Monday, September 9, 2013

നമുക്കിടയില്‍ ഭിന്നതകളും, വിഭാഗീയതകളും കടന്നുവരുന്ന വഴികള്‍ - ശൈഖ് സ്വാലിഹ് അസ്സുഹൈമി (ഹ)

ബഹുമാന്യനായ ശൈഖ് സ്വാലിഹ് അസ്സുഹൈമി (ഹഫിദഹുല്ലാഹ്) അഹ്ലുസ്സുന്നയുടെ ഇടയില്‍ നിലനില്‍ക്കുന്ന ഭിന്നതകളെയും തര്‍ക്കങ്ങളെയും സംബന്ധിച്ച് നടത്തിയ ഹ്രസ്വമായ ഒരു വിശദീകരണം കാണുക :

വിവര്‍ത്തനം
:

" ഞാന്‍ എന്‍റെ ക്ലാസ് അഹ്ലുസ്സുന്നയുടെ ഇടയിലുള്ള ഭിന്നതകളെക്കുറിച്ച് പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുകയാണ്. അഥവാ സത്യത്തിലേക്കും, യഥാര്‍ത്ഥ സലഫീ മന്ഹജിലേക്കും ക്ഷണിക്കുന്നവരുടെ ഇടയിലുള്ള ഭിന്നതയെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. ഈ ഭിന്നതകള്‍ ഉടലെടുക്കാന്‍ ധാരാളം കാരണങ്ങളുണ്ട്: അവയില്‍ ചിലതാണ്, അറിയപ്പെടാനും പ്രശസ്തി നേടാനുമുള്ള ആഗ്രഹം, ചില വ്യക്തികളെ തെറ്റുകുറ്റങ്ങള്‍ക്ക് അതീതരായി കാണല്‍, പ്രമാണങ്ങളിലുള്ള അറിവില്ലായ്മ, മറ്റുള്ളവരെ ആക്ഷേപ വിധേയമാക്കാനും അവരെ മോശമായി ചിത്രീകരിക്കാനുമുള്ള പ്രവണത തുടങ്ങി ഒരുപാട് കാരണങ്ങള്‍ അതിനുണ്ട്. എത്രത്തോളമെന്നാല്‍ പ്രശസ്തരായ, ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കുന്നതിലും അതിനെ സംരക്ഷിക്കുന്നത്തിലും ഏറെ പങ്ക് വഹിച്ചിട്ടുള്ള പണ്ഡിതന്മാരെ വരെ ആക്ഷേപിക്കുന്നതിലേക്കാണ് ഇന്ന് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.

