Wednesday, October 2, 2013

ആരാണ് മുആവിയ ബ്നു അബീ സുഫ്'യാന്‍ (റ) ?!.



بسم الله، والحمد لله، والصلاة والسلام على رسول الله وعلى آله وصحبه ومن اهتدى بهداه، وبعد؛

ശ്രേഷ്ഠരായ സ്വഹാബി വര്യന്മാരില്‍ പ്രഗല്‍ഭരായ ഒരാളാണ് മുആവിയ (رضي الله عنه). പ്രവാചക പത്നി ഉമ്മു ഹബീബ (رضي الله عنها) യുടെ സഹോദരന്‍. അബൂ സുഫ്‌യാന്‍ (رضي الله عنه) വിന്‍റെ മക്കളാണ് ഉമ്മു ഹബീബയും മുആവിയയും.

"മുആവിയ (
رضي الله عنه)വിനെയും അബ്ദുല്ലാഹിബ്നു ഉമര്‍(رضي الله عنه)വിനെയും സത്യവിശ്വാസികളുടെ അമ്മാവന്മാര്‍ എന്ന് വിളിച്ചുകൊള്ളട്ടെ എന്ന് ഇമാം അഹ്മദിനോട്‌ ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: അതെ വിളിച്ചുകൊള്ളുക. കാരണം മുആവിയ (رضي الله عنه) പ്രവാചക പത്നി ഉമ്മു ഹബീബ (رضي الله عنها) യുടെയും, ഇബ്നു ഉമര്‍(رضي الله عنه) പ്രവാചക പത്നി ഹഫ്സ്വ (رضي الله عنها)യുടെയും സഹോദരങ്ങളാണ് എന്ന് ഇമാം അഹ്മദ് മറുപടി നല്‍കുകയുണ്ടായി "  [അസ്സുന്ന - ഖല്ലാല്‍ വോ:2 പേജ് 433]

അതുപോലെ വിശുദ്ധഖുര്‍ആന്‍ രേഖപ്പെടുത്തി വെച്ചിരുന്ന കുത്താബുല്‍ വഹ്'യില്‍ ഉള്‍പ്പെട്ട ആളാണ്‌ അദ്ദേഹം.   മുആവിയ (رضي الله عنه)  ആര് എന്നോ അദ്ദേഹത്തിന്‍റെ ശ്രേഷ്ടത എന്ത് എന്നോ  ഇന്ന് പല സഹോദരങ്ങള്‍ക്കും അറിയില്ല. ഈ അറിവില്ലായ്മ കാരണം ഇഖ്'വാനികളും ഖുത്ബിയാക്കളും റാഫിദിയാക്കളും പടച്ചുവിടുന്ന കള്ളക്കഥകള്‍ അറിഞ്ഞോ അറിയാതെയോ പലരും ശരിയാണ് എന്ന് ധരിച്ചു പോകുന്നു. മാത്രമല്ല സ്വഹാബത്തിനെ കുറിച്ച് മലയാളത്തില്‍ രചിക്കപ്പെട്ട ഒട്ടുമിക്ക ഗ്രന്ഥങ്ങളും എടുത്ത് പരിശോധിച്ചാല്‍ കള്ളക്കഥളും, റാഫിദിയാക്കളുടെ ആരോപണങ്ങളും ചേര്‍ത്ത് മുആവിയ (رضي الله عنه) വിനെ പ്രത്യക്ഷമായോ പരോക്ഷമായോ വിമര്‍ശിക്കുന്നതായി കാണാം ...

എന്നാല്‍ അബ്ദുല്ലാഹിബ്നു ഉമര്‍ (رضي الله عنه) ഉദ്ദരിക്കുന്ന, മുആവിയ (رضي الله عنه) സ്വര്‍ഗാവകാശിയാണ് എന്ന് സൂചിപ്പിക്കുന്ന ഹദീസ് കാണാം പ്രവാചകന്‍ () പറഞ്ഞു :  "കോണ്‍സ്റ്റാന്‍റിനോപ്പ്ള്‍ കീഴടക്കുന്ന ആദ്യത്തെ സൈന്യത്തിന്‍റെ പാപങ്ങളെല്ലാം അല്ലാഹു പൊറുത്ത് കൊടുത്തിരിക്കുന്നു".  മുആവിയ (رضي الله عنه) വിന്‍റെ കാലത്ത് അദ്ദേഹത്തിന്‍റെ സൈന്യമാണ്‌  കോണ്‍സ്റ്റാന്‍റിനോപ്പ്ള്‍ തുറക്കാന്‍ ആദ്യമായി പോരാട്ടം നയിച്ചത്. യസീദ് ബിന്‍ മുആവിയ ആയിരുന്നു സൈന്യാധിപന്‍. ഹുസൈന്‍ (رضي الله عنه) വും, അബൂ അയ്യൂബ് അല്‍ അന്‍സ്വാരി (رضي الله عنه) വും ആ കൊടിക്കീഴില്‍ അണിനിരന്നവരായിരുന്നു.

