Wednesday, February 12, 2014

" ഇത് ശരിയാണ് എങ്കില്‍ അതല്ലാഹുവില്‍ നിന്നുള്ളതാണ്. തെറ്റാണ് എങ്കില്‍ അതെന്നില്‍ നിന്നും പിശാചില്‍ നിന്നുമുള്ളതാണ്. അല്ലാഹുവോ, പ്രവാചകനോ അതിനുത്തരവാദിയല്ല". എന്ന് പറയാന്‍ പാടുണ്ടോ ?



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

നന്മയും തിന്മയും തുടങ്ങി സകല കര്‍മ്മങ്ങളും , അതുപോലെ  പിശാചുള്‍പ്പടെ സകല സൃഷ്ടികളും അല്ലാഹുവിന്‍റെ സൃഷ്ടി തന്നെ. എല്ലാം കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും അതീതമായ, പരിപൂര്‍ണമായ  അവന്‍റെ അറിവിനാലും യുക്തിയാലും സൃഷ്ടിക്കപ്പെട്ടത്. അതില്‍ നിന്നും ഒരു സൃഷ്ടിയും ഒരു കര്‍മ്മവും ഒഴിവല്ല...
എന്നാല്‍ " ഇത് ശരിയാണ് എങ്കില്‍ അതല്ലാഹുവില്‍ നിന്നുള്ളതാണ്. തെറ്റാണ് എങ്കില്‍ അതെന്നില്‍ നിന്നും പിശാചില്‍ നിന്നുമുള്ളതാണ്. അല്ലാഹുവോ, പ്രവാചകനോ അതിനുത്തരവാദിയല്ല". എന്ന് പറയുക വഴി ഉദ്ദേശിക്കുന്നത് കര്‍മത്തിന്‍റെ സൃഷ്ടിപ്പിനെ സംബന്ധിച്ച് അല്ല...  ഇവിടെ ഉദ്ദേശിച്ചത് എന്നില്‍ നിന്ന്  അപാകതകള്‍ വന്നുപോയിട്ടുണ്ടെങ്കില്‍ അല്ലാഹുവെയോ, അവന്‍റെ പ്രവാചകനെയോ, അവന്‍റെ മതത്തെയോ എന്‍റെ പിഴവിന്‍റെ പേരില്‍ പഴിചാരരുത് എന്നും. അത് എന്‍റെ അപാകതകളും പിഴവുകളും മാത്രമാണ് എന്നും... അതായത് അല്ലാഹുവിന്‍റെ മതത്തിലേക്ക് തന്‍റേതായ വല്ല പിഴവുകളും ചേര്‍ന്ന് പോകുക വഴി അല്ലാഹുവിന്‍റെ മതം അതിനുത്തരവാദിയല്ല. ഇനി അപ്രകാരം വല്ല പിഴവുകളും സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് തന്‍റെ പോരായ്മ കൊണ്ടോ, പിശാചിന്‍റെ പ്രേരണയാലോ വന്നുപോയതാണ്‌ എന്ന് ജാമ്യമെടുക്കുക എന്നതാണ് അപ്രകാരം പറയാനുള്ള പ്രേരണ.... അത് സാധാരണയായി പണ്ഡിതന്മാര്‍ പ്രഭാഷണങ്ങള്‍ക്കും, ലേഖനങ്ങള്‍ക്കുമൊക്കെ ശേഷം പറയാറുള്ളതാണ്.. അത് മര്യാദകളില്‍ പെട്ട ഒരു മര്യാദയാണ്...

അപ്രകാരം പറയുന്നതില്‍ തെറ്റില്ല.
അബൂ ബക്കര്‍ (റ) അനന്തരാവകാശവുമായി ബന്ധപ്പെട്ട് കലാല വിശദീകരിച്ചുകൊണ്ട് ഒരു അഭിപ്രായം പറഞ്ഞു. ശേഷം അദ്ദേഹം പറയുന്നത് കാണുക:

