Tuesday, April 2, 2013

മതപഠനത്തോടുള്ള നമ്മുടെ തെറ്റായ സമീപനംالحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

കേരളത്തിലെ ജനങ്ങള്‍ ഇനിയെങ്കിലും മനസ്സിലാക്കേണ്ടത് പൊതു പ്രസംഗങ്ങളിലൂടെയും ഘണ്ടനമണ്ടനങ്ങളിലൂടെയും മാത്രമല്ല മതം പഠിക്കേണ്ടത്.. മറിച്ച് പൂര്‍വികരായ അഹലുസ്സുന്നയുടെ ഇമാമീങ്ങള്‍ രചിച്ച ഗ്രന്ഥങ്ങളില്‍ നിന്നും, അഹലുസ്സുന്നയുടെ പണ്ഡിതന്മാരില്‍ നിന്നുമാണ്... മതബോധമുള്ളവര്‍ എന്ന് നാം കരുതുന്ന അറബിക് കോളേജ് വിദ്യാര്‍ത്തികളില്‍ പോലും പലരും കിതാബുകള്‍ മറിച്ചു നോക്കാറുള്ളത് തര്‍ക്കിക്കാനും തങ്ങളുടെ വാദങ്ങള്‍ക്ക് തെളിവ് കണ്ടെത്താനും വേണ്ടിയാണ് എന്നത് സങ്കടകരമാണ്. കാര്യങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനും വേണ്ടി വിഷയങ്ങള്‍ പഠിക്കുന്നവര്‍ ഇല്ലെന്നല്ല . പക്ഷെ താരതമ്യേന കുറവാണ് ... പലപ്പോഴും അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട അറിവ് പോലുമില്ലാതെയാണ് നമ്മള്‍ പലരും തര്‍ക്കിക്കാനും, തര്‍ക്കങ്ങള്‍ വിലയിരുത്താനും മുതിരാറുള്ളത്.....

ഉസൂലുസ്സുന്ന - ഇമാം അഹ്മദ്... (മരണം: ഹിജ്റ 241)
കിത്താബുസ്സുന്ന - ഇമാം മിര്‍വസി (മരണം: ഹിജ്റ 294)
കിതാബ് അത്തൗഹീദ് - ഇമാം ഇബ്നു ഖുസൈമ (മരണം: ഹിജ്റ 311)
ശറഹുസ്സുന്ന - ഇമാം ബര്‍ബഹാരി (മരണം: ഹിജ്റ 329 )
കിതാബ് അശരീഅ - ഇമാം ആജുരരി (മരണം: ഹിജ്റ 360 )
ശറഹു ഉസൂല് ഇഅത്തിഖാദു അഹ്ലുസ്സുന്ന - ഇമാം ലാലിക്കാഇ (മരണം: ഹിജ്റ 418 )

ഇങ്ങനെ അഹലുസ്സുന്നയുടെ വിശ്വാസം കൃത്യമായി വിവരിക്കുന്ന ഉത്തമ നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട എത്രയെത്ര ഗ്രന്ഥങ്ങള്‍...... ഇവയൊക്കെ നമ്മളില്‍ എത്ര പേര്‍ വായിച്ചു ?! .... ഇനിയെങ്കിലും പഠിക്കുക... മനസ്സിലാക്കുക ... ഫിത്നകളില്‍ പെട്ട് പോകാതിരിക്കാന്‍....

ജനങ്ങള്‍ക്ക് ശരിയും തെറ്റും വേര്‍തിരിച്ചു മനസ്സിലാക്കിക്കൊടുക്കാന്‍ സഹായകമാകുന്ന പോതുപ്രഭാഷണങ്ങളെ അധിക്ഷേപിക്കുകയല്ല ,, പ്രവാചകന്‍ അങ്ങാടികളില്‍ പൊതു സദസ്സില്‍ ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിച്ചതായി പ്രമാണങ്ങളില്‍ കാണാം.  അവ അനിവാര്യമാണ് .. പക്ഷെ അത് മാത്രമാണ് ഇസ്ലാമിക പ്രബോധനമെന്നും ,, അതാണ്‌ അറിവ് തേടാനുള്ള ഏക മാര്‍ഗമെന്നുമുള്ള മനോഭാവമാണ് പ്രശ്നം ..പൊതു പ്രസംഗങ്ങളില്‍ നിന്നും പൊതുവേദികളില്‍ നിന്നും സത്യം മനസ്സിലാക്കി വരുന്ന ആളുകള്‍ക്ക് ദീന്‍ കൂടുതല്‍ മനസ്സിലാക്കാനും ആധികാരികമായി പഠിക്കാനും ഉള്ള ഇല്‍മിയായ വേദികള്‍ കൂടി അനിവാര്യമാണ്.

ഇമാം മാലിക് റഹിമഹുല്ലാഹ്  പറഞ്ഞത് പോലെ : " ഈ സമുദായത്തിലെ മുന്‍ഗാമികള്‍ ഏതൊരു കാര്യം കൊണ്ടാണോ നന്നായത് അതുമുഖേനയല്ലാതെ ഈ സമുദായത്തിലെ പിന്'തലമുറക്കാരും നന്നാവുകയില്ല "

ഞാന്‍ പറഞ്ഞത് ഒരുപക്ഷെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടാവാം , ഒരു പക്ഷെ എതിര്‍ക്കുന്നുണ്ടാവാം .. ഒരു തവണ വായിച്ചിട്ടും ഞാന്‍ പറയാന്‍ ഉദേശിച്ചത് എന്ത് എന്ന് മനസ്സിലായില്ലെങ്കില്‍ ഒരാവര്‍ത്തി കൂടി വായിക്കുക
 അല്ലാഹു അനുഗ്രഹിക്കട്ടെ !...

------------------------------------------------------------

 മതത്തെ അറിയാനും പഠിക്കാനുംപ്രാവര്‍ത്തികമാക്കാനും ശ്രമിക്കുന്നതിന് പകരം, അറിവില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുകയും, ഉപകരിക്കാത്ത ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത് സമയം കളയുന്നവരോട് ഒരു നസ്വീഹത്ത് എന്ന നിലക്ക് മാത്രമാണ് ഇതെഴുതിയത്. എന്നാല്‍ അറിവ് നേടുന്നതിന്റെ മുന്‍ഗണനാ ക്രമം വിശദീകരിക്കുക എന്ന് ഉദ്ദേശിച്ചിരുന്നില്ല. പഴാക്കിക്കളയുന്ന ആ സമയം അനിവാര്യമായ വിശ്വാസകാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉപയോഗിച്ചുകൂടേ എന്നതാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യം.

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