അതുപോലെ അല്ലാഹുവിന്‍റെ പ്രവാചകന്‍() മുആവിയ (رضي الله عنه) വിനു വേണ്ടി പ്രാര്‍ഥിച്ചു. അദ്ദേഹം പറഞ്ഞു: " അല്ലാഹുവേ നീ മുആവിയക്ക്  മാര്‍ഗദര്‍ശനം നല്‍കേണമേ, അദ്ദേഹത്തെ നേര്‍മാര്‍ഗത്തിലേക്കുള്ള വഴികാട്ടി ആക്കേണമേ. അദ്ദേഹത്തെ നീ സന്മാര്‍ഗദര്‍ശിയും, അതിന്‍റെ പ്രചാരകനും ആക്കി മാറ്റേണമേ " [ഹസന്‍ - തിര്‍മിദി].

മുആവിയ (
رضي الله عنه) വിന്‍റെ ശ്രേഷ്ഠത വിവരിക്കുന്ന ധാരാളം ഹദീസുകള്‍ ഇതുപോലെ കാണാന്‍ സാധിക്കും. ഒരുപാട് ഹദീസുകള്‍ അതുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട് താനും.

ഉസ്മാന്‍ (رضي الله عنه) വിന്‍റെ മരണശേഷം അലി (رضي الله عنه) വിനും മുആവിയ (رضي الله عنه) വിനും ഇടയില്‍ ഉണ്ടായ ചില വീക്ഷണ വിത്യാസങ്ങള്‍ കളവുകളും കെട്ടുകഥകളും ചേര്‍ത്ത് അവതരിപ്പിച്ച് സ്വഹാബത്തിനെ ഇകഴ്ത്തുകയാണ് പലപ്പോഴും അഹ്ലുല്‍ബിദഅയുടെയും  ഖുതുബിയാക്കളുടെയും ജോലി. എന്നാല്‍ അലി (رضي الله عنه) വിന്‍റെ വീക്ഷണത്തെ അംഗീകരിച്ച ആളുകളെയും, മുആവിയ (رضي الله عنه) വിന്‍റെ വീക്ഷണത്തെ അംഗീകരിച്ച ആളുകളെയും കുറിച്ച് അല്ലാഹുവിന്‍റെ പ്രവാചകന്‍ () പറഞ്ഞത് കാണുക : ഹസന്‍ (رضي الله عنه) വിനെ കുറിച്ച് പ്രവാചകന്‍ പറഞ്ഞു " എന്‍റെ ഈ മകന്‍ സയ്യിദാണ്. അവനെക്കൊണ്ട്‌ അല്ലാഹു സത്യവിശ്വാസികളില്‍ രണ്ട് മഹത്തായ വിഭാഗങ്ങള്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കും " .. ഇവിടെ സത്യവിശ്വാസികളില്‍ പെട്ട മഹത്തായ രണ്ടു വിഭാഗങ്ങള്‍ എന്ന് പ്രവാചകന്‍ () അവരെക്കുറിച്ച് പറഞ്ഞത് വ്യക്തമാണ് താനും ..


അതുപോലെ മറ്റൊരു ഹദീസില്‍ പ്രവാചകന്‍ () ഇപ്രകാരം പറഞ്ഞു : നിങ്ങള്‍ എന്‍റെ സ്വഹാബത്തിനെ ചീത്ത വിളിക്കരുത്. നിങ്ങള്‍ എന്‍റെ സ്വഹാബത്തിനെ ചീത്ത വിളിക്കരുത്. എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം. നിങ്ങള്‍ ഉഹ്ദ് മലയോളം സ്വര്‍ണ്ണം ദാനം ചെയ്‌താല്‍ പോലും സ്വഹാബത്ത് ദാനം ചെയ്ത ഒരു കൈകുംബിളിനോളം വരുകയില്ല എന്ന് മാത്രമല്ല അതിന്‍റെ പകുതിപോലും തികയുകയില്ല"   - [ബുഖാരി - മുസ്‌ലിം]

അതുപോലെ മുഅമിനീങ്ങളുടെ മാതാവായ ആഇശ (
رضي الله عنها) പറയുന്നു : " പ്രവാചകന്‍റെ സ്വഹാബത്തിനു വേണ്ടി പാപമോചനം തേടാനാണ് അവരോട് കല്പിക്കപ്പെട്ടത്. പക്ഷെ അവരാകട്ടെ അവരെ ചീത്ത വിളിച്ചു " [സ്വഹാബത്തിന്‍റെ ശ്രേഷ്ടതയെ കുറിച്ച് ഇമാം അഹ്മദ് ഉദ്ദരിച്ചത്- സ്വഹീഹ്]
അതുപോലെ അല്ലാഹു പറയുന്നു :

وَالسَّابِقُونَ الأَوَّلُونَ مِنَ الْمُهَاجِرِينَ وَالأَنْصَارِ وَالَّذِينَ اتَّبَعُوهُمْ بِإِحْسَانٍ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَلِكَ الْفَوْزُ الْعَظِيمُ

" മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും  ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു.  താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും  ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം" [ തൗബ-100].

അതുകൊണ്ട് സ്വഹാബത്തിനെ നിന്ദിക്കുന്നവരെയും കൊച്ചാക്കുന്നവരെയും കണ്ടാല്‍ അവര്‍ സത്യത്തിന്‍റെ വക്താക്കളല്ല എന്ന് മനസ്സിലാക്കുക.


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