അതുപോലെത്തന്നെ ഇത്തരം ഭിന്നതകള്‍ക്ക് കാരണമാണ് സ്വാര്‍ത്ഥ താല്പര്യങ്ങള്‍, യുക്തിക്ക് പ്രമാണങ്ങളെക്കാള്‍ പ്രാമുഖ്യം കാണല്‍, ഒരു വ്യക്തിയോടോ, ഒരു വിഷയത്തോടോ, അഭിപ്രായത്തോടോ പക്ഷപാദിത്വം കാണിക്കല്‍ തുടങ്ങിയവ. അതോടൊപ്പം ഇത്തരം സാഹചര്യങ്ങള്‍ മുതലെടുത്തുകൊണ്ട് കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുന്നവരുടെ സാന്നിദ്ധ്യം കൂടി ആവുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്നു. ഒരേ മന്ഹജില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആളുകള്‍ക്കിടയില്‍ ഭിന്നതയും ആശയക്കുഴപ്പങ്ങളും ഉണ്ടാക്കുവാന്‍ ഇത്തരക്കാര്‍ പലരൂപത്തിലുള്ള മാര്‍ഗങ്ങളും കണ്ടെത്തുന്നു. ഭിന്നതകള്‍ വളര്‍ത്താനായി അത്തരം ആളുകള്‍ സ്വീകരിച്ചുവരുന്ന രീതികളില്‍ ഒന്നാണ് ഒരാള്‍ പറഞ്ഞിട്ടില്ലാത്ത കാര്യം അയാള്‍ പറഞ്ഞുവെന്ന് വരുത്തിത്തീര്‍ക്കുക, അക്രമവും അനീതിയും എന്നോണം ആ വ്യക്തിയെക്കുറിച്ച് തനിക്ക് കൃത്യമായ അറിവില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുക, തന്‍റെ മനസ്സില്‍ ഉള്ള എന്തോ ഒരു ഉദ്ദേശ ലക്ഷ്യം നടപ്പാക്കാന്‍ വേണ്ടിയും ഒരു വ്യക്തിയെക്കുറിച്ച് മോശമായ കാഴ്ചപ്പാട് ഉണ്ടാക്കാന്‍ വേണ്ടിയും അയാളെക്കുറിച്ച് മോശമായി സംസാരിക്കുക. ഒരു വ്യക്തിയുടെ വാചകങ്ങള്‍ വളച്ചൊടിച്ച് അയാള്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞുവെന്ന് വരുത്തിത്തീര്‍ക്കുക. ഒരാളുടെ വാചകങ്ങള്‍ ഉദ്ദരിക്കുമ്പോള്‍ അയാള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് പരിഗണിക്കാതെ അയാള്‍ ഇതില്‍ ഇന്ന ഇന്ന കാര്യങ്ങളാണ് ഉദ്ദേശിച്ചത് സ്വയം വ്യാഖ്യാനിക്കുക, അയാളാകട്ടെ ഒരുപക്ഷെ അങ്ങനെ ഒരു കാര്യം ഒരുപക്ഷെ മനസ്സില്‍ പോലും കരുതിയിട്ടുണ്ടാവില്ല.  ഇന്ന് ചില ചെറുപ്പക്കാര്‍ ഉടലെടുത്തിരിക്കുന്നു. ഒരേ മന്ഹജില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പണ്ഡിതന്മാര്‍ക്കിടയിലും വിദ്യാര്‍ഥികല്‍ക്കിടയിലും പ്രശ്നങ്ങളും ഭിന്നതയും ഉണ്ടാക്കലാണ് അവരുടെ ജോലി. അങ്ങനെ ക്രമേണ അവരെ ഓരോരുത്തരെയും പരസ്പരം വിദ്വേശമുള്ളവരാക്കി അവര്‍ മാറ്റുന്നു.

ചിലപ്പോള്‍ ഇവര്‍ ചില ശൈഖുമാരെ സമീപിച്ച് തങ്ങളുടെ സഹോദരങ്ങളെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറഞ്ഞുകൊടുത്ത് കൊണ്ട് ശൈഖുമാരുടെ പക്കല്‍ അവരെപ്പറ്റി മോശമായ ധാരണകള്‍ ഉണ്ടാക്കുന്നു. പണ്ഡിതന്മാരാകട്ടെ അവര്‍ക്ക് ലഭിച്ച അറിവ് അനുസരിച്ച് സംസാരിക്കുകയും ചെയ്യുന്നു.  പലപ്പോഴും പണ്ഡിതന്മാരെ  ഈ വിഷയത്തില്‍ കുറ്റം പറയാന്‍ പറ്റില്ല. കാരണം ഇത്തരം കാര്യങ്ങള്‍ വന്നുപറയുന്ന ആളുകള്‍ ശൈഖുമാരുടെ വിശ്വാസ്യത പിടിച്ചുപറ്റുകയും അതിനെ ചൂഷണം ചെയ്യുകയുമാണ് ചെയ്യുന്നത്. എന്നാല്‍ വിശ്വസ്തരാണ് എന്നും, ഭൂമിയില്‍ അല്ലാഹുവിന്‍റെ സാക്ഷികളാണ് എന്നും, തങ്ങള്‍ എല്ലാം തികഞ്ഞവരാണ് എന്നും അവകാശപ്പെടുന്ന ഇത്തരം ആളുകളെ അങ്ങേയറ്റം സൂക്ഷിക്കേണ്ടതുണ്ട്താനും.  അവരുടെ ഹൃദയങ്ങള്‍ രോഗബാധിതമാണ്. അവരുടെ മേല്പറഞ്ഞ ജോലി തന്നെ ഒരേ മന്ഹജില്‍ അണിനിരന്ന ഈ ഉമ്മത്തിലെ സഹോദരങ്ങളെ ഭിന്നിപ്പിച്ച് പിച്ചിച്ചീന്തുന്ന ഏറ്റവും അപകടകരമായ  ജോലിയാണ്.

