Wednesday, June 12, 2019

ഈ-വാലറ്റ് കാശ് ബാക്ക് ഓഫേർസ് അനുവദനീയമാണോ ?.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ഇന്ന് ധാരാളം ഈ വാലറ്റുകൾ നമ്മുടെ നാട്ടിൽ നിലവിലുണ്ട് . അതിൻ്റെ ഉപഭോക്താക്കൾക്ക് പല രൂപത്തിലുള്ള കാഷ്ബാക്ക് ഓഫേർസും അതിൽ നിന്നും ലഭിക്കുകയും ചെയ്യുന്നു. പലരും അതുകൊണ്ടുതന്നെ പലരും ചോദിക്കുകയോ ചോദിക്കാനാഗ്രഹിക്കുകയോ ഒരു ചോദ്യമാണ് 'ഈ-വാലറ്റ് കാശ് ബാക്ക് ഓഫേർസ് അനുവദനീയമാണോ ?' എന്നത്. പൂർണമായി കാര്യങ്ങൾ വിലയിരുത്തി ഈ ആർട്ടിക്കിൾ പൂർണമായി വായിക്കാൻ ശ്രമിക്കണേ എന്ന് ആമുഖമായി ഓർമ്മപ്പെടുത്തുകയാണ്. അല്പം ദൈർഘ്യം ഉണ്ടെങ്കിലും വിഷയത്തിന്റെ പര്യാപ്തതക്ക് ആവശ്യമായ കാര്യങ്ങൾ മാത്രമേ ഇവിടെ പ്രതിപാദിച്ചിട്ടുള്ളൂ.

www.fiqhussunna.com

അനുവദനീയമായതും അനുവദനീയമല്ലാത്തതുമായ ഇടപാടുകൾ ഇ-വാലറ്റ് ഓഫറുകളിൽ അടങ്ങിയിട്ടുണ്ട്. എങ്ങനെയാണ് ഈ വാലറ്റുകളുടെ പ്രവർത്തനം എന്ന് മനസ്സിലാക്കുന്നതിലൂടെ അത് അനുവദനീയമാണോ അല്ലയോ എന്നത് എളുപ്പത്തിൽ നമുക്ക് മനസ്സിലാക്കാം.

പല രൂപത്തിലാണ് ഈ വാലറ്റ് കമ്പനികൾ ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാക്കുന്നത്. ഒന്ന് ഒരു പ്രോഡക്റ്റ് ഈ വാലറ്റ് പർച്ചെസ് ചെയ്യുമ്പോൾ ആ പ്രോഡക്റ്റിൻ്റെ ഉല്‌പാദകരായ കമ്പനി വാലറ്റ് കമ്പനിയുമായുള്ള ധാരണപ്രകാരം പ്രോഡക്റ്റ് വിലക്കിഴിവിൽ നൽകുന്നു.  അഥവാ ഒന്നുകിൽ ആ വസ്തുവിന്റെ വില കുറച്ചുകൊണ്ടോ, അതല്ലെങ്കിൽ പയ്മെന്റ്റ് ഗേറ്റ്-വേ എന്ന നിലക്ക് ഈ വാലറ്റ് കമ്പനിക്ക് നൽകേണ്ട കമ്മീഷൻ ആ  വസ്തുവിൻറെ വിലയിൽ നിന്നും കുറച്ച് കൊണ്ടോ ഉപഭോക്താവിന് വിലക്കുറവ് നൽകുന്നു. ഇവിടെ ഒന്നുകിൽ കച്ചവടക്കാർ നൽകുന്ന വിലക്കിഴിവ് , അതല്ലെങ്കിൽ ഇ വാലറ്റ് നൽകുന്ന സൗജന്യ സേവനം എന്നീ അർത്ഥത്തിൽ ലഭിക്കുന്ന വിലക്കുറവ് ആയതിനാൽ മതപരമായി നിഷിദ്ധങ്ങൾ കടന്നുവരുന്നില്ല.

