Wednesday, December 25, 2019

കൺവെൻഷനൽ ഇൻഷൂറൻസ് കമ്പനിയിൽ ജോലി ചെയ്യൽ - കർമ്മശാസ്ത്ര വിധി.


ചോദ്യം: ഞാൻ വർക്ക് ചെയ്യുന്നത്  (Aditya Birla Sunlife 
insurance) ഒരു ലൈഫ് ഇൻഷൂറൻസ് കമ്പനിയിലാണ്. ഒരുപാട് പ്രയാസപ്പെട്ടാണ് എനിക്ക് ഈ ജോലി ശരിയായത്. എൻ്റെ കുടുംബത്തിൻ്റെ ചിലവ് നോക്കുന്നതും ഈ വരുമാനം കൊണ്ടാണ്. ഇത് ഹലാലാണോ അതോ ഹറാമാണോ ?. ഇനി നിഷിദ്ധമാണ് എങ്കിൽ വളരെ പെട്ടെന്ന് റിസൈൻ ചെയ്‌താൽ കമ്പനി എൻ്റെ മേൽ നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു.

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، أما بعد؛ 

ഹലാലായ സമ്പാദ്യം മാത്രം കാംക്ഷിക്കുന്ന താങ്കളുടെ ഉദ്ദേശ ശുദ്ധിക്ക് അല്ലാഹു ഇഹത്തിലും പരത്തിലും തക്കതായ പ്രതിഫലം നൽകട്ടെ. താങ്കൾ ചോദ്യത്തിൽ സൂചിപ്പിച്ചത് പോലുള്ള കൺവെൻഷനൽ ഇൻഷുറൻസ് സംവിധാനങ്ങൾ അനിസ്‌ലാമികമാണ്. അതെന്തുകൊണ്ട് എന്നത് വളരെ ലളിതമായിപറഞ്ഞാൽ:

ഞാൻ ഒരു യാത്ര ചെയ്യുന്നു എന്ന് കരുതുക. എൻ്റെ സുഹൃത്തിൻ്റെ കൈവശം ഞാൻ ഒരു 2000 രൂപ എൻ്റെ യാത്രാ പരിരക്ഷയായി ഏല്പിക്കുന്നു എന്ന് കരുതുക. യാത്രയിൽ ഞാൻ സുരക്ഷിതമായി  ലക്ഷ്യസ്ഥാനത്ത് എത്തിയാൽ ആ പണം അവനെടുക്കാം. ഇനി എനിക്ക് വല്ല അപകടവും സംഭവിച്ചാൽ സുഹൃത്ത് എനിക്ക് നഷ്ടപരിഹാരം നൽകണം. ഇവിടെ ഞാനും സുഹൃത്തും ഒരു ഭാഗ്യ പരീക്ഷണമാണ് നടത്തിയത്. ഒന്നുകിൽ എനിക്ക് അതല്ലെങ്കിൽ അവന് നേട്ടമുണ്ടാകും. സ്വാഭാവികമായും എൻ്റെ സുഹൃത്ത് ഒരു ഇൻഷുറൻസ് കമ്പനിയായി മാറുന്നു എന്ന് കരുതുക. ഒരുപാട് പേർക്ക് ഒരേ സമയം ഈ പരിരക്ഷ നൽകും. എല്ലാവർക്കും ഒരേ സമയം അപകടമുണ്ടാകാനിടയില്ല എന്ന വലിയ സാധ്യത മുൻനിർത്തിയാണ് അപ്രകാരം ചെയ്യുന്നത്. സ്വാഭാവികമായും അപകടം സംഭവിച്ച കുറച്ച് പേർക്ക് പണം നൽകിയാലും അനേകം പേർ പോളിസി എടുത്തതിനാൽ വലിയൊരു സർപ്ലസ് ബാക്കിയാകുക വഴി കമ്പനി നേട്ടമുണ്ടാക്കുന്നു.

