Sunday, April 21, 2013

വിവാഹത്തിനു മുന്പ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ? !

ഒരു സഹോദരന്‍ ചോദിച്ച ചോദ്യം : എന്റെ നിക്കാഹ് ഉറപ്പിച്ചിരിക്കുന്നു, നികാഹിനു മുന്പ് എനിക്ക് അവളെ വിളിക്കാനോ അവളോട്‌ ചാറ്റ് ചെയ്യാനോ പാടുണ്ടോ ?, സാധാരണ രീതിയിലുള്ള സംസാരം സംസാരിക്കാന്‍ മാത്രം, പെണ്ണ് കാണല്‍ ഒക്കെ കഴിഞ്ഞു. അവള്‍ പഠിക്കുന്നത് കാരണം ഒരു വര്‍ഷം കഴിഞ്ഞാണ് നിക്കാഹ്. ചിലപ്പോഴൊക്കെ എനിക്ക് അവളെ വിളിക്കാനും സംസാരിക്കാനും തോന്നും. പക്ഷെ ഞാന്‍ ഫിത്നയെ ഭയപ്പെടുന്നു. അതുകൊണ്ട് എന്താണ് ഞാന്‍ ചെയ്യേണ്ടത് ?


ഉത്തരം :  ഒരു സ്ത്രീയെ വിവാഹം ആലോചിച്ച് പരസ്പരം തൃപ്തിപ്പെട്ടാല്‍ എത്രയും പെട്ടെന്ന് അവളെ വിവാഹം ചെയ്യുകയാണ് വേണ്ടത്. വിവാഹാലോചന കഴിഞ്ഞാലും സ്ത്രീയും പുരുഷനും പരസ്പരം അന്യര്‍ തന്നെയാണ്. നിക്കാഹ് ചെയ്യുമ്പോള്‍ മാത്രമേ അവള്‍ അവന്റെ ഭാര്യ ആകുന്നുള്ളൂ .. അതുകൊണ്ട് തന്നെ നിക്കാഹ് കഴിയുന്നത് വരെ അവര്‍ പരസ്പരം വിളിക്കുന്നതും ചാറ്റ് ചെയ്യുന്നതുമെല്ലാം ഫിത്നക്ക് കാരണമായിത്തീരും. ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍. എത്രയും പെട്ടെന്ന്‍ അവരുടെ നിക്കാഹ് നടത്തിക്കൊടുത്ത് ഹലാലായ ബന്ധം ഒരുക്കിക്കൊടുക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. പഠനം, ജോലി തുടങ്ങിയ കാരണങ്ങള്‍ വിവാഹം നീട്ടി വെക്കാനുള്ള കാരണങ്ങളല്ല. അതുകൊണ്ട് ചോദ്യം ചോദിച്ച സഹോദരന്‍ മാതാപിതാക്കളോട് സംസാരിച്ച് വിവാഹം പെട്ടെന്ന്‍ നടത്തുക എന്നതാണ് പരിഹാരം..

മറ്റൊരു കാര്യം കല്യാണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്ക് അവളെ വിളിക്കാമോ എന്നതാണ്, ഈ വിഷയത്തില്‍ ശൈഖ് സ്വാലിഹ് അല്‍ ഫൌസാന്‍ (ഹഫിദഹുല്ലാഹ്) യോട് ചോദിച്ച ഒരു ചോദ്യവും അതിന് അദ്ദേഹം നല്‍കിയ മറുപടിയും കാണുക.

ചോദ്യം: വിവാഹം ഉറപ്പിച്ചു കഴിഞ്ഞാല്‍, നിക്കാഹിനു മുന്പ് അവളോട്‌ ഫോണില്‍ സംസാരിക്കുന്നത് ശറഇയ്യായി അനുവദനീയമാണോ ?

അദ്ദേഹം നല്‍കിയ മറുപടി: "അവനുമായുള്ള വിവാഹാലോചന അവള്‍ സമ്മതിക്കുകയും, പരസ്പരം സംസാരിക്കുന്നത് വിവാഹത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കാനുമാണെങ്കില്‍ , ആവശ്യത്തിനു മാത്രം, ഫിത്ന കടന്നു വരാത്ത രൂപത്തില്‍ സംസാരിക്കുന്നത് കൊണ്ട് വിരോധമില്ല. എന്നിരുന്നാലും അത് മാതാപിതാക്കള്‍ വഴിയാകുമ്പോള്‍ അതാണ്‌ ഫിത്നയെ അകറ്റാനും, തെറ്റിധാരണകള്‍ ഉണ്ടാവാതിരിക്കാനും നല്ലത്". (അല്‍ മുന്'തഖ 3/163).

അതല്ലാത്ത മറ്റു സംസാരങ്ങള്‍ തീര്‍ത്തും പാടില്ല എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം ..