عن الشعبي قال: قال أبو بكر: رأيت في الكلالة رأيا، فإن يك صوابا فمن عند الله، وإن يك خطأ فمنقبلي والشيطان. الكلالة ما عدا الولد والوالد.
ഇമാം ശഅബി റഹിമഹുല്ല ഉദ്ദരിക്കുന്നു : അബൂബക്കര്‍ (റ) പറഞ്ഞു : " കലാലയുടെ വിഷയത്തില്‍ ഞാന്‍ ഒരു അഭിപ്രായം പറഞ്ഞു. അത് ശരിയാണ് എങ്കില്‍ അല്ലാഹുവില്‍ നിന്നുള്ളതാണ്. തെറ്റാണ് എങ്കില്‍ എന്‍റെ ഹൃദയത്തില്‍ നിന്നും പിശാചില്‍ നിന്നുമാണ്. കലാലത്ത് എന്നാല്‍ മയ്യിത്തിന് പിതാവും, മകനും  ഇല്ലാത്ത അവസ്ഥയാണ് " .- [മുസ്വന്നഫ് ഇബ്നു അബീ ശൈബ]

അതുപോലെ അബൂ ദാവൂദ് ഉദ്ദരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം:

أن عبد الله بن مسعود أتى في رجل بهذا الخبر، قال: فاختلفوا إليه شهرا أو قال مرات، قال: فإني أقول فيها إن لها صداقا كصداق نسائها لا وكس ولا شطط، وإن لها الميراث، وعليها العدة، فإن يك صوابا فمن الله، وإن يكن خطأ فمني ومن الشيطان، والله ورسوله بريئان....
അബ്ദുല്ലാഹിബ്ന് മസ്ഊദ് (റ) വിന്‍റെ അടുത്തേക്ക് ഒരു കൂട്ടം ആളുകള്‍ മഹര്‍ കൈവശം ലഭിച്ചിട്ടില്ലാത്ത, ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയുടെ സ്വത്തുമായി ബന്ധപ്പെട്ട വിഷയം ചോദിച്ച് വന്നു. ഏതാണ്ട് ഒരുമാസക്കാലത്തോളം അവര്‍ അദ്ദേഹത്തോട് അവര്‍ക്കിടയിലുള്ള ഈ ചര്‍ച്ച ഉന്നയിച്ചുകൊണ്ടേയിരുന്നു. ശേഷം അദ്ദേഹം പറഞ്ഞു: ഈ വിഷയത്തില്‍ എനിക്ക് പറയാനുള്ളത് : അവളെപ്പോലുള്ള സ്ത്രീകള്‍ക്ക് മഹര്‍ എത്ര ലഭിക്കുമോ യാതൊരു ഏറ്റക്കുറച്ചിലും ഇല്ലാതെ അവള്‍ക്കും അതുപോലെ നല്‍കുക. ശേഷം അനന്തരാവകാശത്തില്‍ നിന്നും അവള്‍ക്ക് നല്‍കുക. അതുപോലെ അവള്‍ ഇദ്ദയും ഇരിക്കട്ടെ. ഈ പറഞ്ഞത് ശരിയാണ് എങ്കില്‍ അത് അല്ലാഹുവില്‍ നിന്നുള്ളതാണ്. അത് തെറ്റാണ് എങ്കില്‍ അത് എന്നില്‍ നിന്നും പിശാചില്‍ നിന്നും ഉള്ളതാണ്. അല്ലാഹുവോ, പ്രവാചകനോ അതിനുത്തരവാദിയല്ല ". - [സുനനു അബൂ ദാവൂദ്]. ശൈഖ് അല്‍ബാനി (റഹിമഹുല്ല) സ്വഹീഹ് എന്ന് രേഖപ്പെടുത്തിയ ഹദീസ് ആണ് ഇത്. ഇമാം നസാഇയും മറ്റു മുഹദ്ദിസീങ്ങളും ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതുപോലെ അപ്രകാരം പറയുന്നതില്‍ തെറ്റില്ല എന്നത്തിനുള്ള തെളിവാണ് സൂറത്ത് നിസാഇലെ 79 മത്തെ ആയത്ത്.

مَا أَصَابَكَ مِنْ حَسَنَةٍ فَمِنَ اللَّهِ وَمَا أَصَابَكَ مِنْ سَيِّئَةٍ فَمِنْ نَفْسِكَ - النساء: 79
അല്ലാഹു പറയുന്നു: "നന്‍മയായിട്ട്‌ നിനക്ക്‌ എന്തൊന്ന്‌ വന്നുകിട്ടിയാലും അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്‌. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്‍റെ പക്കല്‍ നിന്നുതന്നെ ഉണ്ടാകുന്നതാണ്‌". - [നിസാഅ് : 79]