെടുന്നുവല്ലോ. അതിനാ
അങ്ങ് ഞങ്ങൾക്ക് വസ്വിയ്യത്ത്
നൽകിയാലും. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: എനിക്ക് നിങ്ങളോട് നൽകുവാനുള്ള വസ്വിയ്യത്ത്, നിങ്ങൾ തഖ്‌വ കൈവരിക്കുക. അബിസീനിയക്കാരനായ ഒരടിമയാണ് നിങ്ങളുടെ ഭരണാധികാരിയെങ്കിലും നിങ്ങളവനെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. നിങ്ങളിൽ ആര്
എനിക്ക് ശേഷം ജീവിച്ചിരിക്കുന്നുവോ ധാരാളം ഭിന്നതകൾ അവർക്ക് കാണുവാൻ സാധിക്കും. അന്ന് നിങ്ങൾ ജീവിചിരിക്കുന്നുവെങ്കിൽ നിങ്ങൾ എന്റെ ചര്യയെ മുറുകെപ്പിടിക്കുക. എനിക്ക് ശേഷം വരുന്ന സന്മാർഗദർശികളായ ഖുലഫാഉറാശിദീങ്ങളുടെ ചര്യയെയും മുരുകെപ്പിടിക്കുക. നിങ്ങളുടെ അണപ്പല്ലുകൊണ്ട് അതിനെ നിങ്ങൾ കടിച്ചുപിടിക്കുക.
മതത്തിൽ പുതുതായുണ്ടാക്കപ്പെടുന്ന കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക. കാരണം അവയെല്ലാം വഴിപിഴച്ചവയാണ്."  -  [ തിർമിദി,  സ്വഹീഹ്].


ഇതേ ഹദീസിന്റെ ഇബ്നു മാജ ഉദ്ദരിക്കുന്ന സ്വഹീഹായ റിപ്പോർട്ടിൽ ഇപ്രകാരം കാണാം :

قد تركتكم على البيضاء ليلها كنهارها لا يزيغ عنها بعدي إلا هالك، من يعش منكم فسيرى اختلافا كثيرا، فعليكم بما عرفتم من سنتي وسنة الخلفاء الراشدين المهديين عضوا عليها بالنواجذ

" നിങ്ങളെ പ്രകാശപൂരിതമായ (വെളുത്ത) പാതയിലാണ് ഞാൻ വിട്ടേച്ചു പോകുന്നത്. നശിച്ചവനല്ലാതെ അതിൽ നിന്നും വഴി തെറ്റുകയില്ല. എനിക്ക് ശേഷം നിങ്ങളിൽ നിന്നും ജീവിച്ചിരിക്കുന്നവർ ധാരാളം ഭിന്നതകൾ കാണുന്നതാണ്. അന്ന് (നിങ്ങളിൽ നിന്നും ജീവിച്ചിരിക്കുന്നവർ) എന്റെയും എനിക്ക് ശേഷം വരുന്ന സച്ചരിതരായ ഖുലഫാഉറാഷിദീങ്ങളുടെയും ചര്യയെ മുറുകെപ്പിടിക്കുക. നിങ്ങളുടെ അനപ്പല്ലുകൊണ്ടതിനെ നിങ്ങൾ കടിച്ചുപിടിക്കുക". [ ഇബ്നു മാജ - അൽബാനി സ്വഹീഹ്].

അതിനാൽ തന്നെ വിശുദ്ധ ഖുർആനും തിരുസുന്നത്തും സ്വഹാബത്ത് മനസ്സിലാക്കിയ രൂപത്തിൽ മുറുകെപ്പിടിക്കുക.  കണ്ടതും കേട്ടതും പിന്പറ്റി ആശയക്കുഴപ്പങ്ങളിൽ ചെന്ന് ചാടാതിരിക്കുക.

ഇമാം മാലിക് റഹിമഹുല്ലാഹ്  (رحمه الله) പറയുന്നു : " ഈ സമുദായത്തിലെ മുന്‍ഗാമികള്‍ ഏതൊരു കാര്യം കൊണ്ടാണോ നന്നായത് അതുമുഖേനയല്ലാതെ ഈ സമുദായത്തിലെ പിന്'തലമുറക്കാരും നന്നാവുകയില്ല " അല്ലാഹു പറയുന്നു:

وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَتَّقُونَ.

"ഇതത്രെ എന്‍റെ നേരായ പാത. നിങ്ങള്‍ അത്‌ പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്‌. അവയൊക്കെ അവന്‍റെ ( അല്ലാഹുവിന്‍റെ ) മാര്‍ഗത്തില്‍ നിന്ന്‌ നിങ്ങളെ ചിതറിച്ച്‌ കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക്‌ നല്‍കിയ ഉപദേശമാണത്‌".  - [അൻആം : 153].

വിശുദ്ധ ഖുർആനും തിരുസുന്നത്തും മുറുകെപ്പിടിക്കുന്നവരായിരിക്കും മഹ്ദിയുടെ ആളുകൾ... അത്
മുറുകെപ്പിടിക്കുക എന്നതാണ് ഏത് കാലഘട്ടത്തിലും, ഇഹത്തിലും പരത്തിലും വിജയം കൈവരിക്കുവാനുള്ള ഏക മാർഗം... അല്ലാഹു അനുഗ്രഹിക്കട്ടെ ....
________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