ഏതായാലും കർമ്മശാസ്ത്ര വിധിപ്രകാരം രണ്ടു പേർ പരസ്‌പരമുള്ള ഒരിടപാടാണല്ലോ ഇത്. രണ്ടുപേരും തമ്മിലുള്ള ഒരു ഭാഗ്യ പരീക്ഷണമാണ് ഇവിടെ നടക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ചൂതാട്ടം എന്ന ഗണത്തിൽപ്പെടുന്നു. അപകടമുണ്ടാകുന്ന മുറക്ക് നല്കിയതിനേക്കാൾ കൂടുതൽ പണം തിരികെ നൽകണം എന്ന നിബന്ധനയുള്ളതിനാൽ പലിശയോടും സാമ്യതയുണ്ട്. അതുകൊണ്ടാണ് കൺവെൻഷനൽ ഇൻഷൂറൻസ് സംവിധാനങ്ങൾ അനിസ്‌ലാമികമാണ് എന്ന് പറയുന്നത്.

അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നത് ഹലാലായ സമ്പാദ്യം ആഗ്രഹിക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണ്. അതിൽ നിന്നും വിട്ടുനിൽക്കാൻ നാം ഭയപ്പെടേണ്ടതില്ല. ഉപജീവനം നൽകുന്നവൻ ഈ പ്രപഞ്ചത്തിൻ്റെ സൃഷ്ടാവാണല്ലോ. പിന്നെയെന്തിന് നാം ഭയക്കണം. അവൻ പറയുന്നു:

وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ إِنَّ اللَّهَ بَالِغُ أَمْرِهِ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا

"അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന്‌ ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്‌. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന്‌ അല്ലാഹു തന്നെ മതിയാകുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു തന്‍റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്‌". - [വിശുദ്ധ ഖുർആൻ: 65: 2-3].  

അതുപോലെ നബി (സ) പറഞ്ഞു: 

إنك لن تدع شيئاً لله عز وجل إلا بدلك الله به ما هو خير لك منه

" നീ അല്ലാഹുവിന് വേണ്ടി വല്ലതും ഉപേക്ഷിക്കുന്ന പക്ഷം അല്ലാഹു നിനക്ക്  അതിനേക്കാൾ ഉത്തമമായത് നൽകുന്നതാണ്". [مسند أحمد: 21996].

താൻ കഴിക്കുന്നതും തൻ്റെ മക്കൾക്ക് കൊടുക്കുന്നതും ഹലാലായിരിക്കണം എന്ന അതിയായ ആഗ്രഹം താങ്കളുടെ ചോദ്യത്തിൽ നിന്ന് തന്നെ വ്യക്തമാണ്.  അല്ലാഹുവിൽ തവക്കുൽ ചെയ്ത് ആ ജോലിയിൽ നിന്നും പിൻവാങ്ങുവാനുള്ള മാർഗം അന്വേഷിക്കുക. അതിന് നിയമപരിജ്ഞാനമുള്ള ആളുകളുടെ നിർദേശം തേടാവുന്നതാണ്. അല്ലാഹു സഹായിക്കുമാറാകട്ടെ. കൂടുതൽ അനുഗ്രഹീതമായ തൊഴിൽ താങ്കൾക്ക് അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ. ഈ ലേഖനം വായിക്കുന്നവരുടെയെല്ലാം പ്രാർത്ഥന താങ്കൾക്കുണ്ടാകും ഇൻ ഷാ അല്ലാഹ്. 


അനുവദനീയമായ മാർഗ്ഗേണ എങ്ങനെ നമുക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാം ?. 

ഈ അവസരത്തിൽ വളരെ പ്രാധാന്യത്തോടുകൂടി നാം മനസ്സിലാക്കേണ്ട ഒരുവിഷയം കൂടി ഇവിടെ സൂചിപ്പിക്കുന്നു. ഒരു നല്ല സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി അപകട സാധ്യതകളിൽ നിന്നും പരിരക്ഷ ഉറപ്പ് വരുത്തുക എന്നതും അപകട സാധ്യതകളെ പരസ്‌പരം പങ്കുവെച്ച് അതിൻ്റെ ആഘാതം കുറക്കുക എന്നതും വളരെ അനിവാര്യമാണ് എന്നതിൽ തർക്കമില്ല. അതിന് എന്ത് ബദൽ സംവിധാനമാണ് നമുക്ക് നിർദേശിക്കാൻ ഉള്ളത് എന്നത് അതുകൊണ്ടുതന്നെ വളരെ പ്രസ്‌കതമാണ്. 