ഇനി നാം വാലറ്റിൽ 50 രൂപ നിക്ഷേപിച്ചാൽ ഇ-വാലറ്റ് കമ്പനി നമുക്ക് 50 + 50 = 100 അഥവാ 50 രൂപ കാശ് ബാക്ക് ആയി തരും. എങ്ങനെയാണ് ഇത് പ്രാവർത്തികമാകുന്നത്. ബേങ്കുകൾ പ്രവർത്തിക്കുന്നതിനോട് സമാനമായി ആണ് ഇവിടെ വാലറ്റ് കമ്പനികൾ പ്രവർത്തിക്കുന്നത്. ഒരുപാട് പേർ ഇ- വാലറ്റിൽ പണം നിക്ഷേപിക്കുന്നു. പക്ഷെ എല്ലാവരും അവരുടെ പണം ഒരേ സമയം പിൻവലിക്കില്ല. അതുകൊണ്ടുതന്നെ തങ്ങൾ ഒരുപഭോക്താവിന്‌ ഒന്നോ രണ്ടോ തവണ നൽകുന്ന ഓഫറിനേക്കാൾ കൂടുതൽ സംഖ്യ എങ്ങനെ ഉണ്ടാക്കാം എന്നത് പ്രാവർത്തികമാക്കിയാൽ ഇത് വിജയകരമാക്കാം. ഇവിടെയാണ് ഇ വാലറ്റുകൾക്ക് ലഭിക്കുന്ന പണം എങ്ങനെ എന്ന് നാം മനസ്സിലാക്കേണ്ടത്. ഈ വിഷയത്തിൽ ഒരഭിപ്രായം പറയുന്നതിന് മുൻപ് ഇ-വാലറ്റുകളുടെ ബിസിനസ് മോഡൽ മനസ്സിലാക്കുക എന്നത് വളരെ അനിവാര്യമാണ്. (الحكم على الشيئ فرع عن تصوره) 'ഒരു കാര്യത്തെക്കുറിച്ച് നാം കൃത്യമായി ഗ്രഹിക്കുന്നതിനെ ആസ്പദമാക്കിയാണ് ആ കാര്യത്തിന്റെ മതവിധി രൂപപ്പെടുന്നത്' എന്നത് ഫിഖ്ഹിലെ ഒരടിസ്ഥാന തത്വമാണ്.

ഇ-വാലറ്റ് കമ്പനികൾക്ക് പണം ലഭിക്കുന്ന മാർഗങ്ങൾ എന്തെല്ലാമാണ്. എങ്ങനെയാണ് അവർ ഈ ഓഫറുകൾ നൽകുന്നത് ?.

ഒന്ന്: ഇ-വാലറ്റ് കമ്പനികൾക്ക് അവരുടെ പയ്മെൻ്റ്   നടക്കുന്നതായ ട്രാൻസാക്ഷൻസിന് നിശ്ചിത തുക കമ്മീഷൻ ആയി നൽകണം ഇത് കച്ചവടക്കാരിൽ നിന്നും ഈടാക്കുന്നു. അതല്ലെങ്കിൽ നമ്മൾ ഇ-വാലറ്റ് ഉപയോഗിച്ച് ഒരു പ്രോഡക്റ്റ് വാങ്ങിക്കുമ്പോൾ നിശ്ചിത കമ്മീഷൻ (5% മുതൽ 10%) വരെ ഇ-വാലറ്റ് കമ്പനിക്ക് ലഭിക്കുന്നു.

രണ്ട്: ബേങ്കുകളിൽ ഇ വാലറ്റ് കമ്പനി നിക്ഷേപിച്ച തുകക്ക് സേവിങ്സ് അക്കൗണ്ടിൽ നിന്ന് തന്നെ 3% മുതൽ 4% വരെ പലിശ ലഭിക്കുന്നു. ഈ പലിശ തങ്ങളുടെ ഉപഭോക്താക്കളുമായി പങ്കുവെക്കേണ്ട സാഹചര്യം വരുന്നില്ല. അതുകൊണ്ടുതന്നെ ഇ-വാലറ്റ് കമ്പനികൾ തങ്ങളുടെ സ്വന്തം ധനത്തിൽ നിന്ന് നൽകി ഉപഭോക്താവിനെ ആകർഷിക്കുക എന്നത് കേവലം വിരലിലെണ്ണാവുന്ന തവണകാലിൽ മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമായിരിക്കും. പക്ഷെ അയാളെ തങ്ങളുടെ സ്ഥിരം ഉപഭോക്താവാക്കാൻ അതിലൂടെ അവർക്ക് സാധിക്കുന്നു. കൂടാതെ തുടർന്ന് കച്ചവടക്കാർ നൽകുന്ന ആദ്യം സൂചിപ്പിച്ച ഓഫറുകൾ അയാളിലേക്ക് എത്തിക്കുന്നതിലൂടെ കൂടെ നിർത്താനും സാധിക്കുന്നു. ആദ്യം കുറച്ച് പണം അവർ ചിലവാക്കിയാലും പിന്നീട് അവരത് തിരിച്ചു പിടിക്കുന്നു.