പരസ്പര വിദ്വേശവും പകയും ഉണ്ടാകുവാനും, പ്രബോധനം മുടങ്ങുവാനും, സലഫീ ആദര്‍ശ പ്രബോധനത്തെപ്പറ്റി മോശമായ ഒരു ധാരണ ആളുകള്‍ക്കിടയില്‍ ഉണ്ടാകുവാനും, ഖുര്‍ആനിനെയും സുന്നത്തിനെയും പ്രചരിപ്പിക്കുന്നതില്‍ ഏറെ പങ്ക് വഹിച്ച പണ്ഡിതന്മാരെപ്പോലും മോശമായി ചിത്രീകരിക്കപ്പെടുവാനും, അത്യധികം ഭയാനകമായ ഒരു ഭിന്നത തന്നെ ആളുകള്‍ക്കിടയില്‍ സൃഷ്ടിക്കുവാനും ഇവര്‍ കാരണമായി. ഈ ഭിന്നതകള്‍ക്കും ഒച്ചപ്പാടുകള്‍ക്കും പിന്നിലുള്ള വസ്തുതകള്‍ എന്ത് എന്ന് പരിശോധിച്ചാല്‍ അനാവശ്യമായ  സംസാരങ്ങളും,  മനസ്സുകളില്‍ കുടിയിരിക്കുന്ന വെറുപ്പും, ലജ്ജയില്ലായ്മയും, പരസ്പരമുള്ള വിഭാഗീയതയും തുടങ്ങി ആളുകളെ പരസ്പരം ഭിന്നിപ്പിക്കാന്‍ വേണ്ടി ഇറങ്ങിത്തിരിച്ച ഈ ആളുകളുടെ കൈകളാണ് അതിനു പിന്നില്‍ എന്ന് മനസ്സിലാക്കാം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പകരമായി ഖുര്‍ആനും  സുന്നത്തും പ്രചരിപ്പിക്കാനും, യഥാര്‍ത്ഥ ബിദ്അത്തുകാരെ വിമര്‍ശിക്കാനും തങ്ങളുടെ  യുക്തിയും, ഊര്‍ജവും ഇവര്‍ ചിലവഴിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ.  പക്ഷെ യഥാര്‍ത്ഥ ബിദ്അത്തുകാരും കക്ഷിത്വത്തിന്‍റെ ആളുകളും അവരുടെ ആക്ഷേപത്തിന് വിധേയരല്ല. എന്നാല്‍ അവര്‍ തങ്ങളുടെ  കോപത്തിന്‍റെ മുനകള്‍ തിരിച്ചുവച്ചിരിക്കുന്നതാകട്ടെ അവരുടെ സഹോദരങ്ങളായ അഹ്ലുസ്സുന്നയിലെ ആളുകള്‍ക്ക് നേരെയും. തങ്ങളുടെ സഹോദരങ്ങളെക്കുറിച്ച് അവര്‍ മോശമായ ധാരണ ഉണ്ടാക്കി. അവരുടെ ഉദ്ദേശത്തെ പരിഗണിക്കാതെ അവര്‍ പറയാത്ത കാര്യങ്ങള്‍ അവര്‍ അവര്‍ക്കുമേല്‍ ആരോപിച്ചു.