ഇത് വായിക്കുന്ന മാതാപിതാക്കളെങ്കിലും ഇത്തരം വിഷയങ്ങള്‍ ശ്രദ്ധിക്കുമല്ലോ. വിവാഹ പ്രായമെത്തിയ പക്വതയുള്ള മക്കളെ നല്ല രൂപത്തില്‍ വിവാഹം നടത്തിക്കൊടുക്കു. അവര്‍ തിന്മ ചെയ്യുന്നതിന് നിങ്ങള്‍ ഒരു കാരണക്കാരായിത്തീരാതിരിക്കുക. അവരുടെ പഠനമോ, ജോലിയോ മറ്റു കാര്യങ്ങളോ അതിനൊരു തടസ്സമായിക്കാണരുത് . ജീവിത വിശുദ്ധി ഉദ്ദേശിച്ചു കൊണ്ട് വിവാഹിതരാകുന്നവര്‍ക്ക് ജീവിക്കാനുള്ള സമ്പത്ത് നല്‍കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. അല്ലാഹു പറയുന്നു:

 وَأَنْكِحُوا الْأَيَامَى مِنْكُمْ وَالصَّالِحِينَ مِنْ عِبَادِكُمْ وَإِمَائِكُمْ إِنْ يَكُونُوا فُقَرَاءَ يُغْنِهِمُ اللَّهُ مِنْ فَضْلِهِ وَاللَّهُ وَاسِعٌ عَلِيمٌ

"നിങ്ങളിലുള്ള അവിവാഹിതരെയും, നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹം കഴിപ്പിക്കുക. അവര്‍ ദാരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്. അല്ലാഹു വിശാലമായി നല്‍കുന്നവനും, സര്‍വ്വജ്ഞനുമാത്രെ" [നൂര്‍ : 32]  

ഇവിടെ അവിവാഹിതരായവരെ വിവാഹത്തിന് സഹായിക്കുക എന്നത് വിശ്വാസികളുടെ ബാധ്യതയായാണ് അല്ലാഹു പരിചയപ്പെടുത്തുന്നത്. മാത്രമല്ല അല്ലാഹുവില്‍ നിന്നുള്ള ഐശ്വര്യം ലഭിക്കാന്‍ വിവാഹം ഒരു കാരണമാണ്  എന്നും ഇതില്‍ നിന്നും മനസ്സിലാക്കാം .. ഒരു ഇരുമ്പ് മോതിരം മാത്രം നല്‍കാന്‍ പോലും ശേഷിയില്ലാത്ത സ്വഹാബിക്ക് പ്രവാചകന്‍ വിവാഹം നടത്തിക്കൊടുത്തതായി ഹദീസുകളില്‍ കാണാം, അവരുടെ ഉപജീവനം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കെ നാം എന്ത് ഭയപ്പെടാനാണ് , രണ്ടു പേരെയെങ്കിലും ഹറാമുകളില്‍ വിട്ടു നില്‍ക്കാന്‍ സഹായിച്ചാല്‍ അതിന് അല്ലാഹു നമുക്ക് തക്കതായ പ്രതിഫലം നല്‍കും തീര്‍ച്ച ..

  വിവാഹത്തിന് സഹായിക്കുമ്പോള്‍ ഞാന്‍ മുന്പ് എഴുതിയ കാര്യം ഒന്നുകൂടി  സൂചിപ്പിക്കുന്നു. സ്ത്രീധനം നല്‍കി മോളെ കേട്ടിക്കുന്നവരെയല്ല സഹായിക്കേണ്ടത് ,, സ്ത്രീധനം വാങ്ങാതെ വിവാഹം ചെയ്യാന്‍ തയ്യാറാകുന്ന യുവാക്കളെയാണ് സഹായിക്കേണ്ടത്. കാരണം പുരുഷനാണല്ലോ വിവാഹ ചിലവുകള്‍ വഹിക്കേണ്ടത് ...

മറിച്ച് സ്ത്രീധനം നല്‍കി മോളെ കെട്ടിക്കുവാന്‍ സഹായം നല്‍കിയാല്‍ ആ പണം അവസാനം ചെന്നെത്തുന്നത് സമ്പത്ത് കൊതിച്ച് പെണ്ണിന് വില പറയുന്ന ഏതോ ഒരു തെമ്മാടിയുടെ കയ്യിലാണ്. അതുകാരണം അത് തിന്മക്ക് കൂട്ട് നില്‍ക്കലായി മാറുന്നു ...

എന്നാല്‍ വിവാഹം കഴിക്കാന്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന യുവാക്കളെ സഹായിക്കുക എന്നത് കേവലം പുണ്യകരം മാത്രമല്ല, മറിച്ച് ഇസ്ലാം നിഷ്കര്‍ഷിക്കുന്ന ഒരു സമൂഹ ബാധ്യത കൂടിയാണ്.. മാത്രമല്ല അവനെ സഹായിക്കുന്നതിലൂടെ ഒരു സ്ത്രീക്ക് അവളെ ആദരിക്കാന്‍ അറിയുന്ന, മനുഷ്യത്വമുള്ള ഒരു ഭര്‍ത്താവിനെ ലഭിക്കുകയും ചെയ്യുന്നു ...