മൂന്ന്: വലിയ ഉപഭോക്ത്യ ശ്രേണിയുള്ള ഒരു ഇ-വാലറ്റ് കമ്പനിക്ക് അവരുടെ മാധ്യമങ്ങൾ (വെബ്സൈറ്റ് - ആപ്പ്) ഉപയോഗിച്ച്  പരസ്യം ചെയ്തത് ഉല്പന്നങ്ങൾ വിറ്റഴിക്കപ്പെടാൻ  നിശ്ചിത കമ്മീഷൻ ഓരോ കമ്പനികളും നൽകണം.

നാല്: ഇ-വാലറ്റ് കമ്പനി വഴി വലിയ ഉപഭോക്‌തൃ ശ്രേണിയെ ലഭിക്കുമെന്നതിനാലും, തങ്ങളുടെ ഉത്പന്നങ്ങളുടെ മാർക്കറ്റിങ്ങിന് വേണ്ടി ആവശ്യവുമായി വരുന്ന വലിയൊരു തുക ലാഭിക്കാമെന്നതിനാലും ഇ-വാലറ്റുകളുമായി ധാരണയിൽ എത്തുന്ന കമ്പനികൾ ഇ-വാലറ്റുകളിലൂടെ തങ്ങളുടെ ഉല്പന്നങ്ങൾക്ക് പ്രത്യേക വിലക്കുറവ് നൽകുന്നു. ഇത് നേരിട്ട് വാങ്ങിയാലോ, കടയിൽ പോയാലോ കിട്ടുകയില്ല. ഇ-വാലറ്റ് കമ്പനികൾക്ക് തങ്ങളുടെ ഉപഭോക്‌തൃ ശ്രിംഖല വർദ്ധിപ്പിക്കാം എന്നതിനാലും, ട്രാൻസാക്ഷൻ ഫീ ഇനത്തിൽ പണം ലഭിക്കുമെന്നതിനാലും, വിലക്കിഴിവ് നൽകുന്ന കമ്പനികൾക്ക്  വലിയ രൂപത്തിൽ എളുപ്പത്തിൽ തങ്ങളുടെ ഉല്പന്നങ്ങൾ വിറ്റഴിക്കാം എന്നതിനാലും ഇരുകൂട്ടരും പരസ്പര ധാരണയിലെത്തുന്നു. ഇവിടെ തങ്ങളുടെ ഉല്പന്നങ്ങൾക്ക് കച്ചവടക്കാരായ കമ്പനികൾ  നൽകുന്ന വിലക്കിഴിവ് അനുവദനീയമായ ഒന്നാണ്. ചില ഏജന്റുമാർ മുഖേന വരുന്ന ഉപഭോക്താക്കൾക്ക് പ്രത്യേകമായി ലഭിക്കുന്ന പരിഗണന എന്നതുമാത്രമാണിത്. കൂടുതൽ വോള്യം സെയിൽസ് കുറഞ്ഞ ചിലവിൽ നടക്കുമ്പോൾ കമ്പനിക്ക് വരുന്ന ലാഭം അവർ ഉപഭോക്താക്കൾക്ക്  വിലക്കിഴിവായി നൽകുന്നു എന്ന് മാത്രം. പലപ്പോഴും ഇത്തരം ഓൺലൈൻ പർച്ചെസുകളിൽ ഷിപ്മെൻ്റ്  സംവിധാനം ഇ-വാലറ്റ് കമ്പനി നേരിട്ട് നടത്തുകയോ, അതല്ലെങ്കിൽ സബ് കോൺട്രാക്ട് നൽകുകയോ ചെയ്യുന്നതിലൂടെയും ഇ- വാലറ്റ് കമ്പനികൾ പണമുണ്ടാക്കുന്നു. Mutual Benefit എന്ന നിലക്കുള്ള ഒരു സഹകരണം മാത്രമാണിവിടെ.