തകാഫുൽ അഥവാ പരസ്‌പര സഹകരണത്തിൽ അധിഷ്ഠിതമായതോ, ഗവൺമെന്റുകൾ നേരിട്ട് നടത്തുന്ന പൊതു ഇൻഷൂറൻസ് പദ്ധതികളോ ആണെങ്കിൽ അതിന് കുഴപ്പമില്ല. കാരണം ആളുകൾ നൽകുന്ന പണം ആ പദ്ധതിയിൽത്തന്നെ നിലനിൽക്കുന്നു. ഒരു പരസ്‌പര സഹായമെന്നോണം അതിൽ നിക്ഷേപിക്കുന്ന പണം ആഘാതങ്ങൾ ഉണ്ടാകുന്ന വ്യക്തികൾക്ക് നൽകുകയും അതുപോലെ സംവിധാനത്തിൻ്റെ നടത്തിപ്പ് ചിലവുകൾക്ക് ആവശ്യമായ  തുക വകയിരുത്തുകയും ചെയ്ത ശേഷം ബാക്കി വരുന്ന സർപ്ലസ് തുക ആ സംവിധാനത്തിൽത്തന്നെ നിലനിൽക്കുന്നു.

അഥവാ ആദ്യം നാം പറഞ്ഞ പ്രൈവറ്റ് സ്ഥാപനങ്ങളുടെ ഇടപാട് പരിശോധിച്ചാൽ നേട്ടമുണ്ടാക്കുക , ലാഭമുണ്ടാക്കുക എന്നതാണ് അതിൻ്റെ അടിസ്ഥാനമെങ്കിൽ പൊതു മേഖലാ സംവിധാനത്തിൽ അത് സാമൂഹ്യസുരക്ഷ, പരസ്‌പര സഹകരണം എന്നീ നിലയിലേക്ക് മാറുന്നു. അതുകൊണ്ടുതന്നെ ആ സംവിധാനത്തിന് നൽകുന്ന പണം എല്ലാവരും നൽകുന്ന ഒരു പരസ്‌പര സഹായ നിധിയായി നിലകൊള്ളുന്നു. ഇതുതന്നെയാണ് തകാഫുൽ സംവിധാനവും.

ഒരു കുടുംബത്തിലെ , അല്ലെങ്കിൽ ഒരു നാട്ടിലെ കുറെ ജനങ്ങൾ ചേർന്ന് നിർണിതമായ അപകട സാധ്യതകളെ മുൻനിർത്തി ഒരുമിച്ച് മറികടക്കാൻ ഒരു സഹായ നിധി രൂപീകരിക്കുന്നു. മാസം തോറും അല്ലെങ്കിൽ വർഷം തോറും മുൻകൂട്ടി നിർണയിച്ച പോളിസി തുക പദ്ധതിയിലെ അംഗങ്ങൾ അടക്കുന്നു. അതിൽനിന്നും വ്യവസ്ഥപ്രകാരം അർഹരായ ആളുകൾക്ക് സഹായം ലഭ്യമാക്കുന്നു. ക്ലെയിമുകളും പദ്ധതി നടത്തിപ്പിനാവശ്യമായ ചിലവും കഴിച്ച് മിച്ചം വരുന്ന തുക പദ്ധതിയിൽത്തന്നെ ബാക്കിയാകുന്നു. അത് മുൻകൂട്ടി നിർണയിച്ചത് പ്രകാരം അംഗങ്ങൾക്ക് തിരികെ നൽകുകയോ, അടുത്ത വർഷത്തേക്ക് കരുതി വെക്കുകയോ, ചാരിറ്റിക്ക് ഉപയോഗപ്പെടുത്തുകയോ ഒക്കെ ആവാം. ഈ പറഞ്ഞ രീതി പരസ്‌പര സഹായത്തിൽ അധിഷ്ഠിതമായ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്ന രീതിയാണ്. ഇതേ അർത്ഥമാണ് പൊതുമേഖലാ സംവിധാനങ്ങൾ ഈ പദ്ധതി നിറവേറ്റുമ്പോഴും ഉണ്ടാകുന്നത്.

എന്നാൽ മുകളിൽ വിശദീകരിച്ചത് പോലെ രണ്ടു കക്ഷികൾ പരസ്‌പരം ഭാഗ്യപരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ ഒന്നുകിൽ നിനക്ക് അല്ലെങ്കിൽ എനിക്ക് എന്ന വിധേന  ഭാഗ്യ പരീക്ഷണം നടത്തുന്ന കൺവെൻഷനൽ ഇൻഷൂറൻസ് രീതിയാണ് എങ്കിൽ, കർമ്മശാസ്ത്രപരമായി അത് ചൂതാട്ടത്തിൻ്റെ ഗണത്തിലാണ് പെടുക. അത് നിഷിദ്ധവുമാണ്. 