ഇന്റര്‍നെറ്റിലെ ചവറ്റുകൊട്ടകളില്‍ ഇത്തരം ചണ്ടികള്‍ അടിഞ്ഞുകൂടിയിരിക്കുന്നു. ഇന്ന വ്യക്തി ഇങ്ങനെ പറഞ്ഞിരിക്കുന്നു. അയാള്‍ ഇന്നതാണ് ഉദ്ദേശിക്കുന്നത് എന്നിങ്ങനെ ഓരോരുത്തര്‍ പറഞ്ഞുണ്ടാക്കുന്നു. അവന്‍ ഇന്ന ആളുടെ കൂടെ പോകുന്നത് ഞാന്‍ കണ്ടു അതുകൊണ്ട് അവന്‍ സലഫിയല്ല. അവന്‍ ഇന്ന വ്യക്തിയെയോ വിഭാഗത്തേയോ സന്ദര്‍ശിച്ചിരിക്കുന്നു അതിനാല്‍ അയാള്‍ സലഫിയല്ല. അവന്‍ ഇന്ന ഇന്ന കാര്യങ്ങള്‍ പറയുന്നത് ഞാന്‍ കേട്ടു, അതില്‍ അവന്‍ ഇന്ന ഇന്ന കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്. അവന്‍ ഇന്ന വിഷയത്തില്‍ സംസാരിച്ചിരിക്കുന്നു. അത് ഇന്ന ശൈഖിനെക്കുറിച്ച് ആക്ഷേപിച്ചതാണ്. ഇന്ന ആള്‍ക്കുള്ള മറുപടിയാണ്. യഥാര്‍ഥത്തില്‍ സംസാരിച്ച വ്യക്തി അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടു പോലുമുണ്ടാവില്ല എന്ന് മാത്രമല്ല അയാളുടെ മനസ്സില്‍ അങ്ങനെയൊരു ചിന്ത പോലും കടന്നുവന്നിട്ടുണ്ടാവില്ല. ഈ വൃത്തിഹീനമായ രീതിയെ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. സഹോദരങ്ങളെ ഈ അപകടകരമായ മാര്‍ഗത്തെ നിങ്ങള്‍ സൂക്ഷിക്കുക. അറിവ് ലഭിക്കാന്‍ വേണ്ടിയായിരിക്കണം അറിവ് തേടുന്നത്.  മറ്റുള്ളവരേക്കാള്‍ വലിയ അറിവുള്ളവനാണ് എന്ന് കാണിക്കാന്‍ വേണ്ടിയാകരുത്.  ആളുകളുടെ മേല്‍ അഹന്ത നടിക്കാനും അഹങ്കരിക്കാനും വേണ്ടിയാകരുത്. മറ്റുള്ളവരെക്കുറിച്ച് മോശമായി പ്രചരിപ്പിക്കാന്‍ വേണ്ടി ആകരുത്. ഇത്തരം രീതികള്‍ മുസ്ലിമീങ്ങള്‍ക്ക് മടുത്തിരിക്കുന്നു. സുന്നത്തില്‍ നിന്നും ആളുകള്‍ അകന്നുപോകുന്നതില്‍ ഇത്തരം അസാലീബുകള്‍ വിനാശകാരിയായ പങ്ക് വഹിച്ചിരിക്കുന്നു. ചില ജാഹിലുകളായ ആളുകള്‍ വരുത്തിത്തീര്‍ക്കുന്ന ആശയക്കുഴപ്പങ്ങളാല്‍ ശ്രേഷ്ഠരായ പണ്ഡിതന്മാരില്‍ നിന്നും അറിവ് സ്വീകരിക്കുന്നതില്‍ ആളുകള്‍ക്ക് വിമുകത വന്നിരിക്കുന്നു.  പാമരന്മാരായ ഇക്കൂട്ടര്‍ അറിവും സ്ഥാനവുമുള്ള പണ്ഡിതന്മാരെക്കുറിച്ച് പരിഹസിച്ചുകൊണ്ടും വിമര്‍ശിച്ചുകൊണ്ടും  എഴുതുന്നു. സഹോദരങ്ങളെ  അവരെ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക.