ഇ-വാലറ്റ് കമ്പനികൾക്ക് പണം വരുന്ന ഏതാനും മാർഗങ്ങൾ നാം മനസ്സിലാക്കിയല്ലോ. ഈ ഒരു സംരംഭം നിലനിൽക്കണം എങ്കിൽ വലിയ രൂപത്തിലുള്ള ഉപഭോക്‌തൃ ശ്രേണിയും വലിയ രൂപത്തിൽ ട്രാൻസാക്ഷൻസും നടക്കണം.അതുകൊണ്ടുതന്നെ ഇ-വാലറ്റ് കമ്പനികൾ അവരുടെ കയ്യിൽ നിന്നും പണം മുടക്കി ക്യാഷ്ബാക്ക് ഓഫർ നൽകി ഉപഭോക്താക്കളെ കണ്ടെത്തുന്നത് ശേഷം അതിലൂടെ അവർ ഉണ്ടാക്കാനിരിക്കുന്ന നേട്ടങ്ങൾ മുന്നിൽക്കണ്ടാണ്. ഇവിടെ കച്ചവടക്കാർ നേരിട്ട് നൽകുന്ന ഓഫറുകൾ ഉപഭോക്താക്കൾക്ക് എത്തിക്കുക എന്നതിൽ നിഷിദ്ധം ഒന്നും കടന്നുവരുന്നില്ലെങ്കിലും, ഇ-വാലറ്റ് കമ്പനി നേരിട്ട് നൽകുന്ന ക്യാഷ് ബാക്ക് ഓഫറിന് പലിശയുമായി നല്ല സമാനതയുണ്ട്. കാരണം നിങ്ങൾ നിശ്ചിത തുക ഇ-വാലറ്റിൽ നിക്ഷേപിക്കുന്ന പക്ഷം നിങ്ങൾക്ക് ഇത്ര തുക പാരിതോഷികമായി നൽകാം എന്ന ഓഫർ  പലിശ തന്നെയാണ്.