അപ്പോൾ ഇൻഷൂറൻസ് സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് അത് അനുവദനീയമാണോ നിഷിദ്ധമാണോ എന്നത് നിർണയിക്കുന്നത്. ചിലർ ലൈഫ് ഇൻഷൂറൻസ് ആണെങ്കിൽ നിഷിദ്ധവും മറ്റു ഇൻഷൂറൻസുകൾ ആണെങ്കിൽ നിഷിദ്ധവും എന്ന് പറയാറുണ്ട്. ഇത് അവരുടെ വിഷയത്തിലുള്ള അജ്ഞതയിൽ നിന്ന് ഉണ്ടാകുന്നതാണ്.

 ലൈഫ് ഇൻഷൂറൻസ് എന്ന് പറയുമ്പോൾ പലരും കരുതുന്നത്, മരണം സുനിശ്ചിതമല്ലേ, പിന്നെ എങ്ങനെയാണ് ലൈഫ് ഇൻഷൂർ ചെയ്യാൻ കഴിയുക എന്നതാണ്. സത്യത്തിൽ എന്താണ് ലൈഫ് ഇൻഷൂറൻസ് എന്ന് പറയുന്നത് കൊണ്ടുള്ള ഉദ്ദേശം എന്നത് മനസ്സിലാകാത്തത് കൊണ്ടാണ് ആ സംശയം ഉണ്ടാകുന്നത്. കർമ്മശാസ്ത്രത്തിൽ ഒരടിസ്ഥാന തത്വമുണ്ട്:

الحكم على الشيء فرع عن تصوره
"ഒരു കാര്യത്തിൻ്റെ കൃത്യമായ രൂപം എന്ത് എന്നത് വിലയിരുത്തിയാണ് അതിൻ്റെ വിധി പറയേണ്ടത്"


അതുപോലെ:

  العبرة بالمعاني لا بالألفاظ والمباني
"കേവല പദപ്രയോഗങ്ങൾ മാത്രം മുൻ നിർത്തിയല്ല കാര്യങ്ങൾ വിലയിരുത്തേണ്ടത്. അവയുടെ പൊരുൾ കൂടി പരിഗണിച്ചാണ്"  

ലൈഫ് ഇൻഷൂറൻസ് എന്നാൽ ഒരാളുടെ ജീവന് പരിരക്ഷ നൽകുക എന്നതല്ല. മറിച്ച് ഒരാളുടെ പെട്ടെന്നുള്ള വിയോഗം കൊണ്ട് കുടുംബത്തിന് ഉണ്ടാകുന്ന സാമ്പത്തികമായ ആഘാതത്തിൽ അവർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുക എന്നത്  മാത്രമേ അതുകൊണ്ടു ഉദ്ദേശിക്കുന്നുള്ളൂ. അതുകൊണ്ട് ലൈഫ് ഇൻഷുറൻസ് ആണോ മറ്റു വല്ല പേരുകളാണോ എന്നതല്ല ഒരുകാര്യം അനുവദനീയമാണോ അല്ലയോ എന്ന് പറയാനുള്ള മാനദണ്ഡം. മറിച്ച്  ആ ഇൻഷുറൻസ് പരിരക്ഷക്ക് അവലംബമാക്കുന്ന രീതി അനുവദനീയമായ രീതിയാണോ അതോ ചൂതാട്ടത്തിൽ അധിഷ്ഠിതമായ നിഷിദ്ധ രീതിയാണോ എന്നതാണ് ഒന്ന് അനുവദനീയം മറ്റൊന്ന് നിഷിദ്ധം എന്ന് പറയാനുള്ള മാനദണ്ഡം.

അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ ..  അവൻ്റെ അനുഗ്രഹം നമ്മിൽ എന്നുമുണ്ടാകട്ടെ ...

وصل اللهم على نبينا محمد وعلى آله وصحبه وسلم..

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി. എൻ



അനുബന്ധ ലേഖനം:

'തകാഫുല്‍' - അഥവാ 'ഇസ്‌ലാമിക് ഇന്‍ഷുറന്‍സ്' സംവിധാനം.

http://www.fiqhussunna.com/2015/08/blog-post_50.html