മുസ്ലിമീങ്ങളെ ഉപദ്രവിക്കുകയും വഴിതടയുകയും ചെയ്യുന്നവരാണിവര്‍. പണ്ഡിതന്മാരെയും ഇല്‍മ് തേടുന്ന വിദ്യാര്‍ഥികളെയും ആരെയും ഇവര്‍ വെറുതെ വിട്ടിട്ടില്ല. യാതൊരു ഒഴികഴിവുകളുമില്ലാതെ തങ്ങളുടെ സഹോദരങ്ങളെപ്പറ്റി വളരെ മോശമായ ധാരണ ഇവര്‍ ഉണ്ടാക്കിയിരിക്കുന്നു.

ഇല്‍മ് തേടുന്ന വിദ്യാര്‍ഥികളെ നിങ്ങള്‍ സൂക്ഷിക്കുക. പണ്ഡിതന്മാരേ നിങ്ങളും സൂക്ഷിക്കുക. നിങ്ങള്‍ ഇങ്ങനെയുള്ള വാര്‍ത്തകളുമായി വരുന്ന എല്ലാവര്‍ക്കും ചെവികൊടുക്കുന്ന പ്രവണത നിര്‍ത്തുക. അവര്‍ അല്ലാഹുവിനെ പിടിച്ച് സത്യം ചെയ്ത് പറഞ്ഞാലും, ഞങ്ങള്‍ അതിന് സാക്ഷികളാണ് എന്ന് പറഞ്ഞാലും അവരെ വിശ്വസിക്കരുത്.  ആ ആരോപണവിധേയനായ വ്യക്തിക്ക് അതുമായി ബന്ധപ്പെട്ട് എന്താണ് പറയാനുള്ളത് എന്ന് വ്യക്തിപരമായി അയാളില്‍ നിന്നും ചോദിച്ചറിഞ്ഞിട്ടല്ലാതെ ഒരിക്കലും ആ വാര്‍ത്ത വിശ്വസിക്കരുത്. വൃത്തിഹീനവും അപകടകരവുമായ രീതി കാരണം ഒരുപാട് നമ്മള്‍ അനുഭവിച്ചു. ഒരുപാട് പണ്ഡിതന്മാര്‍ അവരില്‍ ഇല്ലാത്ത, അവര്‍ ഉദ്ദേശിച്ചിട്ടില്ലാത്ത കാരണങ്ങളുടെ പേരില്‍ ക്രൂശിക്കപ്പെട്ടു. ആ പണ്ഡിതന്മാരുടെ അതേ മാര്‍ഗം സ്വീകരിച്ച ഒരുപാട് മറ്റു പണ്ഡിതരും , ഇല്‍മ് തേടുന്ന വിദ്യാര്‍ഥികളും പിഴവ് സംഭവിച്ചവരും സൂക്ഷിക്കപ്പെടേണ്ടവരും ആണ് എന്ന് മുദ്രകുത്തപ്പെട്ടു. നിങ്ങള്‍ ഈ പ്രവണതയെ സൂക്ഷിക്കുക. ആരെയെങ്കിലും കുറിച്ച് ഇന്ന ആള്‍ പിഴച്ചു, ഇന്ന ആള്‍ പറയുന്നത് കേള്‍ക്കരുത് എന്നെല്ലാം പറയാന്‍ ധൃതികാണിക്കുന്ന ആളുകള്‍ വന്നാല്‍, തെളിവ് ചോദിക്കുക. എവിടെയാണ് നിന്‍റെ തെളിവ് അത് ഹാജരാക്ക് എന്ന് പറയുക. ഇന്ന ഇന്ന ആളുകള്‍ അവരെക്കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞതായി ഞാന്‍ കേട്ടിരിക്കുന്നു എന്നാണെങ്കില്‍ അത് സ്വീകാര്യമല്ല. നിന്‍റെ തെളിവ് എന്ത് അത് ഹാജരാക്ക് എന്ന് പറയണം. അല്ലെങ്കില്‍ ആ വ്യക്തിയോട് നേരിട്ട് ബന്ധപ്പെടാന്‍ സൗകര്യമൊരുക്കാന്‍ പറയണം. അല്ലാത്ത   ഇന്ന് കാണുന്ന രൂപത്തിലുള്ള പണികള്‍ അത് കാലഹരണപ്പെട്ടിരിക്കുന്നു. മുസ്ലിമീങ്ങള്‍ അത് എന്നോ തള്ളിയിരിക്കുന്നു. മാത്രമല്ല ഈ രീതി സലഫീ പ്രബോധനത്തെപ്പറ്റി  ആളുകള്‍ക്കിടയില്‍ വളരെ മോശമായ ധാരണ ഉണ്ടാക്കിയിരിക്കുന്നു. നിങ്ങള്‍ ഈ പ്രവണതയെ സൂക്ഷിക്കുക.