ഉദാ: ഞാൻ ഒരാളുടെ കൈവശം ഒരു അമ്പതിനായിരം രൂപ നൽകുന്നു. എനിക്ക് ആ പണം എവിടെയൊക്കെ എത്തിക്കണോ അവിടെയൊക്കെ എത്തിക്കും. അദ്ദേഹത്തിന്റെ കൈവശം ആ പണം ഏല്പിക്കുന്നതിനാൽ അദ്ദേഹം എനിക്ക് അമ്പത്തിനായിരത്തിലുപരി 500 രൂപ അധികവും നൽകും. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കയ്യിൽ ആ പണം ഇരിക്കുംതോറും പ്രയോജനം ലഭിക്കുന്നു. ഇനി ചിലരെങ്കിലും ഉടനെ തന്നെ അത് പിൻവലിച്ചാലും എല്ലാവരും അതുപോലെ ചെയ്യില്ലല്ലോ. ഒരു ബക്കറ്റിൽ പൈപ്പിൽ നിന്നും വെള്ളം വീഴുന്നു, അതിൽ നിന്ന്  മറുവശത്ത് അത് കോരിക്കൊണ്ടിരിക്കുന്നു. വെള്ളം ബക്കറ്റിൽ വീഴുന്നത് മുതൽ അത് അതിൽ നിന്ന് കോരിയെടുക്കാൻ എത്ര സമയം വരുന്നുവോ അത്രയും സമയം അത് ബക്കറ്റിൽ വെള്ളത്തിൻറെ അളവ് വർദ്ധിപ്പിക്കുമല്ലോ. സ്വാഭാവികമായും ഈ പ്രക്രിയ തുടർച്ചയായി നടക്കുമ്പോൾ ബക്കറ്റിൽ എപ്പോഴും ഒരു നിശ്ചിത അളവിൽ വെള്ളം നിൽക്കാൻ അത് കാരണമാകും. എന്നതുപോലെ ട്രാൻസാക്ഷൻസിന്റെ വ്യാപ്തിക്കും വർദ്ധനവിനുമനുസരിച്ച് ഇ-വാലറ്റ് കമ്പനികളുടെ അക്കൗണ്ടിൽ ഭീമമായ സംഖ്യ  ഒരു തുടർ നിക്ഷേപമായി നിലനിൽക്കാൻ ഇടവരുന്നു. ഉപഭോക്താക്കളിൽ നല്ലൊരു ശതമാനം പേരും വാലറ്റിലെ പണം അപ്പപ്പോൾ ഉപയോഗിക്കുന്നവരല്ല. ഇത് നിയമപരമായി അനുവദിക്കപ്പെടുന്ന തോതനുസരിച്ച് പല ക്രയവിക്രയങ്ങൾക്കും Fixed Deposit പോലെയുള്ള ഇടപാടുകൾ ഉപയോഗപ്പെടുത്തി കൂടുതൽ പലിശ കരസ്ഥമാക്കാനും കമ്പനികളെ സഹായിക്കുന്നു. മാത്രമല്ല ഇ-വാലറ്റ് കമ്പനി വഴി നാം പയ്മെന്റ്റ് നടത്തുമ്പോൾ ആ പണം അവരുടെ കയ്യിൽ നിന്നും കമ്പനികൾക്ക് ക്രെഡിറ്റ് ആകാൻ എടുക്കുന്ന കാലതാമസം എത്രയോ അത്രയും സമയം സമയം അത് അവരുടെ കൈവശം നിൽക്കുകായും ചെയ്യുന്നു. ഇത് പൊതുവേ പയ്മെന്റ്റ് ഗേറ്റ്-വേ കളുടെയെല്ലാം ഒരു ഫങ്ക്ഷനിങ് രീതിയാണ്. ഇനി കേവലം Account to Account ട്രാൻസാക്ഷൻസ് ആണ് നടക്കുന്നതെങ്കിൽ പയ്മെന്റ്റ് ഗേറ്റ്-വേ എന്ന നിലക്ക് ട്രാൻസാക്ഷൻ ഫീ ഇ-വാലറ്റ് കമ്പനികൾക്ക് ലഭിക്കുകയും ചെയ്യുന്നു.

ഈ അർത്ഥത്തിൽ ഇ-വാലറ്റ് കമ്പനികൾ വാലറ്റിൽ നിശ്ചിത പണം നിക്ഷേപിക്കുന്നതിന് നൽകുന്ന കാഷ്ബാക്ക് ഓഫറുകൾ പലിശ തന്നെയാണ് അതല്ലെങ്കിൽ, പലിശയുടെ അങ്ങേയറ്റം സാമ്യത പുലർത്തുന്നു എന്ന് പറയേണ്ടി വരും.

ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന് പലിശ ലഭിക്കുന്നത് പോലെത്തന്നെയാണ് ഏകദേശം ഇത്. ബേങ്കിൽ നിന്ന് പലിശ ലഭിക്കണമെങ്കിൽ സംഖ്യ നിശ്ചിത കാലം അവിടെ കിടക്കണം, പലിശ തുടർച്ചയായി വന്നുകൊണ്ടിരിക്കുകയും ചെയ്യും. എന്നാൽ ഇ-വാലറ്റിൽ നിന്നും അധിക തുക ലഭിക്കാൻ നിശ്ചിത കാലം പണം അവിടെ നിലനിൽക്കണം എന്ന നിബന്ധനയില്ല, ഓഫർ ഉള്ള സമയത്ത് ഒരാൾക്ക് ഒരുതവണയേ കിട്ടുകളയുള്ളൂ. ഇതാണ് വിത്യാസം. എന്നാൽ ഈ വിത്യാസം ഒന്ന് നിഷിദ്ധവും മറ്റൊന്ന് അനുവദനീയവുമാകാൻ മാത്രം പര്യാപ്തമല്ല. കാരണം ഇ-വാലറ്റ് കമ്പനിയെ സംബന്ധിച്ചിടത്തോളം എല്ലാവരും നിക്ഷേപിക്കുന്ന തുക അതേ സമയം എല്ലാവരും പിൻവലിക്കില്ല എന്നതും, ട്രാൻസാക്ഷൻ പ്രൊസീഡിങ് ടൈം അത്രയും തങ്ങളുടെ കൈവശം പൂർണമായോ ഭാഗികമായോ ഉപയോഗയുക്തമായി ആ തുക ബാക്കിയാവുന്നു എന്നതിനെയും കൂടി അടിസ്ഥാനപ്പെടുത്തിത്തന്നെയാണ് അവയുടെ പ്രവർത്തനം. എൻ്റെ ധനം ഉപയോഗയുക്തമായ രൂപത്തിൽ മറ്റൊരാളുടെ കൈവശം ഏല്പിച്ചതിന് പ്രത്യുപകാരമായി മുൻധാരണപ്രകാരം അയാൾ നൽകുന്ന ഏത് പാരിതോഷികവും പലിശയുടെ ഇനത്തിൽ വരും എന്നത് ഫിഖ്ഹിലെ ഒരു പൊതു തത്വമാണ്. അത് പണം നൽകിയയാൾ ആവശ്യപ്പെട്ടില്ലെങ്കിലും ശരി, വാങ്ങിക്കുന്നയാൾ പ്രത്യുപകാരം മുൻകൂട്ടി അറിയിക്കുകയോ, അങ്ങനെയൊരു നാട്ടുനടപ്പ് നിലനിൽക്കുകയോ, പരസ്പരം ധാരണയോ നിബന്ധനയോ ഉണ്ടാക്കുകയോ ഒക്കെ ചെയ്താലും അത് പലിശയുടെ ഗണത്തിൽ നിലനിൽക്കും. പരസ്പര ധാരണയോ, നാട്ടുനടപ്പോ, മുന്നറിവോ നിബന്ധനയോ ഇല്ലാതെ, കടം പൂർണമായി തിരികെ നൽകുന്ന വേളയിൽ കടം വാങ്ങിയയാൾ ആ തുകക്ക് പുറമെ വല്ല പാരിതോഷികവും നൽകിയാൽ അത് സ്വീകരിക്കാവുന്നതും, തന്നെ സഹായിച്ചയാൾക്ക് പ്രത്യുപകാരം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമാണ്.

ഇനി നമ്മളുടെ വിഷയത്തിലേക്ക് വരാം. ഇ-വാലറ്റിൽ പണം നിക്ഷേപിക്കുന്നത് എങ്ങനെയാണ് കടമാകുന്നത് ?. അങ്ങനെയെങ്കിലല്ലേ അവിടെ പലിശ ആകാനുള്ള സാധ്യത വരുന്നുള്ളൂ. അതെ , ഇ-വാലറ്റ് കമ്പനികളിൽ നാം നിക്ഷേപിക്കുന്ന പണം ഒരു പരിധിവരെ അവർക്ക് നേട്ടം ലഭിക്കുന്ന ഉപയോഗയുക്തമായ തുകയാണ്. റിസർവ് ബാങ്ക് അനുശാസിക്കുന്ന അനുപാതത്തിൽ  നിശ്ചിത ശതമാനം വരെ അവർക്ക് അതിനെ ഉപയോഗയുക്തമാക്കാം. ഇനി സ്വാഭാവികമായുംതന്നെ അവരുടെ മൊത്തം നിക്ഷേപത്തിന് ബേങ്കുകളിൽ നിന്നും അവർക്ക് പലിശ ലഭിക്കുകയും ചെയ്യുന്നു. ആകയാൽത്തന്നെ പൂർണമായോ ഭാഗികമായോ ഉപയോഗയുക്തവും എന്നാൽ തിരികെ നമുക്ക് നൽകേണ്ടതുമായ രൂപത്തിൽ ഒരു വ്യക്തിക്കോ ഒരു സ്ഥാപനത്തിനോ നൽകുന്ന തുകയ്ക്കാണ് കടം എന്ന് പറയുക.  നാം അതിനെ കടം എന്നോ ഇനി വേറെ എന്ത് പേര് നൽകി വിളിച്ചാലും കർമ്മശാസ്ത്രപരമായി അത് കടമായേ ഗണിക്കപ്പെടുകയുള്ളൂ. അതുകൊണ്ടുതന്നെ ഇവിടെ  താഴെ പറയുന്ന അടിസ്ഥാന നിയമം ബാധകവുമാണ്.