കുളം കലക്കി മീന്‍പിടിക്കുന്ന ആളുകളോ, പ്രശസ്തിപിടിച്ചുപറ്റാന്‍ വേണ്ടി ഇതേറ്റു പിടിക്കുന്ന ആളുകളോ, അറിവ് തേടുന്ന വിദ്യാര്‍ഥികളോ അല്ല ഇത്തരം വിഷയങ്ങളില്‍ ഇടപെടേണ്ടത്. മറിച്ച് ഇത്തരം വിഷയങ്ങള്‍ ദൈവഭയമുള്ള പണ്ടിതന്മാരിലേക്ക് വിടുക. ചില പണ്ഡിതന്മാരെ ഉദാഹരണമെന്നോണം പേരെടുത്ത് തന്നെ പറയാം. ആ പണ്ഡിതന്മാരെ മാത്രം പരിമിതപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയല്ല, മറിച്ച് അവരുടെ അറിവ് കരസ്ഥമാക്കാനായിട്ടാണ് പേരെടുത്ത് പറയുന്നത്. ഒരു ഉദാഹരണം എന്ന നിലക്ക് മാത്രമാണ് പറയുന്നത്. നമ്മുടെ ഇരുത്തം വന്ന പണ്ഡിതന്മാര്‍ ജീവിച്ചിരിക്കുന്നവരാകട്ടെ  മരണപ്പെട്ടവരാകട്ടെ .  ഉദാഹരണത്തിന് ശൈഖ് അബ്ദുല്‍ അസീസ്‌  ബിന്‍ ബാസ് (റ), ശൈഖ് മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ ഉസൈമീന്‍(റ), ശൈഖ് ഹമ്മാദ് ബിന്‍ മുഹമ്മദ്‌ അല്‍ അന്‍സ്വാരി(റ), ശൈഖ് മുഹമ്മദ്‌ അമാന്‍ അല്‍ ജാമി(റ), ശൈഖ് മുഹമ്മദ്‌ നാസ്വിറുദ്ദീന്‍ അല്‍ അല്‍ബാനി (റ), ശൈഖ് അബ്ദുല്ലാഹ് ബിന്‍ ഗുദയ്യാന്‍(റ),  ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ് (ഹ), ശൈഖ് സ്വാലിഹ് ഫൗസാന്‍ അല്‍ ഫൗസാന്‍ (ഹ),  ശൈഖ് സ്വാലിഹ് അല്ലുഹൈദാന്‍ (ഹ), ശൈഖ് സ്വാലിഹ് ബിന്‍ അബ്ദുല്‍ അസീസ്‌ ആലു ശൈഖ്(ഹ), ശൈഖ് അഹ്മദ് അന്നജ്മി (റ ), ശൈഖ് റബീഅ് ബിന്‍ ഹാദി അല്‍ മദ്ഖലി (ഹ), ശൈഖ് സൈദ്‌ ബിന്‍ നാസ്വിര്‍ അല്‍ ഫഖീഹ് (ഹ), ശൈഖ് അബ്ദുല്‍ മുഹ്സിന്‍ ബിന്‍ മുഹമ്മദ്‌ അല്‍ അബ്ബാദ് (ഹ), ഇത് ഞാന്‍ ഓര്‍ഡര്‍ അനുസരിച്ച് പറഞ്ഞതല്ല. ഈ പറഞ്ഞ പണ്ഡിതന്മാരില്‍ നിന്നെല്ലാം അറിവ് സ്വീകരിക്കാം. 

എന്നാല്‍, അന്യായമായി ആക്ഷേപിക്കപ്പെടുന്ന ഒരുപാട് പണ്ഡിതന്മാരുണ്ട്, പക്ഷെ അവരുടെയെല്ലാം പേരുകള്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. ഉദാ: സ്വാലിഹ്  ആലു ശൈഖിനെപ്പോലെയുള്ള , അദ്ദേഹത്തിന്‍റെ നിലപാട് സ്വീകരിച്ചിട്ടുള്ള ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കുന്നതില്‍ പങ്കുള്ള  മത വിദ്യാര്‍ഥികളെയും, മറ്റു ധാരാളം പണ്ടിതന്മാരെയും കുറിച്ച് കുറ്റവും കുറവും പറയുന്ന ആളുകളുണ്ട്.  യഥാര്‍ത്ഥത്തില്‍ അവരാരും മന്ഹജില്‍ നിന്ന് തെറ്റിയിട്ടില്ല. അതുപോലെ ശൈഖ് മുഹമ്മദ് സുബയ്യില്‍ ഇങ്ങനെ ഒരുപാട് പേരുകള്‍ ഇനിയും പറയാനുണ്ട്. ഒരുപാട് ത്വലബതുല്‍ ഇല്മിന്‍റെ പേരും പറയാനുണ്ട്. ഒരാളുടെ പേര് പരാമര്‍ശിക്കുകയും മറ്റേയാളെ ഒഴിവാക്കുകയും ചെയ്തത്  എന്തുകൊണ്ടാണ് എന്ന് ഇനി അതിന്‍റെ പേരില്‍ ചോദിക്കപ്പെടുമെന്ന് ഞാന്‍ ഭയക്കുന്നതിനാല്‍ ഓരോരുത്തരുടെയും പേരുകള്‍ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇങ്ങനെ നമ്മുടെ സഹോദരങ്ങളായ സലഫീ മന്ഹജിലുള്ള ആളുകളെയും പണ്ഡിതന്മാരെയും കുറിച്ച് ആരെങ്കിലും മോശമായി സംസാരിക്കുന്നത് കേട്ടാല്‍ നിങ്ങള്‍ അതിനെ എതിര്‍ക്കുക. അവര്‍ ശരിയായ മന്ഹജിലും നേര്‍മാര്‍ഗത്തിലുമാകുന്നു. തഖ്'വയും നന്മയുമുള്ള ആളുകളാകുന്നു.  സുന്നത്തിന്‍റെ ആളുകളുമാകുന്നു. അവരെപ്പറ്റി മോശമായി സംസാരിക്കുന്നവരെ കണ്ടാല്‍ നിങ്ങള്‍ എതിര്‍ക്കുക.  അല്ലാഹു നമ്മെ നേര്‍മാര്‍ഗത്തില്‍ ആക്കുമാറാകട്ടെ. വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ നല്ലത് പിന്തുടരുകയും ചെയ്യുന്ന ആളുകളില്‍ അവന്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ.
وآخر دعوانا أن الحمد لله رب العالمين ، وصلى الله وسلم على نبينا محمد وعلى آله وصحبه وسلم


അനുബന്ധ ലേഖനങ്ങള്‍:

1- അഹ്ലുസ്സുന്ന പരസ്പരം സ്നേഹമുള്ളവരാവുക - ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ് ഹഫിദഹുല്ലാഹ്.

2- കക്ഷിത്വം തിന്മയാണ്.. സലഫുകളുടെ പാത പിന്തുടരുക. അതാകട്ടെ നമ്മുടെ സമീപനം !!!