كل قرض جر نفعا فهو ربا      

"ഒരാൾക്ക് കടം നൽകിയ തുകക്ക് (മുൻധാരണപ്രകാരം) പ്രത്യുപകാരമായി ലഭിക്കുന്നതെന്തും പലിശയാണ്"


ഈ-വാലറ്റിനെക്കുറിച്ചുള്ള ചോദ്യം എനിക്ക് ലഭിച്ച സമയത്ത് ഇസ്‌ലാമിക സാമ്പത്തികശാസ്ത്രവുമായി ബന്ധപ്പെട്ട് അങ്ങേയറ്റം പഠനം നടത്തുകയും ആ മേഖലയിൽ ഇന്ന് ലോകപ്രശസ്തരുമായ അനേകം പേരുമായി ഈ വിഷയത്തിലെ അഭിപ്രായം ചോദിച്ചിരുന്നു. ഡോ. രിയാള് അൽ ഖുലൈഫി, ഡോ. മുഹമ്മദ് ത്വബ്‌ത്വബാഇ, ഡോ. മുബാറക് അൽ ഹർബി,  ഡോ. മുത്ലഖ്‌ അൽ ജാസിർ, ഡോ. യാസിർ അജീൽ തുടങ്ങി പലർക്കും ഈ വിഷയം അയച്ചുകൊടുത്തിരുന്നു. മറുപടി നൽകിയവരിൽ ചിലർ ഒരു പുതിയ വിഷയമായതുകൊണ്ട് കൂടുതൽ പഠിക്കേണ്ടതുണ്ട്. അങ്ങനെയൊന്നു മിഡിൽ ഈസ്റ്റിൽ വലിയ രൂപത്തിൽ പ്രചാരത്തിലില്ലാത്തത് കൊണ്ടാകാം അവർ പരിശോധിച്ചിട്ടില്ല എന്ന് പറഞ്ഞു. മറ്റു ചിലർ പലിശയായി ഗണിക്കാവുന്ന രൂപത്തിൽ വലിയ ശുബുഹത്ത് അതിലുണ്ട് എന്ന് പറഞ്ഞു.

വാലറ്റ് കമ്പനികൾക്ക് അവരുടെ കൈവശം നിക്ഷേപമായി വരുന്ന തുകക്ക് അവർക്ക് ബേങ്കിൽ നിന്നും പലിശ ലഭിക്കുന്നുണ്ട് എന്നതാണ് അവരുടെ വരുമാന സ്രോതസ്സുകളിൽ ഒന്ന് എന്നതിനാലും, നിക്ഷേപിക്കപ്പെടുന്ന പണം ഒരു നിശ്ചിത പരിധി വരെ, നിയമപരമായി അനുവദിക്കപ്പെട്ട മേഖലകളിൽ ഉപയോഗപ്പെടുത്താൻ അവർക്ക് സാധിക്കുമെന്നതിനാലും അവർ നൽകുന്ന കാഷ്ബാക്ക് ഓഫറുകൾ പലിശ തന്നെയാണ് അതല്ലെങ്കിൽ പലിശയാവാൻ വലിയ രൂപത്തിൽ ഇടയുള്ള ഒരു കാര്യമായതിനാൽ ഒഴിവാക്കപ്പെടേണ്ടതാണ് എന്നതാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം.

അതുകൊണ്ടുതന്നെ ഇ-വാലറ്റ് കമ്പനികൾ അവരുടെ കൈവശം ഉപഭോക്താവ് പണം നിക്ഷേപിക്കാൻ വേണ്ടിയോ, അവരിലൂടെ ട്രാൻസാക്ഷൻ നടത്താൻ വേണ്ടിയോ ഇ-വാലറ്റ് കമ്പനി സ്വയം നല്കുന്നതായ കാഷ്ബാക്ക് ഓഫറുകൾ നിഷിദ്ധമാണ്.

എന്നാൽ ഇ-വാലറ്റ് കമ്പനിയുമായുള്ള ധാരണയുടെയോ മറ്റോ അടിസ്ഥാനത്തിൽ കച്ചവടക്കാർ നൽകുന്ന വിലക്കിഴിവാണ് ഓഫറായി ലഭിക്കുന്നത് എങ്കിൽ അതനുവദനീയവുമാണ്.

ഇവ രണ്ടും എങ്ങനെ വേർതിരിക്കാം: ഈ വാലറ്റിലെ എന്ത് ഉപയോഗത്തിനും ലഭിക്കുന്നതോ, ഇ-വാലറ്റിൽ നിർണിത സംഖ്യക്ക് എന്ത് പർച്ചെസ് ചെയ്താലും നിങ്ങൾക്ക് ലഭിക്കും എന്ന് പറയുന്നതോ,  ഇ-വാലറ്റിലെ നിശ്ചിത നിക്ഷേപത്തിന് ലഭിക്കുന്നതോ ആയ ഓഫറുകൾ എല്ലാം തന്നെ ഇ-വാലറ്റ് കമ്പനികൾ നൽകുന്നതാണ്. അതനുവദനീയമല്ല.

എന്നാൽ നിർണ്ണിത ഉല്പന്നങ്ങൾക്ക് മാത്രം ഇ-വാലറ്റ് ഉപയോഗിച്ചാൽ ലഭിക്കുന്ന വിലക്കിഴിവ്, കാഷ്ബാക്ക് എന്നിവ തങ്ങളുടെ സെയിൽസ് വോള്യം കൂടുമെന്നതിനാലും, സ്വന്തമായി ഉപഭോക്താക്കളെ കണ്ടെത്തി വില്പന നടത്താൻ ആവശ്യമായി വരുന്ന മാർക്കറ്റിങ് ചിലവ് ഇവിടെ ഉണ്ടാകാത്തതിനാലും കച്ചവടക്കാർ അവരുടെ ഭാഗത്ത് നിന്നും നൽകുന്ന വിലക്കിഴിവാണ്. അത് ഇ-വാലറ്റ് കമ്പനി നൽകുന്നതല്ല. ഇതിൽ യാതൊരു വിധത്തിലുള്ള നിഷിദ്ധവുമില്ലതാനും.

അതുകൊണ്ടുതന്നെ സൂക്ഷ്മത പുലർത്തേണ്ട വിഷയമാണ്. ഈയടുത്ത് പയ്മെന്റ്റ് ഗേറ്റ്-വേ കമ്പനി  സ്വന്തമായുള്ള ഒരു സുഹൃത്തുമായി ഈ വിഷയത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ വേണ്ടി സംസാരിച്ചപ്പോൾ, അദ്ദേഹം പറഞ്ഞത് മിഡിൽ ഈസ്റ്റിൽ ഇവിടെ ഈ രൂപത്തിൽ നടക്കുന്നില്ല എന്നതാണ്, എന്നാൽ നാട്ടിലൊക്കെ പല  സഹോദരങ്ങളും ഈ കാഷ്ബാക്ക് ഓഫർ കിട്ടാൻ വേണ്ടി മാത്രം വെറുതെ ട്രാൻസാക്ഷൻസോ, ഡെപ്പോസിറ്റോ ഒക്കെ നടത്താറുണ്ട് എന്ന്.

പരമാവധി വ്യക്തമാക്കി എഴുതാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കൂടുതൽ പഠനവിധേയമാക്കാവുന്നതും ശ്രദ്ധിക്കാതെ വിട്ടുപോയ ഭാഗങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഫിഖ്ഹുസ്സുന്നയിലൂടെ എന്നെ എഴുതി അറിയിക്കാവുന്നതുമാണ്.


അല്ലാഹു അനുഗ്രഹിക്കട്ടെ ...

By. Abdu Rahman Abdul Latheef P.N